2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കാര്‍ത്തവീര്യാര്‍ജ്ജുനവിജയം മൂന്നാം രംഗം (കമലദളം-പാടിപ്പദം)

രംഗത്ത്-രാവണന്‍‍(ആദ്യാവസാന കത്തിവേഷം), മണ്ഡോദരി(ഇടത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി
“ഇത്ഥം കൃത്വാ നരേന്ദ്രം വ്യവസിത ഹൃദയം യാതുധാനാഥിനാഥ
സ്ഫായല്‍ ഗര്‍വാപഹാരേ പ്രമുദിത ഹൃദയേ നിര്‍ഗതേ താപസേന്ദ്ര
ജിത്വാ ലോകാനശേഷാന്‍ നിജഭുജമഹസാ പംക്തികണ്ഠസ്സലങ്കാം
അധ്യാസീന: കദാചിത് പ്രണയകലഹിതാം പ്രാഹ മണ്ഡോദരീം താം”
{ഇപ്രകാരം രാക്ഷസാധിനാഥനായ രാവണന്റെ ഗര്‍വ്വത്തെ നശിപ്പിക്കാമെന്ന് നരേന്ദ്രനായ കാര്‍ത്തവീര്യാര്‍ജ്ജുനനെക്കൊണ്ട് തീരുമാനിപ്പിച്ചിട്ട് ഹൃദയത്തില്‍ സന്തോഷത്തോടെ താപസേന്ദ്രനായ നാരദന്‍ പോയി. തന്റെ ഭുജബലത്താല്‍ ലോകമശേഷവും ജയിച്ച് ലങ്കയില്‍ വാഴുന്ന പംക്തികണ്ഠന്‍ ഒരിക്കല്‍ പ്രണയകലഹിതയായ മണ്ഡോദരിയോട് പറഞ്ഞു.}

ആലവട്ടമേലാപ്പുകളോടുകൂടി ശൃംഗാരരസത്തിലുള്ള രാവണന്റെ തിരനോട്ടം-
നാലാമിരട്ടിമേളത്തോടെ വീണ്ടും തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തില്‍ നിലത്തിരിക്കുന്ന രാവണന്റെ മടിയില്‍ തലവെച്ച് കിടന്ന് മണ്ഡോദരി ഉറങ്ങുന്നു. അന്ത:പുര രംഗമായതിനാല്‍ അരങ്ങിന്റെ ഇരുഭാഗത്തായി രണ്ട് നിലവിളക്കുകള്‍ അഞ്ചുതിരിയിട്ട് കൊളുത്തിവെച്ചിരിക്കും.
(മേളം നിലയ്ക്കുന്നു.)
രാവണന്‍ വലതുകൈ മടിയില്‍ കിടക്കുന്ന മണ്ഡോദരിയുടെ ശിരസ്സിനുതാഴെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഇടതുകൈയ്യാല്‍ മൃദുവായി മുലക്കണ്ണ് തിരുമ്മിക്കൊണ്ട് രതിഭാവത്തില്‍ ഇരിക്കുന്നു. അല്പനേരത്തിശേഷം മണ്ഡോദരി ഉറക്കത്തില്‍ ഞെട്ടുന്നതുകണ്ട് രാവണനും ചെറുതായൊന്ന് ഞെട്ടുന്നു. മണ്ഡോദരിയുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയിട്ട് ചിന്തിച്ച് സമാധാനിച്ച് മുന്‍ നിലയില്‍ ഇരിക്കുന്നു. നിമിഷങ്ങള്‍ക്കുശേഷം രാവണന്‍ വീണ്ടും ഞെട്ടുന്നു.
രാവണന്‍:(മണ്ഡോദരിയുടെ മുഖത്ത് സൂക്ഷമായി വീക്ഷിച്ചിട്ട് അലോചിച്ച് സമാധാനിച്ചിട്ട്) ‘ആ, എന്തെങ്കിലുമാകട്ടെ’
വീണ്ടും മുന്‍ നിലയില്‍ ഇരിക്കെ പൂവ്വാധികം ശക്തിയോടെ രാവണന്‍ ഞെട്ടുന്നു. മണ്ഡോദരി പെട്ടന്ന് ഞെട്ടിയെഴുന്നേറ്റ് പരിഭവിച്ച് ഇരിക്കുന്നു. ആവേശത്തോടെ ആലിംഗനത്തിനുമുതിരുന്ന രാവണനെ മണ്ഡോദരി തട്ടിമാറ്റുന്നു. രാവണന്‍ വീണ് ഇരിക്കുന്നു.
(‘കിടതകധിം,താ’മോടെ മേളമാരംഭിക്കുന്നു)
രാവണന്‍:(അല്പസമയം വിഷാദിച്ചിരുന്നിട്ട്) ‘ഇപ്രകാരം വരുവാന്‍ കാരണമെന്ത്?’(ചിന്തിച്ചശേഷം മുന്നോട്ടാഞ്ഞ് മണ്ഡോദരിയുടെ മുഖം വീക്ഷിച്ചിട്ട്) ‘ഓ, വല്ലാതെ പരിഭവിച്ചിട്ടുണ്ടല്ലോ!’ (വീണ്ടും ആലോചിച്ചിട്ട്) ‘ആ, എന്തെങ്കിലുമാകട്ടെ. നല്ല വാക്കുകള്‍ പറഞ്ഞ് സന്തോഷിപ്പിക്കുക തന്നെ’
രാവണന്‍ മണ്ഡോദരിയുടെ മുഖത്തേയ്ക്കുനോക്കി പരിഭവം,വിഷാദം,ആശ്രയം എന്നീഭാവങ്ങള്‍ നടിച്ചുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.
രാവണന്‍(കലാ:വാസുപിഷാരടി) മണ്ഡോദരിയെ(കോട്ട:രാജുമോഹന്‍) മടിയില്‍ കിടത്തി രതിഭാവത്തില്‍ ഇരിക്കുന്നു.
 രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“കമലദളലോചനേ മമ ജീവനായികേ”^
അനുപല്ലവി:
“കിമപി നഹി കാരണം കലഹമതിനധുനാ”
ചരണം1:
“കരഭോരു, നിന്നുടയ ചരണതളിരാണ ഞാന്‍
 കരളിലറിയുന്നതില്ലൊരു പിഴയൊരുന്നാള്‍
 തരുണാംഗി, നീയൊഴിഞ്ഞൊരു തരുണിമാരിലും
 പരിതോഷമില്ല മമ; പരിഭവമിതെന്തഹോ?”
ചരണം2:
“വളരുന്നു മാരമാല്‍ തളരുന്നു ദേഹവും
 കളക കലഹം പ്രിയേ കളഭവരഗമനേ
 തെളിക മയി മാനസം കുളിര്‍മുലകള്‍ പുണരുവാന്‍
 തളിമമതില്‍ വരിക നീ കളമൃദുലവചനേ”^
ചരണം3:^
“പടനടുവില്‍ വാടാതൊരുടലഹോ മാമകം^
 മടുമലര്‍ശരംകൊണ്ടു പൊടിയുന്നു പാരം
 ചടുലമിഴി നിന്നുടെയടിമലരില്‍ വീണുഴ-
 ന്നടിമപ്പെടുന്നെന്നെ നീ വെടിയരുതു നാഥേ”
{താമരയിതള്‍ പോലുള്ള കണ്ണുകളോടുകൂടിയവളേ, എന്റെ ജീവനായികേ, കലഹത്തിന് ഇപ്പോള്‍ ഒരു കാരണവുമില്ലല്ലോ? കരത്തിന്റെ പാര്‍ശ്വത്തിനൊത്ത തുടയോടുകൂടിയവളേ, നിന്റെ കാല്‍തളിരാണെ ഞാന്‍ ഒരുനാളും ഒരു പിഴയും ചെയ്തതായി തോന്നുന്നില്ല. താരുണ്യം നിറഞ്ഞ അംഗത്തോടുകൂടിയവളേ, നീയൊഴിഞ്ഞ് ഒരു തരുണിമാരിലും എനിക്ക് സന്തോഷമില്ല. അഹോ! ഇതെന്താണ് പരിഭവം? കാമപീഡ വളരുന്നു. ദേഹം തളരുന്നു. പ്രിയേ, കലഹം കളയുക. ആനനടയോടുകൂടിയവളേ, എന്റെ മനസ്സിന് സന്തോഷം തന്നാലും. കളവാണീ, കുളിര്‍മുലകള്‍ പുണരുവാന്‍ മെത്തയിലേയ്ക്ക് വരിക. പടയ്ക്കുനടുവില്‍ പോലും വാടാത്ത എന്റെ ഉടല്‍ പുഷ്പശരമേറ്റ് ഏറ്റവും പൊടിയുന്നു. ചടുലമായ മിഴിയോടുകൂടിയവളേ, നിന്റെ പൂപോലുള്ള കാലടികളില്‍ വീണുഴന്ന് അടിമപ്പെടുന്ന എന്നെ നീ വെടിയരുതേ നാഥേ.}

[^പല്ലവിയുടെ അന്ത്യത്തില്‍ ‘ജീവനായികേ’ എന്നും രണ്ടാം ചരണാന്ത്യത്തില്‍ ‘കളമൃദുവചനേ’ എന്നും സംബോധന ചെയ്ത് സമീപിക്കുന്ന രാവണനെ മണ്ഡോദരി പരിഭവിച്ച് തട്ടിമാറ്റുന്നു

[^മൂന്നാം ചരണാദ്യത്തില്‍ ‘പടനടുവില്‍ വാടാതൊരു’ എന്ന് ചൊല്ലിവട്ടംതട്ടുന്നതോടെ എഴുന്നേറ്റ് കലാശം ചവുട്ടുന്ന രാവണന്‍ തുടര്‍ന്ന് നിന്നുകൊണ്ടാണ് പദാഭിനയം തുടരുന്നത്.]

[^‘പടനടുവില്‍ വാടാതൊരുടലഹോ മാമകം’ എന്ന വരിമാത്രം ചെമ്പ(നാലാം കാലം) താളത്തിലേയ്ക്ക് മാറ്റിയാണ് ആലപിക്കുക. തുടര്‍ന്നുള്ള വരികള്‍ ചെമ്പട(ഒന്നാം കാലം) താളത്തില്‍ തന്നെ ആലപിക്കും.]

“മമ ജീവനായികേ” രാവണന്‍-കലാ:വാസുപിഷാരടി, മണ്ഡോദരി-കോട്ട:രാജുമോഹന്‍

ശ്ലോകം^-രാഗം:എരിക്കലകാമോദരി
“മണ്ഡോദരീ തുലിത തപ്ത സുധാം തദീയാം
അന്യൂനരാഗ വിവശാ ഗിരമാനിശമ്യ
മന്ദം ജഗാദ തരസാ പരിരഭ്യ കാന്തം
മന്ദാക്ഷ മന്ദ ചപലാലസ ലോചനാ സാ”
{അനുരാഗ വിവശയായ മണ്ഡോദരി ചൂടേറിയ അമൃതം പോലെയുള്ള പ്രിയന്റെ വാക്കുകള്‍ കേട്ട് ലജ്ജയോടെ കാന്തനെ പുല്‍കിക്കൊണ്ടും ചപലമായി നോക്കിക്കൊണ്ടും മന്ദം പറഞ്ഞു.}

[^പദം കഴിഞ്ഞ് ശ്ലോകം ആരംഭിക്കുന്നതോടെ രാവണന്‍ ‘ഇനി ഇവളുടെ കാല്‍ക്കല്‍ വീണ് നമസ്ക്കരിക്കുക തന്നെ’ എന്ന് കാട്ടിയിട്ട്, ‘മന്ദം ജഗാദ’ എന്നാലപിക്കുന്നതോടോപ്പം മണ്ഡോദരീസമീപം ചെന്ന് നമസ്ക്കരിക്കുവാന്‍ ഭാവിക്കുന്നു. പരിഭവം വിട്ട് മണ്ഡോദരി പെട്ടന്ന് എഴുന്നേറ്റ് രാവണനെ തടുത്ത് ആലിംഗനത്തിനു മുതിരുന്നു. സന്തോഷവാനായ രാവണന്‍ ‘നില്‍ക്കു,നില്‍ക്കു’ എന്നുകാട്ടി മാറി, വിജയഭാവത്തില്‍ ചാഞ്ചാടുന്നു. ശ്ലോകാന്ത്യത്തോടെ ഇരുവരും ആലിംഗന ബന്ധരാകുന്നു.]

ആലിംഗനം വിട്ട് രാവണന്‍ വലതുവശം പീഠത്തില്‍ ഇരിക്കുന്നു. മണ്ഡോദരി പദാഭിനയം ആരംഭിക്കുന്നു.

മണ്ഡോദരിയുടെ മറുപടിപദം-രാഗം:എരിക്കലകാമോദരി, താളം :അടന്ത(മൂന്നാം കാലം)
ചരണം1:
“ആശരകുലമണിദീപമേ, ധീര
 മാ ശുചം കുരു മമ വല്ലഭ
 ക്ലേശമുളവായതിന്നാകവേ ചൊല്‍‌വാ-
 നാശയേ വളരുന്നു നാണവും”
{രാക്ഷസകുലത്തിന്റെ മണിദീപമേ, ധീരാ, എന്റെ വല്ലഭാ, സങ്കടപ്പെടരുതേ. ഉണ്ടായ ക്ലേശത്തെപറ്റി എല്ലാം പറയുവാന്‍ വല്ലാത്ത നാണം തോന്നുന്നു.}

രാവണന്‍:(മണ്ഡോദരി നാണിക്കുന്നതുകണ്ട് സൂക്ഷിച്ചു നോക്കിയിട്ട്) ‘എന്നോട് പറയുവാനോ? കഷ്ടം!’
തുടര്‍ന്ന് രാവണന്‍ പദം അഭിനയിക്കുന്നു.

രാവണന്റെ പദം-രാഗം:ആനന്ദഭൈരവി, താളം:ചമ്പട(മൂന്നാം കാലം)
ചരണം1:
“ഹന്ത നീയുമന്തരംഗേ
 എന്തോന്നു നിനച്ചതെന്നു”
പല്ലവി:
“ചൊല്കയേ മമ വല്ലഭേ
 വല്ലതെന്നാകിലും തവ വല്ലഭനാമെന്നോടിതു”
{കഷ്ടം! നീ അന്തരംഗത്തില്‍ എന്തോന്നാണ് നിനച്ചതെന്ന് ചൊല്ലിയാലും എന്റെ വല്ലഭേ. വല്ലതെന്നാലും നിന്റെ വല്ലഭനായ എന്നോടിതു പറഞ്ഞാലും}
“ചൊല്കയേ മമ വല്ലഭേ”രാവണന്‍-കീഴ്പ്പടം കുമാരന്‍‌നായര്‍, മണ്ഡോദരി-കലാ:മുകുന്ദന്‍
മണ്ഡോദരി: 
ചരണം2:
“വീര കേള്‍ക്ക വിപരീതരതികൊണ്ടു ദേഹം
 പാരം തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
 ആരാമേ സുരനാരിമാരോടും കൂടി
 നേരേ കണ്ടിതു നാഥ നിന്നെ ഞാന്‍”
ചരണം3:
“ദേവിയാമുര്‍വശിയെ ഗാഢമായ് പുണര്‍-
 ന്നാവോളമധരവും നുകര്‍ന്നു നീ
 നീവീഹരണംചെയ്‌വാന്‍ തുനിയുമ്പോള്‍ പാര-
 മാവിലഹൃദയയായുണര്‍ന്നു ഞാന്‍“
{വീരാ, കേള്‍ക്കുക. വിപരീത രതികൊണ്ട് ദേഹം ഏറ്റവും തളര്‍ന്ന് ഞാന്‍ ഉറങ്ങുമ്പോള്‍, ആരാമത്തില്‍ സുരനാരിമാരോടും കൂടി നാഥാ, ഭവാനെ ഞാന്‍ നേരേ കണ്ടു. ഭവാന്‍ ഉര്‍വ്വശിയെ ഗാഢമായി പുണര്‍ന്ന് ആവോളം അധരം നുകര്‍ന്നു. വസ്ത്രമഴിക്കുവാന്‍ തുനിയുമ്പോള്‍ ഏറ്റവും തളര്‍ന്ന മനസ്സോടെ ഞാന്‍ ഉണര്‍ന്നു.}
“ഗാഢമായ് പുണര്‍ന്ന്” രാവണന്‍-കീഴ്പ്പടം കുമാരന്‍‌നായര്‍, മണ്ഡോദരി-കലാ:മുകുന്ദന്‍
രാവണന്‍:
ചരണം2:
“അത്ഭുതമിതോര്‍ത്താലേവം
 അത്ഭുതാംഗി കണ്ടതെല്ലാം“
(“ചൊല്കയേ മമ വല്ലഭേ”)
ചരണം3:
“ദാസിയാകുമുര്‍വശിയിലാശ
 മമ ചേരുവതോ?”
(“ചൊല്കയേ മമ വല്ലഭേ”)
{അത്ഭുതാംഗീ, ഇപ്രകാരമെല്ലാം കണ്ടതോര്‍ത്താല്‍ അത്ഭുതം തന്നെ. ദാസിയാകുന്ന ഉര്‍വശിയില്‍ ആശ വെയ്ക്കുന്നത് എനിക്ക് ചേര്‍ന്നതോ?}
“അത്ഭുതമിതോര്‍ത്താലേവം“ രാവണന്‍-കലാ:വാസുപിഷാരടി, മണ്ഡോദരി-കോട്ട:രാജുമോഹന്‍
ശേഷം ആട്ടം-
രാവണന്‍ മണ്ഡോദരിയെ നോക്കി ശൃഗാരഭാവത്തില്‍ കഴുത്തിളക്കി ഭംഗി നടിച്ചശേഷം ആലിംഗനചുംബനാദികള്‍ ചെയ്ത് സുഖദ്ദൃഷ്ടിയോടെ നില്‍ക്കുന്നു. അല്പസമയത്തിനുശേഷം മുന്നില്‍ ആകാശത്ത് അസാധാരണമായ തേജസ്സ് കണ്ട് രാവണന്‍ ദ്ദൃഷ്ടിയെടുക്കാതെ പതുക്കെ മണ്ഡോദരിയെ വിട്ട് പിന്നിലേയ്ക്കുമാറി ,ഇടംകാല്‍ പീഠത്തില്‍ വെച്ച് ജിജ്ഞാസയോടെ നോക്കി നില്‍‌ക്കുന്നു.
രാവണന്‍:^(ആത്മഗതമായി) ‘‘ആകാശത്തില്‍ ഒരു ശോഭ കാണുന്നതെന്താണ്? സൂര്യോദയം അല്ല. കാരണം ആദിത്യന്റെ ഗതി കിഴക്കുപടിഞ്ഞാറാകുന്നു. അഗ്നി ആയിരിക്കുമോ?’ (അലോചിച്ചിട്ട്) ‘അതുമല്ല. കാരണം അഗ്നി ഊര്‍ധ്വജ്വലനെന്ന് പ്രസിദ്ധമാണല്ലോ. ഈ കാണുന്ന ശോഭ സര്‍വ്വത്ര പരന്ന് കീഴ്പ്പോട്ടാണ് പതിക്കുന്നത്. പിന്നെ എന്താണിത്?’ (വീണ്ടും ശ്രദ്ധിച്ചിട്ട്) ‘ശോഭയുടെ നടുവില്‍ കരചരണാദി അംഗങ്ങളോടുകൂടിയ രണ്ട് ശരീരം കാണുന്നു. ഓ, പുരുഷന്മാരാണ്. ശിരസ്സില്‍ ജടയും മേലാസകലം ഭസ്മകുറിയും ധരിച്ചിട്ടുണ്ട്. ഒരാള്‍ കയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ആരായിരിക്കും?’ (വീണ്ടും സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, മനസ്സിലായി. തുമ്പുരു നാരദന്മാര്‍ എന്റെ സമീപത്തേയ്ക്ക് വരികയാണ്. ആകട്ടെ, ഇനി ലോകവര്‍ത്തമാനങ്ങളെല്ലാം അറിയുകതന്നെ’ (മണ്ഡോദരിയോടായി) ‘അല്ലെ പ്രിയേ, ഭവതി അന്ത:പുരത്തില്‍ ചെന്ന് സന്തോഷത്തോടുകൂടി വസിച്ചാലും’രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ടും വരുന്ന മഹര്‍ഷിമാരെ വീക്ഷിച്ചുകൊണ്ടും പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.

[^രാവണന്റെ ഈ ആട്ടങ്ങള്‍ ‘മാഘ’ത്തിലെ ‘ഗതം തിരശ്ചീനമന്തരുസാരഥേ’, ‘വചസ്ഥിഷാമിത്യവധാരിതം’ എന്നീ ശ്ലോകങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: