2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധം നാലാം രംഗം.

രംഗത്ത്-കുന്തി,ധര്‍മ്മപുത്രര്‍,ഭീമന്‍, അർജ്ജുനൻ(നകുലസഹദേവന്മാർ വേണ്ടതാണേങ്കിലും പതിവില്ല)

ശ്ലോകം-രാഗം:ഘണ്ടാരം
“വായുജേന ഭുജതോവതാരിതാന്‍
 വീക്ഷ്യ ദിനമനസസ്സുതാന്‍ വനേ
 ചിന്തയാ ശ്രമവശാച്ച പീഡിത
 കുന്തിഭോജതനയാബ്രവീദ്വച:”
{ഭീമന്‍ താഴെയിറക്കിവെച്ച് ദീനന്മാരായ തന്റെ പുത്രരെകണ്ട്, ചിന്തയാലും യാത്രാക്ഷീണത്താലും ദു:ഖിതയായ കുന്തി പറഞ്ഞു.}

നടുവില്‍ കുന്തിയും വലതുഭാഗത്ത് ധര്‍മ്മപുത്രാര്‍ജ്ജുനന്മാരും നകുലസഹദേവന്മാരും ഇടതുഭാഗത്ത് ഭീമനുമായി ‘കിടതകധീം,താ’ ചവിട്ടി പ്രവേശിക്കുന്നു. ഇരുഭാഗത്തും നിന്നുകുമ്പിടുന്ന പുത്രരെ അനുഗ്രഹിച്ചിട്ട് കുന്തി പദമാടുന്നു.

കുന്തിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചമ്പട(രണ്ടാം കാലം)
പല്ലവി:
“നന്ദനന്മാരേ ഇന്നു നിങ്ങളെ
 ഖിന്നന്മാരായി കാണ്‍ക കാരണാല്‍”     [കലാശം]
അനുപല്ലവി:
“വെന്തുരുകുന്നു എന്റെ മാനസം
 എന്തുചെയ്‌വതും ഹന്ത ദൈവമേ”        [കലാശം]
ചരണം1:
“നിര്‍മ്മലനായ ധര്‍മ്മജന്‍ തന്റെ
 നന്മുഖം കാണ്‍ക വെണ്മകൂടാതെ”         [കലാശം]
ചരണം2:
“വിക്രമമുള്ള ശക്രജദേഹം നല്‍ക്കാന്തി
 വെടിഞ്ഞു് ഒക്കെ മാഴ്കുന്നു”[കലാശം]
ചരണം3:
“നകുലനാമെന്റെ നന്ദനന്‍ പാരം
 ആകുലനായി വന്നതു കാണ്‍ക”            [കലാശം]
ചരണം4:
“സഹജധൈര്യവാന്‍ സഹദേവന്‍ ബാലന്‍
 സഹിയാഞ്ഞൂ താപം തളരുന്നു ദേഹം” [കലാശം]
ചരണം5:രാഗം:പുന്നാഗവരാളി(കാനക്കുറിഞ്ഞിയിലും പതിവുണ്ട്)
“ഹാ ഹാ പെരുകുന്നു ദേഹതാപവും
 ദാഹവും ഗന്ധവാഹനനന്ദന”              [കലാശം]
{പുത്രരേ, നിങ്ങള്‍ ദു:ഖിതരായികാണുന്നതു മൂലം എന്റെ മനസ്സ് വെന്തുരുകുന്നു. കഷ്ടം, ദൈവമേ എന്താണ് ചെയ്യുക. (ഭീമനോട്) പരിശുദ്ധനായ ധര്‍മ്മജന്റെ സുന്തരമുഖം മങ്ങിയതു കാണ്‍ക. വിക്രമനായ അര്‍ജ്ജുനന്റെ ദേഹം കാന്തിവെടിഞ്ഞ് വാടുന്നു. എന്റെ മകന്‍ നകുലന്‍ ഏറ്റവും ദുഖിതനായിരിക്കുന്നതു കാണ്‍ക. ധീരനായ സഹദേവന്റെ ദേഹവും ചൂടുസഹിക്കാനാവാതെ തളരുന്നു. അയ്യോ, വായൂപുത്രാ ശരീരക്ഷീണവും ദാഹവും വര്‍ദ്ധിക്കുന്നുവല്ലൊ.}

കുന്തി പദം കലാശിച്ച് വലതുവശം പീഠത്തിലിരിക്കുന്നു. ഭീമൻ മറുപടിപ്പദം ആടുന്നു.

ഭീമന്റെ മറുപടിപദം-രാഗം:ഭൈരവി, താളം:ചമ്പട(രണ്ടാം കാലം)
പല്ലവി:
“അഗ്രജനോടു വ്യഗ്രംകൂടാതെ
 അഗ്രേ കാണ്‍കൊരു ന്യഗ്രോധംതന്നെ”   [ഇരട്ടിക്കലാശം]
അനുപല്ലവി:
“ഇത്തരുവിന്റെ നല്‍ത്തണല്‍ തന്നില്‍
 അത്തല്‍ കൂടാതെ പാര്‍ത്താലും നിങ്ങള്‍” [ഇരട്ടിക്കലാശം]
ചരണം1:-രാഗം:മോഹനം
“കമലഗന്ധവും ഭ്രമരനാദവും
 സമയേ കേള്‍ക്കുന്നു കമലസൂചകം”        [ഇരട്ടിക്കലാശം]
ചരണം2:-രാഗം:മദ്ധ്യമാവതി
“ആനയിച്ചു ഞാന്‍ പാനീയമിഹ
 ദീനമെന്നിയെ ദാനം ചെയ്തീടാം”              [ഇരട്ടിക്കലാശം]
{അതാ കണ്ടാലും മുന്‍പിലൊരു ആല്‍, അഗ്രജനോടുകൂടി ഭയപ്പെടാതെ നിങ്ങളിതിന്റെ തണലില്‍ ഇരുന്നാലും. താമരയുടെ മണം വരുന്നുണ്ട്. വണ്ടുകളുടെ മുരളലുംകേള്‍ക്കാനുണ്ട്. അതിനാല്‍ അടുത്തെവിടെയൊ ജലമുണ്ട്. ഒട്ടും വിഷമമില്ലാതെ ഞാന്‍ ജലം കൊണ്ടുവന്നു തരാം.}

ശേഷം ആട്ടം-
ഭീമന്‍:(കുന്തിയെ കെട്ടിച്ചാടി കുമ്പിട്ടശേഷം) ‘എന്നാല്‍ ഞാന്‍ വേഗം വെള്ളം കൊണ്ടുവരാം.’
കുന്തി:‘അങ്ങിനെയാകട്ടെ.’
ഭീമന്‍ വീണ്ടും കുമ്പിട്ടുമാറുന്നതോടെ കുന്തിയും ധര്‍മ്മപുത്രരും അര്‍ജ്ജുനനകുലസഹദേവന്മാരും നിഷ്ക്രമിക്കുന്നു.
ഭീമന്‍:(തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഇതാ ആകാശത്തുപറക്കുന്ന പക്ഷികളുടെ ചിറകുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റുവീഴുന്നു. തന്നെയുമല്ല തണുത്തകാറ്റും വീശുന്നുണ്ട്. അതിനാല്‍ ജലം സമീപത്തുതന്നെയുണ്ടെന്നു തോന്നുന്നു.’(വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘ഇതാ നിര്‍മ്മല ജലം നിറഞ്ഞ തടാകം കാണുന്നു’. (തടാകത്തില്‍ ചെന്ന് ഇരുകൈകളാലും വെള്ളം കോരിക്കുടിച്ചിട്ട്, താമരയിലപറിച്ച് കുമ്പിളാക്കി അതില്‍ ജലം നിറച്ചിട്ട്) ‘ഇനി വേഗം പോവുകതന്നെ’ഭീമന്‍ വലംകയ്യില്‍ ഗദയും ഇടംകയ്യില്‍ നിറകുമ്പിളുമായി പിന്നോക്കം നിഷ്ക്രമിക്കുന്നു.

----(തിരശ്ശീല)----

അഭിപ്രായങ്ങളൊന്നുമില്ല: