തോരണയുദ്ധം

കൊട്ടാരക്കര തമ്പുരാന്‍ രാമായണകഥ പൂര്‍ണ്ണമായി ആട്ടകഥാരൂപത്തില്‍ രചിച്ചതില്‍ ആറാമതായുള്ള ആട്ടകഥയാണ് തോരണയുദ്ധം. ശ്രീരാമദൂതനായി ലങ്കയിലെത്തി സീതയെ ദര്‍ശ്ശിച്ചശേഷം ശ്രീഹനുമാന്‍ പ്രമദാവനത്തിന്റെ തോരണത്തിങ്കല്‍(ഗോപുരത്തിങ്കല്‍) ഇരുന്ന് രാക്ഷസരുമായി ചെയ്ത യുദ്ധത്തിനെ സൂചിപ്പിക്കുന്നതാണ് ‘തോരണയുദ്ധം’ എന്ന പേര്.
.
കഥാസംഗ്രഹം
.
ബാലിവധാനന്തരമുള്ള കിഷ്കിന്ധാകാണ്ഡകഥയും ഹനുമാന്‍ ലങ്കാദഹനം നടത്തി മടങ്ങിയെത്തുന്നതുവരേയുള്ള സുന്ദരകാണ്ഡകഥയുമാണ് തോരണയുദ്ധം ആട്ടകഥയുടെ ഇതിവൃത്തം.
.
ബാലിവധാനന്തരം സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവായിവാഴിച്ചശേഷം ശ്രീരാമന്‍ ലക്ഷ്മണനോടൊപ്പം സമീപത്തുള്ള കാനനത്തിലെ ഒരു ഗുഹയില്‍ വസിച്ചു. വര്‍ഷകാലം കഴിഞ്ഞിട്ടും സഖ്യം ചെയ്തതുപ്രകാരം സീതാന്വേഷണത്തിന് ശ്രമം നടത്താതെയിരിക്കുന്ന സുഗ്രീവന്റെ നേര്‍ക്ക് കോപം തോന്നിയ ശ്രീരാമചന്ദ്രന്‍, ആ വാനരരാജാവിനെ കൂട്ടിക്കൊണ്ടുവരുവാന്‍ ലക്ഷ്മണനെ നിയോഗിക്കുന്നതാണ് ആദ്യരംഗം. ലക്ഷ്മണന്‍ കിഷ്കിന്ധാഗോപുരദ്വാരത്തിങ്കല്‍ ചെന്ന് ലോകംവിറയ്ക്കുമാറ് ഞാണോലിയിട്ടു. അതുകേട്ട് വരുന്ന താര, സീതാന്വേഷണത്തിനായി നനാപര്‍വ്വതങ്ങളില്‍ നിന്നും വാനരരെ സുഗ്രീവന്‍ വിളിച്ചുവരുത്തിക്കൊണ്ടിരിക്കുകയാണെന്നും, അതിനാല്‍ കോപം അടക്കണമെന്നും ലക്ഷ്മണനോട് പറയുന്നു.തുടര്‍ന്ന് രണ്ടാം രംഗത്തില്‍ യുവരാജാവായ അംഗദനോടും മന്ത്രിമാരായ ഹനുമാന്‍, ജാബവാന്‍ എന്നിവരോടുംകൂടി സുഗ്രീവന്‍ ലക്ഷ്മണസമീപം വന്ന് സ്വീതാന്വേഷണത്തിന് കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിക്കുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് ശ്രീരാമസമീപം വന്ന് വന്ദിക്കുന്നു രംഗം മൂന്നില്‍. രാമനിര്‍ദ്ദേശാനുസ്സരണം സുഗ്രീവന്‍ വാനരപ്രമുഖരെ ഓരോരോ ദിക്കുകളിലേക്ക് സീതാന്വേഷണാര്‍ത്ഥം അയക്കുന്നു. ഈ സമയത്ത് ദക്ഷിണദിക്കിലേക്കുപോകുന്ന ഹനുമാനെ വിളിച്ച് ശ്രീരാമസ്വാമി അടയാളമായി ‘അത്ഭുതാംഗുലീയം’ ഏല്‍പ്പിക്കുന്നു. ദക്ഷിണദിക്കിലേക്കുപോകുന്ന വാനരരെ വഴിയില്‍ അയഗ്രീവന്‍ എന്ന രാക്ഷസന്‍ എതിര്‍ക്കുന്നതും, അംഗദന്‍ അവനെ എതിര്‍ത്ത് വധിക്കുന്നതുമാണ് നാലാം രംഗത്തില്‍. രംഗം അഞ്ചില്‍ സഞ്ചരിച്ച് തളര്‍ന്ന അംഗദാദികള്‍ സ്വയം‌പ്രഭയെന്ന താപസിയുടെ ആശ്രമത്തില്‍ അഥിത്യം സ്വീകരിച്ച് ക്ഷീണമകറ്റി യാത്രതുടരുന്നു. വീണ്ടും സഞ്ചരിച്ച് ദക്ഷിണഭാഗത്ത് സമുദ്രതീരത്തെത്തുന്ന അംഗദാദിവാനരര്‍ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ദു:ഖിക്കുന്നു. ഈ സമയത്ത് സമ്പാതിയെന്ന പക്ഷിശ്രേഷ്ഠനെ ഇവര്‍ കണ്ടുമുട്ടുന്നു. സീത സമുദ്രത്തിലുള്ള ലങ്കാദ്വീപില്‍ ഉണ്ടെന്നും സമുദ്രം ചാടികടക്കുന്നവര്‍ക്ക് സീതയെ കാണാനാകുമെന്നും സമ്പാതി വാനരരെ അറിയിക്കുന്നു. ഈ ഭാഗമാണ് രംഗം ആറില്‍. ഏഴാം രംഗത്തില്‍ ജാബവാന്‍ പൂര്‍വ്വചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഹനുമാനില്‍ ആത്മവിശ്വാസം വളര്‍ത്തി സമുദ്രതരണത്തിന് പ്രാപ്തനാക്കുന്നു. ഹനുമാന്‍ സമുദ്രതരണം ചെയ്യുന്ന ഭാഗമാണ് എട്ടാം രംഗം. രംഗം ഒന്‍പതില്‍ ലങ്കയിലെത്തുന്ന ഹനുമാനെ ലങ്കാലക്ഷ്മി തടയുന്നു. ഹനുമാന്റെ താഡനമേറ്റ് ലങ്കാലക്ഷ്മിക്ക് ശാപമോക്ഷം ലഭിക്കുന്നു. തുടര്‍ന്ന് ലങ്കാനഗരിയില്‍ പ്രവേശിവേശിച്ച് സീതയെ തിരഞ്ഞ് അശോകവനികയില്‍ എത്തുന്ന ഹനുമാന്‍ ശിംശപാവൃക്ഷമൂലത്തില്‍ രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് ഇരിക്കുന്ന സീതയെ കണുന്നു. ഈ സമയത്ത് രാവണന്‍ അവിടെക്കുവരുന്നതു കണ്ട് ഹനുമാന്‍ പെട്ടന്ന് വൃക്ഷശിഘരത്തില്‍ കയറി ഒളിച്ചിരിക്കുന്നു. അന്ത:പുരത്തില്‍ മണ്ഡോദരിയോടോപ്പം രമിക്കുന്ന രാവണന്‍ സീതയെ ഓര്‍ത്ത് കാമവിവശനാകുന്നതും, സര്‍വ്വപ്രൌഢിയോടും കൂടി ‘അഴകുരാവണ‘നായി അശോകവനികയിലെത്തി വസ്ത്രാഭരണങ്ങളാലും മധുരവചനങ്ങളാലും സീതയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ഭാഗമാണ് പത്താം രംഗം. തന്നെ രാമനുനല്‍കി രാമപാദത്തില്‍ ശരണം പ്രാപിക്കുന്നതാണ് നിനക്ക് നല്ലതെന്നുള്ള സീതയുടെ വചനം കേട്ട് ക്രുദ്ധിച്ച രാവണന്‍ ചന്ദ്രഹാസമെടുത്ത് സീതയെ വെട്ടാന്‍ ഓങ്ങുന്നു. ഈ സമയത്ത് മണ്ഡോദരി അവിടെയെത്തി രാവണനെ തടയുന്നു. പതിനൊന്നാം രംഗത്തില്‍ ത്രിജട മറ്റുരാക്ഷസസ്ത്രീകളോടും സീതയോടുമായി തന്റെ സ്വപ്നവൃത്താന്തം അറിയിക്കുന്നു. രാക്ഷസസ്ത്രീകള്‍ അടുത്തില്ലാത്ത സമയം നോക്കി ഹനുമാന്‍ സീതയെ സമീപിച്ച് വൃത്താന്തങ്ങള്‍ അറിയിച്ച് രാമദത്തമായ അത്ഭുതാഗുലീയം സീതയ്ക്ക് കൈമാറുന്ന ഭാഗമാണ് പന്ത്രണ്ടാം രംഗം. സീത രാമനെയേല്‍പ്പിക്കുവാനായി ആശ്ചര്യചൂഡാമണി ഹനുമാന്റെ കൈയ്യില്‍ നല്‍കുന്നു. ഒരുമാസത്തിനുള്ളില്‍ രാമസ്വാമി വാനരസേനയുമായി ഇവിടെയെത്തി ദേവിയെ രക്ഷിക്കും എന്നുപറഞ്ഞ് സീതയെ ആശ്വസിപ്പിച്ചശേഷം ഹനുമാന്‍ പ്രമദാവനത്തിലേക്ക് നീങ്ങുന്നു. പ്രമദാവനം തല്ലിതകര്‍ക്കുന്ന ഹനുമാന്‍, എതിരെ വരുന്ന ഉദ്യാനപാകരേയും സൈനീകരേയും വധിക്കുന്നു. രംഗം പതിമൂന്നില്‍ ഈ വിവരങ്ങളറിഞ്ഞുവന്ന് ഹനുമാനോട് എതിരിടുന്ന രാവണപുത്രനായ അക്ഷകുമാരനേയും ഹനുമാന്‍ വധിക്കുന്നു. ഇതറിഞ്ഞ് കോപിഷ്ടനാകുന്ന രാവണനോട് പുത്രന്‍ ഇന്ദ്രജിത്ത് ‘മര്‍ക്കടനെ വധിക്കാന്‍ ഞാന്‍ പോരും’ എന്നു പറഞ്ഞ് യുദ്ധത്തിനുപുറപ്പെടുന്നു രംഗം പതിനാലില്‍. പതിനഞ്ചാം രംഗത്തില്‍ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രപെയോഗത്താല്‍ ഹനുമാനെ ബന്ധിക്കുന്നു. ബന്ധിതനായ ഹനുമാനെ രാവണസമക്ഷം ഹാജരാക്കുന്നു രംഗം പതിനാറില്‍. ഹനുമാന്റെ ധിക്കാരവാക്കുകള്‍ ശ്രവിച്ച് കുപിതനായിതീരുന്ന രാവണന്‍ ‘ഈ മര്‍ക്കടന്റെ വാലില്‍ തുണിചുറ്റി തീകൊളുത്തി അയക്കാന്‍’ ആജ്ഞാപിക്കുന്നു. വാലില്‍ കൊളുത്തിയ തീകൊണ്ട് ലങ്കചുട്ടെരിച്ചിട്ട് ഹനുമാന്‍ മടങ്ങുന്നു. സമുദ്രം തരണംചെയ്ത് ഹനുമാന്‍ അംഗദാദികളുടെ സമീപം എത്തുന്ന ഭാഗമാണ് രംഗം പതിനേഴ്. അന്ത്യ രംഗത്തില്‍ ശ്രീരാമന്റെയടുക്കല്‍ എത്തി ഹനുമാന്‍ നടന്ന കാര്യങ്ങളെല്ലാം അറിയിച്ച്, സീതാദേവി നല്‍കിയ ആശ്ചര്യചൂടാമണിയും സമര്‍പ്പിക്കുന്നു.
.
മൂലകഥയില്‍ നിന്നുള്ള വെതിയാനങ്ങള്‍
.
വാത്മീകിരാമായണത്തെ ഏതാണ്ട് അതേപടി പിന്തുടരുകയാണ് ആട്ടകഥയും ചെയ്തിരിക്കുന്നതെങ്കിലും, ഇതില്‍ കൂടിയാട്ടകഥകളായ ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഡാമണി’ യിലെ ‘അശോകവനികാങ്കം’, ഭാസന്റെ ‘അഭിഷേകനാടക’ത്തിലെ ‘തോരണയുദ്ധാങ്കം’ എന്നിവയുടെ സ്വാധീനം പ്രകടമായി കാണാം.
.
1.സീതക്കുനല്‍കുവാനായി രാമന്‍ ‘രാമനാമാങ്കിതമായ അംഗുലീയ’വും തിരിച്ച് രാമനുനല്‍കാനായി സീത ‘ചൂഡാമണിയും’ ഹനുമാന്റെ കൈവശം കൊടുത്തയച്ചു എന്നുമാത്രമെ മൂലകഥയില്‍ പറയുന്നുള്ളു. എന്നാല്‍ ആട്ടകഥയിലാകട്ടെ ‘ആശ്ചര്യചൂഡാമണി’ നാടകത്തിലേതുപോലെ രാമന്‍ കൊടുത്തയക്കുന്നത് ഋഷിമാര്‍ അനുഗ്രഹിച്ചു നല്‍കിയ ‘അത്ഭുതാഗുലീയവും’, സീത കൊടുത്തയക്കുന്നത് ‘ആശ്ചര്യചൂഡാമണി’യുമാണ്.
.
2.മൂലകഥയില്‍ സീതയെ വെട്ടാന്‍ ചന്ദ്രഹമെടുക്കുന്ന രാവണനെ തടയുന്നത് ‘ധന്യമാലി’ എന്ന രാവണപത്നിയാണ്. എന്നാല്‍ ആട്ടകഥയില്‍ ‘ആശ്ചര്യചൂഡാമണി’ നാടകത്തെ അവലംബിച്ച് മണ്ഡോദരിയാണ് രാവണനെ തടയുന്നത്.
.
രംഗാവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
.
1.മുറിയടന്ത താളത്തിലുള്ള സമുദ്രലംഘനസഞ്ചാരം, മൈനാകത്തോടുള്ള കേട്ടാടല്‍, സുരസയെ ജയിച്ച് മുന്നേറുന്നതിന്റെ പകര്‍ന്നാട്ടശൈലിയിലുള്ള സംഭവാഖ്യാനം, നാലാമിരട്ടിമേളത്തോടെ ഛായാഗ്രഹണിയെ വധിക്കല്‍, ചെമ്പടതാളത്തിലേക്ക് പകര്‍ന്നുകൊണ്ട് ലങ്കയെ പ്രാപിക്കല്‍, ഇങ്ങിനെയുള്ള എട്ടാം‌രംഗത്തിലെ ഹനുമാന്റെ ആട്ടങ്ങളെല്ലാം മേളക്കൊഴുപ്പോടെ സംവിധാനം ചെയ്തിരിക്കുന്നവയാണ്.
.
2.പത്താംരംഗത്തില്‍ പ്രവേശിക്കുന്ന രാവണന് സാധാരണകത്തിവേഷങ്ങളേപ്പോലെ തിരനോട്ടം ഇല്ല. ഇവിടെ വലന്തലമേളത്തില്‍ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ട് അന്ത:പുരത്തില്‍ വസിക്കുന്നരീതിയിലാണ് രാവണന്‍ പ്രത്യക്ഷനാകുന്നത്. കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് തോരണയുദ്ധത്തിലെ രാവണന്‍. ബാലിവധം, രാവണോത്ഭവം, ബാലിവിജയം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍.
.
3.പത്താം രംഗത്തില്‍ തന്നെ, സീതയെ ഓര്‍ത്ത് മദനോഷ്ണബാധിതനായ രാവണന്റെ ‘വര്‍ഷവരാ’, ‘ഹിമകരഗര്‍ഭാ’, ‘രാജ്യച്യുതം’ എന്നീ ശ്ലോകങ്ങളുടെ ആട്ടങ്ങള്‍ സവിശേഷവും ചിട്ടപ്രധാനമായവയും ആണ്.
.
4.സീതയെ വെട്ടാനോങ്ങുന്ന രാവണനെ മണ്ഡോദരി എത്തി തടയുന്നതുമുതല്‍‍, ഇച്ഛാഭംഗത്താല്‍ ലജ്ജിച്ച് രാവണന്‍ മാറുന്നതുവരെയുള്ള പത്താം‌രംഗത്തിന്റെ അന്ത്യഭാഗത്ത് ഗായകര്‍ ചെമ്പടതാളമിട്ട് തോടി രാഗം ആലപിക്കും.
.
5.പന്ത്രണ്ടാം‌രംഗത്തിലെ ഹനുമാന്റെ പ്രമദാവനഭഞ്ജനവും കിങ്കരരുമായുള്ള യുദ്ധവും ലോകധര്‍മ്മി കലര്‍ന്നതും ജനരഞ്ജകവുമായ ഭാഗമാണ്.
.
6.പതിനാറാം‌രംഗത്തിന്റെ അന്ത്യത്തില്‍ ഹനുമാന്‍ ലങ്കാദഹനശേഷം പന്തങ്ങള്‍ കൈയ്യിലേന്തിക്കൊണ്ടുള്ള നാലാമിരട്ടിചവുട്ടല്‍ വിശേഷമായതാണ്.
.
ഇപ്പോള്‍ നടപ്പിലുള്ള അവതരണരീതി
.
ഒന്നുമുതല്‍ ഏഴ്വരേയുള്ള രംഗങ്ങള്‍ ഒഴിവാക്കി, ഹനുമാന്‍ സമുദ്രതരണം ചെയ്യുന്ന എട്ടാം രംഗം മുതലാണ് ഇപ്പോള്‍ സാധാരണയായി ഈ ആട്ടകഥ രംഗത്ത് അവതരിപ്പിച്ചുവരുന്നത്. പതിനൊന്നാം രംഗവും പന്ത്രണ്ടാം രംഗത്തില്‍ ഹനുമാന്റെ പ്രവേശത്തിനുള്ള പദവും, പതിനാല്, പതിനഞ്ച്, പതിനേഴ്, പതിനെട്ട് രംഗങ്ങളും ഇപ്പോള്‍ നടപ്പിലില്ല. പതിമുന്നാം രംഗത്തില്‍ അക്ഷകുമാരനും, പതിനാറാം രംഗത്തില്‍ ഇന്ദ്രജിത്തും ഉണ്ടായിരിക്കില്ല. യുദ്ധാവസാനത്തില്‍ പ്രഹസ്താദി രാക്ഷസര്‍ ഹനുമാനെ ബന്ധിച്ച് കൊണ്ടുപോയി രാവണസന്നിധിയില്‍ ഹാജരാക്കുന്നതായാണ് രംഗത്ത് അവതരിപ്പിക്കുക പതിവ്.

സീതാസ്വയംവരം 1മുതല്‍ 11വരേയുള്ള രംഗങ്ങള്‍

ഒന്നുമുതല്‍ പത്തുവരേയുള്ള രംഗങ്ങള്‍
.
ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

.
രംഗം പതിനൊന്ന്
.
രംഗത്ത്-വിശ്വാമിത്രന്‍(രണ്ടാംതരം മഹര്‍ഷിവേഷം), ജനകന്‍(വെളുത്തമനയോലതേച്ച് വെളുത്തതാടി കെട്ടിയ വേഷം), ശ്രീരാമന്‍(കുട്ടിത്തരം മുടിവെച്ചവേഷം), ലക്ഷ്മണന്‍(കുട്ടിത്തരം മുടിവെച്ചവേഷം), ദൂതന്മാര്‍, സീത(കുട്ടിത്തരം സ്ത്രീവേഷം)

.
ശ്ലോകം-രാഗം:മുഖാരി
“ഗൌതമന്‍ രാമനോടേഏവമങ്ങേവുമപ്പോള്‍
ഗാഥിസൂനുസ്സമോദം യാത്രയും ചൊല്ലിവേഗാല്‍
സാദരം ഭൂമിപന്‍ യാഗശാലാം വിവേശ
സാധുശീലസ്സരാജാ ഗാഥിസൂനും ബഭാഷേ”
{ഗൌതമമുനി ശ്രീരാമനോട് ഇങ്ങിനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഗാഥിസൂനുവായ വിശ്വാമിത്രന്‍ യാത്രചൊല്ലി വേഗത്തില്‍ ജനകഭൂമിപന്റെ യാഗശാലയിലേയ്ക്ക് എത്തിചേര്‍ന്നു.}
.
ഇരുവശങ്ങളിലും രാമലക്ഷ്മണമാരോടുകൂടി വിശ്വാമിത്രന്‍ ഇടതുവശത്തുനിന്നും ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു. വലതുഭാഗത്തിരിക്കുന്ന ജനകന്‍ വിശ്വാമിത്രനെ കണ്ട്, വണങ്ങി, വലതുവശത്തേയ്ക്ക് ക്ഷണിക്കുന്നു. വിശ്വാമിത്രന്‍ അനിഗ്രഹിച്ച് വലതുവശം വന്ന് പീഠത്തില്‍ ഇരിക്കുന്നു. രാമലക്ഷ്മണന്മാര്‍ ഇടതുവശത്ത് നില്‍ക്കുന്നു. ജനകന്‍ വിശ്വാമിത്രനെ കുമ്പിട്ട് പദാഭിനയം ആരംഭിക്കുന്നു.
.
വിശ്വാമിത്രന്‍‍(കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍) രാമ(കലാ:ബാലസുബ്രഹ്മണ്യന്‍)‌ലക്ഷ്മണന്മാരോടുകൂടി ജനക(കലാ:കുട്ടന്‍)സമീപത്തേക്ക് വരുന്നു
.
പദം-രാഗം:മുഖാരി, താളം:ചമ്പ
ജനകന്‍:
ചരണം1:
“ഗാഥിസുത മുനിതിലക സാധുഹിത നിന്നുടെ
പാദയുഗളം കാണ്‍കകൊണ്ടു
മോദമിയലുന്നു മാനസേ കണ്ണിണയു-
മതിതരാം സഫലമായ് വന്നുവല്ലോ മുനേ”
ചരണം2:
“ബാലരിവരേവര്‍ മുനേ ബലകുലനികേതനൌ
കലിതതൂണീര കോദണ്ഡൌ വിലസദസി ഭാസുരൌ
കളഭവരഗാമിനൌ
ഗളലസിത സിതരുചിര ഹാരശോഭാവിമൌ”
{ഗാഥിസുതാ, മുനിതിലകാ, സന്മാനസനായ അങ്ങയുടെ പാദയുഗളം കാണ്‍കയാല്‍ മനസ്സില്‍ സന്തോഷം വളരുന്നു. മുനേ, എന്റെ കണ്ണിണയും ഏറ്റവും സഫലങ്ങളായിതീര്‍ന്നു. ബലശാലികളുടെ കൂട്ടത്തിന് ഭൂഷണമായുള്ളവരും, അസ്ത്രങ്ങള്‍ നിറച്ച ആവനാഴിയും വില്ലുമേന്തിയവരും, സദസില്‍ ഏറ്റവും ശോഭയോടെ വര്‍ത്തിക്കുന്നവരും, ആനനടയോടുകൂടിയവരും, ഗളത്തില്‍ മനോഹരമായി വിലസുന്ന മാലയോടുകൂടിയവരുമായ ഈ ബാലന്മാര്‍ ആരാണ് മുനേ?}
.
വിശ്വാമിത്രന്‍:-രാഗം:മോഹനം
ചരണം3:
“ദശരഥനരേന്ദ്രനുടെ തനയരില്‍ ഭൂപതേ
വിശദഗുണ യാഗരക്ഷയ്ക്കു
കുശലമോടു ഞാനിങ്ങു കൊണ്ടുപോന്നിവരെയും
നിശിചരരെ കൊന്നിവരും രക്ഷിച്ചു യാഗവും”
ചരണം4:
“വരുമളവിലദ്ധ്വനി വിശാലപുരത്തില്‍
സുമതിയാം ഭൂപതിയെ കണ്ടു
വരഗൌതമാശ്രമേ ശിലയായി മേവീടു-
മഹല്യതന്‍ ശാപവും പോക്കിയല്ലോ”
ചരണം5:
“പുനരിവിടെ വന്നതും കാണ്മതിനു നിന്നേയും
മനസിജാരാതിയുടെ വില്ലും
മനുതിലകനാകിയൊരു രാമനു കാണ്മതിന്നു
മോഹമുണ്ടതിനെ നീ കാട്ടേണമല്ലോ”
{ഭൂപതേ, ദശരഥനരേന്ദ്രന്റെ തനയരാണിവര്‍. സത്ഗുണശീലാ, ഇവരെ ഞാന്‍ യാഗരക്ഷയ്ക്കായി കൊണ്ടുവന്നതാണ്. ഇവര്‍ രാത്രീഞ്ചരരെ കൊന്ന് എന്റെ യാഗത്തെ രക്ഷിച്ചു. വരും വഴിയില്‍ വിശാലപുരത്തില്‍ സുമതിരാജാവിനെ കണ്ടു. ഗൌതമാശ്രമത്തില്‍ ശിലയായികിടന്നിരുന്ന അഹല്യയ്ക്ക് ശാപമോക്ഷവും നല്‍കി രാ‍മന്‍. പിന്നെ നിന്നെയും ശൈവചാപത്തേയും കാണാനായി ഇവിടെ വന്നു‍. മനുതിലകനായ രാമന് ശിവന്റെ വില്ല് കാണുവാന്‍ മോഹമുണ്ട്. അതിനെ നീ കാട്ടിടേണം.}
.
“മനസിജാരാതിയുടെ വില്ലും‍” വിശ്വാമിത്രന്‍‍-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ജനകന്‍-കലാ:കുട്ടന്‍, ശ്രീരാമന്‍- കലാ:ബാലസുബ്രഹ്മണ്യന്‍
.
ജനകന്‍:(വിശ്വാമിത്രനോട്) ‘ചാപം ഉടനെതന്നെ വരുത്താം’
ഇടതുവശത്തുകൂടി ഭൃത്യര്‍ പ്രവേശിച്ച് ജനകനെ കുമ്പിടുന്നു.
ജനകന്‍:(അനുഗ്രഹിച്ചിട്ട്, ഭൃത്യരോട്) ‘ഉടന്‍ ശൈവചാപം ഇവിടെയ്ക്ക് കൊണ്ടുവരിക’
ഭൃത്യര്‍ അനുസ്സരിച്ച് കുമ്പിട്ട് നിഷ്ക്രമിക്കുന്നു.
.
ശ്ലോകം^-രാഗം:പന്തുവരാളി
“ജനകനഥ സഭായാന്ത്ര്യം‌ബകം പള്ളിവില്ലെ-
ജ്ജനിതകുതുകലീലം ദൂതസംഘൈരസംഖ്യൈ:
ദിനമണിഗണതുല്യം കൊണ്ടരിച്ചാശു ഭൂപന്‍ മുനികുലവരനോടങ്ങാദരാദാബഭാഷേ”
{ജനകന്‍ കൌതുകത്തോടെ വേഗം അസംഖ്യം ദൂതന്മാരേക്കൊണ്ട് സൂര്യതുല്യം പ്രകാശിക്കുന്നതായ ത്ര്യംബകം പള്ളിവില്ല് സഭയിലേയ്ക്ക് കൊണ്ടുവരീച്ചശേഷം ആദരവോടെ മുനിശ്രേഷ്ഠനോട് പറഞ്ഞു.}
.
[^ശ്ലോകംചൊല്ലുന്ന സമയത്ത് ദൂതന്മാര്‍ ത്ര്യംബകംവില്ല് കൊണ്ടുവന്ന് രംഗമദ്ധ്യത്തില്‍ വെച്ചിട്ട് വന്ദിച്ച് നിഷ്ക്രമിക്കുന്നു.]
.
പദം-രാഗം:പന്തുവരാളി, താളം:ചമ്പ

ജനകന്‍:
ചരണം1:
“കുശികസുത മുനിതിലക മഹിതചരിത
കുശലനയനിലയ കലി കലുഷരഹിത”
ചരണം2:
“ത്രിപുരഹരമഹിത കാര്‍മ്മുകമിതല്ലോ
നൃപനികരമിതിനെയെടുത്തതിവിവശമായി”
ചരണം3:
“ബാലനെങ്കിലുമിവന്‍ ചതുരനെങ്കില്‍
കുലയേറ്റി മുറിച്ചീടേണമിതിനെയധുനാ”
{കുശികസുതനായ മുനിതിലകാ‍, മഹിതമായചരിതമുള്ളവനേ, കുശലനയങ്ങള്‍ക്ക് ഇരിപ്പിടമായുള്ളവനേ, കലി കലുഷ രഹിതനായുള്ളവനേ, ത്രിപുരഹരമായുള്ള പള്ളിവില്ല് ഇതാണ്. വളരേ രാജാക്കന്മാര്‍ ഇത് എടുക്കുവാന്‍ ശ്രമിച്ച് വിവശരായിതീര്‍ന്നിട്ടുണ്ട്. ബാലനെങ്കിലും ഇവന്‍ മിടുക്കനെങ്കില്‍ ഇപ്പോള്‍ ഇതിനെ കുലയേറ്റി മുറിച്ചീടേണം.‍}
.
വിശ്വാമിത്രന്‍:
ചരണം4:
“ബാലനെങ്കിലുമിവന്‍ ദശരഥസുതന്‍
ചാലമതിയാകുമിതു മുറിചെയ്‌വതിനായി”
ചരണം5:
“നിന്മനോരഥമിന്നു കരയേറിടും
നന്മതിയതുള്ള നൃപനായക നൃപ”
ചരണം6:(രാമനോട്)
“രഘുതിലക പുരമഥനകാര്‍മ്മുകമിതു
സകലജനതരുണ കുലയേറ്റിമുറിക്കു”
{സന്മനസ്സുള്ള നൃപനായകാ, ബാലനെങ്കിലും ദശരഥസുതനായ ഇവന്‍ ധാരാളം മതിയാകും ഇതുമുറിക്കുവാനായി. നൃപാ, നിന്റെ മനോരഥം ഇന്ന് സാധ്യമാവും. രഘുവംശത്തിന് അലങ്കാരമായുള്ളവനേ, ശിവന്റെ ചാപമായ ഇതിനെ കുലയേറ്റി മുറിക്കു.}
.
ശ്രീരാമന്റെ പദം- രാഗം:ആനന്ദഭൈരവി
പല്ലവി:
കുശികസുത നിന്‍ കടാക്ഷത്തിനാലെ
പശുപതിശരാസനം ഖണ്ഡയാമി”
ചരണം1:
“ത്രൈലോക്യനാഥനാം ദേവദേവന്‍
കാലാരിതന്നുടെ ചരണയുഗളം
ചേലോടു നൌമിനതഭാഗ്യപുഞ്ജം
മാലാശയന്തന്നിലേലായ്‌വതിന്നായ്”
ചരണം9:
“അംബകുരുമയികൃപാം ശൈലതനയേ
അംബുജവിലോചനേ കംബുകണ്ഠീ
ത്രൈയംബകം ഖണ്ഡയാമി തരസാ
ത്രൈലോക്യനാഥന്‍ കടാക്ഷത്തിനാലെ”
{കുശികസുതാ, അവിടുത്തെ അനുഗ്രഹത്താല്‍ പശുപതിയുടെ ചാപം ഞാന്‍ ഖണ്ഡിക്കാം. എന്റെ മനസ്സില്‍ ദു:ഖം ഉണ്ടാകാതിരിക്കുവാനായി ത്രൈലോക്യനാഥനും ദേവന്മാരുടെദേവനുമായ കാലാരിയുടെ ചരണയുഗളം വഴിപോലെ നമിക്കുന്നേന്‍. ഇതിനു കഴിഞ്ഞത് എന്റെ സൌഭാഗ്യം. അമ്മേ, ശൈലതനയേ, എന്നില്‍ കൃപചെയ്താലും. അംബുജവിലോചനേ, ശംഖിനുസമാനമായ കഴുത്തഴകോടുകൂടിയവളേ, ത്രൈലോക്യനാഥന്റെ അനുഗ്രഹത്താല്‍ ഞാന്‍ ത്ര്യംബകം ഖണ്ഡിക്കാനൊരുങ്ങുന്നു.}
.
“അംബകുരുമയികൃപാം”വിശ്വാമിത്രന്‍‍-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ജനകന്‍-കലാ:കുട്ടന്‍, ശ്രീരാമന്‍- കലാ:ബാലസുബ്രഹ്മണ്യന്‍
.
ശേഷം ആട്ടം-
ശ്രീരാമന്‍ ശ്രീപരമേശ്വരനെ സ്മരിച്ച്, വിശ്വാമിത്രമുനിയേയും ജനകനേയും വണങ്ങി അനുവാദം വാങ്ങി, ത്ര്യൈബകത്തിനെ മൂന്നുവട്ടം പ്രദക്ഷിണം ചെയ്ത് വണങ്ങി, വില്ലെടുത്ത് ഞാണ്‍ വലിച്ചുമുറുക്കി, കുലച്ച് ഖണ്ഡിക്കുന്നു.
.
ശ്രീരാമന്‍(കലാ:ബാലസുബ്രഹ്മണ്യന്‍) ത്ര്യൈബകം ഖണ്ഡിക്കുന്നു. വിശ്വാമിത്രന്‍‍-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ജനകന്‍-കലാ:കുട്ടന്‍
.
(വലന്തലമേളം)
ഇടതുവശത്തുനിന്നും സീത പ്രവേശിച്ച് ജനകപാര്‍ശ്വത്തില്‍ വന്നു നില്‍ക്കുന്നു. ജനകന്‍ സീതയെകൊണ്ട് ശ്രീരാമന്റെ കഴുത്തില്‍ വരണമാല്യമിടീക്കുന്നു. ശ്രീരാമന്‍ സീതയെ പാണിഗ്രഹണം ചെയ്ത് സ്വീകരിക്കുന്നു. രാമനും സീതയും ജനകനേയും വിശ്വാമിത്രനേയും കുമ്പിട്ട് അനുഗ്രഹം വാങ്ങുന്നു. എല്ലാവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
.
സീത(കലാ:മുകുന്ദന്‍) ശ്രീരാമന്റെ(കലാ:ബാലസുബ്രഹ്മണ്യന്‍) കഴുത്തില്‍ വരണമാല്യമിടുന്നു
.

ശ്രീരാമന്‍(കലാ:ബാലസുബ്രഹ്മണ്യന്‍) സീതയെ(കലാ:മുകുന്ദന്‍) പാണിഗ്രഹണം ചെയ്ത് സ്വീകരിക്കുന്നു
.

സീതാസ്വയംവരം 12മുതല്‍ 15വരെയുള്ള രംഗങ്ങള്‍

പന്ത്രണ്ട്,പതിമൂന്ന്,പതിനാല് രംഗങ്ങള്‍
.

ഈ രംഗങ്ങള്‍ സാധാരണയായി ഇപ്പോള്‍ അവതരിപ്പിച്ചുവരുന്നില്ല.
.
രംഗം പതിനഞ്ച്

രംഗത്ത്-ദശരഥന്‍(പച്ചവേഷം), ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, പരശുരാമന്‍(കറുത്ത താടി കെട്ടിയ ഒന്നാം‌തരം മഹര്‍ഷിവേഷം^)
.
[^പണ്ട് തേച്ചവേഷം തന്നെയായിരുന്നു പരശുരാമന്റേതും. ബലരാമന്റേതുപോലെയുള്ള വേഷം കെട്ടി, ചുട്ടിക്കുതാഴെ നീണ്ട് ചുവന്നതാടി കെട്ടിയ രീതിയിലായിരുന്നു ഇത്. എന്നാല്‍ പാളത്താറുപോലെയുള്ള ഉടുത്തുകെട്ടും നീണ്ട കറുത്തതാടിയും കെട്ടിയ മഹര്‍ഷി(മിനുക്ക്) വേഷമായാണ് ഇന്നുകാണുന്നത്. രാജാരവിവര്‍മ്മയുടെ ആലേഖ്യത്തിലെ വേഷത്തെ അടിസ്ഥാനമാക്കി പത്മഭൂഷണ്‍ രാമന്‍‌കുട്ടിനായരുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തില്‍ ചിട്ടപ്പെടുത്തിയതാണ് പുതിയ ഈ പുതിയവേഷം. പിന്നീട് പത്മശ്രീ വാഴേങ്കിട കുഞ്ചുനായര്‍ കോട്ടക്കല്‍ കളരിയിലും ഈ പുതിയ വേഷവിധാനം നടപ്പിലാക്കി.]
.
ശ്ലോകം-രാഗം:ശങ്കരാഭരണം
“ഇത്ഥം കൃത്വാ വിവാഹം സുതരൊടു ജരഠന്‍ ഭൂമിപന്‍ പോകുമപ്പോള്‍
മദ്ധ്യേമാര്‍ഗ്ഗം മഹീയാന്‍ ഭൃഗുപതിരധികം ക്രുദ്ധനായ് തത്രവന്നു
രുദ്ധ്വാരാമം സതാതം പുരമഥനധനുര്‍ ഭംഗവും ചെയ്തുനീയി
ന്നദ്ധാ പോകുന്നതില്ലെന്നുരുതരപരുഷം പൂണ്ടു ചൊന്നാനിവണ്ണം”
{ഈവിധം വിവാഹിതരായ സുതരോടുകൂടി വൃദ്ധനായ ഭൂമിപന്‍ പോകുമ്പോള്‍ മാര്‍ഗ്ഗമദ്ധ്യേ ഭൃഗുപതി അതീവക്രുദ്ധനായി വന്നെത്തി. രാമനേയും താതനേയും തടഞ്ഞ്, ‘പുരമഥനന്റെ ധനുസ്സ് മുറിച്ച നീ സൈര്യമായി പോവില്ല’ എന്ന് ദേഷ്യത്തോടെ പറഞ്ഞു.}
.
ഇടതുവശത്തുനിന്നും ദശരഥനും രാമനും സീതയും ലക്ഷ്മണനും ‘കിടതകധിം,താ’മോടെ പ്രവേശിച്ച്, രംഗമദ്ധ്യത്തിലേക്ക് നീങ്ങുന്നു. പെട്ടന്ന് വലതുഭാഗത്തുകൂടി മഴുവും വൈഷ്ണവചാപവും ധരിച്ചുകൊണ്ട് ക്രുദ്ധനായ പരശുരാമന്‍ പ്രവേശിച്ച്, രാമനെ തടയുന്നു. ദശരഥാദികള്‍ ഭാര്‍ഗ്ഗവരാമനെ വണങ്ങുന്നു.
പരശുരാമന്‍:‘എടാ, എടാ, മൂഢാ, എന്റെ ഗുരുവായ ശിവന്റെ ചാപം മുറിച്ചതെന്തിന്? ഞാന്‍ ഇന്ന് ക്ഷത്രിയരായ നിങ്ങളെയെല്ലാം നശിപ്പിക്കുന്നുണ്ട്, നോക്കിക്കോ.’
പരശുരാമന്‍ നാലാമിരട്ടിചവുട്ടിയിട്ട് പദം ആടുന്നു.

പരശുരാമന്‍(കോട്ട:നന്ദകുമാര്‍) പ്രവേശിച്ച് രാമനെ(സദനം ഭാസി)‌ തടയുന്നു
.
പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(മൂന്നാംകാലം)
പല്ലവി:
“ആരെടാ നടന്നീടുന്നു രാമനോടാ മൂഢാ
വീരനെങ്കിലെന്നെ നീ ജയിച്ചു പോകവേണം”
ചരണം1:
“ഘോരമായ ശൈവം വില്ലിനെ മുറിച്ചെന്നു നീ
പാരം മദഞ്ചിത്തതാരില്‍ കരുതീടവേണ്ടാ”
ചരണം2:
“വിഷ്ണുതന്റെ ഹുങ്കാരത്താല്‍ ഭഗ്നമായ ചാപം
ദുഷ്ട നീ മുറിച്ചതിന്നു ശൌര്യംകൊണ്ടല്ലേതും”
ചരണം3:
“ഉത്തമദശരഥന്റെ പുത്രനെങ്കിലും തേ
ചിത്രം ചിത്രം ദുര്‍മ്മദമുണ്ടേറെനല്ലതല്ല”
(“ആരെടാ നടന്നീടുന്നു രാമനോടാ .................”)
{ആരെടാ നടന്നീടുന്നു? മൂഢനായ രാമനോ? നീ വീരനാണേങ്കില്‍ എന്നെ ജയിച്ച് പോകണം. ഘോരമായ ശൈവചാപം മുറിച്ചെന്ന് നീ മനസ്സില്‍ വളരെ അഹങ്കരിക്കരുത്. വിഷ്ണുവിന്റെ ഹുങ്കാരത്താല്‍ മടങ്ങിയ ചാപം ദുഷ്ടനായ നീ ഇന്ന് മുറിച്ചത് ശൌര്യം കൊണ്ടല്ല. ഉത്തമനായ ദശരഥന്റെ പുത്രനെങ്കിലും നിന്റെ ഈ അത്ഭുതകരമാ‍യ ദുര്‍മ്മദം ഒട്ടും നല്ലതല്ല.}
“ആരെടാ നടന്നീടുന്നു” പരശുരാമന്‍-കോട്ട:നന്ദകുമാര്‍, ശ്രീരാമന്‍- സദനം ഭാസി
.
ശ്രീരാമന്‍:
ചരണം5:
“ഭാര്‍ഗ്ഗവ മുനിതിലക പോവതിന്നെനിക്കു
മാര്‍ഗ്ഗന്നീ തരേണമല്ലോ മാമുനികുലേശ”
{മാമുനികളുടെ കൂട്ടത്തിന് ഈശ്വരനായുള്ളവനേ, ഭാര്‍ഗ്ഗവാ, മുനിതിലകാ, എനിക്ക് പോവതിനായി മാര്‍ഗ്ഗത്തെ നീ തരേണമേ}

“മാര്‍ഗ്ഗന്നീ തരേണമല്ലോ” പരശുരാമന്‍-കോട്ട:നന്ദകുമാര്‍, ശ്രീരാമന്‍- സദനം ഭാസി

.
പരശുരാമന്‍:

ചരണം6:
“അല്പനായ രാജന്യകുമാരാ നീയെവിടെ ഇപ്പോള്‍
പോവതിനായിമാര്‍ഗ്ഗം ചോദിച്ചതു ചൊല്‍ക”
(“ആരെടാ നടന്നീടുന്നു രാമനോടാ .................”)
{നിസ്സാരനായ രാജകുമാരാ, നീ ഇപ്പോള്‍ എവിടെ പോകാനുള്ള മാര്‍ഗ്ഗമാണ് ചോദിച്ചത്? പറയുക}
.
ശ്രീരാമന്‍:
ചരണം7:
“മുന്നമെങ്ങുനിന്നു ഞാനിങ്ങു പോയെന്നാലങ്ങുതന്നെ
പോകുന്നതിനു ഞാന്‍ മര്‍ഗ്ഗത്തെത്തരിക”
{ഞാന്‍ മുന്‍പ് എങ്ങുനിന്ന് പോന്നുവോ അങ്ങോട്ടുതന്നെ പോകുന്നതിന് എനിക്ക് മാര്‍ഗ്ഗത്തെ തന്നാലും}

“മുന്നമെങ്ങുനിന്നു ഞാന്‍” പരശുരാമന്‍-കോട്ട:ദേവദാസ്‍,
ശ്രീരാമന്‍- പള്ളിപ്പുറം സുനില്‍
.
പരശുരാമന്‍:
ചരണം8:
“ഉത്തരമെന്നോടിദാനീമിത്ഥമുരയ്ക്കാതെ
യുദ്ധം തന്നീടുക മമചെറ്റും വൈകിടാതെ”
(“ആരെടാ നടന്നീടുന്നു രാമനോടാ .................”)
{ഈ വിധം എന്നോട് ഉത്തരം പറയാതെ ഒട്ടും വൈകാതെ എനിക്ക് യുദ്ധം തന്നീടുക}
.
ശ്രീരാമന്‍:
ചരണം9:
“ഹേതുവൊന്നും കൂടാതെകണ്ടിപ്പോള്‍ യുദ്ധംചെയ്‌വാന്‍
ഏതൊരുവന്‍ മോഹിപ്പതു ചേതോഹരശീല”
{മനോഹരമായ ശീലത്തോടുകൂടിയവനേ, കാരണമൊന്നും കൂടാതെ ഇപ്പോള്‍ യുദ്ധംചെയ്യാന്‍ ഏതൊരുവന്‍ മോഹിക്കും?}
.
പരശുരാമന്‍:
ചരണം10:
“ദാശരഥിയായ രാമനെങ്കിലും ഭൂമിയില്‍
ഭാര്‍ഗ്ഗവരാമനെങ്കിലും രണ്ടിലൊന്നേയാവൂ”
{ദാശരഥിയായ രാമനൊ ഭാര്‍ഗ്ഗവരാമനോ രണ്ടിലൊന്നുമതി ഇനി ഭൂമിയില്‍}
.
ദശരഥന്റെ പദം-രാഗം:തോടി, താളം:ചെമ്പട
പല്ലവി:
“ഭൃഗുപതേ ഭാര്‍ഗ്ഗവ ദീനപരിപാലക
സുഖമരുള്‍ക മേ വിഭോ മഹിതചരിത”
ചരണം1:
“ബാലരാമെന്നുടയ തനയരിലഹോ മുനേ
നലമരുള്‍ക മുനിവര കോപമരുതേ”
ചരണം2:
“അടിമലരിലടിമപെടു മടിയനുടെ തനയരില്‍
അരുതരുതു കോപമതു കളക കളക”
ചരണം3:
“ദീനനാമെന്നുടെ തനയ വധമതില്‍നിന്നു
പരമമുനിപുംഗവ വിരമ വിരമ”
{ഭൃഗുസുതനായ ഭാര്‍ഗ്ഗവാ, ദീനപരിപാലകാ, വിഭോ, മഹിതമായ ചരിതത്തോടുകൂടിയവനേ, എനിക്ക് സുഖത്തെ അരുളിയാലും. ബാലരായ എന്റെ തനയരില്‍ കോപം അരുതേ. അവരെ അനുഗ്രഹിക്കേണമേ. അങ്ങയുടെ അടിമലരില്‍ അടിമപ്പെടുന്ന അടിയന്റെ തനയരില്‍ കോപം അരുതരുതേ. പരമമുനിപുംഗവാ, ദീനനായ എന്റെ തനയന്റെ വധോദ്യമത്തില്‍നിന്നും അങ്ങ് പിന്മാറിയാലും.}

“അരുതരുതു കോപമതു കളക”
.
ഇടശ്ലോകം-രാഗം:കേദാരഗൌഡം
“ഏവം പറഞ്ഞു പദമാശു നമിച്ച ഭൂപം^^
പാദേന തട്ടിയുടനേ ബഹുകോപമോടും
നീലാബുദാഭതനുഭാസുരമാശു രാമം
കമ്പിച്ചു ദേഹമതിഘോരമിവണ്ണമൂചേ”
{ഇങ്ങിനെ പറഞ്ഞ് പെട്ടന്ന് പാദത്തില്‍ നമസ്ക്കരിച്ച രാജാവിനെ വലുതായ കോപത്തോടെ ഉടനെ കാല്‍കൊണ്ട് തട്ടിമാറ്റിയശേഷം പരശുരാമന്‍ നീലമേഘശ്യാമളനായ രാമനോട് ദേഹം വിറപ്പിച്ചുകൊണ്ട് ഘോരതരമായി ഈവണ്ണം പറഞ്ഞു.}
.
[^^ശ്ലോകം ചൊല്ലുമ്പോള്‍ ദശരഥന്‍ പരശുരാമന്റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നു. പരശുരാമന്‍ ദശരഥനെ ചവുട്ടിമാറ്റുന്നു. ശ്രീരാമന്‍ ദശരഥനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നു.]
.
പദം-പരശുരാമന്‍:-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാംകാലം)
ചരണം1:
“രാജകുലാധമ നിന്നുടെ ചരിതം
രാജസമധിക മനോജ്ഞം”
പല്ലവി:
“രേ രേ രാഘവ രാമാ”
{എടാ, എടാ, രാഘവരാമാ, രാജകുലാധമാ, നിന്റെ ചരിതം രാജസവും അധിക മനോഹരവും തന്നെ. }
.
ശ്രീരാമന്‍:-രാഗം:ഭൈരവി, താളം:ചെമ്പട(മൂന്നാംകാലം)
ചരണം2:
“ശസ്ത്രവുമേന്തിയണഞ്ഞതു കണ്ടിട്ടത്ര നിനചേന്‍ മുനിവരനെന്നും”
പല്ലവി:
“ഭാര്‍ഗ്ഗവമുനിവര രാമ”
{മുനിവരനായ ഭാര്‍ഗ്ഗവരാമാ, ശസ്ത്രവുമായി വരുന്നതുകണ്ടപ്പോള്‍ മുനിവരനാണെന്ന് കരുതി. }
.
പരശുരാമന്‍:
ചരണം3:
“വൃദ്ധതരാമൊരു നിശിചരിയേ നീ
തത്ര ഹനിച്ചതു യുക്തമഹോ”
(“രേ രേ രാഘവ രാമാ”)
{ഹോ! ഏറ്റവും വൃദ്ധയായൊരു നിശിചരിയെ നീ കൊന്നത് വളരെ യുക്തം തന്നെ}

“തത്ര ഹനിച്ചതു യുക്തമഹോ” ശ്രീരാമന്‍-കോട്ട:കേശവന്‍
പരശുരാമന്‍-കോട്ട:ഹരിദാസന്‍
.
ശ്രീരാമന്‍:
ചരണം4:
“അവള്‍ മമ മാതാവല്ല മുനീന്ദ്ര
ശുഭതര ചരിത മഹാത്മന്‍”
(“ഭാര്‍ഗ്ഗവമുനിവര രാമ”)
{നല്ല ചരിതമുള്ള മഹാത്മാവേ, മുനീന്ദ്രാ, അവള്‍ എന്റെ മാതാവല്ല}


“അവള്‍ മമ മാതാവല്ല“ പരശുരാമന്‍-കലാ:രാമന്‍‌കുട്ടിനായര്‍,
ശ്രീരാമന്‍-കലാ:ബാലസുബ്രഹ്മണ്യന്‍
.
പരശുരാമന്‍:

ചരണം5:
“ക്ഷത്രിയവംശമശേഷം കൃത്തം
ചെയ്തവനഹമിതി കേട്ടില്ലേ നീ”
(“രേ രേ രാഘവ രാമാ”)
{ക്ഷത്രിയവംശം അശേഷം നശിപ്പിച്ചവനാണ് ഞാന്‍. നീയിത് കേട്ടിട്ടില്ലെ?}
.
ശ്രീരാമന്‍:
ചരണം6:
“സത്യമഹോ നീ ചൊന്നതു ഭാര്‍ഗ്ഗവ
ഉത്തമ ഞാനെവനാകുന്നു മുനേ”
(“ഭാര്‍ഗ്ഗവമുനിവര രാമ”)
{ഭാര്‍ഗ്ഗവരാമാ, ഹോ! അങ്ങുപറഞ്ഞതു സത്യം തന്നെ. ഉത്തമനായമുനേ, പിന്നെ ഞാന്‍ ആരാകുന്നു?}
.
പരശുരാമന്‍:
ചരണം7:
“പരിചൊടു നീ എന്നുടെ ചാപത്തെ
തരസാ കുലയേറ്റീടണമല്ലോ”
(“രേ രേ രാഘവ രാമാ”)
{ നീ പെട്ടന്ന് എന്റെ ചാപത്തെ വഴിപോലെ കുലയേറ്റണം}
.
പരശുരാമന്‍ വൈഷ്ണവചാപം പിടിച്ച് നില്‍ക്കുന്നു. ശ്രീരാമന്‍ വില്ല് പലവട്ടം തരുവാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ല. തുടര്‍ന്ന് ശ്രീരാമന്‍ പരശുരാമന്റെ കൈയ്യില്‍നിന്നും ചാപം ബലമായി പിടിച്ചുവാങ്ങി കുലയ്ക്കുന്നു. പരശുരാമന്‍ അതുകണ്ട് അത്ഭുതപെട്ട് നില്‍ക്കുന്നു. വില്ല് കുലച്ചുപിടിച്ചുകൊണ്ട് ശ്രീരാമന്‍ പദാഭിനയം തുടരുന്നു.


പരശുരാമ(കലാ:രാമന്‍‌കുട്ടിനായര്‍)നില്‍നിന്നും ശ്രീരാമന്‍(കലാ:ബാലസുബ്രഹ്മണ്യന്‍) ചാപം പിടിച്ചുവാങ്ങുന്നു
.
ശ്രീരാമന്‍:

ചരണം8:
“വില്ലുകുലച്ചു തൊടുത്തൊരു ബാണം
ചൊല്ലുക എവിടെ അയയ്ക്കണമെന്നു”
ചരണം9:
“ധരണീസുരനാം നിന്നെ കൊല്‍‌വാ-
നരുതെന്നിഹ ഞാന്‍ കരുതീടുന്നേന്‍”
ചരണം10:
“പുണ്യകുലം വാ മാനസ വേഗം
ഖണ്ഡിപ്പതിനുരചെയ്ക”
{വില്ലുകുലച്ച് തൊടുത്ത ഈ ബാണം എവിടെ അയയ്ക്കണമെന്ന് പറയുക. ബ്രാഹ്മണനായ നിന്നെ കൊല്ലുന്നത് ശരിയല്ലാ എന്ന് ഞാന്‍ കരുതുന്നു. പുണ്യകുലത്തേയോ മാനസവേഗത്തേയോ ഖണ്ഡിക്കേണ്ടത്? പറയൂ?}
.
ശ്ലോകം-രാഗം:മദ്ധ്യമാവതി
“ശ്രീരാമനേവമരുള്‍ചെയ്തതു കേട്ടുടന്താ-
നാലോക്യ രാമമധികം ഭൃഗുനന്ദനോപി
നാരായണം നയനഗോചരമാശു ദൃഷ്ട്വാ
പാരന്തെളിഞ്ഞു ഹൃദയേ നിജഗാദ രാമം”
{ശ്രീരാമന്‍ ഇപ്രകാരം അരുള്‍ചെയ്തതു കേട്ടയുടന്‍ ഭൃഗുനന്ദനന്‍ ശ്രീരാമനെ നല്ലവണ്ണം നോക്കി. മഹാവിഷ്ണുവിനെ ശ്രീരാമനില്‍ പ്രത്യക്ഷമായി കണ്ടിട്ട് സന്തുഷ്ടനായ ഭൃഗുരാമന്‍ പറഞ്ഞു.}
.
(വലന്തലമേളം)
പരമാര്‍ത്ഥം ബോദ്ധ്യമായ പരശുരാമന്‍ ശാന്തനായി, ഭക്തിപൂര്‍വ്വം ശ്രീരാമനെ പുണര്‍ന്നശേഷം പദാഭിനയം ആരംഭിക്കുന്നു.
.
പരശുരാമന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“ജയ ജയ രാമചന്ദ്ര ജാനകീപതേ”
ചരണം1:
“നാരായണ പാപഹര പാരായണ ജഗദീശ
പാരാവാരശായിന്‍ ദേവ നാരദാദിമുനിഗേയ”
ചരണം2:
“ചെയ്തു ഞാന്‍ പ്രതിജ്ഞ മുന്നം ക്ഷിതിയില്‍ മുഹുര്‍ത്തനേര-
മല്ലാതെ നില്ക്കയില്ലെന്നു കല്യ വൈകുന്നു പോവാനായ്”
ചരണം3:
“എന്നുടെ മനോവേഗത്തെ എന്നതിനാല്‍ കളയൊല്ല
പുണ്യരാശേ ഞാനാര്‍ജ്ജിച്ച പുണ്യലോകങ്ങളെ ഖണ്ഡിക്ക”
{രാമചന്ദ്രാ, വിജയിച്ചാലും. ജാനകീപതേ വിജയിച്ചാലും. നാരായണാ, പാപങ്ങളെ ഹരിക്കുന്നവനേ, ജഗദീശാ, അനന്തശായിയായുള്ളദേവാ, നാരദാദിമുനികളാല്‍ പുകഴ്ത്തപ്പെടുന്നവനേ, നിന്നെ ഭജിക്കുന്നേന്‍. ഭൂമിയില്‍ ഒരു മുഹുര്‍ത്ത നേരത്തിലധികം ഒരിടത്തും നില്‍ക്കുകയില്ലെന്ന് ഞാന്‍ മുന്‍പേ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. സമര്‍ത്ഥനായവനേ, പോവാനായി വൈകുന്നു. അതിനാല്‍ എന്റെ മനോവേഗത്തെ കളയരുതേ. പുണ്യരാശേ, ഞാന്‍ ആര്‍ജ്ജിച്ചിട്ടുള്ള പുണ്യലോകങ്ങളെ ഖണ്ഡിച്ചാലും.}
.
ശ്രീരാമന്‍ ബാണമയക്കുന്നു.
(വലന്തലമേളം അവസാനിപ്പിക്കുന്നു)


ശ്രീരാമന്‍(കോട്ട:കേശവന്‍) ബാണമയക്കുന്നു. (പരശുരാമന്‍-കോട്ട:ഹരിദാസന്‍)
.
പരശുരാമന്‍:
ചരണം4:-രാഗം:പുറന്നീര.
“നിന്നോടിളപ്പെട്ടതിനാ ലിന്നെനിക്കില്ലവമാനം
മന്നവ തപസ്സുചെയ്‌വാനിന്നി ഞാന്‍ പോകുന്നു രാമ”
{ഇന്ന് നിന്നോട് പരാജയപ്പെട്ടതിനാല്‍ എനിക്ക് അപമാനമില്ല. മന്നവാ, രാമാ, ഞാനിനി തപസ്സുചെയ്യുവാനായി പോകുന്നു.}


“ജയ ജയ രാമചന്ദ്ര” പരശുരാമന്‍-കലാ:രാമന്‍‌കുട്ടിനായര്‍, ശ്രീരാമന്‍-കലാ:ബാലസുബ്രഹ്മണ്യന്‍
.
ശേഷം ആട്ടം-

പരശുരാമന്‍:‘ഭൂമിയില്‍ വന്നവതരിച്ച അങ്ങയുടെ വൈഷ്ണവതേജസ്സ് കാണുവാന്‍ ആഗ്രഹിച്ചിട്ടാണ് ഞാന്‍ അങ്ങയോടു കയര്‍ത്തത്. ഇനി ഞാന്‍ തപസ്സുചെയ്യുവാനായി പോകട്ടെ’
അന്യോന്യം വന്ദിച്ചശേഷം പരശുരാമന്‍ നിഷ്ക്രമിക്കുന്നു.
ദശരഥന്‍:(ശ്രീരാമനെ ആശ്ലേഷിച്ചിട്ട്) ‘ഇനി നമുക്ക് അയോദ്ധ്യയിലേക്ക് പോവുകതന്നെ’
ദശരഥനും രാമന്‍ലക്ഷ്മണന്‍മാരും സീതയും നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----
.

പതിനഞ്ചാം രംഗത്തില്‍ കോട്ടക്കല്‍ ചിട്ടപ്രകാരമുള്ള പ്രധാന വത്യാസം
.
കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘം കളരിയില്‍ പത്മശ്രീ വാഴേങ്കിട കുഞ്ചുനായര്‍ ചിട്ടപ്പെടുത്തിയതനുസ്സരിച്ച് പതിനഞ്ചാം രംഗാരംഭത്തില്‍, ശ്ലോകത്തിനുശേഷം തിരശ്ശീലതാഴ്ത്തി പരശുരാമന്റെ കുറച്ച് ആട്ടം ഉണ്ട്. ഈ ആട്ടം കഴിഞ്ഞ് തിരശ്ശീല ഉയര്‍ത്തിയിട്ട് വീണ്ടും താഴുത്തുമ്പോഴാണ് ദശരഥാദികള്‍ രംഗത്തുവരുന്നത്.
പരശുരാമന്റെ ആട്ടം-
തിരശ്ശീല നീക്കുമ്പോള്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ പരശുരാമന്‍ തപസ്സില്‍ ഇരിക്കുന്നു. പെട്ടന്ന്‍ ഘോരമായ ഒരു ശബ്ദം കേട്ട് പരശുരാമന്‍ തപസ്സില്‍ നിന്നും ഞെട്ടിയുണരുന്നു.
പരശുരാമന്‍:‘അതിഘോരമായ ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്?’ (ശ്രദ്ധിച്ച്, ആകാശത്തില്‍ കണ്ട്) ‘അതാ ദേവകള്‍ പുഷ്പവൃഷ്ടി നടത്തുന്നു. കാരണമെന്ത്?’ (ഇരുവശവും ശ്രദ്ധിച്ച്, കേട്ടിട്ട്) ‘എന്ത്? ശ്രീരാമന്‍ ജയിക്കട്ടെ, ശ്രീരാമന്‍ ജയിക്കട്ടെ എന്നോ? ഞാനല്ലാതെ മറ്റൊരു രാമനോ?’ (വീണ്ടും ശ്രദ്ധിച്ചുകേട്ടിട്ട്) ‘ദേവകള്‍ പറയുന്നതെന്ത്? ദാശരഥിയായ ശ്രീരാമന്‍ ശൈവചാപം ഖണ്ഡിച്ചു‘ (പെട്ടന്ന് വളരെ കോപാവിഷ്ടനായി) ‘എന്ത്? എന്റെ ഗുരുനാഥന്റെ പൂജനീയമായ ശൈവചാപം കേവലം ഒരു രാജകുമാരന്‍ ഖണ്ഡിച്ചുകളഞ്ഞുവെന്നോ? ഇത് ഞാന്‍ സഹിക്കില്ല. അഹങ്കാരിയായ അവനെ ഞാന്‍ നശിപ്പിക്കുന്നുണ്ട്.’ (ദൂരെ എന്തോ കോലാഹലം കണ്ട് പീഠത്തില്‍ കയറി വീക്ഷിച്ചിട്ട്) ‘രാമനുള്‍പ്പെടെ നാലുരാജകുമാരന്മാരും പത്നിമാരോടും രാജപരിവാരങ്ങളോടും കുടി ഘോഷത്തോടേ വരികയാണ്. ഇവരെ വെറുതെവിട്ടുകൂടാ. ഇനി ഇവരുടെ വഴിതടുത്ത് രാമനെ എതിരിടുകതന്നെ’
പരശുരാമന്‍ നാലാമിരട്ടി എടുത്തിട്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
.