2011, നവംബർ 9, ബുധനാഴ്‌ച

കിരാതം ഏട്ടാം രംഗം

രംഗത്ത്-അർജ്ജുനൻ, കാട്ടാളൻ, കാട്ടാളസ്ത്രീ, കുട്ടിക്കാട്ടാളന്മാർ, മൂകാസുരൻ(പ്രാകൃതവേഷം), ശിവൻ(കുട്ടിത്തരം മിനുക്കുവേഷം), പാർവ്വതി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകങ്ങൾ-രാഗം:പന്തുവാരാളി

1.
"ഇത്ഥം വ്യാധാകൃതീശൻ ഗിരിവരതനയാം സാദരം ചൊല്ലുമപ്പോൾ
 ബദ്ധക്രോധേന പന്നിത്തടിയനരിയദുഷ്ടാസുരൻ മൂകവീരൻ
 അത്യുച്ചം നാദമോടും വലയുമറുതിചെയ്താശു ചാടുന്നനേരം
 മൃത്യോർമൃത്യോശ്ശരം കൊണ്ടലറിയുടനടുത്താശു പാർത്ഥന്റെ നേരേ"
{ശ്രീപരമേശ്വരൻ ഇപ്രകാരം ശ്രീപാർവ്വതിയോട് വഴിപോലെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഏറ്റവും ദുഷ്ടനും വീരനും തടിച്ച പന്നിയുടെ രൂപംധരിച്ച് എത്തിയവനുമായ മൂകാസുരൻ വല അറുത്തിട്ട് വലിയശബ്ദത്തോടെ പുറത്തുചാടി. പെട്ടന്ന് കാലകാലനായ ശ്രീപരമേശ്വരൻ എയ്ത ശരമേറ്റ പന്നി അലറിക്കൊണ്ട് ഉടനെ പാർത്ഥന്റെ നേരെ ചെന്നു}
 

2.
"വൃത്രവൈരിജനുമസ്ത്രമൊന്നധിക ബദ്ധസംഭ്രമമയച്ചതും
 പോത്രിവീരനു തറച്ചു വീണവനുമത്ര പാർത്ഥനുടെ സന്നിധൗ
 ചീർത്തകോപമൊടു പാർത്ഥനോടുടനടുത്തു മൃത്യുഹരനെത്രയും
 പത്തുദിക്കടയുമെത്തുമൊച്ചയൊടുമിത്ഥമർജ്ജുനമുവാച സഃ"
{ഇന്ദ്രപുത്രനായ അർജ്ജുനൻ ഏറ്റവും സംഭ്രമപ്പെട്ട് അയച്ച ഒരു അസ്ത്രവും അസുരവീരനു കൊണ്ടു. അവൻ പാർത്ഥന്റെ മുന്നിൽ ചത്തുവീണു. മൃത്യുജയനായ ശിവൻ വർദ്ധിച്ച കോപത്തോടെ പാർത്ഥനെ സമീപിച്ചിട്ട് പത്തുദിക്കുകളും മുഴക്കുമാറുള്ള ശബ്ദത്തിൽ ഇപ്രകാരം അർജ്ജുനനോട് പറഞ്ഞു.}

അർജ്ജുനൻ മുൻരംഗത്തിലേതുപോലെ രംഗമദ്ധ്യത്തിൽ തപസ്സുചെയ്ത് നിൽക്കുന്നു.
(താളം-പഞ്ചാരി)
സദസ്സിനിടയിലൂടെ മൂകാസുരനെ ഓടിച്ചുകൊണ്ട് മുൻപേ കിട്ടിക്കാട്ടാളന്മാരും പിന്നാലെ കാട്ടാളനും കാട്ടാളസ്ത്രീയും രംഗത്തിനുനേരെ വരുന്നു. മൂകാസുരൻ ഓടി രംഗത്തേയ്ക്കുകയറി അർജ്ജുനന്റെ പിന്നിലായി ഒളിച്ചിരിക്കുന്നു. പിന്നാലെ കുട്ടിക്കാട്ടാളന്മാരും കാട്ടാളനും കാട്ടാളസ്ത്രീയും രംഗത്തേയ്ക്ക് കയറുന്നു.
(മേളം നിലയ്ക്കുന്നു)
കാട്ടാളൻ എല്ലാവരോടും നിശബ്ദരായിരിക്കുവാൻ പറഞ്ഞിട്ട് അസ്ത്രമെയ്യുവാനായി പന്നിയെ ഉന്നം പിടിക്കുന്നു.
(നാലാമിരട്ടിമേളം)
കാട്ടാളൻ പന്നിയുടെ നേരെ അസ്ത്രമെയ്യുന്നു. തപസ്സിൽ നിന്നും വിരമിച്ച അജ്ജുനനും ഒപ്പംതന്നെ പന്നിയുടെ നേരെ ശരം തൊടുക്കുന്നു.
(താളം-ചെമ്പട)
ഇരുശരങ്ങളും ഏറ്റ് മൂകാസുരൻ മരിച്ചുവീഴുന്നു. കുട്ടികാട്ടാളന്മാർ മൂകാസുരനെ ഏടുത്തുകൊണ്ട് പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. കാട്ടാളൻ പെട്ടന്ന് ക്രുദ്ധനായി അർജ്ജുനന്റെ നേരെ ചെല്ലുന്നു. ഇരുവരും വില്ലുകൾകൊണ്ട് പൊരുതുകയും തിരക്കുകയും ചെയ്യുന്നു.
കാട്ടാളൻ:'ഏടാ, ഞാനല്ലെ പന്നിയെ ആദ്യമെയ്തത്? കൂടെ വന്ന് എയ്തത് ഉചിതമോ? നോക്കിക്കോ'
നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് കാട്ടാളൻ പദാഭിനയം ആരംഭിക്കുന്നു.

യുദ്ധപ്പദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
കാട്ടാളൻ:
പല്ലവി:
"പോടാ നീയാരെടാ മൂഢ ഞാനെയ്ത കിടിയെക്കൂടെ വന്നെയ്തിടാമോടാ"
അനുപല്ലവി:
"പാടവമേറുമെങ്കിൽ പേടികൂടാതെന്നൊടു ഝടിതി
 ചാടുപോർ തുടരുകയല്ലീ കടുത വല്ലടവുമോടിയൊളിക്ക"
("പോടാ നീയാരെടാ മൂഢ ഞാനെയ്ത കിടിയെക്കൂടെ വന്നെയ്തിടാമോടാ")
{പോടാ, നീ ആരെടാ? എടാ മൂഢാ, ഞാൻ എയ്ത പന്നിയെ കൂടെവന്ന് എയ്തിടാമോ? സാമർത്ഥ്യം കൂടുമെങ്കിൽ പേടികൂടാതെ പെട്ടന്ന് എന്നോട് നന്നായി യുദ്ധം തുടരുക. സഹിക്കാനാകുന്നില്ലെങ്കിൽ വല്ലയിടവും ഓടിയൊളിക്കുക.}

അർജ്ജുനൻ:
പല്ലവി:
"ദുഷ്ടാ കാട്ടാള വന്നെന്നെ തൊട്ടതിനാലേ നഷ്ടമാക്കുവൻ നിന്നെ ഞാൻ"
അനുപല്ലവി:
"എട്ടുദിക്കിലും പുകൾപെട്ടോരജ്ജുനനഹം
 വിഷ്ടപൈകഗുരുമട്ടലരമ്പനെ നഷ്ടമാക്കിയ പുരാനുടെ ഭജനേ"
("ദുഷ്ടാ കാട്ടാള വന്നെന്നെ തൊട്ടതിനാലേ നഷ്ടമാക്കുവൻ നിന്നെ ഞാൻ")
{ദുഷ്ടാ, കാട്ടാളാ, എന്നെ വന്ന് തൊട്ടതിനാൽ നിന്നെ ഇല്ലാതെയാക്കുന്നുണ്ട് ഞാൻ. എട്ടുദിക്കുകളിലുംപേരുകേട്ട അർജ്ജുനനായ ഞാൻ കാമദേവനെ നശിപ്പിച്ചവനായ ശിവന്റെ ഭജനത്തിലാണ്.}

"ദുഷ്ടാ കാട്ടാള വന്നെന്നെ"
കാട്ടാളൻ:
ചരണം1:
"കേട്ടിട്ടുള്ള കാട്ടാളൻ ഞാൻ സ്പഷ്ടമേ നിങ്ങടെ
 ചിട്ടവട്ടങ്ങളൈവരും
 കൂട്ടമേ നിങ്ങൾ പുലയാട്ടുള്ളവരല്ലയോ^
 ശിഷ്ടകാമനുടെ നഷ്ടദനധികം
 ഇഷ്ടസേവകനുമൊട്ടുമില്ലകുറ"
("പോടാ നീയാരെടാ മൂഢ ഞാനെയ്ത കിടിയെക്കൂടെ വന്നെയ്തിടാമോടാ")
{നിങ്ങളുടെ ചിട്ടവട്ടങ്ങളെ വ്യക്തമായി കേട്ടിട്ടുള്ളവനാണ് കാട്ടാളനായ ഞാൻ. അഞ്ചുപേരും ഒരുമിച്ച് ഒരുവളെ വെച്ചുകൊണ്ടിരിക്കുന്നവരല്ലേ? ഏറ്റവും നശിച്ചവനാണ് ശിവൻ. അവന്റെ ഇഷ്ടസേവകനും ഒട്ടും കുറവില്ല.}

[
^"പുലയാട്ടുള്ളവരല്ലയോ" എന്നാടുന്നതോടുകൂടി അർജ്ജുനൻ ഏറ്റവും ക്രുദ്ധനായി കാട്ടാളനുനേരെ ചെല്ലുകയും വില്ലുകൊണ്ട് പ്രഹരിക്കുകയും ചെയ്യുന്നു. തുടർന്ന് ഇരുവരും വില്ലുകൾകൊണ്ട് അടിച്ച് പൊരുതുന്നു. പെട്ടന്ന് കാട്ടാളസ്ത്രീ കാട്ടാളനെ പിടിച്ച് വലതുഭാഗത്തേയ്ക്ക് നീക്കിനിർത്തി സമാധാനപ്പെടുത്തുന്നു. അനന്തരം കാട്ടാളൻ പദാഭിനയം തുടരുന്നു.]
"കൂട്ടമേ നിങ്ങൾ പുലയാട്ടുള്ളവരല്ലയോ" (കാട്ടാളൻ-വാഴേങ്കിട വിജയൻ, അർജ്ജുനൻ-കലാ:എം.പി.എസ്സ്.നമ്പൂതിരി)
അർജ്ജുനൻ:
ചരണം2:
"മൃത്യുവന്നെത്തുകയാലേ മൃത്യുഞ്ജയനെ
 അത്ര നിന്ദിച്ച നിന്നുടെ
 മസ്തകമസ്ത്രമെയ്തറുത്തെറിഞ്ഞീടുവൻ ഞാൻ
 ഉത്തമോത്തമൻ കൃഷ്ണനെന്റെ സഖി
 നിത്യപുരുഷനുടെ പത്തുകളാണെ"
("ദുഷ്ടാ കാട്ടാള വന്നെന്നെ തൊട്ടതിനാലേ നഷ്ടമാക്കുവൻ നിന്നെ ഞാൻ")
{മരണം വന്നെത്തുകയാൽ മൃത്യുഞ്ജയനായ ശിവനെ ഏറ്റവും നിന്ദിച്ച നിന്റെ തല അസ്ത്രമെയ്ത് അറുത്തെറിയുന്നുണ്ട് ഞാൻ. ഉത്തമന്മാരിൽ ഉത്തമനും, നിത്യപുരുഷനും, എന്റെ സുഹൃത്തുമായ ശ്രീകൃഷ്ണന്റെ പാദങ്ങളാണെ സത്യം.}

കാട്ടാളൻ:
ചരണം3:
"കള്ളകൃഷ്ണനെന്നുള്ളവൻ കൊള്ളാം ചങ്ങാതി
 ഭള്ളിൽ കുറവുള്ളോനല്ലേ
 വെള്ളയിൽ നിങ്ങൾക്കുള്ള ദൈവമേതെന്നുള്ളതും
 വിള്ളുതിന്നു മുതുവെള്ളരുതേറിയ
 വെള്ളിമലയനെന്നുണ്ടൊരു കള്ളൻ"
("പോടാ നീയാരെടാ മൂഢ ഞാനെയ്ത കിടിയെക്കൂടെ വന്നെയ്തിടാമോടാ")
{കൊള്ളാം! ചങ്ങാതിയായ കള്ളകൃഷ്ണനെന്നുള്ളവൻ ചതിയിൽ കുറവുള്ളവനല്ലേ? നിങ്ങൾ മനസ്സിൽ കരുതുന്ന ദൈവവും കൊള്ളാം. വിഷം തിന്നിട്ട് മുതുക്കൻകാളപ്പുറത്തേറി വെള്ളിമലയിൽ താമസിക്കുന്നവനായ ഒരു കള്ളൻ.}

"നിങ്ങൾക്കുള്ള ദൈവമേതെന്നുള്ളതും" (കാട്ടാളസ്ത്രീ-കലാ:ചെമ്പക്കര വിജയൻ, കാട്ടാളൻ-കലാ:ഷണ്മുഖൻ, അർജ്ജുനൻ-കലാനി:വിനോദ്)
ശേഷം യുദ്ധവട്ടം-
കാട്ടാളനും അർജ്ജുനനും പരസ്പരം അസ്ത്രങ്ങളയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധം മുറുകുമ്പോൾ കാട്ടാളസ്ത്രി ഓടിവന്ന് ഇടയിൽ ചാടിവീണ് കാട്ടാളനെ വലത്തുഭാഗത്തേയ്ക്ക് കൂട്ടിക്കൊണ്ടുവരുന്നു. കാട്ടാളൻ യുദ്ധം നിർത്തി വലതുവശത്തേയ്ക്കുവന്ന് പീഠത്തിൽ ഇരിക്കുന്നു. കാട്ടാളസ്ത്രി പദം അഭിനയിക്കുന്നു.

പദം-രാഗം:മദ്ധ്യമാവതി, താളം:അടന്ത
കാട്ടാളസ്ത്രി:
ചരണം1:
"അന്തകാന്തക പോരും പൊരുതതു
 കുന്തീപുത്രനോടെന്തിപ്പോൾ
 ഹന്ത മുൻപരുൾചെയ്തപോലല്ലിപ്പോൾ
 ചെന്തീക്കണ്ണു പുകയുന്നു"
{കാലകാലനായ ഭഗവാനേ, കുന്തീപുത്രനോട് പൊരുതിയത് മതി. ഹോ! മുൻപ് പറഞ്ഞതുപോലെ അല്ലാതെ ഇപ്പോൾ ചെന്തീക്കണ്ണ് പുകയുന്നത് എന്തേ?}

കാട്ടാളൻ:
ചരണം2:
"ഗോത്രജേ എന്റെ ഗാത്രമശേഷവും
 കൂർത്തുമൂർത്ത ശരങ്ങളാൽ
 പാർത്തുകാൺക മുറിച്ചൊരു പാർത്ഥന്റെ
 മൂർത്തി ഞാൻ തകർത്തീടുവൻ"
{പർവ്വതരാജപുത്രി, എന്റെ ശരിരമശേഷവും കൂർത്തുമൂർത്ത ശരങ്ങളാൽ മുറിച്ചത് നോക്കികാണുക. പാർത്ഥന്റെ ശരീരം ഞാൻ തകർക്കുന്നുണ്ട്.}

"മുറിച്ചൊരു പാർത്ഥന്റെ മൂർത്തി" (കാട്ടാളസ്ത്രീ-മാർഗ്ഗി വിജയകുമാർ, കാട്ടാളൻ-കലാ:രാമൻകുട്ടി നായർ)
കാട്ടാളന്റെ ദേഹത്തിലെ മുറിവുകൾ കണ്ട് കാട്ടളസ്ത്രി എല്ലായിടവും തടവി ശുശ്രൂഷിക്കുന്നു. അതോടെ കാട്ടാളൻ മുറിവെല്ലാം മാറി സുഖമായത്തായി നടിക്കുന്നു. അർജ്ജുനൻ കാട്ടാളനെ വീണ്ടും യുദ്ധത്തിനായി വിളിക്കുന്നു.
കാട്ടാളൻ:(പത്നിയോടായി)'ഇവന്റെ ഉള്ളിലാണ്ട അഹങ്കാരം കണ്ടില്ലെ? കുറച്ചുകൂടി യുദ്ധംചെയ്ത് ഞാൻ ഇവന്റെ അഹങ്കാരത്തെ നശിപ്പിക്കട്ടെ. ഭവതി ഇവിടെ നിൽക്കു.'
വീണ്ടും കാട്ടാളനും അർജ്ജുനനും അസ്ത്രങ്ങളയച്ച് യുദ്ധത്തിലേർപ്പെടുന്നു. യുദ്ധം മുറുകവെ കാട്ടാളസ്ത്രി വിണ്ടും ഇടയിൽ വന്ന് തടഞ്ഞ്, കാട്ടാളനെ അകറ്റി വലതുഭാഗത്തേയ്ക്ക് മാറ്റിയിട്ട് അർജ്ജുനനോടായി പദം അഭിനയിക്കുന്നു.

കാട്ടാളസ്ത്രീ:
ചരണം3:
"പൊട്ട ഫൽഗുന കാട്ടാളനല്ലിവൻ
 മട്ടലർബാണദേവനെ-
 ചുട്ടുപൊട്ടിച്ചവനെ നീയമ്പെയ്തു
 പൊട്ടിച്ചാൽ നീയും നഷ്ടമാം"
{പൊട്ട, അർജ്ജുജാ, കാട്ടാളനല്ല ഇവൻ. കാമദേവനെ ചുട്ടുപൊട്ടിച്ചവനെ നീ അമ്പെയ്ത് പൊട്ടിച്ചാൽ നീയും ഇല്ലാതെയാകും.}

യുദ്ധം മുറുകവെ കാട്ടാളസ്ത്രി വിണ്ടും ഇടയിൽ വന്ന് തടയുന്നു
അഞ്ജുനൻ:
ചരണം4:
"വേടനാരീ നീ പോടി മഹാമൂഢേ
 പേടികൂടാതെ പോരിടെ
 ചാടിവന്നീടുകിലെയ്തു വശം-
 കേടുത്തീടുവൻ പാരം നിന്നുടൽ"
{കാട്ടാളത്തീ, മഹാമൂഢേ, നീ പോടീ. പേടിയില്ലാതെ യുദ്ധത്തിനിടയിൽ ചടിവരുകയാണെങ്കിൽ അസ്ത്രങ്ങളെയ്ത് നിന്റെ ശരീരം ഏറ്റവും വശംകെടുത്തും.}

കാട്ടാളസ്ത്രീയുടെ നേരെ കയർക്കുന്ന അർജ്ജുനനെ കാട്ടാളൻ വന്ന് നേരിടുന്നു. അസ്ത്രങ്ങൾ ഉതിർത്തുകൊണ്ട് ഇരുവരും വീണ്ടും യുദ്ധം ചെയ്യുന്നു. യുദ്ധം മുറുകുമ്പോൾ കാട്ടാളസ്ത്രീ വീണ്ടും ഇടയിൽ വന്ന് തടുത്ത് കാട്ടാളനെ അകറ്റിനിർത്തിയിട്ട് അർജ്ജുനനോടായി പദം അഭിനയിക്കുന്നു.

കാട്ടാളസ്ത്രീ:
ചരണം5:
"മാനവസവ്യസാചി ഞാൻ ചൊന്നതു
 മാനിയാതെ തെളിഞ്ഞു നീ
 നൂനമെയ്യുന്ന ബാണങ്ങളൊക്കെയും
 സൂനമായ്പ്പോക പാണ്ഡവ"
{മനുഷ്യാ, അർജ്ജുനാ, പാണ്ഡവാ, ഞാൻ പറഞ്ഞതൊന്നും മാനിക്കാതെ സന്തോഷച്ച് നീ എയ്യുന്ന ബാണങ്ങളൊക്കെയും തീർച്ചയായും പൂവുകളായിപ്പോകട്ടെ.}

ചരണം കലാശിക്കുന്നതിനൊപ്പം കാട്ടാളസ്ത്രീ അർജ്ജുനനെ ശപിക്കുന്നു. തുടർന്ന് അർജ്ജുനൻ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ കാട്ടാളനുനേരെ അസ്ത്രങ്ങൾ എയ്യുന്നു. ഗായകർ ശോകം ആലപിക്കുന്നു.

"മാനിയാതെ തെളിഞ്ഞു നീ" (കാട്ടാളൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കാട്ടാളസ്ത്രീ-കലാ:അരുൺ വാര്യർ, അർജ്ജുനൻ-കലാ:ബാലസുബ്രഹ്മണ്യൻ)
ശ്ലോകം-
"ഏവം ഭവാനിയരുൾചെയ്തതു മാനിയാതെ
 പൂവമ്പുകൊണ്ടു പുരവൈരിയെ മൂടി പാർത്ഥൻ
 താവദ് ഗിരീന്ദ്രതനയാ ശബരാംഗനാ സ്മ
 ശാപം കരോതി സുരനാഥതനൂജമേവം"
{ഇപ്രകാരം പാർവ്വതി അരുൾചെയ്തത് മാനിക്കാതെ അർജ്ജുനൻ പൂവമ്പുകൾകൊണ്ട് ശിവനെ മൂടി. അപ്പോൾ കാട്ടാളസ്ത്രീയുടെ രൂപം ധരിച്ചവളായ ശ്രീപാർവ്വതീദേവി ഇന്ദ്രപുത്രന് ഇപ്രകാരം ശാപം നൽകി.}

താൻ എയ്യുന്ന അസ്ത്രങ്ങളൊക്കെയും പുഷ്പങ്ങളായിമാറി കാട്ടാളന്റെ ശരീരത്തിൽ പതിക്കുന്നതുകണ്ട് അർജ്ജുനൻ അത്ഭുതപ്പെടുന്നു. കാട്ടാളസ്ത്രീ പദാഭിനയം തുടരുന്നു.

കാട്ടാളസ്ത്രീ:
ചരണം6:
"വൃത്രനാശനപുത്ര ഞാൻ ചൊന്നതു-
 മത്ര നീ കേൾക്കയില്ലെങ്കിൽ
 അത്ര സാമർത്ഥ്യമുള്ള നിൻ തൂണിയിൽ
 അസ്ത്രമില്ലാതെപോകട്ടെ"
{ഇന്ദ്രപുത്രാ, ഞാൻ പറഞ്ഞത് ഇവിടെ നീ അനുസരിക്കുകയില്ലെങ്കിൽ ഏറെ സാമർത്ഥ്യമുള്ള നിന്റെ ആവനാഴിയിൽ അസ്ത്രമില്ലാതെ പോകട്ടെ.}

പദം കലാശിക്കുന്നതിനൊപ്പം കാട്ടാളസ്ത്രീ അർജ്ജുനനെ ശപിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

"അസ്ത്രമില്ലാതെപോകട്ടെ" (കാട്ടാളസ്ത്രീ-കോട്ട:ശിവരാമൻ, അർജ്ജുനൻ-കലാ:ഗോപി)
ശ്ലോകം^-
"ചൊല്ലെഴും വിജയനാവനാഴിയതിലില്ലയാഞ്ഞു ശരമപ്പൊഴേ
 വില്ലെടുത്തു ചില തല്ലുകൂടി ബത മുല്ലബാണഹരിമൂർദ്ധനി
 തല്ലുകൊണ്ടു സുരഗംഗ പാർത്ഥനുടെ വില്ലുമങ്ങഥ പറിച്ചഹോ
 അല്ലൽപൂണ്ടു സകലേശ്വരം തമിതി ചൊല്ലിനാൻ സുരവരാത്മജൻ"
{ഹോ! അർജ്ജുനൻ പേരുകേട്ട ആവനാഴിയിൽ ശരം ഇല്ലെന്നുകണ്ട് ഉടനെ വില്ലെടുത്ത് ശിവന്റെ ശിരസിൽ അടിച്ചു. ഹോ! തല്ലുകൊണ്ട് ദേവഗംഗ പാർത്ഥന്റെ വില്ലും പറിച്ചെടുത്തു. ദുഃഖിതനായ അർജ്ജുനൻ സകലേശ്വരനെത്തന്നെ പ്രാർത്ഥിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.}

[
^ശ്ലോകം ആരംഭിക്കുന്നതോടെ എയ്യുവാനായി ആവനാഴിയിൽ അസ്ത്രങ്ങൾ അവശേഷിക്കുന്നില്ല എന്നുകണ്ട് അർജ്ജുനൻ അത്ഭുതപ്പെടുന്നു. പെട്ടന്ന് കോപത്തോടെ കാട്ടാളനുനേരെ ചെല്ലുന്ന അർജ്ജുനൻ 'തല്ലുകൂടി' എന്ന് ആലപിക്കുന്നതിനൊപ്പം വില്ലുകൊണ്ട് കാട്ടാളന്റെ തലയിൽ പ്രഹരിക്കുന്നു. പെട്ടന്ന് അർജ്ജുനന് വില്ലും നഷ്ടമാകുന്നു. ഗത്യന്തരമില്ലാതെയായ അർജ്ജുനൻ കാട്ടളനെ മുഷ്ടിയുദ്ധത്തിനു് വിളിക്കുന്നു.]
"വില്ലെടുത്തു ചില തല്ലുകൂടി" (കാട്ടാളൻ-കലാ:രാമൻകുട്ടി നായർ, അർജ്ജുനൻ-കലാ:ഗോപി)
ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ കാട്ടാളനും അർജ്ജുനനുമായി മുഷ്ടിയുദ്ധം ആരംഭിക്കുന്നു. കാട്ടാളസ്ത്രീ നിഷ്ക്രമിക്കുന്നു. കാട്ടാളൻ അർജ്ജുനനെ പിടിച്ചുചുഴറ്റി ആദ്യം ഇടതുഭാഗത്തേയ്ക്കും പിന്നീട് വലതുഭാഗത്തേയ്ക്കും എറിയുന്നു. കറങ്ങി നിലമ്പതിക്കുന്ന അർജ്ജുനൻ എഴുന്നേറ്റുവന്ന് വീണ്ടും കാട്ടാളനെ നേരിടുന്നു. മൂന്നാമതും കാട്ടാളനാൽ ചുഴറ്റി എറിയപ്പെടുന്ന അർജ്ജുനൻ കറങ്ങി മോഹാലസ്യപ്പെട്ട് ഇടതുഭാഗത്തായി വീഴുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-
"രുഷ്ടോസൗ ബത കാട്ടാളനും വിജയനും മുഷ്ടിപ്രഹാരങ്ങളാൽ
 ചട്ടറ്റൊരു മഹാരണേ വിജയനെപ്പെട്ടെന്നു കാട്ടാളനും
 ധൃഷ്ടാത്മാ പിടിപെട്ടടിച്ചു തരസാ നിശ്ചേഷ്ടനാക്കിത്തദാ
 കഷ്ടം മട്ടലർബാണവൈരി ഭഗവാൻ മേല്പോട്ടെറിഞ്ഞീടിനാൻ"
{ഹോ! കോപത്തോടെ മുഷ്ടികളാൽ പ്രഹരിച്ചുകൊണ്ട് കാട്ടാളനും അർജ്ജുനനും ഏറ്റുമുട്ടി. കഷ്ടം! കുറ്റമറ്റതായ മഹായുദ്ധത്തിൽ കാട്ടാളവേഷധാരിയും കാമവൈരിയുമായ ഭഗവാൻ പെട്ടന്ന് ധൈര്യശാലിയായ അജ്ജുനനെ പിടിച്ചടിച്ച് നിശ്ചേഷ്ടനാക്കിയിട്ട് ഇപ്രകാരം മേൽപ്പോട്ടെഞ്ഞു.}

ശ്ലോകം കൊട്ടിക്കലാശിക്കുന്നതോടെ കാട്ടാളൻ കാട്ടാളസ്ത്രീയെ വിളിക്കുന്നു. കാട്ടാളസ്ത്രീ വലത്തുഭാഗത്തുകൂടി പ്രവേശിക്കുന്നു.
കാട്ടാളസ്ത്രീ:(ചുറ്റും നോക്കിയിട്ട്)'അർജ്ജുനൻ എവിടെ?'
കാട്ടാളൻ:'ആ? അറിയില്ല'
കാട്ടാളസ്ത്രീ:(പരിഭ്രമത്തോടെ)'ഏ! അറിയില്ലെ? എവിടെ യുദ്ധത്തിൽ എന്തു സംഭവിച്ചു?'
കാട്ടാളൻ:'ഞാൻ അവനെ പൊക്കിയെടുത്ത് കറക്കിയെറിഞ്ഞു. അവൻ മലകൾക്കപ്പുറുത്ത് പോയി വീണു.'
കാട്ടാളസ്ത്രീ:'ഹോ! കഷ്ടം! എന്നാൽ വേഗം അവനെ തിരഞ്ഞു കണ്ടുപിടിച്ച് അനുഗ്രഹിക്കുകയല്ലെ?'
കാട്ടാളൻ:'അങ്ങിനെ തന്നെ'
കാട്ടാളനും കാട്ടാളസ്ത്രീയും തിരഞ്ഞ് കണ്ടെത്തി അർജ്ജുനന്റെ സമീപം എത്തുന്നു. അർജ്ജുനന് അനക്കമില്ലെന്നുകണ്ട് കാട്ടാളസ്ത്രീ പരിഭ്രമിക്കുന്നു.
കാട്ടാളൻ:(അർജ്ജുനനെ പരിശോധിച്ചിട്ട്)'മരിച്ചിട്ടില്ല. ചെറുതായി ശ്വാസം വലിക്കുന്നുണ്ട്. ഉം, ഇവന്റെ ഉള്ളിലെ അഹങ്കാരം എല്ലാം ശമിച്ചിരിക്കുന്നു.'
കാട്ടാളസ്ത്രീ:'എന്നാൽ വേഗം ഇവനെ ക്ഷീണംതീർത്ത് അനുഗ്രഹിച്ചാലും'
അർജ്ജുനന്റെ ദേഹത്തിൽ ഉഴിഞ്ഞ് ദോഷങ്ങളെല്ലാം തീർത്ത് അനുഗ്രഹിക്കുന്നു.
(താളം-പഞ്ചാരി)
കാട്ടാളൻ കാട്ടാളസ്ത്രീയുടെ കൈകോർത്തുപിടിച്ചുകൊണ്ട് നൃത്തചുവടുകളോടെ സാവധാനം വലത്തുവശത്തേയ്ക്കു നീങ്ങി, വലതുവശത്ത് പിന്നിലായി പിടിച്ചിരിക്കുന്ന തിരശ്ശീലയ്ക്കുള്ളിലേയ്ക്ക് മറയുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:മോഹനം
"ഭൂമൗ തൽപുഷ്പതല്പേ വിജയനഥ പതിച്ചാകുലപ്പെട്ടു പാരം
 പൂമെയ് കൈകാൽതളർന്നങ്ങധികവിവശനായ് വീണുകേണോരു പാർത്ഥൻ
 സോമാപീഡം ശിവം തം സവിധഭുവി വരം മൃത്തുകൊണ്ടേ ചമച്ചു
 ശ്രീമാനർച്ചിച്ച പുഷ്പം സകലമഥ കിരാന്മൗലിയിൽ കണ്ടു ചൊന്നാൻ"
{അർജ്ജുനൻ ഭൂമിയിൽ ആ പൂക്കളുടെ മെത്തയിൽ  ചെന്നുവീണിട്ട്, കൈകാലുകളും ശരീരവും മുഴുവൻ തളർന്ന് വളരെ ക്ഷീണിതനായി കിടന്നുകൊണ്ടു കരഞ്ഞു. പിന്നെ  ചന്ദ്രചൂഡനായ ആ ശിവനെ തന്റെയടുത്ത് മണ്ണുകൊണ്ടുണ്ടാക്കി. അർജ്ജുനൻ അവിടെ അർച്ചിച്ച പൂക്കൾ മുഴുവൻ കിരാതന്റെ ശിരസ്സിൽ കണ്ടുകൊണ്ട്, ഇങ്ങിനെ പറഞ്ഞു. }

ശ്ലോകം ആരംഭിക്കുന്നതോടെ മോഹാസല്യംവിട്ട് ഉണരുന്ന അർജ്ജുനൻ എഴുന്നേറ്റിരുന്ന് മണ്ണുകൊണ്ട് ശിവലിഗം നിർമ്മിച്ച് അതിലേയ്ക്ക് പൂക്കളെടുത്ത് അർച്ചിക്കുന്നു. താൻ അർച്ചിച്ച പൂക്കൾ കാട്ടാളന്റെ ശിരസ്സിൽ പതിക്കുന്നതുകണ്ട് അർജ്ജുനൻ അത്ഭുതപ്പെടുകയും ശങ്കിക്കുകയും ചെയ്യുന്നു. അനന്തരം അർജ്ജുനൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു. പദത്തിൽ കേശാദിപാദം വർണ്ണിക്കുന്നതിനനുസ്സരിച്ച് തിരതാഴ്ത്തുമ്പോൾ പീഠങ്ങളിൽ ഇരിക്കുന്ന ശിവപാർവ്വതിമാർ ദൃശ്യരാകുന്നു.

അർജ്ജുനന്റെ പദം-രാഗം:മോഹനം, താളം:ചെമ്പട
പല്ലവി:
"മന്മഥനാശന മമ കർമ്മമേവമോ
 ജന്മമൊടുങ്ങുവാൻ വരം കല്മഷാരേ തരേണമേ"
ചരണം1:
"ദേവദേവ തവ പാദേ ആവോളം ഞാനർച്ചിച്ചൊരു
 പൂവുകൾ കാണുന്നിതല്ലോ കേവലം കാട്ടാളമൗലൗ
 അന്തകാരിഭഗവാന്താനെന്തിതെന്നെചതിക്കയോ
 വെൺതിങ്കൾതെല്ലിതാ കണ്ടേൻ ഹന്ത വേടൻതൻ തലയിൽ"
ചരണം2:
"സാരസേഷുചാപവന്ദ്യ ചാരുചില്ലീയുഗങ്ങളും
 സുരസോമാക്ഷികൾ രണ്ടും പാരെഴും നാസിക കണ്ടേൻ
 കുണ്ഡലികൾകൊണ്ടുള്ളൊരു കുണ്ഡലങ്ങൾ മൃദുഹാസം
 തുണ്ഡപുണ്ഡരീകം കാളകണ്ഠവും ഞാൻ കണ്ടേൻ സ്വാമിൻ"
ചരണം3:
"അസ്ഥിമാല കപാലങ്ങൾ ഹസ്തപങ്കജങ്ങൾ നാലും
 വിസ്തൃതമാം തിരുമാറും നേർത്തോരുദരവും കണ്ടെൻ
 വൻപുലിത്തോലുടയാട പാമ്പു കാഞ്ചീഹാരങ്ങളും
 ചെമ്പൊൽത്താരടിയിണയും മുൻപിലൻപോടു കണ്ടേൻ ഞാൻ"
ചരണം4:
"സർവ്വലോകേശ്വരി മായാ പാർവ്വതിയോ വേടനാരീ-
 ഭാവമായ് കണ്ടതയ്യോ ജീവിച്ചതും പോരും മമ
 കർമ്മണാ മനസാ വാചാ ദുർമ്മതി ഞാൻ ചെയ്തതെല്ലാം
 ബ്രഹ്മമേ പൊറുത്തെന്നുടെ ജന്മമുക്തി വരുത്തണം"
{കാമനാശനാ, എന്റെ കർമ്മം ഇപ്രകാരമോ? പാപനാശനാ, ജന്മം ഒടുങ്ങുവാൻ വരം തരേണമേ. ദേവദേവ, അങ്ങയുടെ പാദത്തിൽ ഞാൻ വേണ്ടുവോളം അർച്ചിച്ച പൂവുകൾ വെറുമൊരു കാട്ടാളന്റെ ശിരസ്സിൽ കാണുന്നുവല്ലോ? അന്തകശത്രുവായ ഭഗവാൻ എന്തേ എന്നെ ഇങ്ങിനെ ചതിക്കുകയാണോ? ഹോ! ശോഭിക്കുന്നതായ ചന്ദ്രക്കല ഇതാ വേടന്റെ തലയിൽ കാണുന്നു. കാമന്റെ വില്ലിനെവെല്ലുന്നത്ര മനോഹരമായ പുരികകൊടികളും, സൂര്യചന്ദ്രനേത്രങ്ങൾ രണ്ടും, ഏറ്റവും ഉയർന്നുനിൽക്കുന്നതായ മൂക്കും കാണുന്നു. സ്വാമിൻ, പാമ്പുകൾ കൊണ്ടുള്ള കുണ്ഡലങ്ങളും, പുഞ്ചിരിക്കുന്നതായ മുഖത്താമരയും, നീലകണ്ഠവും ഞാൻ കാണുന്നു. അസ്ഥിമാലകളും, തലയോട്ടിമാലകളും, നാലുകൈത്താമരകളും, വിസ്തൃതമായ തിരുമാറും, നേർത്ത വയറും കാണുന്നു. പുലിത്തോലുടയാടയും, പാമ്പുകളാലുള്ള അരഞ്ഞാണവും മാലകളും, ഭംഗിയുള്ള തൃപ്പാദങ്ങളും ഞാൻ പെട്ടന്ന് മുന്നിൽ കാണുന്നു. സർവ്വലോകത്തിനും ഈശ്വരിയായ മായാഭഗവതിയെയാണോ കാട്ടാളസ്ത്രീയുടെ ഭാഗത്തിൽ കണ്ടത്? അയ്യോ! എനിക്ക് ജീവിച്ചതുമതി. പരബ്രഹ്മമേ, ദുർമ്മനസ്സായ ഞാൻ കർമ്മംകൊണ്ടും മനസ്സുകൊണ്ടും വാക്കുകൾകൊണ്ടും ചെയ്തതെല്ലാം പൊറുത്ത് എന്റെ ജന്മത്തിന് മുക്തി വരുത്തേണമേ.}

"ബ്രഹ്മമേ പൊറുത്തെന്നുടെ ജന്മമുക്തി വരുത്തണം" (ശിവൻ-ഫാക്റ്റ് ബിജു ഭാസ്ക്കർ, പാർവ്വതി-ആർ.എൽ.വി:പ്രമോദ്, അർജ്ജുനൻ-കലാ:ശ്രീകുമാർ)
അർജ്ജുനൻ ശിവപാർവ്വതിമാരുടെ മുന്നിൽ വീണുനമസ്ക്കരിക്കുന്നു. അർജ്ജുനനെ അനുഗ്രഹിച്ച് പിടിച്ചെഴുന്നേൽപ്പിച്ചശേഷം പകുതിതാഴ്ത്തിയ തിരശ്ശീലയ്ക്കുള്ളിൽത്തന്നെ ഇരുന്നുകൊണ്ട് ശിവൻ ശ്ലോകങ്ങൾ അഭിനയിക്കുന്നു.

ശ്ലോകങ്ങൾ-രാഗം:ഇന്ദളം
ശിവൻ:
1.
"ഉത്തിഷ്ഠ തിഷ്ഠ സുകുമാരകളേബരാ നീ-
 യത്തല്പെടായ്ക കുരുവീരകുലപ്രവീര
 അത്യർത്ഥമിന്നു തവ ബാഹുബലങ്ങൾ കാണ്മാൻ
 ചിത്തേ നിനച്ചു പുനരിത്തൊഴിലിന്നുകാട്ടി"
{സുന്ദരശരീരാ, ശ്രേഷ്ഠാ, എഴുന്നേൽക്കുക. കുരുകുലവീരന്മാരിൽ ഏറ്റവും വീരനായുള്ളവനേ, നീ ദുഃഖിക്കരുത്. ഇപ്രകാരം നിന്റെ കരബലം കാണണമെന്ന് മനസ്സിൽ വിചാരിച്ചു. അതിനായാണ് ഇന്ന് ഈ പ്രവർത്തി ചെയ്തത്.}

2.
"തെറ്റെന്നു നിന്നോടു കയർത്തു ഞാനു-
 മൂറ്റങ്ങളെല്ലാം പരിചോടറിഞ്ഞു
 ഏറ്റം പ്രസാദം തവ തല്ലുകൊണ്ടും
 മാറ്റീടുവൻ ഞാനിഹ ലോകദുഃഖം"
{നിന്നോട് ശക്തിയായി കയർത്ത് ഞാൻ നിന്റെ ശക്തിയെല്ലാം നന്നായി അറിഞ്ഞു. നിന്റെ തല്ലൽ കൊണ്ടും ഏറ്റവും സന്തോഷം. ഞാൻ ഇവിടെ ലോകദുഃഖത്തെ മാറ്റുന്നുണ്ട്.}

 അർജ്ജുനൻ:
3.
"ഹരഹര ശിവ ശംഭോ ശങ്കരാ വിശ്വമൂർത്തേ
 ശിവശിവ ശരണം ത്വം ശൈശവം മേ ക്ഷമസ്വ
 ഹിമഗിരിസുതയെന്നും ഞാനറിഞ്ഞീല ദേവീ
 മമകൃതമപരാധം സർവ്വമേതൽ ക്ഷമസ്വ"
{ഹരഹരാ, ശിവാ, ശംഭോ, ശങ്കരാ, വിശ്വമൂർത്തേ, ശിവശിവാ, അങ്ങയെ ശരണം പ്രാപിക്കുന്നു. എന്റെ ബാലതയെ ക്ഷമിച്ചാലും. ദേവീ, പാർവ്വതീദേവിയാണെന്നും ഞാൻ അറിഞ്ഞതില്ല. എന്നാൽ ചെയ്യപ്പെട്ട അപരാധങ്ങൾ എല്ലാം അവിടുന്ന് ക്ഷമിച്ചാലും.}

ശിവൻ:
4.
"പാരാളും കുരുവീര ഹേ ഹരിസഖേ ഖേദിക്കൊലാ ചെറ്റുമേ
 പോരിന്നേറ്റഥ വേടനായ് തവ ബലം കാണ്മാനഹം ഫൽഗുനാ
 സാരം പാശുപതം ശരം ച വരവും കൈക്കൊണ്ടു നീയങ്ങുപോയ്
 വൈരീണാം ഹരവും വരുത്തിയവനൗ കീർത്ത്യാ ചിരം വാഴുക"
{ലോകംഭരിക്കുന്ന കുരുകുലവീരാ, ഹേ കൃഷ്ണസഖേ, അല്പം പോലും ദുഃഖിക്കരുത്. ഫൽഗുനാ, നിന്റെ ബലം കണ്ടറിയുവാനായിട്ടാണ് ഞാൻ കാട്ടാളനായിവന്ന് യുദ്ധംചെയ്തത്. ഇനി ദിവ്യമായ പാശുപതാസ്ത്രവും വരവും കൈക്കൊണ്ട് നീ അങ്ങുപോയി ശത്രുക്കളെ വകവരുത്തിയിട്ട് ലോകത്തിൽ കീർത്തിയോടെ വളരെക്കാലം വാഴുക.}

"കീർത്ത്യാ ചിരം വാഴുക" (പാർവ്വതി-കലാ:കാശിനാഥൻ, അർജ്ജുനൻ-കലാ:ബാലസുബ്രഹ്മണ്യൻ)
ശിവൻ അസ്ത്രവും പാർവ്വതി വില്ലും നൽകി അനുഗ്രഹിക്കുന്നു. അർജ്ജുനൻ ഭക്തിയോടെ ചാപബാണങ്ങൾ വാങ്ങിയിട്ട് ശിവപാർവ്വതിമാരെ കുമ്പിടുന്നു. അനുഗ്രഹിച്ചുകൊണ്ട് തിര ഉയർത്തി പാർവ്വതീപരമേശ്വരന്മാർ അപ്രത്യക്ഷരാകുന്നു. അർജ്ജുനൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പിന്നിലേയ്ക്ക് കാൽ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(ധനാശി‌)-----
ധനാശിശ്ലോകം^-
"നാരായണന്റെ സഖിയാകിയ പാണ്ഡവന്റെ
 പാരിച്ച ദുർമ്മതമടക്കി വരം കൊടുപ്പാൻ
 കൈരാതവേഷധരനാകിയ ചന്ദ്രചൂഡൻ
 കാരുണ്യമെങ്കലരുളീടുക സർവ്വകാലം"
{ശ്രീകൃഷ്ണന്റെ സുഹൃത്തായ അർജ്ജുനന്റെ വർദ്ധിച്ച അഹങ്കാരത്തെ അടക്കി വരം കൊടുക്കുവാനായി കിരാതവേഷം ധരിച്ചവനായ ചന്ദ്രക്കലാധരാ, എല്ലാക്കാലവും എന്നിൽ കാരുണ്യത്തെ ചൊരിഞ്ഞാലും.}

[
^കിരാതം കഥയുടെ അന്ത്യത്തിൽ സാധാരണയായി പാടിവരുന്ന ഈ ധാനാശിശ്ലോകം ആട്ടക്കഥാകാന്റേതല്ല, പ്രക്ഷിപ്തമാണ്. തൃശൂര്‍ ജില്ലയിലെ കിരാലൂരി(കിരാതനല്ലുര്‍)ലുള്ള കേശവന്‍ നമ്പീശനാണ്  ഇതിന്റെ രചയിതാവ് എന്ന് പറയപ്പെടുന്നു.]

3 അഭിപ്രായങ്ങൾ:

RamanNambisanKesavath പറഞ്ഞു...

ധനാശിശ്ലോകം കിരാലൂര്‍ കേശവന്‍ നമ്പീശന്‍ ഉണ്ടാക്കിയതാണെന്ന് തൃശൂര്‍ ജില്ലയിലെ കിരാതനല്ലുര്‍ (കിരാലൂര്‍) ക്ഷേത്രത്തിന്റെ പരിസരവാസികള്‍ പറഞ്ഞു കേട്ടിട്ട്ടുണ്ട്.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

RamanNambisanKesavath,
ധനാശിശ്ലോകത്തിന്റെ വിവരം പറഞ്ഞുതന്നതിന് നന്ദി.

മാത്തൂരാൻ പറഞ്ഞു...

HKuwnannayi