2011, നവംബർ 12, ശനിയാഴ്‌ച

കിരാതം ഏഴാം രംഗം

രംഗത്ത്-കാട്ടാളൻ(ഒന്നാന്തരം കരിവേഷം), കാട്ടാളസ്ത്രീ(ഒന്നാന്തരം സ്ത്രീവേഷം), കുട്ടിക്കാട്ടാളന്മാർ(പ്രാകൃതവേഷങ്ങൾ)

ദണ്ഡകം-
"ഇത്ഥം നിവേദ്യ ഗിരിപുത്രീം പുനസ്സഖലു മൃത്യുജ്ഞയൻ ത്രിപുരഹന്താ
 ഭക്തജനപാലൻ--മുക്തിദസുശീലൻ--
 മത്തഗജവക്ത്രമുഖപുത്രരൊടുമദ്രിവര-
 പുത്രിയൊടുമെത്രയുമുദാരം"

"ചട്ടറ്റ വമ്പുടയ കാട്ടാളവേഷമൊടു
 കാട്ടിൽ കരേറിയതുനേരം
 എട്ടുദിശിയും പരിചിൽ ഞെട്ടിനനിനാദമൊടു
 കാട്ടർകുലമായരിയ ഭൂതം"

"വേട്ടയ്ക്കു വട്ടമിടകൂട്ടിച്ചുഴന്നരിയ
 കാട്ടിന്നകത്തു വടിവോടേ
 ഒട്ടൊഴിയെ മൃഗതതിയെ വട്ടമിടയിട്ടുവല-
 കെട്ടിവിളിയിട്ടു പരമേശൻ"

"ദുര്യോധനൻ നൃപതി വിരവോടയച്ച കിടി
 സുരവൈരിയും വലയകത്തായ്
 ഗിരിശനുടെ തിരുമിഴികളരുണിതമായതുപൊഴുതു
 ഗിരിമകൾ ഗിരീശമിദമൂചേ"
{പാർവ്വതീദേവി പറഞ്ഞപ്രകാരം ഉറപ്പിച്ച്, പിന്നെ മൃത്യുജ്ഞയനും, ത്രിപുരനാശകനും, ഭക്തജനങ്ങളെ പരിപാലിക്കുന്നവനും, മുക്തിദനും, നല്ലശീലങ്ങളോടുകൂടിയവനുമായ ശ്രീപരമേശ്വരൻ ശ്രീപാർവ്വതിയോടും ഗണപതിമുതലായ പുത്രന്മാരോടുംകൂടി ഏറ്റവും കരുണയോടുകൂടി വലുതും കുറ്റമറ്റതുമായ കാട്ടാളവേഷം ധരിച്ച് പ്രവേശിച്ച സമയത്ത് കാട് എട്ടുദിക്കുകളും നന്നായി ഞെട്ടുന്നതരത്തിലുള്ള കഠിനമായ ശബ്ദത്താൽ മുഖരിതമായി ഭവിച്ചു. കാട്ടിന്നകത്ത് വട്ടത്തിൽ വലകെട്ടിയിട്ട് ശ്രീപരമേശ്വരൻ കൂകിവിളിച്ചുകൊണ്ട് നന്നായി വട്ടംചുറ്റി വളരെ മൃഗങ്ങളെ വേട്ടചെയ്തു. ഈ സമയത്ത് ദുര്യോധനരാജാവിനാൽ അയയ്ക്കപ്പെട്ടവനും പന്നിയുടെരൂപത്തിൽ വന്നവനുമായ മൂകാസുരനും വലയ്ക്കകത്തായി. ശിവന്റെ തൃക്കണ്ണുകൾ ചുവന്ന സമയത്ത് പാർവ്വതി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.}

ദണ്ഡകാന്ത്യത്തിൽ കാട്ടാളസ്ത്രീയോടൊപ്പം തിരപകുതിതാഴ്ത്തുന്ന കാട്ടാളൻ സൃംഗാരഭാവത്തിൽ കാട്ടാളസ്ത്രീയെ ആലിംഗനം ചെയ്തുനിന്നിട്ട് തിരയുയർത്തുന്നു.

കാട്ടാളനും(നെല്ലിയോട് വാസുദേവൻ നമ്പൂതരി) കാട്ടാളസ്ത്രീയും(കലാ:അരുൺ വാര്യർ) ചേർന്നുള്ള നോട്ടം
കാട്ടാളന്റെ തിരനോട്ടം-
കുട്ടിക്കാട്ടാളന്മാരുടെ തിരനോട്ടം-

വീണ്ടും തിരതാഴ്ത്തുമ്പോൾ വലതുവശത്തായി കാട്ടാളനും ഇടത്തുഭാഗത്തായി കാട്ടാളസ്ത്രീയും നിൽക്കുന്നു. ഇരുവരും അന്യോന്യം നോക്കിക്കണ്ട് അത്ഭുതപ്പെടുകയും വേഷമാറ്റത്തെ പ്രശംസിക്കുകയും നേരമ്പോക്കുകൾ പറയുകയും ചെയ്യുന്നു. തുടർന്ന് നായാട്ടിന് ഒരുങ്ങുന്നു. കുട്ടികാട്ടാളന്മാരെ വിളിച്ചുവരുത്തി കാട്ടാളൻ ഓരോരുത്തരുടേയും വേഷവും ആയുധങ്ങളും പരിശോധിക്കുന്നു. കാട്ടാളൻ തന്റെ വില്ലിൽ ഞാൺ മുറുക്കി ഞാണോലിയിട്ട് പരിശോധിക്കുന്നു.
(താളം-പഞ്ചാരി)
കാട്ടാളൻ തന്റെ അമ്പുകളും വാളും രാകി മൂർച്ചകൂട്ടുന്നു.
(താളം-ചെമ്പട)
അനന്തരം എല്ലാവരും ചേർന്ന് മൃഗങ്ങളെ കുടുക്കാനായി വലകെട്ടി ഉറപ്പിക്കുന്നു.
കാട്ടാളൻ:'എല്ലാം തയ്യാറായി. ഇനി വേട്ട തുടങ്ങുകതന്നെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ആയുധധാരികളായി കാട്ടാളനും കുട്ടികാട്ടാളന്മാരും ഒപ്പം കാട്ടാളസ്ത്രീയും പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരനീക്കുമ്പോൾ കാട്ടാളൻ ക്രോധഭാവത്തോടെ വലതുവശത്തായി പീഠത്തിലിരിക്കുന്നു. ഇടതുവശത്ത് നിൽക്കുന്ന കാട്ടാളസ്ത്രീ ഇതുകണ്ട് ശങ്കിച്ചുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:നീലാംബരി, താളം:അടന്ത
കാട്ടാളസ്ത്രീ:
ചരണം1:
"മുല്ലബാണാരേ മമ വല്ലഭ ചൊല്ലുകയ്യോ
 വല്ലാതെ തവ നേത്രങ്ങൾ
 ചൊല്ലാവല്ലാതെ ചുവന്നല്ലോ കാണുന്നു പണ്ടു
 മല്ലീശനെകൊല്ലുന്നാൾ
 അല്ലാതിങ്ങിനെ കണ്ടിട്ടില്ലാ ഞാനതുകൊണ്ടു
 മല്ലാരിപ്രിയ ചൊല്ലുന്നേൻ
 ചൊല്ലേറും പാണ്ഡവനു നല്ലപോലെ വരങ്ങ-
 ളെല്ലാമേ നല്കുകല്ലല്ലീ"
{കാമശത്രുവായ എന്റെ വല്ലഭാ, പറയുക. അയ്യോ! അങ്ങയുടെ കണ്ണുകൾ പറഞ്ഞറിയിക്കാനാവാതത്ര ചുവന്ന് കാണുന്നല്ലോ? പണ്ട് കാമദേവനെ കൊല്ലുന്നനാൾ അല്ലാതെ ഇങ്ങിനെ ഞാൻ കണ്ടിട്ടില്ല. ശ്രീകൃഷ്ണന് പ്രീയപ്പെട്ടവനേ, അതുകൊണ്ട് ഞാൻ പറയുന്നു. പ്രസിദ്ധനായ പാണ്ഡവന് വരങ്ങളെല്ലാംതന്നെ നല്ലതുപോലെ നൽകുകയല്ലേ?}

"മുല്ലബാണാരേ മമ വല്ലഭ" (കാട്ടാളൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കാട്ടാളസ്ത്രീ-കലാ:അരുൺ വാര്യർ)
കാട്ടാളൻ:
ചരണം2:
"ധന്യേ വല്ലഭേ ഗിരികന്യേ നമ്മുടെ വല
 തന്നിൽ വന്നൊരു പന്നിയായ്
 മന്നവൻ പന്നഗദ്ധ്വജൻ തന്നുടെ സഖി മൂക-
 നെന്ന ദുഷ്ടാസുരൻതന്നെ
 കൊന്നുകളവൻ കരിക്കുന്നുപോലുള്ളവനെ
 പിന്നെ വിജയൻതന്നോടും
 നന്നായിക്കലഹിക്കാമെന്നിയേ കോപം പാർത്ഥൻ-
 തന്നോടുമില്ലിന്നെന്നുള്ളിൽ"
{ധന്യേ, വല്ലഭേ, പാർവ്വതീ, ദുര്യോധനരാജാവിന്റെ സുഹൃത്തും, കരിക്കുന്നുപോലെയുള്ള പന്നിയുടെ രൂപത്തിൽ വന്നവനും, ദുഷ്ടനായ അസുരനുമായ മൂകനെ കൊന്നുകളയാം. പിന്നെ അർജ്ജുനനോട് നന്നായി കലഹിക്കാം. അതല്ലാതെ എന്റെ ഉള്ളിൽ പാർത്ഥനോട് കോപമില്ല.}

"മന്നവൻ പന്നഗദ്ധ്വജൻ തന്നുടെ" (കാട്ടാളൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കാട്ടാളസ്ത്രീ-കലാ:അരുൺ വാര്യർ)
കാട്ടാളസ്ത്രീ:
ചരണം3:
"അപ്പോലെ എന്നു ഭവാൻ കല്പിച്ചു പിന്നെ യുദ്ധം
 ഏല്പാനെന്തൊരു സംഗതി
 ചൊൽപ്പൊങ്ങും സുരാരികൾ മുപ്പുരാസുരന്മാരെ
 എൾപ്പൊരിചെയ്തു ദൈവമേ
 നില്പാനാളാമോ ഭവാൻ കെല്പോടെതിർത്താൽ പാർത്ഥൻ
 അല്പമാനുഷനല്ലയോ
 മൽപ്രാണനാഥ പാർത്ഥനിപ്പോഴേ വേണ്ടുംവരം
 എപ്പോരും നൽകുകല്ലല്ലീ"
{പ്രസിദ്ധരായ ദേവശത്രുക്കളായിരുന്ന മുപ്പുരാസുരന്മാരെ ഏളുപ്പത്തിൽ നശിപ്പിച്ച ഭഗവാനേ, അന്നത്തെപ്പോലെ ഇന്ന് ഭവാൻ യുദ്ധത്തിനുറയ്ക്കുവാൻ കാരണം എന്താണ്? ഭവാൻ ശക്തിയായി എതിർത്താൽ പിടിച്ചുനിൽക്കുവാൻ കഴിയുന്നവനാണോ പാർത്ഥൻ? അവൻ വെറുമൊരു മനുഷ്യനല്ലയോ? എന്റെ പ്രാണനാഥാ, പാർത്ഥന് ഇപ്പോഴേ വേണ്ടതായ വരങ്ങളെല്ലാം നൽകുകയല്ലേ?}

"വേണ്ടുംവരം എപ്പോരും നൽകുകല്ലല്ലീ" (കാട്ടാളൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കാട്ടാളസ്ത്രീ-കലാ:അരുൺ വാര്യർ)
കാട്ടാളൻ:
ചരണം4:
"കുന്തീതനയനവൻ വെന്തുപോയെന്നാകിലോ
 ചിന്തിച്ചാലുണ്ടാക്കാമല്ലോ
 ഹന്ത സന്താപമിതു ചിന്തിക്കവേണ്ട ചെറ്റും
 പൂന്തേന്മൊഴിയേ പാർവ്വതി
 അന്തികെ നീയും കൂടെ ചന്തമോടു പോരേണം
 സന്താനവല്ലി ബാലികേ
 സന്തോഷമോടു ചില സാന്ത്വനവാക്കുകൊണ്ടു
 ശാന്തനാക്കുവാനായെന്നെ"
{കുന്തീപുത്രനായ അവൻ വെന്തുപോവുകയാണെങ്കിൽ, വിചാരിച്ചാൽ പുനസൃഷ്ഠിക്കാമല്ലോ. കഷ്ടം! അതുചിന്തിച്ച് ഒട്ടും സങ്കടം വേണ്ട. പൂന്തേൻമൊഴിയേ, പാർവ്വതീ, കല്പവൃക്ഷശാഖയ്ക്ക് സമാനയായവളേ, ബാലികേ, സന്തോഷത്തോടെ ചില സാന്ത്വനവാക്കുകൾ കൊണ്ട് എന്നെ നന്നായി ശാന്തനാക്കുവാനായി നീയും എന്റെ കൂടെ പോരേണം.}

ശേഷം ആട്ടം-
കാട്ടാളൻ:'ഇനി ആ വലിയ പന്നിയുടെ പുറകെ അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്തേയ്ക്ക് പെട്ടന്ന് പോവുകതന്നെ'
(താളം-പഞ്ചാരി)
ആയുധധാരിയായി കാട്ടാളനും ഒപ്പം കാട്ടാളസ്ത്രീയും പഞ്ചാരിമേളത്തിന് ചുവടുകൾ വെച്ചുകൊണ്ട് പിന്നിലേയ്ക്കുനീങ്ങി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)----- 

അഭിപ്രായങ്ങളൊന്നുമില്ല: