2008, ജൂലൈ 19, ശനിയാഴ്‌ച

ബകവധം പതിനാലാം രംഗം

രംഗത്ത്-ബ്രാഹ്മണന്‍,ഭീമന്‍.

ശ്ലോകം-രാഗം:വേകട
“മാതൃവാക്യമുപകര്‍ണ്യ സ മാനീ
 ഭൂസുരേന്ദ്രമിദമേത്യ ബഭാഷേ
 അസസാ ഹഠരവഹ്നിമരാതിം
 മുഷ്ടിനാ ശമനമാശുനിനീഷ്യ:‍”
{അഭിമാനിയായ ഭീമന്‍ മാതൃവാക്യമനുസ്സരിച്ച് ചോറുകൊണ്ട് ജഠരാഗ്നിയേയും മുഷ്ടികൊണ്ട് ശത്രുവിനേയും ശമിപ്പിക്കുവാന്‍(ശത്രുവിനെ ശമനന്റെ അഥവാ കാലന്റെ അടുത്തേക്കയ്ക്കുവാൻ) ആഗ്രഹിച്ചുകൊണ്ട് ബ്രാഹ്മണസമീപം ചെന്ന് ഇങ്ങിനെ പറഞ്ഞു.‍}

ഭീമസേനന്‍ ഇടതുവശത്തുകൂടി ‘കിടതകധീം,താം’ചവുട്ടി പ്രവേശിച്ച്* വലതുഭാഗത്തിരിക്കുന്ന ബ്രാഹ്മണനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് പദമാടുന്നു.

ഭീമന്റെ പദം-രാഗം:വേകട,താളം:മുറിയടന്ത(മുറുകിയ കാലം)

പല്ലവി:
“ദ്വിജവരമൌലേ മമ നിശമയ വാചം”         [വട്ടംവച്ചുകലാശം]
അനുപല്ലവി:
“രജനിചരനു ബലി രഭസേന കൊണ്ടുപോവാന്‍
 നിജമാതൃനിയോഗേന നിയതമിവിടെ വന്നു” [മുറിക്കലാശം,വട്ടംവച്ചുകലാശം]
ചരണം1:
“കാണിയുമെന്നെ കാലം കളയായ്ക
 പ്രാണബലമുള്ളോരു കൌണവരന്‍ തന്റെ
 ഊണിനുള്ള കോപ്പുകള്‍
 വേണമൂനമെന്നിയെ”                               [മുറിക്കലാശം,വട്ടംവച്ചുകലാശം]
{ബ്രാഹ്മണശ്രേഷ്ട, എന്റെ വാക്കുകള്‍ കേട്ടാലും. വേഗത്തില്‍ ബകന് ഭക്ഷണം കൊണ്ടുപോവാനായി മാതൃകല്പനപ്രകാരം ഇവിടെ വന്നതാണ് ഞാന്‍. ഒട്ടും വൈകാതെ എന്നെ അയക്കേണം. കരുത്തനായ ആ രാക്ഷസന്റെ ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ വേഗം വേണം.}

ബ്രാഹ്മണന്റെ മറുപടി പദം-രാഗം:ശ്രീ, താളം:ത്രിപുട/മുറിയടന്ത(മുറുകിയകാലം)
പല്ലവി:
“ശകടമിതല്ലൊ കാണ്‍ക ശാല്യാന്നസഹിതം”      [കലാശം]
അനുപല്ലവി:
“സകലോപകരണേന സാകമിന്നിതിലേറി
 ശോകമെല്ലാമകന്നു പോക വൈകാതെ വീരാ”    [കലാശം]
ഭീമൻ:'ആ ദുഷ്ടൻ വസിക്കുന്നതെവിടെ?'

ബ്രാഹ്മണൻ:
ചരണം1:
“തെറ്റന്നിവിടെനിന്നു ചെറ്റു ചെല്ലുമ്പോള്‍
 ഊറ്റമാം ശവഗന്ധം ഏറ്റമുള്ളൊരു കൊടും
 കാറ്റുകൊണ്ടസഹ്യമാം ചുറ്റും കാനനംകാണാം”    [കലാശം]
ചരണം2:[അരങ്ങിൽ പതിവില്ല]
"ശങ്കകൂടാതെ രക്തപങ്കിലനായി
 കങ്കജംബുകങ്ങളാൽ സങ്കടമെന്യേ ഏവം
 അങ്കേ സംസ്ഥിതനായ കങ്കാളാശനെ കാണാം"  [കലാശം]
ചരണം3:
“പറവതെന്തു ഞാന്‍ വീരാ പരമദയാലോ
 പരമപുരുഷസേവ പരമാര്‍ത്ഥമെങ്കില്‍ മമ
 പരനെക്കൊല്ലുവാന്‍ തവ പരിചില്‍ വീര്യമുണ്ടാക^” [കലാശം]
{ചോറിന്‍‌വണ്ടി ഇതാ കണ്ടാലും,സകല ഉപകരണങ്ങളുമായി വേഗം ഇതിലേറി സുഖമായി പോയാലും. ഇവിടെനിന്നും അല്പദൂരം ചെന്നാല്‍ വല്ലാത്ത ശവദുര്‍ഗന്ധമുള്ള കൊടുംകാറ്റുകൊണ്ട് അസഹനീയമായ കാട് നാലുഭാഗത്തും കാണാം. ശങ്കയില്ലാതെ കഴുകകുറുക്കന്മാർ കയറിയിരിക്കുന്ന, രക്തപങ്കിലങ്ങളായ ദേഹത്തോടുകൂടിയ തലയോട്ടിധാരിയെ ഇപ്രകാരം കാണാം. പരമദയാലുവായ ഹേ വീരാ,ഞാനെന്താണു പറയേണ്ടത്? എന്റെ ഭഗവത്‌ഭജനം സത്യമാണേങ്കില്‍ ശത്രുവിനെകൊല്ലാന്‍ ഭവാന് ശക്തിയുണ്ടാകട്ടെ.}
[^ബ്രാഹ്മണൻ "തവ പരിചില്‍ വീര്യമുണ്ടാക" എന്ന് അഭിനയിക്കുമ്പോൾ ഭീമസേനൻ ബ്രാഹ്മണനെ വന്ദിച്ച് അനുഗ്രഹം വാങ്ങുന്നു.]
“ശകടമിതല്ലൊ കാണ്‍ക ............”(ഭീമന്‍-കലാ:മുകുന്ദന്‍,ബ്രാഹ്മണന്‍-പെരിയാരമ്പറ്റ ദിവാകരന്‍)
 ഭീമന്‍:
ചരണം2:
[“കുണ്ഠിതയോടെ" എന്ന് ചൊല്ലിവട്ടംതട്ടവെ കെട്ടിച്ചാടിക്കുമ്പിട്ടിട്ട് 'നിങ്ങൾക്ക് ഇനിമേലിൽ ദുഃഖിക്കേണ്ടതായി വരില്ല' എന്നു് പറഞ്ഞുറപ്പിച്ചിട്ട്, വട്ടംവച്ചുകാലാശം ഇടുത്ത് ചരണം ആടുന്നു.]
“കുണ്ഠിതയോടെ ഇനി വേണ്ടാ വിലാപം
 ഇണ്ടലിവനാല്‍ നിങ്ങള്‍ക്കുണ്ടാകയില്ല ബലി
 കൊണ്ടുപോവതിനിപ്പോളുണ്ടാമുപായമെല്ലാം”  [മുറിക്കലാശം]
{കുണ്ഠിതപെട്ട് ഇനി വിലാപിക്കേണ്ട. നിങ്ങളിക്കിനി അവനെകൊണ്ടുള്ളസങ്കടം ഉണ്ടാവില്ല. ചോറുകൊണ്ടുപോവാനിപ്പോള്‍ ഉപായമെല്ലാമുണ്ട്.}

ശേഷം ആട്ടം-*
ഭീമന്‍:(ബ്രാഹ്മണനെ കെട്ടിച്ചാടികുമ്പിട്ടിട്ട്) ‘എന്നാലിനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ബ്രാഹ്മണന്‍:‘ആ വണ്ടികൊണ്ടുവന്നാലും’
ഭീമന്‍ അനുസ്സരിച്ച് മാറി,തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്ക്നീങ്ങി വണ്ടികണ്ട്, വണ്ടിയുടെ ഉറപ്പ് പരിശോധിക്കുന്നു. വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പോത്തുകളെ പിടിച്ചുകൊണ്ടുവന്ന് വണ്ടിയില്‍ കെട്ടുന്നു. ഇടതുകയ്യാല്‍ വണ്ടിപിടിച്ചുകൊണ്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിവന്ന് ബ്രാഹ്മണനെ വണങ്ങുന്നു.
ഭീമന്‍:‘വണ്ടിയിതാ,നോക്കിയാലും’
ബ്രാഹ്മണന്‍:(എഴുന്നേറ്റ് വണ്ടി വീക്ഷിച്ചിട്ട്) ‘ഓഹോ,മതി,മതി.’
ഭീമന്‍:‘എന്നാലിനി ചോറുംകറികളും തന്നാലും’
ഭീമന്‍:(ബ്രാഹ്മണന്‍ കൊടുക്കുന്ന ചോറും കറികുഭങ്ങളുമെല്ലാം വണ്ടിയില്‍ വയ്ച്ച്, വീക്ഷിച്ചശേഷം) ‘എല്ലാം ആയില്ലെ?’
ബ്രാഹ്മണന്‍:‘എല്ലാം ആയി’
ഭീമന്‍:(ദേഹത്തിൽ രക്തചന്ദനം ലേപനംചെയ്ത്, ചുവന്ന വസ്ത്രങ്ങളും മാലയും ധരിച്ചശേഷം)‘എന്നാലിനി ഒട്ടും വിഷമിക്കേണ്ട. ബകന് ചോറുംകറികളും നല്‍കി, മേലില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ആപത്തൊഴിച്ച് വന്നേക്കാം. പോരയൊ?’
ബ്രാഹ്മണന്‍:‘ഓ,മതി.’
ഭീമന്‍ ബ്രാഹ്മണനെ കുമ്പിട്ട് യാത്രയാകുന്നു. അനുഗ്രഹിച്ച്, തിരിഞ്ഞ് ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍:(തിരിഞ്ഞുവന്ന് ആത്മഗതമായി)‘ഇനിവേഗം ബകവനത്തിലേക്ക് പുറപ്പെടുകതന്നെ’
ഭീമന്‍ നാലാമിരട്ടികലാശം ചവുട്ടി വണ്ടിയില്‍കയറി വണ്ടിതെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.
-------(തിരശ്ശീല)-------

പതിനാലാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍‌ചിട്ടയിലുള്ള ചില പ്രധാന വ്യത്യാസങ്ങള്‍
* ഭീമന്‍ മുറുകിയ ‘കിടതിന്താം’ചവുട്ടി പ്രവേശിക്കുമ്പോള്‍, ദു:ഖഭാരത്താല്‍ അന്ധനായ ബ്രാഹ്മണന്‍ ബകനാണെന്നു ശങ്കിച്ച് പീഠത്തില്‍നിന്നും താഴെവീഴുന്നു. ഭീമന്‍ ബ്രാഹ്മണനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഇരുത്തിയിട്ട്, വന്ദിച്ച് പദമാടും.

*അന്ത്യത്തിലുള്ള ആട്ടം ഇങ്ങിനെയാണ്-
ഭീമന്‍:(ബ്രാഹ്മണനെ കുമ്പിട്ടിട്ട്) ‘ചാടെവിടെ’? (ബ്രാഹ്മണന്‍ കാട്ടികൊടുക്കുന്ന വണ്ടികണ്ട് വണ്ടിയുടെ ഉറപ്പ് പരിശോധിച്ചിട്ട്) ‘പോത്തുകളെവിടെ?’ (പോത്തുകളെ ചെന്നുകണ്ടിട്ട്) ‘ദേഹവും കൊമ്പുകളും ഭയങ്കരമായിരിക്കുന്നു.’ (ഓരോന്നിനെയായി വണ്ടിയില്‍ കൊണ്ടുപോയി ബന്ധിച്ചിട്ട്) ‘ചോറുംകറികളും എവിടെ?’ (ബ്രാഹ്മണന്നല്‍കുന്ന ചോറും കറികുഭങ്ങളും വണ്ടിയില്‍ കയറ്റിവയ്ച്ചിട്ട് ‘നൂറെണ്ണമുണ്ടോ’ എന്ന് എണ്ണിനോക്കിയിട്ട്) ‘ആയിട്ടില്ലാ,ഇനി നാലെണ്ണംകൂടി വേണം’(നാലെണ്ണംകൂടി വാങ്ങി കയറ്റിവയ്ച്ച് കെട്ടിമുറുക്കി,നോക്കിക്കണ്ടിട്ട്) ‘കൊള്ളാം.’
ബ്രാഹ്മണനെ വണങ്ങിയാത്രയാക്കുന്നു. ബ്രാഹ്മണന്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍:(തിരിഞ്ഞുവന്ന് ആത്മഗതമായി)‘ഇനിവേഗം ബകവനത്തിലേക്ക് പുറപ്പെടുകതന്നെ’
ഭീമന്‍ നാലാമിരട്ടികലാശം ചവുട്ടി വണ്ടിയില്‍കയറി വണ്ടിതെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: