2011, ജൂലൈ 13, ബുധനാഴ്‌ച

രുഗ്മിണീസ്വയംവരം പതിനൊന്നാം രംഗം (സ്വയംവരം)


രംഗത്ത്-പൂജാബ്രാഹ്മണൻ(കുട്ടിത്തരം മിനുക്കുവേഷം), രുഗ്മിണി, കലിംഗൻ, ശ്രീകൃഷ്ണൻ, ശിശുപാലൻ

ശ്ലോകം-രാഗം:എരിക്കലകാമോദരി
"കർണ്ണാലങ്കാരഹീരാങ്കര രുചിരരുചിപ്രോല്ലസദ്വക്ത്ര പത്മാ
 വ്യാവത്ഗല്പാദയുഗ്മക്വണിതുലാകോടിവാചാലവീഥീ
 ബിഭ്രാണാ കങ്കണാളീ ജ്വലദനലകനദ്രത്നകാന്താം സഭാം താം
 തന്വീ രാജന്യപാളീ ഹൃദയകമലിനീ രാജഹംസീ വിവേശ"
{കർണ്ണാലങ്കാരമായ വൈരക്കല്ലിന്റെ മനോഹരകാന്തികൊണ്ട് ഏറ്റവും ശോഭിക്കുന്ന മുഖകമലത്തോടുകൂടിയവളും, പാദങ്ങളിലെ ചിലങ്കകളുടെ കിലുക്കത്താൽ നടക്കുന്ന വീഥികളെ ശബ്ദായമാനമാകുന്നവളും, തീക്കനൽകണക്കെ മിന്നുന്ന രത്നങ്ങളാൽ അലങ്കരിക്കപ്പെട്ട മനോഹരമായ കൈവളക്കൂട്ടത്തെ വഹിക്കുന്നവളുമായ രുഗ്മിണി രാജസമൂഹത്തിന്റെ ഹൃദയമാകുന്ന താമരപ്പൊയ്കയിലെ രാജഹംസി എന്നപോലെ ആ സഭയിൽ പ്രവേശിച്ചു.}

മുന്നിൽ വലത്തുഭാഗത്തായി ദേവീവിഗ്രഹം എന്ന സങ്കൽപ്പത്തിൽ കേശഭാരം കിരീടവും, അതിനുമുന്നിലായി ഭദ്രദീപവും, സമീപം വരണമാലയും വെച്ച് പൂജിച്ചുകൊണ്ട് ബ്രാഹ്മണൻ താഴെയിരിക്കുന്നു. രംഗമദ്ധ്യത്തിലൂടെ സാരിനൃത്തത്തോടെ രുഗ്മിണിയും, അതിനൊപ്പം വികടമായി ചില അടവുകൾ വെച്ചുകൊണ്ട് ഇടത്തുഭാഗത്തുകൂടി കലിംഗനും പ്രവേശിക്കുന്നു.

സാരിപ്പദം-രാഗം:എരിക്കലകാമോദരി, താളം:ചെമ്പട
ചരണം1:
"ചഞ്ചലാക്ഷിമാരണിയും മൗലിമാല വന്നു
 പഞ്ചബാണന്തന്റെ ചാപവല്ലിപോലെ"
ചരണം2:
"പുഞ്ചിരിചന്ദ്രിക കണ്ടു കാമുകന്മാർതന്റെ
 നെഞ്ചിലാനന്ദാംബുധിവളർന്നു പാരം"
ചരണം3:
"മഞ്ജുളമഞ്ജീരനാദം കേട്ടു കേളിഹംസീ
 പുഞ്ജകമമ്പിനോടനുഗമിച്ചു കൂടി"
ചരണം4:
"അഞ്ജനാഞ്ചിതമാം ലോചനങ്ങൾ കണ്ടാൽ മുഖ-
 കഞ്ചലോലലോലംബങ്ങളെന്നു തോന്നും"
ചരണം5:
"പാർവ്വതീദേവിപദാംബുജമമ്പോടു സേവിപ്പാനായി മന്ദം
 ചാരുതരം നടകൊണ്ടിതു സുന്ദരവേഷത്തോടെ"
{സുന്ദരിമാർക്ക് ശിരോഭൂഷണമായ രുഗ്മിണീദേവി കാമന്റെ വില്ലെന്നപോലെ വന്നു. പുഞ്ചിരിയാകുന്ന നിലാവുകണ്ട് കാമുകന്മാരുടെ ഹൃദയത്തിലെ ആനന്ദസമുദ്രത്തിൽ വേലിയേറ്റമുണ്ടായി. മനോഹരമായ മഞ്ചീരനാദം കേട്ട് ഹംസികൾ അനുഗമിച്ചുകൂടി. അഞ്ജനമെഴുതിയ മനോഹരമായ കണ്ണുകൾ കണ്ടാൽ മുഖത്താമരയിൽ പാറിപ്പറക്കുന്ന വണ്ടുകളാണെന്നുതോന്നും. പാർവ്വതീദേവിയുടെ പാദപത്മം വഴിപോലെ സേവിക്കുവാനായി രുഗ്മിണി സുന്ദരമായവേഷത്തോടെ പതുക്കെ മനോഹരമായി നടകൊണ്ടു.}
"പുഞ്ചിരിചന്ദ്രിക കണ്ടു കാമുകന്മാർതന്റെ നെഞ്ചിലാനന്ദാംബുധിവളർന്നു പാരം" (രുഗ്മിണി-കലാ:മുകുന്ദൻ, കലിംഗൻ:ആർ.എൽ.വി.സുനിൽ പള്ളിപ്പുറം)
സാരികലാശിക്കുന്നതോടെ ഗായകർ ശ്ലോകങ്ങൾ ആലപിക്കുന്നു.

ശ്ലോകങ്ങൾ-രാഗം:ഇന്ദളം
1.^
"കുണ്ഡിനേ സ രഥരാജിവാജിഗജരാജഷണ്ഡപരിമണ്ഡിതേ
 ചണ്ഡഭാനുശശിവംശജേ നൃപതിമണ്ഡലേ സമുപഹിണ്ഡിതേ
 ചണ്ഡികാം സഹ സഖീഭിരേത്യ ശശിഖണ്ഡശേഖരകുടുംബിനീം
 കുണ്ഡിനാവനിനരേന്ദ്രജായുവതി മണ്ഡനം വരമയാചത"
{രഥങ്ങൾ, കുതിരകൾ, ഗജരാജന്മാർ, മുതലായവകൊണ്ട് നിറഞ്ഞ കുണ്ഡിനത്തിൽ സൂര്യചന്ദ്രവംശങ്ങളിൽപ്പെട്ടവരായ രാജസമൂഹം സന്നിഹിതരായിരിക്കുന്ന സമയത്തിൽ കുണ്ഡിനരാജപുത്രിയും യുവതികൾക്ക് അലങ്കാരവുമായ രുഗ്മിണി സഖിമാരുമൊത്ത് ചന്ദ്രക്കലാധരന്റെ പത്നിയായ ചണ്ഡികാദേവിയെ വണങ്ങി വരത്തെ യാചിച്ചു.}

[^ആദ്യശ്ലോകം ചൊല്ലുന്ന സമയത്ത് രുഗ്മിണി പാർവ്വതീദേവിയെ പ്രദക്ഷിണംവെച്ച് സമസ്ക്കരിച്ച് പ്രാർത്ഥിക്കുകയും പൂജാബ്രാഹ്മണനിൽ നിന്നും പ്രസാദം സ്വീകരിച്ച് മുടിയിൽ ചൂടുകയും ചെയ്യുന്നു.]

2.^
"മന്ദമന്ദമരവിന്ദസുന്ദരദൃശം ഗിരീന്ദ്ര ദുഹിതഃ പാദാൽ
 ഇന്ദിരാമിവകരാഞ്ചലാഞ്ചിത മരന്ദസാന്ദ്ര വരമാലികാം
 കുന്ദബാണവിജയശ്രിയം നൃപതിവൃന്ദമദ്ധ്യമുപസംഗതാം
 സ്യന്ദനം സമധിരോപ്യതാം സമഭിനന്ദയൽ സ മധുസൂദനഃ"
{പാർവ്വതീദേവിയുടെ സന്നിധിയിൽനിന്ന് മഹാലക്ഷ്മിയെപ്പോലെ കയ്യിൽ പൂന്തേൻ നിറഞ്ഞ വരണമാലയുമേന്തി പതുക്കെപതുക്കെ രാജസമൂഹത്തിന്റെ മദ്ധ്യത്തിലെത്തിയ കാമദേവന്റെ വിജയശ്രീയായ ആ താമരമിഴിയാളെ തേരിൽ കയറ്റി മധുസന്ദനൻ വളരെ ആനന്ദിപ്പിച്ചു.}

[^രണ്ടാം ശ്ലോകം ആരംഭിക്കുന്നതോടെ രുഗ്മിണി ബ്രാഹ്മണൻ പൂജിച്ചു നൽകുന്ന വരണമാല ഏറ്റുവാങ്ങി ദേവിയെ വന്ദിച്ച് തിരിയുന്നു. ഈ സമയത്ത് ശ്രീകൃഷ്ണൻ വലത്തുഭാഗത്തുകൂടി പ്രവേശിച്ച് വില്ലുകുത്തിപ്പിടിച്ച് ആലവട്ടങ്ങളോടുകൂടി രംഗമദ്ധ്യത്തിലായി നിൽക്കുന്നു. കൃഷ്ണനെ കണ്ട് രുഗ്മിണി വരണമാല്യവുമായി സമീപത്തേയ്ക്കച്ചെല്ലുന്നു. ഈ സമയം കലിംഗൻ മാലയിടാൻ പാകത്തിന് ശിരസ്സുകുനിച്ചുകാണിക്കുന്നു. ശ്ലോകത്തിൽ 'ഉപസംഗതാം' എന്നാലപിക്കുന്നതോടെ രുഗ്മിണി മാലയിട്ട് ശ്രീകൃഷ്ണനെ വരിക്കുന്നു.(ശംഖനാദത്തോടു കൂടി വലന്തലമേളം) ഇതുകണ്ട് ഭീരു തല്യ്ക്കുതല്ലിക്കൊണ്ട് പിന്തിരിഞ്ഞോടി വലത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു. ശ്രീകൃഷ്ണൻ വലംകയ്യാൽ രുഗ്മിണിയെ പാണിഗ്രഹണം ചെയ്ത് തേരിലേറ്റി ചേർത്തു നിർത്തുന്നു.]
രുഗ്മിണി(കലാ:മുകുന്ദൻ) ശ്രീകൃഷ്ണനെ(കലാ:ഹരിനാരായണൻ) വരിക്കുന്നു
പൂജാബ്രാഹ്മണൻ സാമഗ്രികളോടുകൂടി നിഷ്ക്രമിക്കുന്നു. ശ്രീകൃഷ്ണനും രുഗ്മിണിയും തേരിൽ സഞ്ചരിക്കുന്നഭാവത്തിൽ വലത്തുഭാഗത്തു നിൽക്കുന്നു. ഇടതുവശത്തുനിന്നും കലിംഗനോടുകൂടി  ക്രുദ്ധനായി പെട്ടന്നു ഓടിക്കൊണ്ട് പ്രവേശിക്കുന്ന ശിശുപാലൻ കൃഷ്ണനെ കണ്ട് തടുക്കുന്നു.
ശിശുപാലൻ:'എടാ, ഗോപബാലാ, നില്ലെടാ. നിന്റെ അഹങ്കാരത്തിന് ഇന്നു മറുപടിതരുന്നുണ്ട്. കണ്ടുകൊൾക'
ശിശുപാലൻ നലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

യുദ്ധപ്പദം-രാഗം:ഘണ്ടാരം, താളം:മുറിയടന്ത
ശിശുപാലൻ:
ചരണം1:
"നില്ലുനില്ലെടാ യാദവാധമ കല്യനെങ്കിലോ ദുർമ്മതേ
 തെല്ലുമില്ല ശഠാകൃതേ തവമായകൊണ്ടു ഫലം ജള
 നിഖിലദിശി മമ വിതതശരശിഖിയിലതീവ ജവേന നീ
 ശലഭമിവ ഖലു ഭസിതമായ്‌വരുമലസചപലതരാശയ"
{യാദവാധമാ, ദുർമ്മനസ്സേ, യോഗ്യനെങ്കിൽ നില്ലെടാ. വഞ്ചകാ, നാണമില്ലാത്തവനേ, നിന്റെ മായകൊണ്ട് ഒട്ടും ഫലമില്ല. കപടബുദ്ധിയായവനേ, സകലദിക്കിൽ നിന്നും എന്റെ ക്രൂരശരങ്ങളാകുന്ന തീയിലകപ്പെട്ട് വളരെ പെട്ടന്ന് നീ ശലഭസമാനം ഭസ്മമായിത്തീരും.}

ശ്രീകൃഷ്ണൻ:
ചരണം2:
"മൂഢ ചേദിപ നിന്നുടെ ഹൃദി രൂഢമായൊരു പൗരുഷം
 കൂടുമോ ഹരിയോടു സമ്പ്രതി പാടവങ്ങളുമിന്നെടാ
 ശഠ കഠോര കുഠാര ധാരയിലൂടനെ നിന്നുടലാകവേ
 പടയിൽ വടിവൊടു പൊടിപെടുമ്പടി ത്സടുതിവന്നു തടുക്കയാൽ"
{ഏടാ വിഡ്ഢീ, ചേദിരാജാ, നിന്റെ മനസ്സിൽ നിറഞ്ഞ പൗരുഷവും ഈ മിടുക്കുകളും കൊണ്ട് ഇപ്പോൾ ഹരിയെ എതിർക്കാനാവുമോ? മൂഢാ, ഇവിടെവന്ന് തടുത്താൽ യുദ്ധത്തിൽ ക്രൂരമായ അസ്ത്രധാരയാൽ ഉടന്തന്നെ നിന്റെ ഉടൽ പൊടിപൊടിയാകും.}
"ഹൃദി രൂഢമായൊരു പൗരുഷം" (ശ്രീകൃഷ്ണൻ-കലാ:ഹരിനാരായണൻ, ശിശുപാലൻ-കലാ:മയ്യനാട് രാജീവൻ, കലിംഗൻ-ആർ.എൽ.വി.സുനിൽ പള്ളിപ്പുറം)
ശേഷം യുദ്ധവട്ടം-
ശിശുപാലനും ശ്രീകൃഷ്ണനും ക്രമത്തിൽ പോരിനുവിളിച്ച് അസ്ത്രങ്ങളയച്ച് യുദ്ധം ചെയ്യുന്നു. അതിനിടയിൽ വന്ന് തന്നോട് എതിരിടുന്ന കലിംഗനെ ശ്രീകൃഷ്ണൻ വില്ലുകൊണ്ട് അടിച്ചോടിക്കുന്നു. കലിംഗൻ പേടിച്ചോടി നിഷ്ക്രമിക്കുന്നു. യുദ്ധാന്ത്യത്തിൽ 'നോക്കിക്കോ' എന്നുകാട്ടി നലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശ്രീകൃഷ്ണൻ അസ്ത്രമെയ്ത് ശിശുപാലനെ നിരായുധനാക്കുന്നു. യുദ്ധത്തിൽ പരാജിതനാകുന്ന ശിശുപാലൻ ലജ്ജിച്ച് ഓടി നിഷ്ക്രമിക്കുന്നു.
ശ്രീകൃഷ്ണൻ:(രുഗ്മിണിയോടായി) 'ഇനി നമുക്ക് ദ്വാരകയിലേയ്ക്ക് പോകാം'
രുഗ്മിണിയെ കൈകോർത്തുച്ചുക്കൊണ്ട് ശ്രീകൃഷ്ണൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----
ധനാശിശ്ലോകം-
"കലയാമി ചാരുകലയാമിനീപതി
 പ്രതിമാനനം കലിതമാനനം ജനൈഃ
 അളികാന്തലോലദളികാന്തകുന്തളം
 മഹിദിന്ദ്രനീലമണിമേചകം മഹഃ"
{മനോഹരമായ കലകളോടുകൂടിയ യാമിനീപതിയായ ചന്ദ്രൻ കളങ്കിതമായമുഖത്തോടുകൂടിയവനാണേങ്കിലും ഓരോ ജനങ്ങളുടേയും മുഖത്തെ എപ്രകാരമാണോ സന്തോഷിപ്പിക്കുന്നത് അപ്രകാരം, താമരയിതൾ പോലെ ലോലവും മനോഹരവുമായ തലമുടിയോടും, മഹത്തായ ഇന്ദ്രനീലരത്നത്തിന്റെ നിറത്തോടുകൂടിയവനുമായ മഹാവിഷ്ണു എല്ലാവരേയും സന്തോഷിപ്പിക്കട്ടെ.}

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

കഥകളി ഭ്രാന്തന്മാരെ സൃഷ്ട്ടിക്കുവാന്‍ ഈ കളിഭ്രാന്തന് സാധിക്കട്ടെ .