2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധം മൂന്നാം രംഗം.

രംഗത്ത്-ധര്‍മ്മപുത്രന്‍‍‍, ആശാരി(രണ്ടാംതരം മിനുക്ക്), ഭീമൻ(രണ്ടാംതരം പച്ച), കുന്തി(രണ്ടാംതരം സ്ത്രീവേഷം), അർജ്ജുനൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ഗൌളിപന്ത്.
“അധിവാസതി യുധിഷ്ടിരേ പുരം തത്
 പ്രഥിതബലൈരനുജൈര്‍വൃകോദരാദ്യൈ:
 വിദിതരിപുസമീഹിതസ്തമൂചേ
 വിദുരഗിരാ ഖനകസ്സമേത്യ ഗൂഢം”
{ഭീമാദികളായ ബലവാന്മാരായ അനുജരോടുകൂടി യുധിഷ്ടിരന്‍ അരക്കില്ലത്തില്‍ വസിച്ചുകൊണ്ടിരിക്കെ, ദുര്യോധനാദികളുടെ മനസ്സിലിരിപ്പ് മനസ്സിലാക്കിയ വിദുരന്റെ നിര്‍ദ്ദേശപ്രകാരം, ഖനകന്‍ രഹസ്യമായി അവിടെ വന്ന് ഇപ്രകാരം പറഞ്ഞു.}

ധർമ്മപുത്രർ(പാണ്ടവരെ എല്ലാം പ്രതിനിധീകരിച്ചുകൊണ്ട്) വലത്തുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. ഖനകൻ(ആശാരി) മുറുക്കുസഞ്ചി, പണിസാധനങ്ങളടങ്ങുന്ന സഞ്ചി, മഴു, മുഴക്കോൽ, വീതുളി എന്നിയോടുകൂടി ഇടത്തുഭാഗത്തുകൂടി 'കിടതകധീം താ'മോടുകൂടി പ്രവേശിക്കുന്നു. പലഭാവങ്ങളും ചിലഗ്രാമ്യരസങ്ങളും കാട്ടിയും, വല്ലവരും കാണുന്നുണ്ടോ എന്ന് സംശയിച്ച് നാലുപാടും ശ്രദ്ധിച്ചുകൊണ്ടും മുന്നോട്ടുവരുന്ന ഖനകൻ പാണ്ടവരെ കണ്ട് സവിശേഷരീതിയിൽ അഭിവാദ്യം ചെയ്തിട്ട്, കുമ്പിട്ടിട്ട്, ഊച്ഛാനിച്ചുനിൽക്കുന്നു. ആശാരിയെ അനുഗ്രഹിക്കുന്ന ധർമ്മജനോട് പറയുവാനുള്ള അനുമതി വാങ്ങിക്കൊണ്ട് ഖനകൻ പദാഭിനയം ആരംഭിക്കുന്നു.

ഖനകന്റെ പദം-രാഗം:ഗൌളിപന്ത്,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“പാര്‍ത്തലത്തില്‍ കീര്‍ത്തിയുള്ള പാര്‍ത്ഥന്മാരേ ഞാനും
 കാല്‍ത്തളിരിണ തൊഴുന്നേന്‍ കാത്തുകൊള്‍വിന്‍.”[ഇരട്ടി,വട്ടംവച്ച്കലാശം]
അനുപല്ലവി:
“ചിത്തകൌതുകത്തൊടു ഞാനത്രവന്നേന്‍ നൃപ
 സത്തമന്മാരാം നിങ്ങളെ കാണ്മതിന്നായി.”          [ഇരട്ടി,വട്ടംവച്ച്കലാശം]
{ലോകത്തില്‍ കീര്‍ത്തിയുള്ള പാണ്ഡവരെ ഞാന്‍ തൃപ്പാദങ്ങളില്‍ നമസ്ക്കരിക്കുന്നു, കാത്തുകൊള്‍വിന്‍.‍ ഞാന്‍ രാജസത്തമന്മാരായ നിങ്ങളെ കാണാനായി വന്നതാണ്. }

ധര്‍മ്മപുത്രന്റെ പദം-രാഗം:കല്യാണി, താളം:ചമ്പട(രണ്ടാം കാലം)
പല്ലവി:
“ആരുനീയെവിടെനിന്നു വന്നതിപ്പോളെന്റെ
 ചാരത്തുവന്നുരചെയ്ക വൈകീടാതെ.”            [ഇരട്ടിക്കലാശം]
ചരണം1:
“കാരണമെന്നിയെ നിന്നെ കാണ്‍കയാലെ മമ
 പാരം വളരുന്നു പരിതോഷമുള്ളില്‍.”            [ഇരട്ടിക്കലാശം]
{ആരു നീ? എവിടെനിന്നും വരുന്നു? ഇപ്പോള്‍ എന്റെ അടുത്ത് പറയുക. കാരണമില്ലാതെ നിന്നെ കണ്ടതിനാല്‍ എന്റെ ഉള്ളില്‍ സന്തോഷം വളരുന്നു.‍}

ഖനകന്‍:
ചരണം1:
“ഖനനശീലനായീടും ഖനകന്‍ ഞാനെന്നു
 കനിവോടറിഞ്ഞു കരുതീടവേണം”       [ഇരട്ടി,വട്ടംവച്ച്കലാശം]
ചരണം2:
“വിദുരരയച്ചുവന്നു വീരമൌലേ! ഞാനും
 അതുമറ്റാരാനറികില്‍ പിഴയാകും”         [ഇരട്ടി,വട്ടംവച്ച്കലാശം]
ചരണം3:
“വ്യാജമുണ്ടിരിക്കെന്നു വ്യാഹരിപ്പാനായി
 രാജമൗലെ വന്നതും ഞാനെന്നറിക”    [ഇരട്ടി,വട്ടംവച്ച്കലാശം]

ധർമ്മപുത്രൻ:'എന്താണ് വ്യാജം?'
 ഖനകൻ കൊട്ടാരഭിത്തിചുരണ്ടി അതിന്റെ പൊടികൊണ്ടുവന്ന് ധർമ്മപുത്രരുടെ കൈയ്യിൽ നൽകിയിട്ട് ചരണം ആടുന്നു.
ചരണം4:
“നല്ലമരം കല്ലുകൊണ്ടുമല്ല പാർത്താലര-
 ക്കില്ലമാകുന്നതു ഭൂമിവല്ലഭരേ”             [ഇരട്ടി,വട്ടംവച്ച്കലാശം]
ചരണം5:
“മൂര്‍ഖനാകും പുരോചനന്‍ തക്കംനോക്കി കൊള്ളി-
 വെയ്ക്കുമവനിന്നുതന്നെ എന്നു നൂനം”     [ഇരട്ടി,വട്ടംവച്ച്കലാശം]
{ഖനനജോലിക്കാരനായ ഒരു ആശാരിയാണ് ഞാന്നെന്ന് കനിവോടേ അറിയുക. വിദുരകല്‍പ്പനപ്രകാരം വന്നതാണ്. ഇത് മറ്റാരെങ്കിലും അറിഞ്ഞാല്‍ എന്റെ തലപോകും. രാജശ്രേഷ്ഠാ, ചതിയുണ്ട് എന്ന് ബോധിപ്പിക്കുവാനായി വന്നതാണ് ഞാൻ എന്ന് അറിയുക. രാജാക്കന്മാരേ, നല്ല മരത്താലോ കല്ലുകൊണ്ടോ അല്ല, ശ്രദ്ധിച്ചാൽ അരക്കില്ലമാകുന്നു ഇത്. ഈ ദുഷ്ടനായ പുരോചനന്‍ തക്കംനോക്കി ഇന്നുതന്നെ ഈ അരക്കില്ലത്തിന് കൊള്ളിവെയ്ക്കും.}
“ഖനനശീലനായീടും“ (ആശാരി-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ധര്‍മ്മപുന്‍-മായ നെല്ലിയോട്)
ധര്‍മ്മപുത്രന്‍: 
ചരണം2:
“ദുർമ്മദൻ ദുര്യോധനനേവം ചെയ്യുമെങ്കിൽ
 മന്നവൻ സമ്മതിക്കുമോ സത്യശീലൻ”           [ഇരട്ടിക്കലാശം]
ചരണം3:[രംഗത്ത പതിവില്ല]
“ഹന്ത ജനകനറിഞ്ഞിട്ടത്രെ ചെയ്യുമെന്നാ-
 ലെന്തുഖേദം വെന്തുപോമെന്നാകിലിപ്പോൾ” [ഇരട്ടിക്കലാശം]
ചരണം4:
“വല്ലതെന്നാലും ഞങ്ങള്‍ക്കു മല്ലവൈരിതന്റെ
 പല്ലവപാദങ്ങള്‍ ഗതിയല്ലോ നൂനം”               [ഇരട്ടിക്കലാശം]
{ദുർമ്മദനായ ദുര്യോധനൻ ഇപ്രകാരം ചെയ്യുമെങ്കിൽ സത്യശീലനായ രാജാവ് സമ്മതിക്കുമോ? കഷ്ടം! അച്ഛൻ അറിഞ്ഞിട്ടത്രെ ചെയുന്നതെന്നാൽ, വെന്തുപോകുമെന്ന്തിൽ ഇപ്പോൾ എന്തു ദു:ഖം! എന്തായാലും ഞങ്ങള്‍ക്ക് ശ്രീകൃഷ്ണന്റെ കാല്‍തളിരുകള്‍ തന്നെ ഗതിയെന്നുറപ്പാണ്.}

ഖനകന്‍:
ചരണം4:
[“ഞാനൊരു ഗഹ്വരം" എന്ന് ചൊല്ലിവട്ടംതട്ടിക്കൊണ്ട് ആദ്യം അടക്കവും തുടർന്ന് നാല്  ഇടക്കലാശങ്ങളും അന്ത്യത്തിൽ തോങ്കാരവും എടുത്തിട്ട് ചരണം അഭിനയിക്കുന്നു.]
“ഞാനൊരു ഗഹ്വരം തീര്‍ക്കാമതിലൂടെ പോയാല്‍
 കാനനേ ചെന്നീടാമാരും കണ്ടിടാതെ.”             [ഇരട്ടി,വട്ടംവച്ച്കലാശം]
{ഞാനൊരു ഗുഹയുണ്ടാക്കാം,അതിലൂടെ പോയാല്‍ ആരുംകാണാതെ വനത്തില്‍ ചെല്ലാം.}

ശേഷം ആട്ടം- 
ധര്‍മ്മപുത്രന്‍:(വന്ദിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്ന ആശാരിയോട് ) ‘എന്നാല്‍ ഇനി വേഗം ഒരു ഗുഹ നിര്‍മ്മിച്ച്, വാതിലോടുകൂടിയ ഒരു തൂണുകൊണ്ട് മറച്ചാലും.’
ആശാരി:‘എറാന്‍,അങ്ങിനെ തന്നെ.’
‘ധര്‍മ്മപുത്രര്‍ നിഷ്ക്രമിക്കുന്നു. ആശാരി ജോലി തുടങ്ങും മുമ്പായി ഇരുന്ന് വിസ്തരിച്ചൊന്നു മുറുക്കി പാറ്റി തുപ്പുന്നു. എന്നിട്ട് ഭാണ്ടമഴിച്ച് പണിയായുധങ്ങള്‍ എടുത്ത് മൂര്‍ച്ചകൂട്ടുന്നു. പണിക്കാവശ്യമായ മരം തേടി കണ്ടുപിടിച്ച് വെട്ടിമുറിച്ചിടുന്നു. ലേശം ഇരുന്ന് ക്ഷീണമകറ്റിയിട്ട് മരം കണക്കിന് മുറിച്ച് ചെത്തി അതുകൊണ്ട് വാതിലോടുകൂടിയ ഒരു തൂണ്‍ നിര്‍മ്മിക്കുന്നു. എന്നിട്ട് അതു വലിച്ചുകൊണ്ടുവന്ന് അരക്കില്ലത്തില്‍ സ്ഥാപിക്കുന്നു. അതില്‍നിന്നും ഒരു ഗുഹയും നിര്‍മ്മിച്ചശേഷം ആശാരി അതു ധര്‍മ്മപുത്രര്‍ക്കു കാട്ടിക്കൊടുക്കുന്നു. ധര്‍മ്മപുത്രര്‍ ഇവ പരിശോധിച്ച് ‘നന്നായി’ എന്നു പറയുന്നു. ഈ സമയത്ത് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഭീമന്‍ പ്രവേശിച്ചു ധര്‍മ്മപുത്രരെ വണങ്ങുന്നു. ഭയത്തോടെ ആശാരി ഗുഹ പരിശോധിക്കുവാന്‍ ഭീമനോട് അപേക്ഷിക്കുന്നു. ഭീമനു ഗുഹയിലേക്ക് കടക്കാനാവാത്തതിനാല്‍ ‘വിസ്താരം പോരാ’ എന്ന് ആശാരിയോട് പറയുന്നു. കണക്കുപിഴച്ചതായി നടിച്ച് ആശാരി ഭീമന്റെ അളവെടുത്ത് ഗുഹയുടെ വിസ്താരം കൂട്ടുന്നു. അതിനു ശേഷം ഭീമനെ കാട്ടികൊടുക്കുമ്പോള്‍ ഭീമന് നിഷ്പ്രയാസം ഗുഹയില്‍ കടക്കാന്‍ സാധിക്കുന്നു. ‘ഇപ്പോള്‍ അസ്സലായി’ എന്നു ഭീമന്‍ പറയുന്നതു കേട്ട് ആശാരി സന്തോഷവാനാകുന്നു. ഈസമയം കുന്തീദേവി പ്രവേശിക്കുന്നു. തുടര്‍ന്ന് കുന്തി, ധര്‍മ്മപുത്രര്‍,ഭീമന്‍ എന്നിവര്‍ ധാരാളം സമ്മാനങ്ങള്‍ നല്‍കി ആശാരിയെ യാത്രയയക്കുന്നു. ആശാരി നിഷ്ക്രമിക്കുന്നു. യാത്രയാക്കുന്നതിനൊപ്പം കുന്തിയും നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ വലത്തുഭാഗത്തെ പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ഭീമന്‍ ശ്ലോകത്തിന് വട്ടംവയ്ക്കുന്നു.
കുന്തീദേവി ആശാരിക്ക് സമ്മാനംനല്‍കുന്നു.
ശ്ലോകം*-രാഗം:കേതാരഗൌഡം
“ഉക്തൈവം ഗതിവതി ഗഹ്വരായ തസ്മിന്‍
 ക്രുദ്ധാത്മാ സപതി സമരീണാത്മജന്‍മാ
 കല്പാന്തപ്രതിഭയകാലരുദ്രകല്പ:
 പ്രോത്ഥായ ഭ്രമിതഗദോ ജഗാദ ചൈവം”
{ഖനകന്‍ ഇപ്രകാരം പറഞ്ഞ് ഗുഹയുണ്ടാക്കിയശേഷം പോയപ്പോള്‍, പെട്ടന്ന് കോപം മുഴുത്ത ഭീമന്‍ സംഹാരരുദ്രനെപോലെ ഗദചുഴറ്റിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകം അവസാനിക്കുന്നതോടെ ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദമാടുന്നു.

ഭീമന്റെ പദം-രാഗം:കേതാരഗൌളം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“അഗ്രജ നിയോഗിക്കേണം അദ്യൈവ വൈകാതെ
 നിഗ്രഹിപ്പാനവരെ നിര്‍മ്മലമാനസ മാം"
ചരണം1:
["ധൂര്‍ത്തനാകും ദുര്യോധനന്‍" എന്നുചൊല്ലിവട്ടംതട്ടിയാൽ ഒരിക്കൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ആ ദുഷ്ടന്മാർ മുകളിൽ നിന്ന് വലിയ ഒരു പാറക്കല്ല് ഉരുട്ടിയിട്ട് കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ അച്ഛനായ വായുദേവന്റെ അനുഗ്രഹത്താൽ എനിക്ക് അപായം ഒന്നും സംഭവിച്ചില്ല. ഇനി ഒരു നിമിഷം പോലും അവരെ ഇപ്രകാരം വെച്ചുപൊറുപ്പിക്കാനാവില്ല" എന്നാടിയിട്ട് വട്ടംവച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.]
“ധൂര്‍ത്തനാകും ദുര്യോധനന്‍ ചെയ്തതു നിനച്ചാല്‍
 കത്തുന്നു കോപവഹ്നി വൈകര്‍ത്തനനന്ദന”            
ചരണം2:
["ചീര്‍ത്ത കോപമോടു ചെന്നു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“ചീര്‍ത്ത കോപമോടു ചെന്നു ധാര്‍ത്തരാഷ്ട്രന്മാരെ
 ചേര്‍ത്തീടുവന്‍ കാലപുരം തന്നിലിന്നുതന്നെ"
ചരണം3:
[“കഷ്ടം കൈകാല്‍ കെട്ടി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ "ആ ദുഷ്ടന്മാർ എന്നെ വിഷം കുടിപ്പിച്ച് മയക്കി, കൈകാലുകൾ ബന്ധിച്ച് ഗംഗയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഞാൻ മുങ്ങിത്താണ് നാഗലോകത്തിലെത്തി. നാഗങ്ങൾ എനിക്ക് 14കുടം നാഗരസം തന്നു. അതുകുടിച്ചതുകൊണ്ട് എനിക്ക് പതിനായിരം ആനകളുടെ ബലം സിദ്ധിച്ചു. അങ്ങ് ഒന്ന് കൽപ്പിച്ചാൽ ഞാൻ നിമിഷാർദ്ധം കൊണ്ട് ആ കൗരവദുഷ്ടരെ ഇല്ലാതെയാക്കുന്നുണ്ട്" എന്നാടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.] 
“കഷ്ടം കൈകാല്‍ കെട്ടിയെന്നെ പെട്ടന്നുഗംഗയില്‍
 ഇട്ടുംകളഞ്ഞതുമോര്‍ത്താല്‍ ഒട്ടും സഹിക്കുമൊ”
ചരണം4:
[“സര്‍പ്പങ്ങള്‍കൊണ്ടെന്നുടെയ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ "ഞാൻ ഉറങ്ങുമ്പോൾ ആ ദുഷ്ടന്മാർ എന്നെ കൊടിയവിഷമുള്ള സർപ്പങ്ങളെക്കൊണ്ട് കടിപ്പിച്ച് വധിക്കുവാൻ ശ്രമിച്ചു. നാഗരസം കുടിച്ച എനിക്ക് അതും ഏശിയില്ല. അങ്ങിനെയുള്ള ആ ദുഷ്ടർ ഇങ്ങിനെ സുഖിച്ചിരിക്കാൻ പാടില്ല" എന്നാടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.] 
“സര്‍പ്പങ്ങള്‍കൊണ്ടെന്നുടെയ മര്‍മ്മങ്ങളിലെല്ലാം
 ദര്‍പ്പമോടെ ദംശിപ്പിച്ചതോര്‍ത്തുകാണ്‍ക ചിത്തേ”
ചരണം5:
["ഹന്ത വിഷഭോജനത്തെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ നിന്നു് ദുര്യോധനാദികളെ സ്മരിച്ച് കോപത്താൽ ചാടിയിട്ട് വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.] 
“ഹന്ത വിഷഭോജനത്തെ ചിത്തമോടു തന്ന
 ഗാന്ധാരിസുതരെക്കൊല്‍‌വാന്‍ എന്തൊരു സന്തേഹം”
ചരണം6:
[“നിഷ്കൌരവമാക്കീടുവൻ" എന്നു ചൊല്ലിവട്ടംതട്ടിയാൽ കൗരവരെ സങ്കൽപ്പിച്ച് വളരെ ദേഷ്യത്തോടേ"എടാ, എടാ, കള്ളന്മാരേ, വഞ്ചകരേ, നിങ്ങൾക്ക് അധികകാലമൊന്നും ജീവനോടേ ഇരിക്കാനാവില്ല, നോക്കിക്കോ" എന്നു കാട്ടിയിട്ട് വട്ടംവെച്ചുകലാശം എടുത്തുശേഷം ചരണം  അഭിനയിക്കുന്നു.]
“നിഷ്കൌരവമാക്കീടുവനിക്ഷിതിതലം ഞാന്‍
 ത്വല്‍കാരുണ്യമുണ്ടെന്നാകില്‍^ ഇക്ഷണത്തില്‍തന്നെ” [വട്ടംവച്ചുകലാശം]
^["ത്വല്‍കാരുണ്യമുണ്ടെന്നാകില്‍" എന്നഭാഗം മാത്രം രണ്ടാംകാലത്തിലേയ്ക്ക് താഴ്ത്തി പാടുന്നു.]
{നിര്‍മ്മലമാനസനായ ജേഷ്ഠാ, അവരെ കൊല്ലുവാന്‍ ഒട്ടും വൈകാതെ എന്നെ നിയോഗിക്കേണം. ധൂര്‍ത്തനാകും ദുര്യോധനന്‍ ചെയ്തതോര്‍ത്താല്‍ കോപാഗ്നി ആളികത്തുന്നു. കോപാധിക്യത്തോടെ ചെന്ന് ഇന്നുതന്നെ ദുരോധനാദികളെ കാലപുരിക്കയക്കുന്നുണ്ട്. കഷ്ടം! കൈകാലുകള്‍ കെട്ടി എന്നെ ഗംഗയിലിട്ടതാലോചിച്ചാല്‍ സഹിക്കുമൊ? എന്റെ മര്‍മ്മങ്ങളിലെല്ലാം സര്‍പ്പങ്ങളേക്കൊണ്ട് കടിപ്പിച്ചത് ഓര്‍ക്കുക. വിഷച്ചോറൂട്ടിയ കൌരവരെ കൊല്ലാന്‍ എന്തിനു സന്തേഹം? അവിടുത്തെ കാരുണ്യമുണ്ടെങ്കില്‍ ഈക്ഷണത്തില്‍ തന്നെ ഈഭൂതലം കൌരവന്മാരില്ലാത്തതാക്കിതീര്‍ക്കുന്നുണ്ട്.}

ഭീമന്‍ ഗദയെടുത്ത് ഇടത്തേക്കുനോക്കി ‘നോക്കിക്കൊള്‍വിന്‍’ എന്നുകാണിച്ച് നാലാമിരട്ടീടുത്ത് കലാശിപ്പിക്കുന്നു. തുടര്‍ന്ന് ശ്ലോകത്തിന് വട്ടം വെയ്ക്കുന്നു.

ശ്ലോകം-രാഗം:എരിക്കലകാമോദരി
“ഇത്ഥം സുഭീഷണഗദാപ്രഹിതാരുണാക്ഷം
 ക്രുദ്ധം മ്യധേ രിപുശതം യുഗപജ്ജിഘാംസും
 ഭീമം സമീക്ഷ്യ സുവിചാര്യശമം നിനീഷു:
 സാമോക്തിഭിസ്തമവദല്‍ ശമനാത്മജന്മാ”
{ഇപ്രകാരം അതിഭയങ്കരമായ ഗദയില്‍ കണ്‍പതിപ്പിച്ചവനും കോപം പൂണ്ടവനും നൂറ്റുവരെ ഒന്നടങ്കം യുദ്ധത്തില്‍ ‍കൊല്ലണമെന്ന് ആഗ്രഹമുള്ളവനുമായ ഭീമസേനനെ കണ്ട്, അയാളെ ശാന്തനാക്കുവാനായി ധര്‍മ്മപുത്രര്‍ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകാവസാനത്തോടെ ഭീമന്‍ മുന്നോട്ടാഞ്ഞുചവുട്ടി ധര്‍മ്മപുത്രര്‍ പറയുന്നതു ശ്രദ്ധിച്ചുനില്‍ക്കുന്നു.*

ധര്‍മ്മപുത്രരുടെ മറുപടിപദം-രാഗം:എരിക്കലകാമോദരി, താളം;ചെമ്പട(രണ്ടാം കാലം)
പല്ലവി:
“അനുജ വീരാവതംസ കോപിയായ്ക ചെറ്റും
 മനുജകുലമണിദീപ മാരുത നീ”                     [ഇരട്ടിക്കലാശം]
അനുപല്ലവി:
“സാഹസം ചെയ്യരുതൊട്ടും ചിന്തിയാതെ ബാല
 സാഹസമാപത്തിന്‍ അധിവാസമല്ലൊ”         [ഇരട്ടിക്കലാശം]
 ചരണം1:[രംഗത്ത് പതിവില്ല]
"സന്തതം വിവേകശാലിയായവന്നു മുറ്റും
 ചിന്തിതകാര്യം സാധിക്കാമെന്നറിക"
ചരണം2:[രംഗത്ത് പതിവില്ല]
"കിഞ്ചന പിഴയാതെ നമ്മോടു വൈരി ചെയ്ത
 വഞ്ചന ഫലിച്ചീടുകയില്ല നൂനം"
ചരണം3:[രംഗത്ത് പതിവില്ല]
"കഞ്ചിതാളകമാരായ ഗോപികമാർ കിളി-
 കിഞ്ചിതേന രമിപ്പിച്ചു വിളങ്ങുന്ന"
ചരണം4:[രംഗത്ത് പതിവില്ല]
"മഞുളകാന്തികോലുന്ന മാധവന്റെ കൃപ
 തഞ്ചീടുന്നതാകിൽ നമുക്കില്ല ഖേദം"
ചരണം5:[രംഗത്ത് പതിവില്ല]
"ഉൾത്തളിരിൽ നിരൂപിച്ച കാര്യമെല്ലാം പുരു-
 ഷോത്തമ കൃപകൊണ്ടു സാധിക്കാം മേലിൽ"
{വീരാഗ്രേസരനായ അനുജ, മനുഷ്യവംശത്തിന് മണിദീപമായ വായുപുത്ര, ഒട്ടും കോപിക്കരുത്. ആലോചനകൂടാതെ സാഹസം പ്രവര്‍ത്തിക്കരുത്. സാഹസം ആപത്തിന്റെ ഇരിപ്പിടമാകുന്നു. എപ്പോഴും വിവേകശാലിയായവന് ചിന്തിച്ച കാര്യം എല്ലാം സാധിക്കാം എന്ന് അറിയുക. ശത്രുക്കൾ നമ്മോടു ചെയ്ത വഞ്ചന ഒട്ടും പിഴയാതെ ഫലിക്കുകയില്ല, തീർച്ച. കാർവേണികളായ ഗോപികമാരുടെ കൃത്രിമഭാവങ്ങളേക്കൊണ്ട് രമിച്ച് വിളങ്ങുന്ന സുന്ദരകാന്തിയുള്ളവനായ മാധവന്റെ കൃപ ലഭിക്കുന്നതാകിൽ നമുക്ക് ദുഃഖമുണ്ടാവില്ല. മനസ്സിൽ വിചാരിച്ച കാര്യമെല്ലാം ശ്രീകൃഷ്ണകൃപകൊണ്ട് പിന്നീട് സാധിക്കാം.}

ശേഷം ആട്ടം-
ഭീമന്‍:(വിനയത്തോടെ ധര്‍മ്മപുത്രരെ നോക്കിനിന്ന് ചിന്തിച്ചിട്ട്) ‘കഷ്ടം! ഇങ്ങിനെയെല്ലാം ആ ദുഷ്ടര്‍ ചെയ്തിട്ടും അങ്ങയുടെ മനസ്സ് ഒട്ടും ഇളകിയില്ലല്ലൊ. ദയാപൂര്‍വ്വം ഒന്ന് കല്‍പ്പിച്ചാല്‍ ഞാന്‍ ആ കള്ളന്മാരെയെല്ലംനശിപ്പിച്ച് വന്നേക്കാം. ഒന്ന് കല്പിക്കണേ.’
ധര്‍മ്മപുത്രര്‍:‘ഏയ്,അരുത്,അല്പംകൂടി ക്ഷമിച്ചാലും.’
ഭീമന്‍:(മൌഠ്യത്തോടെ സ്വഗതം) ‘ആ, ശിരോലിഖിതം തന്നെ‘.(ധര്‍മ്മപുത്രരോട്) ‘അവിടുത്തെ കല്പനപോലെ.‘
ഭീമന്‍ ധര്‍മ്മപുത്രരെ കുമ്പിടുന്നു. ധര്‍മ്മപുത്രര്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍:(വീണ്ടും തിരിഞ്ഞുമുന്നൊട്ടുവന്ന്, കോപത്തോടെ) ‘എടാ കള്ളന്മാരേ, നിങ്ങള്‍ കുറച്ചുകാലംകൂടി ഗര്‍വിച്ചിരിക്കുവിന്‍. പിന്നെ നിങ്ങളുടെ അഹങ്കാരം ഞാന്‍ തീര്‍ക്കുന്നുണ്ട്. കണ്ടുകൊള്‍വിന്‍’
ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ച് കൗരവന്മാരെ സങ്കൽപ്പിച്ച് ഇടത്തുകോണിലേയ്ക്ക് ക്രോധത്തോടെയും ദൈന്യതയോടെ ഗദയിലും മാറിമാറി നോക്കിയിട്ട് പിന്നിലെയ്ക്ക് കാല്‍കുത്തിമാറി ഇടത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു.^

ഇടശ്ലോകം:-രാഗം:നവരസം
"ഭീമസേനമിതി ഭീഷണരോഷം
 ഭൂരിസാമഭിരശീശമദാര്യഃ
 തത്ര ശക്രതനയോപി മഹാത്മാ
 മിത്രപൗത്രമഭിവന്ദ്യ ബഭാഷേ"
{ഭയങ്കരമായ കോപത്തോടുകൂടിയ ഭീമസേനനെ ജേഷ്ഠൻ ഇപ്രകാരമുള്ള സാമവാക്കുകൾ കൊണ്ട് ശാന്തനാക്കിയപ്പോൾ മഹാത്മാവായ ഇന്ദ്രപുത്രനും സൂര്യപൗത്രനെ വന്ദിച്ചിട്ട് ഇപ്രകാരം പറഞ്ഞു}
വലത്തുഭാഗത്തുകൂടി അർജ്ജുനൻ 'കിടതകധീം താ'മോടുകൂടി പ്രവേശിക്കുന്നു.
ധർമ്മപുത്രരെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് അർജ്ജുനൻ പദം അഭിനയിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:നവരസം, താളം;ചെമ്പട(രണ്ടാം കാലം)
പല്ലവി:
“കാര്യം ഭവാൻ ചൊന്നതെന്നാലുമിപ്പോൾ
 ആര്യ മമ മൊഴി കേട്ടാലും”                                    [കലാശം]
അനുപല്ലവി:
“പുരുഷയത്നം കൂടാതെ ഭൂമിയിലേവൻ ദൈവ-
 കാരുണ്യം കൊണ്ടുതന്നെ കാര്യം സാധിച്ചിട്ടുള്ളു”    [കലാശം]
 ചരണം1:
"കുടിലന്മാരോടു വ്യാജം കൂടാതെകണ്ടുതന്നെ
 കേടറ്റ സത്യംകൊണ്ടു കൂടുമോ കുരുവീര"                [കലാശം]
ചരണം2:
"തൈലത്തിൽ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
 ജ്വലിക്കുമേറ്റം ദുഷ്ടജനങ്ങൾ ശാന്തതകൊണ്ടു"       [കലാശം]
ചരണം3:
"ഒന്നല്ല രണ്ടല്ലവർ ഓരോരപരാധങ്ങൾ
 അന്നന്നു ചെയ്തീടുമ്പോൾ ആരാനും സഹിക്കുമോ"   [കലാശം]
ചരണം4:
"ഇനിയും ക്ഷമിക്ക എന്നതീടേറും ഭവാനെങ്കിൽ
 കനിവോടെ കേൾക്കമേലിൽ ^കാടേഗതിനമുക്കു"  [കലാശം]
[^പഴശിരാജാവ് എന്ന് ചരിത്രപ്രസിദ്ധനനായിരുന്ന ആൾ തന്നെയാണ് ആട്ടക്കഥാകൃത്തായ കോട്ടയത്തുതമ്പുരാനും എന്ന് വാദിക്കുന്നവർ തമ്പുരാന് അറംപറ്റിയ വരി ഇതാണെന്ന് അഭിപ്രായപ്പെടുന്നു. 'മേലിൽ കാടേഗതിനമുക്കു' എന്നെഴുതിയ പഴശിത്തമ്പുരാന് പിന്നീടുള്ളകാലം കാട്ടിൽ തന്നെ വസിച്ച് ഒളിപ്പോർ ചെയ്യേണ്ടിവന്നുവത്രെ!. ]

ചരണം5:(മൂന്നാം കാലം)
 ["ജതുഗേഹം ദഹിപ്പിച്ചു" എന്ന് ചൊല്ലിവട്ടംതട്ടി വട്ടംവച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.]
"ജതുഗേഹം ദഹിപ്പിച്ചു ജവമോടിവിടെനിന്നു
 വിദുരനിർമ്മിതമായ വിലത്തൂടെ പോക വേഗാൽ" [കലാശം]
{ജേഷഠാ, ഭവാൻ പറഞ്ഞത് കാര്യമാണ് എന്നാലും ഇപ്പോൾ എന്റെ വാക്കുകൾ കേട്ടാലും. പുരുഷപ്രയത്നം കൂടാതെ ഭൂമിയിലാരാണ് ദൈവകാരുണ്യം കൊണ്ടുതന്നെ കാര്യം സാധിച്ചിട്ടുള്ളത്? കുരുവീരാ, ദുഷ്ടന്മാരോട് വ്യജം കൂടാതെ കേടില്ലാത്ത സത്യംകൊണ്ടുതന്നെ കാര്യസാധ്യംവരുമോ? തിളയ്ക്കുന്നഎണ്ണയിൽ കത്തുന്ന അഗ്നി ജലത്താൽ കെടുകയില്ല എന്നതുപോലെ ദുഷ്ടജനങ്ങൾ ശാന്തതകൊണ്ട് ഏറ്റവും ജ്വലിക്കും. ഒന്നല്ല, രണ്ടല്ല, നിത്യവും ഓരോ അപരാധങ്ങൾ ചെയ്തീടുമ്പോൾ ആരെങ്കിലും ക്ഷമിക്കുമോ? 'ഇനിയും ക്ഷമിക്കുക' എന്നതാണ് ഭവാന്റെ അഭിപ്രായമെങ്കിൽ ദയവായി കേട്ടാലും, മേലിൽ നമുക്ക് കാടുതന്നെ ഗതി! പെട്ടന്ന് അരക്കില്ലം ദഹിപ്പിച്ച്  ഇവിടെനിന്ന് വിദുരരാൽ നിർമ്മിപ്പിക്കപ്പെട്ട ഗുഹയിലൂടെ വേഗത്തിൽ പോവോകാം}
  
ശേഷം ആട്ടം-
ഭീമന്‍:(കുന്തിയോടുകൂടി പെട്ടന്നു പ്രവേശിച്ച് ധര്‍മ്മപുത്രരെ കുമ്പിട്ടശേഷം) ‘ഇനി എന്താണ് വേണ്ടത്? നമുക്ക് ഗുഹയിലൂടെ ശ്രമിക്കുക്കയല്ലെ?’
ധര്‍മ്മപുത്രര്‍:‘അപ്രകാരം തന്നെ.’
ഭീമന്‍:('അഡ്ഡിഡ്ഡിക്കിട' വെച്ച് അരക്കില്ലം ആകെപ്പാടെ കണ്ട്,അവിടെ കിടന്നുറങ്ങുന്ന വഴിപോക്കരായ നിഷാദകുടുംബത്തെ കണ്ടിട്ട്, ആത്മഗതമായി) ‘പാവം വഴിപോക്കരായ വേടസ്ത്രീയും അഞ്ചുകുട്ടികളും കിടക്കുന്നു. ഇവരെ ഉണര്‍ത്തിയാല്‍ ആഗ്രഹം സാധ്യമല്ല. അതിനാല്‍ ഇവര്‍ ഇവിടെ കിടന്നുകൊള്ളട്ടെ.’ (വീണ്ടും 'അഡ്ഡിഡ്ഡിക്കിട'വെച്ച് പുരോചനനെ കണ്ടിട്ട്) ‘ഇതാ ദുഷ്ടനായ പുരോചനന്‍ തീ കൊള്ളിയോടുകൂടി കിടക്കുന്നതു കണ്ടോ. ഇനി എന്ത്? എല്ലാവരേയും ഗുഹയിലേക്ക് പ്രവേശിപ്പിക്കുക തന്നെ.’ ('അഡ്ഡിഡ്ഡിക്കിട' വച്ച്  ധര്‍മ്മപുത്രരേ സമീപിച്ചിട്ട്) ‘ഗുഹയിലേക്ക് പ്രവേശിക്കുകയല്ലെ?’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ഭീമൻ ഒരു പന്തം കൈയ്യിൽ കൊടുത്തുകൊണ്ട് അർജ്ജുനനെ കൈപിടിച്ച് 'അഡ്ഡിഡ്ഡിക്കിട'വെച്ച് പുറകില്‍ പിടിച്ചിരിക്കുന്ന തിരശ്ശീലയ്ക്കുള്ളില്‍(ഗുഹയെന്ന സങ്കല്‍പ്പമാണ് തിരശീല) പ്രവേശിക്കുന്നു. അർജ്ജുനൻ നിഷ്ക്രമിക്കുന്നു. ഭീമന്‍ തിരിച്ചെത്തി ക്രമത്തില്‍ കുന്തി, ധർമ്മപുത്രന്‍, നകുലന്‍, സഹദേവന്‍ എന്നിവരെ ഓരോരുത്തരെയെയായി ഗുഹയിലേയ്ക്കു കടത്തുന്നതായി നടിക്കുന്നു.
ഭീമന്‍:വീണ്ടും രംഗത്തെത്തി വട്ടംവച്ച്, ഉറങ്ങുന്ന നിഷാദരെ കണ്ട് ദു:ഖം നടിച്ച് ആത്മഗതമായി) ‘ഇവരുടെ തലയിലെഴുത്ത്, എന്തുചെയ്യാം! ഇവിടെ കിടക്കട്ടെ.’
വീണ്ടും വട്ടംവെച്ച് പുരോചനസമീപമെത്തി പുരോചനന്‍ കത്തിച്ചുവെച്ചിരുന്ന തീക്കൊള്ളിയെടുത്ത് ചുറ്റിനടന്ന് അരക്കില്ലത്തിന് തീയിട്ടശേഷം ഭീമന്‍ നാലാമിരട്ടിക്കലാശം എടുത്ത് കലാശിക്കുന്നതോടെ തീക്കൊള്ളിയുംകൊണ്ട് ഗുഹയിലേക്ക് പ്രവേശിക്കുന്നഭാവത്തില്‍ കാല്‍ കുത്തിച്ചാടി നിഷ്ക്രമിക്കുന്നു.
----(തിരശ്ശീല)----


[^ഭീമന്റെ നിഷ്ക്രമണത്തോടെ തിരശ്ശീലപിടിച്ച് രംഗം അവസാനിപ്പിക്കുകയാണ് ഇപ്പോൾ നടപ്പ്. തുടർന്നുള്ള അർജ്ജുനന്റെ പദവും, അരക്കില്ലത്തിനുതീയിട്ട് നിഷ്ക്രമിക്കുന്ന ഭാഗവും സാധാരണയായി അവതരിപ്പിക്കുക പതിവില്ല.]

മൂന്നാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

* ‘ഉക്തൈവം’ ശ്ലോകത്തിന് വട്ടമിടുന്ന ഭീമന്‍, ശ്ലോകംതീര്‍ന്നാല്‍ ഇളകിയാട്ടത്തിനു വട്ടമിട്ട്, ‘ഇനിയും എന്ത്? എന്റെ ആഗ്രഹം അറിയിക്കുകതന്നെ.’ എന്നാടി, എടുത്തുകലാശിച്ചാണ് പദമാടിത്തുടങ്ങുക.

*‘ഇത്ഥം സുഭീഷണഗദാപ്രഹിതാരുണാക്ഷം‘ എന്ന ശ്ലോകത്തിന് വട്ടംവെയ്ക്കുന്ന ഭീമന്‍ ശ്ലോകാവസാനത്തില്‍ ഞെളിഞ്ഞുനില്‍ക്കുന്നു. ഭീമനെ ധര്‍മ്മപുത്രര്‍ വന്ന് ആശ്ലേഷിക്കുന്നു. അതോടെ ഭീമന്‍ സ്വസ്തനായ് നില്‍ക്കുന്നു. തുടര്‍ന്നാണ് ധര്‍മ്മപുത്രര്‍ പദമാടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: