2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധം ഒന്നാം രംഗം.

രംഗത്ത്-ധൃതരാഷ്ട്രന്‍‍(കുട്ടിത്തരം പച്ചവേഷം,ചുട്ടിയുടെസ്താനത്ത് നീണ്ട കറുത്തതാടി), ധര്‍മ്മപുത്രന്‍(ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കാമോദരി
“തത: കദാചിത്തപതീകുലോദ്വഹ:
 കൃതാന്തസൂനും ക്യതപാദവന്ദനം
 വൃതംസഗഭ്യൈര്‍വൃഷഭോമഹീക്ഷിതാം
 സുതാനുരോധാത് സുതരാമഭാഷത”
{ഒരിക്കല്‍ സഹോദരരോടൊത്ത് തന്നെ വന്ദിച്ച ധര്‍മ്മപുത്രനോട് കുരുശ്രേഷ്ഠനായ ധൃതരാഷ്ട്രര്‍ ദുര്യോധനന്റെ നിര്‍ബന്ധമം മൂലം ഇപ്രകാരം പറഞ്ഞു.}

രംഗത്ത് ഇടതുഭാഗത്തുക്കൂടി ‘കിടതകധീം താ’ ചവുട്ടി പ്രവേശിക്കുന്ന ധര്‍മ്മപുത്രര്‍ വലതുവശത്തിരിക്കുന്ന ധൃതരാഷ്ട്രരെ കണ്ട് ‘കെട്ടിച്ചാടി കുമ്പിടുന്നു’. അനുഗ്രഹിച്ചശേഷം ധൃതരാഷ്ട്രര്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.

ധൃതരാഷ്ടേരുടെ പദം-രാഗം:കാമോദരി, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“ധര്‍മ്മസുത! വരികരികില്‍ ധന്യതരഗുണശീല!
 നിര്‍മ്മലസുത!നിശമയേദം"                         [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
"കണ്ണിണകള്‍കൊണ്ടുതവകാന്തി കാണായ്കയാല്‍
 ഉണ്ണീവളരുന്നു പരിതാപം"                           [കലാശം-കൊട്ടുമാത്രം]
ചരണം1:
"ഉന്നതമതേ! വിരവില്‍ ഒന്നുപറയുന്നു ഞാന്‍
 മന്നവശിഖാമണേ! കേള്‍."                          [കലാശം-കൊട്ടുമാത്രം]
ചരണം2:
"നിങ്ങളും ദുര്യോധനാദികളുമെല്ലാമൊരു-
 മിങ്ങൊരുവിശേഷമില്ലല്ലോ."                        [കലാശം-കൊട്ടുമാത്രം]
ചരണം3:
"സ്നിഗ്ദ്ധജനമെങ്കിലും നിത്യവുമൊരേടത്തു
 നിവസിക്കിലോ വൈരമുണ്ടാം.”                    [കലാശം-കൊട്ടുമാത്രം]
{ധര്‍മ്മപുത്രാ,അരികില്‍ വരു. സത്ഗുണസമ്പന്നാ ഇതുകേള്‍ക്കു. ഉണ്ണീ,കണ്ണുകള്‍കൊണ്ട് നിന്റെ കാന്തി കാണുവാന്‍ സാധിക്കായ്കയാല്‍ സങ്കടമുണ്ട്. ഞാന്‍ ഒന്നുപറയട്ടെ, നീ കേള്‍ക്കുക. എനിക്ക് നിങ്ങളും ദുരോധനാദികളും തമ്മില്‍ ഒരു ഭേദവുമില്ല. ബന്ധുജനങ്ങളെങ്കിലും നിത്യം ഒരേടത്തു തന്നെ താമസിച്ചാല്‍ വൈരമുണ്ടായേക്കും.}

ഇടശ്ലോകം-രാഗം:കാമോദരി[രംഗത്ത് പതിവില്ല]
"പ്രജ്ഞാദൃശസ്തു പ്രണിപത്യ ധീമാൻ
 വിജ്ഞായ സിദ്ധാന്തമജാതശത്രുഃ
 വിജ്ഞാനവിശ്വാസവിവേകശാലീ
 വിജ്ഞാപയാമാസ വിഭും കുരൂണാം"
{പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്ട്രരുടെ നിശ്ചയമറിഞ്ഞിട്ട് ധീരനും, ഭക്തിജ്ഞാനവിവേകശാലിയായ ധർമ്മപുത്രർ ആ കൗരവപ്രഭുവിനെ പ്രണമിച്ച് ഉണർത്തിച്ചു.}

ധര്‍മ്മപുത്രരുടെ മറുപടിപദം-രാഗം:കമോദരി, താളം:പഞ്ചാരി(രണ്ടാം കാലം)
പല്ലവി:
“തുഹിനകരകുലാവതംസമേ! തുംഗവീര്യ
 മഹിതഗുണകദംബ ഭൂപതേ!"              [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"താത ജയ കൃപാപയോനിധേ തവകീന-
 പാദസരസിജം തൊഴുതിടാം"               [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"സകലനൃപതികുലമണിഞ്ഞീടും കഴലിണകൾ
 പകലിരവും കരുതീടുന്നു ഞാൻ"           [കലാശം]
ചരണം3:
"ജനകവചനമഞ്ജസാചെയ്യുന്നവനു മേലില്‍
 കനിവൊടുവരുന്നുനല്ലതും"                  [കലാശം]
ചരണം4
"വീരമൌലിരാഘവന്‍ പണ്ടു താതവചന-
 ഗൌരവേന വാണിതടവിയില്‍“           [കലാശം]
{ചന്ദ്രവംശശ്രേഷ്ഠാ, മഹാവീരാ, മഹത്തായഗുണത്തോടുകൂടിയവനേ, രാജാവേ, അച്ഛാ, വിജയിച്ചാലും. കൃപാസമുദ്രമേ, അങ്ങയുടെ പാദത്താമരകൾ തൊഴുന്നു. രാജവംശത്തിലുള്ള സകലരും വണങ്ങുന്നതായ അവിടത്തെ കഴലിണകൾ രാപകൽ വന്ദിക്കുന്നു ഞാൻ. അച്ഛന്റെ വാക്കുകൾ അനുസ്സരിച്ച് ചെയ്യുന്നവന് മേലിൽ നന്മ വരുന്നു. അച്ഛന്റെ വാക്കിന്റെ ഗൗരവം കൊണ്ടാണല്ലോ വീരശ്രേഷ്ഠനായ ശ്രീരാമൻ പണ്ട് കാട്ടിൽ വാണത്.}

ധൃതരാഷ്ട്രന്‍:-
രാഗം:കാമോദരി, താളം:പഞ്ചാരി(മൂന്നാം കാലം)
ചരണം4:
“വാരണാവതമെന്നുണ്ടൊരു വാസഭൂമി
 വാരണാരിതുല്യവിക്രമ!"                     [കലാശം-കൊട്ടുമാത്രം]
ചരണം5:
"ഇന്നു വായുന്ദനാദിയോടൊത്തു വാഴ്ക
 നന്ദിയോടുമവിടെ വൈകാതെ."          [കലാശം-കൊട്ടുമാത്രം]
ചരണം6:
"തത്ര വാണിടുന്നവനു മേല്‍ വൈകീടാതെ
 ശത്രുജയവുമാശു വന്നീടും."                 [കലാശം-കൊട്ടുമാത്രം]
ചരണം7:[രംഗത്ത് പതിവില്ല]
"ധന്യശീല വാരണാവതേ ധർമ്മതനയ
 ചെന്നു വാഴ്ക സോദരൈസ്സമം."           [കലാശം-കൊട്ടുമാത്രം]
{വാസയോഗ്യമായി വാരണാവതമെന്നൊരു സ്ഥലമുണ്ട്. നീ ഭീമാദികളോടോപ്പം സസന്തോഷം അവിടെ പോയ് നിവസിച്ചാലും. അവിടെ വസിക്കുന്നവന് താമസിയാതെ ശത്രുജയത്തിനും ഇടവരും. ധന്യശീലാ, ധർമ്മപുത്രാ, സോദരരോടുകൂടി വാരണാവതത്തിൽ ചെന്ന് വണാലും.}

ധര്‍മ്മപുത്രന്‍:രാഗം:കാമോദരി, താളം:പഞ്ചാരി(മൂന്നാം കാലം)
ചരണം3:
“വല്ലതും വരികിലും താതവചനമുള്ളില്‍
 അല്ലലിഹവെടിഞ്ഞു ചെയ്തീടാം.”         [കലാശം]
{പ്രയാസമുണ്ടെന്നിരിക്കിലും അച്ഛന്‍ പറഞ്ഞത് സങ്കടമില്ലാതെ ചെയ്തുകൊള്ളാം.}

ശേഷം ആട്ടം-
പദം കലാശിച്ചാൽ ധര്‍മ്മപുത്രന്‍‍ ധൃതരാർഷ്ടരെ കെട്ടിച്ചാടി കുമ്പിട്ടിട്ട്, വണങ്ങി നിൽക്കുന്നു.

ധൃതരാഷ്ട്രന്‍‍:(അനുഗ്രഹിച്ചിട്ട്)'അല്ലയോ പുത്രാ, നിന്റേയും നിന്റെ സഹോദരന്മാരുടേയും ഗുണങ്ങളും പരാക്രമങ്ങളും കണ്ട് എന്റെ സന്താനങ്ങൾക്ക് അസൂയകൊണ്ട് സഹിച്ചിരിക്കുവാൻ സാധിക്കാതെ വന്നിരിക്കുന്നു. അതുകൊണ്ട്, കുറച്ചുകാലം നിങ്ങൾ പിരിഞ്ഞു വസിച്ചാൽ അവരുടെ വൈരം അവസാനിക്കും എന്ന് വിചാരിച്ചാണ് ഞാൻ ഇപ്രകാരം പറഞ്ഞത്.'
ധർമ്മപുത്രൻ:'അല്ലയോ ജേഷ്ഠപിതാവേ, ഞങ്ങളുടെ അച്ഛൻ മരിച്ചുപോയി എങ്കിലും വല്യച്ഛനായ അങ്ങയുടെ വാത്സല്യത്തോടുകൂടിയ ലാളനയിൽ വളർന്നതിനാൽ അവിടുത്തെ കൽപ്പന എന്തുമാവട്ടെ ശിരസാവഹിക്കുവാൻ ഞങ്ങൾ സദാ സന്നദ്ധരാണ്.
ധൃതരാഷ്ട്രൻ:'വാരണാവതത്തിൽ ഉള്ള ക്ഷേത്രത്തിൽ ഉത്സവവും അടുത്തിരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് അവിടത്തെ ജനങ്ങളും വളരെ സന്തോഷിക്കും. നീ അവിടെ ചെന്ന് ഇവിടത്തേപ്പോലെതന്നെ യുവരാജാവായി വാണാലും.
ധര്‍മ്മപുത്രന്‍‍:‘കല്‍പ്പനപോലെ.‘
ധര്‍മ്മപുത്രന്‍ ധൃതരാഷ്ട്രരെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-
“തതോനുജൈസ്താതനിദേശതോസൌ
 പ്രതസ്ഥിവാംസ്തം പ്രണിപത്യ ധീമാന്‍
 സതാമ്മതോ ധര്‍മ്മസുതോ ജനന്യാ
 പ്രതാപവാന്‍ പ്രാപ സ വാരണാവതം”
{പിന്നിട് വലിയച്ഛന്റെ കല്‍പ്പന അനുസ്സരിച്ച് അമ്മയോടും അനുജന്മാരോടുമൊപ്പം ധര്‍മ്മപുത്രന്‍ വാരണാവതത്തിലെത്തിചേര്‍ന്നു.}

അഭിപ്രായങ്ങളൊന്നുമില്ല: