കാലകേയവധം ഏഴാം രംഗം

രംഗത്ത്- അര്‍ജ്ജുനന്‍(രണ്ടാംതരം പച്ചവേഷം) ‍,ഉര്‍വ്വശി, ഇന്ദ്രന്‍
.
ശ്ലോകം-രാഗം:കാമോദരി
“കല്‍പ്പദ്രുകല്പദ്രുപദേന്ദ്രപുത്രി-
സാരസ്യസാരസ്യ നിവാസഭൂമിം
നാളീകനാളീകശരാര്‍ദ്ദിതാ സാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ”
{കല്പകവൃക്ഷത്തിന് സമാനയായ ദ്രുപദരാജപുത്രിയുടെ ശൃഗാരവിലാസങ്ങള്‍ക്ക് ഇരിപ്പിടമായ അര്‍ജ്ജുനനോട് കാമബാണ പീഡിതയായ ഉര്‍വ്വശി ലജ്ജയോടെ പതുക്കെ ഇങ്ങിനെ പറഞ്ഞു.}
.
ഇടതുവശത്തുകൂടി പതിഞ്ഞ ‘കിടതകധീം,താ’മോടെ പ്രവേശിക്കുന്ന ഉര്‍വ്വശി വലതുഭാഗത്ത് വില്ലുകുത്തിപിടിച്ച് വീരഭാവത്തിലിരിക്കുന്ന അര്‍ജ്ജുനനെ കണ്ട്, ശൃഗാരം, കാമതാപം, ലജ്ജ, ആശ്രയഭാവം എന്നിവ നടിച്ച്, പദാഭിനയം ആരംഭിക്കുന്നു.
.
ഉര്‍വ്വശിയുടെ പദം-രാഗം:കാമോദരി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“സ്മരസായകദൂനാം പരിപാലയൈ നാം
സതതം ത്വദധീനാം”
അനുപല്ലവി:
“അരിവരനിരകളെ അരനിമിഷേണ
അറുതിപെടുത്തുന്നതിലതിനിപുണ”
(“സ്മരസായകദൂനാം..................”)
ചരണം1:
“കുരുവര തരിക തവാധരബിംബം
അരുതരുതതിനിഹ കാലവിളംബം‍”
(“സ്മരസായകദൂനാം..................”)
ചരണം2:
“വില്ലൊടുസമരുചിതടവീടും തേ
ചില്ലികള്‍കൊണ്ടയി തല്ലീടരുതേ”
(“സ്മരസായകദൂനാം..................”)
{കാമബാണ പീഡിതയും, സദാ ഭവാന് അധീനയുമായ ഈയുള്ളവളെ പരിപാലിച്ചാലും. കരുത്തുറ്റ ശത്രുനിരകളെ അരനിമിഷംകൊണ്ട് അറുതിവരുത്തുന്നതില്‍ അതിനിപുണനായവനേ, കുരുശ്രേഷ്ഠാ, തൊണ്ടിപഴത്തിനു തുല്യമായ ഭവാന്റെ അധരങ്ങള്‍ നല്‍കിയാലും. അതിനു കാലതാമസം അരുതേ. വില്ലിനുതുല്യം അഴകുള്ള ഭവാന്റെ പുരികകൊടി കൊണ്ട് എന്നെ തല്ലരുതേ.}
.
“സ്മരസായകദൂനാം”(അര്‍ജ്ജുനന്‍-കലാ:ഹരിദാസ്, ഉര്‍വ്വശി-ഫാക്റ്റ് പത്മനാഭന്‍)
.
ശ്ലോകം^-രാഗം:മോഹനം
“പരേണ പുംസാനുഗതാമലൌകികൈര്‍
വചോഭിരത്യന്തവിനിന്ദിതാം മുഹു:
വിയോഗദു:ഖൈകവിധായി വിഭ്രമാം
ജ്ഞാത്വാ സതീം താം സ വിരക്തിധീരഭൂല്‍”
{പരപുരുഷന്മാരേ പിന്തുടരുന്നവളും മര്യാദയില്ലാത്ത വാക്കുകളാല്‍ ഏറ്റവും നിന്ദിക്കപ്പെടേണ്ടവളും വിഗോഗദു:ഖമുണ്ടാക്കുന്ന ചേഷ്ടകളോടുകൂടിയവളുമായ ഉര്‍വ്വശി കുലടയാണെന്നറിഞ്ഞ് അര്‍ജ്ജുനന് അവളില്‍ വെറുപ്പ് തോന്നി.}
.
[^ശ്ലോകം ആലപിക്കുമ്പോള്‍ അര്‍ജ്ജുനന്‍ ആലോചനയില്‍ ഇരിക്കുകയും, ശ്ലോകാന്ത്യത്തില്‍ ഉര്‍വ്വശിയുടെ നേരേ നിന്ദാമുദ്ര കാട്ടുകയും ചെയ്യുന്നു.]
.
അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:മോഹനം, താളം: അടന്ത(മൂന്നാം കാലം)
പല്ലവി:
“വാക്യങ്ങളീവണ്ണം പറഞ്ഞതു യോഗ്യമല്ലെന്നറിക നീ”
അനുപല്ലവി:
“ശക്യേതരമായുള്ള കര്‍മ്മങ്ങള്‍
സൌഖ്യമല്ലേതുമഹോ വൃഥാവലേ”
ചരണം1:
“ഹംസികളബുജനാളങ്ങളെന്നിയെ
ശൈവലം മോഹിക്കുമോ
പിന്നെ ഹന്തകരിണി ഹരിണത്തെ
ആഗ്രഹിച്ചീടുമോ ചൊല്ലു‍”
ചരണം2:
“പരിഹാസമായ് വന്നുകൂടും
മനുജന്മാരിലാഗ്രഹമിന്നു തവ
ഹാ ഹാ മതിഭ്രമമെന്നുവന്നു തവ
നല്ലതല്ലേതുമഹോ വൃഥാവലേ”
{ഭവതി ഈവണ്ണമുള്ള വാക്യങ്ങള്‍ പറഞ്ഞത് യോഗ്യമല്ലെന്ന് അറിയുക. അഹോ! ചെയ്യരുതാത്തതായ കര്‍മ്മങ്ങള്‍ ഒട്ടും സുഖകരമല്ല. ഹംസങ്ങള്‍ താമരവളയങ്ങളെയല്ലാതെ പായല്‍ തിന്നുവാന്‍ മോഹിക്കുമോ? ഹോ! പിടിയാന മാനിനെ ആഗ്രക്കുമോ? പറയൂ. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസകാരണമാകും. അഹോ! ഭവതിക്ക് ബുദ്ധിഭ്രമമാണെന്ന് വന്നിരിക്കുന്നു. കഷ്ടം! ഇത് ഒട്ടും നല്ലതല്ല.‍}
.
ശ്ലോകം-രാഗം:ദ്വിജാവന്തി
“സുമണോരഹപഡിയൂളം ഭണിതം
ഏദസ്സ സുണിയ സുരവണിയാ
വക്കും പക്കമിതവം
വയണം മയണേണ വഞ്ചിതയാപത്ഥം”
{തന്റെ മനോരഥത്തിന് പ്രതികൂലമായ ഇവന്റെ വാക്കുകള്‍ കേട്ടിട്ട് കാമനാല്‍ വഞ്ചിതയായ ദേവസ്ത്രീ അര്‍ജ്ജുനനോട് ഇങ്ങനെ പറഞ്ഞു.}
.
ഉര്‍വ്വശിയുടെ മറുപടിപദം-രാഗം:ദ്വിജാവന്തി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“വല്ലതെന്നാലുമിതു തവ നല്ലതല്ലെടോ”
ചരണം1:
“അല്ലല്‍ പെരുകി വലയുന്നു ഞാനതി-
നില്ലയോ കരുണ തെല്ലുമേ
കല്ലിനോടു തവ തുല്യമോ ഹൃദയ-
മില്ലതിനു ബത സംശയമധുനാ”
ചരണ2:
“കാമരിപുവോടമര്‍ചെയ്കയോ ഹൃദി
കാമജനകസഖിയാകയോ
മന്മഥാര്‍ത്തി തവ വന്നിടായ്‌വതിനു
നന്മയോടിതരഹേതുവെന്തഹോ”
ചരണം3:(അല്പം കാലംതള്ളി)
“ദിനകരേണ രതിസംഗമം
ദീനമെന്നിയെ ലഭിച്ചു തല്‍-
സൂനുവോടു സുതരാം രമിച്ചതും
ജനനിയല്ലയോ ജളമതേ തവ‍”
ചരണം4:
“ഇണ്ടല്‍ തീര്‍ന്നൊരുവനിങ്ങിനെ
കയല്‍ക്കണ്ണിമാരോടുരചെയ്യുമോ
^^കണ്ടുകൊള്‍ക ഫലമഞ്ജസാ ഭവാന്‍
ഷണ്ഡനായ് വരുമെന്നു നിര്‍ണ്ണയം”
{എന്തായാലും ഭവാനിതു നല്ലതല്ല. ദു:ഖം കനത്ത് വലയുന്നു ഞാന്‍. ഭവാന് ഒട്ടും കരുണ ഇല്ലയോ? കല്ലിനു തുല്യമാണോ ഭവാന്റെ ഹൃദയം? അതിനു സംശയമില്ല. കഷ്ടം! കാമരിപുവോട് യുദ്ധം ചെയ്തതിനാലോ, കാമന്റെ പിതാവിന്റെ സഖാവാകയാലോ, മറ്റെന്തുകാര്യത്താലാണ് അങ്ങേയ്ക്ക് കാമപീഡ വരാതിരിക്കുന്നത്? ആദിത്യനോട് രതിസംഗമം ലഭിച്ചശേഷം ആദിത്യപുത്രനോടും കൂസലില്ലാതെ രമിച്ചത് ജളനായ നിന്റെ ജനനിയല്ലെ? ഒരുവന്‍ സുന്ദരിമാരോട് മടിയില്ലാതെ ഇങ്ങിനെയൊക്കെ പറയുമോ? കണ്ടുകൊള്‍ക ഇതിന്റെ ഫലം, തീര്‍ച്ചയായും ഭവാന്‍ നപുംസകമായിതീരും.‍}
.
[^^അന്ത്യചരണത്തിലെ ‘കണ്ടുകൊള്‍ക’ മുതല്‍ മൂന്നാം കാലത്തിലേക്ക് കയറ്റിയാണ് എടുക്കുക]
.
പദാവസാനത്തില്‍ അര്‍ജ്ജുനനെ ശപിക്കാനൊരുങ്ങുന്ന ഉര്‍വ്വശി പെട്ടന്ന് സ്തംഭിച്ചുനിന്ന് വീണ്ടും ചിന്താധീനയാകുന്നു. അര്‍ജ്ജുനന്റെ രൂപലാവണ്യമോര്‍ത്തുള്ള സന്തോഷവും, കാമപാരവശ്യവും, ആഗ്രഹം നിവൃത്തിക്കാത്തതിലുള്ള സങ്കടവും, മാറി മാറി നടിച്ചിട്ട് ഉര്‍വ്വശി നിശ്ചയദാര്‍ഢ്യത്തോടെ അര്‍ജ്ജുനനെ ശപിക്കുന്നു. ഉര്‍വ്വശി പിന്നോട്ട് മാറി, താനും അര്‍ജ്ജുനനുമായുള്ള ഭീമമായ അന്തരം ഓര്‍ത്ത് ജാള്യതയോടെ ശിരസ്സുകുനിച്ച് നിഷ്ക്രമിക്കുന്നു. ശാപമേറ്റ അര്‍ജ്ജുനന്‍ അതിയായ ദു:ഖത്തോടെ നിലത്തുവീണ്, തളര്‍ന്നിരിക്കുന്നു. .


‘ഉര്‍വ്വശീശാപം’(അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍, ഉര്‍വ്വശി-കലാ:ഷണ്മുഖദാസ്)
.
ശ്ലോകം-രാഗം:ആനന്ദഭൈരവി
“ശാപേന ചാപേതധൃതിര്‍ബഭുവ
ധീരസ്യ ധീരസ്യ മഹേന്ദ്രസൂനോ:
നിന്ദന്നനിന്ദ്യോപി നപുംസകത്വം
വിചിന്ത്യ ചിന്താകുലതാമവാച”
{ധീരനായ ഇന്ദ്രപുത്രന്‍ ശാപത്താല്‍ ധൈര്യമറ്റവനായി തീര്‍ന്നു. നിന്ദനീയനല്ലെങ്കിലും അദ്ദേഹം തനിക്കുവന്നുഭവിച്ച നപുംസകത്വത്തെ ചിന്തിച്ച് പരവശനായിതീര്‍ന്നു.}
.
അര്‍ജ്ജുനന്റെ ചിന്താപദം-രാഗം:ആനന്തഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ദൈവമേ ഹാ ഹാ ദൈവമേ”
അനുപല്ലവി:
“ദൈവാനുകൂലമില്ലാഞ്ഞാല്‍
ഏവം വന്നുകൂടുമല്ലോ”
ചരണം1:
“ദേവകിനന്ദനനെന്നെ
കേവലമുപേക്ഷിച്ചിതോ
എന്നുടെ സോദരന്മാരെ
ചെന്നുകാണുന്നതെങ്ങിനെ ഞാന്‍”
ചരണം2:
“ഖാണ്ഡവദാഹേ ലഭിച്ച
ഗാണ്ഡീവംകൊണ്ടെന്തു ഫലം
പാരിലെന്നുടെ വൈരികള്‍
പരിഹസിക്കുമാറായല്ലോ”
ചരണം3:
“അവനീശന്മാര്‍ക്കിതിലേറെ
അവമാനം മറ്റെന്തൊന്നുള്ളു
എന്തൊരുകര്‍മ്മം കൊണ്ടേവം
ഹന്ത വന്നു കൂടി മേ”
{ദൈവമേ, കഷ്ടം! കഷ്ടം! ദൈവാധീനമില്ലായെങ്കില്‍ ഇങ്ങിനെയെല്ലാം വന്നുകൂടുമല്ലൊ. ദേവകീനന്ദനന്‍ എന്നെ തീര്‍ത്തും ഉപേക്ഷിച്ചോ? എന്റെ സോദരന്മാരെ ഞാനെങ്ങനെ ചെന്നു കാണും? ഖാണ്ഡവദാഹവേളയില്‍ ലഭിച്ച ഖാണ്ഡീവം കൊണ്ട് എന്തു ഫലം? ഭൂമിയില്‍ എന്റെ വൈരികള്‍ക്ക് പരിഹസിക്കാന്‍ ഇടയായല്ലൊ. രാജാക്കന്മാര്‍ക്ക് ഇതിലേറെ അപമാനം മറ്റെന്താണുള്ളത്? കഷ്ടം! എന്തൊരു കര്‍മ്മം കൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നുകൂടിയത്?}
.
ശ്ലോകം-രാഗം:കേദാരഗൌളം
“ശ്രുത്വാ തമുര്‍വശീശാപ
വിവശീകൃതമാനസം
ആശ്വാസയാമാസ സുതം
ആശ്വേനം മേഘവാഹന:”
{ഉര്‍വ്വശിയുടെ ശാപത്താല്‍ സുതന്‍ ദു:ഖിതനായതുകേട്ട് ഇന്ദ്രന്‍ ഉടനെതന്നെ വന്ന് ആശ്വസിപ്പിച്ചു}
.
ഇന്ദ്രന്‍ വലതുഭാഗത്തുകൂടി ‘കിടതകധീം,താ’മോടെ പ്രവേശിച്ച് പുത്രനെ കണ്ട്, പിടിച്ചെഴുനേല്‍പ്പിച്ച് ആലസ്യമകറ്റുന്നു. ദു:ഖത്തോടെ കുമ്പിടുന്ന അര്‍ജ്ജുനനെ അനുഗ്രച്ചിട്ട് ഇന്ദ്രന്‍ പദാഭിനയമാരംഭിക്കുന്നു.
.
ഇന്ദ്രന്റെ പദം-രാഗം:കേദാരഗൌളം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“മാ കുരു വിഷാദമധുനാ മഹനീയ”
ചരണം1:
“മനുജകുലമണിദീപ മനസി കരുതുക ധൈര്യം
അനുചിതം ത്വയി ശാപമനുകൂലമായ്‌വരും”
(“മാ കുരു വിഷാദമധുനാ മഹനീയ”)
ചരണം2:
“ഉര്‍വ്വശീകൃതശാപമുപകാരമായ്‌വരും
ഉര്‍വ്വരാരമണ രിപുഗര്‍വ്വഹര വീരാ”
(“മാ കുരു വിഷാദമധുനാ മഹനീയ”)
ചരണം3:
“അജ്ഞാതവാസമതില്‍ അനുഭവിച്ചീടുമതു
വിജ്ഞാനനിപുണ തവ സംശയമതില്ലെടോ”
(“മാ കുരു വിഷാദമധുനാ മഹനീയ”)
{മഹത്വമുള്ളവനേ, വിഷാദിക്കരുതേ. മനുഷ്യവംശത്തിന് രത്നദീപമായുള്ളവനേ, മനസ്സില്‍ ധൈര്യം കരുതുക. അനുചിതമായ ഈ ശാപം നിനക്ക് അനുകൂലമായ്‌വരും. ഉര്‍വ്വശീകൃതമായ ശാപം ശത്രുക്കളുടെ അഹങ്കാരമടക്കുന്നവനായ നിനക്ക് ഉപകാരമായ് വരും. അജ്ഞാതവാസക്കാലത്ത് ഇത് നിനക്ക് അനുഭവിച്ചീടും. വിജ്ഞാനനിപുണാ, ഇതിനു സംശയമില്ലടോ.}.

“മാ കുരു വിഷാദ”(ഇന്ദ്രന്‍-സദനം മോഹനന്‍, അര്‍ജ്ജുനന്‍-കലാ:ഹരിദാസ്)
.
അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(രണ്ടാം കാലം)
ചരണം1:
“താത തവ വചനേന താപവുമകന്നു തുലോം
ചേതസി വിഭോ കാപി ചിന്ത വളരുന്നു”
പല്ലവി:
“പരിപാഹി പരിപാഹി പരിചോടെ പരിപാഹി”
ചരണം2:
“എന്നുടെ വിയോഗേന യമതനയാദികള്‍
ഖിന്നരായ് മേവുന്നു കിന്തു കരവാണി ഞാന്‍”
{തതാ, ഇവിടുത്തെ വാക്കുകള്‍കൊണ്ട് നിശ്ശേഷം താപമകന്നു. മനസ്സില്‍ ഒരു ചിന്ത വളരുന്നു. രക്ഷിച്ചാലും, രക്ഷിച്ചാലും, വഴിപോലെ രക്ഷിച്ചാലും. എന്റെ വിയോഗത്താല്‍ ധര്‍മ്മപുത്രാദികള്‍ ദു:ഖിതരായി കഴിയുകയാണ്. ഞാന്‍ എന്തുചെയ്യട്ടെ?}
.
ശേഷം ആട്ടം-
അര്‍ജ്ജുനന്‍ ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഇന്ദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘പുത്രാ, നിന്റെ വര്‍ത്തമാനം ധര്‍മ്മപുത്രാദികളെ അറിയിക്കുവാനായി രോമേശമഹര്‍ഷിയെ ഭൂമിയിലേക്ക് അയക്കുന്നുണ്ട്. നീ ഇവിടെ കുറച്ചുകാലം വസിച്ച് എന്നില്‍ നിന്നും ദിവ്യാസ്ത്രങ്ങളും, ചിത്രസേനനെന്ന ഗന്ധര്‍വ്വനില്‍ നിന്നും സംഗീതവും അഭ്യസിക്കുക.’
അര്‍ജ്ജുനന്‍:‘ അവിടുത്തെ കല്പനപോലെ തന്നെ’
അര്‍ജ്ജുനന്‍ കുമ്പിട്ട് ഇന്ദ്രസമീപം നില്‍ക്കുന്നു.
-----(തിരശ്ശീല)-----
.
ഇടശ്ലോകങ്ങള്‍-രാഗം:കേതാരഗൌഡം
1.
“ബീഭസുവൃത്താന്തമജാതശത്രുവേ
നിവേദിതും രോമശതാപസോത്തമം
ആദിശ്യശാസ്ത്രാണി സമന്ത്രപൂര്‍വ്വകം
നൃപിപഠിത്തം ത്രദിശാധിനായക:”
{ബീഭസുവിന്റെ വൃത്താത്താന്തം ധര്‍മ്മപുത്രനെ അറിയിക്കുവാനായി താപസോത്തമനായ രോമേശനെ നിയോഗിച്ചിട്ട് ഇന്ദ്രന്‍ അര്‍ജ്ജുനനെ മന്ത്രസഹിതം ദിവ്യാസ്ത്രങ്ങള്‍ പഠിപ്പിച്ചു.}
.
2.
“പിതുര്‍മ്മഹേന്ദ്രാന്മഹനീയകീര്‍ത്തി:
സമ്പ്രാപ്തവാനസ്ത്രകലാസു കൌശലം
സംഗീതവിദ്യാമപി ചിത്രസേനാല്‍
സുഖം ന്യവാത്സീല്‍ ദിവി പാണ്ഡുനന്ദന:”
{പിതാവായ ഇന്ദ്രനില്‍നിന്നും കീര്‍ത്തിമാനായ പാണ്ഡുനന്ദനന്‍ അസ്ത്രവിദ്യകളില്‍ നൈപുണ്യം നേടി, ചിത്രസേനനില്‍ നിന്നും സംഗീതവും അഭ്യസിച്ച് സ്വര്‍ഗ്ഗത്തില്‍ സസുഖം നിവസിച്ചു.}

കാലകേയവധം എട്ടാം രംഗം

രംഗത്ത്- ഇന്ദ്രന്‍, അര്‍ജ്ജുനന്‍
.
ശ്ലോകം-രാഗം:മദ്ധ്യമാവതി
“സുതം സമാഹൂയ സുശിക്ഷിതാസ്ത്രം
സുരേശ്വര: സ്സൂനൃതയാ ച വാചാ
കദാചിദേനം ഗുരുദക്ഷിണാമിഷാ-
ദ്വധം യയാചേ ദിവിഷദ്വിരോധിനാം‍”
{നല്ലവണ്ണം അസ്ത്രവിദ്യ അഭ്യസിച്ചുകഴിഞ്ഞ സുതനെ വിളിച്ച് സുരേശ്വരന്‍ ഗുരുദക്ഷിണ എന്നരീതിയില്‍ ദേവവിരോധികളെ വധിക്കുവാന്‍ ആവശ്യപ്പെട്ടു.}
.
ഇടതുവശത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍ വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു. ഇന്ദ്രന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.
.
ഇന്ദ്രന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:പഞ്ചാരി(രണ്ടാം കാലം)
പല്ലവി:
“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”
അനുപല്ലവി:
“രജനികരകുലാവതംസമേ ധനഞ്ജയാശു“
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
ചരണം1:
“അസ്ത്രശസ്ത്രമെങ്കല്‍നിന്നു പുത്ര നീ പഠിച്ചതിന്നു
പാര്‍ത്ഥിവാ ഗുരുദക്ഷിണ തരേണമിന്നുനീ‍”
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
{മനുഷ്യശ്രേഷ്ഠാ, ചന്ദവംശമലങ്കരിക്കുന്ന രത്നമേ, ധനഞ്ജയാ, ഉടനെ ഞാന്‍ പറയുന്നത് ശ്രവിക്കുക. പുത്രാ, എന്നില്‍നിന്ന് നീ അസ്ത്രശസ്ത്രങ്ങള്‍ പഠിച്ചതിന് അര്‍ജ്ജുനാ, നീ ഇന്ന് ഗുരുദക്ഷിണതരണം.}
.
അര്‍ജ്ജുനന്റെ മറുപടിപദം-
ചരണം1:
“എത്രയും കൃതാര്‍ത്ഥനായി നിന്നുടെ കൃപാബലേന
വൃത്രവിമത ഗുരുദക്ഷിണ തരുന്നതുണ്ടു ഞാന്‍”
പല്ലവി:
“അമരതിലക മമ മൊഴികള്‍ നിശയാധുനാ”
ചരണം2:
“ഉഭയഥാ ഗുരുത്വമുണ്ട് തവ സുരവരാധിനാഥ
സഭയനല്ല ജീവമപിച ദാതുമിന്നഹം‍”
(“അമരതിലക മമ മൊഴികള്‍ നിശയാധുനാ”)
{അങ്ങയുടെ കാരുണ്യാതിരേകത്താല്‍ ഞാന്‍ എത്രയും കൃതാര്‍ത്ഥനായി. വൃത്രവൈരിയായുള്ളവനേ ഗുരുദക്ഷിണ തരുന്നുണ്ട് ഞാന്‍. അമരതിലകാ, എന്റെ മൊഴികള്‍ കേട്ടാലും. രണ്ടുതരത്തില്‍ ഗുരുത്വമുള്ള സുരന്മാരുടെ നാഥനായുള്ള അങ്ങേക്ക് ഈ ജീവന്‍പോലും നല്‍കുന്നതിന് ഭയമുള്ളവനല്ല ഞാന്‍.}
“അമരതിലക”(ഇന്ദ്രന്‍-സദനം മോഹനന്‍, അര്‍ജ്ജുനന്‍-കലാ:ഹരിദാസ്)
.
ഇന്ദ്രന്‍:
ചരണം2:
“മന്നവ നിവാതകവചനെന്നൊരസുരനുണ്ടതീവ
ദുര്‍വാരവീര്യനധിക സൈന്യസംയുതന്‍”
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
ചരണം3:
“അന്യരാല്‍ അവദ്ധ്യനേഷമാനുഷാദ്ദൃതേ ധരിക്ക
ധന്യശീല ചെന്നവനെ നിഗ്രഹിക്കണം”
{മന്നവാ, തടുക്കാന്‍ അതീവപ്രയാസമുള്ള വീര്യത്തോടും, അധിക സൈന്യത്തോടും കൂടിയവനായ നിവാതകവചനന്‍ എന്നൊരു അസുരനുണ്ട്. മനുഷ്യനല്ലാതെ അന്യരാല്‍ ഇവനെ വധിക്കുവാന്‍ സാധ്യമല്ലെന്ന് ധരിക്കുക. ധന്യശീലാ, ചെന്നവനെ നിഗ്രഹിക്കണം.‍}
.
അര്‍ജ്ജുനന്‍:
ചരണം3:(മൂന്നാം കാലം)
“ബാധയെന്നിയെ നിവാതകവചനെ വധിപ്പതിനു
സാധുയത്നയോഗ്യമിന്നു സാധയേ ജവാല്‍”
{തടസമില്ലാതെ നിവാതകവചനെ വധിക്കുവാന്‍ വേണ്ടതായ സന്നാഹത്തോടെ ഞാന്‍ ഉടനെ പോകുന്നു.}
.
ശേഷം ആട്ടം-
അര്‍ജ്ജുനന്‍ വീണ്ടും കെട്ടിചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഇന്ദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘നിവാതകവചന്‍ വസിക്കുന്നത് സമുദ്രത്തിലാണ്. ഇനി നി മാതലിയോടുകൂടി അവിടെ ചെന്ന് അവനെ യുദ്ധത്തിന് വിളിച്ചാലും. ഞാന്‍ നിനക്ക് ഒരു കിരീടം തരുന്നുണ്ട്. ഇതു ധരിച്ച് പോയാലും”
ഇന്ദ്രന്‍ അര്‍ജ്ജുനനെ കിരീടം ധരിപ്പിക്കുന്നു. അര്‍ജ്ജുനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു. യാത്രയയച്ചുകൊണ്ട് ഇന്ദ്രനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
.
ഇടശ്ലോകം-രാഗം:കേതാരഗൌഡം
“തദീയം നിയോഗം കിരീടം ച മൂര്‍ധ്നാ
വഹന്നാഹവായ പ്രതസ്‌ഥേ സസൂതം:
അസാവഭ്യമിത്രീണ മാസദ്യ തീരം
പയോധേസ്സദധ്മൌ ച ശംഖം കിരീടി:”
{ദേവേന്ദ്രന്റെ കല്പനയും കിരീടവും ശിരസാവഹിച്ച് അര്‍ജ്ജുനന്‍ സൂതനോടുകൂടി പുറപ്പെട്ടു. സമുദ്രതീരത്തുചെന്ന് കിരീടി ശത്രുവിന്റെ നേരെ ശംഖനാദം മുഴക്കി.}
.

കാലകേയവധം ഒന്‍പതാം രംഗം

രംഗത്ത്-അര്‍ജ്ജുനന്‍
.
ശ്ലോകം-രാഗം:കേതാരഗൌഡം
“രണയാജുഹുവേ പാര്‍ത്ഥോ
നിവാതകചാദികാന്‍
സാഗരന്തശ്ചരാന്‍ ദൈത്യാന്‍
ജ്യാഘോഷൈ: പരികമ്പയന്‍”
{സാഗരാന്തര്‍ഭാഗത്ത് സഞ്ചരിക്കുന്ന നിവാതകവചാദി ദൈത്യരെ ഞാണോലിയിട്ട് വിറപ്പിച്ചുകൊണ്ട് പാര്‍ത്ഥന്‍ പോരിനുവിളിച്ചു}
.
രംഗമദ്ധ്യത്തിലെ പീഠത്തില്‍ ചാപബാണധാരിയായി നിന്നുകൊണ്ട് അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു.
അര്‍ജ്ജുനന്‍:(കണ്ടതായി നടിച്ചിട്ട്) ‘ഏറ്റവും ഗംഭീരമായ സമുദ്രം ഇതാ കാണുന്നു.’ (ചാടി താഴെയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, കണ്ടിട്ട്) ‘അഹോ! ഗഭീരധ്വനിയോടെ മറിഞ്ഞുവരുന്ന തിരമാലകള്‍‘ (പലതും കണ്ടിട്ട്) ‘തടിച്ചമത്സ്യങ്ങളും മുതലകളും ഞണ്ടുകളും ശംഖിന്‍‌ കൂട്ടങ്ങളും മദത്തോടെ സന്താരം നടത്തുന്നു. ഈ സമുദ്രത്തിന് സാമ്യമായി മറ്റൊന്നില്ല. ഇനി നിവാതകവചനെ യുദ്ധത്തിനായി വിളിക്കുകതന്നെ.’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട്, പദം ആടുന്നു.
.
പോരുവിളിപദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“വാടാ പോരിന്നായിവിടെ
പാടവമുണ്ടെങ്കില്‍ നീ”
ചരണം1:
“കുടലര്‍‍കാലനാകും ഗുഡാകേശനാകുന്നു ഞാന്‍
ആടല്‍തീര്‍ന്നു രണനാടകം
പരിചിലാടുവതിനു വാടാ
അധികമൂഢാ ശഠതകൂടാ അസുരകീടാ”
(“വാടാ പോരിന്നായിവിടെ..............“)
ചരണം2:
“ആശു പോര്‍ ചെയ്കില്‍ ജീവിതേശനെകണ്ടീടും നീ
മേചകാംബുദനികാശദേഹ ദനുജേന്ദ്രാ
കഠിനകവച കിമിഹ വാചാ
നിവാതകവച അതിനീച”
(“വാടാ പോരിന്നായിവിടെ..............“)
ചരണം3:
“ആതങ്കമന്നിയെ നിശാതമായുള്ളായുധ-
ജാതമാശു കൈക്കൊണ്ടു
ജാതകുതുകേന വരികിലുചിതം
നിന്റെ ചരിതം ന മമ ചകിതം നിയതം‍”
(“വാടാ പോരിന്നായിവിടെ..............“)
ചരണം4:
“വാരിധിയിലൊളിച്ചുവാസം ചേരാനിനക്കു
വീരനെങ്കിലിഹ
വരിക ശൂരാ നിജഗംഭീര
സമരധീര അതികഠോര”
(“വാടാ പോരിന്നായിവിടെ..............“)
{സാമര്‍ഥ്യമുണ്ടേങ്കില്‍ നീ പോരിനു വാടാ. ശത്രുകൂട്ടത്തിന് കാലനാകുന്ന അര്‍ജ്ജുനനാകുന്നു ഞാന്‍. അധികമൂഢാ, സംശയമില്ലാതെ, ശാഠ്യം വിട്ട് യുദ്ധംചെയ്യാന്‍ വാടാ അസുരകീടമേ. കാര്‍മേഘതുല്യമായ ശരീരത്തോടുകൂടിയ രാക്ഷസരാജാ, കഠിനമായ കവചത്തോടുകൂടിയവനേ, നിവാതകവചാ, അതിനീചാ, പറയുന്നതെന്തിന്? പോര്‍ചെയ്കില്‍ നീ ഉടനെ അന്തകനെ കാണും. ഭയംകൂടാതെ മൂര്‍ച്ചയുള്ള ആയുധങ്ങളേന്തി ഉന്മേഷത്തോടെ വരുകയാണ് ഉചിതം. തീര്‍ച്ചയായും നിന്റെ ചരിത്രം എന്നെ ഭയപ്പെടുത്തുന്നില്ല. ശൂരാ, തനിക്കൊത്ത ഗാഭീര്യമുള്ളവനേ, യുദ്ധവീരാ, മഹാക്രൂരാ, സമുദ്രത്തില്‍ ഒളിച്ചു വസിക്കുന്നത് നിനക്ക് ചേരുന്നതല്ല. വീരനെങ്കില്‍ ഇപ്പോള്‍ പോരില്‍ നേരിടാന്‍ വരിക.}
.
പദാഭിനയം കഴിഞ്ഞ് അര്‍ജ്ജുനന്‍ വില്ല് വളച്ചുകുത്തി കെട്ടിയശേഷം നാലാമിരട്ടിയെടുത്തിട്ട്, പല പ്രാവശ്യം ഞാണോലിയിടുകയും പോരിനുവിളിക്കുകയും ചെയ്തിട്ട്, നിന്ദാമുദ്രകാട്ടി, പിന്നോട്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

കാലകേയവധം പത്താം രംഗം

രംഗത്ത്-നിവാതകവചന്‍(രണ്ടാംതരം കത്തിവേഷം*)
.
ശ്ലോകം-രാഗം:ഘണ്ടാരം
“മന്ഥാക്ഷ്മാധരമഥ്യമാനജലനിദ്ധ്വാനപ്രതിദ്ധ്വാനിനാ
പാര്‍ത്ഥക്ഷ്വേളിതനിസ്വനേന ജലദോദഞ്ചദ്രവേണാകുലൈ:
ക്രുദ്ധൈരാശു നിവാതപൂര്‍വ്വകവചോ യുദ്ധായ ബദ്ധാദരം
സാര്‍ദ്ധം ദാനവപുംഗവൈരഭിഗതോ വാചം ബഭാഷോര്‍ജ്ജുനം”
{മന്ഥരപര്‍വ്വതം കൊണ്ട് കടയുമ്പോള്‍ പാലാഴിയില്‍നിന്നുണ്ടാകുന്ന ശബ്ദത്തിനൊത്ത പാര്‍ത്ഥന്റെ സിംഹനാദമാകുന്ന മേഘഗര്‍ജ്ജനം കൊണ്ട് പരിഭ്രാന്തരും ക്രുദ്ധരുമായ ദാനവപുംഗവരോടുകൂടി നിവാതകവചന്‍ യുദ്ധസന്നദ്ധനായി വന്ന് അര്‍ജ്ജുനനോട് പറഞ്ഞു}
.
നിവാതകവചന്റെ തിരനോട്ടം.
തുടര്‍ന്ന് വീണ്ടും തിരതാഴ്ത്തി നിവാതകവചന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
തുടര്‍ന്ന് തന്റേടാട്ടം-
നിവാതകവചന്‍‍:(എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എന്നെ പോലെ കരപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുമില്ല. എന്റെ വരബലംകൊണ്ട് ദേവരാജാവായ ഇന്ദ്രന്‍ പോലും എന്നെ ഭയപ്പെട്ട് കഴിയുന്നു. ഇങ്ങിനെയെല്ലാം വന്നത് എന്റെ ഭാഗ്യം തന്നെ’(വീണ്ടും ഉത്തരീയംവീശി പീഠത്തിലിരിക്കുമ്പോള്‍ കഠിനമായ ശബ്ദം കേട്ട്, ഇരുവശങ്ങളിലും ശ്രദ്ധിച്ച്, അസഹ്യത നടിച്ച്) ‘ചെവിപൊട്ടിതെറിക്കുമാറുള്ള അട്ടഹാസങ്ങളോടെ എന്നെ യുദ്ധത്തിനുവിളിക്കുന്നതാര്? ഉം, ആരായാലും വേഗം യുദ്ധത്തിന് പുറപ്പെടുക തന്നെ.
തുടര്‍ന്ന് പടപ്പുറപ്പാട്-
നിവാതകവചന്‍‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (കൊണ്ടുവന്ന രഥം പരിശോധിച്ചിട്ട്) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരേ കണ്ട്) ‘കൊണ്ടുവന്നുവോ?’
നിവാതകവചന്‍ ദൂതന്മാരുടെ കയ്യില്‍ നിന്നും വില്ല് വാങ്ങി ഞാണ്‍ മുറുക്കി വലിക്കുന്നു. ശേഷം അമ്പ്, വാളും പരിചയും, ശൂലം, കുന്തം മുതലായ ആയുധങ്ങള്‍ ദൂതനില്‍ നിന്നും വാങ്ങി, ഓരോന്നും പയറ്റി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് തന്റെ ഉടവാളുകള്‍ എടുത്ത് തുടച്ചുമിനുക്കി അരയില്‍ ഉറപ്പിച്ച് പടച്ചട്ടയണിയുന്നു.
നിവാതകവചന്‍‍:(ഭടന്മാരോട്) ‘എല്ലാം തയാറായി, ഇനി യുദ്ധത്തിനു പുറപ്പെടുവിന്‍’ (പീഠത്തില്‍ കയറി ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടപ്പിന്‍, നടപ്പിന്‍’ (താഴെയിറങ്ങിയിട്ട്, ആത്മഗതം) ‘ഇനി വേഗം പോയി അവനെ ജയിക്കുകതന്നെ’
അനന്തരം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് നിവാതകവചന്‍ തേരിലേക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീല നീക്കുമ്പോള്‍ വലത്തുഭാഗത്തുകൂടി നിവാതകവചന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന്, ഇടതുവശത്തിരിക്കുന്ന അര്‍ജ്ജുനനെ കണ്ട് അടിമുടി വീക്ഷിക്കുന്നു.
നിവാതകവചന്‍:(ആത്മഗതം) ‘ഈ സുന്ദരരൂപന്‍ ആരാണ്? ആരായാലും ചോദിച്ചറിയുക തന്നെ’
നിവാതകവചന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.
.
യുദ്ധപദം-രാഗം:ഘണ്ടാരം, താളം:ചെമ്പ**(നാലാം കാലം)
നിവാതകവചന്‍:
ചരണം1:
“ആരെന്നു നീ പറഞ്ഞീടേണമെന്നോടു
പോരിനായ് വന്നതും ചാരുകളേബര
മാരനോ മാധവന്‍ താനോ മഹാമതേ
മാരാരിയോ മാനുഷരിലൊരുവനോ?”
{എന്നോട് പോരിനായി വന്ന സുന്ദരശരീരനായ നീ ആരെന്നു പറഞ്ഞിടണം. മാരനോ? മാധവന്‍ തന്നെയോ? ശിവനോ? അതോ മനുഷ്യരില്‍ ഒരുവനോ?}
.
അര്‍ജ്ജുനന്‍:
ചരണം2:
“ശക്രാത്മജന്‍ ഞാനറിക നീ ദാനവ
ചക്രായുധസഖിയാകിയ പാണ്ഡവന്‍
ഉഗ്രനായീടും ഹിഡിംബനെ കൊന്നൊരു
വിക്രമിയാകിയ ഭീമസഹോദരന്‍”
{ഇന്ദ്രാത്മജനും കൃഷന്റെ സഖാവുമായ പാണ്ഡവനാണ് ഞാനെന്ന് ദാനവനായ നീ അറിയുക. ഉഗ്രനായ ഹിഡിംബനെ കൊന്ന പരാക്രമിയായ ഭീമന്റെ സഹോദരന്‍}
.
നിവാതകവചന്‍:
ചരണം3:
“ജംഭാരിമുമ്പാം നിലിമ്പരെല്ലാം മമ
സംഭാഷണേനൈവ ഡംഭം വെടിയുന്നു
കിം ഭവാനെന്നോടു പോര്‍ ചെയ്‌വതിന്നലം
സത്ഭാവമെത്രയും നന്നു നരാധമ”
{ഇന്ദ്രന്‍ മുതലായ ദേവന്മാരെല്ലാം എന്റെ ശബ്ദം കേട്ടാല്‍ത്തന്നെ അഹങ്കാരം വെടിയുന്നു. നീ എന്നോട് യുദ്ധം ചെയ്യാന്‍ മതിയോ? മനുഷ്യാധമാ, നിന്റെ ശുദ്ധഗതി കേമം തന്നെ}
.
അര്‍ജ്ജുനന്‍:
ചരണം4:
“രാവണന്‍ തന്നെ രണഭുവി കൊന്നൊരു
രാമനോര്‍ത്തീടുകില്‍ മാനുഷനല്ലയോ
ഏവം പറയുന്ന നിന്നെ ഞാനിപ്പഴേ
കേവലം കാലപുരത്തിലാക്കീടുവന്‍”
{രാവണനെ യുദ്ധത്തില്‍ കൊന്ന രാമന്‍ മനുഷ്യനല്ലെ? ഇങ്ങിനെ പറയുന്ന നിന്നെ ഞാനിപ്പോഴേ കാലപുരത്തിലേക്കയക്കും}
.
നിവാതകവചന്‍:
ചരണം5:
“പണ്ടോരു വാനരം വാരിധി ലംഘിക്ക-
കൊണ്ടിന്നു മറ്റൊരു മര്‍ക്കടഞ്ചാടുമോ
ഉണ്ടു ചിറകിനിക്കെന്നോര്‍ത്തു മക്ഷിക
പക്ഷീന്ദ്രനോടു തുല്യം പറന്നീടുമോ”
{പണ്ടോരു വാനരന്‍ സമുദ്രം ലഘിച്ചുവെന്നതുകൊണ്ട് ഇന്ന് മറ്റൊരു മര്‍ക്കടന്‍ ഇങ്ങിനെ ചാടുമോ? എനിക്കും ചിറകുണ്ടെന്നോര്‍ത്ത് ഈച്ച ഗരുഡനുതുല്യം പറന്നീടുമോ?}
.
അര്‍ജ്ജുനന്‍:
ചരണം6:
“കണ്ടുകൊള്‍കെങ്കിലോ നിന്‍ തല ഖണ്ഡിച്ചു
ദണ്ഡധരന്നു നല്‍കീടുന്നതുണ്ടു ഞാന്‍
തണ്ടാര്‍ശരവൈരിതന്നുടെ പാദങ്ങള്‍
രണ്ടാണു് കുണ്ഠിതമില്ലിനിക്കോര്‍ക്കനീ”
{എങ്കില്‍ കണ്ടുകൊള്‍ക, നിന്റെ തല വെട്ടി അന്തകന് നല്‍കുന്നുണ്ട് ഞാന്‍. ശ്രീപരമേശ്വരന്റെ പാദങ്ങളാണെ സത്യം. അതിനെനിക്ക് ഒട്ടും വിഷമമില്ലെന്ന് നീ മനസ്സിലാക്കുക.}
.
“ഏവം പറയുന്ന നിന്നെ“(നിവാതകവചന്‍-കലാനിലയം പ്രദീപ്,
അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍)
.
ശേഷം യുദ്ധവട്ടം-
അര്‍ജ്ജുനനും നിവാതകവചനും പരസ്പരം പോരിനിവിളിച്ച്, ബാണങ്ങളയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ അര്‍ജ്ജുനനയക്കുന്ന അസ്ത്രം നിവാതകവചന്റെ മാറിലേല്‍ക്കുന്നു. നിവാതകവചന്‍ പ്രാ‍ണവേദനയോടേ വീണുമരിക്കുന്നു.
-----(തിരശ്ശീല)-----
അര്‍ജ്ജുനന്‍: (തിരശ്ശീലക്ക് മുന്നിലെയ്ക്ക്‌വന്ന്) ‘ഇനി സ്വര്‍ഗ്ഗത്തിലേക്ക് പുറപ്പെടുകതന്നെ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട്, പിന്നോട്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
.
ഒന്‍പതാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള
പ്രധാന വെത്യാസങ്ങള്‍
.
* തക്കന്‍ ചിട്ടയില്‍ നിവാതകവചന്‍ കത്തിവേഷമല്ല, ചുവന്നതാടിവേഷമാണ്.
.
**യുദ്ധപദത്തിന് ചെമ്പയല്ല മുറിയടന്തയാണ് താളം.
.

കാലകേയവധം പതിനൊന്നാംരംഗം


രംഗത്ത്-കാലകേയന്‍(ഒന്നാംതരം ചുവപ്പുതാടിവേഷം*), രാക്ഷസന്‍(ഭീരുവേഷം)
.
ശ്ലോകം-രാഗം:ആഹരി(മുന്‍പ് നാഥനാമാഗ്രിയിലാണ് ആലപിച്ചിരുന്നത്)
“ഹത്വാ നിവാതകവചം സമരേ സസൈന്യം
പ്രസ്ഥാതുമിച്ഛതി ദിവം ത്രിദശേന്ദ്രസൂനൌ
ദൈത്യാസ്തു കേചന സമേത്യ ഹതാവശിഷ്ടാ:
നത്വാ തമൂചരഥ സംസദി കാലകേയം”
{സമരത്തില്‍ നിവാതകവചനെ നിഗ്രഹിച്ചശേഷം ഇന്ദ്രസൂനു സൈന്യസമേതം സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങുവാന്‍ ഉദ്ദേശിച്ചപ്പോള്‍, മരിക്കാതെശേഷിച്ച ചില ദൈത്യര്‍ ഉടനെ കാലകേയന്റെ സദസ്സിലെത്തി ഇങ്ങിനെ പറഞ്ഞു}
.
കാലകേയന്റെ തിരനോട്ടം, തുടര്‍ന്ന് ഭീരുവിന്റെ തിരനോട്ടം.
വീണ്ടും തിരതാഴ്ത്തി കാലകേയന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
തുടര്‍ന്ന് തന്റേടാട്ടം-
കാലകേയന്‍:(എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ഓ,മനസ്സിലായി. എന്നെ പോലെ ബലപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുണ്ട്? ഹേയ്, ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’
കാലകേയന്‍ വീണ്ടും പീഠത്തിലിരുന്ന് താടി ഒതുക്കുകയും മീശപിരിക്കുകയും ചെയ്തിട്ട്, ഉത്തരീയം വീശുന്നു.
കാലകേയന്‍:(നേരെമുന്നില്‍ ഒരാള്‍ വരുന്നതുകണ്ട് പെട്ടന്നെഴുന്നേറ്റ് സൂക്ഷിച്ചുനോക്കിയിട്ട്) ‘മാറില്‍ അസ്ത്രം തറച്ച്, നിലവിളിച്ചുകൊണ്ട് നേരെ വരുന്നതാര്? ഒരു അസുരഭടനോ? അതെ, അതെ. കഷ്ടം! ഇവനെ ഇങ്ങിനെ ചെയ്തത് ആരെന്ന് അറിയുകതന്നെ.’
ഭീരു മുന്നിലൂടെ(സദസ്സ്യരുടെ മദ്ധ്യത്തിലൂടെ) രംഗത്തേക്ക് വരുന്നു. കാലകേയന്‍ മുന്നോട്ടുവന്ന് ഭീരുവിനെ മാടിവിളിക്കുന്നു. ഭീരു രംഗത്തെത്തി കാലകേയന്റെ കാല്‍ക്കല്‍ വീഴുന്നു. കാലകേയന്‍ അനുഗ്രഹിച്ചിട്ട്, ഭീരുവിന്റെ മാറില്‍നിന്നും അമ്പ് പറിച്ചെടുത്തശേഷം പിടിച്ചെഴുനേല്‍പ്പിക്കുന്നു.
കാലകേയന്‍:‘നിന്നെ ഇങ്ങിനെ ചെയ്തതാര്?
ഭീരു:‘പറയാം, കേട്ടാലും’
വികൃതമായരീതിയില്‍ നാലാമിരട്ടിയെടുത്തുകലാശിച്ചിട്ട് ഭീരു പദാഭിനയം ചെയ്യുന്നു
.
ഭീരുവിന്റെ പദം-രാഗം:ആഹരി,താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“ദൈത്യേന്ദ്രമകുടമണിദേദീപ്യമാന ജയ
കൃത്യജ്ഞ മൊഴി കേള്‍ക്ക മേ”
ചരണം1:
“പാര്‍ത്ഥനെന്നൊരു മനുജമൂര്‍ത്തിയെ കൈക്കൊണ്ടു
മൃത്യുതാന്‍ തന്നെയധുനാ
ചേര്‍ത്തിതു നിവാതകവചാദികളെയൊക്കവെ
മാര്‍ത്താണ്ഡസുതമന്ദിരേ“
{ദൈത്യേന്ദ്രന്മാരുടെ ശിരോരത്നമായി അത്യന്തം ശോഭിക്കുന്നവനേ, വിജയിച്ചാലും. കൃത്യജ്ഞനായ അങ്ങ് എന്റെ മൊഴി കേട്ടാലും. പാര്‍ത്ഥന്‍ എന്നൊരു മനുജവേഷം കൈക്കൊണ്ടുവന്ന മൃത്യു, നിവാതകവചാദികളെയൊക്കെ യമപുരിയിലയച്ചു.}
.
കാലകേയന്‍:‘ഛീ, ഛീ, അപമാനം’
.
കാലകേയന്റെ മറുപടിപദം-രാഗം:കേതാരഗൌഡം, താളം:ചമ്പ(നാലാം കാലം)പല്ലവി:
“അത്യത്ഭുതംതന്നെ മര്‍ത്ത്യനതിദുര്‍ബ്ബലന്‍
ദൈത്യരെ ഹനിച്ചതോര്‍ത്താല്‍”
ചരണം1:
“അദ്യൈവ ഞാന്‍ ചെന്നു മായാബലേന തം
സദ്യോ ഹനിച്ചീടുന്നേന്‍
ദൈന്യം വെടിഞ്ഞു വൈകാതെ പുറപ്പെടുക
സൈന്യങ്ങളൊക്കെയധുനാ”
{അതിദുര്‍ബ്ബലനായ മര്‍ത്ത്യന്‍ ദൈത്യരെ ഹനിച്ചത് ഓര്‍ത്താല്‍ അത്യത്ഭുതം തന്നെ. ഇപ്പോള്‍തന്നെ ഞാന്‍ ചെന്ന് മായാബലം കൊണ്ട് വേഗം അവനെ ഹനിക്കുന്നുണ്ട്. സൈന്യക്കളോക്കെ ഇപ്പോള്‍ ദൈന്യതവെടിഞ്ഞ് വേഗം പുറപ്പെടുക}
കാലകേയന്‍:(ഭീരുവിനെ വലതുഭാഗത്തേക്ക് മാറ്റിനിര്‍ത്തിയിട്ട്) ‘ഇനി വേഗം യുദ്ധത്തിന് പുറപ്പെടുക തന്നെ’
തുടര്‍ന്ന് പടപ്പുറപ്പാട്-
കാലകേയന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (കൊണ്ടുവന്ന രഥം പരിശോധിച്ചിട്ട്) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരേ കണ്ട്) ‘കൊണ്ടുവന്നുവോ?’ കാലകേയന്‍ ദൂതന്മാരുടെ കയ്യില്‍ നിന്നും വില്ല് വാങ്ങി ഞാണ്‍ മുറുക്കി വലിക്കുന്നു. ശേഷം അമ്പ്, വാളും പരിചയും, ശൂലം, കുന്തം മുതലായ ആയുധങ്ങള്‍ ദൂതനില്‍ നിന്നും വാങ്ങി, ഓരോന്നും പയറ്റി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് തന്റെ ഉടവാളുകള്‍ എടുത്ത് തുടച്ചുമിനുക്കി അരയില്‍ ഉറപ്പിച്ച് പടച്ചട്ടയണിയുന്നു.കാലകേയന്‍:(ഭടന്മാരോട്) ‘എല്ലാം തയാറായി, ഇനി യുദ്ധത്തിനു പുറപ്പെടുവിന്‍’ ( ഇതിനിടക്ക് പീഠത്തില്‍ കയറി സ്വസ്ഥനായി ഇരിക്കുന്ന ഭീരുവിനെ ചവുട്ടി മറിച്ചിട്ടിട്ട്, പീഠത്തില്‍ കയറി ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടപ്പിന്‍, നടപ്പിന്‍’ (താഴെയിറങ്ങിയിട്ട് ആത്മഗതം) ‘ഇനി വേഗം പോയി ആ മനുഷ്യനെ ജയിക്കുകതന്നെ’ (സൂതനോട്) ‘ഇനി ആ മനുഷ്യന്റെ സമീപത്തേക്ക് തേര് വഴിപോലെ തെളിച്ചാലും’
അനന്തരം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് കാലകേയന്‍ ഭീരുവോടുംകൂടി തേരിലേക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു
.
-----(തിരശ്ശീല)-----
.
തെക്കന്‍ ചിട്ടപ്രകാരം പത്താം രംഗത്തിലുള്ള പ്രധാന വെത്യാസം
*കാലകേയന് വേഷം ചുവന്നതാടി അല്ല, നെടുംകത്തിയാണ്.



കാലകേയവധം പന്ത്രണ്ടാം‌രംഗം

അകരംഗത്ത്-അര്‍ജ്ജുനന്‍,കാലകേയന്‍,ഭീരു
.
ശ്ലോകം-രാഗം:പന്തുവരാളി
“ശ്രുത്വാ സുഹൃന്നിധാനമാത്തശരാസിചാപോ
ഗത്വാ ജവേന ചതുരംഗബലൈസ്സമേത:
മദ്ധ്യേവിയല്‍ പഥമമും ന്യരുണല്‍ സ ദൈത്യോ
മൃത്യോര്‍വ്വശം കില ഗതോ നിജഗാദ പാര്‍ത്ഥം”
{സുഹൃത്തിന്റെ വധത്തെകേട്ട ആ ദൈത്യന്‍ ചാപബാണങ്ങളേന്തി ചതുരംഗസേനയോടുകൂടി മൃത്യുവിന് വശഗതനായപോലെ പെട്ടന്ന് പുറപ്പെട്ടുചെന്ന് പാര്‍ത്ഥനെ ആകാശമദ്ധ്യത്തില്‍ തടുത്ത് ഇങ്ങിനെ പറഞ്ഞു}
.
അര്‍ജ്ജുനന്‍ ഇടതുഭാഗത്ത് പീഠത്തില്‍ ഇരിക്കുന്നു. കാലകേയനും ഭീരുവും വലത്തുവശത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു.
കാലകേയന്‍‍:(‘അഡ്ഡിഡ്ദിക്കിട’വെച്ച് മുന്നോട്ടുവന്ന് ഇരുവശങ്ങളിലും നോക്കിയശേഷം) ‘അര്‍ജ്ജുനന്‍ എവിടെ?’ (വിചാരിച്ചിട്ട്) ‘ആ, മനസ്സിലായി. സിംഹനാദം പോലെയുള്ള എന്റെ രഥശബ്ദം കേട്ട് ഭയന്ന് ഒളിച്ചിരിക്കുകയായിരിക്കും. തിരഞ്ഞുനോക്കുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കുതിരിഞ്ഞ് അര്‍ജ്ജുനനെ കണ്ട് സമീപത്തുചെന്ന് ആപാദചൂടം വീക്ഷിച്ചിട്ട്) ‘അര്‍ജ്ജുനന്‍ ഇവന്‍ തന്നെയായിരിക്കുമോ? അര്‍ജ്ജുനന് ഇരുകൈകളിലും ഞാണ്‍‌തഴമ്പുണ്ടെന്ന് കേട്ടിട്ടുണ്ട്. നോക്കാം’ (കൈകളില്‍ നോക്കിയിട്ട്) ‘അതെ, അതെ, ഇവന്‍ അര്‍ജ്ജുനന്‍ തന്നെ’ (അര്‍ജ്ജുനനോടായി) ‘ഏടാ, എന്റെ സുഹൃത്തായ നിവാതകവചനെ നിഗ്രഹിച്ചത് നീയല്ലെ?’
അര്‍ജ്ജുനന്‍:‘ഞാന്‍ തന്നെ. എന്തു വേണം?’
കാലകേയന്‍:‘എന്നാല്‍ കണ്ടുകൊള്‍ക’
കാലകേയന്‍ നാലാമിരട്ടിചവുട്ടിയിട്ട്, പദം അഭിനയിക്കുന്നു.
.
യുദ്ധപദം-രാഗം:പന്തുവരാളി,താളം:ചെമ്പട(മൂന്നാം കാലം)
കാലകേയന്‍:
പല്ലവി:
“മൂഢാ നീ മതിയാകുമോ മുന്നില്‍ നിന്നീടാന്‍
മൂഢാ നീ മതിയാകുമോ”
ചരണം1:
“മര്‍ത്ത്യനായ നീയിന്നു
ദൈത്യരോടു പോര്‍ ചെയ്കില്‍
ശക്തനായ ഹരിയൊടെതിര്‍ക്കുമതി-
മുദ്ധമായ മൃഗമെന്നു വന്നു ഭുവി”
(“മൂഢാ നീ മതിയാകുമോ.................“)
{മൂഢാ, മുന്നില്‍ നിന്നീടാന്‍ നീ മതിയാകുമോ? മനുഷ്യനായ നീ ഇന്ന് ദൈത്യരോട് പോര്‍ചെയ്താല്‍, തീര്‍ച്ചയായും ഭൂമിയില്‍ മാന്‍ ശക്തനായ സിഹത്തോടെതിരിടും.}
.
അര്‍ജ്ജുനന്‍:
ചരണം2:
“കാലകാലന്റെ കൃപ
ചാലവേ ഉണ്ടെന്നാകില്‍
കാലകേയ തവ കാലഗേഹഗമനായ
കാലമിതുതന്നെ ദുര്‍മ്മതേ”
(“മൂഢാ നീ മതിയാകുമോ.................“)
ചരണം3:
“പോരും പറഞ്ഞതിനി
പോരാളികളില്‍ വീര
പാരിടത്തിലൊരു വീരനില്ല മമ
നേരെ നിന്നു പൊരുതീടുവാനധികം”
(“മൂഢാ നീ മതിയാകുമോ.................“)
{കാലകാലന്റെ കൃപ വേണ്ടതുപോലെ ഉണ്ടെങ്കില്‍ ദുര്‍മ്മതിയായ കാലകേയാ, നിനക്ക് കാലഗേഹത്തിലേക്ക് ഗമിക്കുവാനുള്ള കാലമിതുതന്നെ. പോരാളികളില്‍ വീരാ, പറഞ്ഞതുമതി. എന്റെ നേരേനിന്ന് പൊരുതീടുവാനായി പാരിടത്തില്‍ ഒരു വീരനുമില്ല.}
.
കാലകേയന്‍:
ചരണം4:
“സര്‍പ്പം ഗരുഡനോ-
ടെതിര്‍പ്പാന്‍ മതിയാകുമോ
അത്ഭുതം കിമപി ദര്‍പ്പമിന്നു തവ
നിഷ്പ്രയോജനമതും ജളപ്രഭോ”
(“മൂഢാ നീ മതിയാകുമോ.................“)
{അത്ഭുതം! ഗരുഡനോടെതിര്‍ക്കാന്‍ സര്‍പ്പം മതിയാകുമോ? നിന്റെ അഹങ്കാരംകൊണ്ട് ഇന്ന് എന്ത്? വിഢീ, നിഷ്പ്രയോജനകരമാണിത്.}
.
അര്‍ജ്ജുനന്‍:
ചരണം5:
“നീലവലാഹകത്തെ
തോലനം ചെയ്തീടുന്ന
കോലമിന്നു ശരജാലമെയ്തു
തിലശോ മുറിച്ചു കൊലചെയ്‌വനിന്നു ഞാന്‍”
(“മൂഢാ നീ മതിയാകുമോ.................“)
{നീലമേഘത്തിന് തുല്യമായ നിന്റെ ശരീരം ഞാനിന്ന് ശരജാലമെയ്ത് എള്ളിന്മണികള്‍പോലെ മുറിച്ച് കൊലചെയ്യുന്നുണ്ട്.}

“മൂഢാ നീ മതിയാകുമോ“(ഭീരു-കലാ:അരുണ്‍ വാര്യര്‍, കാലകേയന്‍-കലാനിലയം മനോജ്, അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍)
.
ശേഷം യുദ്ധവട്ടം-
ശൌര്യം നടിച്ച് യുദ്ധത്തിനുചെല്ലുന്ന ഭീരുവിനെ അര്‍ജ്ജുനന്‍ വില്ലുകൊണ്ട് അടിച്ച് ഓടിക്കുന്നു. ഭീരു നിഷ്ക്രമിക്കുന്നു. തുടര്‍ന്ന് കാലകേയനും അര്‍ജ്ജുനനും പോരുവിളിച്ച്, യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം കാലകേയന്‍ മായാവിദ്ധ്യയാല്‍ മറയുന്നു(പിന്നിലേക്ക് മാറുന്നു). വില്ലില്‍ ശരംതൊടുത്ത് അര്‍ജ്ജുനന്‍ കാലകേയനെ തിരയുന്നു. കാലകേയന്‍ പെട്ടന്ന് ഒളിഞ്ഞുനിന്ന്(പിന്നില്‍ വന്നു നിന്ന്) അര്‍ജ്ജുനനുനേരേ മോഹനാസ്ത്രമയക്കുന്നു. അര്‍ജ്ജുനന്‍ അസ്ത്രമേറ്റ് മോഹാലസ്യപെട്ട് നിലം‌പതിക്കുന്നു. കാലകേയന്‍ അര്‍ജ്ജുനന്റെ സമീപത്തുവന്ന് നോക്കി ചിരിക്കുന്നു. വീണ്ടും വില്ലുകൊണ്ട് അര്‍ജ്ജുനനെ പ്രഹരിച്ചിട്ട് കാലകേയന്‍, നിന്ദാമുദ്രയോടെ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
.
ഇടശ്ലോകം-
“ജ്ഞാത്വാഥ പാര്‍ത്ഥസ്യ തു താമവസ്ഥാ
മത്യാഹ നന്ദീശ്വര മിന്ദുമൌലി:
ത്വം ഗച്ഛ സാഹായ്യ കൃതേര്‍ജ്ജുനസ്യ
പ്ലവംഗതാം പ്രാപ്യ യയൌ തഥേതി”
{പാര്‍ത്ഥന്റെ ഈ അവസ്ഥയറിഞ്ഞ ശ്രീ പരമേശ്വരന്‍ നന്ദിശ്വരനോട് നിര്‍ദ്ദേശിച്ചു:‘നീ പോയി അര്‍ജ്ജുനനെ സഹായിക്കുക.‘ അതനുസ്സരിച്ച് നന്ദികേശ്വരന്‍ അര്‍ജ്ജുനസമീപത്തേക്ക് പോന്നു.}.

കാലകേയവധം പതിമൂന്നാംരംഗം

രംഗത്ത്-
നന്ദികേശ്വരന്‍(രണ്ടാംതരം വെള്ളത്താടിവേഷം),
അര്‍ജ്ജുനന്‍, കാലകേയന്‍
.
ശ്ലോകം-രാഗം:മദ്ധ്യമാവതി
“നന്ദീശ്വര: സമുപഗമ്യ വിസംജ്ഞമേനം
പസ്പര്‍ശ പാണിയുഗളേന നിജേന യാവല്‍
സുപ്തപ്രബുദ്ധമിവ താവദുപസ്ഥിതന്ത
മാസ്ഥാതിരേക വിനിതം നിജഗാദ പാര്‍ത്ഥം”
{ബോധരഹിതനായ പാര്‍ത്ഥന്റെ സമീപം വന്ന് നന്ദീശ്വരന്‍ തന്റെ കൈകള്‍കൊണ്ട് തലോടിയപ്പോള്‍ ഉറക്കത്തില്‍നിന്നെന്നപ്പോലെ അര്‍ജ്ജുനന്‍ ഉണര്‍ന്നെഴുന്നേറ്റ് ആദരവോടെ നമസ്ക്കരിച്ചു. അടുത്തുനില്‍ക്കുന്ന അദ്ദേഹത്തോട് നന്ദികേശ്വരന്‍ പറഞ്ഞു}
.
ഇടക്കാലത്തിലുള്ള തിരനോട്ടത്തിനുശേഷം നന്ദികേശ്വരന്‍, ഗദാധാരിയായി വലത്തുഭാഗത്ത് പീഠത്തില്‍ നിന്നുകൊണ്ട് തിരശീലതാഴത്തുന്നു. ഇടതുവശത്ത് അര്‍ജ്ജുനന്‍ അബോധാവസ്ഥയില്‍ കിടക്കുന്നു.
നന്ദികേശ്വരന്‍: (ആത്മഗതം) ‘യുദ്ധത്തില്‍ കാലകേയന്റെ ചതിയാല്‍ മോഹാലസ്യപ്പെട്ട അര്‍ജ്ജുനനെ സഹായിക്കുവാനായി ശ്രീപരമേശ്വരന്‍ കല്‍പ്പിച്ചിരിക്കുന്നു. അതിനാല്‍ വേഗം യുദ്ധരംഗത്തേക്ക് പോവുകതന്നെ’
നന്ദികേശ്വരന്‍ സഞ്ചരിച്ച് അര്‍ജ്ജുനസമീപമെത്തുന്നതായി നടിച്ച്, അര്‍ജ്ജുനനെ കണ്ട്, പീഠത്തില്‍നിന്നും താഴെയിറങ്ങി അര്‍ജ്ജുനനെ വാത്സല്യത്തോടെ തലോടി പിടിച്ചെഴുന്നേല്‍പ്പിച്ച്, തട്ടിയുണര്‍ത്തുന്നു. മോഹാലസ്യം വിട്ട് ഉണരുന്ന പാര്‍ത്ഥന്‍ നന്ദികേശ്വരനെ കണ്ട് ആരെന്ന് മനസ്സിലാകാതെ അന്ധാളിച്ച് നില്‍ക്കുന്നു. നന്ദികേശ്വരന്‍: ‘അല്ലയോ അര്‍ജ്ജുനാ, ഞാന്‍ പറയുന്നത് ശ്രവിച്ചാലും’
നന്ദികേശ്വരന്‍ നാലാമിരട്ടിചവുട്ടിയിട്ട്, പദം അഭിനയിക്കുന്നു.
.
നന്ദികേശ്വരന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചമ്പ(നാലാം കാലം)
പല്ലവി:
“പുരുകുലകലശാബ്ധിപൂര്‍ണ്ണചന്ദ്ര നൃപേന്ദ്ര
പോരും വിഷാദമിനി പോരുവതിനു പോകാ നാം”
ചരണം1:
“സമരഭുവി നിന്നുടയ സാഹായ്യമമ്പൊടു
അമരസമ ചെയ്‌വതിന്നഹമിവിടെ വന്നു”
{പുരുകുലമാകുന്ന ക്ഷീരാബ്ധിക്ക് പൂര്‍ണ്ണചന്ദ്രനായ നൃപേന്ദ്രാ, വിഷാദിച്ചത് പോരും. ഇനി പോരിനായി നമുക്ക് പോകാം. ദേവതുല്യാ, യുദ്ധഭൂമിയില്‍ നിന്നെ സഹായിക്കുവാനായാണ് ഞാനിവിടെ വന്നത്.}
.
അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“ആശ്ചര്യമിന്നു തവ കരതലസ്പര്‍ശനാല്‍
മൂര്‍ച്ഛയുമകന്നു മമ മോദമിയലുന്നു”
ചരണം1:
“നിശ്ചയമഹോ ഭവാന്‍ ദിവ്യനെന്നതു നൂന-
മിച്ഛാമി നാമമെന്തെന്നരുളേണമേ”
{ആശ്ചര്യം തന്നെ. അങ്ങയുടെ കരതലസ്പര്‍ശനത്താല്‍ എന്റെ മോഹാലസ്യം അകന്നു, സന്തോഷമായി. അഹോ! ഭവാന്‍ ദിവ്യനെന്നതു തീര്‍ച്ച. നാമമെന്തെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. അരുളിചെയ്യേണമേ}
.
നന്ദികേശ്വരന്‍:
ചരണം2:
“ചന്ദ്രശേഖരദാസനാകുന്നു ഞാന്‍ അറിക
ചന്ദ്രവംശാഭരണ ചന്തമോടിദാനിം”
ചരണം3:
“നന്ദിയെന്നെന്നുടെ നാമമെന്നകതാരില്‍
നന്ദിയോടമരേന്ദ്രനന്ദന ധരിക്ക നീ”
ചരണം4:
“അഹിതനെക്കൊല്‍‌വതിനു സഹിതോ മയാ ഭവാന്‍
സഹസാ പുറപ്പെടുക മതി മതി വിഷാദം”
{ചന്ദ്രവംശത്തിന് ആഭരണമായുള്ളവനേ, ചന്ദ്രശേഖരന്റെ ദാസനാണ് ഞാന്‍ എന്ന് ഭംഗിയായി അറിഞ്ഞാലും. ദേവേന്ദ്രനന്ദനാ, നന്ദി എന്നാണ് എന്റെ നാമമെന്നും നീ നന്നായി മനസ്സില്‍ ധരിച്ചാലും. മതി,മതി,വിഷാദം. ശത്രുവിനെ കൊല്ലുവാനായി ഭവാന്‍ എന്റെ കൂടെ പെട്ടന്ന് പുറപ്പെടുക.}
.
ശേഷം ആട്ടം-
നന്ദികേശ്വരന്‍:‘എന്നാല്‍ ഭവാന്‍ ഇവിടെ നിന്നുകൊള്ളുക. ഞാന്‍ ആ അസുരനെ യുദ്ധത്തിന് വിളിക്കാം’
നന്ദികേശ്വരന്‍ കാലകേയനെ സങ്കല്‍പ്പിച്ച് മുന്നിലേക്കുനോക്കി ‘എടാ, നോക്കിക്കോ’ എന്നു കാട്ടി, നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട്, പദം ആടുന്നു.
.
നന്ദികേശ്വരന്റെ പോരുവിളിപദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ദൈത്യേന്ദ്ര പോരിന്നായേഹി ദൈന്യമെന്നിയേ
ദൈത്യേന്ദ്ര പോരിന്നായേഹി”
അനുപല്ലവി:
“അത്ര നീ വരികിലാജിചത്വരേ
സത്വരം യമപുരത്തിലാക്കീടും”
(“ദൈത്യേന്ദ്ര പോരിന്നായേഹി”)
{അസുരേന്ദ്രാ, മടികൂടാതെ പോരിനുവാ. നീ ഈ പോര്‍ക്കളത്തില്‍ വരുകില്‍ ഉടന്‍‌തന്നെ യമപുരത്തിലേക്കയക്കും}
.
പദം അവസാനിക്കുന്നതോടെ ചാപബാണധാരിയായി സദസ്യരുടെ മദ്ധ്യത്തിലൂടെ രംഗസമീപത്തേക്ക് വരുന്ന കാലകേയന്‍, അര്‍ജ്ജുനനേയും നന്ദികേശ്വരനേയും മാറി മാറി നോക്കിയിട്ട് തിരിഞ്ഞോടുന്നു. ചാപബാണധാരിയായി അര്‍ജ്ജുനനും, ഗദാധാരിയായി നന്ദീശ്വരനും അവനെ തുരത്തിക്കൊണ്ട് പിറകെ ഓടുന്നു. സദസ്സിലൂടെ ഓടി മൂവരും തിരിച്ച് രംഗത്തിലെത്തി തമ്മില്‍ തിരക്കുന്നു.
(കാലകേയന്‍ -കലാനിലയം മനോജ്,അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍)
.
തുടര്‍ന്ന് കാലകേയന്‍ വലതുഭാഗത്തുനിന്ന്, ഇടത്തുവശത്തുനില്‍ക്കുന്ന അര്‍ജ്ജുനനേയും നന്ദിയേയും മാറി മാറി നോക്കി പുച്ഛിക്കുന്നു.
കാലകേയന്‍:(അര്‍ജ്ജുനനോട്) ‘കഷ്ടം! ഒരു വാനരന്റെ പിന്നിലിങ്ങിനെ ഓച്ഛാനിച്ച് നില്‍ക്കുവാന്‍ നിനക്ക് നാണമില്ലെ അര്‍ജ്ജുനാ?’ (കോപാവേശത്തോടെ, നന്ദികേശ്വരനോട്) ‘എടാ, നിന്റെ അഹങ്കാരം ഉടനെ തീര്‍ക്കുന്നുണ്ട്, കണ്ടുകൊള്‍ക’
കാലകേയന്‍ നാലാമിരട്ടിയെടുത്ത്, പദം അഭിനയിക്കുന്നു.
.
യുദ്ധപദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാംകാലം)
കാലകേയന്‍:
ചരണം1:
“മര്‍ക്കടകീടാ നിനക്കു രണത്തിനു
പാര്‍ക്കിലൊരര്‍ഹതയുണ്ടോ പരമിഹ
വാക്കു പറഞ്ഞതുകൊണ്ടു രിപുക്കളെ
ആര്‍ക്കു ജയിപ്പരുതാതു ദുരാത്മന്‍”
{മര്‍ക്കടകീടാ, ഓര്‍ത്താല്‍ നിനക്ക് രണംചെയ്യാന്‍ അര്‍ഹതയുണ്ടോ? രിപുക്കളെ വാക്കുകൊണ്ട് ജയിക്കുവാന്‍ ആര്‍ക്കാണ് സാധിക്കാത്തത് ദുരാത്മാവേ?}
.
നന്ദികേശ്വരന്‍:
ചരണം2:
“കൃത്യാകൃത്യ വിവേകവിചാരം
ദൈന്യജനങ്ങള്‍ക്കുണ്ടോ പാര്‍ത്താല്‍
ഇത്തരമോരോ വാക്കുപറഞ്ഞതു
മൃത്യുവശഗതനായിട്ടല്ലേ”
{ദൈത്യന്മാര്‍ക്കുണ്ടോ കൃത്യാകൃത്യ ബോധം? ആലോചിച്ചാല്‍ മൃത്യുവിന് വശഗതനായിട്ടല്ലെ നീ ഇത്തരം ഓരോ വാക്കുകള്‍ പറഞ്ഞത്?}
.
ശേഷം യുദ്ധവട്ടം-
നന്ദികേശ്വരനും അര്‍ജ്ജുനനും ചേര്‍ന്ന് കാലകേയനോട് യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തില്‍ നാലാമിരട്ടികലാശിക്കുന്നതോടേ കാലകേയന്റെ കൈകള്‍പിന്നിലേക്ക് കൂട്ടിപിടിച്ച് നന്ദികേശ്വരന്‍ ഗദകൊണ്ട് മാറില്‍ പ്രഹരിക്കുന്നു. അര്‍ജ്ജുനന്‍ ഇടതുവശത്തുനിന്ന് കാലകേയന്റെ മാറിലേക്ക് അസ്ത്രമയക്കുന്നു. കാലകേയന്‍ മരിക്കുന്നു.
ശേഷം ആട്ടം-
അര്‍ജ്ജുനന്‍ നന്ദിയേ കുമ്പിടുന്നു. നന്ദികേശ്വരന്‍ അനുഗ്രഹിക്കുന്നു.
അര്‍ജ്ജുനന്‍:‘സ്വാമിന്‍ ശ്രീപരമേശ്വരന്റെ കാരുണ്യം കൊണ്ടും, ഇവിടുത്തെ സഹായം കൊണ്ടും ദേവശത്രുക്കളെ എല്ലാം നിഗ്രഹിക്കുവാന്‍ സാധിച്ചു.’
നന്ദികേശ്വരന്‍:‘അതെ. ഇനി സന്തോഷത്തോടെ ഗമിച്ചാലും. ഞാനും വേഗം കൈലാസത്തില്‍ ചെന്ന് സ്വാമിയെ വിവരങ്ങള്‍ അറിയിക്കട്ടെ’
അര്‍ജ്ജുനന്‍:‘കല്‍പ്പനപോലെ’
അര്‍ജ്ജുനന്‍ വീണ്ടും കുമ്പിട്ട് നന്ദികേശ്വരനെ യാത്രയാക്കി തിരിയുന്നു. നന്ദികേശ്വരന്‍ അനുഗ്രഹിചിട്ട്, നിഷ്ക്രമിക്കുന്നു. അര്‍ജ്ജുനന്‍ വീണ്ടും രംഗത്തേക്ക് വരുന്നു.
അര്‍ജ്ജുനന്‍:(ഇടതുഭാഗത്തേക്ക് നോക്കി) ‘ഹേ മാതലേ, ഇനി വേഗം സ്വര്‍ഗ്ഗത്തില്‍ചെന്ന് അച്ഛനെ കണ്ട് വന്ദിക്കുക തന്നെ. രഥം വഴിപോലെ തെളിച്ചാലും’ അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം രഥത്തില്‍ ചാടികയറി, കൃതാര്‍ത്ഥതയോടും അഭിമാനത്തോടും പിന്നിലേക്ക് കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----