2010, മേയ് 13, വ്യാഴാഴ്‌ച

കീചകവധം

ഇരയിമ്മന്‍ തമ്പി രചിച്ചതും, സാഹിത്യഭംഗിയും സംഗീതമാധുര്യവും 
ആസ്വാദ്യമായ നാട്ട്യപ്രയോഗങ്ങളും നിറഞ്ഞതുമായ ഒരു ആട്ടകഥയാണ് കീചകവധം.
കഥാസംഗ്രഹം
പാണ്ഡവരുടെ അജ്ഞാതവാസകാലത്തിന്റെ ആദ്യഭാഗത്തെ 
കഥകളാണ് ഈ ആട്ടകഥയുടെ ഇതിവൃത്തം.
മഹത്തായ ഗോധനം കൊണ്ട് സമ്പത്സമൃദ്ധിയെ പ്രാപിച്ചിട്ടുള്ള 
മാത്സ്യരാജ്യത്തെ രാജാവ് വിരാടനും പ്രേയസിമാരുമായുള്ള ശൃംഗാരരംഗമാണ് ആദ്യത്തേത്. രണ്ടാം രംഗത്തില്‍ ധര്‍മ്മപുത്രന്‍ ചൂതുകളിയില്‍ വൈദഗ്ധ്യമുള്ള കങ്കന്‍ എന്ന്‍ പേരായ സന്യാസിയുടെ രൂപത്തില്‍ വിരാടന്റെ സഭയിലെത്തുകയും, വിരാടന്‍ കങ്കനെ സദസ്യനായി സ്വീകരിക്കുകയും ചെയ്യുന്നു. വലലന്‍ എന്ന പേരില്‍ പാചകക്കാരനായി ഭീമസേനനും, ഉര്‍വ്വശീശാപഫലമായുണ്ടായ നപുംസകവേഷത്തെ ധരിച്ച് നൃത്തഗീതാദികളില്‍ വൈദഗ്ധ്യമുള്ള ബൃഹന്ദളയായി അര്‍ജ്ജുനനും, ദാമഗ്രന്ഥി എന്ന പേരില്‍ വാജീപാലകനായി നകുലനും, തന്ത്രിപാലന്‍ എന്ന പേരില്‍ പശുപാലകനായി സഹദേവനും വിരാട രാജസഭയില്‍ വരുന്നതും അവര്‍ അതതു ജോലികളില്‍ കൊട്ടാരത്തില്‍ നിയമിതരാകുന്നതുമാണ് മൂന്നാം രംഗത്തില്‍‍. നാലാം രംഗത്തില്‍ പാഞ്ചാലി മാലിനിയെന്ന പേരില്‍ വിരാടരാജ്ഞിയായ സുദേഷ്ണയെ സമീപിച്ച് താന്‍ പത്രലേഖാദികളില്‍ ഏറ്റവും നിപുണയാണന്നും തന്നെ ദാസിയായി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സുദേഷ്ണ അവളെ തന്റെ സൈരന്ധ്രിയായി നിയമിക്കുന്നു. ഇങ്ങിനെയിരിക്കെ വിരാടത്തില്‍ ബ്രഹ്മോത്സവകാലം വന്നെത്തി. അപ്പോള്‍ ജീമൂതന്‍ എന്നുപേരായ ഒരു മല്ലന്‍ വിരാടത്തില്‍ വന്ന് തനിക്കൊത്ത എതിരാളി ആരുണ്ടന്ന് വെല്ലുവിളിക്കുന്നു. ഈ വിവരമറിഞ്ഞ വിരാടന്‍ ഈ മല്ലനെ നേരിടുവാന്‍ കരുത്തുള്ളവരായി തന്റെ രാജ്യത്ത് ആരുമില്ലല്ലോ എന്ന് ദു:ഖിക്കുന്നു രംഗം അഞ്ചില്‍. ജീമൂതനെ നേരിടുവാനായി കരുത്തനായ വലലനെ നിയോഗിക്കുവാന്‍ കങ്കന്‍ രാജാവിനോട് നിര്‍ദ്ദേശിക്കുന്നു. ആറാം രംഗത്തില്‍ വലലന്‍ ജീമൂതനെ മല്ലയുദ്ധത്തില്‍ വധിക്കുന്നു. സൂതരാജാവായ കേകയന്റെ പുത്രനും, മഹാപ്രതാപിയും, ആയിരം ആനകളുടെ കരുത്തുള്ളവനും,  വിരാടന്റെ സ്യാലനും, സൈന്യാധിപനുമായ കീചകന്‍, ഉദ്യാനത്തില്‍ പൂവിറുക്കുന്ന മാലിനിയെ കണ്ട് കാമമോഹിതനായി തീരുന്നു ഏഴാം രംഗത്തില്‍. ആഗ്രഹമറിയിക്കുന്ന കീചനോട് പരനാരിയിലുള്ള മോഹം ആപത്തിനാണന്നും, തന്റെ ഭര്‍ത്താക്കന്മാരായുള്ള അഞ്ച് ഗന്ധര്‍വ്വന്മാരില്‍ ആരെങ്കിലും ഇതറിഞ്ഞാല്‍ നിന്നെ വധിച്ചുകളയുമെന്നും മുന്നറിയിപ്പുനല്‍കിയിട്ട് സൈരന്ധ്രി ഓടിമറയുന്നു. എട്ടാം രംഗത്തില്‍ മാലിനിയെ നിനച്ച് കാമപീഢയാല്‍ അത്യന്തം വിവശനായിതീരുന്ന കീചകന്‍ സ്വന്തം സോദരിയെതന്നെ സമീപിച്ച് മാലിനിയെ തനിക്ക് വശഗയാക്കിത്തരേണമെന്ന് നിര്‍ലജ്ജം കെഞ്ചുന്നു. അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന് ഉപദേശിച്ചിട്ടും പിന്മാറാന്‍ തെയ്യാറാകാത്ത സോദരനില്‍ അലിവുതോന്നി സുദേഷ്ണ വല്ലവിധവും അവളെ നിന്റെ ഗൃഹത്തിലേയ്ക്ക് അയക്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. കീചകന്റെ ഗൃഹത്തില്‍ പോയി മദ്യം വാങ്ങിവരുവാന്‍ സുദേഷ്ണ മാലിനിയോട് കല്പിക്കുന്നു രംഗം ഒന്‍പതില്‍. പല തടസങ്ങള്‍ പറഞ്ഞുനോക്കിയെങ്കിലും ഒടുവില്‍ ഗത്യന്തരമില്ലാതെ മാലിനി ഭയപരിഭ്രമങ്ങളോടെ കീചകഗൃഹത്തിലേയ്ക്ക് പോകുന്നു. പത്താം രംഗത്തില്‍ തന്റെ ഗൃഹത്തിലെത്തുന്ന മാലിനിയോട് സാമദാനങ്ങള്‍ ഫലിക്കുന്നില്ലെന്നുകണ്ട കീചകന്‍ ബലാല്‍ക്കാരത്തിനു ശ്രമിക്കുന്നു. കീചകന്റെ മുഷ്ടിപാദങ്ങള്‍ കൊണ്ടുള്ള താഡനങ്ങള്‍ സഹിക്കാനാവാതെ ഓടുന്ന മാലിനിക്കു പിറകെ കീചകനും ഓടുന്നു. ഈ സമയം സൂര്യദേവനാല്‍ നിയോഗിതനായ മദോത്കടന്‍ എന്ന രാക്ഷസന്‍ കീചകനെ തടഞ്ഞ് മാലിനിയെ രക്ഷിക്കുന്നതാണ് രംഗം 11ല്‍. പന്ത്രണ്ടാം രംഗത്തില്‍ മാലിനി വിരാടസഭയിലെത്തി കീചകനില്‍ നിന്നും തനിക്കുണ്ടായ പീഢനങ്ങളെ അറിയിക്കുന്നു. കീചകാദി സ്യാലന്മാരില്‍ അതീവ വത്സല്യമുള്ള വിരാടന്‍ ഇതിന് പ്രതികരിക്കുന്നില്ല. തുടര്‍ന്ന് കങ്കന്‍ അവളെ വിധിവിഹിതം അനുസരിക്കുവാന്‍ ഉപദേശിച്ച് ആശ്വസിപ്പിക്കുന്നു. ഇങ്ങിനെ സ്വകാന്തനില്‍ നിന്നുപോലും നീതിലഭിക്കാതെ അതീവ ദു:ഖിതയായിതീരുന്ന പാഞ്ചാലി രാത്രിയില്‍ പാചകശാലയില്‍ ചെന്ന് വലലനോട് തന്റെ സങ്കടങ്ങള്‍  ഉണര്‍ത്തിക്കുന്നു രംഗം 13ല്‍. അടുത്തരാത്രിയില്‍ കീചകനെ നൃത്തശാലയിലേയ്ക്ക് ക്ഷണിച്ചുവരുത്തിയാല്‍ താന്‍ അവനെ ഹനിച്ചുകോള്ളാം എന്ന് വലലന്‍ ഉറപ്പുനല്‍കുന്നു. പതിനാലാം രംഗത്തില്‍ കീചകന്‍ മാലിനിയോടുള്ള കാമാവേശത്തോടെ അവളെ പ്രാപിക്കുവാനായി രാത്രിയില്‍ തപ്പിതടഞ്ഞ് നൃത്തശാലയിലെത്തുന്നു. അവിടെ പുതച്ചുമൂടി കിടന്നിരുന്ന വലലനെ മാലിനിയാണെന്ന ധാരണയില്‍ കീചകന്‍ പ്രേമത്തോടെ സമീപിക്കുന്നു. തുടര്‍ന്ന് വലലന്‍ കീചകനുമായി യുദ്ധത്തിലേര്‍പ്പെടുകയും അവനെ ഞെരുക്കിക്കൊന്ന് ഇടിച്ച് പിണ്ഡാകൃതിയിലാക്കി എറിയുകയും ചെയ്യുന്നു. നൃത്തശാലയിലെ ഒരു കാവല്‍ക്കാരന്‍ കീചകസോദരന്മാരായ ഉപകീചകന്മാരെ കണ്ട് കീചകന്റെ മരണവൃത്താന്തം അറിയിക്കുന്നതാണ് രംഗം15ല്‍. കരുത്തനായ ജേഷ്ഠന്റെ മരണത്തില്‍ ആശ്ചര്യപ്പെടുന്ന ഉപകീചകന്‍ പകരംവീട്ടാന്‍ ഉറയ്ക്കുന്നു. പതിനാറാം രംഗത്തില്‍ നൃത്തശാലയിലെത്തുന്ന ഉപകീചകന്‍ അവിടെയിരുന്ന കരയുന്ന മാലിനിയെ കീചകന്റെ ദേഹത്തിനൊപ്പം കെട്ടി ദഹിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ സമയത്ത് വലലന്‍ വീണ്ടും അവിടെയെത്തി മാലിനിയെ മോചിപ്പിച്ചശേഷം ഉപകീചകരേയും കൊന്നൊടുക്കുന്നു. ഒരു ഗന്ധര്‍വ്വനാലാണ് കീചകാദികള്‍ മരണപ്പെട്ടതെന്ന് പ്രചരിപ്പിച്ചുകൊള്ളുവാന്‍ നിര്‍ദ്ദേശിച്ച് വലലന്‍ മാലിനിയെ ആശ്വസിപ്പിച്ചയക്കുന്നതാണ് അന്ത്യരംഗത്തില്‍. 

മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങള്‍
മഹാഭരതം ‘വിരാടപര്‍വ്വ’ത്തിലെ ‘പാണ്ഡവപ്രവേശം’, 
‘സമയപാനം’, ’കിചകവധം‘ എന്നീ ഉപ പര്‍വ്വങ്ങളെ(ആദ്യ 24 അദ്ധ്യായങ്ങള്‍) അടിസ്ഥാനമാക്കിയാണ് തമ്പി കീചകവധം ആട്ടകഥ രചിച്ചിട്ടുള്ളത്.
.
1.അജ്ഞാതവാസകാലത്ത് ധര്‍മ്മപുത്രന്‍ ‘കുങ്കന്‍’ എന്നും ഭീമസേനന്‍ ‘വല്ലഭന്‍’ എന്നും പേര്‍ സ്വീകരിക്കുന്നതായാണ് ഭാരതത്തില്‍ കാണുന്നത്. എന്നാല്‍ ആട്ടക്കഥയിലാകട്ടെ യഥാക്രമം ‘കങ്കന്‍’, ‘വലലന്‍’ എന്നിങ്ങിനെയാണ് ഇവരുടെ പേരുകള്‍.
.
2.കീചകന്റെ അനുജരായി 105ഓളം ഉപകീചകന്മാര്‍ ഉള്ളതായും ഇവരെയെല്ലാം നേരിട്ട് കീചകന്‍ വധിക്കുന്നതായുമാണ് മൂലത്തില്‍. ആട്ടക്കഥയില്‍ സൌകര്യാര്‍ത്ഥം ഇവരുടെ പ്രതിനിധിയായി ഒരു ഉപകീചകനെ മാത്രമാണ് അവതരിപ്പിക്കുക.

രംഗാവതരണത്തിലെ സവിശേഷതകള്‍
നാടകീയമായ ഇതിവൃത്തസംവിധാനത്താലും കഥകളിയുടെ 
നൃത്തഗീതങ്ങള്‍ക്കിണങ്ങുന്ന ആഖ്യാനചാരുതയാലും മനോഹരമായ ആട്ടകഥയാണ് കീചകവധം. ശൃഗാര-വീര-കരുണ രസങ്ങള്‍ക്കെല്ലാം സ്ഥാനമുള്ള ഈ ആട്ടകഥയില്‍ ഒന്നാതരം കത്തിവേഷക്കാരനും(കീചകന്‍), ഒന്നാംതരം സ്ത്രീവേഷക്കാരനും(സൈരന്ധ്രി) നല്ല സാദ്ധ്യതയും ഉണ്ട്.

1.ആറാം രംഗത്തിലെ മല്ലയുദ്ധം ചടുലതാളഭംഗിയുള്ള പദങ്ങളാലും നൃത്തഭംഗിയാര്‍ന്ന അടവുകളാലും മേളക്കൊഴുപ്പിനാലും ചടുലമനോഹരവും അനുപമവുമാണ്.

2.ഏഴാം രംഗത്തിലെ കീചകന്റെ ശൃഗാരപ്പദം പതിഞ്ഞകാലത്തിലുള്ളതും ചിട്ടപ്രധാനമായതുമാണ്.


3.സുദേഷ്ണയുടെ ദയാരഹിതമായ ആജ്ഞകേള്‍ക്കുന്നതുമുതല്‍ കീചകഗൃഹത്തില്‍ എത്തുന്നതുവരേയുള്ള സൈരന്ധ്രിയുടെ ദുസ്സഹമായ അവസ്തകള്‍ രസാഭിനയയോഗ്യമായ  ഒരു ദണ്ഡകത്തിലാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ഭാവോന്മീലനവും രംഗപരിക്രമണവും സൂക്ഷ്മമായി സാധിക്കുന്നതരത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും സാഹിത്യഭംഗിയാര്‍ന്നതുമായ ഈ ദണ്ഡകം കഥകളിയിലെ തന്നെ ഒരനന്വയമാണ്. ‘നടുങ്ങി’(വേപഥു), ‘വിവശത’(തളര്‍ച്ച), ‘ശ്രമസലിലം’(സ്വേദം), ‘നയനജലം’(അശ്രു), ‘മലിനതരവേഷം’(വൈവണ്ണ്യം), ‘പഥികിമപി നിന്നു’(സ്തംഭനം). ‘പുളകജാത’(രോമാഞ്ചം) എന്നിങ്ങിനെ 8 സ്വാത്തിക ഭാവങ്ങളില്‍ 7ഉം ഈ ദണ്ഡകത്തില്‍ വരുന്നുണ്ട്.


4.പത്താം രംഗത്തിലെ കീചകന്റെ  ‘ഹരിണാക്ഷീ’ എന്ന പദം സംഗീതപ്രയോഗത്തിനും അഭിനയത്തിനും വളരെ സാദ്ധ്യതകളുള്ളതാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണരീതി
*1,2,3,5,12,17 രംഗങ്ങള്‍ തീരെ അവതരിപ്പിക്കുക പതിവില്ല.

*‘മല്ലയുദ്ധം’ എന്ന ആറാം രംഗവും 11,15,16 രംഗങ്ങളും അപൂര്‍വ്വമായിമാത്രമെ അരങ്ങിലെത്താറുള്ളു.

4,6,7,8,9,10,13,14 രംഗങ്ങളാണ് സാധാരണയായി അവതരിപ്പിക്കാറുള്ളവ.

*നാലാം രംഗത്തില്‍ കീചകനും വലലനുമായി യുദ്ധപ്പദങ്ങളും യുദ്ധവട്ടവും പണ്ട് ചെയ്തിരുന്നുവെങ്കിലും ഇന്ന് പതിവില്ല. വലലന്റെ മുറുകെയുള്ള ആലിംഗനം കൊണ്ട് കീചകന്‍ ശ്വാസം‌മുട്ടി മരിക്കുന്നതായാണ് ഇപ്പോള്‍ നടപ്പ്.

1 അഭിപ്രായം:

Unknown പറഞ്ഞു...

നല്ല ലേഖനം മാഷ്