2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ബാലിവിജയം ഒന്ന് മുതല്‍ അഞ്ച് വരെ രംഗങ്ങള്‍

ഒന്ന് മുതല്‍ നാലു വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ അരങ്ങത്ത് അവതരിപ്പിക്കുക പതിവില്ല.

അഞ്ചാം രംഗം

രംഗത്ത്-ഇന്ദ്രന്‍, നാരദന്‍‍(ഒന്നാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:സൌരാഷ്ട്രം
“കാളീശിഷ്യവരം നിശാചരകൃതസ്വാളീകസഞ്ചിന്തനാ-
 ദ്വ്രീളാനമ്രമുഖം സമേത്യ തരസാ ഡോളായമനാശയം
 കേളീസുദിതവൃത്രമുഖ്യദിതിഭൂപാളിം മുനിര്‍ന്നാരദോ
 നളീകാസനജഃ കദാപി ച സുപര്‍വ്വാളിന്ദ്രമൂചേ രഹഃ”
{കാളീശിഷ്യരില്‍ ശ്രേഷ്ഠനും വൃത്രന്‍ തുടങ്ങിയ അസുരന്മാരുടെ സംഘങ്ങളെ കളിയായിതന്നെ നശിപ്പിച്ചവനുമായ ദേവേന്ദ്രന്‍ അസുരനായ മേഘനാഥനാല്‍ ചെയ്യപ്പെട്ട അപമാനത്തെയോര്‍ത്ത് ലജ്ജിച്ച് മുഖം കുനിച്ചും ചഞ്ചലമായ ചിത്തത്തോടുകൂടിയും ഇരിക്കുമ്പോള്‍ ഒരിക്കല്‍ ബ്രഹ്മപുത്രനായ നാരദമഹര്‍ഷി സമീപത്തുചെന്ന് രഹസ്യമായി പറഞ്ഞു.}

ഇന്ദ്രന്‍ വലതുഭാഗത്തായി പീഠത്തില്‍ അപമാനഭാരത്താല്‍ തലതാഴ്ത്തി ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി ‘കിടതകധീം,താം’ മേളത്തിനൊപ്പം നാരദന്‍ പ്രവേശിക്കുന്നു.
നാരദന്‍:‘അപമാനഭാരത്താല്‍ പരവശനായ ഇന്ദ്രനെ കണ്ട് സമാധാനിപ്പിക്കുകതന്നെ’
തുടര്‍ന്ന് പരസ്പരം കാണുന്നതോടെ ഇന്ദ്രന്‍ എഴുന്നേറ്റ് ആദരപൂര്‍വ്വം നാരദനെ വലത്തുവശത്തേയ്ക്ക് ആനയിക്കുന്നു. നാരദന്‍ വലതുഭാഗത്തേയ്ക്കു വന്ന് പീഠത്തില്‍ ഇരിക്കുന്നു. ഇന്ദ്രന്‍ കുമ്പിട്ടുമാറി കുണ്ഠിതത്തോടെ നില്‍ക്കുന്നു. നാരദന്‍ എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

നാരദന്റെ പദം-രാഗം:സൌരാഷ്ട്രം, താളം:മുറിയടന്ത
ചരണം1:
“ദേവരാജ മഹാപ്രഭോ പാവനവിപുലകീര്‍ത്തേ
 ഭാവഭേദമേതും വേണ്ടാ സാവധാനം കുരുചിത്തം”
ചരണം2:
“ഏവമാദിയാപത്തുകള്‍ ജീവജാലങ്ങളിലോര്‍ത്താല്‍
 ദേവകള്‍ക്കുമില്ലഭേദം ഏവനുമുണ്ടാകുമല്ലോ”
ചരണം3:
“സമ്മതമെല്ലാവര്‍ക്കും നിങ്ങള്‍ തമ്മിലുള്ള ശക്തിഭേദം
 ബ്രഹ്മവരബലംതന്നെ ജിഹ്മനവന്‍ ജയിച്ചതും”
ചരണം4:
“എങ്കിലുമിന്നവനുടെ ഹുംകൃതികള്‍ തീര്‍ത്തീടുവാന്‍
 എങ്കലൊരുപായമിപ്പോള്‍ അങ്കുരിക്കുന്നുണ്ടുകേള്‍ക്ക”
ചരണം5:
“ശക്തനാകുന്നൊരുതവ പുത്രനായ ബാലിയോടു
 യുദ്ധസംഗതിയുണ്ടാക്കാം സിദ്ധിച്ചിടും കാര്യമപ്പോള്‍”
ചരണം6:
“വാനരത്തോടെതിര്‍ക്കുമ്പോള്‍ മാനഹാനിയവനുണ്ടാം
 നൂനമതിനുണ്ടുശാപം ഞാനറിഞ്ഞിരിക്കുന്നല്ലോ”
{ദേവരാജാ, മഹാപ്രഭോ, പാവനവും വിപുലവുമായ കീര്‍ത്തിയോടുകൂടിയവനേ, ഒട്ടും ഭാവമാറ്റം വേണ്ട. മനസമാധാനം കൈവരിച്ചാലും. ഇപ്രകാരത്തിലുള്ള ആപത്തുകള്‍ ജീവജാലങ്ങളില്‍ ആര്‍ക്കും ഉണ്ടാകാം. ചിന്തിച്ചാല്‍ ദേവന്മാരുടെ കാര്യത്തിലും ഭേദമില്ല. നിങ്ങള്‍ തമ്മിലുള്ള ശക്തിവിത്യാസം എല്ലാവര്‍ക്കും അറിയാം. ബ്രഹ്മദത്തമായ വരത്തിന്റെ ബലത്താലാണ് ആ ചതിയന്‍ ജയിച്ചതെന്നും അറിയാം. എങ്കിലും ഇന്ന് അവന്റെ അഹങ്കാരം തീര്‍ക്കുവാന്‍ എന്നില്‍ ഒരു ഉപായം ഇപ്പോള്‍ തോന്നുന്നുണ്ട്. കേള്‍ക്കുക, ശക്തനായ നിന്റെ പുത്രന്‍ ബാലിയോട് യുദ്ധത്തിന് വഴിയുണ്ടാക്കാം. അപ്പോള്‍ കാര്യം സാധിക്കും. വാനരനോട് എതിര്‍ക്കുമ്പോള്‍ അവന് മാനഹാനിയുണ്ടാകും, ഉറപ്പ്. അതിനുള്ള ഒരു ശാപം അവനുണ്ടെന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നു.}

ഇന്ദ്രന്റെ മറുപടിപ്പദം-രാഗം:ബലഹരി(കല്യാണിയിലും പതിവുണ്ട്), താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“നാരായണഭക്തജന ചാരുരത്നമായീടുന്ന
 നാരദമുനീന്ദ്ര തവ സാരമല്ലോ വാക്യമിദം”
ചരണം2:
“കാര്യമിതു സാധിച്ചെങ്കില്‍ തീരുമെന്റെയവമാനം
 പോരികയും വന്നു മമ വീര്യജാതനല്ലോ ബാലി”
{നാരായണഭക്തജനങ്ങളില്‍ മനോഹരരത്നമായീടുന്ന നാരദമുനീന്ദ്രാ, അങ്ങയുടെ ഈ വാക്യം ഏറ്റവും സാരമായതാണല്ലോ. ഈ കാര്യം സാധിച്ചെങ്കില്‍ എന്റെ അപമാനം തീരും, മാന്യതയും കൈവരും. എന്റെ പുത്രനാണല്ലോ ബാലി.}

നാരദന്‍:
ചരണം7:
“എങ്കിലോ ഗമിക്ക കാര്യം ശങ്കയില്ല സാധിച്ചീടും
 പങ്കജാക്ഷന്തന്റെ പാദപങ്കജങ്ങളാണേ സത്യം”
{എങ്കില്‍ ഞാന്‍ ഗമിക്കട്ടെ. സംശയമില്ല കാര്യം സാധിച്ചീടും. മഹാവിഷ്ണുവിന്റെ പാദപങ്കജങ്ങളാണെ സത്യം.}

ശേഷം ആട്ടം-
ഇന്ദ്രന്‍:(പദാഭിനയം കഴിഞ്ഞ് ഇരിക്കുന്ന നാരദനെ വന്ദിച്ചശേഷം) ‘അല്ലയോ മഹര്‍ഷിശ്രേഷ്ഠാ, വാനരരോട് എതിരിട്ടാല്‍ വരപ്രതാപിയായ രാവണന് മാനഹാനി വരുമെന്നത് തീര്‍ച്ചയാണോ?’
നാരദന്‍:‘തീര്‍ച്ച തന്നെ. മാനഹാനിമാത്രമല്ല, വാനരരാല്‍ വംശഹാനിവരെ ഉണ്ടാകുമെന്ന് നന്ദികേശ്വരന്‍ അവനെ ശപിച്ചിട്ടുണ്ട്. അതിനാല്‍ സന്തോഷമായി വസിച്ചാലും. ഞാന്‍ പോകട്ടെ.’
ഇന്ദ്രന്‍:‘എല്ലാം അങ്ങയുടെ കാരുണ്യം പോലെ വരട്ടെ’
ഇന്ദ്രന്‍ വീണ്ടും വണങ്ങി നാരദനെയാത്രയാക്കിക്കൊണ്ടും, നാരദന്‍ അനുഗ്രഹിച്ചുകൊണ്ടും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

1 അഭിപ്രായം:

വികടശിരോമണി പറഞ്ഞു...

കല്ലൂർ നമ്പൂതിരിപ്പാടിനെപ്പറ്റി പ്രസ്താവ്യമായ മറ്റൊരു കാര്യം,ബാലിവിജയം ആട്ടക്കഥയുടെ ബാലിവിജയം തുള്ളലിനോടുള്ള അത്ഭുതാവഹമായ സാമ്യമാണ്.വാസ്തവത്തിൽ,നമ്പ്യാരുടെ ആഖ്യാനത്തിൽ നിന്ന് കല്ലൂർ എടുത്തതാകാനേ വഴിയുള്ളൂ.ഈ കഥാഗതി തന്നെ,പുരാണവഴിക്കല്ലല്ലോ.അത്തരമൊരനുകരണം നടന്നിട്ടുകൂടി,കല്ലൂർ മഹാനായ ആട്ടക്കഥാകാരനാകുന്നത് അദ്ദേഹം കഥകളിയുടെ രംഗഭാഷയെ കൃത്യമായി തിരിച്ചറിഞ്ഞു രചന നടത്തി എന്നതിനാലാണ്.‌“നാരദമഹാമുനേ”“ചിത്രമഹോ”എന്നീ പദങ്ങളുടെ ഏകദേശം മുഴുവൻ ആശയ-പദാവലികളെയും നമുക്കു നമ്പ്യാരിലും കണ്ടുമുട്ടാം,എന്നാൽ കല്ലൂർ സമാർജ്ജിച്ച രംഗാവബോധം അവയുടെ മുകളിൽ നിൽക്കുന്നു എന്ന സത്യം സമ്മതിക്കാതെ വയ്യ താനും.