2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധം രണ്ടാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍‍, പുരോചനന്‍‍(നെടുംകത്തി)[ദൂത(മിനുക്ക്)വേഷമായും പതിവുണ്ട്]

ശ്ലോകം-രാഗം:ആഹരി
“കരോലസല്‍ ബാണകൃപാണകാര്‍മുകാന്‍
 വിരോധിവര്‍ഗൈകവിഹിംസനോദ്യതാന്‍
 പുരോചനോ വീക്ഷ്യ പുരന്ദരോപമാന്‍
 പുരോപകണ്ഠേ പുനരാഹ സാഞ്ജലി”
{കൈയില്‍ അമ്പും വില്ലും വാളും ധരിച്ചവരും ശത്രുക്കളെ കൊന്നൊടുക്കാന്‍ സന്നധരായവരും ഇന്ദ്രതുല്യരുമായ പണ്ഡവരെ അരക്കില്ലത്തിനടുത്തുവെച്ചു കണ്ടപ്പോള്‍ പുരോചനന്‍ കൂപ്പുകൈകളോടേ ഇങ്ങിനെ പറഞ്ഞു.}

പുരോചനന്റെ തിരനോട്ടം-
പുരോചന്റെ ആട്ടം-
പുരോചനൻ:(തിരതാഴ്ത്തി രംഗമദ്ധ്യത്തിലായി പീഠത്തിലിരുന്നുകൊണ്ട് ഉത്തരീയം വീശുന്നു. പിന്നെ പെട്ടന്ന് എഴുന്നേറ്റ്) 'ഞാൻ ഏറ്റവും കൃതാർത്ഥനായി. കാരണം ദുര്യോധനമഹാരാജാവിന്റെ കൽപ്പനപോലെ അരക്കില്ലം പണി പൂർത്തിയായി. മനോഹരമായ ഈ കൊട്ടാരം എണ്ണ, അരക്ക് മുതലായ പെട്ടന്ന് തീ പിടിക്കുന്ന വസ്തുക്കൾകൊണ്ട്  വിദഗ്ദ്ധരായ പണിക്കാരെക്കൊണ്ട് ഞാൻ നിർമ്മിച്ചിട്ടുള്ളത്. കണ്ടാൽ ഇത് ആർക്കും മനസ്സിലാവുകയുമില്ല. ഇതിൽ വെച്ച് ആ പാണ്ഡവരെ ചുട്ടുകരിച്ചുകളഞ്ഞാൽ എനിക്ക് സ്വന്തമായി ഒരു രാജ്യം തന്നെ തന്ന് അവിടെ രാജാവായി വാഴിക്കാമെന്നാണ് ദുര്യോധനമഹാരാജാവ് പറഞ്ഞിരിക്കുന്നത്. ഇന്ന് പാണ്ഡവർ ഇവിടെ എത്തുമത്രെ. അതിനാൽ ഇനി അവരെ കാത്തിരിക്കുകതന്നെ.(ഉത്തരീയം വീശി പീഠത്തിൽ ഇരിക്കവെ അകലെയായി കണ്ടിട്ട് എഴുന്നേറ്റ് സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്)'അതാ അകലെനിന്നും വില്ല്,അമ്പ്,വാൾ,ഗദ തുടങ്ങിയ ആയുധങ്ങൾ ധരിച്ചവരായ പാണ്ഡവർ കുന്തീദേവിയോടൊരുമിച്ച് എന്റെ നേരെ വരുന്നു. ഇനി അവരെ സ്വീകരിച്ച് സൽക്കരിച്ചിരുത്തുകതന്നെ.'
പുരോചനൻ നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

വീണ്ടും തിരനീക്കുമ്പോൾ ഇടതുഭാഗത്തുകൂടി ‘കിടതകധിംതാ’മിനൊപ്പം പ്രവേശിച്ച പുരോചനന്‍ വലതുവശത്തിരിക്കുന്ന ധര്‍മ്മപുത്രരെ കണ്ടുവണങ്ങി കെട്ടിച്ചാടികുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.

പുരോചനന്റെ പദം-രാഗം:ആഹരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ഭൂമിപാലബാലകന്മാര്‍ ആകിയ നിങ്ങളെ
 കാണ്‍കയാല്‍കാമിതം സാധിച്ചീടും എനിക്കു നൂനം” [ഇരട്ടി,വട്ടംവച്ചുകലാശം]
അനുപല്ലവി:
“ത്വല്‍ പാദസേവകന്മാരില്‍ മുമ്പു തേടീടുമെനിക്കു
 കെല്പേറും പുരോചനനെന്നല്ലൊ നാമം”              [ഇരട്ടി]
ചരണം1:
“സല്പുമാന്മാരായ നിങ്ങള്‍ക്കിരിപ്പാനിപ്പുരം തന്നെ
 ശില്പികള്‍ നിര്‍മ്മിച്ചു ന്യപകല്പനയാല്‍”                  [ഇരട്ടി]
ചരണം2:
“ശില്പമാകുമിപ്പുരംതന്‍ അത്ഭുതങ്ങളുരചെയ്‌വാന്‍
 കല്പകോടികാലംപോലും പോരാ നൂനം”                [ഇരട്ടി]
ചരണം3:
“ചിത്രമേറുമിപ്പുരിവൈചിത്ര്യം കാണ്മതിനു പാര്‍ത്താല്‍
 സൂത്രാമാവിനുപോരാ നേത്രങ്ങള്‍ നൂനം”                [ഇരട്ടി]
ചരണം4:
[“ഇസ്ഥലം"ഇന്ന് ചൊല്ലിവട്ടംതട്ടി ആദ്യം അടക്കവും, 4പ്രാവിശ്യം ഇടക്കലാശങ്ങളും അന്ത്യത്തിൽ തോങ്കാരവും ചവുട്ടി കലാശിച്ചിട്ട് ചരണം അഭിനയിക്കും]
“ഇസ്ഥലം തന്നിലുടനെ വാഴുന്ന നിങ്ങള്‍ക്കു മേലില്‍
 സ്വസ്ഥത വൈകാതെ വന്നുകൂടുമല്ലൊ”                 [ഇരട്ടി,വട്ടംവച്ചുകലാശം]
{രാജകുമാരന്മാരായ ഭവാന്മാരെ കണ്ടതിനാല്‍ അടിയന്റെ ആഗ്രഹം തീര്‍ച്ചയായും സാധിക്കും. ഭവാന്മാരുടെ സേവകരില്‍ ഒന്നാമനായ അടിയന്റെ പേര് പുരോചനന്‍ എന്നാണ്. ഉത്തമരായ നിങ്ങള്‍ക്കുപാര്‍ക്കുവാന്‍ രാജകല്പനപ്രകാരം ശില്പികള്‍ നിര്‍മ്മിച്ചതാണീ രാജധാനി. ചിത്രാലംകൃതമായ ഈ രാജധാനിയുടെ അത്ഭുതങ്ങള്‍ വര്‍ണ്ണിക്കാന്‍ എത്രകാലമുണ്ടായാലും മതിയാവുകയില്ല. അത്ഭുതകരമായ ഇതിന്റെ ശില്പചാതുര്യം കാണുവാന്‍ ഇന്ദ്രനുപോലും കണ്ണുകള്‍ പോരാ. ഇവിടെ പാര്‍ക്കുന്ന നിങ്ങള്‍ക്ക് വൈകാതെ സമാധാനം കൈവരും.}

ധര്‍മ്മപുത്രരുടെ മറുപടിപദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“വല്ലതെന്നാകിലും താതവാചാ വാണീടും ഞങ്ങള്‍ക്കു
 നല്ലതല്ലാതെ വന്നിടാ നന്മതേ കേള്‍”                  [കലാശം,ഇരട്ടിക്കലാശം]
{വിഷമമുണ്ടെങ്കിലും അച്ഛന്റെ കല്പനപ്രകാരം താമസിക്കുന്ന ഞങ്ങള്‍ക്ക് നല്ലതല്ലാതെ വരില്ല.}

ശേഷം ആട്ടം-
ധർമ്മപുത്രൻ പദം കലാശിപ്പിച്ച് പീഠത്തിൽ ഇരുന്നാൽ പുരോചനൻ ധര്‍മ്മപുത്രരെ കെട്ടിച്ചാടികുമ്പിടുന്നു.
ധര്‍മ്മപുത്രന്‍‍:(അനുഗ്രഹിച്ചിട്ട്)'അല്ലയോ പുരോചനാ, വല്യച്ഛന്റെ കൽപ്പനപ്രകാരം നിർമ്മിച്ച ഈ കൊട്ടാരം ഏറ്റവും മനോഹരമായിരിക്കുന്നു. ഞങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ഇവിടെ ഒരുക്കിയിട്ടുണ്ടല്ലോ അല്ലേ?'
പുരോചനന്‍:‘അവിടുത്തെ ആശ്രിതനായ അടിയന്റെ മേൽനോട്ടത്തിലാണ് ഈ കൊട്ടാരം നിർമ്മിച്ചിട്ടുള്ളത്. ഇവിടെ സുഖമായി വസിക്കുന്നതിനായി എല്ലാ സാധനങ്ങളും ഒരുക്കി വെച്ചിട്ടുണ്ട്. ഭവാന്മാരുടെ സഹായത്തിനായി അടിയനും ഇവിടെ ഉണ്ടായിരിക്കും. ആവശ്യമുള്ളപ്പോൾ വിളിച്ചാലും. ഇപ്പോൾ ഞാൻ പോകട്ടെയോ?'
ധര്‍മ്മപുത്രന്‍‍:‘അപ്രകാരംതന്നെ’
പുരോചനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: