2008, ജൂലൈ 18, വെള്ളിയാഴ്‌ച

ബകവധം പതിനാറാം രംഗം

രംഗത്ത്-ബകന്‍‍(ഒന്നാംതരം ചുവന്നതാടി),ഭീമന്‍‍, ബ്രാഹ്മണർ(മിനുക്ക് വേഷങ്ങൾ)

ശ്ലോകം-ഘണ്ടാരരാഗം
“ശ്രുത്വാ ഭീമപ്രണാദം ശ്രുതികടുത്സടിതി പ്രൌഡരക്ഷോധിനാഥ:
 കോധാല്‍ പ്രോത്ഥായ നേത്രക്ഷരദനലകണെ: ക്രൂരധൃഷ്ടാട്ടഹാസൈ:
 പ്രേംഖല്‍ ദംഷ്ട്രാശുരൌദ്ര: പ്രളയഘനവപു: കാനനാന്താല്‍ പ്രതസ്ഥേ
 മാര്‍ഗ്ഗം നിദ്ധ്വാനമാര്‍ഗ്ഗം പഥി വിവിധമിദം പ്രോച്ചകൈരുച്ചചാര”
{കാര്‍മേഘം‌ പോലെ കറുത്ത ശരീരമുള്ളവനും ശക്തനുമായ ബകരാക്ഷസന്‍ ഭീമന്റെ കര്‍ണ്ണകഠോരമായശബ്ദം കേട്ടിട്ട് ക്രോധത്തോടെ എഴുന്നേറ്റ്, കണ്ണുകളില്‍ തീപ്പൊരിപാറിച്ചും, ഇളകുന്നദംഷ്ട്രങ്ങളുടെ തിളക്കങ്ങളാല്‍ ഭീകരനായും, കഠിനമായി അട്ടഹസിച്ചുകൊണ്ടും, ഉച്ചത്തില്‍ പുലമ്പിക്കൊണ്ടും ശബ്ദംകേട്ട ദിക്കിലേക്ക് പുറപ്പെട്ടു.}
ബകന്റെ തിരനോക്ക്-ബകന്‍(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)
ബകന്റെ രൌദ്രാധിക്യമായുള്ള തിരനോട്ടം-
തിരനോട്ടം കഴിഞ്ഞ് വലതുഭാഗത്ത് പീഠത്തില്‍ നിന്ന് ബകന്‍ വീണ്ടും തിരതാഴത്തുന്നു.
ബകന്‍:(ഇരുഭാഗത്തും നോക്കി, വയറുതടവിയിട്ട്) ‘വിശപ്പുസഹിക്കുന്നില്ല. പതിവുപോലെ ബ്രാഹ്മണന്‍ ഭക്ഷണംകൊണ്ടുവരാതെന്ത്?’ (പോരുവിളികേട്ടിട്ട്) ‘ചെവിപൊട്ടുമാറുച്ചത്തില്‍ എന്നെ പോരിനു വിളിക്കുന്നതാര്‍?’
ഈസമയത്ത് ഇടതുവശത്തുകൂടി ഭീമന്‍ പ്രവേശിച്ച് നിലത്തിരുന്ന് ഊണുതുടങ്ങുന്നു. ബകന്‍ യധാക്രമം ഇരുഭാഗത്തുമുള്ള മരങ്ങളും പന്തങ്ങളും പിടിച്ച് കൂട്ടിയിടിച്ച് പാളിനോക്കുന്നു. ഭീമന്‍ ഇരുന്ന് ഉണ്ണുന്നതുകാണുന്നു.
ബകന്‍:(ചാടിയിറങ്ങി വയറ്റത്തുഴിഞ്ഞുകൊണ്ട്) ‘എടാ, എനിക്കുള്ള ചോറും കറികളും നീതന്നെ ഭക്ഷിക്കുന്നുവൊ?‘(കൈനീട്ടികാണിച്ചുകൊണ്ട്) ‘ഇങ്ങോട്ട്‌വെയ്ക്ക്’'
ഭീമന്‍ ഉരുള‌യുരുട്ടികാണിക്കുന്നു. അതുവാങ്ങാനായി നീട്ടിയ ബകന്റെ കയ്യില്‍ ഉരുളയ്ക്കുപകരം ഗദ വെച്ചുകൊടുക്കുന്നു. ബകന്‍, കഴുത്തുപിടിച്ച് തിരിച്ചെറിയുന്നതായി നടിച്ച്, ‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്തിട്ട് പദമാടുന്നു.

യുദ്ധപദം-രാഗം:ഘണ്ടാരം,താളം:ചെമ്പ(അഞ്ചാം കാലം)(കലാശങ്ങള്‍ ചവുട്ടുന്നത് പഞ്ചാരിതാളത്തില്‍)
ബകന്‍:
പല്ലവി:
“കഷ്ടമിവനുടെ ദുഷ്ടത കാണ്‍കെടോ
 പെട്ടന്നു വന്നീടുവാനെതു കാരണം”
അനുപല്ലവി:
[“മൃഷ്ടമായഷ്ടി കഴിക്കയൊ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകാലാശം ഏടുത്തിട്ട് ചരണം ആടുന്നു.]
“മൃഷ്ടമായഷ്ടി കഴിക്കയൊ നീ ബത
 പൊട്ടുന്നുദരം വിശപ്പുകൊണ്ടും മമ” [വട്ടംവച്ചുകലാശം]

ഭീമന്‍:(ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.)
ചരണം1:
“നക്തഞ്ചരാധമ നില്ക്ക നില്ക്ക മമ
 ഭുക്തികഴിവോളമത്രൈവ ദുര്‍മ്മതേ
ചരണം2:
["യുദ്ധം കഴിഞ്ഞിട്ടു ഭുക്തി" എന്ന് ചൊല്ലിവട്ടം തട്ടിയാൽ ബകൻ ചമ്പതാളത്തിൽ കലാശം ചവുട്ടി നിൽക്കുമ്പോൾ, ഭീമൻ ചരണം അഭിനയിക്കുന്നു.]
"യുദ്ധം കഴിഞ്ഞിട്ടു ഭുക്തിയെന്നാല്‍ ശവ-
 ശുദ്ധമായി ഭുജിക്കുന്നതു യോഗ്യമോ”

ബകന്‍:
ചരണം2:
[“ഭക്തമൊടുങ്ങുവോളം നീ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകാലാശം ഏടുത്തിട്ട് ചരണം ആടുന്നു.]
“ഭക്തമൊടുങ്ങുവോളം നീ ഭുജിക്കെടോ
 ചിത്തമതില്‍ ഖേദമില്ല നരാധമ
കുക്ഷിയിലല്ലൊ നിറയുന്നിതന്നവും
 ഭക്ഷിച്ചിടാം പുനരൊന്നിച്ചു നിന്നെയും”

ഭീമന്‍:
ചരണം3:
[“നിത്യവുമിങ്ങു വരുമ്പോലെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ ഭീമൻ ചാടിയെഴുന്നേറ്റ് വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
 “നിത്യവുമിങ്ങു വരുമ്പോലെയുള്ളൊരു
 മര്‍ത്ത്യനെന്നു കരുതീടുക വേണ്ടനീ
 രക്ഷോവരനാം ഹിഡിംബനെക്കൊന്നൊരു
 ദക്ഷനായുള്ളവനെന്നറിഞ്ഞീടുക”

ബകന്‍:
ചരണം4:
["രാക്ഷസിക്കു കുലദൂഷണം" എന്ന് ചൊല്ലിവട്ടം തട്ടുമ്പോൾ വട്ടവച്ചുകലാശമെടുത്തിട്ട് ചരണം അഭിനയിക്കുന്നു]
 "രാക്ഷസിക്കു കുലദൂഷണം ചെയ്ത നീ
 അക്ഷികള്‍ഗോചരെ വന്നതെന്‍ ഭാഗ്യവും
 രക്ഷിച്ചുകൊളളുക ജീവിതമിന്നെടോ
 ശിക്ഷയില്‍ ദ്വന്ദയുദ്ധം തുടങ്ങീടുക”

ശേഷം യുദ്ധം-
ആദ്യം ബകന്‍ മരം,പാറ ഇവയാലും ഭീമന്‍ ഗദയാലും യുദ്ധംചെയ്യുന്നു. പിന്നീട് മുഷ്ടിയുദ്ധം. യുദ്ധാവസാനത്തില്‍ ഭീമന്‍ ബകനെ ഗദയാല്‍ മാറത്തടിച്ച് കൊല്ലുന്നു.ബകന്‍ വീഴുന്നു.
 -----(തിരശ്ശീല)-----
ഭീമന്‍(കലാ:മുകുന്ദന്‍)  ബകനെ(നെല്ലിയോട് വാസുദേവന്‍ നന്വൂതിരി) ഗദയാല്‍ മാറത്തടിച്ച് കൊല്ലുന്നു
ഇടശ്ലോകം:[രംഗത്ത് പാടുക പതിവില്ല]
"ഗതപ്രാണമാജൗ വിധായാശു രക്ഷോ
 ജഗൽപ്രാണസൂനുർജ്ജഗത്ത്രാണദക്ഷഃ
 ബഹുപ്രേമഹർഷാശ്രുനേത്രൈർദ്വിജേന്ദ്രഃ
 കൃതാശീഃ സകാശം ഗതഃ സോദരാണാം"
{ലോകസംരക്ഷണസമർദ്ധനായ ഭീമസേനൻ യുദ്ധത്തിൽ വളരെപ്പെട്ടന്നുതന്നെ രാക്ഷസനെ വധിച്ചിട്ട് അത്യധികമായ സ്നേഹസന്തോഷാശ്രുക്കൾ പൊഴിക്കുന്ന ബ്രാഹ്മണശ്രേഷ്ഠന്മാരാൽ ആശീർവദിക്കപ്പെട്ടിട്ട് സഹോദരന്മാരുടെ സമീപത്തേയ്ക്ക് യാത്രയായി.}

ഭീമന്‍ തിരശ്ശീലയ്ക്കു മുന്‍പോട്ട് വരുമ്പോഴേക്കും ബ്രാഹ്മണര്‍ പ്രവേശിച്ച് പദത്തിനനുസ്സരിച്ച് താളംചവിട്ടി ഭീമനെ പ്രദക്ഷിണം ചെയ്തു പുഷ്പവ്യഷ്ടി നടത്തുന്നു.

ബ്രഹ്മണരുടെ സ്തുതിപ്പദം-രാഗം:മോഹന, താളം:ചെമ്പട(അഞ്ചാം കാലം)
പല്ലവി:
“കല്യാണമാശുഭവിക്കും തവ ചൊല്ലെറും വീര മഹാത്മന്‍”
അനുപല്ലവി:
“കല്യനായുള്ള നീ രാക്ഷസവീരനെ
 കൊല്ലുകയാലഴല്‍ ഇല്ല ഞങ്ങള്‍ക്കിനി”
ചരണം1:[രംഗത്ത് പതിവില്ല]
"വിഘനങ്ങൾ കൂടാതെ ഞങ്ങൾക്കിനിമേലിൽ
 അഗ്നിഹോത്രം കഴിക്കാം
 ഭഗ്നരാം ഞങ്ങൾക്കഭയദാനം ചെയ്ത
 ലഗ്നകനായ് ഭവാൻ വന്നതുകാരണം"
ചരണം2:
“അത്യുഗ്രനായ ബകനെ ഭവാന്‍
 മൃത്യു വരുത്തിയതിനാല്‍
 നിത്യമനുഗ്രഹിച്ചീടുകയല്ലാതെ
 പ്രത്യുപകാരം എന്തൊന്നിഹ ചെയ്‌വതു”
{പുകൾപെറ്റവനായ വീരാ, മഹാത്മാവേ, അങ്ങേയ്ക്ക് പെട്ടന്ന് മംഗളം ഭവിക്കും. സമർദ്ധനായുള്ള നീ രാക്ഷസവീരനെ കൊല്ലുകയാൽ ഞങ്ങൾക്കിനി ദുഃഖമില്ല. തടസങ്ങൾകൂടാതെ ഞങ്ങൾക്കിനിമെലിൽ അഗ്നിഹോത്രയാഗം കഴിക്കാം. പ്രതിനിധിയായി ഭവാൻ വന്നതുകാരണം തകർക്കപ്പെട്ടവരായ ഞങ്ങൾക്ക് അഭയദാനം ചെയ്ത. അത്യുഗ്രനായ ബകനെ ഭവാൻ മൃത്യുവരുത്തിയതിന് നിത്യവും അനുഗ്രഹിച്ചീടുക എന്നതല്ലാതെ ഇവിടെ എന്തു പ്രത്യുപകാരം ചെയ്യാൻ!}
“കല്യാണമാശുഭവിക്കും തവ“
ശേഷം ആട്ടം- 
ഭീമന്‍:(ഇരുവശങ്ങളിലായി നില്‍ക്കുന്ന ബ്രാഹ്മണരോട്) ‘നിങ്ങളുടെ ഭയമെല്ലാം തീര്‍ന്നു സന്തോഷമായില്ലെ?’
ബ്രാഹ്മണര്‍:‘ഓ,സന്തോഷമായി’ 
ഭീമന്‍:‘ആ,എന്നാല്‍ ഇനി ഞാന്‍ അമ്മയേയും സഹോദരരേയും കണ്ട് വിവരങ്ങള്‍ ധരിപ്പിക്കട്ടെ.’ഭീമന്‍ ബ്രാഹ്മണരെ കുമ്പിട്ട് അനുഗ്രഹം വാങ്ങി യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

1 അഭിപ്രായം:

Unknown പറഞ്ഞു...

Dear Moni:

Rangam 12 muthal chila rangangalil RagaPaTavum & original text -um thammil mattamundu ! Ethengane sambahavichu ...prathyekichum Oru Kottayam Kathayil...patanam natathenda oru vishyamanu

Regards

Rajasekhar.P