മണ്ടവപ്പിള്ളി ഇട്ടിരാരിച്ചമേനോനാൽ വിരചിതമായതും, 
അരങ്ങിൽ വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ളതുമായ ആട്ടക്കഥയാണ് രുഗ്മാംഗദചരിതം.
കഥാസംഗ്രഹം
പത്മപുരാണത്തിലെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ 
രചിച്ചിരിക്കുന്നത്.
സൂര്യവംശരാജാവും സൽക്കീർത്തിമാനുമായ രുഗ്മാഗദൻ 
പത്നിയായ സന്ധ്യാവലിയോടൊത്ത് അയോദ്ധ്യാരാജധാനിയിലെ തന്റെ ഉദ്യാനത്തിൽ സല്ലപിക്കുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. ഉദ്യാനത്തിലെ പൂക്കൾ മോഷണം പോകുന്നതായി പത്നിയിൽനിന്നും അറിയുന്ന രാജാവ് മോഷ്ടാക്കളെ കൈയ്യോടെ പിടികൂടുവാൻ തീരുമാനിക്കുന്നു. രണ്ടാം രംഗത്തിൽ, തന്റെ ഉദ്യാനത്തിലെത്തി പൂക്കൾ ഇറുത്തുകൊണ്ട് ദേവസ്ത്രീകൾ വിമാനത്തിൽ കയറി പോകുവാൻ ഭാവിക്കുമ്പോൾ, അവിടെ മറഞ്ഞിരുന്നിരുന്ന രുഗ്മാംഗദൻ അവരെ തടയുന്നു. രുഗ്മാംഗദൻ സ്പർശിക്കുന്നതോടെ ദേവസ്ത്രീകളുടെ വിമാനം മണ്ണിൽ ഉറച്ചുപോകുന്നു. കുപിതരായ അപ്സരസ്സുകൾ രാജാവിനെ ശപിക്കാനൊരുങ്ങുന്നു. ഉടനെ വിനീതനായി ക്ഷമയാചിക്കുന്ന രുഗ്മാംഗദനോട് വിമാനം ഉയർത്തുവാനുള്ള ഒരു മാർഗ്ഗം ദേവസ്ത്രീകൾ നിർദ്ദേശിക്കുന്നു. ഏകാദശീവ്രതം അനുഷ്ടിച്ച ഒരാൾ വന്ന് സ്പർശിച്ചാൽ വിമാനം വിണ്ടും ഉയരും എന്നറിഞ്ഞ രാജാവ് അങ്ങിനെയുള്ള ഒരാൾക്കായി തിരച്ചിൽ നടത്തുന്നു. ഏകാദശി അനുഷ്ടിക്കുന്ന ഒരാളെയും രാജഭടന്മാർക്ക് കണ്ടെത്താനയില്ലെങ്കിലും ദാരിദ്ര്യം മൂലം ഭക്ഷണം കഴിക്കാൻ കഴിയാതെയിരുന്ന ഒരു വൃദ്ധയെ അവർ കൂട്ടിക്കൊണ്ട് വരുന്നു. അവർ സ്പർശിച്ചപ്പോൾ വിമാനം വീണ്ടും ഉയർന്നു. ഇതുകണ്ട് അത്ഭുതപ്പെട്ട രാജാവ് ഏകാദശിയുടെ മാഹാത്മ്യത്തെക്കുറിച്ച് ദേവസ്ത്രീകളോട് ആരായുന്നു മൂന്നാം രംഗത്തിൽ. ഏകാദശീമാഹാത്മ്യവും വ്രതമനുഷ്ടിക്കേണ്ടവിധവും രുഗ്മാംഗദനെ ധരിപ്പിച്ചശേഷം അപ്സരസ്സുകൾ മടങ്ങുന്നു. തുടർന്ന് രുഗ്മാഗദൻ വിധിയാവണ്ണം ഏകാശദിവ്രതം അനുഷ്ടിക്കുവാൻ ആരംഭിച്ചു. രാജനിയോഗത്താൽ പ്രജകളും എല്ലാവരും ഏകാദശീവ്രതം നോൽക്കുവാൻ തുടങ്ങി. നാലാം രംഗത്തിൽ, ഇങ്ങിനെയിരിക്കെ ഒരിക്കൽ ധർമ്മദേവൻ തന്റെ സമീപമെത്തിയ നാരദമഹർഷിയോട് ഭൂമിയിലെ വിശേഷങ്ങൾ അന്യൂഷിക്കുന്നു. രുഗ്മാഗദരാജാവിന്റെ നിർദ്ദേശത്താൽ സകലമനുഷ്യരും പുണ്യകരമായ ഏകാശദിനോൽക്കുകയും വൈകുണ്ഡത്തെ പ്രാപിക്കുകയും ചെയ്യുന്നുവെന്നും, അതിനാലാണ് യമലോകത്തിലേയ്ക്ക് ആരും ഇപ്പോൾ വരാതെയിരുക്കുന്നതെന്നും നാരദർ യമധർമ്മനെ അറിയിക്കുന്നു. ഭൂമിയിൽ മരണപ്പെട്ട ഒരു ചണ്ഡാലനെ കൊണ്ടുപോരുവാനായി വരുന്ന യമദൂതെരെ ജയിച്ച് വിഷ്ണുപാർഷദന്മാർ അവന്റെ ജീവനെ കൊണ്ടുപോകുന്നു രംഗം അഞ്ചിൽ. ആറാം രംഗത്തിൽ, പരാജിതരായിപ്പോന്ന യമദൂതർ ധർമ്മരാജാവിനെ സമീപിച്ച് വിവരങ്ങൾ ധരിപ്പിക്കുന്നു. ഇതുകേട്ട് ക്രുദ്ധനായി യുദ്ധത്തിന് പുറപ്പെടുന്ന യമനെ ചിത്രഗുപതൻ സമാധാനിപ്പിക്കുകയും, ബ്രഹ്മദേവനെ കണ്ട് വിവരങ്ങൾ അറിയിക്കുകയാണ് വേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതനുസ്സരിച്ച് ധർമ്മദേവൻ ബ്രഹ്മാവിന്റെ സമീപമെത്തി വിവരങ്ങൾ അറിയിക്കുന്നു രംഗം ഏഴിൽ. ഉടനെ ഒരു സുന്ദരിയെ സൃഷ്ടിച്ച് രുഗ്മാംഗദന്റെ സമീപത്തേയ്ക്ക് അയക്കുന്നുണ്ടെന്നും, അവൾ രുഗ്മാഗദന്റെ ഏകാദശിവ്രതം മുടക്കാൻ ശ്രമിക്കുമെന്നും, അങ്ങിനെ നിന്റെ ദുഃഖം തീരുമെന്നും പറഞ്ഞ് സമാധാനിപ്പിച്ച് ബ്രഹ്മദേവൻ യമധർമ്മനെ അയയ്ക്കുന്നു. എട്ടാം രംഗത്തിൽ, ബ്രഹ്മാവ് സൃഷ്ടിച്ചയച്ചവളും, അതിസുന്ദരിമായ മോഹിനിയെ നായാട്ടിനായെത്തുന്ന രുഗ്മാഗദമഹാരാജാവ് വനത്തില്വെച്ച് കണ്ട് ഇഷ്ടപ്പെടുന്നു. തനിക്ക് അപ്രിയമായതൊന്നും ചെയ്യുകയില്ല എന്നൊരു സത്യം വാങ്ങിക്കൊണ്ട് മോഹിനി രാജാവിന്റെ ഇഷ്ടത്തെ അനുസരിച്ച് അദ്ദേഹത്തിനൊപ്പം ചേരുന്നു. അങ്ങിനെ മോഹിനിയോടുകൂടി സസുഖം വസിക്കുവാനാരംഭിച്ചിട്ടും രുഗ്മാംഗദൻ തന്റെ ഏകാദശീവ്രതത്തിന് മുടക്കം വരുത്തിയില്ല. ദ്വാദശി ഊട്ടിൽ പങ്കെടുക്കുവാനും രാജാവിൽനിന്നും ദാനാദികൾ വാങ്ങുവാനുമായി കൊട്ടാരത്തിലേയ്ക്ക് സഞ്ചരിക്കുന്ന സാകേതവാസികളായ ചില ബ്രാഹ്മണർ രാജാവിന്റെ കാര്യങ്ങൾ ചർച്ചചെയ്യുന്നു ഒൻപതാം രംഗത്തിൽ. പത്താംരംഗത്തിൽ, ഏകാദശിനോറ്റുകൊണ്ട് വിഷ്ണുസ്മരണയിൽ ഇരിക്കുന്ന രുഗ്മാഗദന്റെ സമീപമെത്തുന്ന മോഹിനി തന്നോടൊപ്പം രമിക്കുവാനായി രാജാവിനോട് അഭ്യർത്ഥിക്കുന്നു. രുഗ്മാംഗതൻ അതിനു് വഴങ്ങുന്നില്ല എന്നുകണ്ട് മോഹിനി, പുത്രനായ ധർമ്മാംഗദനെ അമ്മയുടെ മടിയിൽ വെച്ച് കഴുത്തുവെട്ടി മരണപ്പെടുത്താതെ ഇന്ന് ഈ വ്രതം നോറ്റാൽ തനിക്കുനൽകിയ സത്യം ലംഘിക്കപ്പെടും എന്ന് രാജാവിനെ അറിയിക്കുന്നു. മോഹിനിയുടെ ഈ വിധം കഠോരമായ വാക്കുകൾ കേട്ട് രുഗ്മാംഗദൻ മോഹാലസ്യപ്പെട്ട് വീഴുന്നു. പിന്നെ ഉണർന്ന് രാജാവ് വിഷ്ണുവിനെ പ്രാർത്ഥിക്കുന്നു. അപ്പോഴേയ്ക്കും വിവരങ്ങളറിഞ്ഞ് മാതാവായ സന്ധ്യാവലിയോടുകൂടി അവിടെയെത്തുന്ന ധർമ്മാംഗദൻ പിതാവിനെ ആശ്വസിപ്പിക്കുകയും, സത്യം പാലിക്കുവാനായി തന്റെ കഴുത്തുവെട്ടിക്കൊള്ളുവാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. വളരെ ആശങ്കാകുലനായിതീർന്ന രാജാവ് ഒടുവിൽ മഹാവിഷ്ണുവിനെ അകമഴിഞ്ഞ് പ്രാർത്ഥിച്ചുകൊണ്ട് സത്യപരിപാലനാർദ്ധം പുത്രന്റെ കഴുത്തിനുനേരെ വാളോങ്ങുന്നു. പെട്ടന്ന് അവിടെ പ്രത്യക്ഷനാകുന്ന മഹാവിഷ്ണു രുഗ്മാംഗദനെ തടയുകയും, മോഹിനിയുടെ സത്യാവസ്ഥ അറിയിക്കുകയും ചെയ്യുന്നു. വിഷ്ണുവിന്റെ നിർദ്ദേശാനുസ്സരണം ധർമ്മാംഗദനെ അയോദ്ധ്യാരാജാവായി വാഴിച്ചശേഷം വിഷ്ണുസാരൂപ്യം ലഭിച്ച രുഗ്മാംഗദനും സന്ധ്യാവലിയും വിഷ്ണുവിനൊപ്പം വൈകുണ്ഡത്തിലേയ്ക്ക് ഗമിക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.
നിലവിലുള്ള അവതരണരീതി
*1മുതൽ 7വരെ രംഗങ്ങൾ സാധാരണയായി അവതരിപ്പിക്കുക പതിവില്ല. *8, 9, 10 രംഗങ്ങളാണ് സാധാരണയായി അവതരിപ്പിച്ചുവരുന്നവ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ