2009 ഓഗസ്റ്റ് 19, ബുധനാഴ്‌ച

കാര്‍ത്തവീര്യാര്‍ജ്ജുനവിജയം

വരബലത്താല്‍ ത്രൈലോക്യങ്ങളേയും ജയിച്ച രാവണന്‍
അഹങ്കാരിയായ ഹേഹയരാജാവ് കാര്‍ത്തവീര്യാര്‍ജ്ജുനനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ഉത്തരരാമചരിത കഥയെ അടിസ്ഥാനമാക്കി ശ്രീ പുതിയിക്കല്‍ തമ്പാന്‍ രചിച്ച ആട്ടകഥയാണ് ‘കാര്‍ത്തവീര്യാര്‍ജ്ജുനവിജയം’. 

കഥാസംഗ്രഹം 
ദത്താത്രേയവരപ്രസാദത്താല്‍ പ്രതാപവാനായിതീര്‍ന്ന
ചന്ദ്രവംശജനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഹേഹയരാജ്യതലസ്ഥാനമായ മാഹിഷ്മതി നഗരത്തില്‍ രാജ്യഭാരം ചെയ്തുവന്നു. കൃതവീര്യന്റെ പുത്രനായ ഇദ്ദേഹവും പത്നിമാരും ചേര്‍ന്നുള്ള ശൃംഗാര രംഗമാണ് ആദ്യത്തേത്. രണ്ടാം രംഗത്തില്‍ കാര്‍ത്തവീര്യസമീപത്തേയ്ക്ക് ശ്രീനാരദമഹര്‍ഷി എത്തുന്നു. രാവണന്‍ വരബലത്താല്‍ ലോകകണ്ടകനായിതീര്‍ന്നിരിക്കുന്നു എന്നും, അവന്റെ അഹങ്കാരം നശിപ്പിക്കണമെന്നും കാര്‍ത്തവീര്യനോട് നാരദന്‍ അഭ്യര്‍ത്ഥിക്കുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അത് സമ്മതിക്കുന്നു. സ്വപ്നദര്‍ശ്ശനത്താല്‍ പ്രണയകലഹിതയായ മണ്ഡോദരിയെ രാവണന്‍ സ്വാന്തനിപ്പിക്കുന്ന അന്ത:പുര രംഗമാണ് മൂന്നാമത്തേത്. നാലാം രംഗത്തില്‍ പര്‍വ്വതനേയും കൂട്ടി രാവണനെ കാണാനെത്തുന്ന നാരദമഹര്‍ഷി, അഹങ്കാരിയായ കാര്‍ത്തവീര്യാര്‍ജ്ജുനനെ യുദ്ധത്തില്‍ ജയിക്കുവാന്‍ രാവണനെ പ്രേരിപ്പികുന്നു. തുടര്‍ന്ന് രാവണന്‍ മന്ത്രിമാരോട് കൂടിയാലോചിച്ചശേഷം കാര്‍ത്തവീര്യാര്‍ജ്ജുനനോട് യുദ്ധം ചെയ്യുവാന്‍ സന്നദ്ധനായി സൈന്യസമേതം പുറപ്പെടുന്നു രംഗം അഞ്ചില്‍‍. ആറാം രംഗത്തില്‍ പുഷ്പകവിമാനത്തില്‍ സഞ്ചരിച്ച് വിന്ധ്യാചലം കടന്ന് നര്‍മ്മദാതീരത്തെത്തിയ രാവണന്‍ അവിടെ ശിവപൂജ ചെയ്യുന്നു. ആ സമയത്ത് പ്രേയസിമാരോടോത്ത് ജലക്രീഡ നടത്തുകയായിരുന്ന കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് നര്‍മ്മദയിലെ ജലപ്രവാഹം തടഞ്ഞുനിര്‍ത്തുന്നു ഏഴാം രംഗത്തില്‍. ഇതുമൂലം നദിയുടെ മുകള്‍ ഭാഗത്ത് ജലം കരകവിഞ്ഞ് രാവണന്‍ പൂജിച്ചുകൊണ്ടിരുന്ന ശിവലിംഗവും പൂജാദ്രവ്യങ്ങളും മുങ്ങിപോകുന്നു. ജലപ്രവാഹത്തിന്റെ കാരണം അന്യൂഷിച്ച് പോകുന്ന രാവണന്റെ മന്ത്രി പ്രഹസ്തനും മറ്റും കാര്‍ത്തവീര്യന്റെ സേനയാല്‍ പരാജയപ്പെടുന്നതാണ് എട്ടാം രംഗം. രംഗം ഒന്‍പതില്‍ പ്രഹസ്താദികള്‍ രാവണസമീപം വന്ന് വിവരങ്ങള്‍ അറിയിക്കുന്നു. നേരിട്ടുവന്ന് എതിര്‍ക്കുന്ന രാവണനെ പരാജയപ്പെടുത്തി ബന്ധിച്ച്, ചന്ദ്രഹാസം കൈക്കലാക്കി കാര്‍ത്തവീര്യന്‍ സ്വരാജധാനിയിലേയ്ക്ക് മടങ്ങുന്നു പത്താം രംഗത്തില്‍. പതിനൊന്നാം രംഗത്തില്‍ സ്വപൌത്രന്‍ ബന്ധിതനായതറിഞ്ഞ പുലസ്ത്യമഹര്‍ഷി മാഹീഷ്മതിയിലെത്തി രാവണനെ മോചിപ്പിക്കണമെന്ന് കാര്‍ത്ത്യവീര്യനോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധവിമുക്തനാക്കുന്നതാണ് അന്ത്യരംഗം. അര്‍ജ്ജുനന്റെ ബലം മനസ്സിലാക്കാതെ യുദ്ധത്തിനുവന്ന അപരാധത്തിന് മാപ്പ് അപേക്ഷിച്ചശേഷം രാവണന്‍ ലങ്കയ്ക്ക് മടങ്ങുന്നതോടെ കഥ പൂര്‍ണ്ണമാകുന്നു.

രംഗാവതരണത്തിലെ സവിശേഷതകള്‍ 
കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും
കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് കാര്‍ത്തവീര്യാര്‍ജ്ജുനവിജയത്തിലെ രാവണന്‍. ബാലിവധം, തോരണയുദ്ധം, രാവണോത്ഭവം, ബാലിവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍.

മൂന്നാം രംഗത്തിലെ ‘കലമദളലോചനേ’ എന്ന 
രാവണന്റെ ശൃഗാരപദത്തിന്റെ അവതരണം സവിശേഷതയാര്‍ന്നതാണ്. രതിക്രീഡകളാല്‍ തളര്‍ന്ന് രാവണന്റെ മടിത്തട്ടില്‍ ശയിക്കുന്ന മണ്ഡോദരി, രാവണന്‍ ഉര്‍വ്വശി തുടങ്ങിയ ദേവസ്ത്രീകളുമായി രമിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് പരിഭവിക്കുന്നു. പരിഭത്തിന്റെ കാരണം അറിയാനുള്ള ഔത്സുക്യത്തോടും കാന്തയെ അനുനയിപ്പിച്ചുകൊണ്ടും ദശമുഖന്‍ പറയുന്ന മധുര വചനങ്ങളാണ് ‘കമലദളലോചനേ’ എന്ന പതിഞ്ഞപദം. ഇതിന്റെ ആദ്യപകുതി ഇരുന്നുകൊണ്ടാണ് ആടുന്നത്.

നിലവിലുള്ള അവതരണ രീതി 

കാര്‍ത്തവീര്യാര്‍ജ്ജുനവിജയം പണ്ട് പൂണ്ണമായി 
അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രാവണന്റെ ശൃംഗാരപദം ഉള്‍ക്കൊള്ളുന്ന മൂന്നാം രംഗം മാത്രമാണ് പ്രചാരത്തിലുള്ളത്.
ബാലിവിജയത്തിലെ ‘അരവിന്ദദളോപമനയനേ’ എന്ന 
ശൃഗാരപദം ഉള്‍ക്കൊള്ളുന്ന രംഗം ഒഴിവാക്കി, പകരമായി കാര്‍ത്തവീര്യവിജയത്തിലെ മൂന്നാം രംഗം ഘടിപ്പിച്ചുകൊണ്ടും ഇത് അവതരിപ്പിക്കാറുണ്ട്.

ആട്ടകഥാകാരന്‍

പുതയിക്കല്‍ തമ്പാന്‍

ചേര്‍ത്തല താലൂക്കിലെ വയലാറില്‍ പുതിയറയ്ക്കല്‍
ഭവനത്തിലാണ് തമ്പാന്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകാലം പതിനെട്ടാം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു. സംസ്കൃതവ്യാകരണ പണ്ഡിതയായ മാതാവുതന്നെയായിരുന്നു പുതയിക്കല്‍ തമ്പാന്റെ ഗുരു. പാഠകവൃത്തിയില്‍ അദ്വതീയനായിരുന്ന അദ്ദേഹം കാര്‍ത്തികതിരുനാളിന്റെ പ്രീതിഭാജനമായിരുന്നു. ഈ നിലയിലും ആട്ടകഥാകാരനെന്ന നിലയിലും തിരുവിതാംകൂര്‍ രാജാവിന്റെ കവിസദസിനെ അലങ്കരിച്ചിരുന്നു തമ്പാന്‍. ഇദ്ദേഹം ആറന്മുള രാമന്‍‌പിള്ള ആശാന്റെ ശിഷ്യനായി ‘ശക്തിപൂജ’ നടത്തിയിരുന്നതായും പറയപ്പെടുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനവിജയം കൂടാതെ രാമാനുകരണം എന്ന ഒരു ആട്ടകഥകൂടി പുതിയിക്കല്‍ തമ്പാന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം അശ്വതിതിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശ്ശിച്ച് മടങ്ങുംവഴി കൊല്ലത്തുവെച്ചാണ് നിര്യാതനായത്.

2009 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കാര്‍ത്തവീര്യാര്‍ജ്ജുനവിജയം മൂന്നാം രംഗം (കമലദളം-പാടിപ്പദം)

രംഗത്ത്-രാവണന്‍‍(ആദ്യാവസാന കത്തിവേഷം), മണ്ഡോദരി(ഇടത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി
“ഇത്ഥം കൃത്വാ നരേന്ദ്രം വ്യവസിത ഹൃദയം യാതുധാനാഥിനാഥ
സ്ഫായല്‍ ഗര്‍വാപഹാരേ പ്രമുദിത ഹൃദയേ നിര്‍ഗതേ താപസേന്ദ്ര
ജിത്വാ ലോകാനശേഷാന്‍ നിജഭുജമഹസാ പംക്തികണ്ഠസ്സലങ്കാം
അധ്യാസീന: കദാചിത് പ്രണയകലഹിതാം പ്രാഹ മണ്ഡോദരീം താം”
{ഇപ്രകാരം രാക്ഷസാധിനാഥനായ രാവണന്റെ ഗര്‍വ്വത്തെ നശിപ്പിക്കാമെന്ന് നരേന്ദ്രനായ കാര്‍ത്തവീര്യാര്‍ജ്ജുനനെക്കൊണ്ട് തീരുമാനിപ്പിച്ചിട്ട് ഹൃദയത്തില്‍ സന്തോഷത്തോടെ താപസേന്ദ്രനായ നാരദന്‍ പോയി. തന്റെ ഭുജബലത്താല്‍ ലോകമശേഷവും ജയിച്ച് ലങ്കയില്‍ വാഴുന്ന പംക്തികണ്ഠന്‍ ഒരിക്കല്‍ പ്രണയകലഹിതയായ മണ്ഡോദരിയോട് പറഞ്ഞു.}

ആലവട്ടമേലാപ്പുകളോടുകൂടി ശൃംഗാരരസത്തിലുള്ള രാവണന്റെ തിരനോട്ടം-
നാലാമിരട്ടിമേളത്തോടെ വീണ്ടും തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തില്‍ നിലത്തിരിക്കുന്ന രാവണന്റെ മടിയില്‍ തലവെച്ച് കിടന്ന് മണ്ഡോദരി ഉറങ്ങുന്നു. അന്ത:പുര രംഗമായതിനാല്‍ അരങ്ങിന്റെ ഇരുഭാഗത്തായി രണ്ട് നിലവിളക്കുകള്‍ അഞ്ചുതിരിയിട്ട് കൊളുത്തിവെച്ചിരിക്കും.
(മേളം നിലയ്ക്കുന്നു.)
രാവണന്‍ വലതുകൈ മടിയില്‍ കിടക്കുന്ന മണ്ഡോദരിയുടെ ശിരസ്സിനുതാഴെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഇടതുകൈയ്യാല്‍ മൃദുവായി മുലക്കണ്ണ് തിരുമ്മിക്കൊണ്ട് രതിഭാവത്തില്‍ ഇരിക്കുന്നു. അല്പനേരത്തിശേഷം മണ്ഡോദരി ഉറക്കത്തില്‍ ഞെട്ടുന്നതുകണ്ട് രാവണനും ചെറുതായൊന്ന് ഞെട്ടുന്നു. മണ്ഡോദരിയുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയിട്ട് ചിന്തിച്ച് സമാധാനിച്ച് മുന്‍ നിലയില്‍ ഇരിക്കുന്നു. നിമിഷങ്ങള്‍ക്കുശേഷം രാവണന്‍ വീണ്ടും ഞെട്ടുന്നു.
രാവണന്‍:(മണ്ഡോദരിയുടെ മുഖത്ത് സൂക്ഷമായി വീക്ഷിച്ചിട്ട് അലോചിച്ച് സമാധാനിച്ചിട്ട്) ‘ആ, എന്തെങ്കിലുമാകട്ടെ’
വീണ്ടും മുന്‍ നിലയില്‍ ഇരിക്കെ പൂവ്വാധികം ശക്തിയോടെ രാവണന്‍ ഞെട്ടുന്നു. മണ്ഡോദരി പെട്ടന്ന് ഞെട്ടിയെഴുന്നേറ്റ് പരിഭവിച്ച് ഇരിക്കുന്നു. ആവേശത്തോടെ ആലിംഗനത്തിനുമുതിരുന്ന രാവണനെ മണ്ഡോദരി തട്ടിമാറ്റുന്നു. രാവണന്‍ വീണ് ഇരിക്കുന്നു.
(‘കിടതകധിം,താ’മോടെ മേളമാരംഭിക്കുന്നു)
രാവണന്‍:(അല്പസമയം വിഷാദിച്ചിരുന്നിട്ട്) ‘ഇപ്രകാരം വരുവാന്‍ കാരണമെന്ത്?’(ചിന്തിച്ചശേഷം മുന്നോട്ടാഞ്ഞ് മണ്ഡോദരിയുടെ മുഖം വീക്ഷിച്ചിട്ട്) ‘ഓ, വല്ലാതെ പരിഭവിച്ചിട്ടുണ്ടല്ലോ!’ (വീണ്ടും ആലോചിച്ചിട്ട്) ‘ആ, എന്തെങ്കിലുമാകട്ടെ. നല്ല വാക്കുകള്‍ പറഞ്ഞ് സന്തോഷിപ്പിക്കുക തന്നെ’
രാവണന്‍ മണ്ഡോദരിയുടെ മുഖത്തേയ്ക്കുനോക്കി പരിഭവം,വിഷാദം,ആശ്രയം എന്നീഭാവങ്ങള്‍ നടിച്ചുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.
രാവണന്‍(കലാ:വാസുപിഷാരടി) മണ്ഡോദരിയെ(കോട്ട:രാജുമോഹന്‍) മടിയില്‍ കിടത്തി രതിഭാവത്തില്‍ ഇരിക്കുന്നു.
 രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“കമലദളലോചനേ മമ ജീവനായികേ”^
അനുപല്ലവി:
“കിമപി നഹി കാരണം കലഹമതിനധുനാ”
ചരണം1:
“കരഭോരു, നിന്നുടയ ചരണതളിരാണ ഞാന്‍
 കരളിലറിയുന്നതില്ലൊരു പിഴയൊരുന്നാള്‍
 തരുണാംഗി, നീയൊഴിഞ്ഞൊരു തരുണിമാരിലും
 പരിതോഷമില്ല മമ; പരിഭവമിതെന്തഹോ?”
ചരണം2:
“വളരുന്നു മാരമാല്‍ തളരുന്നു ദേഹവും
 കളക കലഹം പ്രിയേ കളഭവരഗമനേ
 തെളിക മയി മാനസം കുളിര്‍മുലകള്‍ പുണരുവാന്‍
 തളിമമതില്‍ വരിക നീ കളമൃദുലവചനേ”^
ചരണം3:^
“പടനടുവില്‍ വാടാതൊരുടലഹോ മാമകം^
 മടുമലര്‍ശരംകൊണ്ടു പൊടിയുന്നു പാരം
 ചടുലമിഴി നിന്നുടെയടിമലരില്‍ വീണുഴ-
 ന്നടിമപ്പെടുന്നെന്നെ നീ വെടിയരുതു നാഥേ”
{താമരയിതള്‍ പോലുള്ള കണ്ണുകളോടുകൂടിയവളേ, എന്റെ ജീവനായികേ, കലഹത്തിന് ഇപ്പോള്‍ ഒരു കാരണവുമില്ലല്ലോ? കരത്തിന്റെ പാര്‍ശ്വത്തിനൊത്ത തുടയോടുകൂടിയവളേ, നിന്റെ കാല്‍തളിരാണെ ഞാന്‍ ഒരുനാളും ഒരു പിഴയും ചെയ്തതായി തോന്നുന്നില്ല. താരുണ്യം നിറഞ്ഞ അംഗത്തോടുകൂടിയവളേ, നീയൊഴിഞ്ഞ് ഒരു തരുണിമാരിലും എനിക്ക് സന്തോഷമില്ല. അഹോ! ഇതെന്താണ് പരിഭവം? കാമപീഡ വളരുന്നു. ദേഹം തളരുന്നു. പ്രിയേ, കലഹം കളയുക. ആനനടയോടുകൂടിയവളേ, എന്റെ മനസ്സിന് സന്തോഷം തന്നാലും. കളവാണീ, കുളിര്‍മുലകള്‍ പുണരുവാന്‍ മെത്തയിലേയ്ക്ക് വരിക. പടയ്ക്കുനടുവില്‍ പോലും വാടാത്ത എന്റെ ഉടല്‍ പുഷ്പശരമേറ്റ് ഏറ്റവും പൊടിയുന്നു. ചടുലമായ മിഴിയോടുകൂടിയവളേ, നിന്റെ പൂപോലുള്ള കാലടികളില്‍ വീണുഴന്ന് അടിമപ്പെടുന്ന എന്നെ നീ വെടിയരുതേ നാഥേ.}

[^പല്ലവിയുടെ അന്ത്യത്തില്‍ ‘ജീവനായികേ’ എന്നും രണ്ടാം ചരണാന്ത്യത്തില്‍ ‘കളമൃദുവചനേ’ എന്നും സംബോധന ചെയ്ത് സമീപിക്കുന്ന രാവണനെ മണ്ഡോദരി പരിഭവിച്ച് തട്ടിമാറ്റുന്നു

[^മൂന്നാം ചരണാദ്യത്തില്‍ ‘പടനടുവില്‍ വാടാതൊരു’ എന്ന് ചൊല്ലിവട്ടംതട്ടുന്നതോടെ എഴുന്നേറ്റ് കലാശം ചവുട്ടുന്ന രാവണന്‍ തുടര്‍ന്ന് നിന്നുകൊണ്ടാണ് പദാഭിനയം തുടരുന്നത്.]

[^‘പടനടുവില്‍ വാടാതൊരുടലഹോ മാമകം’ എന്ന വരിമാത്രം ചെമ്പ(നാലാം കാലം) താളത്തിലേയ്ക്ക് മാറ്റിയാണ് ആലപിക്കുക. തുടര്‍ന്നുള്ള വരികള്‍ ചെമ്പട(ഒന്നാം കാലം) താളത്തില്‍ തന്നെ ആലപിക്കും.]

“മമ ജീവനായികേ” രാവണന്‍-കലാ:വാസുപിഷാരടി, മണ്ഡോദരി-കോട്ട:രാജുമോഹന്‍

ശ്ലോകം^-രാഗം:എരിക്കലകാമോദരി
“മണ്ഡോദരീ തുലിത തപ്ത സുധാം തദീയാം
അന്യൂനരാഗ വിവശാ ഗിരമാനിശമ്യ
മന്ദം ജഗാദ തരസാ പരിരഭ്യ കാന്തം
മന്ദാക്ഷ മന്ദ ചപലാലസ ലോചനാ സാ”
{അനുരാഗ വിവശയായ മണ്ഡോദരി ചൂടേറിയ അമൃതം പോലെയുള്ള പ്രിയന്റെ വാക്കുകള്‍ കേട്ട് ലജ്ജയോടെ കാന്തനെ പുല്‍കിക്കൊണ്ടും ചപലമായി നോക്കിക്കൊണ്ടും മന്ദം പറഞ്ഞു.}

[^പദം കഴിഞ്ഞ് ശ്ലോകം ആരംഭിക്കുന്നതോടെ രാവണന്‍ ‘ഇനി ഇവളുടെ കാല്‍ക്കല്‍ വീണ് നമസ്ക്കരിക്കുക തന്നെ’ എന്ന് കാട്ടിയിട്ട്, ‘മന്ദം ജഗാദ’ എന്നാലപിക്കുന്നതോടോപ്പം മണ്ഡോദരീസമീപം ചെന്ന് നമസ്ക്കരിക്കുവാന്‍ ഭാവിക്കുന്നു. പരിഭവം വിട്ട് മണ്ഡോദരി പെട്ടന്ന് എഴുന്നേറ്റ് രാവണനെ തടുത്ത് ആലിംഗനത്തിനു മുതിരുന്നു. സന്തോഷവാനായ രാവണന്‍ ‘നില്‍ക്കു,നില്‍ക്കു’ എന്നുകാട്ടി മാറി, വിജയഭാവത്തില്‍ ചാഞ്ചാടുന്നു. ശ്ലോകാന്ത്യത്തോടെ ഇരുവരും ആലിംഗന ബന്ധരാകുന്നു.]

ആലിംഗനം വിട്ട് രാവണന്‍ വലതുവശം പീഠത്തില്‍ ഇരിക്കുന്നു. മണ്ഡോദരി പദാഭിനയം ആരംഭിക്കുന്നു.

മണ്ഡോദരിയുടെ മറുപടിപദം-രാഗം:എരിക്കലകാമോദരി, താളം :അടന്ത(മൂന്നാം കാലം)
ചരണം1:
“ആശരകുലമണിദീപമേ, ധീര
 മാ ശുചം കുരു മമ വല്ലഭ
 ക്ലേശമുളവായതിന്നാകവേ ചൊല്‍‌വാ-
 നാശയേ വളരുന്നു നാണവും”
{രാക്ഷസകുലത്തിന്റെ മണിദീപമേ, ധീരാ, എന്റെ വല്ലഭാ, സങ്കടപ്പെടരുതേ. ഉണ്ടായ ക്ലേശത്തെപറ്റി എല്ലാം പറയുവാന്‍ വല്ലാത്ത നാണം തോന്നുന്നു.}

രാവണന്‍:(മണ്ഡോദരി നാണിക്കുന്നതുകണ്ട് സൂക്ഷിച്ചു നോക്കിയിട്ട്) ‘എന്നോട് പറയുവാനോ? കഷ്ടം!’
തുടര്‍ന്ന് രാവണന്‍ പദം അഭിനയിക്കുന്നു.

രാവണന്റെ പദം-രാഗം:ആനന്ദഭൈരവി, താളം:ചമ്പട(മൂന്നാം കാലം)
ചരണം1:
“ഹന്ത നീയുമന്തരംഗേ
 എന്തോന്നു നിനച്ചതെന്നു”
പല്ലവി:
“ചൊല്കയേ മമ വല്ലഭേ
 വല്ലതെന്നാകിലും തവ വല്ലഭനാമെന്നോടിതു”
{കഷ്ടം! നീ അന്തരംഗത്തില്‍ എന്തോന്നാണ് നിനച്ചതെന്ന് ചൊല്ലിയാലും എന്റെ വല്ലഭേ. വല്ലതെന്നാലും നിന്റെ വല്ലഭനായ എന്നോടിതു പറഞ്ഞാലും}
“ചൊല്കയേ മമ വല്ലഭേ”രാവണന്‍-കീഴ്പ്പടം കുമാരന്‍‌നായര്‍, മണ്ഡോദരി-കലാ:മുകുന്ദന്‍
മണ്ഡോദരി: 
ചരണം2:
“വീര കേള്‍ക്ക വിപരീതരതികൊണ്ടു ദേഹം
 പാരം തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
 ആരാമേ സുരനാരിമാരോടും കൂടി
 നേരേ കണ്ടിതു നാഥ നിന്നെ ഞാന്‍”
ചരണം3:
“ദേവിയാമുര്‍വശിയെ ഗാഢമായ് പുണര്‍-
 ന്നാവോളമധരവും നുകര്‍ന്നു നീ
 നീവീഹരണംചെയ്‌വാന്‍ തുനിയുമ്പോള്‍ പാര-
 മാവിലഹൃദയയായുണര്‍ന്നു ഞാന്‍“
{വീരാ, കേള്‍ക്കുക. വിപരീത രതികൊണ്ട് ദേഹം ഏറ്റവും തളര്‍ന്ന് ഞാന്‍ ഉറങ്ങുമ്പോള്‍, ആരാമത്തില്‍ സുരനാരിമാരോടും കൂടി നാഥാ, ഭവാനെ ഞാന്‍ നേരേ കണ്ടു. ഭവാന്‍ ഉര്‍വ്വശിയെ ഗാഢമായി പുണര്‍ന്ന് ആവോളം അധരം നുകര്‍ന്നു. വസ്ത്രമഴിക്കുവാന്‍ തുനിയുമ്പോള്‍ ഏറ്റവും തളര്‍ന്ന മനസ്സോടെ ഞാന്‍ ഉണര്‍ന്നു.}
“ഗാഢമായ് പുണര്‍ന്ന്” രാവണന്‍-കീഴ്പ്പടം കുമാരന്‍‌നായര്‍, മണ്ഡോദരി-കലാ:മുകുന്ദന്‍
രാവണന്‍:
ചരണം2:
“അത്ഭുതമിതോര്‍ത്താലേവം
 അത്ഭുതാംഗി കണ്ടതെല്ലാം“
(“ചൊല്കയേ മമ വല്ലഭേ”)
ചരണം3:
“ദാസിയാകുമുര്‍വശിയിലാശ
 മമ ചേരുവതോ?”
(“ചൊല്കയേ മമ വല്ലഭേ”)
{അത്ഭുതാംഗീ, ഇപ്രകാരമെല്ലാം കണ്ടതോര്‍ത്താല്‍ അത്ഭുതം തന്നെ. ദാസിയാകുന്ന ഉര്‍വശിയില്‍ ആശ വെയ്ക്കുന്നത് എനിക്ക് ചേര്‍ന്നതോ?}
“അത്ഭുതമിതോര്‍ത്താലേവം“ രാവണന്‍-കലാ:വാസുപിഷാരടി, മണ്ഡോദരി-കോട്ട:രാജുമോഹന്‍
ശേഷം ആട്ടം-
രാവണന്‍ മണ്ഡോദരിയെ നോക്കി ശൃഗാരഭാവത്തില്‍ കഴുത്തിളക്കി ഭംഗി നടിച്ചശേഷം ആലിംഗനചുംബനാദികള്‍ ചെയ്ത് സുഖദ്ദൃഷ്ടിയോടെ നില്‍ക്കുന്നു. അല്പസമയത്തിനുശേഷം മുന്നില്‍ ആകാശത്ത് അസാധാരണമായ തേജസ്സ് കണ്ട് രാവണന്‍ ദ്ദൃഷ്ടിയെടുക്കാതെ പതുക്കെ മണ്ഡോദരിയെ വിട്ട് പിന്നിലേയ്ക്കുമാറി ,ഇടംകാല്‍ പീഠത്തില്‍ വെച്ച് ജിജ്ഞാസയോടെ നോക്കി നില്‍‌ക്കുന്നു.
രാവണന്‍:^(ആത്മഗതമായി) ‘‘ആകാശത്തില്‍ ഒരു ശോഭ കാണുന്നതെന്താണ്? സൂര്യോദയം അല്ല. കാരണം ആദിത്യന്റെ ഗതി കിഴക്കുപടിഞ്ഞാറാകുന്നു. അഗ്നി ആയിരിക്കുമോ?’ (അലോചിച്ചിട്ട്) ‘അതുമല്ല. കാരണം അഗ്നി ഊര്‍ധ്വജ്വലനെന്ന് പ്രസിദ്ധമാണല്ലോ. ഈ കാണുന്ന ശോഭ സര്‍വ്വത്ര പരന്ന് കീഴ്പ്പോട്ടാണ് പതിക്കുന്നത്. പിന്നെ എന്താണിത്?’ (വീണ്ടും ശ്രദ്ധിച്ചിട്ട്) ‘ശോഭയുടെ നടുവില്‍ കരചരണാദി അംഗങ്ങളോടുകൂടിയ രണ്ട് ശരീരം കാണുന്നു. ഓ, പുരുഷന്മാരാണ്. ശിരസ്സില്‍ ജടയും മേലാസകലം ഭസ്മകുറിയും ധരിച്ചിട്ടുണ്ട്. ഒരാള്‍ കയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ആരായിരിക്കും?’ (വീണ്ടും സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, മനസ്സിലായി. തുമ്പുരു നാരദന്മാര്‍ എന്റെ സമീപത്തേയ്ക്ക് വരികയാണ്. ആകട്ടെ, ഇനി ലോകവര്‍ത്തമാനങ്ങളെല്ലാം അറിയുകതന്നെ’ (മണ്ഡോദരിയോടായി) ‘അല്ലെ പ്രിയേ, ഭവതി അന്ത:പുരത്തില്‍ ചെന്ന് സന്തോഷത്തോടുകൂടി വസിച്ചാലും’രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ടും വരുന്ന മഹര്‍ഷിമാരെ വീക്ഷിച്ചുകൊണ്ടും പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.

[^രാവണന്റെ ഈ ആട്ടങ്ങള്‍ ‘മാഘ’ത്തിലെ ‘ഗതം തിരശ്ചീനമന്തരുസാരഥേ’, ‘വചസ്ഥിഷാമിത്യവധാരിതം’ എന്നീ ശ്ലോകങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]
-----(തിരശ്ശീല)-----

2009 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ബാലിവിജയം പുറപ്പാട്

രംഗത്ത്-ഇന്ദ്രന്‍‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“ലക്ഷ്മീനാഥേന പൂര്‍വ്വം ത്രിഭുവനഗുണരുണാ ശിക്ഷിതേ മാലിസംജ്ഞേ
 രക്ഷോനാഥേ സുമാലിപ്രഭൃതിഷ്ഠ ച ഗതേഷ്വാശു പാതാളലോകം
 യക്ഷാധീശേ ച ലങ്കാമധിവസതി മുദാ സംയുതേ താതവാചാ
 സക്ഷേയോ ദേവവൃന്ദൈരവസദപി സഹസ്രേക്ഷണോ നാകലോകേ”
{ലക്ഷ്മീനാഥനായ മഹാവിഷ്ണു പണ്ട് ത്രിഭുവനരക്ഷണാര്‍ത്ഥം മാലിയെ വധിച്ചതിനാല്‍ രാക്ഷസനാഥനായ മാല്യവാന്‍, സുമാലി ആദിയായുള്ളവരുമായി പാതാളലോകത്തിലേയ്ക്ക് പോയി. താതനായ വിശ്രേസവസ്സിന്റെ നിര്‍ദ്ദേശാനുസ്സരണം യക്ഷാധീശനായുള്ള വൈശ്രവണന്‍ രാക്ഷസരാല്‍ ഉപേക്ഷിക്കപ്പെട്ട ലങ്കയില്‍ പോയി സസുഖം അധിവസിച്ചു. സഹസ്രേക്ഷണന്‍ ദേവവൃന്ദത്തോടുകൂടി ക്ഷേമത്തോടെ നാകലോകത്തില്‍ വസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
“നാകലോകവാസിജന നായകനാമിന്ദ്രന്‍
 പാകവൈരി സര്‍വ്വലോകപാലകരില്‍ മുമ്പന്‍
 പുണ്യകര്‍മ്മം ചെയ്തീടുന്ന പൂരുഷര്‍ക്കുമേലില്‍
 പൂര്‍ണ്ണസുഖം നല്‍കും ദേവപുംഗവന്മഹാത്മാ
 ദേവമുനിഗന്ധര്‍വ്വാദിസേവിത ചരണന്‍
 ദേവദേവപാദപത്മസേവകനുദാരന്‍
 കേളിയേറുമിന്ദ്രാണിയാം നാളികാക്ഷിതന്നെ
 ലാളനവും ചെയ്തു നല്ല മേളമോടുവാണു”
{നാകലോകവാസികളായ ജനങ്ങളുടെ നായകനും, അസുരവൈരിയും, ലോകപാലകരില്‍ മുമ്പനും, പുണ്യകര്‍മ്മം ചെയ്യുന്ന ജനങ്ങള്‍ക്ക് പൂര്‍ണ്ണസുഖം നല്‍കുന്ന ദേവശ്രേഷ്ഠനും, മഹാത്മാവും, ദേവമുനിഗന്ധര്‍വ്വാദികളാല്‍ സേവിക്കപ്പെടുന്ന ചരണങ്ങളോടു കൂടിയവനും, ദേവദേവനായ വിഷ്ണുവിന്റെ പാദപത്മസേവകനും, ഉദാരനും ആയ ദേവേന്ദ്രന്‍ താമരയിതളിനൊത്ത കണ്ണുകളോടുകൂടിയവളായ ഇന്ദ്രാണിയെ ലാളിച്ചുകൊണ്ട് സന്തോഷത്തോടെ വസിച്ചു.} 
-----(തിരശ്ശീല)-----

2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ബാലിവിജയം ഒന്ന് മുതല്‍ അഞ്ച് വരെ രംഗങ്ങള്‍

ഒന്ന് മുതല്‍ നാലു വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ അരങ്ങത്ത് അവതരിപ്പിക്കുക പതിവില്ല.

അഞ്ചാം രംഗം

രംഗത്ത്-ഇന്ദ്രന്‍, നാരദന്‍‍(ഒന്നാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:സൌരാഷ്ട്രം
“കാളീശിഷ്യവരം നിശാചരകൃതസ്വാളീകസഞ്ചിന്തനാ-
 ദ്വ്രീളാനമ്രമുഖം സമേത്യ തരസാ ഡോളായമനാശയം
 കേളീസുദിതവൃത്രമുഖ്യദിതിഭൂപാളിം മുനിര്‍ന്നാരദോ
 നളീകാസനജഃ കദാപി ച സുപര്‍വ്വാളിന്ദ്രമൂചേ രഹഃ”
{കാളീശിഷ്യരില്‍ ശ്രേഷ്ഠനും വൃത്രന്‍ തുടങ്ങിയ അസുരന്മാരുടെ സംഘങ്ങളെ കളിയായിതന്നെ നശിപ്പിച്ചവനുമായ ദേവേന്ദ്രന്‍ അസുരനായ മേഘനാഥനാല്‍ ചെയ്യപ്പെട്ട അപമാനത്തെയോര്‍ത്ത് ലജ്ജിച്ച് മുഖം കുനിച്ചും ചഞ്ചലമായ ചിത്തത്തോടുകൂടിയും ഇരിക്കുമ്പോള്‍ ഒരിക്കല്‍ ബ്രഹ്മപുത്രനായ നാരദമഹര്‍ഷി സമീപത്തുചെന്ന് രഹസ്യമായി പറഞ്ഞു.}

ഇന്ദ്രന്‍ വലതുഭാഗത്തായി പീഠത്തില്‍ അപമാനഭാരത്താല്‍ തലതാഴ്ത്തി ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി ‘കിടതകധീം,താം’ മേളത്തിനൊപ്പം നാരദന്‍ പ്രവേശിക്കുന്നു.
നാരദന്‍:‘അപമാനഭാരത്താല്‍ പരവശനായ ഇന്ദ്രനെ കണ്ട് സമാധാനിപ്പിക്കുകതന്നെ’
തുടര്‍ന്ന് പരസ്പരം കാണുന്നതോടെ ഇന്ദ്രന്‍ എഴുന്നേറ്റ് ആദരപൂര്‍വ്വം നാരദനെ വലത്തുവശത്തേയ്ക്ക് ആനയിക്കുന്നു. നാരദന്‍ വലതുഭാഗത്തേയ്ക്കു വന്ന് പീഠത്തില്‍ ഇരിക്കുന്നു. ഇന്ദ്രന്‍ കുമ്പിട്ടുമാറി കുണ്ഠിതത്തോടെ നില്‍ക്കുന്നു. നാരദന്‍ എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

നാരദന്റെ പദം-രാഗം:സൌരാഷ്ട്രം, താളം:മുറിയടന്ത
ചരണം1:
“ദേവരാജ മഹാപ്രഭോ പാവനവിപുലകീര്‍ത്തേ
 ഭാവഭേദമേതും വേണ്ടാ സാവധാനം കുരുചിത്തം”
ചരണം2:
“ഏവമാദിയാപത്തുകള്‍ ജീവജാലങ്ങളിലോര്‍ത്താല്‍
 ദേവകള്‍ക്കുമില്ലഭേദം ഏവനുമുണ്ടാകുമല്ലോ”
ചരണം3:
“സമ്മതമെല്ലാവര്‍ക്കും നിങ്ങള്‍ തമ്മിലുള്ള ശക്തിഭേദം
 ബ്രഹ്മവരബലംതന്നെ ജിഹ്മനവന്‍ ജയിച്ചതും”
ചരണം4:
“എങ്കിലുമിന്നവനുടെ ഹുംകൃതികള്‍ തീര്‍ത്തീടുവാന്‍
 എങ്കലൊരുപായമിപ്പോള്‍ അങ്കുരിക്കുന്നുണ്ടുകേള്‍ക്ക”
ചരണം5:
“ശക്തനാകുന്നൊരുതവ പുത്രനായ ബാലിയോടു
 യുദ്ധസംഗതിയുണ്ടാക്കാം സിദ്ധിച്ചിടും കാര്യമപ്പോള്‍”
ചരണം6:
“വാനരത്തോടെതിര്‍ക്കുമ്പോള്‍ മാനഹാനിയവനുണ്ടാം
 നൂനമതിനുണ്ടുശാപം ഞാനറിഞ്ഞിരിക്കുന്നല്ലോ”
{ദേവരാജാ, മഹാപ്രഭോ, പാവനവും വിപുലവുമായ കീര്‍ത്തിയോടുകൂടിയവനേ, ഒട്ടും ഭാവമാറ്റം വേണ്ട. മനസമാധാനം കൈവരിച്ചാലും. ഇപ്രകാരത്തിലുള്ള ആപത്തുകള്‍ ജീവജാലങ്ങളില്‍ ആര്‍ക്കും ഉണ്ടാകാം. ചിന്തിച്ചാല്‍ ദേവന്മാരുടെ കാര്യത്തിലും ഭേദമില്ല. നിങ്ങള്‍ തമ്മിലുള്ള ശക്തിവിത്യാസം എല്ലാവര്‍ക്കും അറിയാം. ബ്രഹ്മദത്തമായ വരത്തിന്റെ ബലത്താലാണ് ആ ചതിയന്‍ ജയിച്ചതെന്നും അറിയാം. എങ്കിലും ഇന്ന് അവന്റെ അഹങ്കാരം തീര്‍ക്കുവാന്‍ എന്നില്‍ ഒരു ഉപായം ഇപ്പോള്‍ തോന്നുന്നുണ്ട്. കേള്‍ക്കുക, ശക്തനായ നിന്റെ പുത്രന്‍ ബാലിയോട് യുദ്ധത്തിന് വഴിയുണ്ടാക്കാം. അപ്പോള്‍ കാര്യം സാധിക്കും. വാനരനോട് എതിര്‍ക്കുമ്പോള്‍ അവന് മാനഹാനിയുണ്ടാകും, ഉറപ്പ്. അതിനുള്ള ഒരു ശാപം അവനുണ്ടെന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നു.}

ഇന്ദ്രന്റെ മറുപടിപ്പദം-രാഗം:ബലഹരി(കല്യാണിയിലും പതിവുണ്ട്), താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“നാരായണഭക്തജന ചാരുരത്നമായീടുന്ന
 നാരദമുനീന്ദ്ര തവ സാരമല്ലോ വാക്യമിദം”
ചരണം2:
“കാര്യമിതു സാധിച്ചെങ്കില്‍ തീരുമെന്റെയവമാനം
 പോരികയും വന്നു മമ വീര്യജാതനല്ലോ ബാലി”
{നാരായണഭക്തജനങ്ങളില്‍ മനോഹരരത്നമായീടുന്ന നാരദമുനീന്ദ്രാ, അങ്ങയുടെ ഈ വാക്യം ഏറ്റവും സാരമായതാണല്ലോ. ഈ കാര്യം സാധിച്ചെങ്കില്‍ എന്റെ അപമാനം തീരും, മാന്യതയും കൈവരും. എന്റെ പുത്രനാണല്ലോ ബാലി.}

നാരദന്‍:
ചരണം7:
“എങ്കിലോ ഗമിക്ക കാര്യം ശങ്കയില്ല സാധിച്ചീടും
 പങ്കജാക്ഷന്തന്റെ പാദപങ്കജങ്ങളാണേ സത്യം”
{എങ്കില്‍ ഞാന്‍ ഗമിക്കട്ടെ. സംശയമില്ല കാര്യം സാധിച്ചീടും. മഹാവിഷ്ണുവിന്റെ പാദപങ്കജങ്ങളാണെ സത്യം.}

ശേഷം ആട്ടം-
ഇന്ദ്രന്‍:(പദാഭിനയം കഴിഞ്ഞ് ഇരിക്കുന്ന നാരദനെ വന്ദിച്ചശേഷം) ‘അല്ലയോ മഹര്‍ഷിശ്രേഷ്ഠാ, വാനരരോട് എതിരിട്ടാല്‍ വരപ്രതാപിയായ രാവണന് മാനഹാനി വരുമെന്നത് തീര്‍ച്ചയാണോ?’
നാരദന്‍:‘തീര്‍ച്ച തന്നെ. മാനഹാനിമാത്രമല്ല, വാനരരാല്‍ വംശഹാനിവരെ ഉണ്ടാകുമെന്ന് നന്ദികേശ്വരന്‍ അവനെ ശപിച്ചിട്ടുണ്ട്. അതിനാല്‍ സന്തോഷമായി വസിച്ചാലും. ഞാന്‍ പോകട്ടെ.’
ഇന്ദ്രന്‍:‘എല്ലാം അങ്ങയുടെ കാരുണ്യം പോലെ വരട്ടെ’
ഇന്ദ്രന്‍ വീണ്ടും വണങ്ങി നാരദനെയാത്രയാക്കിക്കൊണ്ടും, നാരദന്‍ അനുഗ്രഹിച്ചുകൊണ്ടും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബാലിവിജയം ആറാം രംഗം (കരവിംശതി-പാടിപ്പദം)

രംഗത്ത്-രാവണന്‍‍(ഒന്നാംതരം കത്തിവേഷം), മണ്ഡോദരി(രണ്ടാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി
“ജാതേജ്ഞാതാവമാനേ വലജിതിതനയം വിതഭൂതാനുകമ്പം
പ്രീതസ്താതോ ദശാസ്യോ യുവനൃപമകരോദ്യാതുധാനാധിനാഥ:
മാതാ തസ്യേതി കൃത്വാ ബഹുമതിമധികാം തത്ര ദൈതേയജാതൌ
ജാതാം ചൂതാസ്ത്രഹേതോരവദദിദമതീവാദരാല്‍ കാതരാക്ഷീം”
{ഇന്ദ്രന്‍ അപമാനത്തിലകപ്പെട്ടത് പ്രസിദ്ധമായപ്പോള്‍ കരുണയില്ലാത്തവനായ രാക്ഷസരാജാവ് ദശാസ്യന്‍, സന്തോഷിച്ച് പുത്രനെ യുവരാജാവായി വാഴിച്ചു. അസുരവംശജയായ അവന്റെ മാതാവ് മണ്ഡോദരിയെ ബഹുമാനിച്ചുകൊണ്ട് കാമാര്‍ത്തനായ രാവണന്‍ ഇങ്ങിനെ പറഞ്ഞു.}

രാവണന്റെ തിരനോട്ടം-
ആലവട്ടമേലാപ്പുകളോടുകൂടി ശൃഗാരപ്രധാനമായുള്ള തിരനോട്ടം.
വീണ്ടും തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തിലൂടെ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ട് പതിഞ്ഞ’കിടതകധിം,താ’മിനൊപ്പം രാവണന്‍ പ്രവേശിക്കുന്നു. മേളാവസാനത്തില്‍ മണ്ഡോദരിയെ ഇടതുവശത്ത് നിര്‍ത്തിയിട്ട് രാവണന്‍ നോക്കികാണലോടെ പദാഭിനയം ആരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
“അരവിന്ദദളോപമനയനേ
ശരദിന്ദുമനോഹരവദനേ
കരിവൃന്ദമദാപഹഗമനേ
കുരുവിന്ദജകുഡ്മളരദനേ”
“അരവിന്ദദളോപമനയനേ” (രാവണന്‍-കലാ:ബാലസുബ്രഹ്മണ്യന്‍, മണ്ഡോദരി-ഫാക്റ്റ്:ബിജൂഭാസ്ക്കര്‍)

ചരണം2:
“കരവിംശതി ദശമുഖവും മേ
പരിരംഭണചുംബനകുതുകാല്‍
പരിചോടഹമഹമിതി തമ്മില്‍
പെരുതായിഹ കലഹിക്കുന്നു”
{താമരയിതളുപോലുള്ള നയനങ്ങളോടുകൂടിയവളേ, ശരത്ക്കാല ചന്ദ്രനേപ്പോലെ മനോഹരമായ മുഖത്തോടു കൂടിയവളേ, ആനക്കൂട്ടത്തിന്റെ അഹങ്കാരത്തെ ഹരിക്കുന്ന നടത്തത്തോടു കൂടിയവളേ, കുരുക്കുത്തിമുല്ലയുടെ മൊട്ടുകള്‍ പോലെയുള്ള പല്ലുകളോടുകൂടിയവളേ, എന്റെ ഇരുപതുകരങ്ങളും പത്തുമുഖങ്ങളും ആലിംഗന ചുംബന കുതുകത്താല്‍ ‘ഞാനാദ്യം, ഞാനാദ്യം’ എന്നിങ്ങനെ
പരസ്പരം വല്ലാതെ കലഹിക്കുന്നു.}


“കരവിംശതി” (രാവണന്‍-കലാ:രാമന്‍‌‌കുട്ടി നായര്‍, മണ്ഡോദരി-കലാ:വിജയകുമാര്‍)
മണ്ഡോദരിയുടെ മറുപടി പദം-രാഗം:എരിക്കലകാമോദരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“പംക്തികണ്ഠ മമ മൊഴി കേള്‍ക്ക ബന്ധുരഗുണനിലയ”
അനുപല്ലവി:
“ചെന്താര്‍ബാണതുല്യ കാന്ത നിന്‍ മൊഴി കേട്ടു
സ്വാന്തേ മേ വളരുന്നു സന്തോഷമധികവും”
ചരണം1:
“ദുര്‍വ്വാരമായ തവ ദോര്‍വ്വീര്യശങ്കയാലേ
ഗീര്‍വ്വാണതരുണിമാര്‍ സര്‍വ്വമെന്നെകണ്ടാല്‍
ഉര്‍വ്വശിയാദികളും ഗര്‍വ്വലജ്ജ വിട്ടു
ഉര്‍വ്വീതലത്തില്‍ വീണു നിര്‍വ്യാജം കൂപ്പുന്നു”
ചരണം2:(താളം:മുറിയടന്ത)
“അംബുജനിഭങ്ങളാം നിന്മുഖങ്ങളിലേറ്റം
നന്മയേതിനെന്നുള്ളില്‍ സമ്മോഹം വരികയാല്‍
ബിംബസന്നിഭാധരചുംബനത്തിനു കാല
വിളംബം വന്നീടുന്നു വാമ്യമല്ലേതും”
{പംക്തികണ്ഠാ, സദ്ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, എന്റെ മൊഴി കേള്‍ക്കുക. കാമതുല്യാ, കാന്താ, അങ്ങയുടെ മൊഴി കേട്ട് എന്റെ മനസ്സില്‍ സന്തോഷം അധികമായി വളരുന്നു. തടുക്കാനാവാത്ത അങ്ങയുടെ കൈയൂക്കിനെ ശങ്കിച്ച് എല്ലാ ദേവതരുണിമാരും, ഉര്‍വ്വശി ആദിയായവരും കൂടി എന്നെ കണ്ടാല്‍ ഗര്‍വ്വും ലജ്ജയും വിട്ട് കളവുകൂടാതെ നിലത്തുവീണു വണങ്ങുന്നു. താമരപ്പൂവിനൊത്ത അങ്ങയുടെ മുഖങ്ങളില്‍ ഏറ്റവും നല്ലതേതെന്ന് അറിയായ്കയാലാണ് തൊണ്ടിപ്പഴത്തിന് തുല്യമായ അധരത്തെ ചുബിക്കുവാന്‍ കാലവിളംബം വന്നീടുന്നത്. അല്ലാതെ ഒട്ടും വിപരീതഭാവം കൊണ്ടല്ല.}
“പംക്തികണ്ഠ” (രാവണന്‍-കലാ:ഗോപി, മണ്ഡോദരി-കലാ:ഷണ്മുഖന്‍)

ശേഷം ആട്ടം-
രാവണന്‍:‘അല്ലയോ പ്രിയേ, ഉര്‍വ്വശി മുതലായ ദേവതരുണികള്‍ അഹങ്കാരം വിട്ട് നമിക്കുന്നത് എന്നോടുള്ള ഭയം കാരണമല്ല. ഭവതിയുടെ സൌന്ദര്യം കണ്ട് ലജ്ജിച്ചിട്ടാണ്. പ്രിയേ, നിന്റെ മുഖചന്ദ്രനില്‍ നിന്നും പൊഴിയുന്ന അധരമാകുന്ന അമൃതിനെ ഞാന്‍ പാനം ചെയ്യട്ടെയോ?’
രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്ത്, സുഖദ്ദൃഷ്ടിയോടെ നില്‍ക്കുന്നു. പെട്ടന്ന് മുന്നിലായി ആകാശത്തില്‍ ഒരു തേജസ്സ് കണ്ട് ആശ്ചര്യപ്പെടുന്നു.
രാവണന്‍:^(ദ്ദൃഷ്ടി ആകാശത്തില്‍ തന്നെ ഉറപ്പിച്ചുകൊണ്ട് മണ്ഡോദരിയെ വിട്ട് മെല്ലെ പിന്നിലേയ്ക്ക് മാറിയിട്ട്, ആത്മഗതമായി) ‘ആകാശത്തില്‍ ഒരു ശോഭ കാണുന്നതെന്താണ്? സൂര്യോദയം അല്ല. കാരണം ആദിത്യന്റെ ഗതി കിഴക്കുപടിഞ്ഞാറാകുന്നു. അഗ്നി ആയിരിക്കുമോ?’ (അലോചിച്ചിട്ട്) ‘അതുമല്ല. കാരണം അഗ്നി ഊര്‍ധ്വജ്വലനെന്ന് പ്രസിദ്ധമാണല്ലോ. ഈ കാണുന്ന ശോഭ സര്‍വ്വത്ര പരന്ന് കീഴ്പ്പോട്ടാണ് പതിക്കുന്നത്. പിന്നെ എന്താണിത്?’ (വീണ്ടും ശ്രദ്ധിച്ചിട്ട്) ‘ശോഭയുടെ നടുവില്‍ കരചരണാദി അംഗങ്ങളോടുകൂടിയ ഒരു ശരീരം കാണുന്നു. ഓ, പുരുഷനാണ്. ശിരസ്സില്‍ ജടയും മേലാസകലം ഭസ്മകുറിയും ധരിച്ചിട്ടുണ്ട്. കയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ആരായിരിക്കും?’ (വീണ്ടും സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, മനസ്സിലായി. നാരദമഹര്‍ഷി തന്നെ. എന്റെ സമീപത്തേയ്ക്ക് വരികയാണ്. ആകട്ടെ, ഇനി ലോകവര്‍ത്തമാനങ്ങളെല്ലാം അറിയുകതന്നെ’ (മണ്ഡോദരിയോടായി) ‘അല്ലെ പ്രിയേ, ഭവതി അന്ത:പുരത്തില്‍ ചെന്ന് സന്തോഷത്തോടുകൂടി വസിച്ചാലും’ രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ടും വരുന്ന
നാരദനെ വീക്ഷിച്ചുകൊണ്ടും പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.

[^രാവണന്റെ ഈ ആട്ടങ്ങള്‍ ‘മാഘ’ത്തിലെ
“ഗതന്തിരശ്ചീന മനൂരു സാരഥേ:
 പ്രസിദ്ധ മൂര്‍ധജ്വലനം ഹവിര്‍ഭുജ;
 പതത്യധോധാമ വിസാരിസര്‍വ്വത;
 കിമേത മിത്യാകുലമീക്ഷിതം ജനൈ;”,                                                     

“വചയസ്ത്വിഷാമിത്യവധാരിതം പുരാ
 തതശ്ശരീരീതി വിഭാവിതാകൃതിം
 വിഭുര്‍വിഭക്താവയവം പുമാനിതി
 ക്രമാദമും നാരദ ഇത്യബോധിസ” എന്നീ ശ്ലോകങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]
-----(തിരശ്ശീല)-----