2009 ജൂൺ 26, വെള്ളിയാഴ്‌ച

രാവണോത്ഭവം

പ്രതിനായകനെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട്
രചിക്കപ്പെട്ട ആദ്യകഥയാണ് രാവണോത്ഭവം എന്നു പറപ്പെടുന്നു. രാവണന്‍ നായകനായിവരുന്ന ഇതിന്റെ കര്‍ത്താവ് ശ്രീ കല്ലേക്കുളങ്ങര രാഘവപിഷാരടിയാണ്.
കഥാസംഗ്രഹം
വാത്മീകിരാമായണം ഉത്തരകാണ്ഡത്തിലെ ‘രാക്ഷസോല്പത്തി’,
‘രാവണോത്ഭവം’ എന്നീ കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ പന്ത്രണ്ട് സര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടകഥ രചിച്ചിരിക്കുന്നത്. ശിവകിങ്കരനായ സുകേശന്‍ എന്ന രാക്ഷസന് ഗന്ധര്‍വ്വപുത്രിയായ വേദവതിയില്‍ പിറന്ന പുത്രന്മാരായ മാല്യവാന്‍, സുമാലി, മാലി എന്നിവര്‍ ബ്രഹ്മദേവനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി ത്രൈലോക്യജയത്തിനായുള്ള വരങ്ങള്‍ വാങ്ങി ലോകകണ്ടകരായിതീര്‍ന്നു. ഇവര്‍ ദേവശില്പിയായ വിശ്വകര്‍മ്മാവിനെക്കൊണ്ട് തെക്കേസമുദ്രത്തിലുള്ള ത്രികൂടാദ്രിക്കുമുകളിലായി ലങ്കാനഗരം പണികഴിപ്പിച്ചു. തുടര്‍ന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും പാതാളത്തിലുമായി കഴിഞ്ഞിരുന്ന രാക്ഷസരെല്ലാം ലങ്കയിലേയ്ക്ക് കുടിയേറി. അങ്ങിനെ മാല്യവാന്റെ ഭരണത്തിന്‍ കീഴില്‍ ഒന്നാം രാക്ഷസസാമ്രാജ്യം സ്ഥാപിതമായി.

ഇക്കാലത്ത് ഒരുദിവസം ദേവേന്ദ്രന്‍ ദേവലോകത്തില്‍
ദേവസ്ത്രീകളുമായി സല്ലപിക്കുന്നതാണ് ആദ്യരംഗം. രണ്ടാം രംഗത്തില്‍ നാരദാദിമുനികള്‍ വന്ന് മാലിസുമാലിമാല്യവാന്മാരുടെ അതിക്രമങ്ങളെക്കുറിച്ച് ഇന്ദ്രനോട് പറയുന്നു. ‘ഈ സങ്കടത്തില്‍ നിന്നും തങ്ങളെ രക്ഷിക്കേണമേ’ എന്ന് ഇന്ദ്രനും നാരദാദികളും വൈകുണ്ഡത്തിലെത്തി ഭഗവാന്‍ വിഷ്ണുവിനോട് അപേക്ഷിക്കുന്നു രംഗം‌ മൂന്നില്‍‍. ശത്രുക്കളായ രാക്ഷസക്കൂട്ടങ്ങളെ വധിച്ച് നിങ്ങളെ രക്ഷിച്ചുകൊള്ളാമെന്ന ഭഗവാന്റെ മറുപടി ശ്രവിച്ച് സന്തോഷത്തോടെ എല്ലാവരും മടങ്ങുന്നു. രംഗം നാലില്‍ മാല്യവാന്റെ സമീപമെത്തുന്ന നാരദന്‍ ദേവകളുമായി യുദ്ധം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് മാല്യവാന്‍ മാലിസുമാലിമാരോട് കൂടിയാലോചിച്ചുറപ്പിച്ച് സ്വര്‍ഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു. സ്വര്‍ഗ്ഗത്തിലെത്തിയ മാല്യവാന്‍ ഇന്ദ്രനെ പോരിനുവിളിക്കുന്നു രംഗം അഞ്ചില്‍‍. തുടര്‍ന്ന് ഇന്ദ്രനും മാലിസുമാലിമാല്യവാന്മാരുമായി നടക്കുന്ന ഘോരയുദ്ധത്തിനിടയില്‍ വിഷ്ണു പ്രത്യക്ഷപ്പെട്ട് മാലിയെ വധിക്കുന്നു. ഇതു കണ്ട് ഭയന്ന സുമാലി മാല്യവാന്മാര്‍ പാതാളത്തിലേയ്ക്ക് ഓടിപ്പോയി. ആറാം രംഗത്തില്‍ ബ്രഹ്മാവിന്റെ വരപ്രസാദവും പുഷ്പകവിമാനവും ലഭിച്ച് യക്ഷേശനും ധനാധിപതിയായ അഷ്ടദിക്പാലകനുമായുയര്‍ന്ന വൈശ്രവണന്‍ അച്ഛനും ബ്രഹ്മപുത്രനുമായ വിശ്രവസ്സ് മഹര്‍ഷിയെ ചെന്ന് കാണുന്നതാണ്. രാക്ഷസരാല്‍ ഉപേക്ഷിക്കപ്പെട്ട ലങ്കാനഗരിയില്‍ പോയി വസിച്ചുകൊള്ളുവാന്‍ വിശ്രവസ്സ് പുത്രനോട് നിര്‍ദ്ദേശിക്കുന്നു. താതാജ്ഞയനുസ്സരിച്ച് വൈശ്രവണന്‍ ലങ്കയിലേയ്ക്ക് ഗമിക്കുന്നു. സുമാലിയുടെ പുത്രിയായ കൈകസി താതനിര്‍ദ്ദേശാനുസ്സരണം വിശ്രവസ്സിനെ സമീപിച്ച്, പൂജിച്ച്, പ്രീതനാക്കി തന്നെ പാണിഗ്രഹണം ചെയ്ത് വൈശ്രവണസമാനന്മാരായ പുത്രരെ നല്‍കണമെന്ന് അപേക്ഷിക്കുന്നു ഏഴാം രംഗത്തില്‍. വിശ്രവസ്സ് കൈകസിയെ പത്നിയായി സ്വീകരിക്കുന്നു. എട്ടാം രംഗത്തില്‍ കൈകസിക്ക് ഒരു പുത്രന്‍ ജനിക്കുന്നു. ശിശുവായ രാവണനെ അച്ഛനമ്മമാരായ വിശ്രവസ്സ്കൈകസി ദമ്പതികള്‍ ലാളിക്കുന്ന രംഗമാണ് ഒന്‍പതാമത്തേത്. പത്താം രംഗത്തില്‍ വിശ്രവസ്സ് പുത്രന്മാരായ രാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍ എന്നിവരെ ആശിര്‍വദിക്കുന്നു. അച്ഛനായ വിശ്രവസ്സിനെ കാണാന്‍ ലങ്കയില്‍ നിന്നും പുഷ്പകവിമാനത്തിലേറി ആകാശമാര്‍ഗ്ഗം വരുന്ന വൈശ്രവണന്റെ ഐശ്വര്യത്തില്‍ അസൂയതോന്നുകയും, അതേ അച്ഛനു പിറന്ന തന്റെ മക്കളുടെ നിസാരത്വത്തില്‍ ദു:ഖിക്കുകയും ചെയ്യുന്ന മാതാവിനെ രാവണന്‍ ആശ്വസിപ്പിക്കുന്നു പതിനൊന്നാം രംഗത്തില്‍. രംഗം പന്ത്രണ്ടില്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് ഇഷ്ടവരങ്ങള്‍ നേടാന്‍ ഉറപ്പിച്ച രാവണന്‍ സഹോദരരേയും കൂട്ടി തപസ്സിനു പുറപ്പെടുന്നു. ഗോകര്‍ണ്ണത്തെത്തി കഠിനതപസ്സ് ചെയ്ത രാവണനും കുംഭകര്‍ണ്ണനും വിഭീഷണനും ബ്രഹ്മദേവന്‍ ഇഷ്ടവരങ്ങളെ പ്രദാനം ചെയ്യുന്നു പതിമൂന്നാം രംഗത്തില്‍. പതിനാലാം രംഗത്തില്‍ വരങ്ങള്‍ നേടി പ്രതാപബലവാനായിതീര്‍ന്ന രാവണന്‍ തന്റെ പൂര്‍വ്വകഥയെ അനുസ്മരിക്കുന്നു. ഒരേ പിതാവിന്റെ മക്കളായ വൈശ്രവണനും രാവണാദികളും തമ്മിലുള്ള അന്തരത്തെയോര്‍ത്ത് തന്റെ മാതവ് ദു:ഖിച്ചതും, ദു:ഖം തീര്‍ക്കാനുറച്ച് സഹോദരന്മാരേയും കൂട്ടി താന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പുറപ്പെട്ടതും, പഞ്ചാഗ്നിമദ്ധ്യത്തില്‍ കഠിനതപം ചെയ്തിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നില്ലെന്നുകണ്ട് തന്റെ ഓരോ ശിരസ്സുകളായി അറുത്ത് ഹോമിച്ചതും, പത്താമത്തെ ശിരസ്സറുക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രഹ്മദേവന്‍ പ്രത്യക്ഷനായി അറുത്ത ശിരസ്സുകളെ പൂര്‍വ്വസ്ഥിതിയിലാക്കിയതും, ലോകങ്ങള്‍ ജയിക്കാനും, ഐശ്വര്യവും കീര്‍ത്തിയും സമ്പത്തും ലഭിക്കാനും, മനുഷ്യനാലല്ലാതെ മറ്റാരാലും വധിക്കപ്പെടാ‍തിരിക്കാനുമുള്ള വരങ്ങള്‍ വാങ്ങിയതും, സ്മരിച്ചശേഷം അനുജന്മാര്‍ക്ക് ലഭിച്ച വരങ്ങളെ രാവണന്‍ ചോദിച്ചറിയുന്നു. നിര്‍ദ്ദേവത്വം കൊതിച്ചെങ്കിലും കുംഭകര്‍ണ്ണന് നിദ്രാവത്വമാണ് വരമായിലഭിച്ചതെന്നും, സദാ വിഷ്ണുഭക്തനായിരിക്കാനുള്ള വരമാണ് വിഭീഷണന്‍ വാങ്ങിയതെന്നും കേട്ട് അവരില്‍ അവജ്ഞ തോന്നിയ രാവണന്‍ ഈരേഴുപതിനാലു ലോകങ്ങളും ജയിക്കാന്‍ ഞാനൊരുത്തന്‍ മതിയെന്നുറപ്പിച്ച് മാതൃസമീപത്തേയ്ക്ക് പോകുന്നു. വരശക്തിയാല്‍ ബലവാനായിതീര്‍ന്ന രാവണന്‍ മാല്യവാന്‍, സുമാലി, പ്രഹസ്തന്‍ തുടങ്ങിയ പൂര്‍വ്വികരേയും രാക്ഷസസന്യത്തേയും കൂട്ടി ലങ്കയെ ആക്രമിച്ച് കീഴ്പ്പെടുത്തി അവിടെ വാസമാരംഭിച്ചു. ഇങ്ങിനെ രാവണന്റെ നായകത്വത്തില്‍ രണ്ടാം രാക്ഷസസാമ്രാജ്യം സ്ഥാപിതമായി. പിന്നീട് രാവണന്‍ അസുരശില്പിയായ മയന്റെ പുത്രി മണ്ഡോദരിയെ വിവാഹം ചെയ്തു. രാവണ മണ്ഡോദരിമാരുടെ ശൃഗാരപദമാണ് പതിനഞ്ചാം രംഗത്തില്‍. പതിനാറാം രംഗത്തില്‍ ശൂര്‍പ്പണഖ ജേഷ്ഠനായ രാവണനെ കണ്ട് തന്റെ യൌവനം വൃഥാവിലാകാതെ എന്റെ പാണിഗ്രഹണം നടത്താന്‍ ഉത്സാഹിക്കണമെന്ന് അഭ്യര്‍ദ്ധിക്കുന്നു. രാവണന്‍ ശൂര്‍പ്പണഖയെ വിവാഹം ചെയ്യുവാനായി പാതാളരാജാ‍വായ വിദ്യുജ്ജിഹ്വനെ വരുത്തുവാന്‍ നിര്‍ദ്ദേശിച്ച് വിഭീഷണനെ അയക്കുന്നു. രാവണന്‍ വിദ്യുജ്ജിഹ്വനെ സ്വീകരിച്ച് സോദരിയായ ശൂര്‍പ്പണഖയെ പാണിഗ്രഹണം ചെയ്യിക്കുന്നതാണ് അന്ത്യരംഗം.
രംഗാവതരണത്തിലെ പ്രത്യേകതകള്‍
പല കാര്യങ്ങള്‍ കൊണ്ടും അസാധാരണമായൊരു കഥയാണ് രാവണോത്ഭവം.

1. നാല്, അഞ്ച് രംഗങ്ങളില്‍ മാല്യവാന്‍, മാലി, സുമാലി എന്നീ മൂന്ന് താടിവേഷങ്ങള്‍ ഒരുമിച്ച് അരങ്ങത്തുവരുന്നു. ഇത് മറ്റൊരു കഥയിലും ഇല്ലാത്ത ഒരു പ്രത്യേകതയാണ്.

2. ഇടത്തരം വേഷക്കാര്‍ക്ക് കഴിവുതെളിയിക്കുവാന്‍ ധാരാളം സാധ്യതയുള്ള വേഷമാണ് വിശ്രവസ്സിന്റേത്. ചൊല്ലിയാട്ടങ്ങള്‍ കൂടാതെ ആറാം രംഗത്തില്‍ ‘ലങ്കോല്പത്തിയും’ വിശ്രവസ്സ് ആടേണ്ടതായുണ്ട്. ഏഴാം രംഗത്തില്‍ ശൃഗാരാഭിനയവും ഉണ്ട്. മഹര്‍ഷിവേഷത്തിന്റെ ഈ ശൃഗാരാഭിനയവും ഇതരകഥകളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ്.

3. വരബലം ലഭിക്കുന്നതുവരെയുള്ള ഭാഗത്തെ രാവണനെ കുട്ടിരാവണന്‍ എന്നാണ് പറയുക. പത്തുമുതല്‍ പതിമൂന്ന് വരെ രംഗങ്ങളില്‍ വരുന്ന ഈ കുട്ടിരാവണനും ഇടത്തരക്കാര്‍ക്ക് നല്ല സാധ്യതയുള്ള വേഷമാണ്.

4. കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് രാവണോത്ഭവത്തിലെ രാവണന്‍. ബാലിവധം, തോരണയുദ്ധം, ബാലിവിജയം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍. രാവണോത്ഭവത്തില്‍ പതിനാലാം രംഗം മുതലാണ് ആദ്യാവസാനകത്തിവേഷമായ രാവണന്‍ രംഗത്തുവരുന്നത്. ഈ രംഗത്തിലെ രാവണന്റെ ‘തന്റേടാട്ടം’ അനുപമമായ ഒരു നാട്യശില്പമാണ്. പകര്‍ന്നാട്ടങ്ങളോടുകൂടിയ പുര്‍വ്വകഥാകഥനവും ‘തപസ്സാട്ടവു’മാണ് ഇതിലുള്ളത്. ഭാവാനുരോധമായി തൃപുട-ചെമ്പട താളങ്ങളുടെ വിവിധ കാലപ്രമാണങ്ങളില്‍ വിന്യസിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന മനോഹരമായ ആട്ടമാണിത്.

5. വിനോദകഥാപാത്രമായ(ഭീരു) വിദ്യുജ്ജിഹ്വന്റെ കോമാളിത്തങ്ങള്‍ അന്ത്യരംഗത്തിനെ രസകരമാക്കുന്നവയാണ്.
ഇപ്പോഴുള്ള അവതരണരീതി
*ആദ്യ മൂന്നു രംഗങ്ങളും ആറ് മുതല്‍ ഒന്‍പത് വരേയുള്ള രംഗങ്ങളും പതിനഞ്ചാം രംഗവും വളരേക്കാലമായി നടപ്പിലില്ലാത്തവയാണ്.

*നാല്, അഞ്ച് രംഗങ്ങളും പത്തുമുതല്‍ പതിമൂന്ന് വരേയുള്ള രംഗങ്ങളും പതിനാറ്, പതിനേഴ് രംഗങ്ങളും അപൂര്‍വ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.

*പതിനാലാമത്തെ രംഗം മാത്രമെ സാധാരണയായി ഇപ്പോള്‍ അവതരിപ്പിച്ചുവരുന്നുള്ളു.

ആട്ടകഥാകാരന്‍


കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
‘രാവണോത്ഭവം’ ആട്ടകഥയുടെ കര്‍ത്താവായ
ശ്രീ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി പാലക്കാട് അകത്തറ ദേശക്കാരനാണ്. കല്ലേക്കുളങ്ങര ഭഗവതീക്ഷേത്രത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ പിഷാരം(ഭവനം). പണ്ഡിതനും കവിയുമായിരുന്ന പിഷാരടിയുടെ ജീവിതകാലം പതിനെട്ടാം നൂറ്റാണ്ടാണെന്ന്(കൊല്ലവര്‍ഷം 900-970) ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജേഷ്ഠനായിരുന്ന കൃഷ്ണപ്പിഷാരടിയാണ് ഗുരുനാഥന്‍. പണ്ഡിത്യം നേടിയശേഷം ഇദ്ദേഹം സ്വയം ഒരു പാഠശാലയുണ്ടാക്കി അവിടെ ശിഷ്യരെ പഠിപ്പിച്ചിരുന്നു. അതിനാല്‍ ദേശക്കാര്‍ രാഘവപ്പിഷാരടിയെ ‘മണലൂര്‍ എഴുത്തച്ഛന്‍’ എന്നാണ് വ്യവഹരിച്ചിരുന്നത്. കുടിയംകുളത്ത് ശുപ്പുമേനോന്‍ അദ്ദേഹത്തിനെ പ്രധാന ശിഷ്യനായിരുന്നു. പാലക്കാട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ചന്റെ സദസ്യനുമായിരുന്നു കല്ലേക്കുളങ്ങര രാഘവപ്പിഷാരടി. ഹൈദര്‍ അലിയുടെ കേരള ആക്രമണകാലത്ത് ഇട്ടിക്കോമ്പിയച്ചന്‍ ബന്ധനസ്ഥനായിതീര്‍ന്നതിനെ തുടര്‍ന്ന് ഇട്ടിപ്പങ്ങിയച്ചന്‍ പാലക്കാട് രാജാവായിതീര്‍ന്നു. എന്നാല്‍ ഇട്ടിപ്പങ്ങിയച്ചനുമായി നീരസത്തിലായിതീര്‍ന്ന രാഘവപ്പിഷാരടി കൊച്ചീരാജാവായ വിരകേരളവര്‍മ്മയെ അഭയം പ്രാപിച്ചു. അങ്ങിനെ തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കാലത്താണ് ഇദ്ദേഹം രാവണോത്ഭവം ആട്ടകഥ രചിച്ചതെന്നുപറയപ്പെടുന്നു. ‘സേതുമാഹാത്മ്യം’, ‘വേതാളചരിത്രം’, ‘പഞ്ചതന്ത്രം’ എന്നീ കളിപ്പാട്ടുകളാണ് അദ്ദേഹത്തിന്റെ ഇതരകൃതികള്‍.

രാവണോത്ഭവം പുറപ്പാട്

രംഗത്ത്-ഇന്ദ്രന്‍(കുട്ടിത്തരം പച്ചവേഷം), ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ഭൈരവി
“വിശ്വോല്‍കൃഷ്ടവരപ്രതാപമഹിമാ നിശ്ശേഷശത്രൂന്‍ പുരാ
 നിര്‍ജ്ജിത്യോഗ്രതരാന്‍ സുരാസുരമൃധേ ഘോരേ സുരാധീശ്വര:
 വിര്യോദഗ്രഭുജോഷ്മളസ്സുരജനൈസ്സാകം ത്രിലോകീമവന്‍
 സ്വൈരം സ്വര്‍വ്വനിതാജനൈസ്സുരപുരേ ചക്രേ നിവാസം മുദാ”
{പണ്ട് സർവോത്കൃഷ്ടമായ വരപ്രതാപമഹിമയോടുകൂടിയ ദേവേന്ദ്രൻ അതിശക്തന്മാരായ ശത്രുക്കളെ ഘോരമായ ദേവാസുരയുദ്ധത്തിൽ തോൽപ്പിച്ചതിന്റെ ശേഷം വീര്യവർദ്ധിതമായ കൈക്കരുത്തോടുകൂടി മറ്റുദേവന്മാരോടൊപ്പം ത്രൈലോക്യം സംരക്ഷിച്ചുകൊണ്ട് ദേവസ്ത്രീകളുമായി സ്വർഗത്തിൽ സുഖമായി താമസിച്ചു.}

പദം-രാഗം:ഭൈരവി, താളം:ചമ്പട
“സ്വര്‍ല്ലോകാധിപതി ശചീവല്ലഭനനഘന്‍
 ഉല്ലാസയുതമാനസന്‍ കല്യാണനിലയന്‍
 കല്യമതി സുരജനതല്ലജനമലന്‍
 മല്ലികാശരോപമാനന്‍ മല്ലവിലോചനന്‍
 ബന്ധുരതരാംഗിമാരാം പന്തണിമുലമാരുടെ
 അന്തരംഗേ വസിച്ചീടും സിന്ധുരഗമനന്‍
 ശത്രുജനങ്ങളെയെല്ലാം ചീര്‍ത്തരണംതന്നില്‍
 മിത്രപുത്രാലയേ ചേര്‍ത്തിട്ടെത്രയുമുദാരന്‍
 പന്നഗശയനകൃപാധന്യനുരുകീര്‍ത്ത്യാ
 ഉന്നതനമരപുരിതന്നില്‍ വാണീടിനാന്‍”
{സ്വർഗ്ഗലോകനാഥനും, ശചീദേവിയുടെ ഭർത്താവും, പാപഹീനനും, ഉല്ലസിയ്ക്കുന്ന മനസ്സോടുകൂടിയവനും, മംഗളങ്ങൾക്ക് ഇരിപ്പിടമായവനും, സന്മനസ്സുള്ളവനും, ദേവശ്രേഷ്ഠനും, പരിശുദ്ധനും, കാമതുല്യനും, താമരക്കണ്ണനും, അതിസുന്ദരശരീരികളും പന്തിനൊക്കുന്ന മുലകളോടുകൂടിയവരുമായ സ്ത്രീകളുടെ മനസ്സിൽ വാഴുന്നവനും, ആനയെപ്പോലെ നടക്കുന്നവനും, ഏറ്റവും ദയാലുവുമായ ദേവേന്ദ്രൻ ശത്രുക്കളെയെല്ലാം ഘോരയുദ്ധത്തിൽ യമപുരിയിലയച്ചിട്ട് വലിയ യശസ്സോടുകൂടി വിഷ്ണുകൃപകൊണ്ട് ധന്യനായി ദേവപുരിയിൽ വസിച്ചു.}

-----(തിരശ്ശീല)-----

2009 ജൂൺ 24, ബുധനാഴ്‌ച

രാവണോത്ഭവം ഒന്നുമുതല്‍ നാലുവരെയുള്ള രംഗങ്ങള്‍

ഒന്നുമുതല്‍ മൂന്നുവരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ സാധാരണയായി അവതരിപ്പിക്കാറില്ല.

നാലാം രംഗം

രംഗത്ത്-മാല്യവാന്‍‍(ഒന്നാംതരം ചുവന്നതാടി വേഷം), നാരദന്‍(ഇടത്തരം മിനുക്ക്-മഹര്‍ഷി-വേഷം), മാലി(ഇടത്തരം ചുവന്നതാടി വേഷം), സുമാലി(ഇടത്തരം ചുവന്നതാടി വേഷം)

ശ്ലോകം-രാഗം:സാരംഗം
“പീത്വാവാഗമൃതം ജഗത്ത്രയപതേ: ശ്രോതൈര്‍മ്മുകുന്ദസ്യതല്‍
 ഗത്വാ തേ ന്യവസന്നമീ നിജപദം യാവന്മഹേന്ദ്രാദയ:
 താവല്‍ പ്രാപ്തമുപേത്യ നാരദമുനിം നത്വാഥ ലങ്കാപുരേ
 ദേവപ്രാണയമസ്തമേവമവദദ്രക്ഷോവരോ മാല്യവാന്‍“
{ജഗത്ത്രയങ്ങള്‍ക്കും നാഥനായ മുകുന്ദന്റെ അമൃതതുല്യമായ വാക്കുകള്‍ കേട്ടിട്ട് ഇന്ദ്രാദികള്‍ സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. ആ സമയത്ത് ലങ്കാപുരിയിലെത്തിയ നാരദമുനിയെ നമസ്ക്കരിച്ചിട്ട് ദേവന്മാരുടെ പ്രാണനെ നശിപ്പിക്കുന്നവനായ മാല്യവാന്‍ ഇങ്ങിനെ പറഞ്ഞു.}

മാല്യവാന്റെ തിരനോട്ടം-
മാലിയുടെ തിരനോട്ടം-
സുമാലിയുടെ തിരനോട്ടം-

മാല്യവാന്റെ തന്റേടാട്ടം-
തിരനോട്ടങ്ങള്‍ക്കുശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് മാല്യവാന്‍ തിരതാഴ്ത്തുന്നു.
മാല്യവാന്‍:(ഉത്തരീയം വീശി ഇരിക്കുമ്പോള്‍) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട് ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളൊക്കെയും വാങ്ങി. അങ്ങിനെ ഞാന്‍ ഏറെ ശൌര്യശാലിയായിതീര്‍ന്നു. എന്നെ ജയിക്കുവാന്‍ തക്ക വീര്യമുള്ളവരായി ഈ ത്രൈലോക്യത്തിലും ആരുമില്ല. അതിനാല്‍ എനിക്ക് സുഖം ഭവിച്ചു. പിന്നെ ഞാന്‍ ദേവശില്പിയായ വിശ്വകര്‍മ്മാവിനെ കണ്ട് ഞങ്ങള്‍ക്ക് വസിക്കുവാനായി ഒരു നഗരം വേണമെന്ന് ആവശ്യപ്പെട്ടു. വിശ്വകര്‍മ്മാവ് ദക്ഷിണസമുദ്രത്തില്‍ ത്രികൂടാദ്രിക്കുമുകളിലായി, ഇവിടെ സ്വര്‍ഗ്ഗത്തേയും ജയിക്കുന്ന ഈ ലങ്കാനഗരം നിര്‍മ്മിച്ചു നല്‍കി. പിന്നെ അനുജരേയും പാതാളവാസികളായ ബന്ധുജനങ്ങളേയും കൂട്ടി ഞാന്‍ ഇവിടെ വന്ന് സുഖത്തോടുകൂടി വസിച്ചു.’ (വീണ്ടും ഉത്തരീയം വീശി പീഠത്തിലിരിക്കെ പെട്ടന്ന് ആകാശത്തില്‍ ഒരു തേജസ്സ് ദര്‍ശിച്ചിട്ട്) ‘ആകാശത്തില്‍നിന്നും ഒരു തേജസ്സ് ഇറങ്ങിവരുന്നതെന്ത്?‘ (ശ്രദ്ധിച്ചുനോക്കിയിട്ട്) ‘പ്രഭയുടെ മദ്ധ്യത്തിലായി ഭസ്മവും രുദ്രാക്ഷമാലകളുമണിഞ്ഞ കൈകാലുകള്‍ കാണുന്നു. കൈയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ഓ, അത് നാരദമഹര്‍ഷിയുടെ വരവാണ്. ഇനി നാരദമുനിയെ സ്വീകരിച്ചിരുത്തി ലോകവര്‍ത്തമാനങ്ങള്‍ ചോദിച്ചറിയുകതന്നെ.’
മാല്യവാന്‍ നാലാമിരട്ടിയെടുത്ത് തിര ഉയര്‍ത്തുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരനീക്കുമ്പോള്‍ ‘കിടതകധിം,താം’ മേളത്തോടെ ഇടതുഭാഗത്തുകുടി നാരദന്‍ പ്രവേശിക്കുന്നു. വലതുവശത്ത് പീഠത്തിലിരിക്കുന്ന മാല്യവാന്‍ നാരദനെ കണ്ട് എഴുന്നേറ്റ് വണങ്ങി വലത്തേയ്ക്ക് ആനയിച്ച് പീഠത്തിലിരുത്തി കുമ്പിടുന്നു. നാരദന്‍ പീഠത്തിലിരുന്ന് അനുഗ്രഹിക്കുന്നു. മാല്യവാന്‍ പദാഭിനയമാരംഭിക്കുന്നു.

മാല്യവാന്റെ പദം-രാഗം:സാരംഗം, താളം:ചമ്പ
പല്ലവി:
“നാരദമുനീന്ദ്ര സുമതേ തവ ചരണ-
 താരിണഭജേ സുഖഗതേ”
അനുപല്ലവി:
“സാരസഭവാത്മജ തവാഗമനകാരണം
 ഭൂരിസുഖമാശു മനതാരില്‍ വളരുന്നു മേ”
ചരണം1:
“സാരരണിയുന്നമകുടേ ഖചിതമണി-
 പൂരിതപദപ്രഭ വിഭോ
 പാരില്‍ നവമാകിയ വിശേഷമുണ്ടെങ്കിലതു
 പാരമഭിലാഷമിഹ കേള്‍പ്പതിനു മാനസേ”
ചരണം2:
“മദ്ഭുജബലം ത്രിഭുവനേ വിബുധജന
 മദ്ഭുതമെന്നല്ലോ പറവൂ
 നിര്‍ഭയതപൂണ്ടു സുരരല്പവുമായോധനേ
 മത്ഭുയവശാലവര്‍ വസിപ്പതുമതെങ്ങിനെ”
{നാരദമുനീന്ദ്രാ, സുഖസഞ്ചാരിയായ സുമതേ, അങ്ങയുടെ പദതളിരുകള്‍ ഭജിക്കുന്നേന്‍. ബ്രഹ്മപുത്രാ, അങ്ങയുടെ ആഗമനം കാരണം പെട്ടന്ന് എന്റെ മനസ്സില്‍ ഏറെ സുഖം വളരുന്നു. യോഗ്യര്‍ അണിയുന്ന മകുടത്തിലെ രത്നപ്രഭയ്ക്കൊത്ത ശോഭയുള്ളവനേ, പാരില്‍ പുതുതായി വിശേഷം എന്തെങ്കിലുമുണ്ടെങ്കില്‍ അതു കേള്‍ക്കാന്‍ മനസ്സില്‍ വളരെ അഭിലാഷമുണ്ട്. ഈ ത്രിഭുവനത്തില്‍ വിബുദ്ധരായുള്ള ജനങ്ങള്‍ക്ക് എന്റെ കരബലം അത്ഭുതകരം എന്നല്ലേ പറയുന്നത്? നിര്‍ഭയതയോടെ ദേവകള്‍ യുദ്ധത്തിനുവരുന്നില്ല. എന്നെ ഭയപ്പെട്ട് അവര്‍ എങ്ങിനെ നേരേ നില്‍ക്കും?}

നാരദന്റെ മറുപടി പദം-രാഗം:ശങ്കരാഭരണം, താളം:ത്രിപുട
പല്ലവി:
“നക്തഞ്ചരാധിപ മാല്യവന്‍ മദ-
 മത്തകായജിതമാല്യവന്‍”
അനുപല്ലവി:
“ഉക്തിം മമ ശൃണു സാലകടംകട-
 പൌത്ര നിശാചരവാരിധിചന്ദ്ര”
ചരണം1:
“ബുദ്ധിമാനെങ്കിലും മാനസേ തവ
 ശത്രുമതമറിയേണമേ
 മത്തനായ്മേവുമ്പോള്‍ തെറ്റും നൃപകാര്യം
 ബുദ്ധിമതാം ബഹുമാനമതോര്‍ക്കിലോ”
ചരണം2:
“പാകശാസനാദിവാനവര്‍ ക്ഷീര-
 സാഗരേ ചെന്നങ്ങുണര്‍ത്തിനാര്‍
 പാരമാം നിങ്ങടെ ദൂഷണം കേട്ടപ്പോള്‍
 നാഗാരിവാഹനന്‍ കോപിച്ചതുനേരം”
{രാക്ഷസാധിപനായ മാല്യവാനേ, വര്‍ദ്ധിച്ച മദത്തോടുകൂടിയ ശരീരം കൊണ്ട് മാല്യവന്‍മലയെ ജയിച്ചവനേ, സാലകടംകടയുടെ പൌത്രാ, നിശാചരന്മാരായ സമുദ്രത്തിന് ചന്ദ്രനായുള്ളവനേ, എന്റെ വാക്കുകള്‍ ശ്രവിച്ചാലും. ബുദ്ധിമാനെങ്കിലും നീ ശത്രുവിന്റെ മനസ്സിലിരിപ്പുകള്‍ മനസ്സിലാക്കണം. ബുദ്ധിയോടെ ചിന്തിച്ചാല്‍; മത്തനായി മേവുമ്പോള്‍ രാജകാര്യങ്ങളില്‍ പിഴവു വരാം. ഇന്ദ്രാദികളായുള്ള വാനവര്‍ ക്ഷീരസാഗരതീരത്തുചെന്ന് നിങ്ങളുടെ വദ്ധിച്ച പരാക്രമങ്ങളെ ഉണര്‍ത്തിച്ചു. അതുകേട്ടപ്പോള്‍ ഗരുഢവാഹനന്‍ കോപിഷ്ടനായി.}
“നിശാചരവാരിധിചന്ദ്ര” നാരദന്‍-പെരിയാനമ്പറ്റ ദിവാകരന്‍, മാല്യവാന്‍-ചത്തനൂര്‍ കൊച്ചുനാരായണപിള്ള
മാല്യവാന്‍:
ചരണം3:
“അണ്ടര്‍കുലനാഥനോടു ഞാന്‍ പൊരുമളവില്‍
 ഇണ്ടലോടു മണ്ടീടുമവന്‍
 ശണ്ഠ ശിതികണ്ഠരോടു വേണ്ടീടുകില്‍
 കുണ്ഠത നമുക്കു നഹി കണ്ടീടുകഹോ ഭവാന്‍”
{ദേവേന്ദ്രനോട് ഞാന്‍ പൊരുതുന്നനേരം ഭയത്തോടെ അവന്‍ ഓടിപോകും. ഇനി വൈകുണ്ഠവാസിയോട് യുദ്ധം വേണ്ടിവന്നാല്‍ അതിനും എനിക്ക് കുണ്ഠത ഇല്ലായെന്ന് ഭവാന്‍ ധരിച്ചാലും.}

നാരദന്‍:
ചരണം3:
“എന്നതുകൊണ്ടിപ്പോള്‍ നിങ്ങളുമിന്നു
 നന്നായ്പൊരുതു ജയിക്കേണം
 മന്നില്‍ പുരത്തില്‍ തിലകമാം ലങ്കയെ
 നന്നായുറപ്പിക്ക ഞാനിതാ ധാവതി”
{എന്നതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ നന്നായി പൊരുതി ജയിക്കേണം. ലോകത്തിന്റെ അധികാരകേന്ദ്രമായി ലങ്കാപുരത്തെ നന്നായി ഉറപ്പിക്കുക. ഞാനിതാ ഓടുന്നു.}

“ഞാനിതാ ധാവതി” എന്നുകാട്ടിയ ഉടന്‍ നാരദന്‍ വലതുകോണിലേയ്ക്ക് ഓടുന്നു. മാല്യവാന്‍ പിന്നാലെ ചെന്ന് തിരികെ കൂട്ടികൊണ്ടുവരുന്നു.

ശേഷം ആട്ടം-
മാല്യവാന്‍:‘ആകട്ടെ, ജയത്തിന് ഞങ്ങളെ അനുഗ്രച്ചിട്ട് പോയാല്‍ മതി’
മാല്യവാ‍ന്‍ നാരദനെ കുമ്പിടുന്നു. നാരദന്‍ അനുഗ്രഹിക്കുന്നതിനുപകരം മാല്യവാന്‍ നശിക്കട്ടെ എന്ന് കാട്ടുന്നു.
മാല്യവാന്‍:(പെട്ടന്ന് തലയുയര്‍ത്തി നോക്കിയിട്ട്) ‘ങേ? അങ്ങ് കാട്ടിയതെന്ത്? അനുഗ്രഹിക്കുകയല്ലെ?’
നാരദന്‍:‘ഞാന്‍ അങ്ങയെ അനുഗ്രഹിക്കുകതന്നെയാണല്ലോ’
വീണ്ടും മാല്യവാന്‍ കുമ്പിടുന്നു. നാരദന്‍ ശപിക്കുന്നു. ഇതുകണ്ട് മാല്യവാന്‍ നാരദനോട് കയര്‍ക്കുന്നു.
മാല്യവാന്‍:‘എങ്ങ് എന്താണ് കാട്ടുന്നത്? അനുഗ്രഹിക്കുന്നതിനു പകരം എന്നെ ശപിക്കുകയാണോ?’
നാരദന്‍:‘അല്ല, ഞാന്‍ അങ്ങ് വിജയിക്കട്ടെ എന്ന് അനുഗ്രഹിക്കുകതന്നെയാണ് ചെയ്തത്. ഞാന്‍ ശപിച്ചത് ദേവകളേയാണ്.’
ഇത് പറഞ്ഞ് ഉടനെതന്നെ നാരദന്‍ നിഷ്ക്രമിക്കുന്നു. മാല്യവാന്‍ ചിന്തിച്ചുകൊണ്ട് വലതുഭാഗത്ത് പീഠത്തിലിരിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:ഘണ്ടാരം
“ശ്രീമത്സുവൃത്തമിദത്ഭുതമേവമുക്ത്വാ
 ശ്രീനാരദോ നിരഗമല്‍ സതു വായുവീഥ്യാ
 രക്ഷോവരസ്തദനു മാലിസുമാലിനൌ താ-
 വാഹൂയ ചേദമവദന്നിജമന്ത്രി വീരാന്‍”
{ഈവിധം വിശേഷവൃത്താന്തങ്ങള്‍ അറിയിച്ചിട്ട് ശ്രീനാരദമഹര്‍ഷി ആകാശമാര്‍ഗ്ഗത്തില്‍ കൂടി നിര്‍ഗ്ഗമിച്ചു. രാക്ഷസരാജാവ് മാലിസുമാലിമാരേയും മന്ത്രിമാരേയും വിളിച്ച് അവരോട് പറഞ്ഞു.}

ശ്ലോകം ചൊല്ലികഴിയുന്നതോടെ മാലിയും സുമാലിയും ഇടതുഭാഗത്തുകൂടി പ്രവേശിച്ച് മാല്യവാനെ വന്ദിക്കുന്നു.
മാല്യവാന്‍:(അനുഗ്രച്ചിട്ട്) ‘അല്ലയോ സോദരന്മാരേ, നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് വന്നത് നന്നായി. സാരമായ ഒരു കാര്യം ഞാന്‍ ആലോചിക്കുകയാണ്. വഴിപോലെ കേട്ടാലും.’
മാല്യവാന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

മാല്യവാന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത
പല്ലവി:
“മാലി സുമാലി മത്സോദരന്മാരേ
 ചാരെ വന്നീടുവിന്‍ വീരരെ”
അനുപല്ലവി:
“അംഭോജസംഭവനന്ദനന്‍ ചൊന്ന
 സംഭാഷണം നിങ്ങള്‍ കേട്ടില്ലേ”
ചരണം1:
“ജംഭാരിമുമ്പാം വിബുധന്മാരും
 തത്സംഭാവിതന്മാര്‍ മുനികളും
 അംഭോരുഹാക്ഷനെ കണ്ടുടന്‍ ശോക-
 സംഭാഷണം ചെയ്ക കാരണം”
ചരണം2:
“ലക്ഷ്മീപതിനമ്മെ ശിക്ഷിപ്പാന്‍ ദേവ
 പക്ഷമായിങ്ങു വരുന്നുപോല്‍
 ഇക്ഷണം നാമിനി വേണ്ടതെന്തെന്നു
 ദക്ഷരാം നിങ്ങള്‍ ചൊല്ലീടുവിന്‍”
{മാലീ, സുമാലീ, എന്റെ സോദരന്മാരേ, അടുത്തുവന്നാലും വീരരേ. നാരദന്‍ പറഞ്ഞ വൃത്താന്തങ്ങള്‍ നിങ്ങള്‍ കേട്ടില്ലെ? ഇന്ദ്രന്‍ മുതലായ ദേവന്മാരും മുനികളും വിഷ്ണുവിനെ കണ്ട് ശോകമറിയിച്ചതുകാരണം, ലക്ഷീപതി നമ്മെ ശിക്ഷിക്കാനായി ദേവപക്ഷത്തുചേര്‍ന്ന് ഇങ്ങോട്ടു വരുന്നുണ്ടുപോലും. നമ്മള്‍ ഉടനെ ചെയ്യേണ്ടതെന്തെന്ന് ദക്ഷരായ നിങ്ങള്‍ പറയുവിന്‍.}

പദം-രാഗം:ആഹരി, താളം:ചെമ്പടസുമാലി:
പല്ലവി:
“രാക്ഷസേശ്വര രാജശേഖര”
ചരണം1:
“രാക്ഷസരോടമര്‍ ചെയ്‌വതിനംബുരു-
 ഹേക്ഷണനിങ്ങു വരുന്നെന്നാകില്‍
 കാല്‍ക്ഷണവും വൈകാതെ നമുക്കൊരു-
 പേക്ഷയിതെന്തു നിനയ്ക്കിലിദാനീം”
ചരണം2:
“ദേവകള്‍ ചൊല്ലാലെങ്കിലവര്‍ക്കിഹ
 കേവലമിന്നിതുതന്നെ വിനാശം
 കേശവനുണ്ടു സഹായമതെന്നാ-
 ലാശു നമുക്കതിനില്ലെന്നുണ്ടോ”
{രാക്ഷസരോട് യുദ്ധം ചെയാനായി വിഷ്ണു ഇങ്ങോട്ട് വരുന്നുവെങ്കില്‍ കാല്‍ക്ഷണവും വൈകരുത്. വിചാരിച്ചാല്‍, നമുക്ക് ഒരു ഉപേക്ഷയെന്താണ്‌‍? ദേവകളുടെ ചൊല്ലുമൂലമാണിതെങ്കില്‍ കേവലം അവര്‍ക്കുതന്നെ വിനാശം. അവര്‍ക്ക് കേശവനുണ്ട് സഹായം എന്നതിനാല്‍ നമുക്ക് ഭയമുണ്ടോ?}

മാല്യവാന്‍:
ചരണം3:
“നാരദമാമുനി ചൊന്നൊരുദന്തം
 ചേരുമഹോ പുനരിന്നിതു ബന്ധം
 പോരിലവര്‍ക്കു വരും ദൃഢമതം
 നേരിടുകില്‍ ബഹുകര്‍മ്മദുരന്തം”
{പോരിന് അവര്‍ക്ക് ധൈര്യം വരുവാനുള്ള കാരണം നാരദമാമുനി പറഞ്ഞ സംഭവമാണ്. നമ്മേ നേരിട്ടാല്‍ ഇവര്‍ക്ക് വലിയ ദുരന്തം തന്നെ.}

മാലി:
ചരണം4:
“ഇക്കാലമ്മുതലായിവരെന്നും
 ധിക്കാരം ചെയ്യരുതരുതൊന്നും
 പോര്‍ക്കായിക്കു ഗമിച്ചിടുകെന്നാല്‍
 പോക്കാമിന്നിവരുടെ മദമെല്ലാം”
ചരണം5:
“ജംഭനിഷൂദനനെന്നൊരു വമ്പും
 സമ്പ്രതമായ്‌വളരുന്നൊരു ഡംഭും
 ഉമ്പരില്‍ മുമ്പുളവായൊരു വമ്പും
 സമ്പ്രതികാണണമരുവയരമ്പും”
{ഇനി മുതല്‍ ഇവര്‍ ധിക്കാരമായി ഒന്നും ചെയ്യരുത്. പോരിനായി പുറപ്പെട്ടാല്‍ ഇന്ന് ഇവരുടെ മദമെല്ലാം നശിപ്പിക്കാം. അസുരരെ നശിപ്പിക്കുന്നവന്‍ എന്നൊരു വമ്പും, അധികമായി വളരുന്ന ഡംഭും, ദേവരില്‍ മുമ്പണ്ടായൊരു വമ്പും ഇന്ന് കാണണം.}

മാല്യവാന്‍:
ചരണം6:
“കുടിലതതേടുന്നവരുടെ മുമ്പേ
 ഝടിതി രണായ ഗമിച്ചീടുകെന്നാല്‍
 പടുപടഹദ്ധ്വനി സേനകളാലെ
 പൊടിപെടുമാറമരാവതിയിപ്പോള്‍”
പല്ലവി:
“പോക നാം വിരവില്‍ സോദരന്മാരേ
 പോക നാം വിരവില്‍”
{എന്നാല്‍ ദുഷ്ടന്മാരുടെ മുമ്പിലെയ്ക്ക് പെട്ടന്ന് രണത്തിനായി ഗമിക്കാം. സേനകളുടെ വലുതായ പടഹദ്ധ്വനികളാല്‍ അമരാവതി പൊടിപെടും. സോദരന്മാരേ, നാം വഴിപോലെ പോവുകതന്നെ.}

മാല്യവാന്‍:‘എന്നാല്‍ ഇനി യുദ്ധത്തിനു പുറപ്പെടുക തന്നെ’
ശേഷം മാലിസുമാലിമാല്യവാന്മാരുടെ പടപ്പുറപ്പാട്-
മാല്യവാന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
മാല്യവാന്‍ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം മാലിസുമാലിമാല്യവാന്മാര്‍ ചേര്‍ന്ന് വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് അവരവരുടെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
മൂവരും 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
മാല്യവാന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി അമരാവതിയിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും ഞങ്ങളോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് സോദരന്മാരോടായി)‘ഇനി വേഗം പോയി സ്വർഗ്ഗം ജയിക്കുകതന്നെ’
മാലി(പെരിയാനമ്പറ്റ ദിവാകരന്‍ നമ്പൂതിരി)മാല്യവാന്‍(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)
സുമാലി(കാവുങ്കല്‍ ദിവാകരപണിക്കര്‍)മാരുടെ പടപ്പുറപ്പാട്
അനന്തരം മൂവരും ചേര്‍ന്ന് നാലാമിരട്ടിയെടുത്ത് കലാശിച്ച് അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് തേരിലേക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2009 ജൂൺ 21, ഞായറാഴ്‌ച

രാവണോത്ഭവം അഞ്ചുമുതല്‍ ഒന്‍പതുവരെയുള്ള രംഗങ്ങള്‍

അഞ്ചാം രംഗം

രംഗത്ത്-മാല്യവാന്‍, മാലി, സുമാലി, ഇന്ദ്രന്‍‍(ഇടത്തരം പച്ചവേഷം), മഹാവിഷ്ണു(മഞ്ഞഞൊറിയിട്ട കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കേതാരഗൌഡം
“താവദ്രാക്ഷസരാട് സ രൂക്ഷഹൃദയ: പ്രക്ഷോഭ്യ രക്ഷോബലൈ-
 സ്സംക്ഷോഭാരവരൂക്ഷകാക്ഷരവിപക്ഷാക്ഷേപവാക്യം ജഗല്‍
 സര്‍വ്വം ഗര്‍വ്വിതസോദരപ്രഭൃതി ഭിര്‍‌യ്യുദ്ധായ ബദ്ധോദ്യമ:
 ക്രുദ്ധ: പ്രാപ്യ സമന്തതസ്സുരപദം രുദ്ധ്വാ ത്വ ഭാണീല്‍ ഗിരം“
{അപ്പോള്‍ രൂക്ഷഹൃദയനായ രാക്ഷസചക്രവര്‍ത്തി മാല്യവാന്‍ ക്രുദ്ധനായി ശത്രുക്കളായ ദേവന്മാരെ അതികഠിനമായി ആക്ഷേപിച്ച്, ഗര്‍വ്വിഷ്ടരായ സോദരരോടും രാക്ഷസസൈന്യത്തോടും കൂടി യുദ്ധത്തിനൊരുങ്ങി ദേവലോകം നാലുഭാഗത്തുനിന്നും വളഞ്ഞശേഷം അതിരൂക്ഷതയോടെ ഇങ്ങിനെ പറഞ്ഞു.}

തിരതാഴ്ത്തുമ്പോള്‍ മാല്യവാന്‍ മദ്ധ്യത്തിലും മാലി സുമാലിമാര്‍ ഇരുവശങ്ങളിലുമായി പീഠങ്ങളില്‍ നില്‍ക്കുന്നു.
മാല്യവാന്‍:‘അല്ലയോ സോദരന്മാരേ, അതിസുന്ദരമായ ലോകം കാണുന്നില്ലെ? നമ്മള്‍ ദേവലോകത്ത് എത്തിയിരിക്കുന്നു. ഇനി ദേവേന്ദ്രനെ പോരിനുവിളിക്കുക തന്നെ’മൂവരും പീഠത്തില്‍ നിന്നും ചാടിയിറങ്ങുന്നു. മാല്യവാന്‍ നാലാമിരട്ടി ചവുട്ടിയിട്ട് പദാഭിനയം ആരംഭിക്കുന്നു.

മാല്യവാന്റെ പോരുവിളി പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട
പല്ലവി:
“രേ രേ പോരിന്നായ്‌വീര രേ രേ ജംഭാരേ”
ചരണം1:
“രേ രേ സുരവീരന്മാരേ സമരേ വന്നോരുന്നിങ്ങടെ
 ഘോരമായ കരവീര്യമിന്നു മമ കാണണം സുരഘോരേ
 രണതലേ കാണണം സുഘോരേ”
ചരണം2:
“ചെന്താര്‍മാനിനികാന്തന്‍ ബന്ധുവായുണ്ടെന്നാകില്‍
 ബന്ധമെന്തിഹ ദുരന്തവൈരമിതു
 ചിന്തചെയ്‌വതിനു ദൃഢമതിനു
 നിധനമിന്നു തവ വരുന്നു”
ചരണം3:
“ധിക്കാരംചെയ്തു നിങ്ങള്‍ക്കിക്കാലം നാശമുണ്ടാം
 ഓര്‍ക്കണം മനസി നീക്കമില്ലതിനു
 പാര്‍ക്കവേണ്ട വാടാ അധികമൂഢാ
 അമരകീടാ അരികില്‍ വാടാ”
ചരണം4:
“സാധിയാതൊരുകാര്യം മാധവനെ കൊണ്ടെന്നാല്‍
 യാതുധാനഹതി ചെയ്‌വതിന്നു നീ
 വിരോധിയായ്ക പാര്‍ത്താല്‍ രുചിരഗാത്ര
 ജ്വലിതനേത്ര മഹിതപാത്ര”
{എടാ, എടാ, ദേവേന്ദ്രാ, വീരാ, പോരിനായ് വരിക. എടാ, എടാ, സുരവീരന്മാരേ ഘോരമായ സമരത്തിനുവന്ന നിങ്ങടെ ഘോരമായ കരവീര്യം ഘോരമായ രണതലത്തില്‍ ഇന്ന് എനിക്ക് കാണണം. എന്റെ നേരേ വരിക. വിഷ്ണു ബന്ധുവായുണ്ടെങ്കില്‍ ഭയക്കാനെന്ത് എന്നുചിന്തിച്ച് വിരോധം ചെയ്യുന്ന നിങ്ങള്‍ക്ക് ഉറപ്പായും മരണം വരുന്നു. ധിക്കാരം ചെയ്ത നിങ്ങള്‍ക്ക് ഇപ്പോള്‍ നാശമുണ്ടാകും എന്ന് മനസ്സിലാക്കുക. ഇതിന് മാറ്റം വിചാരിക്കണ്ട. വാടാ, അധികമൂഢാ, ദേവകീടമേ, അരികില്‍ വാടാ. സുന്ദരശരീരാ, ജ്വലിക്കുന്ന കണ്ണുകളോടുകൂടിയവനേ, രാക്ഷസരെ കൊല്ലുകയെന്നത് മാധവനെക്കൊണ്ട് സാധിക്കാത്തകാര്യമാണെന്ന് നീ കരുതുക.}

പദം അവസാനിക്കുന്നതോടെ ഇടതുവശത്തുനിന്നും എടുത്തുകലാശത്തോടെ ചാപബാണധാരിയായി ഇന്ദ്രന്‍ പ്രവേശിക്കുന്നു. ഇന്ദ്രനും മാല്യവാനും പരസ്പരം തിരക്കി പുഛിച്ച് മാറുന്നു. തുടര്‍ന്ന് ഇന്ദ്രന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

യുദ്ധപദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട
ഇന്ദ്രന്‍:
പല്ലവി:
“സാഹസമോടമര്‍ ചെയ്‌വതിനായ്
 ഏഹി നരാശപതേ”
ചരണം1:
“സഹിച്ചീടുന്നില്ലുള്ളം ദഹിച്ചീടുന്നു ഭവാന്‍
 വഹിച്ചീടുന്നകര്‍മ്മം നിനച്ചീടുമ്പോള്‍
 മരിച്ചീടും നീ പോരില്‍ തളച്ചീടും ചോരയില്‍
 കുളിച്ചീടും കൂളികള്‍ ധരിച്ചീടേണം”
{സാഹസത്തോടെ യുദ്ധം ചെയ്യാന്‍ വന്നാലും നരാശപതേ. നീ ചെയ്യുന്ന കര്‍മ്മങ്ങള്‍ നിനക്കുമ്പോള്‍ സഹിക്കുന്നില്ല. ഉള്ളം ദഹിക്കുന്നു. പോരില്‍ നീ മരിച്ചീടും. കൂളികള്‍ നിന്റെ തിളയ്ക്കുന്ന ചോരയില്‍ കളിച്ചീടുമെന്ന് ധരിച്ചീടുക.}

മാല്യവാന്‍:
ചരണം2:
“ഉത്തരവൃത്രനെയും മറുത്തജംഭനേയും
 രണത്തില്‍ വെന്ന നിന്റെ കരുത്തു വൃഥാ
 തടുത്തുകൊള്‍കായുധമെടുത്തു ഞാന്‍ മോചിക്കി-
 ലടുത്തു നിനക്കു യമപുരത്തു പോവാന്‍“
പല്ലവി:
“സാഹസമോടമര്‍ ചെയ്‌വതിനായേഹി സുരാശപതേ”
{ഉത്തരവൃത്രനേയും ജംഭനേയും രണത്തില്‍ ജയിച്ച നിന്റെ കരുത്തു വെറുതെയാണ്. നീ തടുത്തുകൊള്‍ക. ഞാന്‍ ആയുധമയച്ചുകഴിഞ്ഞാല്‍ നിനക്ക് യമപുരത്തിലേയ്ക്ക് പോവാന്‍ സമയമടുത്തു.}
“സാഹസമോടമര്‍“ മാലി-കോട്ട:എം.എന്‍.മുരളി, സുമാലി-കോട്ട:ഹരീശ്വരന്‍, മാല്യവാന്‍-ചാത്തനൂര്‍ കൊച്ചുനാരായണപിള്ള, ഇന്ദ്രന്‍-കോട്ട:എ.ഉണ്ണികൃഷ്ണന്‍

ഇന്ദ്രന്‍: 
ചരണം3:
“മതി മതി നീ ചൊന്ന വചനമിതഖിലവും
 മതിമാന്മാര്‍ കേള്‍ക്കുമ്പോള്‍ മതിയായീടാ
 കൊതിയെച്ചൊല്ലീടുന്നോരതിമോഹം നിനക്കിപ്പോള്‍
 മതിയും കൊതിയും കെട്ടു മതിയായീടും”
{മതി, മതി, നീ പറഞ്ഞ വാക്കുകളെല്ലാം ബുദ്ധിമാന്മാര്‍ കേള്‍ക്കുമ്പോള്‍ മതിയായവയല്ല. മോഹങ്ങള്‍ പറഞ്ഞുകൊണ്ടുള്ള അതിമോഹമാണ് നിനക്കിപ്പോള്‍. മതിയും കൊതിയും കെട്ട് നിനക്ക് മതിയായീടും.}

ശേഷം യുദ്ധവട്ടം-
മാല്യവാനും സുമാലിയും മാലിയും ചേര്‍ന്ന് ഇന്ദ്രനോട് യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയില്‍ രംഗമദ്ധ്യത്തിന് പിന്നിലായി പ്രത്യക്ഷപ്പെടുന്ന(തിരശ്ശീല പകുതിതാഴ്ത്തി) മഹാവിഷ്ണു ചക്രായുധത്താല്‍ മാലിയെവധിക്കുന്നു. ഇതുകണ്ട് ഭയന്ന മാല്യവാനും സുമാലിയും ഓടിനിഷ്ക്രമിക്കുന്നു. ഇന്ദ്രന്‍ മഹാവിഷ്ണുവിനെ കുമ്പിടുന്നു. അനുഗ്രഹിച്ച് വിഷ്ണു അപ്രത്യക്ഷനാകുന്നു (തിരശ്ശീല ഉയര്‍ത്തുന്നു). ഇന്ദ്രന്‍ നാലാമിരട്ടിയെടുത്തിട്ട് പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.
മഹാവിഷ്ണു ചക്രായുധത്താല്‍ മാലിയെ വധിക്കുന്ന
-----(തിരശ്ശീല)----- 
  
ആറുമുതല്‍ ഒന്‍പതുവരേയുള്ള രംഗങ്ങള്‍
ഈ രംഗങ്ങള്‍ അവതരിപ്പിക്കുക പതിവില്ല.

രാവണോത്ഭവം പത്താം രംഗം

രംഗത്ത്-വിശ്രവസ്സ്(നീണ്ട കറുത്തതാടികെട്ടിയ രണ്ടാംതരം പച്ചവേഷം), കുട്ടിരാവണന്‍‍(കുട്ടിത്തരം കത്തിവേഷം), കുംഭകര്‍ണ്ണന്‍‍(കുട്ടിത്തരം കത്തിവേഷം), വിഭീഷണന്‍‍(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കേതാരഗൌഡം
“പ്രേമ്ണാതിലാള്യം തനയം മുനീന്ദ്രോ
 നാ‌മ്നാ ദശഗ്രീവമസൌ ചകാര
 പുന: കനിഷ്ഠം ബലിനാം വരിഷ്ഠം
 ജാതം തനുജന്ത്വഥ കുംഭകര്‍ണ്ണം”
{പ്രേമത്തോടെ ലാളിക്കപ്പെടുവാന്‍ യോഗ്യനായ തനയന് മുനീന്ദ്രന്‍ ദശഗ്രീവനെന്ന് നാമകരണം ചെയ്തു. പിന്നെ അനുജനും ബലവാനും ശ്രേഷ്ഠനുമായ തനുജന് കുംഭകര്‍ണ്ണനെന്നും പേരുവിളിച്ചു.}

കുട്ടിരാവണന്റെ തിരനോട്ടം-

ശ്ലോകം-രാഗം:കാമോദരി
“ജാതാം പുനശ്ശൂര്‍പ്പണഖാം തനൂജാം
 വിഭീഷണം തത്സഹജഞ്ച പുത്രം
 സര്‍വ്വാനഥാഹൂയ നിജാത്മജാന്‍ സോ-
 പ്യുവാച വാചം പ്രണതാന്‍ പദാബ്ജേ”
{പിന്നീട് ജനിച്ച പുത്രിക്ക് ശൂര്‍പ്പണഖ എന്നും അവളുടെ അനുജനായ പുത്രന് വിഭീഷണനെന്നും നാമകരണം ചെയ്തു. വിളിച്ചപ്പോള്‍ വന്ന് പാദാബ്ജത്തില്‍ പ്രണമിച്ച അവരോട് മഹര്‍ഷി പറഞ്ഞു.}

കുംഭകര്‍ണ്ണന്റേയും വിഭീഷണന്റേയും ചേര്‍ന്നുള്ള പുറപ്പാട്-
അതിനുശേഷം തിരശ്ശീല നീക്കുമ്പോള്‍ വിശ്രവസ്സ് വലതുവശത്ത് പീഠത്തിലിരിക്കുന്നു. ഇടതുഭാഗത്തുകൂടി പ്രവേശിക്കുന്ന കുട്ടിരാവണനും കുംഭകര്‍ണ്ണനും വിഭീഷണനും വിശ്രവസ്സിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് കൈകൂപ്പി നില്‍ക്കുന്നു. വിശ്രവസ്സ് അനുഗ്രഹിച്ചശേഷം എഴുന്നേറ്റ് പദാഭിനയമാരംഭിക്കുന്നു.

പദം-രാഗം:കാമോദരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“രാത്രിഞ്ചരജനവര ബാലക മമ
 പുത്ര കേള്‍ ദശവദന”
ചരണം1:
“നിസ്തുല്യഗുണരാശേ നീ നര്‍മ്മപരനായി
 വ്യര്‍ത്ഥമാക്കരുതേ കാലം”
{രാക്ഷസ ശ്രേഷ്ഠാ, ബാലകാ, എന്റെ പുത്രാ, ദശവദനാ, കേള്‍ക്കുക. നിസ്തുല്യമായ ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, നീ ക്രീഡാതല്പരനായി കാലം വ്യര്‍ത്ഥമാക്കരുതേ.}

കുട്ടിരാവണന്‍:-രാഗം:തോടി, താളം: അടന്ത
ചരണം2:
“താതാ നിന്‍ പാദപങ്കജം സന്തതമഹം
 ചേതസാ ഭജിച്ചീടുന്നേന്‍”
ചരണം3:
“യാതൊന്നു ഭവാനെന്നൊടു ആജ്ഞ ചെയ്യുന്നു
 സാദരമതു ചെയ്‌വന്‍ ഞാന്‍”
{താതാ, അവിടുത്തെ പാദപങ്കജത്തെ സദാ മനസ്സില്‍ ഭജിച്ചീടുന്നേന്‍. ഭവാന്‍ എന്നോട് യാതൊന്നാണോ ആജ്ഞാപിക്കുന്നത് സാദരം അത് ഞാന്‍ ചെയ്തുകൊള്ളാം.}

വിശ്രവസ്സ്:-രാഗം:കാമോദരി, താളം:മുറിയടന്ത
ചരണം4:
“വിദ്യാപാഠവും നിങ്ങള്‍ക്കു നിത്യവും വേണം
 കൃത്യാകൃത്യവിചാരവും”
ചരണം5:
“ഗംഭീരഹൃദയ ബാല കുംഭകര്‍ണ്ണ കേള്‍
 സംഭാഷണം വിഭീഷണ”
ചരണം6:
“ലീലാലോലന്മാരായി നിങ്ങള്‍ മേവിടാതെ ക-
 ണ്ടാലോചിക്കണം കാര്യങ്ങള്‍”
ചരണം7:
“നന്മയില്‍ വസിച്ചീടുവന്‍ നിങ്ങളെല്ലാവരും
 നന്മ നിങ്ങള്‍ക്കു വന്നിടും”
{നിങ്ങള്‍ നിത്യവും വിദ്യാഭ്യാസം ചെയ്യണം. ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതും അറിയണം. ഗംഭീരാശയനായ ബാലാ, കുംഭകര്‍ണ്ണാ, വിഭീഷണാ, എന്റെ സംഭാഷണം കേള്‍ക്കുക. ക്രീഡാലോലന്മാരായി കഴിയാതെ നിങ്ങള്‍ കാ‍ര്യങ്ങള്‍ കണ്ടാലോചിക്കണം. നിങ്ങളെല്ലാവരും സുഖമായി വസിച്ചീടുവിന്‍. നിങ്ങള്‍ക്കു നന്മ വന്നീടും.}

ശേഷം ആട്ടം-
രാവണാദികള്‍ വിശ്രവസ്സിനെ കെട്ടിച്ചാടികുമ്പിട്ടുന്നു. വിശ്രവസ്സ് മൂവരേയും വെവ്വേറെ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു.
വിശ്രവസ്സ്:‘നിങ്ങള്‍ സന്തോഷത്തോടുകൂടി വസിക്കുവിന്‍’
രാവണാദികള്‍:‘കല്പനപോലെ തന്നെ’
മൂവരും വീണ്ടും കുമ്പിട്ടിട്ട് ഓച്ഛാനിച്ച് നിഷ്ക്രമിക്കുന്നു. അവരെ യാത്രയാക്കിക്കൊണ്ട് വിശ്രവസ്സും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

രാവണോത്ഭവം പതിനൊന്നാം രംഗം

രംഗത്ത്-കുട്ടിരാവണന്‍, കൈകസി(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പന്തുവരാളി
“ഏവം വിശ്രവസ:പ്രപദ്യ തനയാന്‍ ശിക്ഷാബലം ശിക്ഷിതാന്‍
 സ്വൈരം സാ സ്വസമാജമേത്യ തരസാ ചക്രേ നിവാസം മുദാ
 അങ്കേ ജാതുദശാനനസ്സുഖതരം മാതുശ്ശയാനസ്സ്വപന്‍
 ബദ്ധ്വാ ദേഹപതദ്ഭിരശ്രുഭിരിതി പ്രോചേ ഗിരം മാതരം”
{ഇപ്രകാരം വിശ്രവസ്സില്‍ നിന്ന് തനയരെ ലഭിച്ച് അവര്‍ക്ക് വേണ്ടുംവണ്ണം വിദ്യാഭ്യാസവും ചെയ്യിപ്പിച്ചതിനുശേഷം കൈകസി സ്വജനങ്ങളുടെ കൂടെവന്ന് സസന്തോഷം വസിച്ചു. ഒരിക്കല്‍ മാതാവിന്റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദേഹത്തില്‍ കണ്ണുനീര്‍വീണതിനാല്‍ ഉണര്‍ന്ന ദശാ‍നനന്‍ മാതാവിനോട് ഇങ്ങിനെ പറഞ്ഞു.}

നാലാമിരട്ടിമേളത്തോടെ തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തിന് സ്വല്‍പ്പം വലത്തേയ്ക്കുനീങ്ങി നിലത്ത് കൈകസി കരഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടിരാവണന്‍ കൈകസിയുടെ മടിയില്‍ തലവെയ്ച്ച് കിടന്നുറങ്ങുന്നു.
(മേളം നിലയ്ക്കുന്നു)
കണ്ണുനീര്‍ ദേഹത്തുവീണതായി നടിച്ച് രാവണന്‍ ഞെട്ടി ഉണരുന്നു. അല്പം മാത്രം കണ്ണുതുറന്ന് മാതാവിനെ വീക്ഷിച്ചിട്ട് ഉറങ്ങുന്നു. വീണ്ടും ഞെട്ടിയുണരുന്ന രാവണന്‍ ഉറക്കചടവോടെ പതുക്കെ എഴുന്നേറ്റിരുന്ന് കൈകള്‍ ഉയര്‍ത്തി കോട്ടുവായിടുകയും, കൈകള്‍ കുടഞ്ഞ് ഞെക്കി ഉഴിയുകയും, കൈകള്‍ കീഴോട്ട് കമഴ്ത്തി ദേഹം വലിച്ച് കോട്ടുവായിടുകയും ചെയ്യുന്നു. അതിനുശേഷം രാവണന്‍ മുന്നേപ്പോലെ കിടന്നുറങ്ങുന്നു. രാവണന്‍ മൂന്നാമതും ഞെട്ടിയുണര്‍ന്ന് എഴുന്നേറ്റിരിക്കുന്നു.
(ചെമ്പട മേളം)
രാവണന്‍ തന്റെ ചുമലിലേയ്ക്കും മാതാവിന്റെ മുഖത്തേയ്ക്കും സൂക്ഷിച്ച് നോക്കിയശേഷം അമ്മയെ പിടിച്ചെഴുനേല്‍പ്പിച്ച് പീഠത്തിരുത്തി വന്ദിക്കുന്നു.
രാവണന്‍:‘അല്ലയോ മാതാവേ, ഞാന്‍ പറയുന്നത് ശ്രവിച്ചാലും’
രാവണന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

കുട്ടിരാവണന്റെ പദം-രാഗം:പന്തുവരാളി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മാ കുരു ശോകം മമ ജനനി കേള്‍
 മാമക വചനമയേ”
അനുപല്ലവി:
“മതിയില്‍ നിനക്കൊരു താപമിദാനീ
 മധിഗതമാവതിനെന്തിഹ മൂലം”
ചരണം1:
“അശ്രുജലധി കൊണ്ടെന്നുടെ മെയ്യില്‍
 അധിവര്‍ഷിപ്പതിനെന്തവകാശം
 സാശ്രുജല വദനയായ് വാഴ്വതിനു
 ശശ്വദയി മനമെന്തിഹ വദ മേ”
{ദു:ഖിക്കരുതേ എന്റെ ജനനി, എന്റെ വചനത്തെ കേട്ടാലും. അവിടുത്തെ മനസ്സില്‍ ഇപ്പോള്‍ താപം ഉണ്ടായ്‌വരുവാന്‍ എന്താണ് മൂലം? കണ്ണുനീര്‍ക്കടല്‍കൊണ്ട് എന്റെ മെയ്യില്‍ വര്‍ഷിക്കുവാന്‍ എന്തുകാരണം? അശ്രുജലത്തോടുകൂടിയ വദനത്തോടെ വസിക്കുന്നതിന് മനസ്സിലെന്താണ് സങ്കടമെന്ന് എന്നോട് ഇപ്പോള്‍ പറഞ്ഞാലും.}

കൈകസിയുടെ മറുപടിപദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“ധനപതിതന്നുടെ പൌരുഷമൊന്നും
 മനസി സഹിക്കുന്നില്ലിതു ദണ്ഡം
 മുനിവരനെക്കണ്ടവനാകാശേ കനിവൊടു
 പോയതു കണ്ടീലയോ നീ”
പല്ലവി:
“ഹൃദയഗതം മമ തനയഗുണാലയ
 സുനയ ഗിരം ശൃണു മേ”
ചരണം2:
“വിശ്രവസ്സിന്റെ സുതനവനും നീയും
 വിശ്രുതനായ്‌വന്നവന്‍ നീ ബലഹീനന്‍
 ശാശ്വതമായ്മനം തപതി സദാ മേ”
{ധനാധിപതിയുടെ പ്രതാപമെല്ലാം കണ്ട് സഹിച്ചിരിക്കുവാന്‍ മനസ്സിന് പ്രയാസം. മുനിവരനെ കണ്ടിട്ട് അവന്‍ ആകാശത്തിലൂടെ പോയത് നീ കണ്ടില്ലയോ? ഗുണനിലയനായ തനയാ, നല്ല നയനത്തോടുകൂടിയവനേ, എന്റെ മനോഗതം നീ കേള്‍ക്കുക. വിശ്രവസ്സിന്റെ സുതരാണ് അവനും നീയും. പ്രസിദ്ധനായിതീര്‍ന്നു അവന്‍. നീയോ ബലഹീനന്‍. ഇങ്ങിനെയുള്ള ചിന്തകളാല്‍ എന്റെ മനസ്സ് സദാ എരിയുന്നു.}

രാവണന്‍:
ചരണം2:(മൂന്നാം കാലം)
“രാക്ഷസകുലജാതനായ്മരുവും ഞാന്‍
 യക്ഷേശനു സമമാകയോ വേണ്ടു
 ഇക്ഷണമവനെ ഞാന്‍ ഹതി ചെയ്യായ്കില്‍
 പക്ഷേ പറവതു പോരുമിദാനീം”
(“മാ കുരു ശോകം മമ ജനനി കേള്‍“)
{രാക്ഷസകുലജാതനായിരിക്കുന്ന ഞാന്‍ യക്ഷേശനോട് സമനാകുകയാണോ വേണ്ടത്? ഇക്ഷണം അവനെ ഞാന്‍ വധിച്ചില്ലെങ്കില്‍; പക്ഷേ ഇപ്പോള്‍ പറയുന്നത് മതി.}

ശേഷം ആട്ടം-
രാവണന്‍ കൈകസിയെ കെട്ടിചാടികുമ്പിട്ടിട്ട്, കൈകൂപ്പി നില്‍ക്കുന്നു.
രാവണന്‍:(ആത്മഗതമായി) ‘ഇനി ചെയ്യുന്നതെന്ത്?’ (ആലോചിച്ചിട്ട്) ‘ബ്രഹ്മാവിനെ സേവിച്ച് ഇഷ്ടവരങ്ങളെ സമ്പാദിക്കുകതന്നെ’ (കൈകസിയോട്) ‘എന്നാല്‍ ഇനി ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പോകുന്നു. അവിടുന്ന് സന്തോഷത്തോടു കൂടി വസിച്ചാലും’
രാവണന്‍ വീണ്ടും കുമ്പിട്ടിട്ട് നിഷ്ക്രമിക്കുന്നു. അനുഗ്രച്ചിട്ട് കൈകസിയും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

രാവണോത്ഭവം പന്ത്രണ്ടാം രംഗം

രംഗത്ത്-കുട്ടിരാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍

ശ്ലോകം-രാഗം:ഘണ്ടാരം
“ആശ്വാസ്യ ജനനീമേവം
 വാക്യൈരതിമനോരമൈ:
 തദൈവാഹൂയ സഹജൌ
 രാവണോ ഗിരിമബ്രവീല്‍”
{ജനനിയെ ഈവിധം അതിമധുരമായ വാക്യങ്ങളെക്കൊണ്ട് ആശ്വസിപ്പിച്ചിട്ട് രാവണന്‍ സഹോദരരെ വിളിച്ച് ഈവിധം പറഞ്ഞു.}

ഇടതുവശത്തുകൂടി പ്രവേശിക്കുന്ന കുംഭകര്‍ണ്ണവിഭീഷണന്മാര്‍ വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന കുട്ടിരാവണനെ കെട്ടിചാടികുമ്പിട്ടിട്ട് തൊഴുതുമാറി നില്‍ക്കുന്നു. കൂട്ടിരാവണന്‍ അവരെ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം തുടങ്ങുന്നു.

പദം-രാഗം:ഘണ്ടാരം, താളം:പഞ്ചാരി(രണ്ടാം കാലം)
രാവണന്‍:
ചരണം1:
“സഹജകുംഭകര്‍ണ്ണ സഹജ ഹേ വിഭീഷണ
 സഹയുവാമിഹ ഗമിക്ക സവിധഭുവി മുദാ”
ചരണം2:
“അഗ്രജന്‍ ധനേശനധികം ഉഗ്രപൌരുഷം
 വ്യഗ്രതാംവെടിഞ്ഞഹോ മദഗ്രതോ യയൌ“
ചരണം3:
“കണ്ടു ജനനി തല്‍പ്രതാപംകൊണ്ടു മാനസേ
 ഇണ്ടല്‍‌പൂണ്ടു കരകകൊണ്ടു കുണ്ഠിതോസ്മഹം”
ചരണം4:
“ജനനി ഖേദമൊഴിവതിനും ഘനയശസ്സിനും
 ധനപുരാദി ലാഭമതിനും കിമുചിതം വരം”
{സഹജാ, കുംഭകര്‍ണ്ണാ, സഹജാ, ഹേ വിഭീഷണാ, നിങ്ങളിരുവരുംകൂടി മോദത്തോടെ എന്റെ സവിധത്തില്‍ വന്നാലും. ഹോ! അഗ്രജനായ ധനേശന്‍ ഏറ്റവും ഉഗ്രപ്രതാപത്തോടെ കൂസലില്ലാതെ എന്റെ മുന്നിലൂടെ കടന്നുപോയി. അവന്റെ പ്രതാപം കണ്ട് മനസ്സില്‍ ഖേദിച്ച് ജനനി കരഞ്ഞതിനാല്‍ ഞാനും കുണ്ഠിതപ്പെടുന്നു. ജനനിയുടെ ഖേദമൊഴിയാനും കനത്തയശസ്സിനും ധനരാജ്യാദിലാഭത്തിനും വരം തേടുന്നതല്ലെ ഉചിതം?}

കുംഭകര്‍ണ്ണന്‍‍:
ചരണം5:
“ആര്യകഥിതമിതു നമുക്കു കാര്യമനുഗുണം
 വീര്യവാരിധേ ഗമിക്ക വീതസംശയം”
{ജേഷ്ഠന്‍ ഈ പറഞ്ഞത് നമുക്ക് അനുഗുണമായ കാര്യമാണ്. വീര്യസമുദ്രമേ, സംശയമില്ലാതെ ഗമിച്ചാലും.}

വിഭീഷണന്‍:
പല്ലവി:
“രാക്ഷസേന്ദ്ര സപദി ഞങ്ങള്‍ കൂടെവന്നിടാം”
{രാക്ഷസേന്ദ്രാ, ഞങ്ങള്‍ അങ്ങയുടെ കൂടെ വന്നീടാം.}

കുട്ടിരാവണന്‍:
ചരണം6:(നാലാം കാലം)
“ഇത്ഥമങ്ങുറച്ചുവെങ്കില്‍ ഉഗ്രപൌരുഷൌ
 സത്വരം ഗമിക്ക നാമുദഗ്രവീരരേ”
{ഉത്കൃഷ്ടരായ വീരരേ, ഇങ്ങിനെ ഉറപ്പിച്ചുവെങ്കില്‍ നമുക്ക് ഉടനെ ഉഗ്രപൌരുഷത്തോടെ ഗമിക്കാം.}

ശേഷം ആട്ടം-
രാവണന്‍:‘അല്ലയോ സഹോദരന്മാരേ, എന്നാല്‍ നമുക്ക് ഇനി ബ്രഹ്മാവിനെ തപസ്സുചെയ്യുവാനായി ഗോകര്‍ണ്ണത്തേയ്ക്ക് പുറപ്പെടാം’
കുംഭകര്‍ണ്ണവിഭീഷണന്മാര്‍:‘അങ്ങിനെ തന്നെ’
കുമ്പിടുന്ന കുംഭകര്‍ണ്ണവിഭീഷണന്മാരെ അനുഗ്രഹിച്ചിട്ട് മൂവരും ഒരുമിച്ച് നാലാമിരട്ടിചവുട്ടി പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

രവണോത്ഭവം പതിമൂന്നാം രംഗം

രംഗത്ത്- കുട്ടിരാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍

ശ്ലോകം-രാഗം:സാവേരി
“ഇത്ഥം താമനുജോക്തിമാശു കലയന്‍ രക്ഷോധിനാഥസ്തദാ
 ചിത്താനന്ദയുതസ്സഹൈവ പുരതസ്താഭ്യാമുദാഗ്രാശയ:
 ഗോകര്‍ണ്ണം പുനരേത്യ പഞ്ചദഹനാന്തസ്‌ഥോ വിധിം കല്പയന്‍
 പാദാംഗുഷ്ഠനിപീഡിതാവനി തപസ്തേപേ സഹസ്രം സമാ:“
{ഈ വിധം തന്റെ അനുജന്മാരുടെ വാക്കുകള്‍ കേട്ടിട്ട് ഉഗ്രാശയനായ രാക്ഷസനാഥന്‍ പെട്ടന്ന് ചിത്തത്തില്‍ ആനന്ദത്തോടെ അവരോടുകൂടി ഗോകര്‍ണ്ണത്തുചെന്ന് വിധിയനുസ്സരിച്ച് പഞ്ചാഗ്നിമദ്ധ്യത്തില്‍ പെരുവിരള്‍ മാത്രം ഊന്നിനിന്നുകൊണ്ട് ആയിരം വര്‍ഷം തപസ്സനുഷ്ടിച്ചു.}

വലന്തലമേളത്തോടെ തിരശ്ശീല താഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തില്‍ കുട്ടിരാവണനും ഇരുവശങ്ങളിലുമായി കുംഭകര്‍ണ്ണവിഭീഷണന്മാരും തപോമുദ്രയോടെ ധ്യാനിച്ച് നില്‍ക്കുന്നു. ഗായകര്‍ പദം ആലപിക്കുന്നു. (പദത്തിന് മുദ്രാഭിനയം ഇല്ല)

പദം-രാഗം:സാവേരി, താളം:ചമ്പ(മൂന്നാം കാലം)
ചരണം1:
“കമലഭവ തവചരണകമലമിഹ വന്ദേ
 കനിവിനൊടു തൊഴുമെന്നില്‍ കരുണയുണ്ടായ്‌വരേണം”
ചരണം2:
“തവ കരുണകൊണ്ടു ഞാന്‍ ഭുവനമഖിലവും വെന്നു
 ജവബലസമേതനായ് മരുവീടുക വേണം”
ചരണം3:
“ബുദ്ധിബലവും മഹിതശക്തിയുമുണ്ടായ്‌വരേണം
 മര്‍ത്ത്യരൊഴിഞ്ഞാരുമൊരു ശത്രുവുണ്ടാകരുതേ”
ചരണം4:
“ഇതിഭുവനങ്ങളില്‍ പ്രസിദ്ധനായ്മേവീടണം
 കീര്‍ത്തിയുമുണ്ടാകണം ആചന്ദ്രതാരകം”
{കമലോല്‍ഭവാ, അവിടുത്തെ ചരണകമലങ്ങളെ വന്ദിക്കുന്നു. വഴിപോലെ തൊഴുന്ന എന്നില്‍ കരുണയുണ്ടായ്‌വരേണമേ. അങ്ങയുടെ കരുണകൊണ്ട് ഞാന്‍ ഭുവനമഖിലവും ജയിച്ച് പ്രസരിപ്പോടും ബലത്തോടും കൂടി വാഴുവാന്‍ ഇടവരണം. ബുദ്ധിബലവും അസാധാരണ ശക്തിയും ഉണ്ടായ്‌വരേണം. മര്‍ത്ത്യരൊഴിച്ച് ഒരു ശത്രുവും ഉണ്ടാകരുതേ. ത്രൈലോക്യങ്ങളിലും പ്രസിദ്ധനായിതീരണം. ചന്ദ്രതാരകങ്ങള്‍ ഉള്ളകാലത്തോളം എന്റെ കീര്‍ത്തി നിലനില്‍ക്കണം.}

ശ്ലോകം-രാഗം:ഇന്ദളം
“ദശവദന നിതാന്തം വാഞ്ചിതം തേസ്തു സര്‍വ്വം
 നിശമയ മമ വാചം വീരരത്നാവതംസ
 അയി തവ തപസാലം സുപ്രസന്നോസ്മി തുഭ്യം
 ത്രജഗതി പുനരേകോയാതിനോ തുല്യതാം തേ”
{ദശവദനാ, നിന്റെ നിതാന്തമായ വാഞ്ചിതങ്ങള്‍ സര്‍വ്വവും സാധിക്കട്ടെ. വീരന്മാര്‍ ചൂടുന്ന രത്നമായിട്ടുള്ളവനേ, എന്റെ വാക്കുകള്‍ കേട്ടാലും. എടോ, നീ തപസ്സ് മതിയാക്കു. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. ത്രിജഗത്തിലും ഒരുത്തനും നിനക്ക് തുല്യനായിട്ട് ഉണ്ടാവുകയില്ല.}

കുട്ടിരാവണന്‍ ബ്രഹ്മവാക്യം കേട്ടതായി നടിച്ച് സന്തുഷ്ടനായി തീരുന്നു.
-----(തിരശ്ശീല)-----

രാവണോത്ഭവം പതിനാല്, പതിനഞ്ച് രംഗങ്ങള്‍

പതിനാലാം രംഗം (തപസ്സാട്ടം)

രംഗത്ത്-രാവണന്‍(ഒന്നാതരം കത്തിവേഷം), കുംഭകര്‍ണ്ണന്‍, വിഭീഷണന്‍

ശ്ലോകം-രാഗം:ഘണ്ടാരം
“ലോകേശാത്തവരപ്രതാപബലവാന്‍ കുര്‍വ്വംസ്തു സര്‍വ്വം ജഗ-
 ന്നാകേശാദിദിഗീശ്വരാനിജവശേ ചിന്താവശേനാത്മനാ
 ധൃഷ്ട: സ്വോഗ്രഭുജോഷ്മണാ ദശമുഖസ്സമ്പ്രാപ്യ തസ്മിന്‍ പുന:
 ശിഷ്ടൌ ലബ്ധവരൌ വരാവവരജാവേവം ബഭാഷേ ഗിരം”
{ലോകേശ്വരനില്‍ നിന്നും ലഭിച്ച വരത്താല്‍ പ്രതാപിയും ബലവാനുമായിതീര്‍ന്ന ദശമുഖന്‍ കൂസലില്ലാതെ സര്‍വ്വലോകങ്ങളേയും സ്വര്‍ഗ്ഗാധിപനായ ദേവേന്ദ്രന്‍ തുടങ്ങിയ ദിക്‍പാലകന്മാരേയും വരുതിയിലാക്കി, തന്റെ ബാഹുപരാക്രമങ്ങളില്‍ അതിഗര്‍വ്വിഷ്ഠനായിതീര്‍ന്നു. പിന്നീട് വരങ്ങള്‍ ലഭിച്ച കേമന്മാരായ അനുജന്മാരുടെ സമീപത്തുചെന്ന് ഇങ്ങിനെ പറഞ്ഞു.}

ആലവട്ടമേലാപ്പുകളോടുകൂടിയുള്ള വീരഭാവത്തിലുള്ള രാവണന്റെ തിരനോട്ടം-
 രാവണന്റെ തന്റേടാട്ടം-
വീണ്ടും തിരതാഴ്ത്തുമ്പോള്‍ രാവണന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
(മേളം-തൃപുട ഒന്നാംകാലം)
രാവണന്‍:(ആനന്ദാഹങ്കാരങ്ങളോടെ ഞെളിഞ്ഞിരുന്നശേഷം എഴുന്നേറ്റ് സദസ്സിനെ വന്ദിച്ചിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിനു കാരണമെന്ത്?’ (വിചാരിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട് ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളെല്ലാം വാങ്ങി. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു.’ (പീഠത്തിലിരുന്ന് ഉത്തരീയം വീശി, ആലോചിച്ചിട്ട്) ‘എന്നാല്‍ ഞാന്‍ ബ്രഹ്മാവിനോട്’ (എഴുന്നേറ്റ്, ബ്രഹ്മാവിനെ കണ്ടതായി നടിച്ച് വന്ദിച്ചിട്ട്) ‘അല്ലയോ ബ്രഹ്മാവേ, എനിക്ക് വരം തരണേ, തരണേ എന്ന് യാചിച്ച് വാങ്ങിയതല്ല. ഏറ്റവും ബലവീര്യത്തോടെ കൊണ്ടുവാ, കൊണ്ടുവാ, വെയ്ക്ക്, വെയ്ക്ക്’ (മുന്നോട്ട് നീങ്ങി വരം പിടിച്ചുവാങ്ങുന്നതായി കാട്ടി, കൃതാര്‍ത്ഥതയോടെ) ‘ഇപ്രകാരം വാങ്ങിയതാകുന്നു.‘ (വീണ്ടും മുന്‍പോലെ ഉത്തരീയം വീശി ഇരുന്ന്, ആലോചിച്ചിട്ട്) ‘എന്നാല്‍ ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ കാരണമെന്ത്?’ (ഓര്‍ത്തിട്ട്) ‘ഉണ്ട്. ഞാന്‍ പണ്ട് അമ്മയോടും സോദരന്മാരോടും കൂടി മധുവനത്തില്‍ വസിക്കുന്നകാലത്ത് ഒരു ദിവസം, ആദിത്യരശ്മിയേറ്റുതളര്‍ന്ന ഞാന്‍ അമ്മയുടെ മടിയില്‍ കിടന്നുറങ്ങി. ആ സമയം അമ്മയാകട്ടെ’ (കൈകസിയായി നടിച്ച് മടിയില്‍ കിടക്കുന്ന പുത്രന്റെ ശിരസ്സ് ഇടതുകരം കൊണ്ട് താങ്ങിക്കൊണ്ട്) ‘ഇവന്റെ മുഖം പൂണ്ണചന്ദ്രന് തുല്യം തന്നെ. ഇവനെ പുത്രനായി ലഭിച്ചത് എന്റെ ഭാഗ്യം തന്നെ’ (സ്നേഹത്തോടെ മൃദുവായി പുത്രന്റെ കൈകാലുകള്‍ തിരുമ്മിക്കൊണ്ട് ഇരിക്കെ വലതുവശത്ത് എന്തോ ശബ്ദം കേട്ടതായി നടിച്ച് ചെവിയോര്‍ത്തിട്ട്, എന്തെങ്കിലുമാകട്ടെ എന്ന് സമാധാനിച്ച് വീണ്ടും പുത്രനെ താരാട്ടി ഇരിക്കുന്നു. വീണ്ടും ശബ്ദം കേട്ടതായി നടിച്ച്) ‘ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്? ആ, എന്തോ ആകട്ടെ’ (വീണ്ടും താരാട്ടിക്കൊണ്ട് ഇരിക്കുമ്പോള്‍ ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്) ‘ഒട്ടും നിസ്സാരമല്ല, എന്താണിത്?’ (ആകാശത്തില്‍ കണ്ടിട്ട്) ‘പെരുമ്പറ മുഴക്കിക്കൊണ്ട് പുഷ്പകവിമാനത്തില്‍ കയറി ഏറ്റവും യോഗ്യതയോടെ ആകാശമാര്‍ഗ്ഗം പോകുന്നതാര്?’ (സുക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്, അസൂയയോടെ) ‘ഓഹോ, വൈശ്രവണന്‍ തന്നെ.’ (വൈശ്രവണനെ നോക്കി അസഹ്യതയും അസൂയയും, പുത്രനെ നോക്കി അസഹ്യമായ സങ്കടവും മാറിമാറി നടിച്ചശേഷം) ‘കഷ്ടം! അവന്റേയും ഇവന്റേയും അച്ഛന്‍ ഒന്നുതന്നെ. അവന്‍ ഏറ്റവും പ്രതാപിയായും ഇവന്‍ ഏറ്റവും നിസാരനായും തീര്‍ന്നുവല്ലോ. എന്റെ നിര്‍ഭാഗ്യം തന്നെ.’ (വീണ്ടും വിമാനത്തില്‍ സഞ്ചരിക്കുന്ന വൈശ്രവണനെ അസൂയയോടും മടിയില്‍ കിടക്കുന്ന പുത്രനെ ദു:ഖത്തോടും മാറിമാറി നോ‍ക്കിയിരുന്നിട്ട്) ‘വൈശ്രവണന്‍ മറഞ്ഞു.’ (വീണ്ടും പുത്രനെ നോക്കി കരഞ്ഞുകൊണ്ടിരുന്നശേഷം, രാവണനായി) ‘ആ സമയത്ത് ഞാന്‍‘ (അമ്മയുടെ മടിയില്‍ കിടന്നുറങ്ങുന്നതായി നടിക്കുന്നു. പെട്ടന്ന് ഞെട്ടിയുണര്‍ന്ന് കണ്ണുതുറന്ന് അമ്മയെ വീക്ഷിച്ചിട്ട് വീണ്ടും ഉറങ്ങുന്നു. വീണ്ടും ഉണര്‍ന്ന് എഴുന്നേറ്റിരുന്ന് ഉറക്കചടവോടെ കൈകള്‍കോര്‍ത്ത് ഉയര്‍ത്തിയും താഴ്ത്തിയും ശരീരം വലിച്ചുവിട്ടശേഷം കിടന്നുറങ്ങുന്നു. മൂന്നാമതും ഞെട്ടിയുണര്‍ന്ന് എഴുന്നേറ്റ് തന്റെ മാറത്തുവീണ കണ്ണുനീര്‍തുള്ളികള്‍ കണ്ട്, തുടച്ചുകളയുന്നു. കണ്ണുനീരണിഞ്ഞ അമ്മയുടെ മുഖം കണ്ട്, അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച് മാറ്റിയിരുത്തി, വന്ദിച്ചിട്ട്) ‘അല്ലയോ മാതാവേ, ഈവിധം കരയുവാന്‍ കാരണമെന്ത്? വേഗം പറഞ്ഞാലും’ (വന്ദിച്ചുനിന്ന്, അമ്മയുടെ മറുപടി കേട്ട്) ‘എന്ത്? വൈശ്രവണന്‍ ഏറ്റവും പ്രതാപത്തില്‍ വിമാനത്തിലേറി മുന്നിലൂടെ പോയി എന്നോ?’ (അമ്മയോടായി) ‘ഛീ, വൈശ്രവണന്‍ നിസാരന്‍. ആകട്ടെ ഒട്ടും വ്യസനിക്കെണ്ട. *ഞാന്‍ അവന്റെ കൈയ്യും കാലും ബന്ധിച്ച് കൊണ്ടുവന്ന് അമ്മയുടെ പാദത്തില്‍ വന്ദിപ്പിച്ചേക്കാം. എന്നാല്‍ പോരേ?’ (അമ്മയുടെ മറുപടി കേട്ട് സന്തോഷത്തോടെ) ‘എന്നാല്‍ ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത വരങ്ങള്‍ നേടാന്‍ പോകുന്നു. സന്തോഷത്തോടെ വസിച്ചാലും’ രാവണന്‍ മാതാവിനെ കുമ്പിട്ട് മാറിതിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.
(മേളം-തൃപുട രണ്ടാംകാലം)
രാവണന്‍:(‘അഡ്ഡിഡ്ഡക്കിട’ വെച്ചിട്ട്) ‘ഇനി വേഗം ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പുറപ്പെടുകതന്നെ. എന്നാല്‍ തപസ്സു ചെയ്യേണ്ടുന്ന സ്ഥലം എവിടെ?’ (ആലോചിച്ചിട്ട്) ‘ഗോകര്‍ണ്ണത്തില്‍ തന്നെ. ഇനി അനുജന്മാരുടെ മനസ്സും അറിയുകതന്നെ.’ (ഇടതുഭാഗത്തായി അനുജന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ സോദരന്മാരേ, ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പോകുന്നു. നിങ്ങളും എന്റെ കൂടെ പോരികയല്ലെ?’ (മറുപടികേട്ട് സന്തുഷ്ടനായി വിഭീഷണനെ വലതുവശത്തും കുംഭകര്‍ണ്ണനെ ഇടതുവശത്തും നിര്‍ത്തി, ഇടത്തേയ്ക്കു നോക്കി) ‘അല്ലയോ കുംഭകര്‍ണ്ണാ, നീ ബ്രഹ്മാവിനെ തപസ്സുചെയ്ത് ദേവകളെ ജയിക്കാനുള്ള വരം വാങ്ങിയാലും’ (വലത്തേയ്ക്കു നോക്കി) ‘അല്ലയോ വിഭീഷണാ, നീയും അങ്ങിനെ ചെയ്താലും.’
ഇരുവരേയും അനുഗ്രഹിച്ച് യാത്രയാക്കി രാവണന്‍ പിന്നിലേയ്ക്ക് കുത്തിമാറി തിരിഞ്ഞ് വീണ്ടും മുന്നിലേയ്ക്ക് ഓടിപ്രവേശിക്കുന്നു.
(മേളം-തൃപുട മൂന്നാംകാലം)
രാവണന്‍:(തപസ്സുചെയ്യാനുള്ള സ്ഥലമൊരുക്കി അതിന്റെ നാലുഭാഗത്തും ഹോമകുണ്ഡങ്ങളും നിര്‍മ്മിച്ചിട്ട്, ആകാശത്തേയ്ക്കുനോക്കി) ‘അല്ലയോ ആദിത്യന്‍,*എന്റെ തപസ്സ് കഴിയുവോളം അവിടെ നിന്ന് അനങ്ങരുത്.‘ (സ്വഗതമായി) ‘ഇനി സ്നാനം ചെയ്‌ത് ശുദ്ധമാവുകതന്നെ.’ (കുളിച്ച് ശുദ്ധമായി, ഭസ്മം ധരിച്ചിട്ട്) ‘ഇനി അഗ്നി ജ്വലിപ്പിക്കുകതന്നെ’ (അരണികടഞ്ഞ് അഗ്നിയുണ്ടാക്കി നാലുകുണ്ഡങ്ങളിലും നിറയെ നെയ്യൊഴിച്ച് ജ്വലിപ്പിച്ച്, പൂജാഹോമാദികള്‍ ചെയ്തിട്ട്) ‘ഇനി തപസ്സുചെയ്യുകതന്നെ.’ (ഒറ്റക്കാലില്‍ തപസ്സുചെയ്യുന്നു. നാലുതാളവട്ടങ്ങള്‍ക്കുശേഷം ധ്യാനത്തില്‍നിന്നും വിരമിച്ച് ഇരുവശങ്ങളിലും ശ്രദ്ധിച്ചിട്ട്, ഇച്ഛാഭംഗത്തോടെ) ‘ബ്രഹ്മാവ് പ്രത്യക്ഷനായില്ല. ഇനി എന്താണ് ചെയ്യേണ്ടത്? മനസ്സ് ബ്രഹ്മാവില്‍ ഉറപ്പിക്കുകതന്നെ’ (വീണ്ടും തപസ്സുചെയ്തിരിക്കെ ഉണര്‍ന്ന് ചുറ്റും വീക്ഷിച്ചിട്ട്) ‘ബ്രഹ്മാവ് ഇനിയും പ്രത്യക്ഷനായില്ല. എന്റെ തപസ്സിന് ഉഗ്രത പോരാ.’ (ചിന്തിച്ചിട്ട്) ‘എനിക്ക് പത്തുശിരസ്സുകളുള്ളതില്‍ ഒന്ന് അറുത്ത് ഹോമിക്കുകതന്നെ’ (അരയില്‍നിന്നും വാള്‍ ഊരി, ഇരുവശങ്ങളിലുമുള്ള ശിരസ്സുകള്‍ നോക്കി, ഇടതുവശത്തുനിന്നും ഒരു ശിരസ്സിന്റെ മുടിചുറ്റിപിടിച്ച് അറുത്തെടുത്ത് തലമുടി പിഴുതെറിഞ്ഞിട്ട് ഹോമിക്കുന്നു. ശിരസ്സ് പൊട്ടുന്നതായി കാട്ടിയിട്ട് നാലുകുണ്ഡങ്ങളിലും അഗ്നി പൂര്‍വ്വാധികം ജ്വലിപ്പിച്ചിട്ട്) ‘ഇനി തപസ്സു തുടരുകതന്നെ’ (മുന്‍‌പോലെ തപസ്സുചെയ്യുമ്പോള്‍ വീണ്ടും ഉണര്‍ന്ന് ചുറ്റും നോക്കി, വലിയ നിരാശയോടേ) ‘ബ്രഹ്മാവ് ഇനിയും പ്രത്യക്ഷമായില്ല. എന്നെ പരീക്ഷിക്കുകയാണ്. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചുറച്ചിട്ട്) ‘ആകട്ടെ, എന്റെ ഒരു ശിരസ്സൊഴിച്ച് ബാക്കിയെല്ലാം അറുത്ത് ഹോമിക്കുക തന്നെ’

രാവണന്റെ(കലാ:സോമന്‍) തപസ്സാട്ടം
(മേളം-തൃപുട നാലാംകാലം)
രാവണന്‍ വാള്‍ ഏടുത്ത് ഓരോ തലയായി പിടിച്ച് വെട്ടിയെടുത്ത്, മുടിപിഴുതെറിഞ്ഞ് ഹോമിക്കുന്നു*. കുണ്ഡങ്ങളിലെ തീ തട്ടിക്കൂട്ടി നെയ്യൊഴിച്ച് അത്യുഗ്രമായി ജ്വലിപ്പിച്ച്. ശിരസ്സുകള്‍ പൊട്ടുന്നതായി കാട്ടുന്നു.

രാവണന്‍:‘ ഇനി തപസ്സുചെയ്യുക തന്നെ’ (ഒറ്റക്കാലില്‍ നിന്ന് തപം ചെയ്യുമ്പോള്‍ മനസ്സിളകി, ഇരുവശങ്ങളിലും നോക്കി, നിരാശപൂണ്ട് ക്ഷീണത്തോടെ പീഠത്തില്‍ ഇരുന്നിട്ട്) ‘കഷ്ടം! എന്റെ ശിരസ്സുകളെല്ലാം നശിച്ചുവല്ലോ. എന്തായാലും ഇനി തപസ്സ് ഉപേക്ഷിച്ച് പോവുകതന്നെ’
രാവണന്‍ എഴുന്നേറ്റ് എല്ലായിടവും ഒന്നുകൂടി നോക്കി ബ്രഹ്മാവിനെ കാണാ‍ഞ്ഞ് മൌഢത്തോടെ ശിരസ്സുതാഴ്ത്തി മടങ്ങിപോവാനായി വലതുവശത്തേയ്ക്ക് തിരിയുന്നു.
(മേളം-ചെമ്പട*)
രാവണന്‍ പെട്ടന്ന് ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി രംഗത്തേയ്ക്കുതന്നെ ഓടി വരുന്നു.
രാവണന്‍:‘പാടില്ല’ (ബ്രഹ്മാവിനോടായി) ‘പണ്ട് ഒരു രാക്ഷസന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷമാവാഞ്ഞ് ജീവനാശം വരുത്തി എന്ന ദുഷ്കീര്‍ത്തി നിനക്ക് ഞാന്‍ തരുന്നുണ്ട്. നോക്കിക്കോ’ (സ്വഗതമായി) ‘ഇനി ശേഷിക്കുന്ന ഒരു ശിരസ്സുകൂടി അറുത്ത് ഹോമിക്കുകതന്നെ’
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാവണന്‍ ഇടംകൈകൊണ്ട് മുടിചുറ്റിപിടിച്ച് വലംകൈകൊണ്ട് ശിരസ്സ് വെട്ടാനോങ്ങുമ്പോള്‍ പെട്ടന്ന് ബ്രഹ്മാവ് തടഞ്ഞതുപോലെ പിടിച്ച് അലര്‍ച്ചയോടെ കണ്ണടച്ചു നില്‍ക്കുന്നു.
(മേളം നിലയ്ക്കുന്നു)
രാവണന്‍:(അല്പനിമിഷത്തിനുശേഷം രാവണന്‍ പിന്നിലേയ്ക്കു നീങ്ങി പ്രത്യക്ഷമുദ്രയോടെ വലതുവശത്തേയ്ക്ക് കെട്ടിചാടി ബ്രഹ്മാവായി നടിച്ച്) ‘അരുത്, അരുത്, ഞാന്‍ നിന്റെ തപസ്സില്‍ സന്തുഷ്ടനായി. നിനക്ക് ഇഷ്ടമുള്ള വരങ്ങള്‍ തന്നേയ്ക്കാം. പറഞ്ഞാലും’ (രാവണനായി ഇടത്തേയ്ക്കുമാറി മുന്‍‌നിലയില്‍ നിന്നിട്ട്, പെട്ടന്ന് കണ്ണുകള്‍ തുറന്ന് മുന്നില്‍ പ്രഭാപൂരം കണ്ട് അത്ഭുതപ്പെട്ട്, ബ്രഹ്മാവിനെ കണ്ട് കുമ്പിടുന്നു.
(മേളം-അടന്തവട്ടം )
രാവണന്‍:(തന്റെ അറുക്കപ്പെട്ട ശിരസ്സുകളെല്ലാം മുന്‍സ്ഥാനങ്ങളില്‍ ഉണ്ടായതായി കണ്ട് സന്തോഷിച്ച്, ആത്മഗതമായി) ‘ശിരസ്സുകളെല്ലാം ഉണ്ടായിക്കഴിഞ്ഞു*. ഇനി ഇഷ്ടമുള്ള വരങ്ങളെല്ലാം വാങ്ങുകതന്നെ’ (ബ്രഹ്മാവിനെ നോക്കി, കൈകൂപ്പി വന്ദിച്ച്) ‘അല്ലയോ ബ്രഹ്മാവേ, എനിക്ക് ത്രിലോകങ്ങളേയും ജയിക്കാനുള്ള വരം തരണമേ’ (ബ്രഹ്മാവില്‍ നിന്നും വരം കൈനീട്ടി വാങ്ങി ഞെളിഞ്ഞിട്ട്) ‘ഇനി വളരെ കീര്‍ത്തിയുണ്ടാകുവാനുള്ള വരം നല്‍കേണമേ’ (വരം കൈനീട്ടി വാങ്ങി ഞെളിഞ്ഞിട്ട്) ‘ഇനി വളരെ സമ്പത്തും ഐശ്വര്യവും ഉണ്ടാകുവാനുള്ള വരം തന്നാലും’ (വരം കൈനീട്ടി വാങ്ങി ഞെളിഞ്ഞിട്ട്, ആത്മഗതമായി) ‘എല്ലാം ആയെന്നു തോന്നുന്നു‘ (ബ്രഹ്മാവിനോട്) ‘എല്ലാം ആയി’
രാവണന്‍ ആലോചനയോടെ ബ്രഹ്മാവിനെ കുമ്പിടുന്നു. പെട്ടന്ന് ഓര്‍മ്മവന്നതായി നടിച്ച് പിന്നിലേയ്ക്ക് ചാടുന്നു.
(മേളം കാലം മുറുകുന്നു)
രാവണന്‍:‘വരട്ടെ, വരട്ടെ, നില്‍ക്കു, നില്‍ക്കു, ഒന്നുകൂടിയുണ്ട്. പറയാം. മനുഷ്യനാലല്ലാതെ മറ്റൊരു ജീവിയാലും എനിക്ക് മരണം സംഭവിക്കുകയില്ല എന്ന വരം കൊണ്ടുവാ. വെയ്ക്ക്’ (വരം പിടിച്ചുവാങ്ങി അഹങ്കാരത്തോടെ) ‘എല്ലാം ആയി. ഇനി പൊയ്ക്കൊള്ളുക’
രാവണന്‍ കൂപ്പുകൈകളോടെ ബ്രഹ്മാവ് മറയുന്നത് നോക്കി ‘മറഞ്ഞു’ എന്നുകാട്ടി പിന്‍‌തിരിയുന്നു.

‘വരം കൊണ്ടുവാ. വെയ്ക്ക്’ രാവണന്‍- കലാ:രാമന്‍‌കുട്ടിനായര്‍
(മേളം:ചെമ്പടവട്ടം)
രാവണന്‍ വീണ്ടും രംഗത്തേയ്ക്ക് ഓടി വന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു.
രാവണന്‍:(സന്തോഷാഹങ്കാരങ്ങളോടെ) ‘ഇപ്പോള്‍ എനിക്ക് തുല്യബലവീര്യമുള്ളവര്‍ ലോകത്തില്‍ ആരുമില്ല. ആകട്ടെ, ഇനി അനുജന്മാര്‍ക്ക് ലഭിച്ച വരങ്ങള്‍ എന്തെന്ന് അറിയുകതന്നെ’
രാവണന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിക്കുന്നതോടെ കുംഭകര്‍ണ്ണവിഭീഷണന്മാര്‍ ഇടതുഭാഗത്തുകൂടി പ്രവേശിച്ച് രാവണനെ കുമ്പിടുന്നു. രാവണന്‍ അവരെ അനുഗ്രഹിച്ചിട്ട് പദാഭിനയമാരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത(മൂന്നാം കാലം)
ചരണം1:
“ഗംഭീരവിക്രമ വീരാ സഹോദര
 കുംഭകര്‍ണ്ണ സഹജ മഹല്‍-
 സംഭാവിതാംഗ വിഭീഷണ കേള്‍ മമ
 സംഭാഷിതം സുമതേ”
ചരണം2:
“അംഭോജസംഭവന്തന്നെ ഭജിച്ചു ഞാന്‍
 അംബോധി ഗംഭീരരേ പുന-
 രമ്പോടുവേണ്ടും വരങ്ങളേയും വാങ്ങി
 സമ്പ്രതി വന്നു മുദാ”
ചരണം3:
“ലോകേശന്‍‌ തന്റെ വരപ്രസാദത്താല്‍
 ഞാനേകങ്ങളൊക്കെ ജയിപ്പാനെനിക്കൊരു
 ആകുലമില്ലേതുമേ”
ചരണം4:
“നാഥനീവണ്ണം തപസ്സുകണ്ടേറ്റവും
 പ്രീതനായി തന്നു വരം മമ
 ധാതാവു നിങ്ങള്‍ക്കു തന്ന വരങ്ങളെ
 സോദരന്മാരെ ചൊല്‍‌വില്‍”
{ഗംഭീര പരാക്രമത്തോടുകൂടിയവനേ, വീരാ, സഹോദരാ, കുംഭകര്‍ണ്ണാ, സജ്ജനങ്ങളാല്‍ മാനിക്കപ്പെടുന്നവനേ, വിഭീഷണാ, സന്മനസ്സുള്ളവനേ, നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുവിന്‍. സമുദ്രത്തെപ്പോലെ ഗാഭീര്യമുള്ളവരേ, ബ്രഹ്മാവിനെ ഭജിച്ച് വേണ്ടുന്ന വരങ്ങള്‍ വാങ്ങി സന്തോഷത്തോടെ ഞാനിതാ വന്നിരിക്കുന്നു. ലോകേശന്റെ വരപ്രസാദത്താല്‍ സകലലോകങ്ങളും ജയിക്കുവാന്‍ എനിക്ക് ഒട്ടും വിഷമമില്ല. ലോകനാഥന്‍ എന്റെ തപസ്സുകണ്ട് ഏറ്റവും പ്രീതനായി വരങ്ങള്‍ തന്നു. ധാതാവ് നിങ്ങള്‍ക്ക് തന്ന വരങ്ങള്‍ എന്തെന്ന് പറയുവിന്‍ സോദരന്മാരേ.}

പദം-രാഗം:ബലഹരി, താളം:മുറിയടന്ത(ദ്രുതകാലം)
കുംഭകര്‍ണ്ണന്‍:
ചരണം1:
“ഉഗ്രപരാക്രമനായ്മേവീടുമെ-
 ന്നഗ്രജാ കേള്‍ക്ക ഭവാന്‍ എനി-
 ക്കാഗ്രഹമേറെയുണ്ടാകകൊണ്ടിന്നിപ്പോള്‍
 വ്യഗ്രമായ്‌വന്നുകാര്യം”
ചരണം2:
“നിര്‍ദ്ദേവത്വം വേണമെന്നു നിനച്ചുഞാ-
 നര്‍ത്ഥിക്ക കാരണമായതു
 നിദ്രാവത്വമല്ലോ വന്നു സിദ്ധിച്ചതും
 നക്തഞ്ചരാധിപതേ ജയജയ”
{ഉഗ്രപരാക്രമനായിരിക്കുന്ന എന്റെ ജേഷ്ഠാ, ഭവാന്‍ കേട്ടാലും. എനിക്ക് അത്യാഗ്രഹം ഉണ്ടായതിനാല്‍ ഇപ്പോള്‍ കാര്യം നിഷ്ഫലമായിവന്നു. ദേവന്മാരില്ലാതാവണമെന്ന് നിനച്ച് ആവശ്യപ്പെട്ട എനിക്ക് ഉറക്കമാണ് വന്നു സിദ്ധിച്ചത്. രാക്ഷസാധിപതേ, ജയിച്ചാലും, ജയിച്ചാലും.}
“വ്യഗ്രമായ്‌വന്നുകാര്യം” രാവണന്‍-കലാ:കൃഷ്ണകുമാര്‍, കുംഭകര്‍ണ്ണന്‍-കോട്ട:സി.എം.ഉണ്ണികൃഷ്ണന്‍, വിഭീഷണന്‍-കോട്ട:ബാലനാരായണന്‍
വിഭീഷണന്‍:
ചരണം3:
“രാക്ഷസരാജ ദശാസ്യ രിപികുല-
 രാക്ഷമതേ സുമതേ ഇന്നു
 സാക്ഷാല്‍ ജഗന്നാഥനായ ഭഗവാന്‍
 പത്മാക്ഷനേകനവ്യയന്‍”
ചരണം4:
“ഭകതപ്രിയന്‍ തങ്കല്‍ നിശ്ചലമായൊരു
 ഭക്തിയുണ്ടാകേണമേ എന്ന-
 ര്‍ത്ഥിക്കയാലതു സിദ്ധിച്ചതും മമ
 നക്തഞ്ചരാധിപതേ ജയ ജയ”
{രാക്ഷസരാജാവായ ദശാസ്യാ, ശത്രുക്കളോട് കടുത്ത ഹൃദയത്തോടുകൂടിയവനേ, സുമനസ്സേ, ഇന്ന് സാക്ഷാല്‍ ജഗന്നാഥനും പത്മാക്ഷനുമായ വിഷ്ണുഭഗവാന്‍ ഒരാളാണ് അനശ്വരനായുള്ളത്. ആ ഭക്തപ്രിയനില്‍ നിശ്ചലമായ ഭക്തിയുണ്ടാകണമേ എന്ന് ആവശ്യപ്പെടുകയാല്‍ എനിക്ക് അത് സിദ്ധിച്ചു. രാക്ഷസാധിപതേ, ജയ, ജയ}

രാവണന്റെ പദം-രാഗം:ഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“സോദരന്മാരേ നന്നിതു
 സാദരം നിങ്ങള്‍ ചൊന്നൊരു
 വാചമോര്‍ത്തീടുമ്പോളെത്രയും ചേതസി മമ
 മോദമാശു നല്‍കീടുന്നഹോ”
അനുപല്ലവി:
“ഇതിലധികം പുനരെന്തൊരു കുതുകം
 വിധിവിഹിതം മതി തന്നിലുദിപ്പതു”
ചരണം1:
“ചേതസാ ഭജിച്ചു ജഗ-
 ദാധാരനായ്മേവീടുന്ന
 ധാതാവോടു വാങ്ങിയ വരം കേള്‍ക്കുന്നവര്‍ക്കു
 ഹാസ്യമായ് ഭവിച്ചതദ്ഭുതം
 മതി മതി നീ ചൊന്ന വചനമിതഖിലം
 മതിയതിലോര്‍ക്കുകിലധിക കുതൂഹലം”
(“സോദരന്മാരേ..........................നല്‍കീടുന്നഹോ”)
ചരണം2:
“പാരേഴും ജയിപ്പാനും
 പോരും ഞാനേകനെന്നാലും
 പോരാത്തവനെക്കൊണ്ടെന്തുള്ളു പോരുന്നോര്‍ കേട്ടാല്‍
 പാരാതെ നിന്ദിക്കയെന്നിയെ
 പരിചൊടു മമ ഭുജബലമിഹ ഭവനേ
 പരജനപരിഭവ വിഹിതം കലയേ”
(“സോദരന്മാരേ..........................നല്‍കീടുന്നഹോ”)
{സോദരന്മാരേ ഇത് നന്നായി. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിന് ഏറ്റവും മോദത്തെ ലഭിക്കുന്നു. ഇതിലധികം കൌതുകമായി വേറേ എന്തുണ്ട്? വിധിവിഹിതമാണന്നാണ് മനസ്സില്‍ തോന്നുന്നത്. മനസാ ഭജിച്ച് ജഗദാധാരനായിരിക്കുന്ന ധാതാവിനോട് വാങ്ങിയ വരം കേള്‍ക്കുന്നവര്‍ക്ക് പരിഹാസിക്കാന്‍ പാകത്തിനായി തീര്‍ന്നത് അത്ഭുതം തന്നെ. മതി, മതി, നിങ്ങള്‍ പറഞ്ഞ വാക്കുകളെല്ലാം മനസ്സിലോര്‍ക്കുമ്പോള്‍ വളരെ കുതൂഹലം തോന്നുന്നു. ഈരേഴ് പതിനാല് ലോകങ്ങളും ജയിക്കാന്‍ ഞാനേകന്‍ മതിയാകും. കൊള്ളാവുന്നവര്‍ കേട്ടാല്‍ നിന്ദിക്കയല്ലാതെ പോരാത്തവരെ ക്കൊണ്ട് എന്തുഫലം? ഈ ലോകത്തില്‍ എന്റെ കരബലം ഉടനെ ശത്രുക്കളെ ദു:ഖിപ്പിക്കും.}

ശേഷം ആട്ടം-
രാവണന്‍:(കുംഭകര്‍ണ്ണന്റെ കൈയ്യില്‍ പിടിച്ചുനിര്‍ത്തി ആപാദചൂടം വീക്ഷിച്ചിട്ട്, ആത്മഗതമായി) ‘ഇവന്‍ കണ്ടാല്‍ ഏറ്റവും യോഗ്യന്‍‘ (കുംഭകര്‍ണ്ണനോട്) ‘കഷ്ടം! ജന്മം നിഷ്ഫലമാക്കിയല്ലോ നീ. ഇനി എന്റെ മുന്നില്‍ വന്ദിച്ചു നില്‍ക്കരുത്. നിനക്ക് സുഖമായി ശയിക്കുവാന്‍ ഒരു ഗൃഹം തരുന്നുണ്ട്. അവിടെ പോയി ഇഷ്ടം പോലെ ഉറങ്ങിയാലും’ (കുംഭകര്‍ണ്ണന്‍ ഉറക്കം തൂങ്ങുന്നതുകണ്ട് ക്ഷോഭിച്ച് എഴുന്നേറ്റ്) ‘പോ, പോ, പോവില്ലെ? നോക്കിക്കോ’
നാലാമിരട്ടിമേളത്തോടെ രാവണന്‍ കുംഭകര്‍ണ്ണന്റെ കഴുത്തില്‍ പിടിച്ച് തള്ളി അയക്കുന്നു. കുംഭകര്‍ണ്ണന്‍ നിഷ്ക്രമിക്കുന്നു. വീണ്ടും പീഠത്തില്‍ വന്നിരിക്കുന്ന രാവണനെ വിഭീഷണന്‍ കുമ്പിടുന്നു.
രാവണന്‍:(വിഭീഷണന്റെ കൈയ്യില്‍ പിടിച്ചുനിര്‍ത്തി കേശാദിപാദം വീക്ഷിച്ചിട്ട്, ആത്മഗതമായി) ‘ഇവനെ കണ്ടാല്‍ അതി മനോഹരന്‍’ (വിഭീഷണനോട്) ‘കഷ്ടം! ജാതിമഹിമ ലേശം പോലും വിചാരിച്ചില്ലല്ലോ? നിന്നെ ഇനി എന്റെ മുന്നില്‍ കാണരുത്. നിനക്ക് താമസിക്കാന്‍ ഒരു ഗൃഹം തരാം. അവിടെ ചെന്നിരുന്ന് വിഷ്ണുവിനെ ഭജിച്ചാലും. പോ’ (വിഭീഷണന്‍ നാരായണനാമം ജപിക്കുന്നതുകേട്ട് ക്രുദ്ധനായി ചെവിപൊത്തിക്കൊണ്ട് എഴുന്നേറ്റിട്ട്) ‘പോ, പോ, പോവില്ലെ? നോക്കിക്കോ’
നാലാമിരട്ടിമേളത്തോടെ രാവണന്‍ വിഭീഷണന്റെ കഴുത്തില്‍ പിടിച്ച് തള്ളി അയക്കുന്നു. വിഭീഷണന്‍ നിഷ്ക്രമിക്കുന്നു.
രാവണന്‍:(രംഗത്തേയ്ക്ക് ഓടിവന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കഷ്ടം! സഹോദരന്മാരേക്കൊണ്ട് എനിക്ക് ഒരു ഫലവും ഇല്ലാതെയായി. ഉം, എനിക്കാരും വേണ്ട. ഞാനൊരുവന്‍ മതി.
രാവണന്‍ നാലാമിരട്ടി ചവുട്ടിയിട്ട് സന്തോഷാഭിമാനങ്ങളോടെ പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

പതിനാലാം രംഗത്തിലെ രാവണന്റെ തന്റേടാട്ടത്തില്‍ തെക്കന്‍ ചിട്ടയനുസ്സരിച്ചുള്ള പ്രധാന വത്യാസങ്ങള്‍

*’ഞാന്‍ വൈശ്രവണന്റെ കൈയ്യും കാലും ബന്ധിച്ച് കൊണ്ടുവന്ന് അമ്മയുടെ പാദത്തില്‍ വന്ദിപ്പിച്ചേക്കാം‘ എന്നല്ല രാവണന്‍ കൈകസിക്ക് വാഗ്ദാനം നല്‍കുന്നത്. ‘വൈശ്രവണനെ ജയിച്ച് പുഷ്പകവിമാനവും വാങ്ങി അമ്മയുടെ കാല്ക്കല്‍ കൊണ്ടുവെച്ച് നമസ്ക്കരിക്കാം’ എന്നാണ്.

*രാവണന്‍ ‘എന്റെ തപസ്സ് കഴിയുവോളം അവിടെ നിന്ന് അനങ്ങരുത്.‘ എന്ന് ആദിത്യനോട് ആജ്ഞാപിക്കുന്നില്ല. നാലുഭാഗത്തും ഹോമകുണ്ഡങ്ങള്‍ ജ്വലിപ്പിച്ച് പൂജയും കഴിച്ചശേഷം മുകളിലേയ്ക്ക് ആദിത്യനും അഗ്നിജ്വാലയും ശരിയാണോ എന്ന് നോക്കുകമാത്രമാണ് ചെയ്യുക.

*‘എന്റെ ഒരു ശിരസ്സൊഴിച്ച് ബാക്കിയെല്ലാം അറുത്ത് ഹോമിക്കുക തന്നെ’ എന്നു തീരുമാനിച്ച രാവണന്‍ തലകള്‍ ഓരോന്നായിട്ടല്ല വെട്ടി ഹോമിക്കുന്നത്. ഇരു ഭാഗത്തുനിന്നും ഓരോ തലകള്‍ അറുത്തെടുത്ത് ഇരുകൈകളും കൂട്ടിപിടിച്ച് ഇരുതലകളും ചേര്‍ത്താണ് ഹോമിക്കുന്നത്.

*തപസ്സില്‍ നിന്നും പിന്തിരിഞ്ഞ രാവണന്‍ നിശ്ചയദാര്‍ഢ്യത്തോടു കൂടി രംഗത്തേയ്ക്കുതന്നെ ഓടി വരുന്നതോടെ താളം ചെമ്പടയിലേയ്ക്ക് മാറുന്നില്ല. ‘ഇനി ശേഷിക്കുന്ന ഒരു ശിരസ്സുകൂടി അറുത്ത് ഹോമിക്കുകതന്നെ’ എന്നു കാട്ടുന്നതോടെ മേളം ഏകതാളത്തിലേയ്ക്ക് മാറുന്നു.

*തന്റെ നഷ്ടപ്പെട്ട ശിരസ്സുകള്‍ ഉണ്ടാവാനുള്ള വരമാണ് രാവണന്‍ ആദ്യമായി ആവശ്യപ്പെടുന്നത്. വരങ്ങള്‍ എല്ലാം വാങ്ങിയശേഷം ഇതുപോലെ തന്നെ തപസ്സുചെയ്യുന്ന തന്റെ സഹോദരര്‍ക്കും ആഗ്രഹം‌പോലെ വരങ്ങള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടാണ് ബ്രഹ്മാവിനെ അയക്കുന്നത്.

പതിനഞ്ചാം രംഗം

രാവണനും പത്നി മണ്ഡോദരിയുമായുള്ള ശൃഗാരപദമായിട്ടുള്ള 
ഈ രംഗം വളരെ കാലമായി നടപ്പിലില്ലാത്തതാണ്.

2009 ജൂൺ 17, ബുധനാഴ്‌ച

രാവണോത്ഭവം പതിനാറാം രംഗം

രംഗത്ത്- രാവണന്‍, മണ്ഡോദരി(കുട്ടിത്തരം സ്ത്രീവേഷം), ശൂര്‍പ്പണഖ(രണ്ടാംതരം കരിവേഷം), വിഭീഷണന്‍

ശ്ലോകം-രാഗം:സാവേരി
“നര്‍മ്മാലാപൈ:പ്രിയാന്താമിതി സമനുനയന്‍ ലാളയന്‍ കേളിഭേദൈ:
 ശര്‍മ്മാസീനോ ദശാസ്യസ്സുചിരമനുഭന്‍ കാന്തയാ തത്ര പുര്യാം
 ലങ്കായാം ശങ്കിതാത്മാ ഖലു വിബുധജനൈ: സുസ്ഥിതോയം കദാചില്‍
 പ്രാപ്യാഭ്യര്‍ണ്ണം ഭഗിന്യാ സ്മരപരവശയാ ശൂര്‍പ്പണഖ്യൈവമുക്ത:"
{നര്‍മ്മാലാപങ്ങളെ കൊണ്ട് തന്റെ പ്രിയയെ അനുനയിപ്പിച്ചുകൊണ്ടും പലവിധ കേളികളാല്‍ ലാളിച്ചുകൊണ്ടും ദശാസ്യന്‍ വിബുധജനങ്ങള്‍ വരാന്‍ ശങ്കിക്കുന്ന ആ ലങ്കയില്‍ സസുഖം ഇരിക്കവെ കാമപരവശയായി അടുത്തുവന്ന ഭഗിനി ഇപ്രകാരം പറഞ്ഞു.}

ശൂര്‍പ്പണഖയുടെ തിരനോട്ടം-
ശൂര്‍പ്പണഖയുടെ കരിവട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന ശൂര്‍പ്പണഖ ഇരുവശങ്ങലിലേയ്ക്കും ഗൗരവത്തിൽ നോക്കിയിശേഷം തിരശ്ശീലവിട്ട് ഒരു ചുഴിപ്പോടെ മുന്നിൽ നിലത്തേയ്ക്ക് ചാടുന്നു.
(താളം:അടന്തവട്ടം)
നേരെയും കോണുകളിലേയ്ക്കുമായി പ്രത്യേകരീതിയിൽ കാൽകുടഞ്ഞ് നൃത്തംവെച്ചശേഷം ശൂര്‍പ്പണഖ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് ഇടതുകാൽ പീഠത്തിലുയർത്തിവെച്ച് നിൽക്കുന്നു.
ശൂര്‍പ്പണഖ:(ദേഹമാകെ ഒന്നുനോക്കി അസഹ്യത നടിച്ചിട്ട്)'ഹായ്, ഹായ്, ദേഹം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇങ്ങിനെ പോര. അല്പം സൗന്ദര്യം ഉണ്ടാക്കണം' (പിന്നിൽനിന്നും തലമുടി എടുത്ത് മണപ്പിച്ച് ദുർഗന്ധം നടിച്ചിട്ട്)'ഛീ! ദുർഗന്ധം!' (തലമുടി ഇരുവശങ്ങളിലും പ്രത്യേകം എടുത്ത് എണ്ണപുരട്ടിമിനുക്കി, മാടി പിന്നിൽ കെട്ടിയശേഷം പൊഴിഞ്ഞ തലനാരിഴകളെ ചുരുട്ടി ഊതിപ്പറപ്പിച്ചുകളഞ്ഞിട്ട്)'ഇനി ഒരു പൊട്ടുകുത്തണം' (ചന്ദനം കൈയ്യിലെടുത്തിട്ട്)'ഇനി വെള്ളത്തിനെന്തുചെയ്യും?' (ചുറ്റും നോക്കി, ഒരുഭാഗത്ത് ഒരുത്തിയെ കണ്ടിട്ട് അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? തരില്ലേ? ഛീ!' (അവളെ നിന്ദിച്ചിട്ട് മറ്റൊരുത്തിയെ കണ്ട്, അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? ഇല്ലേ?' (പരിഭവവും വെറുപ്പും നടിച്ചിട്ട്)'എന്നാൽ കണ്ടുകൊൾവിൻ' (മുലഞെക്കി പാലെടുത്ത് ചന്ദനം ചാലിച്ച് കുറിയിട്ടശേഷം കണ്ണാടിനോക്കി തീരെ പിടിക്കാത്തമട്ടിൽ കുറി മായ്ച്ചുകളയുന്നു. കണ്ണാടിനോക്കിക്കൊണ്ട് വീണ്ടും കുറിതൊട്ടിട്ട്)'ഭേഷ്! ഒന്നാന്തരമായി' (തോടകൾ ഓരോന്നായി അഴിച്ചെടുത്ത് അവയും കാതുകളും തുടച്ചുവൃത്തിയാക്കി വീണ്ടും കാതിലുറപ്പിച്ചശേഷം കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചിട്ട്)'ഇനി കണ്ണെഴുതണം' (കണ്മഷിയെടുത്ത് കണ്ണിലെഴുതി നീറ്റൽ നടിച്ചിട്ട് കണ്ണാടിനോക്കി വൃത്തിയാക്കിയശേഷം ദേഹമാസകലം ഒന്നുനോക്കി തൃപ്തിപ്പെട്ടിട്ട്)'വിശേഷമായിരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങിനെ ഒരുങ്ങിയിട്ട് എന്തുകാര്യം? ആരുകാണുവാന്‍? എന്റെ കാമപൂര്‍ത്തിവരുത്തുവാന്‍ ഒരു മാര്‍ഗ്ഗമില്ലല്ലോ. ജേഷ്ഠനാകട്ടെ പത്നിയുമായി സദാ കാമകേളികളില്‍ മുഴുകി കഴിയുന്നു. ഇനി ഞാന്‍ എന്തു ചെയ്യട്ടെ?’ (ആലോചിച്ചിട്ട്) ‘ഏതായലും ഇനി ജേഷ്ഠനെ കണ്ട് തന്റെ അവസ്ഥ അറിയിക്കുകതന്നെ.’
ശൂര്‍പ്പണഖ നാലാമിരട്ടിയെടുത്തിട്ട് തിരശ്ശീല ഉയര്‍ത്തുന്നു.

വീണ്ടും തിരശ്ശീല നീക്കുമ്പോള്‍ രാവണനും മണ്ഡോദരിയും വലതുഭാഗത്ത് പീഠങ്ങളില്‍ ഇരിക്കുന്നു. ഇടതുവശത്തുകൂടി പ്രവേശിക്കുന്ന ശൂര്‍പ്പണഖ രാവണനെ കുമ്പിട്ട് അനുഗ്രഹം വാങ്ങിയശേഷം പദാഭിനയമാരംഭിക്കുന്നു.

പദം-രാഗം:സാവേരി, താളം:ചെമ്പട
ശൂര്‍പ്പണഖ:
ചരണം1:
“കേള്‍ക്കേണമെന്നുടയ വാക്കേവം ചൊല്ലീടുന്ന-
 തോര്‍ക്കേണമൊരുസുഖവും വേണ്ടയെന്നോ എനിക്കു”
ചരണം2:
“ഊക്കേറിന വീരന്മാര്‍കളിലഗ്രനായ്മേവീടുന്ന
 അഗ്രജ മമ പാണിഗ്രഹണം നീ ചെയ്യിക്കേണം”
ചരണം3:
“വന്നുകരയേറി യൌവനം ഇന്നു വൃഥാ ഭവിച്ചു
 എന്നു ഞാന്‍ ഭര്‍ത്താവോടു ചേര്‍ന്നു വസിക്കേണ്ടു”
ചരണം4:
“ഭര്‍ത്താവൊഴിഞ്ഞൊരാശ്രയം മുഗ്ദ്ധാക്ഷിമാര്‍ക്കില്ലല്ലോ
 നക്തഞ്ചരവര പ്രസിദ്ധമല്ലോ മഹാത്മന്‍”
ചരണം5:
“നാരീജനമാനസമേറ്റം സ്വൈരാഭിലാഷിയല്ലോ
 ഭാര്യാശീലം ഭവാനു പരിചയമുണ്ടല്ലോ”
{എന്റെ ഈ വാക്കുകള്‍ കേള്‍ക്കേണമേ. ഓര്‍ക്കേണമേ, എനിക്ക് ഒരു സുഖവും വേണ്ടയെന്നോ? ബലശാലികളായ വീരന്മാരില്‍ മുന്‍പനായി വിലസുന്ന ജേഷ്ഠാ, എന്റെ പാണിഗ്രഹണം നീ ചെയ്യിക്കേണം. വന്നു നിറഞ്ഞ യൌവനം ഇന്ന് വെറുതേയായിതീര്‍ന്നു. എന്നാണ് ഞാന്‍ ഭര്‍ത്താവിനോട് ചേര്‍ന്ന് വസിക്കേണ്ടത്? രാക്ഷസപ്രമുഖനായ മഹാത്മാവേ, സുന്ദരികള്‍ക്ക് ഭര്‍ത്താവൊഴിഞ്ഞ് ഒരാശ്രയവും ഇല്ലായെന്ന് പ്രസിദ്ധമാണല്ലോ. സ്ത്രീകള്‍ ഏറ്റവും സ്വൈരാഭിലാഷികളാണല്ലോ. ഭാര്യാശീലം ഭവാന് പരിചയമുള്ളതല്ലെ?}

രാവണന്‍:
ചരണം6:
“വത്സേ തവ പാണിഗ്രഹണം വൈകാതെ ചെയ്യിപ്പാനായി
 ഉത്സാഹം ചെയ്തീടുന്നേന്‍ നല്‍‌സുഖം വാഴ്ക നീയും”
{വത്സേ, നിന്റെ പാണിഗ്രഹണം വൈകാതെതന്നെ ചെയ്യിപ്പാനായി ഉത്സാഹിക്കുന്നുണ്ട്. നീ സസുഖം വസിച്ചാലും.}

ശൂര്‍പ്പണഖ സന്തോഷത്തോടെ രാവണനെകുമ്പിട്ട് അനുഗ്രഹം വാങ്ങി നിഷ്ക്രമിക്കുന്നു. ഉടനെ വിഭീഷണന്‍ പ്രവേശിച്ച് രാവണനെ കുമ്പിടുന്നു. രാവണന്‍ അനുഗ്രഹിച്ചിട്ട് പദാഭിനയം തുടരുന്നു.

രാവണന്‍:
ചരണം7:
“അദ്യാതിവീരന്മാര്‍കളിലഗ്രനായ്മേവീടുന്ന
 വിദ്യുജ്ജ്വിഹനെയിങ്ങു വരുത്തുക വിഭീഷണ”
{മഹാവീരന്മാരില്‍ മുന്‍പനായിരിക്കുന്ന വിദ്യുജ്ജ്വിഹനെ ഇങ്ങോട്ട് വരുത്തുക വിഭീഷണ.}

ശേഷം ആട്ടം-
രാവണന്‍:‘അല്ലയോ വിഭീഷണ, നമ്മുടെ സോദരിയെ പാതാളരാജാവായ വിദ്യുജ്ജ്വിഹന് വിവാഹം കഴിച്ചു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ നീ വേഗം ചെന്ന് വിവരം ധരിപ്പിച്ച് അവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരിക.
വിഭീഷണന്‍ അനുസ്സരിച്ച്, കുമ്പിട്ട് നിഷ്ക്രമിക്കുന്നു. രാവണന്‍ അനുഗ്രഹിച്ച് യാത്രയാക്കിയിട്ട് മണ്ഡോദരീസമീപം ഇരിക്കുന്നു.
-----(തിരശ്ശീല)-----