2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധം ആറാം രംഗം.

രംഗത്ത്-ഹിഡിംബന്‍(രണ്ടാംതരം കത്തി), ഹിഡിംബി(പെണ്‍കരി)

ശ്ലോകം-രാഗം:സൌരാഷ്ട്രം
“സപ്തേഷു തത്ര പവനാത്മജബാഹുവീര്‍‌യ്യ-
 ഗുപ്തേഷു തേഷു യമസൂനുയമദികേഷു
 മര്‍ത്ത്യാനവേത്യ സഹസോപഗതോ ഹിഡിംബ:
 ക്രുദ്ധ: സ്വസാരമിദമാഹ തദാ ഹിഡിംബിം”
{ധര്‍മ്മപുത്രാദികള്‍ ഭീമസേനന്റെ രക്ഷയില്‍ അവിടെ കിടന്നുറങ്ങിക്കൊണ്ടിരിക്കെ ഇവര്‍ മനുഷ്യരാണേന്നറിഞ്ഞ് പെട്ടന്നുവന്ന ഹിഡിംബന്‍ കോപത്തോടെ സഹോദരിയായ ഹിഡിംബിയോട് ഇപ്രകാരം പറഞ്ഞു.}

ഹിഡിംബന്റെ തിരനോട്ടം-

തുടര്‍ന്ന് തിരനീക്കി ഹിഡിംബന്റെ തൻടേടാട്ടം-
രംഗമദ്ധ്യത്തിൽ നിന്ന് വീണ്ടും തിരതാഴ്ത്തി ഹിഡിംബൻ പീഠത്തിൽ ഇരുന്ന് ഉത്തരീയം വീശുന്നു.
ഹിഡിംബന്‍:(എഴുന്നേറ്റ് രംഗവന്ദനം ചെയ്തശേഷം ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്നിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്)‘അ! മനസ്സിലായി. എന്നെ പോലെ ഭുജബല ബലപരാക്രമം ഉളളവരായി ഈ ലോകത്തില്‍ ആരാണുള്ളത്? ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’ (വീണ്ടും ഉത്തരീയം വീശിക്കൊണ്ട് പീഠത്തിലിരിക്കവെ മണം നടിച്ച്, സന്തോഷത്തോടെ) ഹാ! മനുഷ്യഗന്ധം വരുന്നു. എവിടേനിന്നാണ്? മനുഷ്യര്‍ ഇവിടെ വന്നിട്ടുണ്ടെന്നുറപ്പാണ്. ഹാ! മനുഷ്യമാംസം ഭക്ഷിച്ചിട്ട് എത്രകാലമായി. എന്നെ ഭയപ്പെട്ട് ഒരു മനുഷ്യരാകട്ടെ ഈ കാട്ടിലേയ്ക്ക് വരാറില്ല. ഇന്ന് എന്തായാലും മനുഷ്യമാംസം ഭക്ഷിച്ച് ആഗ്രഹം തീർക്കുകതന്നെ. എന്നാൽ ഇനി അവരെ പിടിച്ചുകൊണ്ടുവരുവാനായി അനുജത്തിയെ അയക്കുകതന്നെ.’
ഹിഡിംബന്‍ നാലാമിരട്ടിയെടുത്ത് തിരപൊക്കുന്നു.

ഹിഡിംബിയുടേയും തിരനോട്ടം-
ഹിഡിംബിയുടെ കരിവട്ടം-
കൈകളിൽ തൂപ്പുകളോടുകൂടി രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന ഹിഡിംബി ഇരുവശങ്ങലിലേയ്ക്കും ഗൗരവത്തിൽ നോക്കിയിശേഷം തിരശ്ശീലവിട്ട് ഒരു ചുഴിപ്പോടെ മുന്നിൽ നിലത്തേയ്ക്ക് ചാടുന്നു.
(താളം:അടന്തവട്ടം)

നേരെയും കോണുകളിലേയ്ക്കുമായി പ്രത്യേകരീതിയിൽ കാൽകുടഞ്ഞ് നൃത്തംവെച്ചശേഷം ഹിഡിംബി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് ഇടതുകാൽ പീഠത്തിലുയർത്തിവെച്ച് നിൽക്കുന്നു.
ഹിഡിംബി:(ദേഹമാകെ ഒന്നുനോക്കി അസഹ്യത നടിച്ചിട്ട്)'ഹായ്, ഹായ്, ദേഹം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇങ്ങിനെ പോര. ഈ ദേഹം മനോഹരമാക്കുകതന്നെ' (പിന്നിൽനിന്നും തലമുടി എടുത്ത് മണപ്പിച്ച് ദുർഗന്ധം നടിച്ചിട്ട്)'ഛീ! ദുർഗന്ധം!' (ചില പച്ചിലകൾ പറിച്ച്, പിഴിഞ്ഞെടുത്ത ചാർ കൊണ്ടുവന്ന് തലമുടി ഇരുവശങ്ങളിലും പ്രത്യേകം എടുത്ത് പുരട്ടിമിനുക്കി, മാടി പിന്നിൽ കെട്ടിയശേഷം പൊഴിഞ്ഞ തലനാരിഴകളെ ചുരുട്ടി ഊതിപ്പറപ്പിച്ചുകളഞ്ഞിട്ട്)'ഇനി ഒരു പൊട്ടുകുത്തണം' (ചന്ദനം ചാലിച്ച് കുറിയിട്ടശേഷം കണ്ണാടിനോക്കി തീരെ പിടിക്കാത്തമട്ടിൽ കുറി മായ്ച്ചുകളയുന്നു. കണ്ണാടിനോക്കിക്കൊണ്ട് വീണ്ടും കുറിതൊട്ടിട്ട്)'ഭേഷ്! ഒന്നാന്തരമായി' (തോടകൾ ഓരോന്നായി അഴിച്ചെടുത്ത് അവയും കാതുകളും തുടച്ചുവൃത്തിയാക്കി വീണ്ടും കാതിലുറപ്പിച്ചശേഷം കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചിട്ട്)'ഇനി കണ്ണെഴുതണം' (അഞ്ജനക്കല്ലെടുത്ത് ചില ഇലകളുടെ ചാറുകൂട്ടി അരച്ച് കണ്ണിലെഴുതി, നീറ്റൽ നടിക്കുന്നു. പിന്നെ കണ്ണാടിനോക്കി വൃത്തിയാക്കിയശേഷം ദേഹമാസകലം ഒന്നുനോക്കി തൃപ്തിപ്പെട്ടിട്ട്)'വിശേഷമായിരിക്കുന്നു. ഇപ്പോൾ എന്നെ കണ്ടാൽ ദേവന്മാർപോലും കൊതിച്ചുപോകും. (ചിന്തിച്ചിട്ട്)എന്നാൽ ഇന്ന് എന്നെ കാണാൻ ഒരുവനും ഇല്ലാതെപോയല്ലോ? എനിക്കൊരു ഭർത്താവുണ്ടായിരുന്നെങ്കിൽ എന്തു ഭാഗ്യമായേനേ? അതിനുള്ള ഭാഗ്യം എനിക്കുണ്ടാമോ?'(ദുഃഖ ഭാവത്തോടെ രംഗമദ്ധ്യത്തിലെ പീഠത്തിലിരിക്കുമ്പോൾ പെട്ടന്ന് മുന്നിൽ കണ്ടിട്ട്)'ഹോ! ജേഷ്ഠൻ വളരെ വേഗത്തിൽ എന്റെ നേരെ വരുന്നുവല്ലോ. എന്താവും കാര്യം?'(ചിന്ദിച്ചിട്ട്) 'എന്തായാലും ഇനി അറിയുകതന്നെ.'ഹിഡിംബി നാലാമിരട്ടി ചവുട്ടിയിട്ട് തിര ഉയർത്തുന്നു.

വീണ്ടും തിരനീക്കുമ്പോള്‍ ഹിഡിംബൻ വലത്തുവശത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു. ഇടത്തുഭാഗത്തു നിൽക്കുന്ന ഹിഡിംബി സഹോദരനെകണ്ട് കെട്ടിചാടികുമ്പിട്ടിട്ട്, വണങ്ങി നിൽക്കുന്നു.
ഹിഡിംബൻ:(അനുഗ്രഹിച്ചിട്ട്)'ഞാൻ പറയുന്നത് കേട്ടാലും'
ഹിഡിബൻ നാലാമിരട്ടിയെടുത്തിട്ട് പദമാടുന്നു.

ഹിഡിംബന്റെ പദം-രാഗം:സൌരാഷ്ട്രം, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ഘോരമാം നമ്മുടെ കാട്ടില്‍ ആരേയും പേടികൂടാതെ"
അനുപല്ലവി:
["ആരവിടെ വന്നതെന്നു" എന്നു ചൊല്ലിവട്ടംതട്ടി വട്ടംവെച്ചുകലാശം എടുത്തിട്ട് അനുപല്ലവി ആടുന്നു.]
 "ആരവിടെ വന്നതെന്നു പാരാതെ പോയറിക നീ”
ചരണം1:
["മര്‍ത്ത്യന്മാരുണ്ടീവനത്തില്‍" എന്നു ചൊല്ലിവട്ടംതട്ടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.] 
“മര്‍ത്ത്യന്മാരുണ്ടീവനത്തില്‍ പ്രാപ്തരായിട്ടെന്നു നൂനം
 തൃപ്തിവരുവോളം നല്ല രക്തപാനം ചെയ്യാമല്ലൊ”
ചരണം2:(മൂന്നാം കാലം)
["ചോരകൊണ്ടെനിക്കിപ്പോഴെ" എന്നു ചൊല്ലിവട്ടംതട്ടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]  
“ചോരകൊണ്ടെനിക്കിപ്പോഴെ പാരണ ചെയ്‌വാന്‍ വൈകുന്നു
 വാരണഗാമിനി ചെറ്റും പാരാതെ പോയ്‌വന്നാലും നീ”
{ഘോരമായ നമ്മുടെ കാട്ടില്‍ ആരേയും പേടിയില്ലാതെ കടന്നുവന്നതെന്നു നീ വേഗം പോയ് അറിയുക. ഈ വനത്തില്‍ മനുഷ്യര്‍വന്നിട്ടുണ്ടെന്നുള്ളതുറപ്പാണ്‌. തൃപ്തിയാവോളം നല്ല രക്തംകുടിക്കാമല്ലൊ. എനിക്കതിന് ധൃതിയാവുന്നു. ഒട്ടും വൈകാതെ നീപോയ്‌വരിക.‍}

ഹിഡിംബിയുടെ മറുപടി പദം-രാഗം:ശങ്കരാഭരണ, താളം:മുറിയടന്ത(മുറുകിയ കാലം)
പല്ലവി:
["ഉഗ്രപരാക്രമ കേള്‍ക്ക നീ" എന്നു ചൊല്ലിവട്ടംതട്ടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]   
“ഉഗ്രപരാക്രമ കേള്‍ക്ക നീ ഘോര-
 വിഗ്രഹ സോദര സാമ്പ്രതം“
ചരണം1:
 ["അഗ്രജ വൈകാതവരെ ഞാന്‍" എന്നു ചൊല്ലിവട്ടംതട്ടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]  
“അഗ്രജ വൈകാതവരെ ഞാന്‍ ചെന്നു
 നിഗ്രഹിച്ചിങ്ങു കൊണ്ടന്നീടാം
 വ്യഗ്രത കൈവിട്ടു വീരനാം നിന്റെ
 അഗ്രേ വച്ചമ്പില്‍ വണങ്ങീടാം”
ചരണം2:
 ["പറ്റലര്‍കാല സഹോദര" എന്നു ചൊല്ലിവട്ടംതട്ടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]   
“പറ്റലര്‍കാല സഹോദര കേള്‍ക്ക
 ചെറ്റുമിളകാതെ ചെന്നു ഞാന്‍
 ഏറ്റവും നല്ല നരമാംസംകൊണ്ടു
 തെറ്റെന്നു തൃപ്തി വരുത്തീടാം”
ചരണം3:
["അറ്റമില്ലാതോരമരന്മാരോടു" എന്നു ചൊല്ലിവട്ടംതട്ടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]   
“അറ്റമില്ലാതോരമരന്മാരോടു
 കുറ്റമില്ല മമ പോര്‍ചെയ്‌വാന്‍
 മറ്റുള്ള ജാതികളെന്തഹോ മമ
 മുറ്റും വിചാരിപ്പാന്‍ പാത്രമോ”
{അതിപരാക്രമിയും ഘോരശരീരിയുമായ ജേഷ്ഠാ, ഞാന്‍ വേഗത്തില്‍ ചെന്ന് അവരെ കൊന്ന് കൊണ്ടുവന്ന്, അങ്ങയുടെ മുന്നില്‍ വെച്ച് വണങ്ങിക്കൊള്ളാം. സോദരാ, കാടിളക്കാതെ ചെന്ന് ഞാന്‍ ഏറ്റവുംനല്ല നരമാംസം കൊണ്ട് അങ്ങയെ തൃപ്തനാക്കാം. എണ്ണമറ്റ ദേവന്മാരോടുപോലും യുദ്ധംചെയ്യാന്‍ എനിക്ക് പ്രയാസമില്ല. എന്നിരിക്കെ മറ്റുജാതികള്‍ എന്നോടെതിര്‍പ്പാന്‍ മതിയാകുമൊ?}
“പറ്റലര്‍കാല സഹോദര കേള്‍ക്ക" ഹിഡിംബൻ-ഫാക്റ്റ് ബിജു ഭാസ്ക്കർ, ഹിഡിംബി-രജ്ഞിനി സുരേഷ്
ഹിഡിംബന്‍:
ചരണം3:(മൂന്നാം കാലം)
“കൂട്ടത്തോടെ കൊലചെയ്തു വാട്ടം കൂടാതെവരിക
 ഞെട്ടുമാറലറിചെന്നു ആട്ടിക്കളയൊല്ല”
{കൂട്ടത്തോടെ കൊലചെയ്തു കൊണ്ടുവരിക. ഞെട്ടുന്നരീതിയില്‍ അലറികൊണ്ട് ചെന്ന് അവരെ ആട്ടിയോടിച്ചേക്കരുത്.}

ശേഷം ആട്ടം-
ഹിഡിംബന്‍:(പീഠത്തിലിരുന്ന്, കുമ്പിട്ടുനില്‍ക്കുന്ന ഹിഡിംബിയോട്) ‘നീ ചെല്ലുന്നതുകണ്ട് മനുഷ്യര്‍ ഓടിപ്പോയേക്കും. അതിനാല്‍ പതുങ്ങിചെന്ന് അവരെ പിടിച്ചുകൊണ്ടുവരിക. ചുടുചോരകുടിച്ച് മാംസം നമുക്കൊരുമിച്ച് തിന്നാം.‘
ഹിഡിംബി:‘അങ്ങിനെ തന്നെ’
ഹിഡിംബി വീണ്ടും ഹിഡിംബനെ കുമ്പിട്ടിട്ട് മാറുന്നു. യാത്രയാക്കിക്കൊണ്ട് ഹിഡിംബന്‍ നിഷ്ക്രമിക്കുന്നു.

ഹിഡിംബി:(തിരിഞ്ഞ് അഡ്ഡിഡ്ഡിക്കിട’ വെച്ചു നിന്നിട്ട് )‘ഇനി മനുഷ്യരെ മണം പിടിച്ചുചെന്ന് കണ്ടെത്തുകതന്നെ’(വീണ്ടും അഡ്ഡിഡ്ഡിക്കിടവെച്ച് മനുഷ്യരെ കണ്ടിട്ട്-ആത്മഗതം) ഇതാ മനുഷ്യ വസിക്കുന്നു. (എണ്ണിക്കൊണ്ട്)അഞ്ചുപേരുണ്ട്.’ (ഭീമനെ കണ്ട് പുഞ്ചിരിച്ചുകൊണ്ട്) ആഹാ! ഈ പുരുഷ കാമനെപോലെ സുന്ദരന്‍! സൂര്യനെപോലെ തേജസ്വി! സിംഹത്തേപ്പോലെ വിക്രമി!‘ (കാമത്താ ലജ്ജിച്ച്) ഇദ്ദേഹത്തെ എനിക്ക് ഭര്‍ത്താവായി ലഭിച്ചുവെങ്കി!‘ (പുളകംകൊണ്ടിട്ട്) എന്റെ ആഗ്രഹം സാധിക്കുവാ എന്താണു വഴി?’(ആലോചിച്ചിട്ട്) ആകട്ടെ, എന്റെ ഈ രൂപം മറച്ച് ഒരു സുന്ദരീവേഷം ധരിച്ചുചെന്ന് ഇദ്ദേഹത്തോട് എന്റെ സത്യാവസ്ത അറിയിക്കുകതന്നെ’.

ഹിഡിംബി നാലാമിരട്ടിയെടുത്ത്, വേഷം മാറിയതായി നടിച്ച് ശൃംഗാരഭാവത്തി സാരിയുടെ ചുവടുക വെച്ചിട്ട്, ലജ്ജിച്ച് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ, ഇതിലെ ആശാരി - ഖനകൻ- യുടെ ആട്ടത്തെ പറ്റി ഒന്ന് കൂടുതൽ പറയൂ. നെല്ലിയോടിന്റെ ആശാരിയുടെ ആദ്യഭാഗം വീഡിയോയിൽ കണ്ടു. മതിയായില്ല.നാടൻ താളങ്ങളെ എത്ര ഭംഗിയായി കഥകളിവൽക്കരിച്ചു!

കഥകളിയിൽ ഇങനെ നാടോടി ആട്ടങ്ങൾ ഇല്ല അധികം അല്ലേ? എന്തായിരിക്കും അതിനു ചരിത്രപരമായ കാരണം? താളങ്ങളെപറ്റി പറയണേ.

ആശാരി ഉണ്ട്‌, പിന്നെ കംസവധത്തിൽ ആനക്കാരനുണ്ട്‌. സുഭദ്രാഹരണത്തിൽ ഭീരുവുണ്ട്‌.

കംസവധം കണ്ടിട്ടേ ഇല്യ. ഇത്തരം പ്രത്യേകതയുള്ള ആട്ടങ്ങൾ മാത്രമായി ഒരു കളി സംഘടിപ്പിക്കണം. നെല്ലിയോട് കഴിഞാൽ അതിന് ആർ പറ്റും?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@-സൂ-
അശാരിയെപറ്റി കൂടുതല്‍ പറയാനൊ....ഞാനും വിരളമായെ അതു കണ്ടിട്ടുള്ളു:),ധാരളം ഉണ്ടാകാറില്ലല്ലൊ ഇതൊന്നും. സൂ പറഞ്ഞതുപോലെ ഇവയൊക്കെ അവതരിപ്പിച്ചുകൊണ്ട് ഒരു കഥകളിമേള നടത്തേണ്ടതാണ്. ഈവക വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ന് നെല്ലിയോട് തന്നെ കേമന്‍.

ഒരു നാടോടികലയല്ലല്ലൊ കഥകളി,ക്ലാസിക്കല്‍ കലയല്ലെ.അതിനാല്‍ ലോകധമ്മിയേക്കാള്‍ നാട്ട്യധര്‍മ്മിയായ കഥാപാത്രങ്ങളും ആട്ടങ്ങളുമാണല്ലൊ ഇതിന്റെ കാതല്‍.അതാണീവക ആട്ടങ്ങള്‍ പൊതുവെ കഥകളിയില്‍ കുറവ്.ഈ ആശാരിതന്നെ നാട്യധര്‍മ്മി വിടാതെ ലോകധര്‍മ്മികലര്‍ത്തി അഭിനയിക്കേണ്ടതാണെന്നാണ് നാട്യാചാര്യന്‍ പറഞ്ഞിട്ടുള്ളത്.

പിന്നെ രാഗതാളങ്ങളെ കൂടുതല്‍ പറ്റിപറയാന്മാത്രം വൈദഗ്ദ്യം എനിക്ക് ആ വിഷയത്തില്‍ ഇല്ലകേട്ടൊ.