2008, ജൂലൈ 20, ഞായറാഴ്‌ച

ബകവധം ഏഴാം രംഗം.

രംഗത്ത്-ലളിത‍(ഒന്നാംതരം സ്ത്രീവേഷം), ഭീമന്‍‍, ഹിഡിംബന്‍.

ശ്ലോകം-രാഗം:എരിക്കലകാമോദരിരാഗം
“നിശമ്യ വാചം നിജസോദരസ്യ
 നിശാചരീ പ്രാപ്യ നിരീക്ഷ്യ മാരുതിം
 ദൃശം പ്രതപ്താ സ്മരപാവകേന
 പ്രകാശ്യ രൂപം പ്രണിപത്യ സാബ്രവീല്‍”
{തന്റെ സഹോദരന്‍ പറഞ്ഞതു പ്രകാരം ഹിഡിംബി ചെന്ന് ഭീമസേനനെ കണ്ടതോടെ ഏറ്റവും കാമപീഡിതിയായിതീര്‍ന്നതിനാല്‍, സുന്ദരീരൂപം ധരിച്ച് ഭീമനെ നമസ്ക്കരിച്ചുകൊണ്ട് പറഞ്ഞു.}

വലതുവശത്ത് ഭീമന്‍ ഇരിക്കുന്നു. ഇടത്തുഭാഗത്ത് ലളിതപ്രവേശിക്കുന്നു. ഗായകര്‍ രണ്ടുമാത്ര രാഗവും തുടര്‍ന്ന് സാരിപ്പദവും പാടുന്നു. ലളിത സാരിനൃത്തം ചെയ്യുന്നു.
ഭീമന്‍-കലാ:ഷണ്മുഖന്‍,ലളിത-കലാ:വിജയന്‍
സാരിപ്പദം-രാഗം:എരിക്കലകാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“കാമനോട് തുല്യനാകും ഭീമസേനന്‍‌തന്നെ
 കാണ്‍കയാലേ കാമമയ്യല്‍ പൂണ്ടുടനെ“ [കലാശം]
ചരണം1:
“മായകൊണ്ടു മറഞ്ഞൊരു മോഹിനിയായവള്‍
 നൂതനശരീരം പൂണ്ടു യാതുനാരി”           [കലാശം]
ചരണം2:
“താമരസ കോരകങ്ങള്‍ കോഴ നല്‍കന്നൊരു
 കോമള കുചയുഗളം പൂണ്ടുടനെ”           [കലാശം]
ചരണം3:
“മന്ദം മന്ദം വിളയാടി സുന്ദരാഗിയവള്‍
 നിന്നിടുന്നു സന്നിധിയില്‍ മിന്നൽപോലെ” [കലാശം]
{കാമതുല്യനാകും ഭീമനെ കണ്ട് കാമപീഡിതയായ ആ രാക്ഷസി ഉടനെ മായകൊണ്ട് സ്വശരീരം മറച്ച് ഒരു മോഹിനീരൂപം ധരിച്ചു. താമരപ്പൂമൊട്ടുകള്‍ കപ്പം കൊടുക്കുന്നതരത്തിലുള്ള ഓമല്‍ കുചങ്ങളോടുകൂടിയ ആ സുന്ദരരൂപിണി മിന്നല്‍ പോലെ ഒളിചിതറിക്കൊണ്ട് ഭീമസമീപം നിന്നു.}
സാ‍രി അവസാനിക്കുന്നതോടെ ലളിത ഭീമനെകണ്ട് ലജ്ജയോടെ പദാഭിനയം ആരംഭിക്കുന്നു. ഭീമന്‍ ആശ്ചര്യത്തോടെ ശ്രദ്ധിച്ചിരിക്കുന്നു.

ലളിതയുടെ പദം-താളം:അടന്ത(ഒന്നാംകാലം)
പല്ലവി:
“മാരസദ്യശ മഞ്ജുളാക്യതേ ഭവാന്‍
 ആരെന്നും ചൊല്‍ക ഇവര്‍ ആരെന്നും” [ഇരട്ടിക്കലാശം]
ചരണം1:
“ഘോരകാനനം തന്നില്‍ വരുവാനുമെന്തു
 കാരണം കമലായതേക്ഷണ.”            [ഇരട്ടിക്കലാശം]
ചരണം2:(രണ്ടാം കാലം)
“ക്രൂരനാം ഹിഡിംബനെന്നൊരു നിശാചര-
 വീരന്‍ വാണീടുന്നീ വനംതന്നില്‍“         [കലാശം]
ചരണം3:
“സാദരം കേട്ടുകൊള്‍ക ഞാനവന്‍ തന്റെ
 സോദരി ഹിഡിംബിയാകുന്നല്ലൊ”        [കലാശം]
ചരണം4:
“നിങ്ങളെക്കൊല്ലുവാന്‍ വന്നീടിനോരെന്നെ
 മംഗലാക്യതേ മാരന്‍ കൊല്ലുന്നു.”          [കലാശം]
{കാമസദ്യശ,ഭാവനും ഇവരും ആരാണ്? പറയുക. ഇവിടെ വരുവാന്‍ കാരണമെന്ത്? ഈ കാട്ടില്‍ ഹിഡിംബന്‍ എന്നൊരു ദുഷ്ടരാക്ഷസന്‍ വാഴുന്നുണ്ട്. ഞാന്‍ അവന്റെ അനുജത്തി ഹിഡിംബിയാണ്. നിങ്ങളെ കൊല്ലാനായി വന്ന എന്നെ ഇപ്പോള്‍ കാമദേവന്‍ കൊല്ലുന്നു.}

ഭീമന്റെ മറുപടിപദം-രാഗം:ധനാശി/മാരധനാശി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“പാണ്ഡുസുതന്മാര്‍ ഞങ്ങളാകുന്നു ബാലേ
 ഖാണ്ഡുല്യാല്‍ഭുജവീര്യശാലികള്‍”          [കലാശം]
അനുപല്ലവി:
“നാഗകേതനന്‍ തന്റെ വ്യാജത്താല്‍ നാടും
 നഗരവും വെടിഞ്ഞിങ്ങുപോന്നതും”        [കലാശം]
{ഞങ്ങളാണു പാണ്ഡവര്‍,കൈത്തരിപ്പുള്ള പരാക്രമികള്‍. ദുര്യോധനന്റെ ചതിയാല്‍ നാടും നഗരവും വെടിഞ്ഞ് ഇവിടെ വന്നു.}

ലളിത: (മൂന്നാം കാലം)
ചരണം5:
“പങ്കജേക്ഷണ മമ പരിതാപമെല്ലാം
 ശങ്കവെടിഞ്ഞു ചൊല്ലുന്നതെങ്ങിനെ”      [കലാശം]
ചരണം:6
“മങ്കമാര്‍ക്കു മന്മഥതുല്യ നീ എന്റെ
 സങ്കടമകറ്റുക വൈകാതെ”                  [കലാശം]
ചരണം7:
“നിന്റെ കരുണ ഇല്ലായ്‌കില്‍ നിന്നാണ
 എന്നെ പൂങ്കണയെയ്തു മാരന്‍ കൊന്നീടും” [കലാശം]
{താമരകണ്ണാ, എന്റെ സങ്കടം എങ്ങിനെയാണ് പറയുക. പെണ്‍കിടാങ്ങള്‍ക്ക് പൂവമ്പനായുള്ള ഭവാന്‍ എത്രയും വേഗം എന്റെ സങ്കടം തീര്‍ത്താലും. അങ്ങ് ദയചെയ്‌തില്ലെങ്കില്‍, ഭവാനാണെസത്യം, പുഷ്പശരങ്ങളെയ്തു മാരന്‍ എന്നെ കൊന്നുകളയും.}

ഭീമന്‍: 
ചരണം1:
“ധര്‍മ്മസുതനാമെന്റെ അഗ്രജന്‍ ദാര-
 കര്‍മ്മം നിര്‍വ്വഹിച്ചില്ലെന്നറിക നീ”        [കലാശം]
ചരണം2:
“അഗ്രജന്‍ വിവാഹം ചെയ്തീടാതെ ദര-
 സംഗ്രഹം ചെയ്യുന്നതുചിതമോ”              [കലാശം]
{ധര്‍മ്മരാജപുത്രനായ എന്റെ ജേഷ്ടന്‍ ഇതുവരേ വിവാഹംകഴിച്ചിട്ടില്ല എന്ന് അറിയുക. ജേഷ്ടന്റെ വിവാഹം കഴിയും മുന്‍പേ ഞാന്‍ ഭാര്യയെ സ്വീകരിക്കുന്നത് ഉചിതമൊ? ‍}

ലളിത: താളം:ത്രിപുട/മുറിയടന്ത(ഒന്നാം കാലം)
ചരണം8:
“നക്തഞ്ചരനിങ്ങാശു വന്നീടും മുമ്പെ
 സത്വരം പോക നാമിരുവരും”               [കലാശം]
ചരണം9:
“ഇഷ്ടസുഖങ്ങളനുഭവിച്ചീടാമല്ലോ
 പെട്ടന്നു പോരിക നീ നരപതേ”           (രണ്ടാംകാലം)
{രാക്ഷസനിങ്ങെത്തും മുന്‍പെ നമുക്കിരുവര്‍ക്കും വേഗത്തില്‍ പോകാം. ഇഷ്ടം‌പോലെ സുഖമനുഭവിക്കാമല്ലൊ.രാജാവേ,പോരിക.}

ഭീമന്‍: (മൂന്നാം കാലം)
ചരണം3:
“കഷ്ടമല്ലയോ നിദ്ര ചെയ്യുമ്പോള്‍ ഇവരെ
 ഇട്ടും കളഞ്ഞു കാട്ടില്‍ പോവതും”          [കലാശം]
ചരണം4:
“മൊട്ടോലും മൊഴിയാളേ ഇതു ചെയ്‌വാനുള്ളില്‍
 ഒട്ടുമെളുതല്ലെന്നു കരുതുക”                   [കലാശം]
{ഉറങ്ങുമ്പോള്‍ ഇവരെ കാട്ടിലിട്ടിട്ടുപോകുന്നതു കഷ്ടമല്ലെ? തേന്‍‌മൊഴിയാളേ, ഇതുചെയ്യാന്‍ ഒട്ടും സാധ്യമല്ല.}

പദം കലാശിപ്പിച്ച് ഭീമന്‍ വലതുവശം പീഠത്തില്‍ ആലോചനയോടെ ഇരിക്കുന്നു. ലളിത ഇടതുവശത്ത് മുഖംകുനിച്ച്നില്‍ക്കുന്നു.

ഇടശ്ലോകം-വേകടരാഗം. 
“അനയോരിതി വാദിനോര്‍വ്വനാന്തേ
 അനയോ മൂര്‍ത്ത ഇവത്യ രാക്ഷസേന്ദ്ര:
 അനുജാമപി ഭര്‍ത്സയന്നവാദീ-
 ന്മനുജാനാമധിപം മരുത്തനൂജം.”
{ഭീമനും ഹിഡിംബിയും ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കെ, ഉടലെടുത്ത ദുര്‍ന്നയം പോലെ ഹിഡിംബന്‍ അവിടെവന്ന് തന്റെ അനുജത്തിയേയും ഭീമനേയും ശകാരിച്ചുകൊണ്ടിങ്ങിനെ പറഞ്ഞു.}

രംഗമധ്യത്തിലൂടെ ഹിഡിംബന്‍ പ്രവേശിക്കുന്നു.
ഹിഡിംബന്‍ പ്രവേശിക്കുന്നു
ഹിഡിംബന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയന്യൂഷിച്ച് മുന്നോട്ടുവന്ന് ഇരുവരേയും കണ്ട്, കാര്യം മനസ്സിലാക്കിയശേഷം, കുപിതനായി ലളിതയോട്) ‘ഛീ, എടീ, നിന്നെ അയച്ചത് ഇവന്റെ മുന്നില്‍ സുന്ദരിചമഞ്ഞു നില്‍ക്കുവാനാണോ? മനുഷ്യനെ കാമിച്ച നീ രാക്ഷസവംശത്തിനു് ദുഷ്കീര്‍ത്തി വരുത്തിക്കളഞ്ഞു. കണ്ടുകൊള്‍ക’ഹിഡിംബന്‍ നാലാമിരട്ടികലാശിച്ച് പദമാടുന്നു.

ഹിഡിംബന്റെ പദം-രാഗം;വേകട,താളം:മുറിയടന്ത(മുറുകിയകാലം)
പല്ലവി:
“പോക പോക വിരിഞ്ഞു നീചേ നീ മുന്നില്‍നിന്നാശൂ” [കലാശം]
അനുപല്ലവി:
“ആമിഷത്തിലഭിലാഷമുള്ള നീ മാനുഷന്മാരെ
 കാമിനി കാമിക്കയാലെ കാലമിത്ര വൈകി നൂനം”    [മുറിക്കലാശം]
പല്ലവി:(ആവർത്തനം)
“പോക പോക വിരിഞ്ഞു നീചേ നീ മുന്നില്‍നിന്നാശൂ”
{എടീ ദുഷ്ടേ, എന്റെ മുന്നില്‍നിന്ന് കടന്നു പോ. മാംസത്തില്‍ കൊതിയുള്ള നീ മനുഷ്യരെ കാമിച്ചതിനാലാണ്ഇത്രയും നേരം വൈകിയത്.}
ഹിഡിംബി നിഷ്ക്രമിക്കുന്നു. ഹിഡിംബിയെ അയച്ചുതിരിഞ്ഞ് ഹിഡിംബന്‍ യുദ്ധപ്പദം ആടാൻ ആരംഭിക്കുന്നു.

യുദ്ധപദം-രാഗം;വേകട, താളം:ത്രിപുട/മുറിയടന്ത(മുറുകിയകാലം)
ഹിഡിംബന്‍: 
ചരണം1:
[“ആശരനാരിയാമിവളെ" എന്ന് ചൊല്ലിവട്ടംതട്ടവെ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് ചരണം ആടുന്നു.]
“ആശരനാരിയാമിവളെ ആഗ്രഹിച്ചീടുക വേണ്ട
 ആശു നാകനാരിമാരിലാശ വെച്ചീടുക മേലില്‍”               [മുറിക്കലാശം]
പല്ലവി:
“വരിക പോരിനു വൈകിടാതെ നീ മാനുഷാധമ”
{രാക്ഷസവനിതയായ ഇവളില്‍ മോഹം വെയ്ക്കണ്ട. ഇനിവേഗം ദേവസ്ത്രീകളില്‍ ആശവെയ്ക്കുക.മാനുഷാധമാ നീ വേഗം പോരിനു വരിക.‍}

ഭീമന്‍: 
ചരണം2:
[“നില്ക്ക നില്ക്ക നിശാചര മൂര്‍ഖ" എന്ന് ചൊല്ലിവട്ടംതട്ടവെ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.] 
“നില്ക്ക നില്ക്ക നിശാചര മൂര്‍ഖ മുന്നിലരക്ഷണം
 പോക്കുവന്‍ ജീവിതം തവ വാക്കുചൊന്നതുമിന്നു മതിമതി” [മുറിക്കലാശം]
പല്ലവി:
“വരിക പോരിനു വൈകീടാതെ നീ രാക്ഷസാധമ”
{ദുഷ്ടരാക്ഷസാ, എന്റെ മുന്നില്‍ അല്പനേരം നില്ക്ക്. നിന്റെ ജീവിതം ഞാന്‍ അവസാനിപ്പിക്കുന്നുണ്ട്. വര്‍ത്തമാനം പറഞ്ഞതു മതി. രാക്ഷസാധമാ നീ വേഗം പോരിനു വരിക.‍}

ഹിഡിംബന്‍: 
ചരണം3:
[“മര്‍ത്ത്യകീടങ്ങളാം നിങ്ങള്‍" എന്ന് ചൊല്ലിവട്ടംതട്ടവെ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]  
“മര്‍ത്ത്യകീടങ്ങളാം നിങ്ങള്‍ പത്തു നൂറായിരമൊന്നി-
 ച്ചത്ര വന്നീടിലുമിനിക്കത്തലില്ലെന്നറിഞ്ഞാലും”            [മുറിക്കലാശം]
(“വരിക പോരിനു വൈകീടാതെ നീ മാനുഷാധമ”)
{മനുഷ്യപ്പുഴുക്കളായ നിങ്ങള്‍ പത്തുനൂറായിരം ഒന്നിച്ചു വന്നാലും എനിക്ക് വിഷമമില്ലന്നറിക.}

ഭീമന്‍: 
ചരണം4:
[“കൂര്‍ത്ത നഖംകൊണ്ടു നിന്റെ" എന്ന് ചൊല്ലിവട്ടംതട്ടവെ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]   
“കൂര്‍ത്ത നഖംകൊണ്ടു നിന്റെ
 ചീര്‍ത്ത വക്ഷസ്ഥലം കീറി
 ദൈത്യനെപ്പണ്ടു നരസിംഹമൂര്‍ത്തി
 യെന്നപോലെ കൊല്‍‌വന്‍”                                    [മുറിക്കലാശം]
(“വരിക പോരിനു വൈകീടാതെ നീ രാക്ഷസാധമ”)
{കൂര്‍ത്തനഖംകൊണ്ട് നിന്റെ തടിച്ച മാറിടം പിളര്‍ന്ന്,പണ്ട് നരസിംഹമൂര്‍ത്തി ദൈത്യനെയെന്നപോലെ കൊല്ലുന്നുണ്ട്.}

ഹിഡിംബന്‍:
ചരണം5:[രംഗത്ത് പതിവില്ല]
[“മുൾത്തടിയോടിടയുന്ന കൈത്തലം" എന്ന് ചൊല്ലിവട്ടംതട്ടവെ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]  
“മുൾത്തടിയോടിടയുന്ന കൈത്തലംകൊണ്ടുനിന്തല
 പത്തുനൂറായിപ്പൊടിച്ചർക്കപുത്രനു നൽകുവൻ നൂനം” [മുറിക്കലാശം]
(“വരിക പോരിനു വൈകീടാതെ നീ മാനുഷാധമ”)
{മുൾത്തടിക്കുസമമായ കൈത്തലം കൊണ്ട് നിന്റെ തല പത്തുനൂറായി പൊടിച്ച് കാലനുനൽകുന്നുണ്ട്.}

ഭീമന്‍: 
ചരണം6:[രംഗത്ത് പതിവില്ല]
[“നീലമേഘനിറമാർന്ന നിന്റെ" എന്ന് ചൊല്ലിവട്ടംതട്ടവെ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]   
“നീലമേഘനിറമാർന്ന നിന്റെ ദേഹം പിളർന്നുഞാൻ
 കാലനു നൽകുവൻ കാലുനാഴികവൈകാതെ മൂഢാ”      [മുറിക്കലാശം]
(“വരിക പോരിനു വൈകീടാതെ നീ രാക്ഷസാധമ”)
{മൂഢാ, നീലമേഘനിറമാർന്ന നിന്റെ ദേഹം പിളർന്നു ഞാൻ കാൽനാഴിക വൈകാതെ കാലനു നൽകുന്നുണ്ട്.}
ശേഷം യുദ്ധവട്ടം-
ഇരുവരും ക്രമത്തില്‍ പോരിനുവിളിച്ച് മുഷ്ടിയുദ്ധം തുടങ്ങുന്നു. ഇരുവരും മുഷ്ടിയുദ്ധം ചെയ്യുകയും, യുദ്ധാന്ത്യത്തില്‍ 'നോക്കിക്കോ' എന്നു കാട്ടി, നാലാമിരട്ടിചവുട്ടിയശേഷം ഭീമന്‍ ഹിഡിംബനെ കൂട്ടിപിടിച്ചു നിലത്തിരുത്തി നെഞ്ചിൽ ആഞ്ഞിടിച്ചും, ഞെക്കിയും വധിക്കുന്നു.
 -----(തിരശ്ശീല)-----
ഭീമന്‍: (ഓടിക്കൊണ്ട് പ്രവേശിച്ച്‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടിനിന്ന്, ആത്മഗതം) ‘ഹിഡിംബനെ കൊന്നു. ഇനി ഹിഡിംബി എന്നെ പിരിഞ്ഞുപോകാന്‍ ഉപായം എന്ത്?‘ (ആലോചിച്ചിട്ട്) ‘വല്ല ഉപായവുമുണ്ടാകും‘
ഭീമന്‍ നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: