2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

സുഭദ്രാഹരണം

മഹാഭാരതം ആദിപര്‍വ്വത്തിലെ 218,219 അദ്ധ്യായങ്ങള്‍
ചേരുന്ന ‘സുഭദ്രാഹരണപര്‍വ്വം’ എന്ന കഥാഭാഗത്തെ അടിസ്ഥാനമാക്കി ശ്രീ മന്ത്രേടത്ത് നമ്പൂതിരിപ്പാട് രചിച്ച ആട്ടകഥയാണ് ‘സുഭദ്രാഹരണം’.
കഥാസംഗ്രഹം
പാഞ്ചാലി പാണ്ഡവര്‍ ഐവരുടേയും ഭാര്യയായി തീര്‍ന്നപ്പോള്‍,
ദ്രൌപതിമൂലം കലഹത്തിനിടവരാതെയിരിക്കുവാനായി നാരദന്റെ നിര്‍ദ്ദേശാനുസ്സരണം അവര്‍ ഒരു വ്യവസ്ഥയുണ്ടാക്കി. ഓരോ പാണ്ഡവനുമൊപ്പം ദ്രൌപതി ഓരോവര്‍ഷം സഹവസിക്കണമെന്നും, ആ കാലത്ത് മറ്റൊരാള്‍ പാഞ്ചാലിയെ കാണാന്‍ പാടില്ല എന്നും, അങ്ങിനെ കണ്ടുപോയാല്‍ അയാള്‍ പ്രായശ്ചിത്തമായി 12സംവത്സരം ബ്രഹ്മചാരിയായി തീര്‍ത്ഥാടനം ചെയ്യണം എന്നുമായിരുന്നു വ്യവസ്ഥ. ഇതനുസ്സരിച്ച് പാണ്ഡവന്മാര്‍ ഖാണ്ഡവപ്രസ്ഥത്തില്‍ വസിച്ചിവരുന്ന കാലത്ത് ഒരിക്കല്‍, ഒരു ബ്രാഹ്മണന്റെ ഗോധനം മോഷ്ടിച്ചവരെ നേരിടാനായി ആയുധങ്ങള്‍ എടുക്കുവാന്‍ പുരത്തില്‍ കടന്ന അര്‍ജ്ജുനന്‍ ധര്‍മ്മപുത്രന്‍ ഭാര്യാസമേതനായി ഇരിക്കുന്നത് കാണുവാനിടവന്നു. വ്യവസ്ഥപ്രകാരം അര്‍ജ്ജുനന്‍ ഒരു വ്യാഴവട്ടകാലത്തെ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. ഇങ്ങിനെ സഞ്ചരിച്ച് പ്രഭാസത്തിലെത്തിയ പാര്‍ത്ഥന്‍ അവിടെ വെച്ച് മിത്രമായ ശ്രീകൃഷ്ണനെ കാണുന്നു. കൃഷ്ണന്‍ സന്യാസിവേഷം ധരിച്ചിരുന്ന അര്‍ജ്ജുനനെ കൂട്ടിക്കൊണ്ടുവന്ന് രൈവതകപര്‍വ്വതത്തില്‍ താമസിപ്പിച്ചു. ഈ സമയത്ത് രൈവതകത്തില്‍ നടന്ന ദേശീയോത്സവത്തില്‍ പങ്കെടുക്കാനെത്തിയ രാമകൃഷ്ണന്മാരുടെ സോദരിയും സുന്ദരീരത്നവുമായ സുഭദ്രയെ കണ്ട അര്‍ജ്ജുനന്‍ അവളില്‍ അനുരുക്തനായിതീരുന്നു. സുഹൃത്തിന്റെ ഇംഗിതമറിഞ്ഞ കൃഷ്ണന്‍; സഹോദരിയെ ഹരിച്ചുകൊണ്ടുപൊയ്ക്കോള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. ഉത്സവാനന്തരം മടങ്ങുംവഴി ബലരാമാദികള്‍ സന്യാസിവേഷധാരിയായ വിജയനെ കാണുകയും, അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി ദ്വാരകയിലെ ഉദ്യാനത്തില്‍ താമസിപ്പിക്കുകയും ചെയ്തു. യതിവര്യനെ ശുശ്രൂഷിക്കുന്നതിനയി സോദരിയായ സുഭദ്രയെതന്നെയാണ് ബലഭദ്രന്‍ ഏല്‍പ്പിച്ചത്. തന്റെ സാഹസികകൃത്യങ്ങള്‍ കേട്ടറിഞ്ഞ് തന്നില്‍ അനുരുക്തയാണ് സുഭദ്രയും എന്നറിയുന്നതോടെ സന്യാസി പരമാര്‍ത്ഥം സുഭദ്രയോട് വെളിപ്പെടുത്തുന്നു. താന്‍ ശുശ്രൂഷിച്ചുപോന്ന യതി തന്റെ സര്‍വ്വവുമായ അര്‍ജ്ജുനനാണെന്നറിഞ്ഞ സുഭദ്ര പ്രണയപാരവശ്യത്താല്‍ നിദ്രയും ഭക്ഷണവും ഉപേക്ഷിച്ച് ക്ഷീണിതയായിതീര്‍ന്നു. ഈ വിവരങ്ങള്‍ എല്ലാം മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍ സോദരിയുടേയും സുഹൃത്തിന്റേയും ഇഷ്ടപൂര്‍ത്തിക്കായി ഒരു ഉപായം പ്രയോഗിച്ചു. ദ്വാരകയ്ക്കടുത്തുള്ള ഒരു ദ്വീപില്‍ മഹാദേവപ്രീതിക്കായി ഒരു മഹോത്സവം സംഘടിപ്പിച്ച് ബലഭദ്രരുള്‍പ്പെടെ സകലയാദവരേയും അങ്ങോട്ട് അയച്ചു. സുഭദ്രാഹരണത്തിന് തക്കതായ സമയമായി എന്ന് മനസ്സിലാക്കിയ വിജയന്‍ ഗാന്ധര്‍വ്വവിവാഹത്തിന് സുഭദ്രയോട് അഭ്യര്‍ത്ഥിക്കുന്നു. സുഭദ്ര മൌനാനുവാദം നല്‍കുന്നു. ഈ വിധമുള്ള സുഭദ്രാധനജ്ഞയ വൃത്താന്തങ്ങള്‍ ഇന്ദ്രന്‍ ഇന്ദ്രാണിയെ അറിയിക്കുന്നതും, ഇന്ദ്രാണിയോടൊപ്പം ഇന്ദ്രന്‍ ദ്വാരകാപുരിയിലേയ്ക്ക് പുറപ്പെടുന്നതുമാണ് ആദ്യരംഗത്തില്‍. രണ്ടാം രംഗത്തില്‍ ശ്രീകൃഷ്ണന്‍ രുഗ്മിണിയോടും സത്യഭാമയോടും കൂടി ദ്വീപിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നു. സോദരിയുടേയും വിജയന്റേയും വൃത്താന്തങ്ങള്‍ ശ്രീകൃഷ്ണന്‍ പത്നിമാരെ അറിയിക്കുന്നതും അവരോടൊത്ത് ദ്വാരകയിലേയ്ക്ക് മടങ്ങുന്നതുമായ ഭാഗമാണ് രംഗം 3. നാലാം രംഗത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയിലെത്തിയ ഇന്ദ്രനോട് സംസാരിച്ച് അര്‍ജ്ജുന-സുഭദ്രാ വിവാഹത്തെ ഉറപ്പിക്കുന്നു. ദ്വാരകയിലെത്തിയ അച്ഛനെ അര്‍ജ്ജുനന്‍ കണ്ടു വണങ്ങുന്നതാണ് രംഗം 5ല്‍. ആറാം രംഗത്തില്‍ ഇന്ദ്രാണി സുഭദ്രയെ അനുഗ്രഹിച്ച് വൈവാഹികസ്നാനം കഴിച്ച് ഒരുങ്ങുവാന്‍ കല്പിക്കുന്നു. ഇന്ദ്രന്റേയും ഇന്ദ്രാണിയുടെയും ശ്രീകൃഷ്ണന്റേയും സാന്നിധ്യത്തില്‍ സുഭദ്രാധനജ്ഞയ വിവാഹം നടക്കുന്നു രംഗം 7ല്‍. എട്ടാം രംഗത്തില്‍ വിവാഹിതനായ സുഹൃത്തിനെ അനുഗ്രഹിക്കുന്ന കൃഷ്ണനോട് അര്‍ജ്ജുനന്‍; താന്‍ കപടസന്യാസിയായി ചമഞ്ഞതും, ഭഗവാനുള്‍പ്പടെയുള്ളവര്‍ തന്നെ നമസ്ക്കരിച്ചതുമായ അപരാധങ്ങളെ ഓര്‍ത്ത് പരിതപിക്കുന്നു. ഉത്സവം കഴിഞ്ഞ് എല്ലാവരും എത്തുന്നതിനുമുന്‍പ് നീ സുഭദ്രയേയും കൂട്ടി ഖാണ്ഡവപ്രസ്ഥത്തിലേയ്ക്ക് ഗമിച്ചുകൊള്ളുവാന്‍ ഭഗവാന്‍ അര്‍ജ്ജുനനോട് നിര്‍ദ്ദേശിക്കുന്നു. അര്‍ജ്ജുനനും സുഭദ്രയുമായുള്ള ശൃഗാരരംഗമാണ് ഒന്‍പതാമത്തേത്. പത്താം രംഗത്തില്‍ ദ്വാരപാലന്മാരെ പോരില്‍ പരാജയപ്പെടുത്തി അര്‍ജ്ജുനന്‍ സുഭദ്രതെളിക്കുന്ന തേരിലേറി ഖാണ്ഡവപ്രസ്ഥത്തിലേയ്ക്ക് പോകുന്നു. യാത്രാമദ്ധ്യേ രഥത്തില്‍ വെയ്ച്ച് സുഭദ്രയും അര്‍ജ്ജുനനുമായുള്ള സംഭാഷണമാണ് രംഗം 11ല്‍. പന്ത്രണ്ടാം രംഗത്തില്‍ യാദവപ്രമുഖനായ വിപൃഥു അര്‍ജ്ജുനനെ തടയുന്നു. തുടര്‍ന്ന് നടക്കുന്ന യുദ്ധത്തില്‍ പരാജിതനാകുന്നതോടെ തത്വബോധം കൈവന്ന വിപൃഥു അര്‍ജ്ജുനനെ തിരിച്ചറിഞ്ഞ് ക്ഷമാപണം നടത്തി യാത്രയാക്കുന്നു. സഞ്ചരിച്ച് ഖാണ്ഡവപ്രസ്ഥത്തിലെത്തിയപ്പോള്‍ അര്‍ജ്ജുനന്‍ പാഞ്ചാലിയുടെ മന്ദിരം കാട്ടിക്കൊടുത്ത്, അവളെ കണ്ട് വണങ്ങിവരുവാന്‍ നിര്‍ദ്ദേശിച്ച് സുഭദ്രയെ അയക്കുന്നു രംഗം 13ല്‍. പതിനാലാം രംഗത്തില്‍ വിവിദന്‍ സുഭദ്രയെ കണ്ട്, ബലാല്‍ക്കാരമായി അവളെ പിടിച്ചുകൊണ്ടുപോകുന്നു. സുഭദ്രയുടെ വിലാപമാണ് രംഗം15ല്‍. പതിനാറാം രംഗത്തില്‍ ഘടോല്ക്കചന്‍ എത്തി വിവിദനെ രണത്തില്‍ പരാജയപ്പെടുത്തി അയക്കുന്നു. ഘടോല്ക്കചന്‍ സുഭദ്രയെ രക്ഷിച്ച് അര്‍ജ്ജുനനെ ഏല്‍പ്പിക്കുന്ന ഭാഗമാണ് രംഗം 17. പതിനെട്ടാം രംഗത്തില്‍ രൈവതകപര്‍വ്വത പാര്‍ശ്വത്തില്‍ ഒത്തുകുടിയ ബ്രാഹ്മണര്‍ അര്‍ജ്ജുനന്റെ സുഭദ്രാഹരണവൃത്താന്തം പരസ്പരം സംസാരിക്കുന്നു. ബ്രാഹ്മണരുടെ സംഭാഷണങ്ങളില്‍ നിന്നും അര്‍ജ്ജുനന്റെ പ്രവര്‍ത്തികള്‍ അറിഞ്ഞ് കോപിഷ്ടനായി ദ്വാരകയില്‍ മടങ്ങിയെത്തിയ ബലഭദ്രന്‍ കൃഷ്ണനോട് കയര്‍ക്കുന്നു രംഗം 19ല്‍. അര്‍ജ്ജുനനെ നശിപ്പിക്കുവാനൊരുങ്ങുന്ന ബലരാമനോട് ശ്രീകൃഷ്ണന്‍; അര്‍ജ്ജുനനെ വധിച്ചാല്‍ സോദരി വിധവയായിതീരുമെന്നും, അര്‍ജ്ജുനന്‍ ധീരന്മാര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയാണ് ചെയ്തതെന്നും പറഞ്ഞ് സമാധാനിപ്പിച്ച്, ഇന്ദ്രപ്രസ്ഥത്തില്‍ പോയി അര്‍ജ്ജുനനെ അനുഗ്രഹിക്കുവാന്‍ ബലഭദ്രനെ പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് യുദ്ധഭൂമിയില്‍ചെന്ന് അര്‍ജ്ജുനന്റെ രണനൈപുണ്യം കണ്ടറിയുന്നതോടെ കോപം ശമിച്ച് മുദിതനായിതീരുന്ന ബലരാമന്‍ കൃഷ്ണനോടും പരിവാരങ്ങളോടും കൂടി സ്ത്രീധനസഹിതം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെടുന്നു രംഗം 20ല്‍. അന്ത്യരംഗത്തില്‍ ശ്രീകൃഷ്ണസഹിതം ഖാണ്ഡവപ്രസ്ഥത്തിലെത്തുന്ന ബലഭദ്രന്‍ അര്‍ജ്ജുനനേയും സുഭദ്രയേയും അനുഗ്രഹിച്ച് മടങ്ങുന്നു.
മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങള്‍
1.സുഭദ്രയുടേയും അര്‍ജ്ജുനന്റേയും ഇംഗിതമറിഞ്ഞ് ഇന്ദ്രാണീസഹിതനായി ഇന്ദ്രനും രുഗ്മിണീസത്യഭാമാസഹിതനായി ശ്രീകൃഷ്ണനും പാണിഗ്രഹണത്തിന് സന്നിഹിതരാവുന്നതായി മൂലകഥയില്‍ പറയുന്നില്ല.

2.വിവദനേയും ഘടോല്ക്കചനേയും പറ്റിയുള്ള പ്രസ്താവനകളും മൂലകഥയില്‍ കാണുന്നില്ല.
രംഗാവതരണത്തിലുള്ള പ്രത്യേകതകള്‍
1.കാവ്യഗുണം കുറവായുള്ള കൃതിയെങ്കിലും ഇതിലെ പദങ്ങള്‍ ഹ്രസ്വങ്ങളാണെന്നൊരു ഗുണമുണ്ട്. അവതരണത്തില്‍ രണ്ട് ആദ്യാവസാനക്കാര്‍ക്കും(അര്‍ജ്ജുനനും ബലഭദ്രനും), ഒരു കുട്ടിത്തരക്കാരനും(ശ്രീകൃഷ്ണന്‍) നല്ല സാധ്യതയുണ്ട്.

2.ഏഴാമതായുള്ള വിവാഹരംഗം അത്യന്തം ചിട്ടയിലുള്ളതും മനോഹരവുമാണ്.

3.എട്ടാം രംഗത്തിലെ പദങ്ങള്‍ ചിട്ടപ്രധാനങ്ങളും തൌര്യത്രികഭംഗിയാര്‍ന്നവയുമാണ്.

4.ഒന്‍പതാം രംഗത്തിലെ അര്‍ജ്ജുനന്റെ പതിഞ്ഞപദം പതിഞ്ഞ ഇരട്ടിനൃത്തത്തോടുകൂടിയതും ചിട്ടപ്രധാനവുമാണ്.

5.ബലഭദ്രനും കൃഷ്ണനുമായുള്ള പത്തൊന്‍പതാം രംഗം കലാശങ്ങളോടുകൂടി ചിട്ടയാര്‍ന്നവയും അതേസമയം ധാരാളം മനോധര്‍മ്മ ആട്ടങ്ങള്‍ക്ക് സാധ്യതയുള്ളതുമാണ്.

6.ഇരുപതാം രംഗത്തിലെ ബലഭദ്രന്റെ പദത്തിലെ ‘അത്രയുമല്ലടോ’ എന്ന ഭാഗത്ത് ബലഭദ്രനും കൃഷ്ണനും ചേര്‍ന്നെടുക്കുന്ന അഷ്ടകലാശം ചേതോഹരമായ ഒരു നൃത്തശില്പമാണ്. ഈ അഷ്ടകലാശം ഇവിടെ ചേര്‍ത്തിണക്കി ചിട്ടചെയ്തത് പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായരാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണ രീതി
*7മുതല്‍ 9വരെ രംഗങ്ങളും 18മുതല്‍ 20വരെ രംഗങ്ങളുമാണ് ഇന്ന് പതിവുള്ളവ.
*ഒന്‍പതാം രംഗത്തിലെ അര്‍ജ്ജുനന്റെ പതിഞ്ഞപദത്തെ തുടര്‍ന്ന് പതിനൊന്നാം രംഗത്തിലെ ‘മുല്ലസായക തുല്യ’ എന്ന സുഭദ്രയുടെ പദം ഘടിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ അവതരിപ്പിക്കുക പതിവ്.
*പത്താം രംഗത്തില്‍ അര്‍ജ്ജുനന്റെ പോരുവിളി പദം മാത്രമെ അവതരിപ്പിക്കുക പതിവുള്ളു. തുടര്‍ന്നുള്ള ദ്വാരപാലന്മാരുടെ പ്രവേശവും അവരുമായി അര്‍ജ്ജുനന്‍ യുദ്ധംചെയ്യുന്നതും അവതരിപ്പിക്കുക പതിവില്ല.
*ആദ്യ 6 രംഗങ്ങളും, 11മുതല്‍ 17വരെ രംഗങ്ങളും അന്ത്യരംഗവും ഇപ്പോള്‍ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

ആട്ടകഥാകാരന്‍

മന്തേടത്ത് നമ്പൂതിരിപ്പാട്

കിള്ളിക്കുറിശ്ശിമംഗലത്തുള്ള മന്ത്രേടത്ത് മനയില്‍
ജനിച്ച ഈ ആട്ടകഥാകരന്‍ ഏ.ഡി.പത്തൊന്‍പതാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ പേരും കൂടുതല്‍ വിവരങ്ങളും അജ്ഞാതമായിരിക്കുന്നു.

സുഭദ്രാഹരണം പുറപ്പാട്


രംഗത്ത്-ഇന്ദ്രന്‍‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“കാന്താജനൈസ്സഹ നിതാന്തമദാന്ധഭൃംഗ
 ഝംകാരപൂരിത സുവർണ്ണലതേ നിശാന്തേ
 സന്താനപല്ലവസുമാവലികേളിതല്പേ
 സന്തോഷിതസ്സുരപതി സ്സതുജാതരേമേ”‍
{സുവർണ്ണവല്ലികളിൽ ഏറ്റവും മദിച്ച വണ്ടുകളുടെ മൂളൽനിറഞ്ഞതായ  രാത്രിയിൽ ദേവരാജവായ ഇന്ദ്രൻ കല്പവൃക്ഷത്തിന്റെ പൂക്കൾ വിതറിയ കിടക്കയിൽ തന്റെ കാന്തകളുമായി വളരെ സന്തോഷത്തോടുകൂടി രമിച്ചു.}

പദം-
പ്രത്യേകമായി കവി പുറപ്പാട് പദം രചിച്ചിട്ടില്ല. സാധാരണയായി രാവണോത്ഭവം കഥയുടെ പുറപ്പാട് പദമായ ‘സ്വര്‍ല്ലോകാധിപതി ശചീവല്ലഭനമലന്‍’ എന്നത് ഇവിടെ ഉപയോഗിക്കുകയാണ് പതിവ്.
-----(തിരശ്ശീല)-----

സുഭദ്രാഹരണം 1മുതല്‍ 7വരെ രംഗങ്ങള്‍

1മുതല്‍ 6വരേ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

ഏഴാം രംഗം (മാലയിടീല്‍)

രംഗത്ത്-ഇന്ദ്രന്‍, ഇന്ദ്രാണി, കൃഷ്ണന്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം), അര്‍ജ്ജുനന്‍‍(ഒന്നാംതരം പച്ചവേഷം), സുഭദ്ര(രണ്ടാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഇന്ദളം
“ഗുണവതി സുമുഹൂര്‍ത്തേ തൂര്യഘോഷേ പ്രവൃത്തേ
 ത്രിദശയുവതി നൃത്തേ ചാമലോദാരകീര്‍ത്തേ:
 സുഭഗമധുരമൂര്‍ത്തേരാജ്ഞയാ ദേവഭര്‍ത്തു:
 കരതലമലസാംഗ്യാശ്ചാരു ജഗ്രാഹ പാര്‍ത്ഥ:”‍
{ഗുണം തികഞ്ഞ സുമുഹൂര്‍ത്തത്തില്‍ മംഗളവാദ്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെ ദേവയുവതികള്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെ നിര്‍മ്മലവും ഉദാരവുമായ കീര്‍ത്തിയോടുകൂടിയവനും സുഭഗമധുരമൂത്തിയുമായ ദേവനാഥന്റെ ആജ്ഞപ്രകാരം പാര്‍ത്ഥന്‍ സുന്ദരിയായ സുഭദ്രയുടെ കരതലം പിടിച്ചു.}

(വലന്തലമേളവും ശംഖനാദവും)
തിരശ്ശീല പകുതി താഴ്ത്തുമ്പോള്‍ ആലവട്ടമേലാപ്പുകളോടെ രംഗമദ്ധ്യത്തില്‍ വില്ലുകുത്തിപിടിച്ച് സന്തോഷഭാവത്തില്‍ അര്‍ജ്ജുനനും, തൊട്ടിടതുവശത്തായി വരണമാല്യവും പിടിച്ചുകൊണ്ട് ലജ്ജാവതിയായ സുഭദ്രയും നില്‍ക്കുന്നു. വലതുവശത്ത് കൃഷ്ണനും ഇടതുവശത്തായി ഇന്ദ്ര-ഇന്ദ്രാണിമാരും പീഠങ്ങളിലിരിക്കുന്നു. സുഭദ്ര അര്‍ജ്ജുനനെ മാലയിട്ട് വരിച്ചിട്ട്, ലജ്ജാവതിയായി നില്‍ക്കുന്നു. അര്‍ജ്ജുനന്‍ സന്തോഷത്തോടെ രോമാഞ്ചം കൊള്ളുന്നു.
സുഭദ്ര(കലാ:മുകുന്ദന്‍) അര്‍ജ്ജുനനെ(കലാ:ഗോപി) വരിക്കുന്നു
(മേളം-തൃപുട-ഒന്നാം കാലം)
അര്‍ജ്ജുനന്‍ ശൃംഗാര ലജ്ജാഭാവേന സുഭദ്രയെ കടാക്ഷിച്ചശേഷം, സുഭദ്രയുടെ ഇടംകൈ ഗ്രഹിച്ച് മാറോടുചേര്‍ത്ത് സുഖദൃഷ്ടിയില്‍ നില്‍ക്കുന്നു. അല്പസമത്തിനുശേഷം സുഭദ്രയുടെ കൈ വിട്ട് അര്‍ജ്ജുനന്‍ പ്രൌഢമായ സദസ്സിനെ വീരഭാവത്തില്‍ നോക്കിക്കാണുന്നു. തുടര്‍ന്ന് വലതുഭാഗത്ത് കൃഷ്ണനെ കണ്ട് സന്തോഷാത്ഭുതഭക്തികള്‍ നടിച്ചിട്ട്, കുമ്പിടുന്നു. കൃഷ്ണസമീപം വന്ന് ആശ്രിതഭാവത്തില്‍ നിന്ന്, അപരാധബോധവും ജാള്യതയും നടിച്ച ശേഷം അര്‍ജുനന്‍ സാവധാനം ഇടതുവശത്തേയ്ക്കുതിരിഞ്ഞ് ഇന്ദ്ര-ഇന്ദ്രാണിമാരെ കണ്ട് സന്തോഷിച്ച്, ഭക്തിയോടെ കുമ്പിടുന്നു. തുടര്‍ന്ന് ഇന്ദ്രസമീപവും ചെന്ന് നിന്ന് അപരാധബോധവും ജാള്യതയും നടിക്കുന്നു.

വിവാഹരംഗം:- അര്‍ജ്ജുനന്‍- കലാ: വാസുപിഷാരടി, സുഭദ്ര- കലാ:ശുചീന്ദ്രനാഥ

(മേളം-തൃപുട-രണ്ടാം കാലം)
അര്‍ജ്ജുനന്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടി ചെയ്യുന്ന ദേവകളെ കണ്ട് വണങ്ങുന്നു.
(മേളം-ഏകതാളം)
തുടര്‍ന്ന് അര്‍ജ്ജുനന്‍ രംഗാദ്യത്തിലേതുപോലെ രംഗമദ്ധ്യത്തില്‍ വില്ലുകുത്തിപ്പിടിച്ച് നില്‍ക്കുന്നു.
-----(തിരശ്ശീല)-----

സുഭദ്രാഹരണം എട്ടാം രംഗം

രംഗത്ത്-അര്‍ജ്ജുനന്‍, കൃഷ്ണന്‍

ശ്ലോകം-രാഗം:മുഖാരി
“നാകാധിപേ തദനു സാകമമര്‍ത്ത്യസംഘൈ-
 സ്സ്വര്‍ഗ്ഗം ഗതേ പ്രമദഭാരതരംഗിതാത്മാ
 സന്തോഷിതം കൃതവിവാഹമുവാചധീരം
 വാചം തദാ സുമധുരം ജഗദേകനാഥ:”‍
{നാകാധിപന്‍ അമര്‍ത്ത്യസംഘത്തോടുകൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് ഗമിച്ച ശേഷം ജഗദേകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ പ്രേമഭാരത്താല്‍ തരംഗിതഹൃദയനായവനും വിവാ‍ഹിതനുമായ ആ ധീരനെ സന്തോഷിപ്പിച്ചുകൊണ്ട് ഇങ്ങിനെ മധുരമായി പറഞ്ഞു.}

കൃഷ്ണന്‍ വലതുവശത്ത് പീഠത്തിലിരിക്കുന്നു. പതിഞ്ഞ ’കിടതകധിം,താം’ മേളത്തിനൊപ്പം ഇടതുഭാഗത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍; കപടസന്യാസിയായി ചമഞ്ഞതും ബലഭദ്രാദികള്‍ തന്നെ നമസ്ക്കരിച്ചതുമൊക്കെ ഓര്‍ത്ത് അപരാധബോധത്താല്‍ നടുങ്ങുന്നു. തുടര്‍ന്ന് കൃഷ്ണനെ കണ്ട് ഭക്തിയോടെ കുമ്പിട്ടിട്ട് വിനയത്തോടെ നില്‍ക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം ചെയ്യുന്നു.

പദം-രാഗം:മുഖാരി, താളം:അടന്ത(രണ്ടാം കാലം)
കൃഷ്ണന്‍:
പല്ലവി:
“കേട്ടാലും വചനം സഖേ മാനവമൌലേ കേട്ടാലും”
അനുപല്ലവി:
“സ്ഫീതമാം തവ ഭാഗ്യം സുകരമായ് വിവാഹവും
 നിയതിവൈഭവമുണ്ടോപാരിലൊരുസൂരിയറിയുന്നു”‍
ചരണം1:
“താതന്‍ ദേവരാജാവും ത്രിദശമാനിനിമാരും
 ദേവമാമുനിവൃന്ദവും ദേവവൃന്ദവുമീവണ്ണം
 മുന്നം മന്നിലെങ്ങാനുംതനിയേ വന്നിതോ മോദാല്‍
 അഹഹ തവ സുകൃതമതിഗഹനം”
{വാക്കുകള്‍ കേട്ടാലും സഖേ. മനുഷ്യശ്രേഷ്ഠാ, കേട്ടാലും. താങ്കളുടെ ഭാഗ്യം തെളിഞ്ഞു. സുഖമായി വിവാഹം കഴിഞ്ഞു. ഭാഗ്യവൈഭവമുണ്ടോ പാരിലൊരു വിദ്വാന്‍ അറിയുന്നു! താതനായ ദേവരാജാവും ദേവസ്ത്രീകളും ദേവമാമുനിവൃന്ദവും വന്നല്ലോ. ഈവണ്ണം ദേവവൃന്ദം മുന്‍പെങ്ങാനും മോദത്തോടെ മന്നിലേയ്ക്ക് താനെ വരികയുണ്ടായിട്ടുണ്ടോ? ആശ്ചര്യം! താങ്കളുടെ സുകൃതം അപാരം തന്നെ.}

അര്‍ജ്ജുനന്‍:
ചരണം2:(ഒന്നാം കാലം)
“കഷ്ടം ഞാന്‍ കപടം കൊണ്ടെതിയായ്ചമഞ്ഞതും
 ഒട്ടല്ല ഇതിന്‍ പാതകം പെട്ടന്നു ഭവാനെന്റെ
 അടിയില്‍വീണതുമോര്‍ത്താല്‍ ഞെട്ടുന്നു കളിയല്ല
 ജളത മമ സകലമിതുമാധവ”
ചരണം3:
“പങ്കജലോചന നിന്‍‌കൃപയുളവായാല്‍
 സങ്കടലവമുണ്ടാമോ പങ്കനാശന ദേവ
 പങ്കജഭവവന്ദ്യ കിങ്കരനഹം നിന്റെ
 അമരമുനി നികര പരിസേവിത”
പല്ലവി:
“കേട്ടാലും വചനം വിഭോ കേശവ ശൌരേ”
{ഞാന്‍ കപടംകൊണ്ട് യതിയായി ചമഞ്ഞത് കഷ്ടമായിപോയി. ഒട്ടല്ല ഇതുകൊണ്ടുള്ള പാപം. പെട്ടന്ന് ഭവാന്‍ അടിയില്‍ വീണതും ഓര്‍ത്താല്‍ ഞെട്ടുന്നു, ഇതു കള്ളമല്ല. സകലവും എന്റെ അല്പത്വമാണ് മാധവ. താമരക്കണ്ണാ, നിന്റെ കൃപയുളവായാല്‍ ലേശമെങ്കിലും സങ്കടമുണ്ടാകുമോ? പാപത്തെ നശിപ്പിക്കുന്നവനായ ദേവാ, ബ്രഹ്മദേവനാലും വന്ദിക്കപ്പെടുന്നവനേ, ദേവഋഷിമാരാല്‍ പരിസേവിതനായവനേ, ഞാന്‍ നിന്റെ ഭൃത്യനാണ്.}
ഞെട്ടുന്നു കളിയല്ല” (അര്‍ജ്ജുനന്‍-കലാ:ഗോപി‍, കൃഷ്ണന്‍-കലാ:ബാലസുബ്രഹ്മണ്യന്‍)
കൃഷ്ണന്‍:
ചരണം4:
“ഉത്സവാവധൌ വീര സഹചരിയുമായി നീ
 വിരവോടു ഗമിക്കേണമേയോദ്ധാക്കള്‍ തടുത്താല്‍ നീ
 അവരെ സംഹരിക്കൊല്ല ഗമിക്കുന്നേനഹമിപ്പോള്‍
 ഉടനെ ഇനിത്തവനികടെ വന്നിടാം”
{വീരാ, ഉത്സവം അവസാനിക്കുന്ന ക്രമത്തില്‍ സഹചരിയുമായി നീ ഗമിക്കുക. യോദ്ധാക്കള്‍ തടുത്താല്‍ നീ അവരെ വധിക്കരുത്. ഞാന്‍ ഇപ്പോള്‍ ഗമിക്കുകയാണ്. ഇനി താമസിയാതെ നിന്റെയടുത്ത് വന്നീടാം.}

ശേഷം ആട്ടം-
അര്‍ജ്ജുനന്‍:(ഭക്തിയോടെ ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിട്ടിട്ട്) ‘അല്ലയോ സ്വാമിന്‍, എനിക്ക് ഇപ്രകാരമെല്ലാം സിദ്ധിച്ചത് ലോകനാഥനായ അവിടുത്തെയും ദേവനാഥനായ എന്റെ അച്ഛന്റേയും കാരുണ്യം കൊണ്ടുതന്നെ. ഞങ്ങളില്‍ സര്‍വ്വധാ അങ്ങയുടെ കാരുണ്യമുണ്ടാകേണമേ’
കൃഷ്ണന്‍:‘അങ്ങിനെ തന്നെ. സന്തോഷത്തോടുകൂടി വസിച്ചാലും’
അര്‍ജ്ജുനന്‍ വീണ്ടും കൃഷ്ണനെ വന്ദിക്കുന്നു. അനുഗ്രഹിച്ച് കൃഷ്ണന്‍ നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് അര്‍ജ്ജുനനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

സുഭദ്രാഹരണം ഒന്‍പതാം രംഗം (പതിഞ്ഞപദം)

രംഗത്ത്-അര്‍ജ്ജുനന്‍, സുഭദ്ര

ശ്ലോകം-രാഗം:കാമോദരി
“ഇത്ഥം‌പറഞ്ഞു നിജബന്ധുജനേന സാകം
 നാരായണന്‍ വിരവിനോടു ഗമിച്ചശേഷം
 പാരിച്ച മാരപരിതാപഭരേണ പാര്‍ത്ഥന്‍
 സാരംഗചാരുനയനാം വചനം ബഭാഷേ”‍
{ഇപ്രകാരം പറഞ്ഞ് ബന്ധുജനങ്ങളോടുകൂടി നാരായണന്‍ ഗമിച്ചശേഷം വര്‍ദ്ധിച്ച മാരപരിതാപത്തോടെ പാര്‍ത്ഥന്‍ മാന്മിഴിയാളോട് പറഞ്ഞു.}

പതിഞ്ഞ ’കിടതകധിം,താം’ മേളത്തിനൊപ്പം ലജ്ജാവതിയായ സുഭദ്രയെ ആലിംഗനംചെയ്തുകൊണ്ട് ശൃംഗാരഭാവത്തില്‍ അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു. സാവധാനം സുഭദ്രയെ ഇടതുവശത്തുനിര്‍ത്തിയിട്ട് നോക്കിക്കാണലോടെ അര്‍ജ്ജുനന്‍ പദാഭിനയം ആരംഭിക്കുന്നു.

അര്‍ജ്ജുനന്റെ പദം-രാഗം:കാമോദരി, താളം:ചമ്പ(ഒന്നാം കാലം)
പല്ലവി:
“കഞ്ജദളലോചനേ മഞ്ജുതരഭാഷിണി
 കുഞ്ജരസമാനഗമനേ”
അനുപല്ലവി:
“അഞ്ജസാ എന്നുടല്‍ കുഞ്ജവിശിഖന്‍ പ്രിയേ
 ഭഞ്ജനം ചെയ്യുന്നു കാണ്‍ക മൃദുശീലേ”‍
ചരണം1:
“കുന്തളഭരേണ നിന്‍ കാന്തമുഖാംബുജം
 ഹന്ത മറയ്കുന്നതെന്തേ കാന്തേ പദാംബുജം
 നോക്കിനില്ക്കുന്നിതോ പൂന്തേന്‍മൊഴികമനി
 നോക്കേണമെന്നെ”
(“കഞ്ജദളലോചനേ ............................ ഗമനേ”)
{താമരദളത്തിനൊത്ത കണ്ണുകളോടുകൂടിയവളേ, മധുരതരമായി സംസാരിക്കുന്നവളേ, ആനനടക്കു സമാനമായ ഗമനത്തോടുകൂടിയവളേ, പ്രിയേ, എന്റെ ഉടലിനെ കാമന്‍ പിളര്‍ക്കുന്നു. മൃദുശീലേ, കണ്ടാലും. കേശഭാരം കൊണ്ട് നിന്റെ കാന്തിയെഴുന്ന മുഖാംബുജത്തെ മറയ്ക്കുന്നതെന്തേ? ഹോ! കാന്തേ, പദാബുജം നോക്കി നില്ക്കുകയാണോ? പൂന്തേന്മൊഴീ, സുന്ദരീ, എന്നെ ഒന്ന് നോക്കിയാലും.}
പദാംബുജം നോക്കിനില്ക്കുന്നിതോ”(അര്‍ജ്ജുനന്‍-കലാ:ഗോപി, സുഭദ്ര-കലാ:മുകുന്ദന്‍
സുഭദ്രയുടെ മറുപടിപദം^-രാഗം:നവരസം, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മുല്ലസായകതുല്യ വില്ലാളികുലമൌലേ
 കല്യാണാലയ നിന്നെ കലയേഹം”
അനുപല്ലവി:
“മല്ലലോചന നിന്നെ ചൊല്ലുന്നു ജനമെല്ലാം
 വില്ലാളിതിലകനെന്നതിനാല്‍ കൌതുകം ജാതം”
(“മുല്ലസായകതുല്യ ................ ............. കലയേഹം”)
{കാമതുല്യാ, വില്ലാളികളില്‍ ശ്രേഷ്ഠാ, ഗുണനിലയാ, ഭവാനെ ഞാന്‍ വന്ദിക്കുന്നേന്‍. താമരക്കണ്ണാ, അങ്ങയെ വില്ലാളിതിലകനെന്ന് ജനമെല്ലാം പുകഴ്ത്തുന്നു. അതിനാലാണ് എനിക്ക് ഇഷ്ടം ജനിച്ചത്.}
“നിന്നെ ചൊല്ലുന്നു ജനമെല്ലാം” (അര്‍ജ്ജുനന്‍-കലാ:ഗോപി‍)
[^‘മുല്ലസായകതുല്യ’ എന്ന സുഭദ്രയുടെ ഈ പദം പതിനൊന്നാം രംഗത്തിലുള്ളതാണ്. എന്നാല്‍ ഇത് ഒന്‍പതാം രംഗത്തിലെ മറുപടിപദമായി അവതരിപ്പിക്കുന്നതാണ് ഇന്നുള്ള രീതി. ഈ രംഗത്തിലെ പതിഞ്ഞപദത്തിന് കവി മറുപടിപദം രചിച്ചിട്ടില്ല]

ശേഷം ആട്ടം-
അര്‍ജ്ജുനന്‍:^(സുഭദ്രയെ നോക്കി സൌന്ദര്യം ആസ്വദിച്ച്, സന്തോഷാത്ഭുതങ്ങളോടെ) ‘ഇവള്‍ എന്റെ ഭവനത്തിലേയ്ക്കുവന്ന ലക്ഷീദേവി തന്നെ’ (വീണ്ടും നോക്കിയിട്ട്) ‘ഇവളെ കാണുന്നത് കണ്ണുകള്‍ക്ക് അമൃതിനുസമാനമാകുന്നു’ (സുഭദ്രയുടെ കരത്തില്‍ പിടിച്ചശേഷം) ‘ഇവളുടെ സ്പര്‍ശം ദേഹത്തിന് ചന്ദനം പോലെ കുളിര്‍മ്മയേകുന്നതാണ്’ (സുഭദ്രയുടെ ഇരുകൈകളേയും വെവ്വേറെ കണ്ട്, ഭംഗി നടിച്ചിട്ട്) ‘ഇവളുടെ കൈകള്‍ എന്റെ കഴുത്തിലേയ്ക്ക് മുത്തുമാലയാകുന്നു. എന്നാല്‍ എനിക്കിവളുടേതായി ഇഷ്ടമില്ലാത്തതായുള്ളത് എന്താണ്?’ (ആലോചിച്ച്, അസഹ്യത നടിച്ചിട്ട്) ‘ഓ, ഇവളുടെ വിരഹം എനിക്കിഷ്ടമല്ല. സഹിക്കാനാവില്ല. അതിനാല്‍ ഇനി ഒരിക്കലും ഇവളെ പിരിയുകയില്ല.’

അര്‍ജ്ജുനന്‍ എഴുന്നേറ്റ് സുഭദ്രയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയില്‍ നില്‍ക്കുന്നു.

[^അര്‍ജ്ജുനന്റെ ഈ ആട്ടം
“ഇയംഗേഹേ ലക്ഷ്മീരിയമമൃതവര്‍ത്തിന്നയനയോ-
 രസാവസ്യാഃ സ്പര്‍ശോവപുഷി ബഹുളശ്ചന്ദനരസഃ
 അയംബാഹു: കണ്ഠെശിശിരമസൃണോ മൌക്തികരസ:
 കിമസ്യാ നപ്രേയോ യദിപരമസഹ്യസ്തു വിരഹ:” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

അര്‍ജ്ജുനന്‍:(പെട്ടന്ന് മുന്നില്‍ കണ്ട്) ‘അല്ലയോ പ്രിയേ, നമുക്ക് പോകുവാനുള്ള രഥം ഇതാ വന്നിരിക്കുന്നു. ഇനി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോവുകയല്ലേ?’
സുഭദ്ര:‘അങ്ങിനെ തന്നെ’
അര്‍ജ്ജുനന്‍:(ആലോചനയോടെ) ‘എന്നാല്‍ രഥം തെളിക്കുന്നതാര്?’
സുഭദ്ര:‘തേര്‍ തെളിക്കുവാനുള്ള ഉപായങ്ങള്‍ കുട്ടിക്കാലത്തുതന്നെ എന്നെ ജേഷ്ഠനായ കൃഷ്ണന്‍ പഠിപ്പിച്ചിട്ടുണ്ട്.’
അര്‍ജ്ജുനന്‍:(ശ്രീകൃഷ്ണന്റെ ലീലകള്‍ ഓര്‍ത്ത് അത്ഭുതപ്പെട്ട്, അതിയായ സന്തോഷത്തോടെ) ‘അതുവ്വോ! എന്നാല്‍ ഇനി വേഗത്തില്‍ തേര്‍തെളിച്ചാലും’
അര്‍ജ്ജുനന്‍ ചമ്മട്ടിയെടുത്ത് സുഭദ്രയുടെ കൈയ്യില്‍ നല്‍കുന്നു. സുഭദ്ര ചമ്മട്ടി വാങ്ങി തയ്യാറായി നില്‍ക്കുന്നു. അര്‍ജ്ജുനന്‍ ചാപബാണങ്ങളോടുകൂടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ഇരുവരും രഥത്തിലേയ്ക്ക് ചാടികയറുന്നു. തേരില്‍ സഞ്ചരിക്കുന്ന നാട്ട്യത്തില്‍ നിന്നശേഷം പിന്നിലേയ്ക്ക് കാല്‍കുത്തിമാറി ഇരുവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2009 ഒക്‌ടോബർ 18, ഞായറാഴ്‌ച

സുഭദ്രാഹരണം 10 മുതല്‍ 17 വരെ രംഗങ്ങള്‍ (പോരിനുവിളി)

പത്താം രംഗം

രംഗത്ത്-അര്‍ജ്ജുനന്‍, സുഭദ്ര

ശ്ലോകം-രാഗം:സാരംഗം
“ഇന്ദിരാരമണമന്ദിരേ സസുഖമിന്ദുബിംബമുഖിയാളുമായ്
 ഭംഗിപൂണ്ടു മരുവുന്നകാലമമരേന്ദ്രസൂനു സുരസുന്ദരന്‍
 ഉത്സവാവധി നിനയ്ക്കയാല്‍ സപദി ഗന്തുകാമനവനാദരാല്‍
 തേരിലേറി മറിമാന്‍ വിലോചനതെളിക്കുമപ്പൊഴുതു ചൊല്ലിനാന്‍”
{ഇന്ദിരാരമണന്റെ മന്ദിരത്തില്‍ ചന്ദ്രമുഖിയാളുമായി സുരസുന്ദരനായ ഇന്ദ്രസൂനു സസുഖം ഭംഗിയായി മരുവുന്നസമയത്ത് ഉത്സവാവസാനമായി എന്ന് ഓര്‍മ്മപ്പെട്ടിട്ട് പോകുവാനുദ്ദേശിച്ച് തേരില്‍ കയറി. മറിമാന്മിഴിയാള്‍ തേരുതെളിക്കുമ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു.}

അര്‍ജ്ജുനന്‍ വശങ്ങളിലേയ്ക്ക് നിവര്‍ത്തിപിടിച്ച കൈകളില്‍ അമ്പും വില്ലും ധരിച്ച് വീരഭാവത്തില്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ നില്‍ക്കുന്നു. മുന്നില്‍ താഴെ ചമ്മട്ടിപിടിച്ച് തേരുതെളിക്കുന്ന ഭാവത്തില്‍ സുഭദ്ര നില്‍ക്കുന്നു.

അജ്ജുനന്‍:(ഇരു വശങ്ങളിലുമായി ദ്വാരക നോക്കിക്കണ്ട്, വിസ്മയത്തോടെ ആത്മഗതമായി) ‘ഹോ ദ്വാരകാപുരിയുടെ സൌന്ദര്യം അത്ഭുതംതന്നെ’ (ചാടി താഴെയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് വീണ്ടും കണ്ടിട്ട്) ‘ചുറ്റും ഗംഭീരമായ മതിലുകളോടും കിടങ്ങുകളോടും നാലുദിക്കിലുമുള്ള ഗോപുരങ്ങളോടും കൂടി ദ്വാരകാപുരി ശോഭിക്കുന്നു.‘ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട ചവുട്ടി മുന്നില്‍ ധരാളം‌പേരെ കണ്ട്) ‘ഇതാ അനവധി ഭടന്മാര്‍ ഓരോ വിധത്തിലുള്ള ആയുധങ്ങള്‍ ധരിച്ചുകൊണ്ട് നില്‍ക്കുന്നു.’ (ആലോചനയോടെ) ‘ഇവരുടെ മദ്ധ്യത്തിലൂടെ ഒരു സ്ത്രീയേയുംകൊണ്ട് പോകുന്നതെങ്ങിനെ? ആരും അറിയാതെ ഉപായത്തില്‍ പോയാലോ? (ചിന്തിച്ച് ഗൌരവത്തില്‍) ‘പാടില്ല, അത് ക്ഷത്രിയന്മാര്‍ക്ക് ഉചിതമല്ല. പിന്നെ എങ്ങിനെ? (വിചാരിച്ചിട്ട്) ‘ആ, ഉണ്ട്. ഭടന്മാരെ ജയിച്ച് പോകാം’ (ഉത്സാഹത്തോടെ) ‘അതിനാല്‍ ഇനി വേഗം യുദ്ധത്തിനുവിളിക്കുക തന്നെ’

അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട് വീരഭാവത്തില്‍ പദമാടുന്നു.

അര്‍ജ്ജുനന്റെ പോരിനുവിളിപ്പദം-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ദ്വാരഭൂമിയില്‍‌വാഴും വീരരേ
 ശൂരരെങ്കിലോ വരുവിനാഹവേ”
ചരണം1:
“ശൂരനാമഹം വീരനര്‍ജ്ജുനന്‍
 നിര്‍ജ്ജരേന്ദ്രന്റെ ഇഷ്ടനാം സുതന്‍”
ചരണം2:
“ലോകനാഥന്റെ മിത്രനാമഹം
 ഭദ്രയെ ബലാല്‍ കൊണ്ടുപോകുന്നേന്‍”
ചരണം3:
“കണ്ടുകൊള്‍കഹോ കൊണ്ടല്‍‌വേണിയെ
 കൊണ്ടുപോകുന്നേനിണ്ടലെന്നി‍യേ”
{ഗോപുരത്തില്‍ വാഴുന്ന വീരരേ, നിങ്ങള്‍ ശൂരരാണെങ്കില്‍ യുദ്ധത്തിനുവരുവിന്‍. ശൂരനായ ഞാന്‍ വീരനായ അര്‍ജ്ജുനനാണ്. ഇന്ദ്രന്റെ ഇഷ്ടപുത്രന്‍. ലോകനാഥന്റെ മിത്രമായ ഞാന്‍ ഭദ്രയെ ബലമായി കൊണ്ടുപോകുന്നു. കൊണ്ടല്‍‌വേണിയാളെ ഇണ്ടല്‍ കൂടാതെ കൊണ്ടുപോകുന്നത് കണ്ടുകൊണ്ടാലും.}
കണ്ടുകൊള്‍കഹോ”(അര്‍ജ്ജുനന്‍-കലാ:ഗോപി)
ശേഷം ആട്ടം-
അര്‍ജ്ജുനന്‍ ചാപബാണധാരിയായി ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടി കലാശിച്ച് യുദ്ധസന്നദ്ധനായി നില്‍ക്കുന്നഭാവത്തിലും, സുഭദ്ര തേരുതെളിക്കുന്ന ഭാവത്തിലും നിന്നശേഷം പിന്നിലേയ്ക്ക് കാല്‍കുത്തിമാറി ഇരുവരും നിഷ്ക്രമിക്കുന്നു.

ഈ രംഗത്തില്‍ തുടര്‍ന്ന്; ദ്വാരപാലന്മാരുടെ പ്രവേശവും, അവരുമായുള്ള യുദ്ധവും, അര്‍ജ്ജുനന്‍ ദ്വാരപാലകരെ പരാജയപ്പെടുത്തി അയക്കുന്നതുമായ ഭാഗങ്ങളാണുള്ളത്. എന്നാല്‍ ഈ ഭാഗങ്ങള്‍ ഇപ്പോള്‍ സാധാരണമായി അവതരിപ്പിക്കപ്പെടാറില്ല.

-----(തിരശ്ശീല)-----

11 മുതല്‍ 17 വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ലാത്തവയാണ്.

2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

സുഭദ്രാഹരണം പതിനെട്ടാം രംഗം


രംഗത്ത്-മൂന്ന് ബ്രാഹ്മണര്‍‍‍(മിനുക്ക് വേഷങ്ങള്‍)

ശ്ലോകം-രാഗം:മോഹനം
“അനന്തരം രൈവതകാദ്രിഭാഗേ
 നിതാന്തസന്തോഷഭരേണ സാകം
 അന്യോന്യമൂച്ചര്‍ദ്ധരണീസുരേന്ദ്രോ
 രണാങ്കണേ വീക്ഷ്യ ച സപ്രഹാസം”
{അനന്തരം രൈവതകപര്‍വ്വതത്തിലെ രണാങ്കണം കണ്ടിട്ട് ബ്രാഹ്മണശ്രേഷ്ഠന്മാര്‍ അതിയായ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അന്യോന്യം പറഞ്ഞു.}

ബ്രാഹ്മണര്‍ ദേവസ്തുതിയ്ക്ക് ചുവടുകള്‍ വെച്ചുകൊണ്ട് പ്രവേശിച്ച് മുന്‍പോട്ട് വരുന്നു.

ബ്രാഹ്മണരുടെ സ്തുതിപദം-രാഗം:മോഹനം, താളം:മുറിയടന്ത
ചരണം1:
“ദേവേശ മുകുന്ദ ജനാര്‍ദ്ദന
 പാഹി ദയാംബുനിധേ”
{ദേവദേവനായ മുകുന്ദാ, ജനാര്‍ദ്ദനാ, ദയാസമുദ്രമേ, രക്ഷിച്ചാലും}

ബ്രാഹ്മണര്‍ ഇരുവശങ്ങളിലായി നില്‍ക്കുന്നു. ഒന്നാമന്‍ പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണരുടെ പദം-
പല്ലവി:
“കേട്ടില്ലയോ നിങ്ങള്‍ ഭൂസുരന്മാരെ
 നാട്ടിലൊക്കെ പ്രസിദ്ധം വിശേഷം‍”
ചരണം1:
“കണ്ടീലെ പണ്ടോരു സന്യാസിയെ ഭവാന്‍
 കണ്ടാലഴകുള്ളവന്‍ സുഭഗന്‍
 വണ്ടാര്‍കുഴലിയാം ഭദ്രയെക്കൊണ്ടു-
 ഗമിച്ചുപോലെന്നു കേട്ടു നിയതം”
{ഭൂസുരന്മാരേ, നിങ്ങള്‍ കേട്ടില്ലേ? നാട്ടിലൊക്കെ പ്രസിദ്ധമായ വിശേഷം. കണ്ടാല്‍ അഴകുള്ള സുന്ദരനായ ഒരു സന്യാസിയെ ഭവാന്‍ പണ്ട് കണ്ടില്ലേ? വണ്ടാര്‍കുഴലിയാളാം സുഭദ്രയേയും കൊണ്ടവന്‍ ഗമിച്ചുപോല്‍. എന്ന് കേട്ടു, തീര്‍ച്ച}

രണ്ടാമന്‍:
ചരണം2:
“നാരിമാര്‍തന്നിലനുരാഗമുള്ളവര്‍
 വേഗേനസന്യസിപ്പിന്‍ ഉടനെ
 വേളികഴിയുമതിന്റെ ഫലം കൊണ്ടു‍
 കാലം തുലോം പകര്‍ന്നു ധരിക്ക”
{നാരിമാരില്‍ അനുരാഗമുള്ളവര്‍ വേഗത്തില്‍ സന്യസിച്ചുകൊള്‍വിന്‍. ഉടനെ വേളി കഴിയും. അതാണതിന്റെ ഫലം. ഹോ! കാലം വല്ലാതെ മാറിക്കഴിഞ്ഞു എന്ന് അറിയുക.‍}

മൂന്നാമന്‍:(ഭയത്തോടെ)
ചരണം3:
“ദുഷ്ട ഭവാനിന്നു കഷ്ടം പറകൊല്ല
 നഷ്ടമാം നിന്റെ കുലം കഠോരം
 അഷ്ടിക്കുപോലുമുപായമില്ലാത്തവന്‍
 ദുഷ്ടത കേട്ടീലയോ മഹാത്മന്‍‍”
{ദുഷ്ടാ, ഭവാന്‍ ഇന്ന് ഇങ്ങിനെ കഠോരമായി വല്ലതും പറയരുത്. നിന്റെ കുലം നഷ്ടമാകും. കഷ്ടം! ആഹാരത്തിനുപോലും ഉപായമില്ലാത്തവന്റെ ദുഷ്ടത കേട്ടില്ലേ മഹാത്മാവേ.}

ഒന്നാമന്‍:
ചരണം4:
“സന്യാസിയല്ലവന്‍ സന്ദേഹമില്ലേതും
 സുന്ദരന്‍ പാണ്ഡുസുതന്‍ സുഭഗന്‍
 സുഭദ്രയെക്കൊണ്ടു ഗമിക്കുന്ന നേരത്തു
 ഗോപുരപാലകന്മാര്‍ തടുത്താര്‍”
{അവന്‍ സന്യാസിയല്ല. ഒട്ടും സംശയമില്ല. സുന്ദരനായ പാണ്ഡുസുതനാണ്. സുഭഗനായ അവന്‍ സുഭദ്രയേയും കൊണ്ട് ഗമിക്കുന്നനേരത്ത് ഗോപുരപാലകന്മാര്‍ തടുത്തുവത്രെ.}

രണ്ടാമന്‍:
ചരണം5:
“‍ആശുഗംകൊണ്ടവനാകെ ജയിച്ചെടോ
 ആശു വന്നാനിവിടെ
 അന്നേരം പാഞ്ഞടുത്താന്‍ വിപൃഥുവും
 കൂട്ടവുമൊക്കെജ്ജയിച്ചാനവന്‍ ക്ഷണേന”
{എടോ, അസ്ത്രംകൊണ്ട് സകലരേയും ജയിച്ച് അവന്‍ പെട്ടന്ന് ഇവിടെ വന്നു. അന്നേരം വിപൃഥുവും കൂട്ടരും പാഞ്ഞടുത്തു. അവരെയൊക്കെ അവന്‍ ക്ഷണത്തില്‍ ജയിച്ചു.}

മൂന്നാമന്‍:
ചരണം6:
“സംഗരഭൂമിയെ കാണ്‍ക ഭവാനിന്നു
 സംക്രനന്ദനാത്മജന്റെ കൃപയാല്‍
 ആര്‍ക്കും കുറഞ്ഞൊന്നുപോലും മുറിഞ്ഞീല
 സ്യന്ദനമായുധവും തകര്‍ത്താന്‍”
{ഭവാനിന്ന് യുദ്ധഭൂമി കണ്ടാലും. ഇന്ദ്രപുത്രന്റെ കൃപയാല്‍ ആര്‍ക്കും ചെറിയൊരു മുറിവുപോലും ഏറ്റിട്ടില്ല. തേരുകളും ആയുധങ്ങളും മാത്രം തകര്‍ത്തിട്ടിരിക്കുന്നു.}

പദാഭിനയം കഴിഞ്ഞ് ബ്രാഹ്മണര്‍ സ്തുതിപദത്തിന് ചുവടുകള്‍വെച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.

സ്തുതിപദം-
“ദേവേശ മുകുന്ദ ജനാര്‍ദ്ദന
 പാഹി ദയാംബുനിധേ”

-----(തിരശ്ശീല)-----


സുഭദ്രാഹരണം 19 മുതല്‍ 21 വരെ രംഗങ്ങള്‍

19, 20 രംഗങ്ങള്‍

രംഗത്ത്-ബലഭദ്രന്‍‍(ഒന്നാംതരം പഴുപ്പുവേഷം), ശ്രീകൃഷ്ണന്‍

ശ്ലോകം-രാഗം:മദ്ധ്യമാവതി
“ഇത്ഥം ബ്രാഹ്മണരും പറഞ്ഞു നടകൊള്ളുന്നോരവസ്ഥാന്തരേ
 ശ്രുത്വാ പാര്‍ത്ഥവിചേഷ്ടിതാനി പരുഷാണ്യുദ്യല്‍ഗദാഭീഷണം
 ദ്വീപാദാത്മപുരീം പ്രവശ്യ വിഹസന്‍ കോപാദ്ദിധക്ഷന്നിവ
 ത്രൈലോക്യം മുസലീ ജഗാദ വചനം പാദനതം സോദരം”
{ഇങ്ങിനെ പറഞ്ഞ് ബ്രാഹ്മണര്‍ നടന്ന അവസ്ഥയില്‍ പാര്‍ത്ഥന്റെ പ്രവര്‍ത്തികളെ കേട്ട്, ഉഗ്രമായ ഗദയും ധരിച്ചുകൊണ്ട് ദ്വീപില്‍നിന്നും സ്വന്തം പുരിയില്‍ എത്തിയ മുസലീധരന്‍ പാദത്തില്‍ വണങ്ങിയ അനുജനോട് ത്രൈലോക്യം മുഴുവന്‍ ദഹിപ്പിക്കത്തക്ക കോപത്തോടെ ഇങ്ങിനെ പറഞ്ഞു.}

ഇടതുകൈയ്യില്‍ ഗദയും വലതുകൈയ്യില്‍ കരി(കലപ്പ)യും ധരിച്ചുകൊണ്ട് രംഗമദ്ധ്യത്തിലെ പീഠത്തില്‍ നിന്നുകൊണ്ട് തിരതാഴ്ത്തുന്ന ബലഭദ്രന്‍ വീരഭാവത്തില്‍ ഇരുവശങ്ങളിലേയ്ക്കും വീക്ഷിക്കുന്നു.*
ബലഭദ്രന്‍:(കൃതകൃത്യനായ ഭാവത്തോടെ, ആത്മഗതമായി) ‘അന്തര്‍ദ്വീപില്‍ ഉത്സവമെല്ലാം വഴിപോലെ കഴിഞ്ഞു. ബ്രാഹ്മണാദിജനങ്ങള്‍ സന്തോഷത്തോടു കൂടി പോയി. അതിനാല്‍ എനിക്ക് ഏറ്റവും സുഖം ഭവിച്ചു. ഇനി വേഗം ദ്വാരകയിലേയ്ക്ക് മടങ്ങുകതന്നെ.’ (വലതുഭാഗത്തായി ദൂതനെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘എടോ ദൂതാ, തോണികൊണ്ടുവന്നാലും’
ബലഭദ്രന്‍ തോണിയില്‍ കയറി സമുദ്രം കടക്കുന്നു. തുടര്‍ന്ന് ഇക്കരയില്‍ എത്തിയതായി ഭാവിച്ച് തോണിയില്‍ നിന്നും ചാടി ഇറങ്ങുന്നു(പീഠത്തില്‍ നിന്നും ചാടി ഇറങ്ങുന്നു).
ബലഭദ്രന്‍:(‘അഡ്ഡിഡ്ഡിക്കിട’ വെച്ച് നിന്ന് മുന്നില്‍ കണ്ട്) ‘ഇതാ അനവധി ബ്രാഹ്മണര്‍ ഓരോന്നു പറഞ്ഞുകൊണ്ട് പോകുന്നു’ (ബ്രാഹ്മണര്‍ പറയുന്നത് ചെവിയോര്‍ത്ത്, ചിന്തയോടെ) ‘ബ്രാഹ്മണര്‍ പറയുന്നതെന്ത്?’ (വീണ്ടും ചെവിയോര്‍ത്തുകൊണ്ട്) ‘ദ്വാരകയില്‍ ഒരു സന്യാസി വന്ന് താമസിച്ചു’ (കൂടുതല്‍ ശ്രദ്ധയോടെ ചെവിയോര്‍ത്തിട്ട്) ‘സന്യാസി അല്ല, അര്‍ജ്ജുനനാണ്. സുഭദ്രയെ കട്ടുകൊണ്ടുപോയി. സുഭദ്രയെ കട്ടുകൊണ്ടുപോയതല്ല, കൃഷ്ണന്‍ വിവാഹം കഴിച്ചുകൊടുത്തതാണ്. (പെട്ടന്ന് ആലോചിച്ച് നിശ്ചയദാര്‍ഢ്യത്തോടെ) ‘ഇല്ല, ഇല്ല. എന്റെ സോദരിയെ ഞാനറിയാതെ കൃഷ്ണന്‍ വിവാഹംകഴിപ്പിച്ച് കൊടുക്കുകയില്ല. പിന്നെ എന്താണ്?‘ (വീണ്ടും ചെവിയോര്‍ത്ത് ബ്രാഹ്മണരുടെ വാക്കുകളില്‍ നിന്നും കാര്യം വാസ്തവംതന്നെ എന്ന് ബോദ്ധ്യപ്പെട്ട്) ‘ഓ വിവാഹം കഴിഞ്ഞു എന്ന് തീര്‍ച്ച’ (പെട്ടന്ന് കോപാന്ധനായി കലപ്പയെടുത്ത് സ്വന്തം മാറില്‍ കൊളുത്തി വലിച്ചിട്ട്) ‘എവിടെ കള്ളകൃഷ്ണന്‍?‘ (ഇരുവശങ്ങളിലും തിരഞ്ഞുകൊണ്ട്) ‘എവിടെ? എവിടെ?’
ബലഭദ്രന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നില്‍ക്കുന്നതോടെ ഇടതുഭാഗത്തുകൂടി ശ്രീകൃഷ്ണന്‍ പ്രവേശിച്ച് ഭയത്തോടുകൂടി ബലഭദ്രന്റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നു.
ബലഭദ്രന്‍:(നമസ്ക്കരിച്ച് എഴുന്നേറ്റ കൃഷ്ണന്റെ കഴുത്തില്‍ പിടിച്ച് തള്ളിയിട്ട്, അസഹ്യമായ കോപത്തോടെ) ‘അയ്യാ, അയ്യാ, എടാ, എന്നെ അറിയിക്കാതെ സഹോദരിയുടെ വിവാഹം കഴിപ്പിച്ച് നീ അര്‍ജ്ജുനന് കൊടുത്തില്ലെ?’ (കൃഷ്ണന്‍ ഉരിയാടാതെ തലതാഴ്ത്തി നില്‍ക്കുന്നതു കണ്ട്) ‘ഒന്നും മിണ്ടില്ലെ?’ (ശുണ്ഠിയെടുത്ത്) ‘നിന്റെ ബന്ധുവായ അര്‍ജ്ജുനനെ ഞാന്‍ ഇക്ഷണത്തില്‍ നശിപ്പിച്ചേക്കാം. എന്നാല്‍ കണ്ടുകൊള്‍ക’
ബലഭദ്രന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ച് പദാഭിനയം ചെയ്യുന്നു.

ബലഭദ്രരുടെ പദം-രാഗം:മദ്ധ്യമാവതി, താളം:ചമ്പ(നാലാം കാലം)
പല്ലവി:
“കുത്ര വദ കുത്ര വദ വൃത്താരിപുത്രനാം
 ശത്രുവരനെ ക്ഷണം സംഹരിച്ചീടുവന്‍”
ചരണം1:
“യാദവശിഖാമണേ കഷ്ടമവനെപ്പുരാ
 സല്‍ക്കരിച്ചന്ത:പുരത്തിങ്കല്‍ വെച്ചതും
 ഒട്ടും നമുക്കൊരു വിചാരമില്ലെന്നു
മൂന്നുലോകത്തിലും പ്രസിദ്ധമല്ലോ”
{എവിടെ? പറയൂ, എവിടെ? പറയൂ. ഇന്ദ്രപുത്രനായ ശത്രുവരനെ ഈ ക്ഷണം സംഹരിക്കും. യാദവശ്രേഷ്ഠാ, അവനെ പണ്ട് സല്‍ക്കരിച്ച് അന്ത:പുരത്തില്‍ പാര്‍പ്പിച്ചത് കഷ്ടമായിപ്പോയി. എനിക്ക് ഒട്ടും വിചാരമില്ലെന്ന് മൂന്നുലോകത്തിലും പ്രസിദ്ധമാണല്ലൊ}
കുത്ര വദ കുത്ര വദ” (ബലഭദ്രന്‍-കലാ:ഗോപി)
വിനയഭക്തികളോടെ ശ്രീകൃഷ്ണന്‍ പദാഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ മറുപടിപ്പദം-രാഗം:നീലാബരി, താളം:ചമ്പ(രണ്ടാം കാലം)
ചരണം1:
“രാജവര നീതിജലധേ രജനികര-
 തുല്യമുഖ കേള്‍ക്ക സുമതേ വീരവര
 ചാരുതരരൂ‍പ ജയ സാഹസമിതരുതേ”
പല്ലവി:
“ആര്യ തവ പാദമിഹ വന്ദേ മുസലധര”
{രാജശ്രേഷ്ഠാ, നീതിസമുദ്രമേ, ചന്ദ്രതുല്യമുഖാ, സുമനസ്സേ, കേട്ടാലും. വീരശ്രേഷ്ഠാ, മനോഹരരൂപാ, ജയിച്ചാലും. സാഹസം അരുതേ. ജേഷ്ഠാ, മുസലധരാ, അവിടുത്തെ പാദം ഇതാ വന്ദിക്കുന്നേന്‍}

ബലഭദ്രന്‍:
ചരണം2:
“കൃഷ്ണ തവ സമ്മതം മാത്രമുണ്ടായിതോ
 തൃഷ്ണകൊണ്ടശ്ശഠന്‍ മാത്രം കഥിച്ചിതോ
 കഥയ കഥയാദരാല്‍ വിപൃഥുവുമറിഞ്ഞിതോ
 എന്തു ബന്ധം സഖേ തോറ്റോടുവാന്‍”
(“കുത്ര വദ കുത്ര വദ...................സംഹരിച്ചീടുവന്‍”)
{കൃഷ്ണാ, നിന്റെ സമ്മതം മാത്രമുണ്ടായിരുന്നോ? അതോ ആഗ്രഹം കൊണ്ട് ആ ദുഷ്ടന്‍ സ്വന്തമായി ചെയ്തതോ? പറയുക, ഈ കഥയെല്ലാം വിപൃഥുവും അറിഞ്ഞിരുന്നോ? അല്ലെങ്കില്‍ അവന്‍ തോറ്റോടുവാന്‍ എന്തു കാരണം?}

കൃഷ്ണന്‍:
ചരണം2:
“വ്യാജമിഹ ചെയ്യുമോ ഞാന്‍ നിന്നരികില്‍
 സര്‍വ്വദാ വസിക്കയല്ലേ അവനുടയ
 ബാഹുബലമുണ്ടോശിവശിവ വിപൃഥുസഹിക്കുന്നു”
(“ആര്യ തവ പാദമിഹ വന്ദേ മുസലധര”)
{വഞ്ചന ചെയ്യുമോ ഞാന്‍? നിന്നരികില്‍ സര്‍വ്വദാ വസിക്കുകയല്ലെ? ശിവ! ശിവ! അവന്റെ കൈയ്യൂക്കുണ്ടോ വിപൃഥുവിനാല്‍ സഹിക്കാനാകുന്നു?}

ബലഭദ്രന്‍:
ചരണം3:
“ക്ഷത്രിയകിശോരകന്‍ ക്ഷുദ്രനവനെങ്കിലും
 ഭിക്ഷുവേഷം ബഹു ശിക്ഷയല്ലോ
 ഇക്ഷണമവന്‍‌കഥകളിക്ഷിതിയിലില്ലെന്നു
 ത്വല്‍പക്ഷപാതിയേ ശിക്ഷചെയ്‌വന്‍”
(“കുത്ര വദ കുത്ര വദ...................സംഹരിച്ചീടുവന്‍”)
{നിസ്സാരനായ ആ ക്ഷത്രിയബാലകന്റെ ഭിക്ഷുവേഷം ബഹുകേമമായി. നിന്റെ പക്ഷക്കാരനായ അവന്റെ ചരിത്രം ഇക്ഷണംതന്നെ ഈ ഭൂമിയില്‍ ഇല്ലാതാകുന്നവിധം അവനെ ശിക്ഷിക്കുന്നുണ്ട്}

കൃഷ്ണന്‍:
ചരണം3:
“വൈവാഹകര്‍മ്മമധുനാ വിധിവിഹിതം
 വൈധവ്യദീക്ഷ വരുമല്ലോ സുദതിയുടെ
 എന്നതു നിനയ്ക്കിലവന്‍ വദ്ധ്യനല്ലല്ലോ”
(“ആര്യ തവ പാദമിഹ വന്ദേ മുസലധര”)
{വിവാഹകര്‍മ്മം വിധിവിഹിതമാണ്. ഇനി അര്‍ജ്ജുനനെ വധിച്ചാല്‍ സോദരിയ്ക്ക് വൈധവ്യദു:ഖം വരുമല്ലൊ. ഇത് ചിന്തിച്ചാല്‍ അവന്‍ വദ്ധ്യനല്ല എന്നുവന്നില്ലേ?}

ബലഭദ്രന്‍:
ചരണം4:
“എങ്കിലവനെക്ഷണം ബന്ധു തവ എങ്കിലും
 ബന്ധുമിച്ഛാമ്യഹം ഹന്ത ഭോ ഭോ
 അന്തരമിതിനു നഹി സിന്ധുര വിരോധവും
 കേസരിസഹിക്കുമോ മാധവ സഖേ”
(“കുത്ര വദ കുത്ര വദ...................സംഹരിച്ചീടുവന്‍”)
{എങ്കില്‍ അവനെ ഈ ക്ഷണം-നിന്റെ ബന്ധുവാണെങ്കിലും-ബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നു ഞാന്‍. ഇതിന് മറ്റമില്ല. മാധവാ, സഖേ, ആനയുടെ വിരോധം സിംഹം സഹിക്കുമോ?}
എങ്കിലവനെക്ഷണം” (ബലഭദ്രന്‍-കലാ:വാസുപ്പിഷാരടി)
കൃഷ്ണന്‍:
ചരണം4:
“ആര്യ സഹിക്കേണമധുനാ പാണ്ഡുസുത
 ചാപലമശേഷമധികം വേണമിനി
 വേഗമവനെച്ചെന്നു മാനയ മഹാത്മന്‍”
(“ആര്യ തവ പാദമിഹ വന്ദേ മുസലധര”)
{ജേഷ്ഠാ, പാണ്ഡുസുതന്റെ അധികമായ ചാപല്യങ്ങളെല്ലാം ഇപ്പോള്‍ സഹിക്കേണമേ. ഇനി വേഗം ചെന്ന് അവനെ ബഹുമാനിക്കുകയാണ് മഹാത്മാവേ വേണ്ടത്.}

ശേഷം ആട്ടം-
കൃഷ്ണന്‍ ഭക്തിപൂര്‍വ്വം വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന ബലഭദ്രനെ കെട്ടിച്ചാടി കുമ്പിടുന്നു.
ബലഭദ്രന്‍:(കൃഷ്ണന്റെ കൈയ്യില്‍ കടന്നുപിടിച്ച് നിര്‍ത്തി അടിമുടി നോക്കിയിട്ട് ആത്മഗതമായി) ‘ഹോ! ഇവന്റെ ഉള്ളിലെ കപടം കേമം തന്നെ’ (കൃഷ്ണനോടായി) ‘കഷ്ടം! കൃഷ്ണാ, നീ എന്നോടിങ്ങിനെ ചെയ്തുവല്ലോ? അനിജത്തിയെ യോഗ്യനായ ഒരു വരന് കൊടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. നീ അവളെ അര്‍ജ്ജുനനു വിവാഹം കഴിച്ചു കൊടുത്തല്ലോ?’
കൃഷ്ണന്‍:‘അറിഞ്ഞുകൊണ്ട് ഞാന്‍ ഇവിടുത്തെ വഞ്ചിക്കുമോ? എല്ലാം ഓരോരുത്തരുടെ ശിരോലിഘിതം പോലെ വരുന്നതല്ലെ?’
ബലഭദ്രന്‍:‘അല്ലാ, അല്ലാ. എല്ലാം നിന്റെ ഗൂഢാലോചനകൊണ്ട് വന്നതാണ്. വിവാഹം കഴിപ്പിച്ചു നല്‍കിയത് നീയല്ലേ?’
കൃഷ്ണന്‍:‘സന്യാസിയെ ഇവിടെ താമസിപ്പിച്ചതും, സുഭദ്രയെ സന്യാസിയെ പരിചരിക്കാന്‍ ഏര്‍പ്പെടുത്തിയതും ഇവിടുന്നുതന്നെയല്ലെ?’
ബലഭദ്രന്‍:‘അതിനാല്‍ ഉടനെ വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്നുണ്ടോ?’
കൃഷ്ണന്‍:‘യൌവനപൂര്‍ത്തി വന്ന സ്ത്രീയില്‍ പുരുഷനും, സുന്ദരനും യോഗ്യനുമായ പുരുഷനില്‍ സ്ത്രീക്കും, അവര്‍ ഒരുമിച്ച് വസിക്കുന്നതായാല്‍ അന്യോന്യം അനുരാഗം വര്‍ദ്ധിച്ച് വരുന്നതല്ലയോ? അതിനാല്‍ സന്യാസിയെ ശുശ്രൂഷിക്കുവാന്‍ സുഭദ്രയെ കല്‍പ്പിച്ചു നിര്‍ത്തിയത് പിഴയായി ഭവിച്ചു’
ബലഭദ്രന്‍:‘അര്‍ജ്ജുനന്‍ കപടസന്യാസിവേഷം ധരിച്ച് വന്നതാണ് എന്ന് ഞാന്‍ അറിഞ്ഞോ?’
കൃഷ്ണന്‍:‘ഇനി ഇതെല്ലാം പറഞ്ഞതുകൊണ്ട് എന്തു ഭലം? ഏതായാലും ഇവിടുത്തെ ആഗ്രഹം പോലെ അനുജത്തിയ്ക്ക് യോഗ്യനായ ഭര്‍ത്താവിനെ ലഭിച്ചുവല്ലൊ’
ബലഭദ്രന്‍:‘യോഗ്യനാണെങ്കില്‍ സുഭദ്രയേയും കൊണ്ട് ഈവിധം സൂത്രത്തില്‍ കടന്നുകളയുമോ?’
കൃഷ്ണന്‍:‘ശിവ! ശിവ! വിജയന്‍ നമ്മുടെ ഭടന്മാരെയെല്ലാം യുദ്ധത്തില്‍ ജയിച്ചാണ് പോയത്’
ബലഭദ്രന്‍:(ആശ്ചര്യത്തോടെ) ‘ഉറപ്പ്?‘
കൃഷ്ണന്‍:‘അതെ. യുദ്ധഭൂമിയില്‍ ചെന്നാല്‍ത്തന്നെ ഇവിടുത്തേയ്ക്ക് പാര്‍ത്ഥന്റെ രണനൈപുണ്യം നേരില്‍ കണ്ടറിയാം’
ബലഭദ്രന്‍:‘അങ്ങിനെയോ? എന്നാലിനി യുദ്ധഭൂമിയിലേയ്ക്ക് പോവുകതന്നെ’

ഇവിടെവെച്ച് പത്തൊന്‍പതാം രംഗം അവസാനിക്കുന്നു. എന്നാല്‍ തിരശ്ശീല ഉപയോഗിക്കാതെതന്നെ ഇരുപതാം രംഗത്തിലേയ്ക്ക് സങ്ക്രമിക്കുകയാണ് അരങ്ങുവഴക്കം. രംഗങ്ങളെ വേര്‍തിരിക്കുന്നത് ഒരു ദണ്ഡകത്തിലൂടെ ആയതിനാലും ഈ ദണ്ഡകം രംഗത്ത് അവതരിപ്പിക്കപ്പെടേണ്ടതായതിനാലുമാണ് ഇങ്ങിനെ ചെയ്യുന്നത്.

ദണ്ഡകം-^
“വേദാന്തവേദ്യനഥ വാദംതുടര്‍ന്നളവില്‍
 മോദംകലര്‍ന്നു യദുവൃന്ദം
 തദനു ബലദേവേ മൃദുലതരഭാവേ
 ഗമിതരുഷി സുജനപുഷി ജിതവിദുഷി-
 സകലബലചയമപി സുശാന്തം

 ഇന്ദ്രാനുജന്‍ വിരവിലിന്ദ്രാത്മജന്‍
 നഗര മുദ്യോഗശാലി ഗമനാര്‍ത്ഥം
 സകലജനരമ്യന്‍ പ്രണതജനഗമ്യന്‍
 നിജജനകനഥജനനി മുസലധരനമിതബല
 നിവരുമതികുതുകഭരമോടെ

 എല്ലാവരോടുമുടനുല്ലാസമാര്‍ന്നു
 ഗിരിസാനും കടന്നഥ നടന്നു
 അതുപൊഴുതുകണ്ടു കുതുകമപിപൂണ്ടൂ
 സമരഭുവി കവചരഥമനു വിശിഖശകുലഭൃതി
 ശരശകലിത രഥവുമനേകം”
{വേദാന്തവേദ്യനായ ശ്രീകൃഷ്ണന്റെ വാദം കേട്ട് യാദവര്‍ സന്തോഷിച്ചു. അപ്പോള്‍ ശുഭ്രശരീരിയും സുജനരക്ഷകനും വിദ്വാന്മാരെ ജയിക്കുന്നവനുമായ ബലദേവന്‍ ശാന്തനും മൃദുലതരഭാവനും ആയിതീര്‍ന്നു. സകലജനപ്രിയനും ഭക്തവത്സലനുമായ ശ്രീകൃഷ്ണനാകട്ടെ ജനകജനനിമാരോടും മുസലധരനായ ബലഭദ്രനോടും സൈന്യങ്ങളോടും കൂടി കൌതുകപൂര്‍വ്വം ഇന്ദ്രാത്മജന്റെ വാസസ്ഥലമായ നഗരത്തിലേയ്ക്ക് പുറപ്പെട്ടു. എല്ലാവരോടും കൂടി ഉടനെ ഉല്ലാസത്തോടെ പര്‍വ്വതത്തിന്റെ താഴ്വര കടന്ന് നടന്നപ്പോള്‍ സമരഭൂമിയില്‍ അനേകം രഥങ്ങളും കവചങ്ങളും അമ്പേറ്റ് തുണ്ടുതുണ്ടയി കിടക്കുന്നതുകണ്ട് വിസ്മയിച്ചു}

[^ദണ്ഡകം ആരംഭിക്കുന്നതോടെ കൃഷ്ണന്‍ ‘ഇതാ യാദവര്‍ ആഹ്ലാദിക്കുന്നു’ എന്ന് കാട്ടുന്നു. ഇതുകണ്ട് ബലദേവന്‍ സന്തുഷ്ടനാകുന്നു. ‘ഇന്ദ്രാനുജന്‍ വിരവില്‍’ എന്നാലപിക്കുന്നതോടെ ബലഭദ്രന്‍ എഴുന്നേറ്റ് കൃഷ്ണന്റെ കൈകോര്‍ത്തുപിടിച്ച് യുദ്ധഭൂമിയിലേയ്ക്ക് നടക്കുന്ന ഭാവത്തില്‍ വട്ടം വെയ്ക്കുന്നു. ‘കണ്ടു കുതുകമപി’ എന്നതിനൊപ്പം ഇരുവരും യുദ്ധഭൂമി കണ്ട് സന്തോഷം നടിക്കുന്നു.]

ബലഭദ്രന്‍ വലതുവശം പീഠത്തില്‍ ഇരിക്കുന്നു. കൃഷ്ണന്‍ പദം അഭിനയിക്കുന്നു.

പദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
 “യാദവശിഖാമണേ|| സോദര മഹാത്മന്‍”
ചരണം1:
“അഗ്രജ വൃകോദര|| സോദരന്‍ തന്നുടെ
 വീര്യഭുജസാരങ്ങള്‍|| കാണ്‍ക കാണ്‍ക”
ചരണം2:
“വിപ്രങ്ങളില്‍ കഠിന|| മസ്ത്രം തറച്ചു ബത
 ക്ഷിപ്രം വിറച്ചു|| വിലസീടുന്നു കാണ്‍ക”
ചരണം3:
“യുദ്ധാജീരത്തിങ്കല്‍|| എങ്ങുമില്ലാ വിഭോ
 യോദ്ധാക്കള്‍ തങ്ങടെ|| രുധിര ലേശം”
{യാദവശിരോരത്നമേ, സോദരാ, മഹാത്മാവേ, ജേഷ്ഠാ, വൃകോദരസോദരന്റെ ഭുജവീര്യം കണ്ടാലും, കണ്ടാലും. ഹോ! കഠിനമായ അസ്ത്രം തറച്ച് മതിലുകള്‍ വിറച്ചുകൊണ്ട് വിലസുന്നതു കണ്ടാലും. വിഭോ, യുദ്ധക്കളത്തിലെങ്ങും യോധാക്കളുടെ രക്തം ലേശം പോലും കാണാനില്ല}

ബലഭദ്രന്‍:
ചരണം4:
“അത്രയുമതല്ലെടോ^ ചിത്രമിതു മാധവ
 കരിതുരഗരോമങ്ങള്‍|| കൃത്തമാക്കി
 സമരഭുവി സര്‍വ്വദാ|| വീണിതാ കിടക്കുന്നു
 എത്രയും നമ്മുടെയ|| പാര്‍ത്ഥനതിവീരന്‍”
{അതുമാത്രമല്ലെടോ മാധവാ, അത്ഭുതമായിട്ടുള്ളത്. ആന, കുതിര ഇവകളുടെ രോമങ്ങള്‍ മുറിഞ്ഞ് സമരഭൂമിയില്‍ സര്‍വ്വത്ര വീണുകിടക്കുന്നു. എന്നാല്‍ ഒന്നിന്റേയും ശരീരത്തില്‍ അസ്ത്രമേറ്റിട്ടില്ല. നമ്മുടെ പാര്‍ത്ഥന്‍ അതിവീരന്‍ തന്നെ}

[^‘അത്രയുമതല്ലെടോ’ എന്ന സന്ദര്‍ഭത്തില്‍ ബലഭദ്രനും കൃഷ്ണനും ചേര്‍ന്ന് അഷ്ടകലാശം ചവുട്ടും. ഈ അഷ്ടകലാശം ഇവിടെ ചിട്ടപ്പെടുത്തി ഘടിപ്പിച്ചത് ശ്രീ കലാ:രാമന്‍‌കുട്ടി നായര്‍ ആണ്]

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന ബലഭദ്രനെ കൃഷ്ണന്‍ കെട്ടിച്ചാടി കുമ്പിടുന്നു.
ബലഭദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘ഇനി നമ്മള്‍ ചെയ്യേണ്ടതെന്ത്?’
കൃഷ്ണന്‍:‘എല്ലാം അവിടുത്തേയ്ക്കറിയാം. ചെയ്യേണ്ടത് എന്തെന്നു കല്‍പ്പിച്ചാല്‍ മതി’
ബലഭദ്രന്‍:‘ആ, അന്നാല്‍ നമുക്ക് ഇനി വേഗം ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന്‍ സ്ത്രീധനം കൊടുക്കണം. അതിന് എല്ലാം ശരിയാക്കി തേരുംകൊണ്ടുവരുവാന്‍ പറയുക’
കൃഷ്ണന്‍:(സമ്മതിച്ച് വണങ്ങി പിന്നോക്കം നീങ്ങി, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടതുഭാഗത്തായി ദാരുകനെ കണ്ട്, അനുഗ്രഹിച്ചശേഷം) ‘എടോ ദാരുകാ, വേഗത്തില്‍ രഥം കൊണ്ടുവന്നാലും’ (അനുഗ്രഹിച്ചയച്ച് തിരിഞ്ഞ്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്ന് ദാരുകനെ നോക്കി) ‘കൊണ്ടുവന്നുവോ?’ (കേട്ട്, നോക്കി) ‘ഉവ്വോ?’ (തേര്‍ നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ചശേഷം) ‘ഇനി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വഴിപോലെ തെളിച്ചാലും’ (ബലഭദ്രസമീപം വന്ന്) ‘രഥം ഇതാ എത്തിയിരിക്കുന്നു.’
ബലഭദ്രന്‍:‘എന്നാല്‍ ഇനി വേഗം പുറപ്പെടുക തന്നെ’
ഇരുവരും നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കൈകോര്‍ത്തുപിടിച്ച് തേരില്‍ ചാടിക്കയറി പ്രസന്നഭാവത്തില്‍ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----
പത്തൊന്‍പതാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസം
*തെക്കന്‍ ചിട്ടയനുസ്സരിച്ച്; ‘ശ്ലോകാന്തം സ്ഥായി’ എന്ന നിയമപ്രകാരം കോപാവിഷ്ടനായിത്തന്നെയാണ് ബലഭദ്രന്‍ പ്രവേശിക്കുന്നത്. ദ്വീപില്‍ നിന്നും വരുന്നതും ബ്രാഹ്മണരുടെ ഭാഷിതങ്ങള്‍ കേള്‍ക്കുന്നതുമായുള്ള ആട്ടങ്ങള്‍ ഇവിടെ പതിവില്ല.

ഇരുപത്തിഒന്നാം രംഗം

ഈ രംഗം സാധാരണയായി പതിവില്ല.

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

ലവണാസുരവധം


ഉത്തരരാമായണത്തിലെ ‘സീതാപരിത്യാഗം’, ‘ലവണാസുരവധം’
എന്നി കഥാഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ശ്രീ പാലക്കാട് അമൃതശാസ്ത്രികള്‍ രചിച്ച ആട്ടക്കഥയാണ് ‘ലവണാസുരവധം’.
കഥാസംഗ്രഹം
രാവണനിഗ്രഹശേഷം അയോധ്യയിലെത്തി പട്ടാഭിഷിക്തനായി
ശ്രീരാമചന്ദ്രന്‍ രാജ്യഭാരം ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് ഒരു ദിവസം ഗര്‍ഭിണിയായ സീതാദേവി; തനിക്ക് വീണ്ടും കാനനത്തില്‍ പോയി മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ കാണ്മാന്‍ ആഗ്രമുണ്ടെന്ന് രാമനെ അറിയിക്കുന്നതാണ് ആദ്യരംഗത്തില്‍‍. രണ്ടാം രംഗത്തില്‍ അയോധ്യയിലുള്ള ഒരു രജകന്‍(മണ്ണാന്‍), ഒരു രാത്രി മറ്റെവിടെയോപോയി പാര്‍ത്തിട്ടുവന്ന അവന്റെ ഭാര്യയോട് കലഹിക്കുന്നു. ‘അന്യഗൃഹത്തില്‍ പാര്‍ത്ത പെണ്ണിനെ വീണ്ടും കൈക്കൊള്ളാന്‍ ഞാന്‍ രാമനേപ്പോലെ വെറും വിഢിയല്ല’ എന്ന് പ്രസ്താവിച്ച് മണ്ണാന്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തുന്നു. മണ്ണാന്റെ ഈ പ്രസ്താവന ചാരന്മാര്‍ മുഖാന്തരം അറിഞ്ഞ ശ്രീരാമന്‍, ജനഹിതത്തെ മാനിച്ച് സീതയെ കാട്ടിലാക്കി വരുവാന്‍ ലക്ഷ്മണനെ നിയോഗിക്കുന്നു രംഗം മൂന്നില്‍. നാലാം രംഗത്തില്‍ ലക്ഷ്മണന്‍ സീതയെ വനത്തിലാക്കി, കര്യങ്ങള്‍ ധരിപ്പിച്ച് മടങ്ങുന്നു. സീത തന്റെ ദുര്‍വിധിയോര്‍ത്ത് വിലപിക്കുന്നതാണ് രംഗം അഞ്ചില്‍. ആറാം രംഗത്തില്‍ തന്റെ ആശ്രമപ്രദേശത്തിങ്കല്‍ ഗര്‍ഭിണിയും ദു:ഖിതയുമായ സീതയെ കണ്ട വാത്മീകിമഹര്‍ഷി അവളെ സാന്ത്വനിപ്പിച്ച് തന്റെ ആശ്രമത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകുന്നു. രാത്രി സമയത്ത് ഗംഗാതടത്തിലുള്ള കാനനത്തില്‍ വെയ്ച്ച് ലക്ഷ്മണന്‍ ലവണാസുരന്റെ സഹായിയായ ഗംഭീരാക്ഷന്‍ എന്ന രാക്ഷസനുമായി ഏറ്റുമുട്ടുന്നതും അവനെ വധിക്കുന്നതുമായ ഭാഗമാണ് രംഗം ഏഴ്. എട്ടാം രംഗത്തില്‍ ശിവവരപ്രസാദത്താല്‍ മത്തനായിതീര്‍ന്ന ലവണാസുരന്റെ ഉപദ്രവം സഹിയാഞ്ഞ് വനവാസികളായ മുനിവര്യന്മാര്‍ ശ്രീരാമചന്ദ്രനെ കണ്ട് സങ്കടമുണര്‍ത്തിക്കുന്നു. ഉടന്‍ തന്നെ ശ്രീരാമന്‍ അസുരനിഗ്രത്തിനായി അനുജനായ ശത്രുഘ്നനെ നിയോഗിക്കുന്നു. ഈ സമയത്ത് വാത്മീകിയുടെ സംരക്ഷണത്തില്‍ കഴിയുന്ന സീതാദേവിയ്ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിക്കുന്നു. ഇതാണ് രംഗം ഒന്‍പതില്‍. പത്താം രംഗത്തില്‍ ഈ ബാലന്മാര്‍ക്ക് വാത്മീകി കുശലവന്മാര്‍ എന്ന് നാമകരണം ചെയ്യുന്നു. ശത്രുഘ്നന്‍ കാനനത്തിലെത്തി ലവണാസുരനെ പോരിനുവിളിക്കുന്ന രംഗമാണ് പതിനൊന്നാമത്തേത്. പന്ത്രണ്ടാം രംഗത്തില്‍ പോരുവിളി കേട്ട് എത്തുന്ന ലവണാസുരനെ യുദ്ധത്തില്‍ വധിച്ച് ശത്രുഘ്നന്‍ മടങ്ങുന്നു. ശ്രീരാമന്‍ നടത്തുന്ന അശ്വമേധയാഗത്തിനുള്ള യാഗാശ്വത്തിനൊപ്പം ദ്വിഗ്വിജയത്തിനായി, ശ്രീരാമന്‍ ശത്രുഘനനെ നിയോഗിക്കുന്നു രംഗം പതിമൂന്നില്‍. പതിനാലാം രംഗത്തില്‍ മാതാവിനോട് അനുമതിവാങ്ങി വനത്തില്‍ സഞ്ചരിച്ച് ലീലാവിനോദം ചെയ്തുകൊണ്ടിരുന്ന കുശലവന്മാര്‍, നാടുചുറ്റി വാത്മീകിയുടെ തപോവനപരിസരത്തെത്തുന്ന യാഗാശ്വത്തെ കണുന്നു. ‘ലോകത്തില്‍ ഏകവീരനായ ശ്രീരാമനുതുല്യം മറ്റൊരാളുണ്ടെങ്കില്‍ ഈ കുതിരയെ പിടിച്ചുകെട്ടണം’ എന്ന ലിഖിതം കുതിരയുടെ നെറ്റിയില്‍ കണ്ടിട്ട് നിസംശയം അതിനെ ബന്ധിക്കണമെന്ന് കുശന്‍ അഭിപ്രായപ്പെടുന്നു. ഇതു കേട്ട് ‘സാഹസം പ്രവര്‍ത്തിക്കരുത്, ആപത്ത് വരും’ എന്ന് മുനികുമാരന്മാര്‍ കുശലവന്മാരെ ഉപദേശിക്കുന്നു. ‘ഇന്ദ്രന്‍ തന്നെ വന്നാലും ഞങ്ങള്‍ക്ക് ഭയമില്ല‘ എന്നുപറഞ്ഞ് കുശലവന്മാര്‍ മുനികുമാരന്മാരെ മടക്കുന്നു. തുടര്‍ന്ന് തുരഗത്തെ ബന്ധിക്കുവാന്‍ ലവനെ ചുമതലപ്പെടുത്തിയിട്ട് കുശന്‍ വനസഞ്ചാരം തുടരുന്നു. ലവന്‍ വാജിയെ ബന്ധിക്കുന്നു. അപ്പോഴേക്കും യാഗാശ്വത്തെ പിന്തുടര്‍ന്ന് വന്ന ശത്രുഘ്നന്‍ യുദ്ധംചെയ്ത് ലവനെ ബന്ധിക്കുന്നു. പെട്ടന്ന് മടങ്ങിയെത്തിയ കുശന്‍ അനുജനെ മോചിപ്പിക്കുകയും ശത്രുഘ്നനെ പരാജയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നു. അശ്വത്തെ മോചിപ്പിക്കുവാനായി രാമനിദ്ദേശാനുസ്സരണം എത്തുന്ന ലക്ഷ്മണനേയും കുശലവന്മാര്‍ പരാജയപ്പെടുത്തി അയക്കുന്നഭാഗമാണ് രംഗം പതിനഞ്ച്. പതിനാറാം രംഗത്തില്‍ വാജിയെ മോചിപ്പിക്കുവാനായി നേരിട്ടെത്തുന്ന ശ്രീരാമന്‍ കുട്ടികളെ കണ്ട് സീതാപുത്രരെന്ന് സംശയിക്കുന്നു. തുടര്‍ന്ന് കുശലവന്മാരുമായി യുദ്ധം ആരംഭിക്കുന്നുവെങ്കിലും ബാലരുമായി രണം ഉചിതമല്ല എന്നു നിനച്ച് രാമന്‍ തോറ്റഭാവത്തില്‍ മടങ്ങുന്നു. പിന്നീട് രാമാജ്ഞയെ ശിരസാവഹിച്ച് തുരഗമോചനാര്‍ദ്ധം എത്തുന്ന ശ്രീഹനുമാന്‍ ബാലരുമായി ശക്തിപരീക്ഷണം നടത്തുന്നു രംഗം പതിനേഴില്‍. യുദ്ധത്തില്‍ മഹാപരാക്രമികളും രൂപത്തില്‍ രാമസമാനന്മാരുമായ കുട്ടികള്‍ ആരെന്ന് അറിയുവാനുദ്ദേശിച്ച് ഹനുമാന്‍ സ്വയം കീഴടങ്ങുന്നു. പതിനെട്ടാം രംഗത്തില്‍ ബന്ധിതനായ ഹനുമാനെ കുശലവന്മാര്‍ സീതാസന്നിധിയില്‍ ഹാജരാക്കുന്നു. തന്റെ പ്രാണദാതാവും ജനകസമാനനുമായ ഹനുമാനെ ബന്ധനസ്ഥനായി കണ്ട് അത്ഭുതപ്പെടുന്ന സീത, അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ പുത്രരോട് ആജ്ഞാപിക്കുന്നു. തെറ്റുമനസ്സിലാക്കിയ കുശലവന്മാര്‍ ശ്രീഹനുമാനെ മോചിപ്പിച്ച് ക്ഷമയാചിക്കുന്നു. വീണ്ടും സീതാദര്‍ശ്ശനം ലഭിച്ചതിനാല്‍ സന്തോഷവാനായിതീര്‍ന്ന ശ്രീഹനുമാന്‍ സീതയോട് കുശലപ്രശ്നങ്ങള്‍ ചെയ്ത ശേഷം, കുട്ടികളെ വാത്സല്യപൂര്‍വ്വം പുണര്‍ന്ന് യാഗാശ്വവുമായി മടങ്ങുന്നു. ഇപ്രകാരം ലോകവിജയിയായി യാഗം നടത്തുന്ന ശ്രീരാമചന്ദ്രന്റെ സന്നിധിയിലെത്തുന്ന ശ്രീനാരദമഹര്‍ഷി അദ്ദേഹത്തെ വാഴ്ത്തുന്നതാണ് അന്ത്യരംഗത്തില്‍.
രംഗാവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
1.മണ്ണാനും മണ്ണാത്തിയും ചാരിത്രദോഷത്തിന്റെ പേരില്‍ കലഹിച്ചു പിരിയുന്ന രണ്ടാം രംഗം രസികത്തം നിറഞ്ഞതാണ്. ആദ്യാവസാനക്കാര്‍ തന്നെ ഇത് കെട്ടിഭലിപ്പിച്ചതുമൂലം ഈ രംഗം നല്ല പ്രചാരം നേടിയെടുക്കുകയാണുണ്ടായത്.

2.പതിനേഴാം രംഗത്തിലെ ഹനുമാന്റേയും കുശലവന്മാരുടേയും യുദ്ധവും അടങ്ങുന്ന യുദ്ധവട്ടം ഉജ്ജ്വലമായി സംവിധാനം ചെയ്തിട്ടുള്ള നൃത്തരൂപമാണ്. ബാലന്മാരുടെ പരാക്രമംവീര്യവും ഹനുമാന്റെ വാത്സല്യവും പ്രകടമാക്കുന്ന തരത്തിലുള്ളതാണ് ഇത്.

3.ഹനുമത്-സീതാ സമാഗമമായ പതിനെട്ടാം രംഗം ഭാവപരമായി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ രംഗത്തിലെ; മഹാബലവാനായ ശ്രീഹനുമാനെ ബന്ധനസ്തനായി കണ്ട് അത്ഭുതപ്പെടുകയും, തനിക്ക് പിതൃതുല്യനായുള്ള അദ്ദേഹത്തിന്റെ ഈ സ്ഥിതിയില്‍ ദു:ഖിച്ച് വിധിയെ പഴിക്കുകയും ചെയ്യുന്ന “ഹന്ത ഹന്ത ഹനുമാനോ” എന്ന സീതയുടെ പദവും, രാമായണത്തിന്റെ സകല വിഷാദധ്വനികളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ “സുഖമോ ദേവീ” എന്നാരംഭിക്കുന്ന, സീതാദര്‍ശ്ശനാല്‍ ഭക്തിപരവശനായിതീര്‍ന്ന ഹനുമാന്റെ പദവും ഭവപരമായും സംഗിതപരമായും പ്രധാനപെട്ടവയാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണരീതി
പണ്ട് ഈ കഥ പൂര്‍ണ്ണമായും അവതരിപ്പിച്ചിരുന്നു. 
എന്നാല്‍ ഇപ്പോള്‍ 14,17,18 രംഗങ്ങള്‍ മാത്രമേ സാധാരണമായി അവതരിപ്പിക്കപ്പെട്ടു വരുന്നുള്ളു. അപൂര്‍വ്വമായി രണ്ടാം രംഗവും അവതരിപ്പിക്കപ്പെടാറുണ്ട്. ബാക്കി രംഗങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കുക പതിവില്ല.

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ആട്ടകഥാകാരന്‍

പാ‍ലക്കാട് അമൃതശാസ്ത്രികള്‍

പാലക്കാട് കൊടുവായൂര്‍ ഗ്രാമത്തില്‍ ചേരയില്‍മഠത്തില്‍
ജനിച്ച ഇദ്ദേഹം പാലക്കാട് രാജാവിന്റെ ആശ്രിതനായിരുന്നു. ശാസ്ത്രികളുടെ ജീവിതകാലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധമാണെന്ന് പറയപ്പെടുന്നു. ‘അമൃതഘടേശ്വരന്‍’ എന്നായിരുന്നത്രെ ഇദ്ദേഹത്തിന്റെ പിതൃദത്തമായ നാമധേയം.

ലവണാസുരവധം പുറപ്പാട്


രംഗത്ത്-ശ്രീരാമന്‍‍‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം), സീത‍(കുട്ടിത്തരം സ്ത്രീവേഷം), ലക്ഷമണന്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം)

ശ്ലോകം-രാഗം:ഭൈരവി
“സാകേതേ മിഥിലാധിപസ്യ സുതയാ സമ്പന്നസൌഭാഗ്യയാ
 സര്‍വ്വോല്‍കൃഷ്ടഗുണൈസ്സഹാനുജവരൈര്‍വ്വീരശ്രിയാചാന്വിത:
 സാനന്ദം വിജഹാര കോസലസുതാഹൃല്പത്മബാലാതപോ
 രാമസ്സര്‍വ്വജനാനുകൂലകൃതിമാനിന്ദീവരശ്യാമള:”‍
{കൗസല്യയുടെ ഹൃദയമാകുന്ന താമരയ്ക്ക്‌ ഉദയസൂര്യശോഭ പോലെയുള്ളവനും, സർവ്വജനങ്ങൾക്കും സന്തോഷമുണ്ടാക്കുന്ന കർമ്മങ്ങൾ ചെയ്യുന്നവനും കരിങ്കൂവളപ്പൂപോലെ കറുപ്പുനിറമാർന്നവനുമായ ശ്രീരാമചന്ദ്രൻ സൗഭാഗ്യസമ്പന്നയും മിഥിലാധിപന്റെ പുത്രിയുമായ സീതാദേവിയോടും എല്ലാത്തിലും ഉത്കൃഷ്ടമായ ഗുണങ്ങളിണങ്ങിയവരും ശ്രേഷ്ഠരുമായ അനുജന്മാരോടും കൂടി സാകേതത്തിൽ വീരശ്രീയോടെ ആനന്ദവാനായി വിഹരിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
“മംഗലഗുണസാഗരം ശൃഗാരരസനിലയം
 സംഗരജിതരാവണം ശ്രീരാമചന്ദ്രം
 ദിനകരകുലരത്നം ദീനജനാവനയത്നം
 ദാനജിതസുരരത്നം ശ്രീരാമചന്ദ്രം
 സജലജലദവര്‍ണ്ണം സതതമാനന്ദപൂര്‍ണ്ണം
 വിജിതാനംഗലാവണ്യം ശ്രീരാമചന്ദ്രം
 സരസിജദളനേത്രം ശരദിന്ദുസമവക്ത്രം
 ശരജിതദശവക്ത്രം ശ്രീരാമചന്ദ്രം”
{സത്ഗുണസമുദ്രവും, ശ്രൃംഗാരഭാവത്തിന്‌ ആവാസസ്ഥാനവും, യുദ്ധത്തിൽ രാവണനെ ജയിച്ചവനുമായ ശ്രീരാമചന്ദ്രൻ. സൂര്യവംശരത്നവും, ദീനന്മാരെ രക്ഷിയ്ക്കാൻ പ്രയത്നിയ്ക്കുന്നവനും, ദാനത്തിൽ ചിന്താമണീരത്നത്തെ അതിശയിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രൻ. കാർമേഘനിറമാർന്നവനും, എപ്പോഴും സന്തോഷപൂർണ്ണനും, കാമനെജയിച്ച സൗന്ദര്യത്തോടുകൂടിയവനുമായ ശ്രീരാമചന്ദ്രൻ. താമരപ്പൂവിതൾ പോലെയുള്ള കണ്ണുകളോടുകൂടിയവനും, ശരത്കാലചന്ദ്രനൊത്ത മുഖത്തോടുകൂടിയവനും, ശരങ്ങളെക്കൊണ്ട് ദശമുഖനെ വെന്നവനുമായ ശ്രീരാമചന്ദ്രൻ വിളങ്ങുന്നു.}
-----(തിരശ്ശീല)-----

2009 ഒക്‌ടോബർ 11, ഞായറാഴ്‌ച

ലവണാസുരവധം ഒന്ന്, രണ്ട് രംഗങ്ങള്‍

ഒന്നാം രംഗം

ഈ രംഗം ഇപ്പോള്‍ നടപ്പിലില്ല.

രണ്ടാം രംഗം

രംഗത്ത്-മണ്ണാന്‍‍‍(ഒന്നാംതരം മിനുക്ക് വേഷം), മണ്ണാത്തി‍(ഒന്നാംതരം സ്ത്രീ-ലോകധര്‍മ്മി-വേഷം)

ശ്ലോകം-രാഗം:ആഹരി
“കൃത്വാ ഘോരവിരോധമത്ര രജക: കശ്ചിദ്രജക്യാ സമം
 ഗത്വാ മാതൃഗൃഹം പുനര്‍ന്നിജഗൃഹം പ്രാപ്തസ്സ്വമാത്രാ സഹ
 ഭാര്യാം രോഷദ്ദൃശാ വിലോക്യ സുദൃഢം സംതാഡ്യ സന്തര്‍ജ്ജിതാം
 സന്ദഷ്ടോഷ്ഠപുട: ഖല: ഖരതരം വാചം ബഭാഷേ തദാ”‍
{മാതൃഗൃഹത്തില്‍ പോയി മടങ്ങി സ്വഗൃഹത്തിലേയ്ക്കെത്തിയ ഭാര്യയോട് ദുഷ്ടനായ അവളുടെ മണ്ണാന്‍ രോഷത്തോടെ നോക്കിക്കൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടും, നല്ലവണ്ണം താടിച്ചുകൊണ്ടും കലശലായി കലഹിച്ചുകൊണ്ടും ചുണ്ടുകടിച്ചുകൊണ്ടും ഇപ്രകാരം പറഞ്ഞു.}

മണ്ണാന്‍ ക്രുദ്ധനായി വടിയും കുത്തിപിടിച്ച് വലതുവശത്ത് നില്‍ക്കുന്നു. മണ്ണാത്തി കൈയ്യില്‍ തുണിക്കെട്ടുമായി ഇടതുഭാഗത്തുകൂടി ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു. ഇരുവരും പരസ്പരം കാണുന്നതോടെ മണ്ണാന്‍ മണ്ണാത്തിയെ വടികൊണ്ട് അടിക്കുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മണ്ണാത്തി കൈയ്യിലുള്ള തുണിക്കെട്ടുകൊണ്ട് തടുക്കുകയും മണ്ണാന്‍ കാണാതെ കൊഞ്ഞനംകുത്തുകയും ചെയുന്നു.
മണ്ണാന്‍:‘എടീ, കുലടേ, നീ പുറത്തുപോ. എനിക്ക് നിന്നെ കാണണ്ട. എന്റെ മുന്‍പില്‍ നിന്നു പോ’
മണ്ണാത്തി:‘അല്ലയോ നാഥാ, എന്താണ് എന്നോട് ഇപ്രകാരമെല്ലാം പ്രവര്‍ത്തിക്കുന്നത്? ഞാന്‍ അങ്ങയോട് എന്ത് തെറ്റുചെയ്തു?
മണ്ണാന്‍:‘നീ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലാ? നീ ഇന്നലെ രാത്രി എവിടെ ആയിരുന്നു?’
മണ്ണാത്തി:‘ഞാന്‍ ഓരോരോ വീടുകളിലും പോയി വസ്ത്രങ്ങള്‍ കൊടുത്തുകഴിഞ്ഞപ്പോഴേയ്ക്കും സമയം വൈകി. തിരിച്ചുവരുവാന്‍ സാധിക്കാഞ്ഞതിനാല്‍ ഞാന്‍ എന്റെ അമ്മയുടെ വീട്ടില്‍ പോയി താമസിച്ചു.’
മണ്ണാന്‍:‘നീ പറയുന്നത് ശുദ്ധ കളവാണ്. അന്യപുരുഷനെ ആഗ്രഹിച്ച്, അവനോടുകൂടി രമിക്കാനാണ് നീ പോയത്. ഞാന്‍ അറിയും.’
മണ്ണാത്തി:‘ഒരിക്കലും അല്ല. എന്റെ അമ്മയോട് ചോദിച്ചാലും.’
മണ്ണാന്‍:‘അന്യപുരുഷനോടുചേര്‍ന്ന് രമിക്കയാല്‍ നീ രാത്രി ഉറങ്ങിയിട്ടില്ല. നിന്റെ കണ്ണിന്റെ ക്ഷീണം കണ്ടാല്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. നോക്കിക്കോ’
മണ്ണാന്‍ നാലാമിരട്ടി ചവുട്ടിയിട്ട് പദാഭിനയം ചെയ്യുന്നു.

മണ്ണാന്റെ പദം-രാഗം:ആഹരി, താളം:ചെമ്പട
പല്ലവി:
“ആരെടീ നീയെന്റെ മുമ്പില്‍ വന്നു നിന്നവള്‍
 അതിഘോരാകാരജാരേ ദൂരെ പോക നില്ക്കാതെ”
ചരണം1:
“മാരശരപരിതാപം ചെറ്റുമില്ലാ മേ തവ
 മാരകനായ് ഭവിച്ചീടും പാരാതെ പോക”
{എന്റെ മുമ്പില്‍ വന്നുനിന്ന നീ ആരെടീ? അതിഘോരാകാരേ, ജാരനോടു കൂടിയവളേ, ഇവിടെ നില്‍ക്കാതെ ദൂരെ പോവുക. കാമതാപം ഒട്ടുമില്ല എനിക്ക്. ഞാന്‍ നിന്റെ മാരകനായി ഭവിച്ചീടും. പെട്ടന്ന് പൊയ്ക്കോ.}
“അതിഘോരാകാരജാരേ ദൂരെ”(മണ്ണാന്‍-കലാ:കേശവദേവ്, മണ്ണാത്തി-കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി)
മണ്ണാത്തിയുടെ മറുപടിപദം-രാഗം:പുന്നാഗവാരാളി, താളം:തൃപുട
പല്ലവി:
“കാന്ത എന്നോടേവം കോപം സ്വാന്തമതില്‍ വേണ്ടകേള്‍
 കാന്തയല്ലോ തവ ഞാനും ശാന്തനായ്ഭവിക്ക നീ‍”
{കാന്താ, കേള്‍ക്കുക. എന്നോട് ഈ വിധം കോപം മനസ്സില്‍ കരുതരുതേ. അങ്ങയുടെ കാന്തയല്ലോ ഞാന്‍. അവിടുന്ന് ശാന്തനായി ഭവിക്കുക.}

മണ്ണാന്‍‍:
ചരണം2:
“ബന്ധമെന്തു നിന്നോടെനിക്കിന്നു ദുര്‍ഭഗേ നിന്റെ
 ചന്തം കൊണ്ടുപോയാലും നീ ശാഠ്യം ചൊല്ലാതെ”
{ദുര്‍ഭഗേ, നിന്നോട് എനിക്കിന്ന് എന്തു ബന്ധം? നീ ശാഠ്യം പിടിക്കാതെ നിന്റെ ചന്തവുംകൊണ്ട് പോയാലും.}

മണ്ണാത്തി‍:
ചരണം2:
“ഹന്ത എന്തു ചെയ്തു പാപം ചിന്തയിലരുതു കോപം
 കിം തവ മാനസതാപം ചിന്തിക്ക നീയെന്റെ രൂപം”
{ഹോ! ഞാന്‍ എന്തു പാപം ചെയ്തു? മനസ്സില്‍ കോപം അരുത്. എന്താണ് അങ്ങയുടെ മനസ്സില്‍ താപം? അങ്ങ് എന്റെ രൂപം ചിന്തിച്ചാലും.}
“കിം തവ മാനസതാപം”(മണ്ണാന്‍-കലാ:കേശവദേവ്, മണ്ണാത്തി-കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി)
മണ്ണാന്‍‍:‘നിന്റെ സൌന്ദര്യത്തില്‍ എനിക്ക് ഒട്ടും ഭ്രമമില്ല. ഇനി നിന്നെ ഇവിടെ താമസിപ്പിച്ചാല്‍ ബന്ധുക്കള്‍ എന്നെ പരിഹസിക്കും.’
മണ്ണാത്തി‍:‘അല്ലയോ കാന്താ, കേവലം ഒരു രാത്രി മാത്രമല്ലെ ഞാന്‍ വീടുവിട്ട് താമസിച്ചുള്ളു. സീതാദേവിയെ രാവണന്‍ ഒരു വര്‍ഷം ലങ്കയില്‍ താമസിപ്പില്ലെ? എന്നിട്ട് ശ്രീരാമസ്വാമി ദേവിയെ ഭാര്യയായി തിരികെ സ്വീകരിച്ചില്ലെ?’
മണ്ണാന്‍‍:‘എടീ, രാമനേപ്പോലെ അഭിമാനമില്ലാത്ത മൂഢനല്ല ഞാന്‍. കടന്നുപോ.’
മണ്ണാന്‍ നാലാമിരട്ടി എടുത്തിട്ട് പദാഭിനയം തുടരുന്നു.

മണ്ണാന്‍‍:
ചരണം3:
“അന്യാഗാരവാസം ചെയ്ത നിന്നെ സ്വീകരിച്ചു
 ധന്യനായീടുമോ ഞാനും രാമനെപ്പോലെ^
{അന്യഗൃഹവാസം ചെയ്ത നിന്നെ സ്വീകരിച്ച് രാമനെപ്പോലെ ഞാനും ധന്യനായിത്തീരുമോ?}

[^‘രാമനെപ്പോലെ’ എന്നു പറയുമ്പോള്‍ മണ്ണാത്തി ഓടിച്ചെന്ന് മണ്ണാന്റെ വായപൊത്തുന്നു.]

ശേഷം ആട്ടം-
മണ്ണാന്‍‍:‘എടീ, ദുഷ്ടേ, എന്റെ മുമ്പില്‍ നില്‍ക്കാതെ കടന്നുപോ’
മണ്ണാന്‍ മണ്ണാത്തിയെ കഴുത്തിനുപിടിച്ച് പുറത്താക്കുന്നു. മണ്ണാത്തി നിഷ്ക്രമിക്കുന്നു. മണ്ണാത്തി പോയീ എന്ന് നോക്കി ഉറപ്പാക്കിയിട്ട് മണ്ണാന്‍ പീഠത്തില്‍ പോയി ഇരിക്കുന്നു.
മണ്ണാന്‍:(ആത്മഗതമായി) ‘പണ്ട് ബന്ധുജനങ്ങള്‍ നിറഞ്ഞ മണ്ഡപത്തില്‍ വെയ്ച്ച് ഇവളെ വിവാഹം കഴിച്ചു. പിന്നെ ഇവളെ സംരക്ഷിച്ചുകൊണ്ട്, ഇവളോടുകൂടി സൌഖ്യമായി കഴിഞ്ഞുവന്നു.’ (കോപത്തോടെ കൈകള്‍ തിരുമ്മിക്കൊണ്ട്) ‘എന്നിട്ടും ഇന്ന് ഇവള്‍ എന്നോട് ഇപ്രകാരം ചതി ചെയ്തുവല്ലൊ!’
മണ്ണാത്തി വീണ്ടും പ്രവേശിച്ച് പിന്നിലൂടെ പതുങ്ങി വന്ന് കൈയ്യിലുള്ള താമ്പൂലം സൂത്രത്തില്‍ മണ്ണാന്റെ വായില്‍ കൊടുക്കുവാന്‍ ശ്രമിക്കുന്നു. മണ്ണാന്‍ പെട്ടന്ന് അവളുടെ കൈയ്യില്‍ പിടികൂടുന്നു.
മണ്ണാന്‍:‘എന്താണ് കൈയ്യില്‍? ഇവിടെ കൊണ്ടുവാ’ (കൊടുക്കുവാന്‍ മടിക്കുന്ന മണ്ണാത്തിയുടെ കൈയ്യില്‍ നിന്നും ബലമായി പിടിച്ചുവാങ്ങി വെറ്റില നിവര്‍ത്തി പരിശോധിച്ച്, ഞെട്ടലോടെ) ‘ഹോ!’ (അതിയായ കോപത്തോടെ) ‘എടീ, കുലടേ, താമ്പൂലത്തില്‍ വശ്യംചെയ്ത് എന്നെ മയക്കാം എന്ന് നീ കരുതിയോ? ദുഷ്ടേ, ഇനി നീ എന്നോടൊപ്പം നിമിഷനേരം കൂടി വസിക്കരുത്. ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു. നീയുമായുള്ള ബന്ധം വേര്‍പെടുത്തുന്നു. നീ നിന്റെ മംഗല്യസൂത്രം അഴിച്ചുതന്നിട്ട് പോവുക’
മണ്ണാത്തി:‘അയ്യോ, അവിടുന്ന് അങ്ങിനെ പറയരുതേ. ഇല്ല, ഞാന്‍ തരില്ല.’
മണ്ണാന്‍ ബലമായി മണ്ണാത്തിയുടെ കഴുത്തില്‍ നിന്നും മംഗല്യസൂത്രം പൊട്ടിച്ചെടുക്കുന്നു.
മണ്ണാത്തി:(പെട്ടന്ന് കോപിച്ച്) ‘ഓ, അങ്ങിനെ ബന്ധം വേര്‍പെടുത്തുകയാണെങ്കില്‍ എന്റെ വീട്ടുകാര്‍ നിനക്കു തന്നിട്ടുള്ള സ്ത്രീധനവും മടക്കി തരിക.’
മണ്ണാന്‍ വസ്ത്രത്തിന്റെ കോന്തല അഴിച്ച് പണമെടുത്ത് എണ്ണിതിട്ടപ്പെടുത്തി മണ്ണാത്തിക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നു. തുടര്‍ന്ന് മണ്ണാന്‍ മണ്ണാത്തിയെ ആട്ടിപ്പായിക്കുന്നു. മണ്ണാത്തി നിഷ്ക്രമിക്കുന്നു. മണ്ണാത്തി പോയി എന്ന് ഉറപ്പുവരുത്തിയിട്ട് മണ്ണാന്‍ പീഠത്തില്‍ ഇരിക്കുന്നു.
മണ്ണാന്‍:(സ്വഗതമായി) ‘കഷ്ടം! തന്നെ. ഇവള്‍ ഇപ്രകാരമെല്ലാം എന്നോട് പ്രവര്‍ത്തിച്ചല്ലോ! ഇനി വീട്ടില്‍ എന്നെ സഹായിക്കാന്‍ ആരുണ്ട്?’ (ആലോചിച്ചശേഷം) ‘ങാ, ഇനി വേറോരു സ്ത്രീയെ അന്വേഷിക്കുകതന്നെ’
മണ്ണാന്‍ നാലാമിരട്ടിക്കലാശം ചവുട്ടിയിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----