2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധം അഞ്ചാം രംഗം.

രംഗത്ത്-കുന്തി,പാണ്ഡവന്മാര്‍.

ശ്ലോകം-മുഖാരിരാഗം.
“ഇത്ഥം നിഗദ്യ വചസസ്സമുപേത്യ വേഗാ-
 ദാദായ വാരിസരസ: കമലച്ഛദേഷു ഭീമ:
 സഹോദര സകാശമിതസ്തദേമാന്‍
 സുപ്താന്‍ നിരീക്ഷ്യ വിലാലാപ ദൃശം പ്രതപ്ത:”
{ഭീമന്‍ ഇപ്രകാരം പറഞ്ഞ് വേഗത്തില്‍ പോയി സരസില്‍നിന്നും താമരയിലയില്‍ വെള്ളവുമെടുത്തുകൊണ്ട് സഹോദരരുടെ സമീപമെത്തിയപ്പോള്‍ അവര്‍ ഉറങ്ങികിടക്കുന്നതു കണ്ട് ഏറ്റവും ദു:ഖത്തോടെ വിലപിച്ചു.}

മുന്‍‌രംഗത്തുനിന്നും പിന്മാറിയതുപോലെ വലംകയ്യില്‍ ഗദയും ഇടംകയ്യില്‍ നിറകുമ്പിളുമായി ‘കിടതകധിം,താ’ ചവുട്ടി പ്രവേശിച്ച ഭീമന്‍ പാണ്ഡവസമീപമെത്തി അവരെല്ലാം നിലത്ത് ഉറങ്ങുന്നതുകണ്ട് ദു:ഖിച്ച്, കുമ്പിൾ ഒരുഭാഗത്ത് വെച്ചിട്ട് അവിടെ ഇരുന്ന് പദമാടുന്നു.

ഭീമന്റെ ചിന്താപദം-രാഗം:മുഖാരി, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“എന്തൊന്നു ചെയ്‌വതിഹ ഹന്ത ഞാന്‍ ദൈവമേ” [കലാശം-കൊട്ടുമത്രം]
അനുപല്ലവി:
“കുന്തിയാം ജനനിയോടും കുരുവീരരാകുമിവര്‍
 സ്വാന്തശോകേന ബത സുപ്തരായ്‌വന്നിതോ”       [കലാശം-കൊട്ടുമത്രം]
ചരണം1:
“നല്ല ശയനീയമതില്‍ നന്മയോടുറങ്ങുമിവര്‍
 കല്ലുകളിലിങ്ങിനെ കക്ഷ്ടമുറങ്ങുന്നു”                   [കലാശം-കൊട്ടുമത്രം]
ചരണം2:
“വിമലമണിഹര്‍മ്മ്യമതില്‍ വിരവോടു വിളങ്ങുമിവന്‍
 ശമനസുതനാര്‍‌യ്യനിഹ ശ്രമമായതിവിപിനേ”       [കലാശം-കൊട്ടുമത്രം]
ചരണം3:
[“കോപേന ചെന്നുടനെ" എന്നുചൊല്ലിവട്ടം തട്ടുമ്പോൾ ഭീമൻ പെട്ടന്നു കോപത്തോടെ ചാടിയെഴുന്നേറ്റ് ഇടത്തേയ്ക്കുനീങ്ങിയിട്ട് വട്ടംവച്ചുകലാശമെടുത്തിട്ട് ചരണം ആടുന്നു.“കോപേന ചെന്നുടനെ കുരുശതവുമൊരുമിച്ചു തപനജനു നല്‍കുവാല്‍ " എന്നുവരെയുള്ള ഭാഗം മൂന്നാം കാലത്തിലേയ്ക്ക് കയറ്റിയാണ് അവതരിപ്പിക്കുക.]
“കോപേന ചെന്നുടനെ കുരുശതവുമൊരുമിച്ചു
 തപനജനു നല്‍കുവാല്‍ സമയമിനി വരുമൊ”      [കലാശം]
ചരണം4:
“ഇദ്രുമസമീപത്തില്‍ നിന്നിവിടെ ഇവരുടയ
 നിദ്ര കഴിവോളവും നില്‍ക്കയല്ലാതെ                    [കലാശം]
കലാശശേഷം ഭീമൻ മുൻപോലെ ഇരുന്നിട്ട് പല്ലവി അഭിനയിക്കുന്നു.
പല്ലവി:(ആവർത്തനം)
“എന്തൊന്നു ചെയ്‌വതിഹ ഹന്ത ഞാന്‍ ദൈവമേ” [കലാശം-കൊട്ടുമത്രം]
{ഹാ! ദൈവമേ, എന്തോന്നാണ് ഇവിടെ ഞാന്‍ ചെയ്യേണ്ടത്? കുന്തീമാതാവൊടോപ്പം കുരുവംശവീരന്മാരായ ഇവരും മനക്ലേശത്താല്‍ ഉറങ്ങിപ്പോയോ? നല്ല കിടക്കയില്‍ സുഖമായുറങ്ങിയിരുന്ന ഇവര്‍ ഇങ്ങിനെ കല്ലുകളില്‍ കിടന്നുറങ്ങുന്നു. കഷ്ടം! പരിശുദ്ധമായ രമ്യഹര്‍മ്മത്തില്‍ വിളങ്ങിയിരുന്ന ധര്‍മ്മപുത്രനായ ജേഷ്ടന്‍ ഇവിടെ കാട്ടില്‍ വല്ലാതെ തളര്‍ന്നുപോയിരിക്കുന്നു. കോപത്തോടെ പെട്ടന്നുചെന്ന് നൂറ്റുവരെ ഒരുമിച്ച് അന്തകനുകൊടുക്കുവാന്‍ ഇനി‍ അവസരം വരുമൊ? ഈ വൃക്ഷസമീപത്ത് ഇവരുടെ ഉറക്കം കഴിയുവോളം ഞാന്‍ നില്‍ക്കുകയല്ലാതെ എന്താണുചെയ്യേണ്ടത്?}

ശേഷം ആട്ടം-
ഭീമന്‍:‘ഇനി ഇവരുടെ അടുക്കല്‍ ഇരിക്കുകതന്നെ’
അവരെ വീശിക്കൊണ്ട് ഭീമന്‍ സമീപത്തിരിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: