2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ലവണാസുരവധം മുന്ന് മുതല്‍ പതിനാല് വരെ രംഗങ്ങള്‍

മൂന്നു മുതല്‍ പതിമൂന്നു വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

പതിനാലാം രംഗം

രംഗത്ത്-സീത‍(സ്ത്രീവേഷം), കുശലവന്മാര്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷങ്ങള്‍), മുനികുമാരന്മാര്‍(കുട്ടിത്തരം മിനുക്ക് വേഷങ്ങള്‍), ശത്രുഘ്നന്‍‍(ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കാമോദരി
“കദാചിദ്വാല്മീകൌ വരുണമഥ ദ്രഷ്ടും ഗതവതി
 സ്വമാതുസ്സീതായാ:പദയുഗസരോജം കുശലവൌ
 മുദാ തൌ ശ്രീമന്താവനുപമകുമാരാവവനതൌ
ശുഭാംഗൌ വാചം താം ശ്രുതിമധുരമേവം ജഗദതു:‍”
{ഒരിക്കല്‍ വാല്മീകിമഹര്‍ഷി വരുണനെ കാണാന്‍ പോയ അവസരത്തില്‍ ശ്രീമാന്മാരും അനുപമഗുണന്മാരായ കുമാരന്മാരും സുന്ദരന്മാരുമായ കുശലവന്മാര്‍ മാതാവായ സീതാദേവിയുടെ പദപത്മങ്ങളെ വന്ദിച്ച് ഉത്സാഹത്തോടുകൂടി ശ്രുതിമധുരമായി പറഞ്ഞു.}

സീതാദേവി വലതുവശത്ത് പീഠത്തില്‍ ഇരിക്കുന്നു. കുശലവന്മാര്‍ ചാപബാണധാരികളായി ഇടതുഭാഗത്തുകൂടി പ്രവേശിച്ച് സീതയെ കെട്ടിച്ചാടി കുമ്പിടുന്നു. തുടര്‍ന്ന് ലവന്‍ തൊഴുതുമാറി നില്‍ക്കുകയും കുശന്‍ തൊഴുത് പദാഭിനയം ആരംഭിക്കുകയും ചെയ്യുന്നു.

പദം-രാഗം:കാമോദരി, താളം:അടന്ത(മൂന്നാം കാലം)
കുശന്‍:
ചരണം1:
“നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍
 അംബ ദയാനിലയേ വരമമ്പൊടു നല്‍കുക
 ഡിംഭകേളിചെയ്‌വാന്‍ സംഭവിച്ചു സമയം”
{അമ്മേ, ദയാനിലയേ, അവിടുത്തെ പാദാരവിന്ദം ഞങ്ങള്‍ കുമ്പിടുന്നു‍. ദയാപൂര്‍വ്വം അനുഗ്രഹിച്ചാലും. ബാലകേളിചെയ്യാനായി സമയമായിരിക്കുന്നു.}
“നിന്‍ പാദാംഭോരുഹം കുമ്പിടുന്നു” (കുശന്‍-കലാ: രാധാകൃഷ്ണന്‍, സീത-കലാ:വിജയന്‍, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്
ലവന്‍:
ചരണം2:
“ബാലകന്മാരോടു മേളിച്ചു ഞങ്ങളും
 ലീലചെയ്‌വാനധുനാ വനജാലങ്ങള്‍ കണ്ടു
 വരുന്നുണ്ടു മാതാവേ കാലം കളഞ്ഞിടാതെ”
{ബാലകന്മാരോടുകൂടി ഞങ്ങളും ഇപ്പോള്‍ കളിക്കുവാന്‍ പോയി വനവും കണ്ടിട്ട് കാലം വൈകാതെ മടങ്ങിവന്നുകൊള്ളാം മാതാവേ}

സീതയുടെ പദം-രാഗം:എരിക്കലകാമോദരി, താളം:മുറിയടന്ത
പല്ലവി:
“അനുപമഗുണനാകും മനുകുലദീപനു
 കനിവോടു ജനിച്ചിഹ വളരുന്നു നിങ്ങള്‍”
അനുപല്ലവി:
“ദിനകരകിരണേന പരിതാപിതമായീടും
 വനതലമതിലിന്നു കഥമിതി ഗമിക്കുന്നു”
ചരണം1:
“ഗതികള്‍ കാണുന്നേരം മദഗജമൊളിച്ചീടും
 അധുനാ നിങ്ങളെപ്പിരിയുമോ ഞാനും
 മതിമുഖദ്വയംകണ്ടാല്‍ അതിമോദമിയലുന്നു
 അതിമൃദുവചനങ്ങള്‍ മതിയാകുമോ കേട്ടാല്‍”
{ഉപമിക്കാനാകാത്ത ഗുണങ്ങളോടു കൂടിയവനായ മനുകുലദീപന് മക്കളായി ജനിച്ച് ഇവിടെ വളരുന്നു നിങ്ങള്‍. സൂര്യകിരണങ്ങളേറ്റാല്‍ തളരും നിങ്ങള്‍. പിന്നെ വനത്തിലേയ്ക്ക് ഇപ്പോള്‍ എങ്ങിനെ പോകും? മത്തനായ ഗജം പോലും നാണിച്ച് ഒളിക്കുന്നത്ര സൌന്ദര്യമുള്ള സഞ്ചാരഗതിയോടു കൂടിയ നിങ്ങളെ ഞാന്‍ ഇപ്പോള്‍ പിരിഞ്ഞിരിക്കുന്നതെങ്ങിനെ? നിങ്ങളുടെ ചന്ദ്രസമാനമായ മുഖങ്ങള്‍ കണ്ടാല്‍ അതിയായ മോദം ഉണ്ടാകുന്നു. നിങ്ങളുടെ അതിമൃദുവായ വചനങ്ങള്‍ കേട്ടാല്‍ മതിയാകുമോ?}

ശേഷം ആട്ടം-
കുശലവന്മാര്‍:(സീതയെ കെട്ടിച്ചാടി കുമ്പിട്ടശേഷം) ‘എന്നാല്‍ ഞങ്ങള്‍ പോകട്ടെയോ?’
സീത:‘നില്ക്കട്ടെ, നിങ്ങള്‍ക്ക് ഇന്ന് വിദ്യാഭ്യാസം ഇല്ലയോ?’
കുശന്‍:‘ഇന്ന് മുടക്കമാണ്’
സീത:‘അതിനുകാരണം എന്ത്?’
ലവന്‍:‘ഗുരുനാഥനായ വാല്മീകിമഹര്‍ഷി ഇന്ന് വരുണനെ സന്ദര്‍ശ്ശിക്കുവാനായി പോയിരിക്കുകയാണ്’
കുശന്‍:‘അതിനാല്‍ ഇന്ന് വിദ്യാഭ്യാസമില്ല’
സീത:‘വനത്തില്‍ ചെന്നാല്‍ നിങ്ങള്‍ വെയിലില്‍ നടക്കുമോ?’
ലവന്‍:‘ഇല്ല, വെയിലില്‍ നടക്കുകയില്ല’
സീത:‘എന്നാല്‍ പോയി സ്വല്പസമയം കളിച്ചശേഷം വേഗം മടങ്ങിവരിക’
കുശലവന്മാര്‍:‘അങ്ങിനെ തന്നെ’
കുശലവന്മാര്‍ സീതയെ വീണ്ടും കുമ്പിടുന്നു. സീത അനുഗ്രഹിച്ച് ഇരുവരേയും വാത്സല്യത്തോടെ ആലിംഗനം ചെയ്ത് യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു. കുശലവന്മാര്‍ മാറിതിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.

ശ്ലോകം^-രാഗം:ഭൈരവി
“ആജ്ഞാമാലംബ്യ മാതുര്‍ വനഭുവി ച ജവാല്‍ സഞ്ചരന്തൌ കുമാരൌ
 സാകം സമ്പ്രേക്ഷണീയൌ സകലഗുണഗണൈശ്ചന്ദ്രബിംബോപമാസൌ
 ഉല്‍‌പ്രേക്ഷ്യോല്‍‌പ്രേക്ഷ്യ വൃക്ഷാന്‍ ഫലഭരനമിതാനത്ഭുതാന്‍ പക്ഷിസംഘാന്‍
 ദൃഷ്ട്വാ തുംഗം തുരഗം സകുതുകമനുജസ്തത്രപൂര്‍വ്വം ജഗാദ”
{സുന്ദരന്മാരും സകലഗുണസമ്പന്നന്മാരും ചന്ദ്രബിംബതുല്യം മുഖകാന്തിയുള്ളവരുമായ കുമാരന്മാര്‍ മാതൃസമ്മതപ്രകാരം വനത്തിലെത്തി ഫലങ്ങള്‍ നിറഞ്ഞ് കുമ്പിട്ട് നില്‍ക്കുന്ന വൃക്ഷങ്ങളേയും അത്ഭുതകരമായ പക്ഷിസംഘങ്ങളേയും കണ്ട് കണ്ട് സഞ്ചരിക്കവെ വലിയൊരു കുതിരയെ കണ്ട്, അനുജന്‍ കൌതുകപൂര്‍വ്വം ജേഷ്ഠനോട് പറഞ്ഞു.}

[^ശ്ലോകം ആലപിക്കുന്ന സമയത്ത് കുശലവന്മാര്‍ വനത്തില്‍ സഞ്ചരിക്കുന്ന സങ്കല്പത്തില്‍ രംഗത്ത് വട്ടം വെയ്ക്കുന്നു. ‘ഉല്‍‌പ്രേക്ഷ്യോല്‍‌പ്രേക്ഷ്യ’ എന്ന് ആലപിക്കുന്നതോടെ അവര്‍ ഫലപൂരിതമായ വൃക്ഷങ്ങളേയും പക്ഷിക്കൂട്ടങ്ങളെയും കണ്ട് അത്ഭുതപ്പെടുന്നതായി നടിക്കുന്നു. ‘ദൃഷ്ട്വാ’ എന്നതിനൊപ്പം ലവന്‍ ഇടതുഭാഗത്തായി അശ്വത്തെ കാണുകയും സന്തോഷത്തോടെ കണ്ണുകള്‍കൊണ്ട് കുതിരയെ ജേഷ്ഠന് കാട്ടികൊടുക്കുകയും ചെയ്യുന്നു.]

കുശന്‍ വലതുവശം പീഠത്തില്‍ ഇരിക്കുന്നു. ലവന്‍ പദം അഭിനയിക്കുന്നു.

പദം-രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
ലവന്‍:
ചരണം1:
“അഗ്രജവീര വ്യഗ്രം കൂടാതെ
 ഉഗ്രതുരഗം അഗ്രേ കാണ്‍കെടോ”
{ജേഷ്ഠാ, വീരാ, പരിഭ്രമിക്കാതെ മുന്നില്‍ ഉഗ്രനായ കുതിരയെ കാണുക}
ഉഗ്രതുരഗം അഗ്രേ” (കുശന്‍-കലാ: രാധാകൃഷ്ണന്‍, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്)
കുശന്‍:
ചരണം2:-രാഗം:മോഹനം
“അനുജ വിസ്മയംദനുജമായയോ
 മനുജചേഷ്ടിതമജനി സാമ്പ്രതം”
ചരണം3:-രാഗം:മോഹനം(സാവേരിയിലും പതിവുണ്ട്)
“ഫാലനിബദ്ധം ലോലപത്രവും
 മൂലമെന്തെന്നു ബാലവാചയ”
{അനുജാ, വിസ്മയം തന്നെ. ഇത് രാക്ഷസമായയോ? അതോ മനുഷ്യരുടെ പ്രയോഗമോ? അതിന്റെ നെറ്റിയില്‍ കെട്ടിയിരിക്കുന്ന ഓലയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കു.}

ചരണമാടി കുശന്‍ കലാശമെടുക്കുന്നതോടെ ലവന്‍ ഇടത്തേയ്ക്കുനീങ്ങി ഓലവായിച്ച് നീരസം നടിക്കുന്നു. തുടര്‍ന്ന് ചരണം ആടുന്നു.

ലവന്‍:
ചരണം4:-രാഗം:മദ്ധ്യമാവതി
“ഏകവീരനാം കൌസല്യാസുതന്‍
 ലോകേ ഈ വണ്ണം ഏകനുണ്ടെങ്കില്‍“
ചരണം5:
“തുരഗബന്ധനം തരസാ ചെയ്യണം
 ധീരവാചകം വീര കേള്‍ക്കെടോ”
{‘ഏകവീരന്‍ കൌസല്യാസുതന്‍ മാത്രം. ലോകത്തില്‍ ഈവണ്ണം ഒരാള്‍ ഉണ്ടെങ്കില്‍ കുതിരയെ ബന്ധിക്കണം’ എന്ന ധീരവാചകം കേള്‍ക്കെടോ}

കുശന്‍:
ചരണം6:-രാഗം:സാരംഗം(മൂന്നാം കാലം)
“ഹന്തബാലക എന്തു സന്തേഹം
 സൈന്ധവം തന്നെ ബന്ധിക്കനീയും”
{ഹോ! ബാലകാ, എന്തിനു സന്തേഹം? കുതിരയെ നീ ബന്ധിക്കുക}

ലവന്‍ ബന്ധിക്കുവാനായി കുതിരയെ സമീപിക്കുന്നു. ഈ സമയം മുനികുമാരന്മാര്‍ ഇടതുഭാഗത്തുകൂടി പ്രവേശിച്ച് ‘അരുതേ, അരുതേ’ എന്ന് തടയുന്നു. കുശലവന്മാര്‍ വലത്തേയ്ക്കുനീങ്ങി വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു. മുനികുമാരന്മാര്‍ പദാഭിനയം ചെയ്യുന്നു.

മുനികുമാരന്മാരുടെ പദം-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
ഒന്നാമന്‍:
പല്ലവി:
“അലമലമതി സാഹസം ചെയ്കൊല്ല നിങ്ങള്‍
 ബലമെന്തു നമുക്കധുനാ”
{മതിയാക്കു,മതിയാക്കു, നിങ്ങള്‍ സാഹസം ചെയ്യരുതേ. എന്തു ബലമാണ് നമുക്കിപ്പോള്‍ ഉള്ളത്?}

കുശന്‍:‘ബലം ഈ വില്ലുതന്നെ’

ഒന്നാമന്‍:
അനുപല്ലവി:
“ഫലമില്ലാത്തൊരുകാര്യം ബലവാനും ചെയ്കയില്ല
 കളഭമോടമര്‍ചെയ്‌വാന്‍ തുനിഞ്ഞീടുമോ ഹരിണം”
(“അലമലമതി‌‌‌‌‌‌‌‌‌‌‌ --------------------------നമുക്കധുനാ”)
{ഫലമില്ലാത്തൊരു കാര്യം ബലവാനും ചെയ്യുകയില്ല. ആനയോട് പോര്‍ചെയ്യാന്‍ തുനിയുമോ മാന്‍?}
അലമലമതി സാഹസം”
രണ്ടാമന്‍:
ചരണം1:
“രഘുവരനാകും രാമന്റെ തുരഗമിതു
 മഖവരയോഗ്യമാകുന്നു
 ലഘുവല്ല ബന്ധിപ്പാനും അഘവുമതിനാല്‍ വരും
 മഖഭുകതാധിപനെങ്കിലുമഹോ നൂനം
(“അലമലമതി‌‌‌‌‌‌‌‌‌‌‌---------------നമുക്കധുനാ”)
{രഘുവംശ്രേഷ്ഠനായ രാമന്റെ കുതിരയാണിത്. യാഗാശ്വവുമാണ്. എളുപ്പമല്ല ബന്ധിക്കാന്‍. ദേവേന്ദ്രനാണെങ്കിലും ബന്ധിച്ചാല്‍ തീര്‍ച്ചയായും പാപവും വരും}

ഒന്നാമന്‍:
ചരണം2:
“അന്യായം ചെയ്കിലഞ്ജസാ ആശ്രമവനേ
 അവനിസുരന്മാര്‍ക്കധികം
 അനുചിതമായ്‌വരും അവനീശ കോപമുണ്ടാം
 അതിനുമില്ല സന്ദേഹം അവനിജാസുതന്മാരേ”
(“അലമലമതി‌‌‌‌‌‌‌‌‌‌‌ -------------------നമുക്കധുനാ”)
{ആശ്രമവനത്തില്‍ വെച്ച് അന്യായം ചെയ്താല്‍ അത് ബ്രാഹ്മണര്‍ക്ക് വലിയ അപരാധമായിവരും. രാജകോപം ഉണ്ടാ‍കും. അതിന് സന്ദേഹമില്ല സീതാസുതന്മാരേ}

കുശന്‍:‘അതുകൊണ്ട് ഒട്ടും ഭയമില്ല’ 
കുശലവന്മാരുടെ പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
കുശന്‍:
ചരണം1:
“ഭൂസുരബാലന്മാര്‍ക്കു ഭീതിയുമധികം
 ഭാസുരവീര്യശാലികള്‍ ആകും ബാഹുജന്മാര്‍”
{ബ്രാഹ്മണബാലന്മാര്‍ക്ക് ഭീതി അധികമാണ്. എന്നാല്‍ അധികവീര്യശാലികളാണ് ക്ഷത്രിയന്മാര്‍}

ലവന്‍:
ചരണം2:
“വാസവനെങ്കിലിഹ വൈരമോടുവന്നാല്‍
 ശാസിച്ചീടുന്നുണ്ടു ഞങ്ങള്‍ സന്ദേഹം കൂടാതെ”
{ഇന്ദ്രനെങ്കിലുമിവിടെ വൈരമോടു വന്നാല്‍ സന്ദേഹം കൂടാതെ ജയിക്കും ഞങ്ങള്‍}

കുശന്‍:
ചരണം3:
“ഘോരമായ ശരംകൊണ്ടു പാരിടം ജയിപ്പാന്‍
 ഭാരമില്ല ഞങ്ങള്‍ക്കേതും പോക പോക നിങ്ങള്‍”
{ഘോരമായ ശരം കൊണ്ട് പാരിടം ജയിക്കുവാന്‍ ഞങ്ങള്‍ക്കൊട്ടും പ്രയാസമില്ല. നിങ്ങള്‍ പോയാലും}

ശേഷം ആട്ടം-
ഇതുകേട്ട് മുനികുമാരന്മാര്‍ പോകുന്നു(നിഷ്ക്രമിക്കുന്നു). ലവന്‍ ഇടത്തേയ്ക്കുനീങ്ങി കുശനെ കെട്ടിച്ചാടികുമ്പിട്ടിട്ട് അടുത്ത് നില്‍ക്കുന്നു.
കുശന്‍:‘നീ വേഗം കുതിരയെ പിടിച്ചുകെട്ടിയാലും. ഞാന്‍ ഈ കാട്ടില്‍ അല്പനേരം സഞ്ചരിച്ചു വരാം’
ലവന്‍:‘അങ്ങിനെ തന്നെ’
ലവന്‍ കുമ്പിട്ട് യാത്രയാകുന്നു. യാത്രയയച്ചുകൊണ്ട് കുശന്‍ നിഷ്ക്രമിക്കുന്നു. ലവന്‍ തിരിഞ്ഞ് രംഗത്തേയ്ക്ക് വരുന്നു.
ലവന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന്, കണ്ട്, ആശ്ചര്യം നടിച്ചിട്ട് ആത്മഗതമായി) ‘ഇതാ കുതിരക്കുചുറ്റും അനവധി ഭടന്മാര്‍ നില്‍ക്കുന്നു. ഇവരെ ജയിക്കുന്നതെങ്ങിനെ?’ (വിചാരിച്ച് ഉറപ്പിച്ച്) ‘ആ, വഴിയുണ്ട്. സ്തംഭനാസ്ത്രംകൊണ്ട് ഇവരെ നിശ്ചലരാക്കി നിര്‍ത്തുകതന്നെ’ (വില്ലെടുത്ത് ഞാണ്‍‌ വലിച്ചുവിട്ട് ശസ്ത്രാഭിവന്ദനം നടത്തിയിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി കെട്ടിച്ചാടി ഇടത്തേയ്ക്ക് അസ്ത്രമയച്ചിട്ട് സൈന്യം നിശ്ചലമായതുകണ്ട് സന്തോഷിച്ച്) ‘സൈന്യങ്ങള്‍ നിശ്ചലരായിരിക്കുന്നു. ഇനി വേഗം കുതിരയെ പിടിച്ചുകെട്ടുക തന്നെ’
ലവന്‍ നാലാമിരട്ടിചവുട്ടി കലാശിക്കുന്നതോടെ ഇടതുഭാഗത്തേയ്ക്ക് കുതിരപ്പുറത്തേയ്ക്ക് ചാടികയറി അതിനെ ബന്ധിച്ച് ഇടതുകയ്യില്‍ വില്ലുകുത്തിപ്പിടിച്ച് ഗൌരവത്തില്‍ നില്‍ക്കുന്നു.

ശ്ലോകം-രാഗം:കേദാരഗൌഡം
“ഇത്ഥം നിയുജ്യ ലവമത്ര കുശേ പ്രയാതേ
 ലീലാവിനോദഹൃദയേ വിപിനം തദാനീം
 ബാലം സ കോമളതനും ശരചാപപാണിം
 രാമാനുജസ്തദനു തത്ര വാചോ ബഭാഷേ”
{ഇപ്രകാരം ലവനെ നിയോഗിച്ച് ക്രീഡാവിനോദപ്രിയനായി കുശന്‍ വനത്തിലേയ്ക്ക് പോയപ്പോള്‍ ശരചാപപാണിയായി അവിടെയെത്തിയ രാമാനുജനായ ശത്രുഘ്നനന്‍ കോമളശരിനായ ലവനോട് ഇങ്ങിനെ പറഞ്ഞു}

ശത്രുഘ്നന്‍ ശരചാപപാണിയായി വലതുവശത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുനീങ്ങി ലവനെ കാണുന്നു.
ശത്രുഘ്നന്‍:(ലവനെ ആപാദചൂടം വീക്ഷിച്ചിട്ട്) ‘എടാ, ഈ കുതിരയെ പിടിച്ചുകെട്ടിയത് എന്തിന്?’
ലവന്‍:‘കുതിരയുടെ നെറ്റിയില്‍ ഈവിധം അഹങ്കാരം എഴുതിവെച്ചിട്ടുതന്നെ’
ശത്രുഘ്നന്‍:‘ങാഹാ? വേഗം കെട്ടഴിച്ച് വിട്ട് പോ’
ലവന്‍:‘ഇല്ല, ഇല്ല.’
ശത്രുഘനന്‍:‘ഇല്ലെ? നോക്കിക്കോ’
ശത്രുഘ്നന്‍ നാലാമിരട്ടി എടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

യുദ്ധപദം-രാഗം:സുരുട്ടി, താളം:ചെമ്പട(മൂന്നാം കാലം)
ശത്രുഘനന്‍:
പല്ലവി:
“നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം”
ചരണം1:
“വില്ലാളികുലമെല്ലാം വല്ലാതെഭീതിയോടെ
 കല്യനായ നൃപവര്യപാദയുഗപല്ലവം തൊഴുന്നു
 ഹേളയിന്നു തവ തു കിന്നു സപദി നന്നു”
(“നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം”)
{നില്‍ക്കെടാ ബാലാ. നല്ലതിനല്ല ഈ നിന്ദിക്കല്‍. വില്ലാളികളുടെകൂട്ടമെല്ലാം വല്ലാത്ത ഭീതിയോടെ യോഗ്യനായ നൃപശ്രേഷ്ഠന്റെ പാദതളിരുകള്‍ തൊഴുന്നു. എന്നിരിക്കെ ഈ നിന്ദ നിനക്ക് നല്ലതോ?}

ലവന്‍:
ചരണം2:
“പോരും പോരും നിന്നുടെ വീരവാദം ചൊന്നതു
 പാരിടത്തിലൊരു വീരനെന്നു ചില ലേഘനങ്ങള്‍ കണ്ടു
 കടുതകൊണ്ടു പടുതപൂണ്ടുയെന്തുവേണ്ടു”
പല്ലവി:
“നില്ലു നില്ലടാ ഭൂപാ നല്ലതിനല്ല ഹേളനം”
{മതി, മതി നിന്റെ വീരവാദം പറച്ചില്‍. പാരിടത്തിലെ ഏകവീരനെന്ന് ചില ലേഘനങ്ങള്‍ കണ്ടു. കോപം കൊണ്ട് ബലം പ്രയോഗിച്ചു. അതിന് എന്തുവേണം?}

ശത്രുഘ്നന്‍:
ചരണം3:
“ദാശരഥിയുടയവാജിയെ ബന്ധിപ്പതിനാശയെന്തു തവ
 കീശകൃത്യമിതു പോക്കുമെന്നതോര്‍ക്ക
 കരുതിനില്ക്ക ഹൃദി ധരിക്ക സമരമേല്ക്ക”
(“നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം”)
{ദാശരഥിയുടെ വാജിയെ ബന്ധിക്കുവാന്‍ ആശയെന്താണ് നിനക്ക്? ഈ വാനരചാപല്യം നശിപ്പിക്കുമെന്ന് മനസ്സിലാക്കി കരുതലോടെ നിന്ന് സമരത്തെ നേരിടുക}

ലവന്‍:
ചരണം4:
“ബാലനെന്നുള്ള നാമം ചൊല്ലീടരുതേ നീയും
 ബാലനല്ലോ ബലിയാഗവാടമതിലോകമാനകല്യന്‍
 അവനു തുല്യന്‍ അഹമശല്യന്‍ അമരബല്യന്‍”
(“നില്ലു നില്ലെടാ ഭൂപാ നല്ലതിനല്ല ഹേളനം”)
{ബാലനെന്ന് നീ വിളിക്കരുത്. പണ്ട് ഒരു ബാലനാണല്ലൊ ബലിയുടെ യാഗശാലയില്‍ മൂന്നുലോകങ്ങളേയും കവിഞ്ഞ് യോഗ്യനായവന്‍. അവനു തുല്യനും, ധീരനും, ദേവശക്തിയുള്ളവനുമാണ് ഞാന്‍}

ശേഷം യുദ്ധവട്ടം-
ഇരുവരും പരസ്പരം പോരിനുവിളിച്ച് അസ്ത്രങ്ങളയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം നാലാമിരട്ടിയെടുത്ത് അമ്പയച്ച് വട്ടം തിരിയുന്ന ലവനെ ശത്രുഘ്നന്‍ ബന്ധിച്ച് ഇടതുവശത്തായി നിര്‍ത്തുന്നു.

ശ്ലോകം-രാഗം:പന്തുവരാളി
“ഏവം മോഹമുപാഗതം ലവമസൌ ജ്ഞാത്വാഗ്രജാത്മജം
 ബാഹുഭ്യാം പരിരഭ്യ തുംഗതുരഗം സംഗൃഹൃ യാത: പഥി
 തദ്ഭ്രാതാപി കുശോഥ വേദിതകഥോ യുദ്ധായ ബഭ്രദ്ധനു
 സ്തുര്‍ണ്ണം തത് പുരതോ നിവാര്യഗമനം ശത്രുഘ്നമൂചേ തദാ”
{ഇപ്രകാരം മോഹാലസ്യപ്പെട്ട ലവന്‍ ജേഷ്ഠപുത്രനാണെന്ന് അറിഞ്ഞിട്ട് ശത്രുഘ്നന്‍ ആലിംഗനം ചെയ്തശേഷം, ആ വലിയ കുതിരയെ കൈക്കലാക്കി തന്റെ വഴിക്ക് പോകാന്‍ തുടങ്ങി. വഴിക്ക് ജേഷ്ഠനായ കുശന്‍ ഇക്കഥയറിഞ്ഞ് യുദ്ധത്തിനായി വില്ലുമേന്തി ശത്രുഘ്നന്റെ മുമ്പില്‍ വന്ന് വഴിതടഞ്ഞിട്ട് ഇങ്ങിനെ പറഞ്ഞു.}
കുശന്‍-കലാ: രാധാകൃഷ്ണന്‍, ശത്രുഘനന്‍-സദനം മോഹനന്‍, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്
കുശന്‍ വലതുഭാഗത്തുകൂടി ഓടി പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന് ബന്ധനസ്ഥനായ അനുജനേയും ശത്രുഘ്നനേയും കാണുന്നു.
കുശന്‍:(ക്ഷോഭിച്ച്) ‘എടാ, എന്റെ അനുജനെ ബന്ധിക്കുവാന്‍ കാരണമെന്ത്?’
ശത്രുഘ്നന്‍:‘കുതിരയെ പിടിച്ചുകെട്ടിയതു തന്നെ കാരണം’
കുശന്‍:‘ഉടനെ കെട്ടഴിച്ചുവിട്ട് പോ’
ശത്രുഘ്നന്‍:‘ഇല്ല’
കുശന്‍:‘ഇല്ലെ?’
കുശന്‍ ബലമായി ലവനെ ബന്ധവിമുക്തനാക്കി വലതുവശത്തേയ്ക്ക് കൊണ്ടുവരുന്നു. ലവന്‍ കുശനെ കുമ്പിട്ട് പിന്നോട്ട്മാറി നിഷ്ക്രമിക്കുന്നു. ലവനെ അനുഗ്രഹിച്ച് അയച്ചശേഷം കുശന്‍ ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ച് പദം ആടുന്നു.

യുദ്ധപദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
കുശന്‍:
പല്ലവി:
“ആരെടാ ബാലനെപ്പിടിച്ചു കൊണ്ടുപോകുന്ന-
 താരെടാ നില്ലു നില്ലടാ”
ചരണം1:
“ധൈര്യമോടു നീ എന്നുടെ
 നേരെ നില്‍ക്കുമെന്നാല്‍
 ഘോരമായ സമരേ മമ സായക
 മേല്ക്കുമെന്നതോര്‍ക്ക കരുതിനില്ക്ക”
(“ആരെടാ ബാലനെ-------നില്ലു നില്ലടാ”)
{ബാലനെ പിടിച്ചുകൊണ്ടുപോകുന്നതാരെടാ? നില്ലടാ, നില്‍ക്ക്. ധൈര്യമോടെ നീ എനോട് നേരിട്ടുവെന്നാല്‍ ഘോരമായ സമരത്തില്‍ എന്റെ അസ്ത്രമേല്‍ക്കുമെന്ന് മനസ്സിലാക്കുക. കരുതി നില്‍ക്കുക}

ശത്രുഘ്നന്‍:
ചരണം2:
“ചിന്തനംകൂടാതെ നീ സൈന്ധവമിതുതന്നെ
 ബന്ധിപ്പതിനുമെന്തെടാ മന്ദമതേ നീയും
 ബന്ധിച്ചു കൊണ്ടുപോകും വന്ദനീയജന നിന്ദനമിതു
 തവ യോഗ്യമല്ല ബാല ചപലശീല”
പല്ലവി:
“ആരെടാ വാജിയെപ്പിടിച്ചുകൊണ്ടുപോകുന്ന-
 താരെടാ നില്ലു നില്ലടാ”
{ചിന്തനം കൂടാതെ നീ കുതിരയെ ബന്ധിച്ചതെന്തിന്? മന്ദബുദ്ധീ, നിന്നെയും പിടിച്ചുകെട്ടി കൊണ്ടുപോകും. വന്ദനീയരായവരെ ഇങ്ങിനെ നിന്ദിക്കുന്നത് നിനക്ക് യോഗ്യമല്ല ചപലശീലനായ ബാലകാ. കുതിരയെ പിടിച്ചുകൊണ്ടുപോകുന്നത് ആരെടാ? നില്ലടാ, നില്‍ക്ക്}

കുശന്‍:
ചരണം3:
“കഷ്ടമാകിയ കര്‍മ്മം ചെയ്തതിനിഹ തവ
 കിട്ടുമടുത്തുഫലവും കെട്ടുപെട്ട വാജിയെ
 വിട്ടുകൊണ്ടു പോകുമോ തിഷ്ഠതിഷ്ഠ രണനാടക-
 മാടുവതിന്നു ധൃതി കലര്‍ന്നു സമയമതിനന്നു”
(“ആരെടാ ബാലനെ-------------നില്ലു നില്ലടാ”)
{കഷ്ടമായുള്ള ഈ കര്‍മ്മം ചെയ്തതിനുള്ള ഫലം നിനക്ക് ഇപ്പോള്‍ തന്നെ കിട്ടും. കുതിരയെ കെട്ടഴിച്ച് കൊണ്ടുപോകുമോ? രണമാടുവാന്‍ ധീരതയോടെ നില്‍ക്കുക. ഏറ്റവും നല്ല സമയമാണിത്}

ശേഷം യുദ്ധവട്ടം-
ശത്രുഘ്നനും കുശനും ക്രമത്തില്‍ പോരുവിളിച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം ശത്രുഘ്നന്‍ പരാജയപ്പെട്ട് പിന്‍‌വാങ്ങുന്നു. ശത്രുഘ്നന്‍ നിഷ്ക്രമിക്കുന്നു. കുശന്‍ ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടി മുന്നോട്ടുവരുന്നു.
കുശന്‍:‘അവന്‍ യുദ്ധത്തില്‍ തോറ്റ് ഓടിപോയി. ഇനി അനുജനോടുകൂടി ഇവിടെ ഇരിക്കുകതന്നെ’
കുശന്‍ നാലാമിരട്ടിയെടുത്ത് പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: