2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ലവണാസുരവധം പതിനെട്ട്,പത്തൊന്‍പത് രംഗങ്ങള്‍

പതിനെട്ടാം രംഗം

രംഗത്ത്-സീത, ഹനുമാന്‍, കുശന്‍, ലവന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“ബദ്ധ്വാതം സമരേ സമീരണസുതം സീതാസുതൌ സാഹസാല്‍
 സമ്യക്ക്ജ്ഞാനവതാം വരം കപിവരം മാതുസ്സമീപം ഗതൌ
 സീതാ ചാത്ഭുതവിക്രമ സ്വദയിത പ്രഖ്യാതഭക്തമ്മുദാ
 മുഗ്ദ്ധം ബദ്ധമവേക്ഷ്യ വാചമവദന്മന്ദാക്ഷമന്ദാക്ഷരം”
{ജ്ഞാനികളില്‍ മുന്‍പനും വായുസുതനുമായ ആ കപിശ്രേഷ്ഠനെ സീതാസുതന്മാര്‍ സാഹസത്താല്‍ സമരത്തില്‍ ബന്ധിച്ച് മാതൃസമീപത്ത് കൊണ്ടുചെന്നു. സീതയാകട്ടെ അത്ഭുതവിക്രമനും സ്വന്തം പതിയുടെ പ്രഖ്യാതഭക്തനുമായ ഹനുമാനെ ബന്ധനസ്ഥനായി കണ്ടിട്ട് അപരാധബോധത്തോടെ മന്ദം പറഞ്ഞു.}

സീത വലതുവശത്ത് പീഠത്തിലിരിക്കുന്നു. ഇടത്തുഭാഗത്തുകൂടി കുശലവന്മാര്‍ ഹനുമാനേയും കൊണ്ട് പ്രവേശിക്കുന്നു. ഹനുമാനെ ഇടതുഭാഗത്ത് നിലത്തിരുത്തിയിട്ട് ഇരുവരും മാതാവിനെ വണങ്ങി, സന്തോഷത്തോടെ ഹനുമാനെ കാട്ടികൊടുക്കുന്നു. സീത എഴുന്നേറ്റ് ഹനുമാനെ സൂക്ഷിച്ചുനോക്കിയിട്ട് അത്ഭുതത്തോടും ദു:ഖത്തോടും കൂടി പദാഭിനയം ചെയ്യുന്നു.

സീതയുടെ പദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
“ഹന്ത ഹന്ത ഹനുമാനേ ബന്ധിതനായതു പാര്‍ത്താല്‍
 എന്തീവണ്ണം വന്നീടുവാന്‍ ചിന്തിക്കില്‍ ദൈവചേഷ്ടിതം”
ചരണം2:
“പ്രാണനെപ്പാലിച്ച നിന്നെ കാണിനേരം മറക്കുമോ
 പ്രാണികളില്‍ നിന്നെപ്പോലെ കാണുമോ വാനരവീര”
ചരണം3:
“ജനകന്‍ മേ താതനെന്നു ജനങ്ങളുരചെയ്യുന്നു
 കനിവോടെന്‍ പ്രാണനേയും ജനിപ്പിച്ച ജനകന്‍ നീ”
ചരണം4:^
“സുന്ദര മമ തനയ വന്ദനീയന്‍ ശ്രീഹനൂമാന്‍
 ബന്ധിച്ചതു മഹാപാപം ബന്ധമോചനം ചെയ്താലും”
{കഷ്ടം! കഷ്ടം! ഹനുമാനേ, അങ്ങ് ബന്ധിതനായി കാണുന്നല്ലോ. എന്താണ് ഈവിധം വരുവാന്‍? ചിന്തിക്കില്‍ ദൈവഹിതമെന്നേ പറയേണ്ടൂ. പ്രാണനെ രക്ഷിച്ച അങ്ങയെ നിമിഷനേരം പോലും മറക്കുമോ? പ്രാണികളില്‍ വാനരവീരനായ അങ്ങയെപ്പോലെ ഒരാളെ കണ്ടെത്താനാകുമോ? ജനകമഹാരാജാവാണ് എന്റെ താതനെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ കനിവോടെ എന്റെ പ്രാണനെ കാത്ത ജനകന്‍ അങ്ങാണ്. സുന്ദരാ, എന്റെ പുത്രാ, വന്ദനീയനാണ് ശ്രീഹനുമാന്‍. ബന്ധിച്ചത് മഹാപാപമായി. ബന്ധമോചനം ചെയ്താലും.}

[^“സുന്ദര മമ തനയ” എന്ന ചരണം രണ്ടാംചരണമായും ആലപിക്കാറുണ്ട്.]
“ഹന്ത ഹന്ത ഹനുമാനേ“ സീത-കലാ:വിജയകുമാര്‍, ഹനുമാന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ലവന്‍-ആര്‍.എല്‍.വി.പ്രമോദ്

പദാഭിനയശേഷം സീത ഇടതുവശത്ത് പീഠത്തിലിരിക്കുന്നു. മാതൃവചനം കേട്ട് കുശലവന്മാര്‍ ഹനുമാനെ ബന്ധമോചനം ചെയ്ത് വന്ദിക്കുന്നു. ഹനുമാന്‍ സീതാസമീപത്തേയ്ക്ക് നിരങ്ങി നിങ്ങിക്കൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ഹനുമാന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“സുഖമോ ദേവി സാമ്പ്രതമിഹതേ
 സുകൃതനിധേ ജാതം സുദിനം”
ചരണം1:
“പാദയുഗം തവ ഞാനും പരിചോടെ വന്ദിക്കുന്നേന്‍
 ആദരേണ പരിപാഹി ദാസനല്ലോ ഹനുമാന്‍ ഞാന്‍”
(“സുഖമോ ദേവി .......................................... സുദിനം”)
{ദേവീ, അവിടുത്തേയ്ക്ക് ഇവിടെ സുഖം തന്നെയല്ലെ? സുകൃതനിധിയായുള്ളവളേ, എനിക്കിത് ഒരു സുദിനമായ് വന്നു. അവിടുത്തെ പാദങ്ങള്‍ ഞാന്‍ സാദരം വന്ദിക്കുന്നു. സ്നേഹത്തോടെ പരിപാലിച്ചാലും. ഹനുമാനായ ഞാന്‍ അവിടുത്തെ ദാസനാണല്ലോ}
സുഖമോ ദേവി“ ഹനുമാന്‍-കീഴ്പ്പടം കുമാരന്‍ നായര്‍, സീത-കോട്ടക്കല്‍ ശിവരാമന്‍

ഹനുമാന്‍:(കുശലവന്മാരോടായി) ‘നോക്കിക്കോള്‍വിന്‍ ഞാനിപ്പോള്‍ എല്ലാം അമ്മയോട് പറയുന്നുണ്ട്’
കുശലവന്മാര്‍:(ഓടിവന്ന് ഹനുമാന്റെ ദേഹം തലോടിക്കൊടുത്തുകൊണ്ട്) ‘അയ്യോ അരുതേ. പറയരുതേ’
ഹനുമാന്‍:(വാത്സല്യപൂര്‍വ്വം കുശവലവന്മാരേ ആലിംഗനം ചെയ്തിട്ട്) ‘ഏയ് ഇല്ല. ഞാന്‍ പറയുന്നില്ല’
ഹനുമാന്‍ ആശ്ചര്യഭാവത്തോടെ പദാഭിനയം തുടരുന്നു.

ചരണം2:
“പുത്രരുടെ പരാക്രമം എത്രയുമദ്ഭുതം പാര്‍ത്താല്‍
 ഇത്രിലോകം പാലിപ്പാനും യോഗ്യരായി വരും നുനം”
{പുത്രരുടെ പരാക്രമം കണ്ടാല്‍ എത്രയും അത്ഭുതം തന്നെ. ഈ ത്രിലോകം പാലിക്കുവാന്‍ ഇവര്‍ യോഗ്യരായ് വരും, തീര്‍ച്ച.}
പുത്രരുടെ പരാക്രമം“ സീത-കലാ:വിജയന്‍, ഹനുമാന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് ഹനുമാന്‍ സീതയെ വന്ദിച്ച് സമീപം നിക്കുന്നു.
സീത:(അനുഗ്രഹിച്ചശേഷം) ‘സ്വാമിക്കും അനുജാദികള്‍ക്കും സുഖം തന്നെയല്ലെ?’
ഹനുമാന്‍:‘സുഖം തന്നെ’
സീത:‘അങ്ങ് ഈ കാട്ടില്‍ വന്നതെന്തിന്?’
ഹനുമാന്‍:‘ശ്രീരാമസ്വാമി ഒരു യാഗം നടത്തുന്നു. അതിന്റെ ഭാഗമായി ദിഗ്വിജയത്തിനായി ഒരു അശ്വത്തെ അയച്ചു. ആ കുതിരയെ ഇവര്‍ ബന്ധിച്ചു. സ്വാമീനിയോഗത്താല്‍ വാജിയെ തേടി ഈ കാട്ടില്‍ വന്ന ഞാന്‍ ഇവരെ കണ്ടു. ലേശം യുദ്ധം ചെയ്തു. അങ്ങിനെ ഇവിടെ വരാനും അവിടുത്തെ കാണാനും സംഗതി വന്നു.
സീത:‘ഭാര്യ സമീപമില്ലാതെ സ്വാമി യാഗം നടത്തുന്നതെങ്ങിനെ?’
ഹനുമാന്‍:‘സ്വര്‍ണ്ണംകൊണ്ട് ദേവിയുടെ രൂപം നിര്‍മ്മിച്ച് സമീപത്തുവെച്ചുകൊണ്ടാണ് സ്വാമി യാഗം നടത്തുന്നത്. ഏതായാലും ദേവിയെ ദര്‍ശ്ശിക്കുവാന്‍ എനിക്ക് യോഗമുണ്ടായല്ലൊ. ഇനി അധികം താമസിയാതെ സ്വാമിക്കും ദേവിക്കും യോജിക്കുവാനുള്ള സംഗതിവരട്ടെ. പണ്ട് ഒരു രാമനെ മാത്രമല്ലെ ദേവിയ്ക്ക് കാണുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ രണ്ടു രാമന്മാരുടെ മുഖം കാണാമല്ലോ. ദേവി ഭാഗ്യവതിതന്നെ. അതിനാല്‍ ദു:ഖിക്കേണ്ട. ഇനി വേഗം കുതിരയെ ബന്ധം മോചിപ്പിച്ച് നല്‍കുവാന്‍ കുമാരന്മാരോട് കല്‍പ്പിച്ചാലും.’
സീത:‘അല്ലയോ കുമാരന്മാരേ കുതിരയെ ബന്ധമോചനം ചെയ്ത് ഹനുമാന് നല്‍കിയാലും.’
കുശലവന്മാര്‍:‘അങ്ങിനെ തന്നെ’
ഹനുമാന്‍:(സീതയെ നമസ്ക്കരിച്ച്, പാദധൂളി ശിരസ്സിലണിഞ്ഞ ശേഷം) ‘ഇപ്പോള്‍ ഞാന്‍ പോകട്ടെയോ. താമസിയാതെ കണ്ടുകൊള്ളാം.‘
സീത:‘അങ്ങിനെ തന്നെ’
ഹനുമാന്‍ കുശലവന്മാരെ ഇരുവശങ്ങളിലായി നിര്‍ത്തി കൈകോര്‍ത്തുപിടിച്ച് പിന്നിലേയ്ക്കു മാറുന്നു. യാത്രയാക്കിക്കൊണ്ട് സീത നിഷ്ക്രമിക്കുന്നു. ഹനുമാന്‍ കുശലവന്മാരോടൊപ്പം തിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.
കുശലവന്മാര്‍:‘ആളറിയാതെ ചെയ്ത തെറ്റുകള്‍ പൊറുക്കേണമേ’
ഹനുമാന്‍:‘നിങ്ങളുടെ ബാണങ്ങള്‍ പുഷ്പസമാനമായെ ഞാന്‍ കണക്കാക്കിയിട്ടുള്ളു.’
കുശന്‍ കുതിരയെ കെട്ടഴിച്ച് പിടിച്ചുകൊണ്ടുവന്ന് ഹനുമാനെ ഏല്‍പ്പിക്കുന്നു. ഹനുമാന്‍ കുതിരയെ വാങ്ങി വലത്തേയ്ക്ക് നിര്‍ത്തുന്നു.
ഹനുമാന്‍:‘എന്നാല്‍ ഇനി ഞാന്‍ പോകട്ടെയോ?’
കുശലവന്മാര്‍:‘അങ്ങിനെ തന്നെ’
ഹനുമാന്‍ കുട്ടികളെ ആലിംഗനം ചെയ്തശേഷം വലംകൈയ്യില്‍ കുതിരയെപിടിച്ചുകൊണ്ട് പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് കുശലവന്മാരും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

പത്തൊന്‍പതാം രംഗം

അന്ത്യരംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: