2008, ജൂലൈ 19, ശനിയാഴ്‌ച

ബകവധം പതിമൂന്നാം‌രംഗം

രംഗത്ത്-ഭീമന്‍(കുട്ടിത്തരം പച്ച), കുന്തി‍.

ശ്ലോകം-രാഗം:കല്യാണി
“ആശ്വാസ്യൈനം ദീനദീനം രുദന്തം
 നിശ്വാസ്യൈവം കാന്തയാ ചാതിതാന്തം
 ആയാന്തിം താം ഭീമസേനോഹി കുന്തീ
 മാവന്ത്യോവാചാദരേണാരിഘാതീ‍”
{വാവിട്ടുകരഞ്ഞുകൊണ്ടിരുന്ന ആ ബ്രാഹ്മണദമ്പതിമാരേ ആശ്വസിപ്പിച്ചു വരുന്ന കുന്തിയെ വണങ്ങി ഭീമസേനന്‍പറഞ്ഞു.‍}

ഭീമസേനന്‍ ഇടതുവശത്തുകൂടി ‘കിടതകധീം,താം‘ചവുട്ടി പ്രവേശിച്ച് വലതുഭാഗത്തിരിക്കുന്ന കുന്തിയെ കണ്ട്, കുമ്പിട്ട് അനുഗ്രഹംവാങ്ങിയിട്ട് പദമാടുന്നു.

ഭീമന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“സാദരമയി തവ മാതരിദാനിം പാദയുഗളം കരുതുന്നേന്‍” [കലാശം]
അനുപല്ലവി:
“ഓദനരാശി ചമപ്പു സുതനിഹ മോദാല്‍ വന്നീടുമെന്നു”     [ഇരട്ടിക്കലാശം]
ചരണം1:
“എന്തൊരുദന്തമിതധുനാ ചൊന്നതു-
 മന്തണരോടുനിശാന്തേ
 ചിന്ത വെടിഞ്ഞിഹ പറവതിനെന്നൊ-
 ടെന്തിഹ സംശയമയിതേ”                                        [ഇരട്ടിക്കലാശം]
{അമ്മേ,അവിടുത്തെ തൃപ്പാദങ്ങള്‍ ഞാന്‍ സാദരം വന്ദിക്കുന്നു. ചോറുംകറികളും ഉണ്ടാകുക, പുത്രന്‍ ഇവിടെ സന്തോഷത്തോടെ വരും എന്ന് ഗൃഹത്തിനകത്ത് ബ്രാഹ്മണരുമായി പറഞ്ഞിരുന്നതെന്താണ്? എന്നോട് പറയുവാന്‍ അവിടുന്ന് എന്തിന് സന്തേഹിക്കുന്നു?}
“സാദരമയി തവ......“(കുന്തി-കലാ:ഷണ്മുഖന്‍,ഭീമന്‍-കലാ:മുകുന്ദന്‍)
കുന്തിയുടെ മറുപടി പദം-രാഗം:കാനക്കുറിഞ്ഞി,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മാരുതനന്ദന ശൃണു വൈകാതെ മാമകമായ വചനം”      [കലാശം]
അനുപല്ലവി:
“ബകനാകുന്ന നിശാചരനാലിവര്‍ ബഹുതരമുഴലുന്നല്ലൊ” [ഇരട്ടിക്കലാശം]
ഭീമന്‍:(ഇടത്തുഭാഗത്തേയ്ക്ക് ബകനെ സങ്കൽപ്പിച്ച് നോക്കി, ദേഷ്യത്തോടെ)'നോക്കിക്കോ'

കുന്തി:
ചരണം1:[രംഗത്ത് പതിവില്ല]
“ഓദനരാശിയിലമിതരസാളം
 ഭോജനമൊരു നരനേയും
 വ്യാജമകന്നു കൊടുക്കുമവർ
 വനരാശിയിലഹരഹരവനായി”                                 [ഇരട്ടിക്കലാശം]
ചരണം2:
“അന്നവുമന്‍പൊടു കൈക്കൊണ്ടധുനാ
 ചെന്നവനെ കൊലചെയ്ക
 പരവശരാമിവരുടെ പരിതാപം
 പരിചൊടകറ്റുക വീരാ”                                             [ഇരട്ടിക്കലാശം]
 ഭീമന്‍:'ഞാൻ ഇപ്പോൾത്തന്നെ പോയി അവനെ കൊല്ലാം'

 കുന്തി:
ചരണം3:
“പരപരിതാപമകറ്റുകയല്ലൊ
 പൌരവരുടെ കുലധര്‍മ്മം
 കുരു മമ വചനം തനയ വൃകോദര
 കുരുകുലതിലക മഹാത്മന്‍”                                      [ഇരട്ടിക്കലാശം]
{വായുപുത്രാ,കേള്‍ക്കുക. ബകന്‍ എന്ന രാക്ഷസനെക്കൊണ്ട് ഇവര്‍ വല്ലാതെ കുഴങ്ങിയിരിക്കുന്നു. വലിയ അളവിൽ ചോറും കറികളും ഭുജിക്കാനായി ഒരു മനുഷ്യനേയും മുറതെറ്റാതെ വനത്തിലേയ്ക്ക് എത്തിച്ചുകൊടുക്കാറുണ്ട് അവർ. നീ ചോറുവാങ്ങിചെന്ന് അവനെ കൊല്ലുക. അവശരായ ഇവരുടെ താപമകറ്റുക. അന്യരുടെ ദു:ഖം തീര്‍ക്കുകയാണല്ലൊ രാജകുലധര്‍മ്മം. കുരുകുലശ്രേഷ്ടനായ പുത്രാ വ്യകോദരാ,ഞാന്‍ പറഞ്ഞത് ചെയ്താലും.}
“മാരുതനന്ദന ശൃണു......“(കുന്തി-കലാ:ഷണ്മുഖന്‍,ഭീമന്‍-കലാ:മുകുന്ദന്‍)
ശേഷം ആട്ടം-
ഭീമന്‍:(ഇരിക്കുന്ന കുന്തിയെ കെട്ടിച്ചാടികുമ്പിട്ടിട്ട്) ‘എന്നാല്‍ ഞാന്‍ ആ ബ്രാഹ്മണനെകണ്ട് ചോറുംകറികളും വാങ്ങി ബകരാക്ഷസനുകൊടുത്ത്, ബ്രാഹ്മണരുടെ സങ്കടം തീര്‍ത്തു വന്നേക്കാം.പോരയൊ?’
കുന്തി‍:‘മതി.‘
ഭീമന്‍ വീണ്ടും കുമ്പിട്ട് കുന്തിയെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.
---------(തിരശ്ശീല)-------

അഭിപ്രായങ്ങളൊന്നുമില്ല: