2011, ജൂലൈ 25, തിങ്കളാഴ്‌ച

നരകാസുരവധം നാലാം രംഗം (ലളിത)

രംഗത്ത്- ലളിത(ഒന്നാംതരം സ്ത്രീവേഷം), ജയന്തൻ(രണ്ടാംതരം പച്ചവേഷം), നക്രതുണ്ഡി

ശ്ലോകം-രാഗം:നീലാബരി
"ഇത്ഥം നിശ്ചിത്യ ഹൃത്വാ ത്രിദശപുരവധൂരു
ദ്ധതം പ്രസ്ഥിതാ സാ
 മദ്ധ്യേമാർഗ്ഗം ജയന്തം വലരിപുതനയം വീക്ഷ്യ കാമാതുരാഭൂൽ
 സ്വഃസ്ത്രീരാച്ഛാദ്യ മായാമയയവനികയാ പ്രാപ്യ മന്ദാക്ഷ മന്ദാ
 മുഗ്ദ്ധാപാംഗസ്മിതോദ്യൽസ്മരരസമധുരം പ്രാഹതം മോഹനാംഗീ"
{ഇപ്രകാരം നിശ്ചയിച്ചയിച്ചിട്ട് ഗർവ്വോടുകൂടി ദേവസ്ത്രീകളെ അപഹരിച്ചുകൊണ്ട് പുറപ്പെട്ടവളായ ആ നക്രതുണ്ഡി മാർഗ്ഗമദ്ധ്യത്തിൽ ഇന്ദ്രപുത്രനായ ജയന്തനെ കണ്ടിട്ട് കാമപീഡിതയായി ഭവിച്ചു. താൻ തട്ടിയെടുത്ത ദേവസ്ത്രീകളെ മായാമയമായ തിരശ്ശീലകൊണ്ട് മറച്ചിട്ട് ലജ്ജകൊണ്ട് മന്ദിച്ചവളായ ആ സുന്ദരി പുഞ്ചിരിച്ചുകൊണ്ടും മനോഹരമായി കടാക്ഷിച്ചുകൊണ്ടും അവനെ സമീപിച്ചിട്ട് കാമരസം വളർത്തുമാറ് ഇപ്രകാരം പറഞ്ഞു.}


ജയന്തൻ വലംകൈയ്യാൽ വാൾ കുത്തിപ്പിടിച്ചുകൊണ്ട് വീരഭാവത്തിൽ വലത്തുഭാഗത്ത് പീഠത്തിൽ ഇരിക്കുന്നു. ഇടതുവശത്തുകൂടി സാരിനൃത്തത്തോടെ ലളിത പ്രവേശിക്കുന്നു.  ഗായകർ താളം പിടിച്ച് രാഗവും തുടർന്ന് സാരിപ്പദവും ആലപിക്കുന്നു.

ലളിത(കലാനി:വിനോദ്)യുടെ പ്രവേശം(ജയന്തൻ-കലാ:ചെമ്പക്കര വിജയൻ)
ലളിതയുടെ സാരിപ്പദം-രാഗം:അസാവേരി, താളം:ചെമ്പട(രണ്ടാംകാലം)
ചരണം1:
"യന്മിനീചര മാനിനി വന്നിതു
 സോമബിംബാനന ശതമന്യുസുത സവിധേ"
ചരണം2:
"പുരികുഴലിൽ നറുമലർകൾ ചൂടിയും ബാല
 സരസാതരഗാനംചെയ്തു സരസനൃത്തമാടിയും"
ചരണം3:
"സുരതരുണിപോലെ ദേഹകാന്തിയും അവൾ
 വരസുരതമോഹംപൂണ്ടു വിവിധലീല ചെയ്കയും"
ചരണം4:
"പന്തൊക്കുംകൊങ്കകൾ കണ്ടാൽ ബന്ധുരം നല്ല
 സിന്ധുരകരോരുയുഗ്മ ശോഭയെത്ര സുന്ദരം"
ചരണം5:
"ചന്തമിയലുന്ന കംബുകന്ധരം അവൾ
 ചെന്താർശര ശരനികരത്തിനൊരു പഞ്ജരം"
{ചന്ദ്രമുഖിയാകുന്ന ആ രാക്ഷസസുന്ദരി ഇന്ദ്രപുത്രന്റെ മുന്നിൽ വന്നു. തലമുടിയിൽ പുതുപൂക്കൾ ചൂടിയ ആ ബാലിക മനോഹരമായി ഗനമാലപിക്കുകയും മനോഹരമായി നൃത്തമാടുകയും ചെയ്തു. ദേവസ്ത്രീയെപ്പോലെ ദേഹകാന്തിയുള്ള അവൾ സംഭോഹമോഹത്തോടെ വിവിധ ലീലകളാടി. അവളുടെ പന്തിനൊക്കുന്ന മനോഹരമാകുന്ന മുലകളും ആനയുടെ തുമ്പിക്കൈപോലെ ശോഭിക്കുന്ന നല്ല തുടയിണകളും ശംഖിനൊത്ത ചന്തമുള്ള കഴുത്തും കണ്ടാലെത്ര മനോഹരം! അവൾ കാമദേവന്റെ ശരനികരത്തിന് ഒരു കൂടതന്നെ!}

ലളിത(കോട്ട:ഹരികുമാർ) സാരിനൃത്തം ചെയ്യുന്നു (ജയന്തൻ-കോട്ട:ബാലനാരായണൻ)

ലളിത(കോട്ട:ഹരികുമാർ) സാരിനൃത്തം ചെയ്യുന്നു (ജയന്തൻ-കോട്ട:ബാലനാരായണൻ)
സാരിനൃത്തം കലാശിക്കുന്നതോടെ ലളിതയും ജയന്തനും പരസ്പരം കാണുന്നു. ലജ്ജ നടിച്ചുകൊണ്ട് ലളിത പദാഭിനയം ആരംഭിക്കുന്നു.

ലളിതയുടെ പദം-രാഗം:നീലാംബരി, താളം:ചെമ്പട(ഒന്നാംകാലം)
ചരണം1:
"വൃത്രവൈരിനന്ദനാ കേൾ വിശ്രുതപരാക്രമ നീ
 സത്രാശനകുലമണേ സാമോദം മേ വാചം"
ചരണം2:
"അത്രനിന്നെ കാൺകയാലേ ആനന്ദം മേ വളരുന്നു
 ഭർത്തൃഭാഗ്യമിന്നു മമ വന്നിതഹോ ദൈവാൽ"
{ഇന്ദ്രനന്ദനാ, പ്രശസ്തമായ പരാക്രമത്തോടുകൂടിയവനേ, ദേവകുലത്തിലെ രത്നമേ, അവിടുന്ന് എന്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടാലും. ഇവിടെ ഭവാനെ കാണുകയാൽ എനിക്ക് ആനന്ദം വളരുന്നു. ഹോ! ദൈവാനുഗ്രഹത്താൽ ഇന്നെനിക്ക് ഭർത്തൃഭാഗ്യം വന്നു.}

"വൃത്രവൈരിനന്ദനാ" (ലളിത-കലാ:കേശവൻ നമ്പൂതിരി)
ജയന്തന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
"ആരയി ബാലികേ നീയിന്നാരെന്നുചൊൽക സുശീലേ"
ചരണം1:
"നാരിമാർമൗലിരത്നമേ നാകനാരിയോ താൻ
 ഭൂരമണകുലജയാം വാരണഗാമിനിയോ താൻ
 കാരണമെന്തിങ്ങു വരുവതിന്നു ബാലേ"
{എടോ ബാലികേ, സുശീലേ, നീ ആരെന്ന് പറഞ്ഞാലും. സ്ത്രീകളുടെ മൗലീരത്നമേ, നീ ദേവസ്ത്രീയാണോ? രാജകുലത്തിൽ ജനിച്ച ആനനടയുള്ള സുന്ദരിയാണോ? കുട്ടീ, ഇവിടെ വരുവതിന് എന്താണ് കാരണം?}

"നാരിമാർമൗലിരത്നമേ" (ജയന്തൻ-കോട്ട:ബാലനാരായണൻ, ലളിത-കോട്ട:ഹരികുമാർ)
ലളിത:
ചരണം3:
"മാനുഷനാരിയുമല്ല ദാനവിയുമല്ലഹോ ഞാൻ
 വാനവർകുലത്തിലൊരുമാനിനി ഞാനല്ലോ"
ചരണം4:
"സൂനബാണശരമേറ്റു പാരം കേണുഴന്നീടിനോരെങ്കിൽ
 കാണിനേരം വൈകാതെ നീ കാമകേളി ചെയ്ക"
{മനുഷ്യസ്ത്രീയുമല്ല, രാക്ഷസിയുമല്ല ഞാൻ. ദേവകുലത്തിൽപ്പെട്ട ഒരു സ്ത്രീയാണ് ഞാൻ. പൂവമ്പന്റെ ശരമേറ്റ് ഏറ്റവും അവശയായി കേഴുന്ന എന്നോടൊത്ത് ഒരു നിമിഷം പോലും വൈകാതെ ഭവാൻ കാമകേളി ചെയ്താലും.}

"മാനുഷനാരിയുമല്ല"(ജയന്തൻ-കലാ:ചെമ്പക്കര വിജയൻ, ലളിത-കലാനി:വിനോദ്)
ജയന്തൻ:
ചരണം2:
"ദാരസംഗ്രഹമിന്നു ഞാൻ താതനിയോഗം കൂടാതെ
 നാരീമണേ ചെയ്കയില്ല നാകനിതംബിനി"
{നാരീരത്നമേ, ദേവസുന്ദരീ, അച്ഛന്റെ കൽപ്പനകൂടാതെ ഞാൻ ഭാര്യാസംഗ്രഹം ചെയ്യുകയില്ല}

ലളിത:
ചരണം5:
"പ്രാണനാഥൻ നീയെന്നല്ലോ ഞാനിങ്ങു കരുതിവന്നു
 ത്രാണനം ചെയ്തീടണമെന്നെ കൈവെടിഞ്ഞീടൊല്ല"

"ത്രാണനം ചെയ്തീടണമെന്നെ"(ജയന്തന്‍-കലാ:കുട്ടികൃഷ്ണൻ, ലളിത-കലാ:കെ.ജി.വാസുദേവൻ‍)
ചരണം6:^-(രാഗം:തോടി)
 "ഏണാങ്കസമവദന ഇന്നുനിൻ വിരഹമെന്നാൽ
 നൂനം സഹിക്കാവതല്ല നാളീകായതാക്ഷ"
{പ്രാണനാഥൻ ഭവാനാണെന്ന് കരുതിയാണല്ലോ ഞാനിവിടെ വന്നത്. എന്നെ രക്ഷിച്ചീടേണമേ, കൈവെടിയരുതേ. ചന്ദ്രസമവദനാ, താമരക്കണ്ണാ, ഇന്ന് അങ്ങയുടെ വിരഹം തീർച്ചയായും എന്നാൽ സഹിക്കാൻ കഴിന്നതല്ല.}


[^ലളിത ആറാംചരണം അഭിനയിക്കുന്നതോടെ ജയന്തൻ എഴുന്നേറ്റ് ഗൗരവഭാവത്തിൽ നിൽക്കുന്നു. 'നൂനം സഹിക്കാവതല്ല' എന്നിടത്ത് ലളിത കാമാർത്തയായി ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും ഓടിച്ചെന്ന് ജയന്തനെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നു. ജയന്തൻ ഒഴിഞ്ഞുമാറുകയും ദേഷ്യത്തോടെ 'കടന്നുപോ' എന്നു കാട്ടുകയും ചെയ്യുന്നു. ആലിംഗനശ്രമം ഫലിക്കായ്കയാൽ ലളിത പല്ലിറുമ്മി അമർഷം പ്രകടിപ്പിക്കുകയും പെട്ടന്നുതന്നെ ഭാവംമാറി ലജ്ജനടിച്ച് പദാഭിനയം തുടരുകയും ചെയ്യുന്നു.] 

"നൂനം സഹിക്കാവതല്ല"(ജയന്തൻ-കലാ:ചെമ്പക്കര വിജയൻ, ലളിത-കലാനി:വിനോദ്)

ജയന്തൻ:
ചരണം3:-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാംകാലം)
"എത്രയുംകർണ്ണകഠോരം അത്രനിൻമൊഴികളെല്ലാം
 ചിത്രമെന്നേ പറയാവൂ കുത്രാപിനീ പോക"
{ഇവിടെ നിന്റെ വാക്കുകളെല്ലാം ഏറ്റവും കർണ്ണകഠോരമാണ്. വിചിത്രമെന്നേ പറയാനുള്ളു. നീ എങ്ങോട്ടെങ്കിലും കടന്നുപോവുക.}

നക്രതുണ്ഡി:
ചരണം7:
^-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാംകാലം)
"നിന്നെക്കൊണ്ടുപോവതിന്നായ് വന്നു ഞാനുമിവിടെ
 നിന്നെപ്പിരിഞ്ഞുടൻ പോകയില്ല കാൺക"
{നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്. നിന്നെ പിരിഞ്ഞുടൻ പോവുകയുമില്ല. കണ്ടുകൊൾക.}

[
^ഏഴാം ചരണത്തിന്റെ ആരംഭത്തിൽ "നിന്നെക്കൊണ്ടുപോവതിന്നായ്" എന്ന് ചൊല്ലിവട്ടംതട്ടുന്നതോടെ ലളിത മുഖത്തുകരിതേച്ച് രൗദ്രഭാവത്തോടെ ജയന്തനുനേരെ ഓടിച്ചെന്ന് മുഷ്ടിചുരുട്ടി ഓങ്ങിയശേഷം ഭീകരഭാവത്തിൽ ദംഷ്ടങ്ങൾകാട്ടി പല്ലുകടിച്ച് ഞെളിഞ്ഞുനിന്ന് 'ഇങ്ങോട്ടുനോക്കുക' എന്ന് കൈ മാറിനുനേരെ ചൂണ്ടിക്കാട്ടിക്കൊണ്ട് പിന്നോക്കം നീങ്ങി ഇടത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു. തത്സമയം ഇടത്തുഭാഗത്തുകൂടി കൈകളിൽ തൂപ്പുകളുമേന്തിക്കൊണ്ട് ഓടി പ്രവേശിക്കുന്ന നക്രതുണ്ഡി 'നിന്നെ പിടിച്ചുകൊണ്ടുപോകും' എന്നുകാട്ടി വട്ടംവച്ചുകലാശമെടുത്തിട്ട് ചരണം ആടുന്നു.]
"നിന്നെക്കൊണ്ടുപോവതിന്നായ്"(ജയന്തൻ-കോട്ട:ബാലനാരായണൻ, ലളിത-കോട്ട:ഹരികുമാർ)

"നിന്നെക്കൊണ്ടുപോവതിന്നായ്" (ജയന്തൻ-കലാ:ചെമ്പക്കര വിജയൻ, ലളിത-കലാനി:വിനോദ്)
തുടർന്ന് ജയന്തൻ പദം ആടുന്നു.

യുദ്ധപ്പദം^-രാഗം:ബിലഹരി, താളം:ചെമ്പട(മൂന്നാംകാലം)
ജയന്തൻ:
പല്ലവി:
"രാത്രിഞ്ചരവനിതേ നീ മോചയ
 വൃത്രവൈരിപുരകാമിനിമാരേ"
അനുപല്ലവി:
"ചിത്രം തവചേഷ്ടിതമോർത്താലിഹ
 പത്രിഗണങ്ങൾക്കൂണാകും നീ^"
("രാത്രിഞ്ചരവനിതേ നീ മോചയ വൃത്രവൈരിപുരകാമിനിമാരേ")
{രാക്ഷസവനിതേ, നീ സ്വർഗ്ഗസ്ത്രീകളെ മോചിപ്പിക്കുക. നിന്റെ പ്രവൃത്തി ഓർത്താൽ വിചിത്രംതന്നെ. അസ്ത്രക്കൂട്ടങ്ങൾക്ക് ഇരയാകും നീ.}

[
^"പത്രിഗണങ്ങൾക്കൂണാകും തേ" എന്നൊരു പാഠഭേദം ഉണ്ട്]

നക്രതുണ്ഡി:
ചരണം1:
"ശക്രതനയ ഹേ ജയന്ത മൂഢ
 ശക്രലോകവൈരിയതായീടും
 വിക്രമയുതഭൗമഗിരാ വന്നൊരു
 നക്രതുണ്ഡിയെന്നറിയണമെന്നെ"
പല്ലവി:
"വിക്രമജലധേ രണധരണിയിൽ നീ
 വീര വരിക വരിക"
{ഇന്ദ്രപുത്രാ, ഹേ ജയന്താ, മൂഢാ, സ്വർഗ്ഗലോകവൈരിയും പരാക്രമിയുമായ നരകന്റെ കൽപ്പനപ്രകാരം വന്നൊരു നക്രതുണ്ഡിയാണ് ഞാനെന്ന് അറിയുക. പരാക്രമസമുദ്രമേ, വീരാ, യുദ്ധഭൂമിയിലേയ്ക്ക് വരിക, വരിക.}

"ശക്രതനയ ഹേ ജയന്ത മൂഢ" (നക്രതുണ്ഡി-കോട്ട:സുധീർ, ജയന്തൻ-കോട്ട:ബാലനാരായണൻ)
ജയന്തൻ:
ചരണം2:
"അമരാവതിയായീടും പുരിയിൽ
 അധുനാവരുവാനേവനതുള്ളു
 അമരവൈരിതരുണിയതാം നിന്നെ
 പരിചൊടു ബന്ധിച്ചീടും ഞാനും"
{ഈ അമരാവതീപുരിയിൽ ഇങ്ങിനെ കടന്നുവരുവാൻ ഇന്നാരുണ്ട്? രാക്ഷസിയായ നിന്നെ ഞാൻ പെട്ടന്ന് ബന്ധിക്കും.}

നക്രതുണ്ഡി:
ചരണം3:
"വലവിമഥന സുതനാകും നിന്നുടൽ
 ബലയുതകരഹതികൊണ്ടു തകർത്തുടൻ
 ചലമിഴിമാരെക്കൊണ്ടയി പോവൻ
 ചപലതരമതേ കാൺക നീയധുനാ"
{ഇന്ദ്രപുത്രനായ നിന്റെ ശരീരം കടുത്ത പ്രഹരംകൊണ്ട് തകർത്ത് ഉടനെ സുന്ദരിമാരെയുംകൊണ്ട് ഞാൻ പോകും. ഏറ്റവും ദുർബുദ്ധിയായവനേ, നീ ഇപ്പോൾ കണ്ടുകൊൾക.}

ജയന്തൻ:
ചരണം4:
"അർണ്ണോജാക്ഷികളെ ഹരിച്ചോരുനിൻ
 കർണ്ണനാസികാകുചകൃന്തനമിഹ
 തൂർണ്ണംചെയ്‌വൻ കണ്ടുകൊൾക നീ
 നിർണ്ണയമതിനുണ്ടു മേ കരാളേ"
{സുന്ദരികളെ ഹരിച്ച നിന്റെ കാതുകളും മൂക്കും മുലകളും ഉടനെ അറുക്കുന്നുണ്ട്. ഭയങ്കരീ, എനിക്കതിനുറപ്പുണ്ട്.}

[
^സാധാരണയുദ്ധപ്പദങ്ങളിലേതുപോലെതന്നെ ഓരോ ചരണാരംഭങ്ങളിലും ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട'വെച്ച് ഇരുവരും സ്ഥാനം മാറുന്നു. ഓരോരുത്തരും പദം അഭിനയിക്കുക രംഗത്തിന്റെ വലതുഭാഗത്ത് നിന്നായിരിക്കും.]

ശേഷം ആട്ടം-
(താളം:മുറിയടന്ത)
ആദ്യം സാവധാനത്തിലും പിന്നെ വേഗത്തിലുമായി നക്രതുണ്ഡി കാമവികാരത്തോടെ ജയന്തനെ പിടിക്കുവാൻ ഓടിയടുക്കുകയും അപ്പോൾ ജയന്തൻ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.
(താളം:ചെമ്പട)
ഇരുവരും 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ നക്രതുണ്ഡി വലതുഭാത്തുള്ള ജയന്തനെ പിടിച്ചുയർത്തുന്നു. ഉയർന്നതായി ഭാവിച്ച് പീഠത്തിലേയ്ക്ക് കയറിനിൽക്കുന്ന ജയന്തൻ വാളുകൊണ്ട് നക്രതുണ്ഡിയുടെ മൂക്കിലും മുലകളിലും വെട്ടുന്നു. 'അയ്യയ്യയ്യോ' എന്ന് നിലവിളിച്ചുകൊണ്ട് നക്രതുണ്ഡി പിന്തിരിഞ്ഞോടി നിഷ്ക്രമിക്കുന്നു.

ജയന്തൻ(കലാ:ചെമ്പക്കര വിജയൻ) തന്നെ പിടിച്ചുയർത്താൻ ശ്രമിക്കുന്ന നക്രതുണ്ഡി(കലാനി:കരുണാകരക്കുറുപ്പ്)യുടെ കുചങ്ങൾ ഛേദിക്കുന്നു
ജയന്തൻ‍:(പീഠത്തിൽ നിന്നും താഴെയിറങ്ങി 'അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്)'ഇനി ഈ വിവരങ്ങൾ വേഗം അച്ഛനെ അറിയിക്കുകതന്നെ'
ജയന്തൻ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ വാൾ ഇളക്കിക്കൊണ്ട് പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2 അഭിപ്രായങ്ങൾ:

RamanNambisanKesavath പറഞ്ഞു...

ലളിതയുടെ ശ്ലോകം
ത്രിദശപുരവധൂരുദ്ധതം പ്രസ്ഥിതാ സാ

മണി,വാതുക്കോടം പറഞ്ഞു...

RamanNambisanKesavath,
നന്ദി,
തിരുത്തിയിട്ടുണ്ട്.