2008, ഒക്‌ടോബർ 7, ചൊവ്വാഴ്ച

കല്യാണസൌഗന്ധികം പതിനൊന്നാം രംഗം

രംഗത്ത്-ഹനുമാന്‍‍(ഒന്നാംതരം വെള്ളത്താടി വേഷം), ഭീമന്‍
ശ്ലോകങ്ങള്‍-രാഗം:മദ്ധ്യമാവതി
1.
“അഭ്യര്‍ത്ഥിതോ ദയിതയേവമദീനകാന്തി-
 രദ്യുല്പപാത ഗുരുശൈലവനം ഗദാവാന്‍
 തല്‍ഭൂരിവേഗധുരസത്വരവച്ഛലേന
 പത്ഭ്യാം ഹതേന രുദിതം ഗിരിണാഭിയേവ”
{പത്നിയാല്‍ അഭ്യര്‍ത്ഥിക്കപ്പെട്ടവയായിട്ട്, വാട്ടംതട്ടാത്ത കാന്തിയോടുകൂടിയ ഭീമസേനന്‍ ഗദയുമേന്തി ഗന്ധമാദനപര്‍വ്വതത്തിലെ മഹാവനത്തില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഗതിവേഗത്തില്‍ ക്ഷോഭിച്ച ജന്തുക്കളുടെ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭീമന്റെ കാല്‍ചവിട്ടേറ്റ് പര്‍വ്വതം ഭയന്ന് കരഞ്ഞുപോയതാണോ എന്നു തോന്നും.}

2.
“ശാതോദരിചടുലചാരു കടാക്ഷ പാതാ-
 പാഥേയവാന്‍ പ്രവിചരന്‍ പ്രിയ സാഹസോ സൌ
 പാദപ്രപാത ചകിതാഖില സത്വജാതം
 വാതാത്മജോപി കദളീവനമാസ സാദ”
{പ്രിയതമയുടെ മനോഹരവും ചടുലവുമായ കടക്കണ്‍നോട്ടമാകുന്ന പൊതിച്ചോറുമായി സഞ്ചരിക്കുന്ന സാഹസപ്രിയനായ ആ വായുപുത്രന്‍, ജന്തുക്കള്‍ ഭയചികിതരാകുമാറ് കാലടികള്‍ വെച്ചുകൊണ്ട് കദളീവനത്തില്‍ എത്തി.}

3.
“ആയാസഹീനമതിഘോര ഗദാസഹായം
 ആയാന്തമാശുഹനുമാന്‍ ഭുജശക്തിമന്തം
 രാമം സ്മരന്‍ സസുഖമത്ര തപ:പ്രകുര്‍വന്‍
 ഭീമം സമീക്ഷ്യ സമചിന്തയ ദേവമന്ത:”
{അതിഘോരമായ ഗദയുമേന്തി നിഷ്പ്രയാസം വരുന്ന കൈക്കരുത്തേറിയ ഭീമനെ കണ്ട്, ശ്രീരാമനെ സ്മരിച്ച് സസുഖം അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഹനുമാന്‍ ഇങ്ങിനെ ചിന്തിച്ചു.}

നാലാമിരട്ടിമേളത്തോടെ തിരശ്ശീല താഴ്ത്തുമ്പോള്‍ ഹനുമാന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് തപസ്സുചെയ്യുന്നു. എന്തോശബ്ദം ശ്രവിച്ച് ഞെട്ടിയുണരുന്ന ഹനുമാന്‍ ഇരുവശങ്ങളിലും ശ്രദ്ധിച്ചിട്ട്,* ചിന്തിച്ച്, സമാധാനിച്ച് വീണ്ടും ധ്യാനനിരതനാകുന്നു. നിമിഷങ്ങള്‍ക്കകം വീണ്ടും ഞെട്ടിയുണരുന്നു.

ഹനുമാന്‍:(ഇരു വശങ്ങളിലേക്കും നോക്കിയിട്ട്) ‘എന്റെ മനസ്സ് ഇളകുവാന്‍ കാരണമെന്ത്?’ (ആലോചിച്ച്, സമാധാനിച്ച്) ‘എന്തായാലും മനസ്സ് ഉറപ്പിക്കുകതന്നെ’

ഹനുമാന്‍ ശരീരത്തിന്റെ ഇരു വശങ്ങളിലും നടുവിലുമായി മൂന്ന് നാടികളേയും(ഇഡ, പിംഗള, സുഷുമ്ന) ബന്ധിച്ചുറപ്പിച്ച് വീണ്ടും ധ്യാനത്തില്‍ മുഴുകുന്നു. അല്പസമയത്തിനകം ശബ്ദംകേട്ട് മൂന്നാമതും ധ്യാനത്തില്‍ നിന്നും ഉണരുന്ന ഹനുമാന്‍ അലറിക്കൊണ്ട് എഴുന്നേറ്റ് ഇരുവശങ്ങളിലേക്കും മാറി മാറി നോക്കുന്നു.

ഹനുമാന്‍^‍:‘ഏറ്റവും ഭയങ്കരമായ ശബ്ദം കേള്‍ക്കുന്നതെന്ത്? പര്‍വ്വതങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയുള്ള ശബ്ദമാണോ?’ (വിചാരിച്ച് ഉറച്ചിട്ട്) ‘അല്ല. പണ്ട് ഇന്ദ്രന്‍ തന്റെ വജ്രായുധംകൊണ്ട് പര്‍വ്വതങ്ങളുടെ ചിറകുകള്‍‘ (ഇന്ദ്രനായി പര്‍വ്വതങ്ങളുടെ ചിറകുകള്‍ മുറിക്കുന്നതായി ആടിയിട്ട്) ‘ഇപ്രകാരം ചെയ്തിട്ടുണ്ട്. [പര്‍വ്വതങ്ങള്‍ക്ക് പണ്ട് ചിറകുകള്‍ ഉണ്ടായിരുന്നു എന്നും, അവ യെഥേഷ്ടം പറന്നുനടന്നിരുന്നു എന്നും, ചിറകുകള്‍ അറുത്ത് അനങ്ങാനാവാതെ അതാതിടത്ത് അവയെ ഇരുത്തിയത് ഇന്ദ്രനാണെന്നുമാണ് പുരാണകഥ] ‘അതുകൊണ്ട് പര്‍വ്വതങ്ങളുടെ ശബ്ദമല്ല.’

[^ ഈഭാഗത്തെ ആട്ടം മറ്റൊരുവിധത്തിലും അവതരിപ്പിക്കാറുണ്ട്-
ഹനുമാന്‍:‘എന്റെ മനസ്സ് ഇളകുവാന്‍ കാരണമെന്ത്? ലോകനാശകാലം വന്നുവോ? (വിചാരിച്ച്, എല്ലായിടവും നോക്കികണ്ടിട്ടും, ശബ്ദങ്ങള്‍ കേട്ടിട്ടും) ‘വൃക്ഷങ്ങള്‍ തളിരുകളോടും പുഷ്പങ്ങളോടും കൂടി ശോഭിച്ചുകാണുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതിനാല്‍ പ്രപഞ്ചനാശകാലം ആയിട്ടില്ല.’]

ഹനുമാന്‍:‘പിന്നെ എന്ത്? (ദൂരെ എന്തോകണ്ട് സൂക്ഷിച്ചുനോക്കിയിട്ട്) ‘അതാ, ഒരു മനുഷ്യന്‍ കൈയ്യിലുള്ള തടിച്ച ഗദകൊണ്ട് വൃക്ഷങ്ങളെ തല്ലിതകര്‍ത്തുകൊണ്ട്, വഴിയുണ്ടാക്കി നേരേ വരുന്നു. ഈ ഗംഭീര പുരുഷന്‍ ആരാണ്? ആകട്ടെ, ആലോചിച്ച് അറിയുകതന്നെ’ഹനുമാന്‍ നാലാമിരട്ടി ചവുട്ടി, പദം അഭിനയിക്കുന്നു.
തപസ്സിരിക്കുന്ന ഹനുമാന്‍(മടവൂര്‍ വാസുദേവന്‍ നായര്‍)
ഹനുമാന്റെ പദം-രാഗം:മദ്ധ്യമാവതി,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ആരിഹ വരുന്നതിവനാരുമെതിരില്ലയോ
 പാരമിയലുന്ന മദമാര്‍ന്നു വിപിനേ”
അനുപല്ലവി:
“വീരരസമേവ വിരവോടൊരു നരാകൃതി
 ചാരവേ കൈക്കൊണ്ടു വന്നപോലെ”
ചരണം1:
“മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളില്‍
 ആതമഗമോടവശം ഓടുന്നഹോ”
ചരണം2:
“ഖേദേന കേസരികള്‍ കേവലം പേടിച്ചു
 മേദുര ഗുഹാന്തരേ മേവീടുന്നു”
ചരണം3:
“മനസി മമ കിമപി ബത* മമത പെരുകുന്നിവനില്‍
 അനിലസുതനിവനെന്റെ അനുജനല്ലോ”
ചരണം4:(മൂന്നാം കാലം)
“കനിവോടിവനുടെ ശക്തി കാണ്‍കയും മമ തത്വം
 ഇവനെ അറിയിക്കയും വേണമല്ലോ”
ചരണം5:(രണ്ടാം കാലം)
“രാമാജയ രാമാജയ ലോകാഭിരാമാജയ
 രാവണാന്തക രാമ സീതാപതേ”
{അധികമായ മദത്തോടുകൂടി കാട്ടില്‍കൂടി വരുന്നതാര്? ഇവനാരും എതിരില്ലയോ? വീരരസം വഴിപോലെ ഇപ്രകാരമൊരു മനുഷ്യാകാരം കൈക്കൊണ്ട് അടുത്ത് വന്നതുപോലെ. അഹോ! ആനക്കൂട്ടങ്ങള്‍ അഭിമാനം വെടിഞ്ഞ് ഭയപരവശരായി ഓടുന്നു. ഭയന്ന സിംഹങ്ങള്‍ ഖേദത്തോടെ വന്‍ഗുഹക്കകത്തുപോയി പതുങ്ങിയിരിക്കുന്നു. ആശ്ചര്യം! എന്റെ മനസ്സില്‍ അവനോട് മമത പെരുകിവരുന്നു. ഓ! വായുസുതനായ ഇവന്‍ എന്റെ അനുജനാണല്ലോ. കനിവോടുകൂടി ഇവന്റെ ശക്തി കണ്ടറിയുകയും, എന്റെ തത്വം ഇവനെ അറിയിക്കുകയും വേണം. രാമാ ജയിച്ചാലും, രാമാ ജയിച്ചാലും. ലോകമനോഹരാ ജയിച്ചാലും. രാവണാന്തകാ,രാമാ, സീതാപതേ.}

ശേഷം ആട്ടം-
ഹനുമാന്‍:‘ഇവന്‍ ഈ വഴിയെ വരുവാന്‍ കാരണമെന്ത്?‘ (ധ്യാനിച്ചിട്ട്) ‘ഓ! മനസ്സിലായി, ഭാര്യയുടെ ആഗ്രഹപ്രകാരം സൌഗന്ധികപൂക്കള്‍ തേടി വരികയാണ്. ഈ വഴിക്കുപോയാല്‍ സൌഗന്ധികം കിട്ടുകയില്ല. അതിനാല്‍ വഴിമാറ്റി അയക്കണം. അതിന് ഉപായമെന്ത്?‘ (വിചാരിച്ചിട്ട്) ‘ആകട്ടെ, ഒരു വൃദ്ധനായി ഇവന്റെ മാര്‍ഗ്ഗം മുടക്കി കിടക്കുകതന്നെ’
ഹനുമാന്‍ നാലാമിരട്ടി എടുത്തിട്ട് പീഠത്തില്‍കയറി നിന്ന് ശ്രീരാമസ്വാമിയെ പ്രാര്‍ത്ഥിച്ച്, ശരീരത്തിന് ജാതുരത്വം വരുത്തുന്നു. കൈകാലുകള്‍ക്ക് ശക്തികുറഞ്ഞ്,ശരീരമാകെ വിറപൂണ്ട്, പാരവശ്യത്തോടെ നിലത്തുവീഴുന്ന ഹനുമാന്‍, നീങ്ങി ഭീമന്റെ മാര്‍ഗ്ഗത്തില്‍ വിലങ്ങനെ കിടക്കുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:കാമോദരി
“നിശ്ചിത്യ സോയമിതി തത് പഥി നിശ്ചലാത്മാ
 പുച്ഛം നിധായ ജരസാര്‍ത്ത ഇവാത്രശിശ്യേ
 ഗച്ഛന്‍ ഗദാഹതി പതന്‍ കദളീകദംബ:
 സ്വച്ഛന്ദശായിനമുവാചരുഷാ സ ഭീമ:”
{ഇങ്ങിനെ നിശ്ചയിച്ച് ഹനുമാന്‍, ഭീമന്റെ വഴിയില്‍ വാലെടുത്തുവെച്ച് ക്ഷീണിതനെ പോലെ ഇളക്കമില്ലാതെ കിടന്നു. ഗദയാല്‍ കദളിവാഴക്കൂട്ടങ്ങള്‍ അടിച്ചു വീഴ്ത്തിക്കൊണ്ട് വന്ന ഭീമന്‍ സ്വച്ഛമായി കിടക്കുന്ന അദ്ദേഹത്തോട് കോപത്തോടെ പറഞ്ഞു.}

ശ്ലോകത്തിനു ശേഷം വലതുഭാഗത്തുകൂടി പ്രവേശിച്ച് ഭീമന്‍, കാട് തല്ലി തകര്‍ത്തുകൊണ്ട് മുന്നോട്ട് വരുന്നു.

ഭീമന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് ചുറ്റും ആശ്ചര്യത്തോടെ വീക്ഷിച്ചിട്ട്) ‘ഇവിടമാകെ അതിമനോഹരമായ കദളിവാഴക്കൂട്ടങ്ങളാല്‍ നിറഞ്ഞു കാണുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ വച്ച് മുന്നോട്ടുവന്ന് ഇരുവശങ്ങളിലേക്കും നീട്ടി നോക്കിയിട്ട്) ‘എന്റെ വഴിമുടക്കി കിടക്കുന്നതാര്?’ (മുന്നോട്ട് നീങ്ങി വെച്ചുചവുട്ടി, ഗദകുത്തിപിടിച്ച് ഇരുന്ന്, സൂക്ഷിച്ചുനോക്കിയിട്ട്, ഹാസ്യഭാവത്തില്‍) ‘ഒരു വാനരനാണ്’ (ഗൌരവത്തില്‍) ‘എന്തായാലും ഉടനെ വഴിയില്‍നിന്നും പോകുവാന്‍ പറയുകതന്നെ’
ഭീമന്‍ നാലാമിരട്ടി എടുത്ത് പദം അഭിനയിക്കുന്നു.

ഭീമന്റെ പദം-രാഗം:കാമോദരി,താളം:ചെമ്പട(മൂന്നാംകാലം)
പല്ലവി:
“വഴിയില്‍ നിന്നു പോക വൈകാതെ വാനരാധമ
 വഴിയില്‍ നിന്നു പോക വൈകാതെ”
ചരണം1:
“പോകായ്കില്‍ നിന്നെ
 മുഴുത്തകോപമോടടുത്തു ഞാന്‍ നിന്റെ
 കഴുത്തിലമ്പൊടു പിടിച്ചുടന്‍
 തഴച്ച നിന്നെ എറിഞ്ഞു ഞാന്‍
 വഴിക്കു പോവതിനനാകുലം”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
ചരണം2:
“അറിഞ്ഞാലും നീ
 കനത്ത ഹിമകര കുലത്തില്‍ ഞാന്‍
 ജനിച്ച ഭൂപതി മരുത്സുതന്‍
 തനിച്ച വൈരി വിമര്‍ദ്ദനന്‍ അതു
 നിനയ്ക്ക സമ്പ്രതി സുദുര്‍മ്മതേ”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
ചരണം3:
“വരിഷ്ഠനാകിയ നൃപോത്തമന്‍
 യുധിഷ്ഠിരന്റെ ഹിതേതരന്‍
 കനിഷ്ഠനാകിയ വൃകോദരന്‍
 ബലിഷ്ഠനെന്നതുമവേഹി മാം”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
ചരണം4:
“പേടികൂടാതെ
 മടിച്ചു മേ പഥി കിടക്കിലോ
 തടിച്ച മര്‍ക്കട ജളപ്രഭോ
 പടുത്വമോടുടനടുത്തു ഞാന്‍
 അടിച്ചു നിന്നുടല്‍ പൊടിച്ചിടും”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
{അധമനായവാനരാ, താമസിയാതെ വഴിയില്‍ നിന്നും പോ. പോകായ്കില്‍ മുഴുത്തകോപത്തോടെ അടുത്തുവന്ന് തടിച്ച നിന്റെ കഴുത്തില്‍ പിടിച്ച് വലിച്ചെറിഞ്ഞിട്ട് ഈ വഴിക്കുപോവാന്‍ എനിക്ക് പ്രയാസമില്ല. നീ അറിഞ്ഞാലും, ശ്രേഷ്ഠമായ ചന്ദ്രവംശത്തില്‍ ജനിച്ച വായുപുത്രനായ രാജാവാണ് ഞാന്‍. കരുത്തുറ്റ വൈരികളെ അമര്‍ച്ചചെയ്യുന്നവാനാണെന്നും ദുര്‍മ്മതിയായ നീ മനസ്സിലാക്കുക. എന്നാല്‍ കേട്ടുകൊള്ളുക, ശ്രേഷ്ഠനായ രാജോത്തമന്‍ യുധിഷ്ഠിരന്റെ ഹിതത്തെചെയ്യുന്നതില്‍ തത്പരനും, അനുജനും, ബലവാനുമായ വൃകോദരനാണ് ഞാന്‍. പേടികൂടാതെ മടിച്ച് എന്റെ വഴിയില്‍ കിടക്കുകയാണെങ്കില്‍, എടാ, ജളപ്രഭുവായ തടിച്ച മര്‍ക്കടാ, ഞാന്‍ കൂസലില്ലാതെ നിന്റെ ഉടല്‍ അടിച്ചു പൊടിക്കും.}

പദാഭിനയം കഴിഞ്ഞ് ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ച് ഭീമന്‍ ശ്ലോകത്തിന് വട്ടം വെയ്ക്കുന്നു.
“വഴിയില്‍ നിന്നു പോക“
(ഭീമന്‍-കലാ:ഗോപി,ഹനുമാന്‍:കലാ:രാമന്‍‌കുട്ടിനായര്‍)
ശ്ലോകം-രാഗം:നീലാബരി
“രൂക്ഷാക്ഷരൈരിതി മുഹുര്‍ മുഹുരാക്ഷിപന്തം
 വീക്ഷന്നഥാര്‍ധവിനിമീലിതചക്ഷുഷാ തം
 പ്രക്ഷീണശക്തിരിവ വേപഥുമാന്‍ വിലക്ഷോ
 ദക്ഷോപി ദീനവദുവാച തമൃക്ഷനാഥ:”
{പരുഷവാക്കുകള്‍ പറഞ്ഞ് വീണ്ടും വീണ്ടും ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഭീമനെ പകുതിയടഞ്ഞ കണ്ണുകൊണ്ട് നോക്കി ശക്തിയില്ലാത്തവനെപോലെ വിറച്ചുകൊണ്ട് ആ വാനരശ്രേഷ്ഠന്‍ പറഞ്ഞു.}

ഹനുമാന്‍ കിടന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

പദം-രാഗം:നീലാബരി,താളം:അടന്ത
ഹനുമാന്‍:
പല്ലവി:
“നൃപതേ ഞാനും ഉപചാരാദികള്‍ ചെയ്യാ-
 ഞ്ഞതിനാലരുതു കോപം നൃപതേ”
അനുപല്ലവി:
“ജരകൊണ്ടു നടപ്പാനും അരുതാതെ വലഞ്ഞു ഞാന്‍
 ചിരകാലമിഹവാഴുന്നതു ഭവാനറിഞ്ഞാലും”
ചരണം1:
“നരന്മാരിലൊരുവനുമിതിലൂടെ വഴി
 നടപ്പാറില്ലതു വീര ധരിച്ചാലും
 സുരജനപരിഭവം വരുമിഹ ചരിക്കിലോ
 നരവര വിരവോടു പുരമേവ ഗമിച്ചാലും”
{അല്ലയോ രാജാവേ, ഞാന്‍ ഉപചാരാദികള്‍ ചെയ്യാത്തതിനാല്‍ കോപമരുതേ. രാജാവേ, ജരകൊണ്ട് നടക്കാന്‍‌ വയ്യാതെ വലഞ്ഞ് ഞാന്‍ വളരെക്കാലമായി കഴിയുകയാണെന്ന് ഭവാന്‍ അറിഞ്ഞാലും. മനുഷ്യരാരും ഇതിലെ വഴിനടക്കാറില്ല എന്നതും മനസ്സിലാക്കിയാലും വീരാ. നടന്നാല്‍ ദേവന്മാര്‍ക്ക് ഇഷ്ടമാവില്ല. അതിനാല്‍ മാനുഷശ്രേഷ്ഠാ, പെട്ടന്ന് പുരത്തിലേക്ക് മടങ്ങിയാലും.}

ഭീമന്‍:‘ഞാനോ? അതു കൊള്ളാം’
ചരണം2:
“നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
 വരികിലുമൊരുഭയം നഹി മമ
 വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
 പറയായ്ക കപേ ഭീരുജനത്തോടേന്നതുപോലെ”
പല്ലവി:
“കുമതേ കാലം കളയാതെ ഗമിച്ചാലും
 കപിവര വഴിയീന്നു കുമതേ”
{മനുഷ്യരും ദേവന്മാരും ഒരുമിച്ച് നേരേ വന്നാലും ഒരു ഭയവുമില്ല എനിക്ക്. വീരനായ വായുപുത്രനാണ് ഞാനെന്ന് അറിയാതെ ഭീരുക്കളേപ്പോലെ വല്ലതും പറയരുത് വാനരാ. കുബുദ്ധിയായവനേ, സമയം കളയാതെ വഴിയീല്‍നിന്നും പോയാലും, ബുദ്ധിയില്ലാത്ത വാനരാ.}

ഹനുമാന്‍:
ചരണം3:
“ഉലകിതില്‍ ബലവാന്‍ ആകിയ ഭവാനെന്നെ
 വിലംഘിച്ചു വിരവോടു ഗമിച്ചാലും
 കലുഷതയതുകൊണ്ടു നഹി മമ മനതാരില്‍
 അലസരില്‍ കൃപ തവ കുലധര്‍മ്മമറിഞ്ഞാലും”
{ലോകത്തില്‍ ഏറ്റവും ബലവാനായ ഭവാന്‍ എന്നെ ചാടിക്കടന്ന് വേഗം ഗമിച്ചാലും. അതുകൊണ്ട് എന്റെ മനസ്സില്‍ പരിഭവമില്ല. അവശരില്‍ കൃപകാണിക്കുക എന്നത് അങ്ങയുടെ കുലധര്‍മ്മമാണെന്ന് ഓര്‍ത്താലും.}

ഭീമന്‍:
ചരണം4:-താളം:മുറിയടന്ത(മുറുകിയ കാലം)
“വനചര തവ കുലമതിലുണ്ടുവായു-
 തനയനായ്ക്കപികുലവരനാകും
 ഹനുമാനാകിയ മമ സഹജനെ നിനച്ചെന്റെ
 മനതാരില്‍ മടി നിന്നെ കടന്നു പോവതിനിപ്പോള്‍”
(“കുമതേ കാലം കളയാതെ............“)
{വാനരാ, നിന്റെ വര്‍ഗ്ഗത്തിലുള്ള വായുപുത്രനും വാനരശ്രേഷ്ഠനുമായ ഹനുമാന്‍ എന്റെ ജേഷ്ഠനാണ്. അദ്ദേഹത്തെ ഓര്‍ത്ത്, നിന്നെ കടന്നുപോകുവാന്‍ എന്റെ മനസ്സില്‍ മടിതോന്നുന്നു.}

ഹനുമാന്‍:
ചരണം5:-താളം:മുറിയടന്ത(ഇടക്കാലം)
“ഹനുമാനെന്നൊരു കപിവരനുണ്ടെന്നല്ലോ
 മനുജപുംഗവ ഭവാന്‍ ചൊന്നതും
 വിനയവാരിധേ മമ കൌതുകം വളരുന്നു
 കനിവോടവനാരെന്നു പറക നീയെന്നോടു്”
{ഹനുമാനെന്നൊരു കപിവരനുണ്ടെന്നാണല്ലൊ മനുഷ്യശ്രേഷ്ഠനായ ഭവാന്‍ പറഞ്ഞത്. വിനയവാരിധേ അദ്ദേഹം ആരെന്ന് അറിയുവാന്‍ എനിക്ക് ആഗ്രഹം വളരുന്നു. ദയവായി നീ എന്നോട് പറഞ്ഞാലും.}

ഭീമന്‍:‘ഏ! കേട്ടിട്ടില്ലെ? കഷ്ടം!’
ചരണം6:-താളം:മുറിയടന്ത(മുറുകിയകാലം)
“ഭുവനകണ്ടകനായ ദശകണ്ഠന്‍ തന്റെ
 ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
 പവനന്ദനനായ ഹനുമാനെയറിയാതെ
 അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ”
(“കുമതേ കാലം കളയാതെ..........”)
{ശിവ! ശിവ! ലോകോപദ്രവകാരിയായ രാവണന്റെ രാജധാനി ചുട്ടെരിച്ചോരു മഹാത്മാവായ, പവനനന്ദനനായ, ഹനുമാനെ അറിയാതെ ലോകത്തില്‍ ആരൊരുത്തനുണ്ട്?}

ശേഷം ആട്ടം-
ഭീമന്‍:‘വേഗം വഴിയില്‍നിന്നും മാറിപ്പോ’
ഹനുമാന്‍:‘എനിക്ക് ഒട്ടും അനങ്ങാന്‍ വയ്യ’
ഭീമന്‍:‘നീ പോവില്ലേ? ആ! എന്നാല്‍ നിന്റെ വാല്‍ ഈ ഗദകൊണ്ട് കുത്തിമാറ്റിയിട്ട് ഞാന്‍ പോകുന്നുണ്ട്, നോക്കിക്കോ‘
ഭീമന്‍ നാലാമിരട്ടിയെടുത്ത് ഗദയാല്‍ ഹനുമാന്റെ വാലില്‍ കുത്തുന്നു. ഹനുമാന്റെ വാല്‍ ഉയര്‍ത്താന്‍ പലവുരു ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഗദ തിരിച്ചെടുക്കുവാന്‍ കൂടി കഴിയാതെ ഭീമന്‍ തളര്‍ന്ന് വീഴുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
“വാചം നിശമ്യ സമുപേത്യ കപേര്‍ബലീയാന്‍
 വാലാഗ്രമസ്യ നഹി ചാലയിതും ശശാക
 വൃളാനതോ ഗത ധൃതിര്‍ വിവശോ വിവേകീ
 പ്രോവാച വാനരവരം വചനം സശങ്ക:”
{കപിയുടെ വാക്കുകള്‍ കേട്ട് വാല്‍ വഴിയില്‍ നിന്നെടുത്തുമാട്ടാന്‍ ശ്രമിച്ചെങ്കിലും അതിന്റെ അഗ്രം പോലും ഇളക്കുവാനാകാതെ ഭീമന്‍ ധൈര്യം പോയി, നാണിച്ച് തലകുനിച്ച്, തളര്‍ന്നിരുന്നു. പിന്നെ വിവേകം ഉദിച്ചപ്പോള്‍ വാനരവരനോട് ശങ്കയോടെ ചോദിച്ചു.}

ശ്ലോകസമയത്ത് ഇരിക്കുന്ന ഭീമന്‍ മുഖംകുനിച്ച് യഥാക്രമം ജാള്യത, ഭയം, പാരവശ്യം, ആലോചന എന്നിവ നടിച്ചശേഷം ഹനുമാനെ നോക്കി, ശങ്കയോടെ അനുസ്സരിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു. തുടര്‍ന്ന് ‘തേജോരാശേ’ മുതലുള്ള ഭാഗങ്ങള്‍ എഴുന്നേറ്റ് നിന്ന് അഭിനയിക്കും.

പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“വാചം ശൃണു മേ വാനരപുംഗവാ
 തേജോരാശേ സാദരമിപ്പോള്‍”
ചരണം1:
“പാശധരനോ നീ ചൊല്‍ക പാകവൈരിതാനോ വീരാ
 കീശവരനല്ലേതും കേവലം കരുതീടുന്നേന്‍”
ചരണം2:
“സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാര്‍ക്കും
 സത്വരമെന്നോടിദാനിം തത്വമുരചെയ്തീടേണം”
{തേജസ്വിയായ വാനരപുംഗവാ, ഞാന്‍ ആദരവോടെ പറയുന്നത് കേട്ടാലും. അങ്ങ് വരുണനോ? പറയുക, താങ്കള്‍ ഇന്ദ്രന്‍ തന്നെയോ? വീരാ, കേവലം ഒരു വാനരവരനല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജന്തുസഞ്ചയങ്ങളില്‍ അങ്ങയോളം ബലം മറ്റാര്‍ക്കുമില്ല. ഉടനെ എന്നോട് പരമാര്‍ത്ഥം പറയേണം.}

ഹനുമാന്‍:‍(വാര്‍ദ്ധ്യക്യം ത്യജിച്ച്, എഴുന്നേറ്റ് യഥാര്‍ത്ഥരൂപം കാട്ടിക്കൊണ്ട്)
ചരണം3:
“രാവണാന്തകനായിടും രാമന്റെ ദൂതനാകും ഞാന്‍^
താവകസഹജന്‍^ മമ നാമം ഹനുമാനല്ലോ”
പല്ലവി:
“വാചം ശൃണു മേ മാനുഷപുംഗവാ”
ചരണം4:
“ജലജവിലോചനയായ ജനകജയെ കാണ്മതിനായി
 ജലധി ലംഘിച്ചു ലങ്കയെ ജ്വലനാല്‍ സംഹരിച്ചതും ഞാന്‍”
(“വാചം ശൃണു മേ മാനുഷപുംഗവാ”)
{രാവണാന്തകനായ രാമന്റെ ദൂതനാകുന്ന ഞാന്‍. നിന്റെ ജേഷ്ഠനായ എന്റെ നാമം ഹനുമാനെന്നാണ്. താമരമിഴിയാളായ ജാനകിദേവിയെ കാണുവാനായി സമുദ്രം ചാടിക്കടന്ന് ലങ്കയെ ചുട്ടെരിച്ചതും ഞാന്‍‌തന്നെ.}

[^“രാവണാന്തകനായിടും രാമന്റെ ദൂതനാകും ഞാന്‍” എന്ന വരിമാത്രം മൂന്നാം കാലത്തിലെക്ക് കയറ്റിയാണ് ആലപിക്കുക.]

[^“താവകസഹജന്‍” എന്നു പറയുന്നതോടെ ഭീമന്‍ ആകാംഷയോടെ ‘പേരെന്താണ്?’ എന്ന് ചോദിക്കുന്നു. ഹനുമാനാണെന്ന് അറിയുന്നതോടെ ഭീമന്‍ ആശ്ചര്യഭക്തികളോടെ ഹനുമാനെ കുമ്പിടുന്നു. ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച്, വാത്സല്യപൂര്‍വ്വം ആശ്ലേഷിക്കുന്നു. തുടര്‍ന്ന് ഭീമന്‍ ഹനുമാനെ വലതുഭാഗത്തെക്ക് ക്ഷണിച്ചുകൊണ്ട് ഇടതുഭാഗത്തേക്ക് നീങ്ങി, ഭക്തിപൂര്‍വ്വം തൊഴുതു നില്‍ക്കുന്നു.]
“രാവണാന്തകനായിടും“
(ഭീമന്‍-കലാ:കൃഷ്ണകുമാര്‍,ഹനുമാന്‍-കോട്ട:ചന്ദ്രശേഘരവാര്യര്‍)
ഭീമന്‍:
ചരണം5:-രാഗം:പന്തുവരാളി,താളം:ചെമ്പട
“ബാലതകൊണ്ടു ഞാന്‍ ചൊന്ന വാക്കുകള്‍ കരുതീടായ്ക
 കാലിണ കൈവണങ്ങുന്നേന്‍ കാരുണ്യാംബുധേ സോദര
 അഗ്രജ നീ ജലധിയെ വ്യഗ്രം കൂടാതെ കടന്ന
 വിഗ്രഹം കാണ്മതിനുള്ളിലാഗ്രഹം വളര്‍ന്നീടുന്നു”
{അറിവില്ലായ്മകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ വെയ്ക്കരുതേ. കാരുണ്യസമുദ്രമായ സോദരാ, അവിടുത്തെ കാലിണ കൈവണങ്ങുന്നു. ജേഷ്ഠാ, അവിടുന്ന് കൂസലില്ലാതെ സമുദ്രം ചാടികടന്ന സമയത്തെ രൂപം കാണുവാന്‍ ഉള്ളില്‍ ആഗ്രഹം വളരുന്നു.}
“കാലിണ കൈവണങ്ങുന്നേന്‍“
(ഹനുമാന്‍-കലാ:പ്രദീപ്,ഭീമന്‍-കലാ:ഷണ്മുഖദാസ്)
ഹനുമാന്‍:
ചരണം6:-രാഗം:നാട്ടക്കുറിഞ്ഞി,താളം:ചെമ്പട(ആദ്യവരി മൂന്നാം കാലത്തിലും രണ്ടാം വരി രണ്ടാം കാലത്തിലും)
“ആശയമതെങ്കിലിപ്പോള്‍ ആലോകയ മമ ദേഹം
 ആയാസമുണ്ടായീടോല്ല ആവോളം ചുരുക്കീടുന്നേന്‍”
{ആഗ്രഹമതാണേങ്കില്‍ ഇപ്പോള്‍ എന്റെ ദേഹം കണ്ടുകൊള്ളുക. ആയാസമൊന്നും ഉണ്ടാകരുത്. ആവുന്നിടത്തോളം ചുരുക്കാം.}

ശേഷം ആട്ടം-
ഹനുമാന്‍:‘എന്റെ വലുതായ രൂപം കണ്ടാല്‍ നീ ഭയപ്പെടുമോ?’
ഭീമന്‍:‘അങ്ങയുടെ കരുണയുണ്ടായാല്‍ എനിക്ക് ഭയമില്ല’
ഹനുമാന്‍:‘ആകട്ടെ, എന്നാല്‍ ധൈര്യപൂര്‍വ്വം കണ്ടുകൊള്ളുക’
ഭീമന്‍ ഉത്സാഹത്തോടെ രൂപം കാണുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഹനുമാന്‍ പീഠത്തില്‍ കയറി ശ്രീരാമസ്വാമിയെ സ്മരിച്ചുകൊണ്ട് രൂപം വലുതാക്കി കാട്ടുന്നു. ഭീമന്‍ അതുകണ്ട് ഭയപ്പെടുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:ശങ്കരാഭരണം
“ഭീയേതി ഭീമം പതിതം പദാന്തേ^
 പ്രഭഞ്ജനാത്മപ്രഭവ:പ്രസാദാല്‍
 നിജാനുജം നീതിനിധിര്‍നിരീക്ഷ്യ
 സ സൌമ്യരൂപസ്സമവോചദേവം”
{ഭയപ്പെട്ട ഭീമന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു. നീതിജ്ഞനായ ഹനുമാന്‍ പ്രസാദിച്ച് സൌമ്യരൂപം കൈക്കൊണ്ട് അനുജനോട് ഇങ്ങിനെ പറഞ്ഞു.}

[^ശ്ലോകത്തില്‍ ‘പതിതം പദാന്തേ’ എന്നാലപിക്കുമ്പോള്‍ ഭീമന്‍ നമസ്ക്കരിച്ചതുപോലെ വീഴുന്നു. ‘നിരീക്ഷ്യ’ എന്നാലപിക്കുന്നതിനൊപ്പം ഹനുമാന്‍ ഭീമന്‍ നിലം‌പതിച്ചതു കാണുന്നു. ഉടനെ വാത്സല്യപാരവശ്യത്തോടെ ശരീരം പൂര്‍വ്വസ്ഥിതിയിലാക്കി പീഠത്തില്‍ നിന്നും താഴെയിറങ്ങുന്നു.]
“ഭീയേതി ഭീമം പതിതം പദാന്തേ“
(ഹനുമാന്‍-കലാ:പ്രദീപ്,ഭീമന്‍-കലാ:ഷണ്മുഖദാസ്)
ഹനുമാന്‍ ഭീമനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് ബോധക്ഷയം തീര്‍ക്കുന്നു. ഭീമന്‍ ആലസ്യം വിട്ട് ഉണര്‍ന്ന് സംഭ്രമിക്കുകന്നു. പിന്നെ ജാള്യത നടിച്ച് വന്ദിച്ച് നില്‍ക്കുന്നു. ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച്, വാത്സല്യത്തോടെ പദാഭിനയം നടത്തുന്നു.

പദം-രാഗം:ശങ്കരാഭരണം,താളം:മുറിയടന്ത
പല്ലവി:
“ഭീതിയുള്ളിലരുതൊട്ടുമേ തവ
 ഭീമസേന ശൃണു ഭാഷിതം”
അനുപല്ലവി:
“പ്രീതി പൂണ്ടീടുക മാനസേ രിപു
 ഭൂതിനാശന ഭവാനെടോ”
ചരണം1:
“കാണിനേരമിനി വൈകാതെ ശുക
 വാണിയാകിയൊരു നിന്നുടെ
 പ്രാണവല്ലഭേടെ വാഞ്ചിതം ജഗത്-
 പ്രാണനന്ദന ലഭിച്ചാലും”
{നിന്റെ ഉള്ളില്‍ ഒട്ടും ഭീതി അരുത്. ഭീമസേനാ, എന്റെ വാക്കുകള്‍ ശ്രവിച്ചാലും. ശത്രുക്കളുടെ ഐശ്വര്യത്തെ നശിപ്പിക്കുന്നവനേ, ഭവാന്റെ മനസ്സിനെ സന്തോഷഭരിതമാക്കുക. വായുനന്ദനാ, ഇനി ഒട്ടും നേരം വൈകാതെ ശുകവാണിയാകിയ നിന്നുടെ പ്രാണവല്ലഭയുടെ ആഗ്രഹം സാധിപ്പിച്ചാലും.}
“ഭീതിയുള്ളിലരുതൊട്ടുമേ”
(ഹനുമാന്‍-കലാ:രാമന്‍‌കുട്ടിനായര്‍,ഭീമന്‍-കലാ:ഗോപി)
ഭീമന്‍:
ചരണം2:-രാഗം:ശ്രീ,താളം:മുറിയടന്ത
“കൌരവന്മാരോടു സംഗരമിനി ഘോരമായ് മുതിരുമന്നു നീ
 വീരാ ഞങ്ങളുടെ ചാരവേവന്നു വൈരീവീരരെ ഒടുക്കേണം”
{ഇനി കൌരവന്മാരോട് ഘോരമായ യുദ്ധത്തിനുമുതിരുന്നു. അന്ന് വീരനായ അവിടുന്ന് ഞങ്ങളുടെ ചാരത്തുവന്ന് വൈരിവീരരെ ഒടുക്കേണമേ.}
“ഭീതിയുള്ളിലരുതൊട്ടുമേ”
(ഹനുമാന്‍-കലാ:രാമന്‍‌കുട്ടിനായര്‍,ഭീമന്‍-കലാ:ഗോപി)
ഹനുമാന്‍:
ചരണം3:-രാഗം:ഭൂപാളം,താളം:മുറിയടന്ത
“മാന്യനായ തവ സോദരന്‍ ശത-
 മന്യുതനയന്റെ കേതനേ
 നിന്നു ഭീഷണരവേണ ഞാന്‍
 യുധി ശൂന്യമാക്കുവനരികളെ”
{മാന്യനായ നിന്റെ സോദരന്‍ അര്‍ജ്ജുനന്റെ കൊടിമരത്തിലിരുന്ന് ഭയങ്കരമായ അട്ടഹാസം കൊണ്ട് ഞാന്‍, യുദ്ധസമയത്ത് ശത്രുക്കളെ നശിപ്പിക്കുന്നുണ്ട്.} 

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് ഹനുമാന്‍ പീഠത്തില്‍ ഇരിക്കുന്നു. ഭീമന്‍ അടുത്തുവന്ന് തൊഴുതു നില്‍ക്കുന്നു.
ഹനുമാന്‍:‘വിചാരിച്ചിരിക്കാതെ നിന്നെ കാണുവാന്‍ സംഗതിവന്നത് ശ്രീരാമസ്വാമിയുടെ കാരുണ്യം കൊണ്ടുതന്നെ. വനവാസം ചെയ്യേണ്ടിവന്നതുകൊണ്ട് നിനക്ക് മനസ്താപം വേണ്ട. മേലില്‍ ശത്രുക്കളെ എല്ലാം നശിപ്പിച്ച് ജേഷ്ഠന്‍ രാജാവായി വാഴും. എന്നാല്‍ ഇനി നീ പുറപ്പെട്ട കാര്യം വേഗം സാധിച്ചാലും’ 
ഭീമന്‍:‘സൌഗന്ധികപൂക്കള്‍ എവിടെയാണ് ലഭിക്കുക?’
ഹനുമാന്‍:‘ആ,പറയാം. ഇത് ദേവമാര്‍ഗ്ഗമാണ്. ഇതിലെ മനുഷ്യര്‍ നടന്നുകൂടാ. നടന്നാല്‍ ദേവന്മാര്‍ കോപിക്കും. അതിനാല്‍ നിന്നെ വഴിതിരിച്ചു വിടാനാണ് ഞാന്‍ നിന്റെ വഴിമുടക്കി ഇവിടെ കിടന്നത്. ഇനി നീ (മറ്റൊരു വഴി കാട്ടിയിട്ട്) ഈ വഴിയെ പോയ്ക്കൊള്ളുക. ഈ വഴിയേ പോയാല്‍ കുബേരന്റെ ഉദ്യാനത്തിലെത്തും. അതിലുള്ള തടാകത്തില്‍ സൌഗന്ധികങ്ങള്‍ സമൃദ്ധമായി ഉണ്ട്. അവിടെയുള്ള രാക്ഷസരെ ജയിച്ച് നീ ആവശ്യം പോലെ പൂക്കള്‍ ഇറുക്കുക. പിന്നെ നിന്റെ പ്രിയതമക്ക് അവ കൊണ്ടുക്കൊടുത്ത് സന്തോഷിപ്പിക്കുക. എന്നാല്‍ ഇനി വൈകാതെ പോവുക’
ഭീമന്‍:‘അവിടുത്തെ കല്‍പ്പനപോലെ’
ഭീമന്‍ കുമ്പിടുന്നു. ഹനുമാന്‍ അനുഗ്രഹിച്ച് യാത്രയാക്കി, ഇരുന്ന് രാമനെ സ്മരിക്കുന്നു. ഭീമന്‍ പോകാന്‍ ഭാവിച്ചിട്ട് പോകാതെ തിരിഞ്ഞുനിന്ന് പരുങ്ങുന്നു. ജേഷ്ഠന്റെ കയ്യിലകപ്പെട്ട ഗദ തിരിച്ചു കിട്ടുവാനായി വീണ്ടും ഹനുമാനെ ജാള്യതയോടെ പതുക്കെ പതുക്കെ സമീപിക്കുന്നു. ഒന്നും അറിയാത്തമട്ടില്‍ ഇരിക്കുന്ന ഹനുമാന്‍ ഭീമന്‍ വന്നു തൊടുമ്പോള്‍ തിരിഞ്ഞുനോക്കുന്നു.
ഹനുമാന്‍:‘ഏ! പോയില്ലേ? എന്തേ?’
ഭീമന്‍:‘എല്ലാം അവിടുത്തേക്ക് അറിയാമല്ലോ?’
ഹനുമാന്‍:(ആലോചിച്ചിട്ട്) ‘ഏയ്? അനിക്കൊന്നും തോന്നുന്നില്ലല്ലോ? നീ തന്നെ പറയുക. എന്താണ്?’
ഭീമന്‍:(ഓര്‍ത്ത് ജാള്യതയോടെ) ‘എനിക്ക് വഴിയില്‍ ശത്രുക്കളെ ജയിക്കുവാന്‍ സഹായം എന്താണ്?’
ഹനുമാന്‍:‘നീ ഇങ്ങോട്ടു വരുമ്പോള്‍ സഹായമെന്തായിരുന്നു?’
ഭീമന്‍:‘എന്റെ ഗദ’
ഹനുമാന്‍:‘ഇപ്പോള്‍ ഗദ എവിടെ?’
ഭീമന്‍:(അബദ്ധം നടിച്ച്) ‘അവിടുത്തെ വാലില്‍’
ഹനുമാന്‍:‘എന്റെ വാലില്‍ വന്നതെങ്ങിനെ?’
ഭീമന്‍:‘എന്റെ അറിവില്ലായ്മ മൂലം വന്നു പോയതാണ്. ക്ഷമിക്കണേ’
ഹനുമാന്‍:മേലില്‍ ആരോടെങ്കിലും ഇപ്രകാരം ആലോചനകൂടാതെ ചെയ്യുമോ?’
ഭീമന്‍:‘ഇല്ല,ചെയ്യുകയില്ല. ക്ഷമിച്ച് മടക്കിതന്നാലും’
ഹനുമാന്‍:(ആത്മഗതം) ‘അനുജനല്ലെ, കൊടുക്കുകതന്നെ’ (ഗദയെടുത്തുകാട്ടി) ‘ഇതുതന്നെയോ?’
ഭീമന്‍:(ഉത്സാഹത്തോടെ) ‘അതെ അതേ’
ഭീമന്‍ രണ്ടുകൈകളും നീട്ടുന്നു. ഹനുമാന്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് സന്തോഷപൂര്‍വ്വം ഗദ നല്‍കുന്നു. ഭീമന്‍ കൈയ്യില്‍ കിട്ടിയ ഉടന്‍ ഗദ ചുഴറ്റിക്കൊണ്ട് പൌരുഷത്തോടെ ശത്രുക്കളുടെ നേരേ (സങ്കല്‍പ്പിച്ച് ഇടത്തോട്ട്) നീങ്ങുന്നു. ഉടനെ തിരിഞ്ഞ് ഹനുമാനെ നോക്കി അബദ്ധം നടിക്കുന്നു.
ഹനുമാന്‍:(ആത്മഗതം) ‘ഇവന്‍ പരാക്രമിതന്നെ’ (ഭീമനോട്) ‘നിന്നെ കാണാന്‍ സാധിച്ചതിനാല്‍ ഞാന്‍ സന്തോഷവാനായി.
ഭീമന്‍:‘സദാ ഞങ്ങളില്‍ അവിടുത്തെ കരുണ ഉണ്ടാകേണമേ’
ഹനുമാന്‍:‘എപ്പോഴും നിങ്ങളില്‍ ശ്രീരാമസ്വാമിയുടെ കരുണയുണ്ടാവും. നമ്മുടെ ശരീരം രണ്ടാണെങ്കിലും ജീവന്‍ ഒന്നാണ്. അതിനാല്‍ നാം പിരിയുന്നില്ല. എന്നാലിനി പോയ്ക്കൊള്‍ക’
വന്ദിച്ച് തൊഴുന്ന ഭീമനെ ഹനുമാന്‍ വാത്സല്യത്തോടെ വീണ്ടും വീണ്ടും കെട്ടിപുണര്‍ന്ന്, അനുഗ്രഹിച്ച് യാത്രയാക്കുന്നു. ഭീമന്‍ നിഷ്ക്രമിക്കുന്നു.
ഹനുമാന്‍:(ഭീമന്‍ പോകുന്നത് നോക്കിനിന്ന്, പോയ് മറയുന്നത് കണ്ടശേഷം) ‘ഇനി ശ്രീരാമസ്വാമിയുടെ തൃപ്പാദങ്ങളെ ധ്യാനിച്ചിരിക്കുകതന്നെ’
ഹനുമാന്‍ നാലാമിരട്ടി കലാശിച്ച് പീഠത്തിലിരുന്ന് ധ്യാനത്തില്‍ ലയിക്കുന്നു.

-----(തിരശ്ശീല)-----

പതിനൊന്നാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

*ആദ്യപ്രാവിശ്യം ധ്യാനത്തില്‍ നിന്നും ഉണരുമ്പോള്‍ തന്നെ ഹനുമാന്‍ നാടികള്‍ കെട്ടി മനസ്സുറപ്പിക്കുന്നതായി ആടും. രണ്ടാമത് ഉണരുമ്പോള്‍ ഇങ്ങിനെ ആടും-

ഹനുമാന്‍:‘എന്ത്? ലോകനാഥനായ ശ്രീരാമസ്വാമി രാവണവധം കഴിഞ്ഞ് അയോധ്യാപുരിയിലെത്തി രാജ്യഭാരം ഏറ്റെടുത്തസമയം വാനരന്മാര്‍ക്കെല്ലാം ഓരോരോ സമ്മാനങ്ങള്‍ നല്‍കി. പിന്നീട് ഒരു സുവര്‍ണ്ണഹാരം എടുത്ത് സീതാദേവിയുടെ കയ്യില്‍ കൊടുത്തിട്ട് ഭവതിക്ക് ഏറ്റവും പ്രിയമുള്ള ഒരാള്‍ക്ക് സമ്മാനിച്ചുകൊള്ളുവാന്‍ പറഞ്ഞു. അപ്പോള്‍ സീതാദേവി’ (സീതയായി നടിച്ച്) ‘ഹനുമാന്‍,വരൂ’ (ഹനുമാനായി) ‘എനിക്കോ! വെറും ഒരു കുരങ്ങനായ എനിക്ക് എന്തിനാണ് ഈ സുവര്‍ണ്ണഹാരം?’ (മാലവാങ്ങി സന്തോഷത്തോടെ കഴുത്തിലണിഞ്ഞ് കൈകൂപ്പി നില്‍ക്കുന്നു) ‘അപ്പോള്‍ ശ്രീരാമചന്ദ്രന്‍’ (രാമനായി) ‘അല്ലയോ ഹനുമാന്‍, നിനക്ക് ആഗ്രഹമുള്ള വരം ചോദിച്ചുകൊള്ളുക’ (ഹനുമാനായി) ‘എനിക്ക് അവിടുത്തെ പാദാരവിന്ദങ്ങളിലുള്ള ഭക്തി ഇളക്കം തട്ടതെയിരുന്നാല്‍ മാത്രം മതി’ (രാമനായി) ‘അപ്രകാരം ഭവിക്കട്ടെ. ആദിത്യ ചന്ദ്രന്മാര്‍ ഉള്ളകാലത്തോളം നിന്റെ ഭക്തിക്ക് ഇളക്കം വരുകയില്ല’ (ഹനുമാനായി) ‘ഇപ്രകാരം ഇവിടെ വന്ന് തപസ്സുചെയ്യുന്ന എന്റെ മനസ്സിന് ഇളക്കം ഭവിക്കുകയാണോ? ലോകാവസാനകാലം വന്നുവോ? (വിചാരിച്ച്, എല്ലായിടവും നോക്കികണ്ടിട്ടും, ശബ്ദങ്ങള്‍ കേട്ടിട്ടും) ‘വൃക്ഷങ്ങള്‍ തളിരുകളോടും പുഷ്പങ്ങളോടും കൂടി ശോഭിച്ചുകാണുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതിനാല്‍ പ്രപഞ്ചനാശകാലം ആയിട്ടില്ല. ങാ, ഏതായാലും ഒന്നുകൂടി മനസ്സുറപ്പിച്ച് ധ്യാനിക്കുകതന്നെ’ഹനുമാന്‍ വീണ്ടും ധ്യാനത്തില്‍ മുഴുകുന്നു.

*“മനസി മമ കിമപി ബത“ എന്ന ഭാഗത്ത് ഹനുമാന്‍ ‘അഷ്ടകലാശം’ ചവുട്ടും.

അഭിപ്രായങ്ങളൊന്നുമില്ല: