രംഗത്ത്-ശ്രീരാമന്‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം), സീത(കുട്ടിത്തരം സ്ത്രീവേഷം), ലക്ഷമണന്‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം)
ശ്ലോകം-രാഗം:ഭൈരവി
“സാകേതേ മിഥിലാധിപസ്യ സുതയാ സമ്പന്നസൌഭാഗ്യയാ
സര്‍വ്വോല്‍കൃഷ്ടഗുണൈസ്സഹാനുജവരൈര്‍വ്വീരശ്രിയാചാന്വിത:
സാനന്ദം വിജഹാര കോസലസുതാഹൃല്പത്മബാലാതപോ
രാമസ്സര്‍വ്വജനാനുകൂലകൃതിമാനിന്ദീവരശ്യാമള:”
{കൗസല്യയുടെ ഹൃദയമാകുന്ന താമരയ്ക്ക് ഉദയസൂര്യശോഭ പോലെയുള്ളവനും, സർവ്വജനങ്ങൾക്കും സന്തോഷമുണ്ടാക്കുന്ന കർമ്മങ്ങൾ ചെയ്യുന്നവനും കരിങ്കൂവളപ്പൂപോലെ കറുപ്പുനിറമാർന്നവനുമായ ശ്രീരാമചന്ദ്രൻ സൗഭാഗ്യസമ്പന്നയും മിഥിലാധിപന്റെ പുത്രിയുമായ സീതാദേവിയോടും എല്ലാത്തിലും ഉത്കൃഷ്ടമായ ഗുണങ്ങളിണങ്ങിയവരും ശ്രേഷ്ഠരുമായ അനുജന്മാരോടും കൂടി സാകേതത്തിൽ വീരശ്രീയോടെ ആനന്ദവാനായി വിഹരിച്ചു.}
പദം-രാഗം:ഭൈരവി, താളം:ചെമ്പട
“മംഗലഗുണസാഗരം ശൃഗാരരസനിലയം
സംഗരജിതരാവണം ശ്രീരാമചന്ദ്രം
ദിനകരകുലരത്നം ദീനജനാവനയത്നം
ദാനജിതസുരരത്നം ശ്രീരാമചന്ദ്രം
സജലജലദവര്‍ണ്ണം സതതമാനന്ദപൂര്‍ണ്ണം
വിജിതാനംഗലാവണ്യം ശ്രീരാമചന്ദ്രം
സരസിജദളനേത്രം ശരദിന്ദുസമവക്ത്രം
ശരജിതദശവക്ത്രം ശ്രീരാമചന്ദ്രം”
{സത്ഗുണസമുദ്രവും, ശ്രൃംഗാരഭാവത്തിന് ആവാസസ്ഥാനവും, യുദ്ധത്തിൽ രാവണനെ ജയിച്ചവനുമായ ശ്രീരാമചന്ദ്രൻ. സൂര്യവംശരത്നവും, ദീനന്മാരെ രക്ഷിയ്ക്കാൻ പ്രയത്നിയ്ക്കുന്നവനും, ദാനത്തിൽ ചിന്താമണീരത്നത്തെ അതിശയിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രൻ. കാർമേഘനിറമാർന്നവനും, എപ്പോഴും സന്തോഷപൂർണ്ണനും, കാമനെജയിച്ച സൗന്ദര്യത്തോടുകൂടിയവനുമായ ശ്രീരാമചന്ദ്രൻ. താമരപ്പൂവിതൾ പോലെയുള്ള കണ്ണുകളോടുകൂടിയവനും, ശരത്കാലചന്ദ്രനൊത്ത മുഖത്തോടുകൂടിയവനും, ശരങ്ങളെക്കൊണ്ട് ദശമുഖനെ വെന്നവനുമായ ശ്രീരാമചന്ദ്രൻ വിളങ്ങുന്നു.}
-----(തിരശ്ശീല)-----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ