2008, ജൂലൈ 19, ശനിയാഴ്‌ച

ബകവധം പതിനഞ്ചാം രംഗം

രംഗത്ത്-ഭീമന്‍

ശ്ലോകം-രാഗം:ആഹരി
“അഗ്രാശൈരാശു രാശീകൃതമമിതരസം ദീദിവിം പ്രാശ്യധീമാന്‍
 ഭീമസ്സംയുക്തധുരയും ശകടമഥ രസാളാന്വിതാന്നപൂര്‍ണ്ണം
 ആരുഹ്യാരക്തമാല്യാംബരരുധിരസമാലേപനോ രാക്ഷസസ്യ
 പ്രാപ്യാരണ്യം ജവേനാഹ്വയത ബതബകം ഭക്തരാശിം പ്രഭുഞ്ജന്‍”
{ബ്രാഹ്മണര്‍ ക്ഷണത്തില്‍ കൊണ്ടുവന്നുകൂട്ടിയ ചോറുംകറികളും വണ്ടിയില്‍ നിറച്ച്, ചുവന്ന വസ്ത്രവും മാലയും കുറിക്കൂട്ടുകളും ധരിച്ചുകൊണ്ട് ഭീമസേനന്‍ വണ്ടിയില്‍കയറി ബകവനത്തില്‍ചെന്ന്, കൊണ്ടുപോയ ചോറും കറികളും സ്വയം ഭക്ഷിച്ചുകൊണ്ട് ബകനെ വിളിച്ചു.}

തിരശ്ശീലനീക്കുമ്പോള്‍ രംഗമദ്ധ്യത്തില്‍ പീഠത്തിലിരുന്നുകൊണ്ട് ഭീമസേനന്‍ വനം കാണുന്നു.

ഭീമന്‍:‘അതിഭയങ്കരമായ കാട് ഇതാ കാണുന്നു. ഇനി ബകന്റെ വാസസ്ഥലം തിരയുകതന്നെ.’ (ചാടിയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി അസഹ്യമായ ശബ്ദംകേട്ടിട്ട്) ‘^കുറുക്കന്‍,കഴുകന്‍ ഇവകള്‍ ബകനെ സ്തുതിക്കുന്നതുപോലെഏറ്റവും നിന്ദ്യവും കര്‍ണ്ണകഠോരവുമായ ശബ്ദംകേള്‍ക്കുന്നു. ശവദുര്‍ഗന്ധം വമിക്കുന്ന വായു ഏറ്റവും രൂക്ഷതയോടെ വീശുന്നു’ (ചിന്തിച്ചിട്ട്) ‘ആ ബ്രാഹ്മണന്‍ പറഞ്ഞ അടയാളങ്ങളൊക്കെയും ഇവിടെയുണ്ട്. ബകവനം ഇതുതന്നെയൊ? ആകട്ടെ തിരയുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവിട്ടി ചെവിയോര്‍ത്തിട്ട്) ‘^തന്നെയല്ല,പിശാചപ്രേതങ്ങളുടെ അതിരൂക്ഷമായ വാക്കുകളും അട്ടഹാസങ്ങളും കേള്‍ക്കുന്നു. പിശാചുക്കളും പട്ടി, കാക്ക, കുറുക്കന്‍, ചെന്നായ് ഇവകളും ബകന്‍ തിന്നുശേഷിച്ച എല്ലുകളില്‍ ശേഷിച്ച മാംസങ്ങള്‍ തിന്നുന്നു. ഈ കാട് ദഹനസ്ഥലം പോലെ ഭവിച്ചിരിക്കുന്നു’ (‘അഡ്ഡിഡ്ഡിക്കിട’ ചവിട്ടിയിട്ട്) ^‘ഗദധരിച്ചുവരുന്ന എന്നെ കണ്ടിട്ട് നീചരായ പ്രേതപിശാചുക്കള്‍ ഭയത്തോടെ അങ്ങുമിങ്ങും ഓടുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കക്ഷ്ടം! കക്ഷ്ടം! ബ്രാഹ്മണരുടെ എല്ലുകള്‍ ഇവിടെ കുന്നുകളായി ഉയര്‍ന്നിരിക്കുന്നു. പൂണൂലുകള്‍ പൊട്ടിചിതറിക്കിടക്കുന്നു. കക്ഷ്ടം! ക്ഷത്രിയരായ ഞങ്ങള്‍ ജീവിച്ചിരിക്കെ ബ്രാഹ്മണര്‍ക്ക് ഇങ്ങിനെ ആപത്തുവന്നുവല്ലൊ!‘ (കോപാവേശത്തോടെ) ‘ആകട്ടെ,ആരാണോഇങ്ങിനെ കൊന്നുതിന്നത് അവനെ കൊല്ലുവാനായി വേഗം പോരിനുവിളിക്കുകതന്നെ.’

[^ഈ ഭാഗത്തെ ഭീമന്റെ ആട്ടങ്ങള്‍ യഥാക്രമം
“നിനാദാ: ശ്രൂയന്തേ ശ്രവണപരുഷാസ്ത്രീവ്രമശിവാ
 ശ്ശിവാഗൃദ്ധ്രാദീനാമിഹ ബകനിശാടസ്തവസമാ:
 പിശാച പ്രേതാനാമപി ഖരശിരസ്സ്യട്ടഹസിതാ:
 പ്രവാത്യുഗ്രശ്ചായം പ്രചുരശവ ദുര്‍ഗന്ധ പവന”,

 “ആന്ത്രാണ്യത്തിച ബകരാക്ഷസ ഭുക്തമുക്ത
  കായാസ്ഥലഗ്നപിശിതഞ്ചരസാത് പിശാച:
  വാന്താദവായസ സൃഗാല മൃഗാദിസത്വൈ:
  സാകം വനേfത്ര പരിത: പിതൃകാനനാഭേ”,

 “ആയാന്തം മാം കരധൃതഗദം വീക്ഷ്യദൂരാത്‌ഭ്രമന്തീ
  പ്രേതാദ്ഭീതാദ്രുതമത ഇതോ ഹന്ത! നീചൈ: പിശാചൈ:
  വിപ്രേന്ദ്രാണാമഹഹ ബഹവോപ്യത്രസന്ത്യസ്ഥികൂടം
  യദ് ഭുകതാനാം തമിഹസഹസാഹന്തുമേവാഹ്വയാമി” എന്നീ ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഇതു കൂടാതെ താഴെക്കാണുന്ന ശ്ലോകാര്‍ത്ഥവും ആടാറുണ്ട്

 “കങ്കാലോര്‍ച്ചയകല്പിതാന്തകചമൂശാടീകുടീ വിഭ്രമേ തത്ര
  ക്രുര്‍ദ്ധതദൌപവാഹ്യമഹിഷശ്വാസോഗ്രചക്രാനിലേ
  ഗൃദ്ധ്രദ്ധ്വാങ്ക്ഷസൃഗാലഘോഷവികസദ്രക്ഷോപദാനസ്തവേ
  ഭുഞ്ജാനശ്ശകടസ്ഥ ഏവ സ തദാ ചക്രേ മഹല്‍ക്ഷ്വേളിതം”
{അസ്ഥിസമൂഹങ്ങളാല്‍ തീര്‍ത്ത അന്തകസേനയുടെ കൂടാരത്തിന്റെ ശോഭയോടുകൂടിയതും കോപിച്ചിരിക്കുന്ന അന്തകവാഹനമായ പോത്തിന്റെ ശ്വാസമാകുന്ന ചുഴലിക്കാറ്റോടുകൂടിയതും കഴുകന്‍, കാക്ക, കുറുനരി എന്നിവയുടെ ഘോരശബ്ദങ്ങളാല്‍ വര്‍ദ്ധിക്കുന്ന ബകന്റെ അപദാനസ്തോത്രങ്ങളോടു കൂടിയതുമായ ഈ വനം ഭയങ്കരമായിരിക്കുന്നു.}

ഈ ‘ബകവനവര്‍ണ്ണനാശ്ലോകങ്ങ‍’ളെല്ലാം കൊടുങ്ങല്ലൂര്‍ ചെറിയകൊച്ചുണ്ണിതമ്പുരാന്‍ രചിച്ചവയാണ്.]

ഭീമന്‍ നാലാമിരട്ടീഎടുത്ത് പദമാടുന്നു.

പോരിനുവിളി പദം-രാഗം:ആഹരിരാഗം, താളം:ചെമ്പട(മുന്നാം കാലം)
പല്ലവി:
“നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ”  [വട്ടംവച്ചുകലാശം,അടക്കം]
ചരണം1:
“നിശാചരേന്ദ്രാ വാടാ വിരവൊടു
 നിശാമയാഖിലം മമ ഭുജവീര്യം
 നിരാകൃതാമര നിശാചരാധമ
 ദുരാശവേണ്ട നിനക്കിനി നിത്യം”       [തോങ്കാരം,വട്ടംവച്ചുകലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"തടിച്ച ഭുജയുഗനിബന്ധനാക്കി
 പിടിച്ചു വിരവൊടു മുടിച്ചുകളവൻ
 അടിച്ചു നിന്നുടൽ പൊടിച്ചിടും ഞാൻ
 നടിച്ചു സഹസാ മടിച്ചിടാതെ"           [തോങ്കാരം]
ചരണം3:[രംഗത്ത് പതിവില്ല]
"അനുത്തമാവനിസുരോത്തമന്മാ-
 ർക്കനർത്ഥമൻപൊടു നിരർത്ഥമാക്കുവൻ
 കനത്ത നിശിചര വനത്തിൽ വന്നി-
 ജ്ജനത്തെടേല്പാൻ കിമർത്ഥമധുനാ"  [തോങ്കാരം]
ചരണം4:
“മദിച്ചു ജീവിച്ചിരിക്കുമെന്നതു
 നിനയ്ക്കവേണ്ടാ നിശിചരകുമതേ
 വധിച്ചു ഭൂസുരവരരെസ്സകലം
 ഭുജിച്ചിടുന്നതു കാണണമിനിയും”        [തോങ്കാരം]
ചരണം5:
[“മദിച്ചുദന്തികള്‍" എന്നു ചൊല്ലിവട്ടംതട്ടുമ്പോൾ, മദിച്ച ആനയെന്നുകാട്ടി സിംഹം എന്നുഭാവിച്ച് ആനയുടെ മസ്തകം അടിച്ചുരുധിരപാനം ചെയ്യുന്നതായി കാട്ടിയിട്ട് വട്ടംവച്ചുകലാശവും അടക്കവുമെടുത്തിട്ട് ചരണം ആടുന്നു.]
“മദിച്ചുദന്തികള്‍ മസ്തകമദ്ധ്യേ
 അടിച്ചുരുധിരം പാനംചെയ്‌വാന്‍
 കൊതിച്ചിരിക്കും സിംഹമ്മുമ്പില്‍
 പതിച്ചപോലെ കണ്ടിഹനിന്നെ”      [തോങ്കാരം]
{എടാ,രാക്ഷസാ,ഇവിടെ വാ. എന്റെ പരാക്രമങ്ങളെല്ലാം കണ്ടുകൊള്‍ക. ദേവന്മാരേ അവഹേളിച്ച ദുഷ്ടരാക്ഷസാ,നിനക്കിനി ദുരാശവേണ്ട, സത്യം. തടിച്ച കൈകളാൽ ബന്ധനസ്ഥനാക്കി പിടിച്ച് വഴിപോലെ മുടിച്ചുകളയും. ഒട്ടും മടിവിചാരിക്കതെ അടിച്ച് നിന്റെ ഉടൽ പൊടിക്കും ഞാൻ.  ഉത്തമരായ ബ്രാഹ്മണർക്ക് വന്ന അനർത്ഥത്തെ നിരർത്ഥമാക്കുവാൻ കനത്തകാട്ടിൽ വന്ന ഈയുള്ളവനോട് വന്നെതിർക്കാതിരിക്കുന്നത് എന്തുകൊണ്ട് നിശിചര? ദുര്‍ബുദ്ധിയായ രാക്ഷസാ,മദിച്ചുജീവിക്കാമെന്ന് ഇനി വിചാരം വേണ്ട. ബ്രാഹ്മണരെയെല്ലാം കൊന്നുതിന്നുന്നത് ഇനി കാണണം. മദയാനകളുടെ മസ്തകംതകര്‍ത്ത് അക്തപാനം ചെയ്യാന്‍ കൊതിച്ചിരിക്കുന്ന സിംഹത്തിന്റെ മുന്‍പില്‍ പെട്ടപോലെ, ഞാന്‍ നിന്നെ കണ്ടുകഴിഞ്ഞു.}
“നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്രാ”(ഭീമന്‍-കലാ:മുകുന്ദന്‍)
ശേഷം ആട്ടം-
ഭീമന്‍:‘ഇനി ആ ദുഷ്ടരാക്ഷസന്‍ അടുത്തുവരുമ്പോഴേക്ക് ഭക്ഷണം തുടങ്ങുകതന്നെ.’
ഭീമന്‍ നാലാമിരട്ടിചവുട്ടി പലവട്ടം പോരിനുവിളിച്ച്, ‘നോക്കിക്കൊ’ എന്നു കാണിച്ച്, ‘ഛീ’ എന്നു നിന്ദിച്ച് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: