2008 ഓഗസ്റ്റ് 30, ശനിയാഴ്‌ച

കിര്‍മ്മീരവധം പത്താം രംഗം

രംഗത്ത്-സിംഹിക,പാഞ്ചാലി

ശ്ലോകം-രാഗം:ദ്വിജാവന്തി
“പതിതാ ഖലു സിംഹികാനനാന്തേ
 പരിതപ്താ ഹൃദി സിംഹികാനനാന്തേ
 കുരരീവ രുരോദയാജ്ഞസേനീ
 നിജചിത്തേശ്വരസക്തബുദ്ധിരോഷാ”
{സിംഹികയുടെ വായിലകപ്പെട്ടവളും, സിംഹങ്ങള്‍ നിറഞ്ഞ കാട്ടില്‍ പെട്ട് ഏറ്റവും ദു:ഖിക്കുന്നവളുമായ പാഞ്ചാലി പ്രിയതമന്മാരെ വിളിച്ചുകൊണ്ട് കുരുരിപക്ഷിയേപ്പോലെ ഉറക്കെ കരഞ്ഞു.}

സിംഹിക എടുത്തുകൊണ്ടുപോവുകയാണെന്ന സങ്കല്‍പ്പത്തില്‍ പാഞ്ചാലി രംഗമദ്ധ്യത്തിലെ പീഠത്തില്‍ നില്‍ക്കുന്നു. പീഠത്തില്‍ ഇടതുകാല്‍ കയറ്റി വെച്ചുകൊണ്ട് സമീപത്ത് സിംഹികയും നില്‍ക്കുന്നു. പീഠത്തില്‍ നിന്നുകൊണ്ട്തന്നെ പാഞ്ചാലി പദം അഭിനയിക്കുന്നു.

പാഞ്ചാലിയുടെ പദം-രാഗം:ദ്വിജാവന്തി, താളം:മുറിയടന്ത/തൃപുട
പല്ലവി:
“ആവതെന്തയ്യോ ദൈവമേ
 ആവതെന്തയ്യോ”                                 [കലാശം-കൊട്ടുമാത്രം]
ചരണം1:
“ആവിലാപം പൂണ്ടു കേഴുന്നോരെന്നെ
 ആമിഷാശനി ഖാദിക്കും മുന്‍പേ
 ആവിര്‍ഭവിക്കുമോ
 ആവിലാപം കേട്ടു ഹാ മമ നാഥന്മാരേ” [കലാശം-കൊട്ടുമാത്രം]
ചരണം2:[രംഗത്ത് പതിവില്ല]
“ധര്‍മ്മനന്ദന ധര്‍മ്മ പരായണ
 നിര്‍മ്മലാംഗ നിശാചരി വന്നയ്യോ
 നിര്‍മ്മര്യാദം കൊണ്ടുപോകുന്നോ-
 രെന്നെ നീ ഉപേക്ഷിച്ചിതോ”                [കലാശം-കൊട്ടുമാത്രം]
ചരണം3:[രംഗത്ത് പതിവില്ല]
“പ്രാണനാഥാ ജഗത്പ്രാണസൂനോ
 കൌണപാടവീദാനകൃശാനോ
 കാണിനേരം കളയാതെ വന്നെന്നെ
 കാത്തരുളേണമേ”                              [കലാശം-കൊട്ടുമാത്രം]
ചരണം4:[രംഗത്ത് പതിവില്ല]
“ആര്യപുത്ര ധനജ്ഞയ വീരാ
 ശൌര്യവാരിധേ ചാരുകളേബര
 ഭാര്യയാമെന്നെ നീയും വെടിഞ്ഞിതോ
 ഭാഗ്യമില്ലായ്കയാല്‍”                              [കലാശം-കൊട്ടുമാത്രം]
ചരണം5: [രംഗത്ത് പതിവില്ല]
“കാളമേഘനിറമാം നിശാചരി
 കാളരാത്രിയെപ്പോലെ ഭയങ്കരി
 കാലനു നല്‍കും നകുല മഹാബല
 പാലയ പാലയ മാം”                            [കലാശം-കൊട്ടുമാത്രം]
ചരണം6:^(മുറുകിയ കാലം)
“അദ്രികന്ദരതുല്യമാം രാക്ഷസീ-
 വക്ത്രത്തിങ്കല്‍ പതിക്കുന്നതിന്മുമ്പേ
 മാദ്രിനന്ദന വീര സഹദേവ
 മാം പാലയാശു നീ” [കലാശം-കൊട്ടുമാത്രം]
{അയ്യോ,ദൈവമേ,ചെയ്യുന്നതെന്ത്? സങ്കടം മൂലമുള്ള പരിഭ്രമം പൂണ്ടു കേഴുന്ന എന്നെ ഈ മാംസഭക്ഷിണി തിന്നുന്നതിനുമുമ്പായി എന്റെ വിലാപംകേട്ട്, എന്റെ ഭര്‍ത്താക്കന്മാരേ നിങ്ങള്‍ വരുമോ? ധര്‍മ്മപുത്രാ,ധര്‍മ്മശീലാ,നിര്‍മ്മലശരീരാ, അയ്യോ, രാക്ഷസി അന്യായമായി കൊണ്ടുപോകുന്ന എന്നെ ഭവാന്‍ ഉപേക്ഷിച്ചുവോ? പ്രാണനാഥാ,വായുപുത്രാ,രാക്ഷസന്മാരായ കാടിന് കാട്ടുതീയായിട്ടുള്ളവനേ, ഒട്ടും നേരം കളയാതെ വന്ന് എന്നെ കാത്തുകൊള്ളേണമേ. ആര്യപുത്രാ,അര്‍ജ്ജുനാ, വീരാ,ശൌര്യസമുദ്രമേ,സുന്ദരശരീരാ,ഭാര്യയായ എന്നെ നിര്‍ഭാഗ്യവശാല്‍ അവിടുന്നും കൈവിട്ടുവോ? കരിമേഘത്തിന്റെ നിറമുള്ളവളും മരണത്തിനുമുന്‍പുള്ള രാത്രികണക്കെ ഭയങ്കരിയുമായ ഈ രാക്ഷസി എന്നെ കാലനു നല്‍കും. നകുലാ,മഹാബലാ,രക്ഷിക്കണേ,എന്നെ രക്ഷിക്കണേ. രാക്ഷസിയുടെ പര്‍വ്വതഗുഹക്കു തുല്യമായ വായില്‍ പതിക്കുന്നതിനു മുന്‍പേ മാദ്രീപുത്രനായ വീരാ, സഹദേവാ,ഭവാന്‍ വേഗത്തില്‍ എന്നേ രക്ഷിച്ചാലും.}
“ഹാ മമ നാഥന്മാരേ”പാഞ്ചാലിയും(കലാ:ഷണ്മുഖന്‍) സിംഹികയും(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)
[^ആറാം ചരണം പാടുന്ന സമയത്ത് സിംഹിക പീഠത്തിനു പിന്നിലൂടെ ഒറ്റക്കാല്‍ ചവുട്ടി ഇരുവശങ്ങളിലക്കും മാറിമാറി ചുവടുകള്‍ വെയ്ക്കുകയും,കൈകള്‍ ഉയര്‍ത്തി പാഞ്ചാലിയെ നോക്കി ഭയപ്പെടുത്തുകയും ചെയ്യും.]

-----(തിരശ്ശീല)-----
 ഇടശ്ലോകം-
“പ്രഥമം ഗുരുശാസനാല്‍ പ്രയാതഃ
 സ്സഹദേവസ്സമിധസ്സമാഹരിഷ്യന്‍
 രുദിതം വിപിനാന്തരാല്‍ പ്രിയായാഃ
 പഥി ശ്രുശ്രാവ നിശാചരീഹൃതായാഃ”
{ഗുർശാസനാപ്രകാരം ചമതശേഘരിക്കുവാനായി മുൻപേ പുറപ്പെട്ട സഹദേവൻ വഴിയ്ക്കുവെച്ച് കാട്ടിൽനിന്നും നിശാചരിയാൽ അപഹരിക്കപ്പെട്ടവളായ പ്രിയതമയുടെ രോദനം കേട്ടു.}


ചിത്രം21ന് കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.

2008 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

കിര്‍മ്മീരവധം പതിനൊന്നാം രംഗം

രംഗത്ത്-സിംഹിക,പാഞ്ചാലി, സഹദേവന്‍:(രണ്ടാംതരം പച്ചവേഷം)

ശ്ലോകം-രാഗം:സുരുട്ടി
“ധനുസ്സമാദായ ധനജ്ഞയാനുജ:
 സ സിംഹികാ നിഷ്ഠുരസിംഹഭാഷിണിം
 നിശാചരീന്താം നിശിതൈശ്ശിലീമുഖൈ-
 ര്‍ന്നിവാരയന്നാഹ നൃസിംഹവിക്രമ:”
{നരസിംഹമൂര്‍ത്തിക്കു തുല്യമായ പരാക്രമമുള്ളവനും അര്‍ജ്ജുനാനുജനുമായ സഹദേവന്‍
വില്ലെടുത്ത് ^ സിംഹത്തേപോലെ ഗര്‍ജ്ജിക്കുന്നവളായ ആ സിംഹികയെ മൂര്‍ച്ചയുളള അസ്ത്രങ്ങളാല്‍ തടുത്തുനിര്‍ത്തി പറഞ്ഞു.}

[^ ശ്ലോകത്തില്‍ അമ്പുംവില്ലും എന്നു പറഞ്ഞിരിക്കുന്നു എങ്കിലും സഹദേവന്‍ വാള്‍ധരിച്ച് രംഗത്തെത്തുന്നതാണ് പണ്ടുമുതലേയുള്ള രീതി.]

വലത്തുഭാഗത്തുകൂടി സഹദേവന്‍ ഖഡ്ഗധാരിയായി എടുത്തുകലാശത്തോടെ പ്രവേശിവേശിച്ച്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പാഞ്ചാലിയേയും സിംഹികയേയും കാണുന്നു.
സഹദേവന്‍:(ക്ഷോഭത്തോടെ അടിമുടി നോക്കി) ‘എടീ, എന്റെ പ്രിയതമയെ അപഹരിച്ചതെന്തിന്?’
സിംഹിക:‘നിങ്ങളോട് പകരം വീട്ടാന്‍ തന്നെ’
സഹദേവന്‍:‘ഉടനെ വിട്ടു പോ‘
സിംഹിക:(പരിഹാസത്തോടേ) ‘ഊം,ഉം,അതു മോഹിക്കേണ്ട’
സഹദേവന്‍:‘വിടില്ലെ?’
സഹദേവന്‍ ക്ഷോഭിച്ച് ബലമായി പിടിവിടീച്ച് പാഞ്ചാലിയെ വലതുവശത്തുകൂടി പിന്നിലേക്കയക്കുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. സഹദേവന്‍ വീണ്ടും രംഗത്തേക്കുതിരിഞ്ഞ് കോപാവശത്തോടെ ‘കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.
പാഞ്ചാലി(കലാ:ഷണ്മുഖന്‍), സിംഹിക(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി), സഹദേവന്‍(ചിത്രം-22)
യുദ്ധപദം^-രാഗം:സുരുട്ടി, താളം:ചെമ്പട
സഹദേവന്‍:
പല്ലവി:
“രാക്ഷസീ നില്ലുനില്ലെടീ എടീ എടീ എടീ
 രാക്ഷസീ നില്ലുനില്ലെടീ”            [വട്ടംവെച്ചുകലാശം]
ചരണം1:[അടക്കത്തോടുകൂടി]
“രാക്ഷസദയിതേ കാംക്ഷിതപിശിതേ
 രൂക്ഷതരം മമ കൌക്ഷേയകമിതു
 വക്ഷസി പതതി പുരാ തേ”      [കലാശം-തോങ്കാരം]
{എടീ രാക്ഷസീ,നില്‍ക്ക്,നില്‍ക്ക്. രാക്ഷസപത്നീ,മാംസത്തില്‍ കൊതിയുള്ളവളേ,ഏറ്റവും മൂര്‍ച്ചയുള്ള എന്റെ ഈ വാള്‍ നിന്റെ മാറില്‍ പതിക്കും.}

സിംഹിക:
ചരണം2:
["മുഷ്ക്കരമാക്കും" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു]
“മുഷ്ക്കരമാക്കും ദിക്കരിനികരം
 മല്ക്കരഹതികള്‍ സഹിക്കരുതാഞ്ഞതി
 വെക്കമോടോടീടുന്നു”              [കലാശം]
പല്ലവി:[തോങ്കാരത്തോടുകൂടി]
“മാനൂഷാ നില്ലുനില്ലെടാ എടാ എടാ എടാ
 മാനൂഷാ നില്ലുനില്ലെടാ“
{എന്റെ കൈകള്‍കൊണ്ടുള്ള അതിശക്തിയായ പ്രഹരങ്ങള്‍ സഹിക്കാനാവാതെ മദയാനകൂട്ടം അതിവേഗത്തില്‍ ഓടുന്നു. എടാ മനുഷ്യാ നില്‍ക്ക്,നില്‍ക്ക്.}

സഹദേവന്‍:
ചരണം3:
["ചൊല്ലേറുമെന്റെ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സഹദേവൻ അടക്കത്തോടുകൂടി ചരണം ആടുന്നു]
“ചൊല്ലേറുമെന്റെ വല്ലഭതന്നെ
 വല്ലഭമോടു ഹരിച്ചതിനാല്‍ ഞാന്‍
 കൊല്ലുവനിഹ നിന്നെ”            [കലാശം-തോങ്കാരം]
{പ്രശസ്തയായ എന്റെ വല്ലഭയെ മിടുക്കോടേ അപഹരിച്ച നിന്നെ ഞാനിപ്പോള്‍ കൊല്ലുന്നുണ്ട്.}

സിംഹിക:
ചരണം4:
["അല്പതരാരേ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു]
“അല്പതരാരേ ദര്‍പ്പിത രേരേ
 മല്പുരതോഹി ജളപ്രഭുവാം നീ
 നില്പതിനായ് മതിയാമോ”       [കലാശം-തോങ്കാരം]
{എത്രയും നിസ്സാരനായ ശത്രൂ, എടാ, അഹങ്കാരീ, എന്നോടെതിര്‍ത്തു നില്‍ക്കാന്‍ മൂഢരില്‍ മുമ്പനായ നീ മതിയാവുമൊ?}

സഹദേവന്‍:
ചരണം5:
["ചേരാത്ത കാര്യം" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സഹദേവൻ അടക്കത്തോടുകൂടി ചരണം ആടുന്നു] 
“ചേരാത്ത കാര്യം ചെയ്യുന്ന
 നാരികളെ കൊല ചെയ്തീടാം
 രഘുനാഥചരിത്രമോര്‍ക്കില്‍”  [കലാശം-തോങ്കാരം]
{ന്യായമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളെ നിഗ്രഹിക്കാം,ശ്രീരാമന്റെ ചരിത്രം ഓര്‍ത്താല്‍}

സിംഹിക:
ചരണം6:
["ധൂര്‍ത്തദുരാത്മന്‍ " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു] 
“ധൂര്‍ത്തദുരാത്മന്‍ മര്‍ത്ത്യപശോ മല്‍
 ഭര്‍തൃവധത്തിനുത്തരമായിട്ടിത്തൊഴില്‍
 ചെയ്തു നികാമം”                     [കലാശം-തോങ്കാരം]
{ചതിയാ,ദുരാത്മാവേ മൂഢമനുഷ്യാ,എന്റെ ഭര്‍ത്താവിനെ കൊന്നതിനു പകരമായിട്ടാണ് ഞാനിതു ചെയ്തത്.}

സഹദേവന്‍:
ചരണം7:
["ഖള്‍ഗിസമാനം " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സഹദേവൻ അടക്കത്തോടുകൂടി ചരണം ആടുന്നു]  
“ഖള്‍ഗിസമാനം വദ്ഗിച്ചുടനെ
 ഖള്‍ഗത്താല്‍ ഞാന്‍ ത്വല്‍ഗുരുകുച
 യുഗഖണ്ഡനമാരചയേ”         [കലാശം-തോങ്കാരം]
{പുലിയേപ്പോലെ പെട്ടന്നു ചാടി ഞാന്‍ വാളാല്‍ നിന്റെ തടിച്ചകുചങ്ങള്‍ രണ്ടും അറുക്കുന്നുണ്ട്}

സിംഹിക:
ചരണം8:[രംഗത്ത് പതിവില്ല]
["ജല്പക നിന്നെ " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു]  
“ജല്പക നിന്നെ ദർപ്പമോടേ ഞാൻ
 കെല്പൊടുമെന്നുടെ ഭജമതിലാക്കി-
 ട്ടിപ്പൊളേ പോവാൻ നൂനം” [കലാശം-തോങ്കാരം]
{വായാടീ,നിന്നെ കരുത്തോടെ എന്റെ കൈകളിലാക്കിയിട്ട് ഉറപ്പായും അഹങ്കാരത്തോടെ ഞാനിപ്പോൾ പോകും}

[^യുദ്ധപദങ്ങളുടെ ചരണങ്ങള്‍ എല്ലാം ചൊല്ലിവട്ടംതട്ടും. ഇങ്ങിനെ വട്ടംതട്ടുന്നസമയത്ത് ‘അഡ്ഡിക്കിഡ്ഡിക്കിട’ചവുട്ടി വേഷക്കാര്‍ അന്യോന്യം സ്ഥാനം മാറും. അതാതു സമയത്ത് പദം ആടുന്നയാള്‍ വലതുവശത്തും മറ്റയാള്‍ ഇടതുവശത്തുമായിരിക്കും സ്തിതിചെയ്യുക.]

ശേഷം യുദ്ധവട്ടം-
ഇരുവരും പരസ്പരം ഈരണ്ടുതവണ പോരിനുവിളിച്ച് യുദ്ധമാരംഭിക്കുന്നു.സഹദേവന്‍ വാളുകൊണ്ടും സിംഹിക മുഷ്ടികൊണ്ടും യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം സിംഹിക ഇടതും സഹദേവന്‍ വലതുമായി നിന്ന് ‘നോക്കിക്കോ’എന്നുകാട്ടി നലാമിരട്ടി ചവുട്ടുന്നു. നാലാമിരട്ടി കലാശിക്കുന്നതോടെ തന്നെ എടുക്കുവാനായി അടുക്കുന്ന സിംഹികയുടെ നാസികാകുചങ്ങള്‍ സഹദേവന്‍ ച്ഛേദിക്കുന്നു. സിംഹിക പ്രാണവേദനയോടെ പിടഞ്ഞ്, ‘അയ്യയ്യയ്യോ’ എന്നു നിലവിളിച്ചുകൊണ്ട് പിന്നോട്ടോടി നിഷ്ക്രമിക്കുന്നു. സഹദേവനും ഒപ്പം പിന്‍‌തിരിഞ്ഞശേഷം വീണ്ടും ഓടി രംഗത്തേക്കുവരുന്നു.
സഹദേവന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയിട്ട്) ‘ഇനി ഈ വിവരങ്ങള്‍ വേഗത്തില്‍ പോയി ജേഷ്ഠന്മാരേ അറിയിക്കുക തന്നെ.’
സഹദേവന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ച്, വാളിളക്കി പിന്നോക്കം കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഇടശ്ലോകം:[രംഗത്ത് പതിവില്ല]
“ഇത്യുക്ത്വാ രജനിചരാംഗനാശു മുക്ത്വാ
 പാഞ്ചാലീന്തമഥ നിജേ കരേ ഗൃഹീത്വാ
 ദുദ്രാവ ദ്രുതമഥ പാണ്ഡുസൂനുരസ്യാ-
 ശ്ചിച്ഛേദ സ്തനയുഗമാത്തചന്ദ്രഹാസഃ”
{ഇപ്രകാരം പറഞ്ഞിട്ട് രാക്ഷസി ഉടനെ പാഞ്ചാലിയെ ഉപേക്ഷിച്ചിട്ട് സഹദേവനെ കൈയ്യിൽ പിടിച്ചുകൊണ്ട് വേഗംഓടി. അപ്പോൾ ആ പാണ്ഡുപുത്രൻ വാളേടുത്ത് അവളുടെ ഇരുകുചങ്ങങ്ങളെയും മുറിച്ചുകളഞ്ഞു.}

കിര്‍മ്മീരവധം പന്ത്രണ്ടാം രംഗം

രംഗത്ത്-ധർമ്മപുത്രൻ, ഭിമന്‍‍(രണ്ടാംതരം പച്ചവേഷം), അർജ്ജുനൻ, സഹദേവൻ, പാഞ്ചാലി

ശ്ലോകം:-രാഗം:ശങ്കരാഭരണം
"നികൃത്തകുചമണ്ഡലാ നിശിതമണ്ഡലാഗ്രേണ സാ
 രുരോദ രുധിരോക്ഷിതാ സുബഹുവിസ്വരം വിഹ്വലാ
 നിശമ്യ നിനദം വനേ ഖലു നിലിമ്പസിന്ധോസ്കടാ-
 ന്നിരേത്യ നൃപപുംഗവാ നിജഗദുർന്നിജ പ്രേയസീം"
{മൂർച്ചയുള്ള വാളിനാൽ കുചങ്ങൾ നിശേഷം മുറിക്കപ്പെട്ടവളും, ചോരകൊണ്ട് നനഞ്ഞവളും, തളർന്നവളുമായ ആ രാക്ഷസി വികൃതമായസ്വരത്തിൽ നിലവിളിച്ചു. രാജശ്രേഷ്ഠന്മാരാകട്ടെ വനത്തിൽ ശബ്ദങ്ങൾകേട്ടുകൊണ്ട് ഗംഗാതടത്തിൽ നിന്നും പ്രിയതമയുടെ സമീപത്തേയ്ക്ക് എത്തിയിട്ട് പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്ന പാഞ്ചാലി വലത്തുഭാഗത്തുകൂടി ഭീമനും അർജ്ജുനനും സമേതം പ്രവേശിക്കുന്ന ധർമ്മപുത്രനെ കണ്ട് കുമ്പിടുന്നു. അനുഗ്രഹിച്ചശേഷം ധർമ്മപുത്രൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
ധർമ്മപുത്രൻ:
പല്ലവി:
"ദുഷ്ക്കരമീവിപിനത്തിലാവാസം കേവലം
 ദുഷ്ക്കർമ്മഫലമിതെല്ലാമോർക്കിലതിവേലം" [കലാശം]
ചരണം1:
"ഇക്കൊടുംകാട്ടിലെന്തിനു വന്നതു സുശീലേ
 നിഷ്കളങ്കമാനസേ ചൊന്നാലുമോമലേ
 ഉൾക്കാമ്പിൽ നിന്നെ ഇന്നതിഭീതിയെന്നപോലെ
 തർക്കിക്കുന്നെൻ ബാലേ"                        [കലാശം]
{ഈ കാട്ടിലെ വാസം വളരെ ദുഷ്ക്കരം. ഓർത്താൽ, വളരെയധികം ദുഷ്ക്കർമ്മഫലമാണിതെല്ല്ലാം. സുശീലേ, ഈ കൊടുങ്കാട്ടിൽ എന്തിനാണ് വന്നത്? നിഷ്ക്കളങ്കമായ മനസോടുകൂടിയവളേ, പറഞ്ഞാലും, ഓമലേ, ബാലികേ, മനസിൽ നീയിന്ന് വല്ലാതെ ഭയപ്പെട്ടിരിക്കുന്നു എന്ന് ഊഹിക്കുന്നു.}

പാഞ്ചാലി:
ചരണം2:
"വാനോർനദീതീരേ നിങ്ങൾ സന്ധ്യാവന്ദനത്തെ
 വ്യാമോഹമെന്നിയേ ചെയ്‌വാൻ പോയസമയത്തിൽ
 വ്യാജേനരൂപിണിയായിട്ടെന്റെ സവിധത്തിൽ
 വന്നാൾ രാക്ഷസസ്ത്രീ"                            [കലാശം]
ചരണം3:
"മന്ദഹാസം കൊണ്ടവൾ മയക്കിയെന്റെ ചിത്തം
 മന്ദം മന്ദം വന്നവൾ പിടിച്ചാൻ മമഹസ്തം
 മന്നിലൊരുമാനിനിമാർക്കില്ലേവം സാമർത്ഥ്യം
 മന്നവരേ പാർത്താൽ"                            [കലാശം]
ചരണം4:
"വഞ്ചിച്ചവളെന്നെ കൊണ്ടുപോകുന്നോരുനേരം
 അഞ്ചാതെ സഹദേവൻ സമ്പ്രാപ്തനായ് കാന്താരം
 അഞ്ചാറുനാഴിക തമ്മിലുണ്ടായി സമര-
 മപ്പോളതിഘോരം"                            [കലാശം]
ചരണം5:
"ഉന്നതാംഗിയാകുമവൾ യുദ്ധത്തിൽ നടിച്ചു
 എന്നെക്കൈവെടിഞ്ഞു സഹദേവനെ ഹരിച്ചു
 പിന്നെയാരാനുമോടിയെത്തുമെന്നുള്ളിലുറച്ചു
 കാനനേഗമിച്ചു"                                   [കലാശം]
{നിങ്ങൾ ഗംഗാനദിയിൽ സന്ധ്യാവന്ദനം ചെയ്യാൻ പോയസമയത്തിൽ ഒരു രാക്ഷസി മായയാൽ സുന്ദരീരൂപം ധരിച്ച് എന്റെ സമീപം വന്നു. മന്ദഹാസം കൊണ്ട് അവളെന്റെ മനസ്സ് മയക്കി. പതുക്കെ പതുക്കെ വന്ന് അവൾ എന്റെ കൈപിടിച്ചു. രാജാക്കന്മാരേ, വിചാരിച്ചാൽ ഭൂമിയിൽ ഒരു സ്ത്രീകൾക്കും ഇല്ല ഇത്ര സാമർത്ഥ്യം! അവൾ എന്ന് വഞ്ചിച്ച് കൊണ്ടുപോകുന്നനേരത്ത് പെട്ടന്ന് ആ കാട്ടിലേയ്ക്ക് സഹദേവൻ വന്നെത്തി. പിന്നെ അഞ്ചാറുനാഴികസമയം അവർതമ്മിൽ ഘോരമായ യുദ്ധം നടന്നു. ശക്തയായ അവൾ യുദ്ധം ചെയ്തു. പിന്നെ എന്നെ വിട്ടിട്ട് സഹദേവനെ എടുത്തുകൊണ്ട് അവൾ കാട്ടിലേയ്ക്ക് ഓടിമറഞ്ഞു.}

ഭീമൻ:
ചരണം6:
"ഒട്ടുമേ വിഷാദിക്കരുതത്രവാഴ്കയൂയം
 നിഷ്ഠുരകർമ്മം ചെയ്ത നിശാചരിയെ സായം
 നഷ്ടയാക്കുവൻ പോകുന്നിനിക്കിന്നുസഹായം
 പെട്ടന്നുഗദയും"                              [കലാശം]
ചരണം7:(അർജ്ജുനനോടായി)
"അഗ്രജാദികളെ നീ വിജയ രക്ഷിക്കേണം
 അഗ്രേനിന്നീടേണമേ ധൃതകൃപാണബാണം
 നിഗ്രഹിപ്പതവളെ ഞാൻ വെടിഞ്ഞു നാണം
 നിർമ്മലാംഗനൂനം"                         [കലാശം]
{നിങ്ങൾ ഒട്ടും വിഷാദിക്കാതെ ഇവിടെ നിൽക്കുക. സന്ധ്യക്കുവന്ന് ഈ ക്രൂരകർമ്മം ചെയ്ത രാക്ഷസിയെ കൊല്ലുവാൻ എനിക്ക് സഹായമായി ഗദമാത്രം മതി. വിജയാ, നീ വാളും അമ്പും പിടിച്ചുകൊണ്ട് മുന്നിൽ നിന്ന് ജേഷ്ഠാദികളെ കാത്തുരാക്ഷിക്കണം. നിർമ്മലാംഗാ, സ്ത്രീയണെന്നുള്ള നാണം വെടിഞ്ഞ് ഞാൻ അവളെ തീർച്ചയായും നിഗ്രഹിക്കുന്നുണ്ട്.}

ഈസമയം ഇടത്തുഭാഗത്തുകൂടി പെട്ടന്നുപ്രവേശിക്കുന്ന സഹദേവൻ ജേഷ്ഠന്മാരെ കുമ്പിട്ടിട്ട് ചരണം അഭിനയിക്കുന്നു.
സഹദേവൻ:
ചരണം8:
"പൂർവ്വജന്മാരേ മനസി മാ കുരു ഖേദം
 പുരുകുലേന്ദ്രന്മാരേ ഞാൻ ചെയ്തൊരവിവേകം
 പോരിനു വരും സൈന്യകോലാഹലേനസാകം
 പുരുഷാദലോകം"                          [കലാശം]
{ജേഷ്ഠന്മാരേ, എന്നെ കരുതി മനസ്സിൽ ഖേദിക്കേണ്ട. പുരുകുലശ്രേഷ്ഠന്മാരേ, ഞാൻ ഒരു സാഹസം ചെയ്തു. തത്ഫലമായി മനുഷ്യരെഭക്ഷിക്കുന്നവർഗ്ഗക്കാർ സൈന്യകോലാഹലത്തോടെ പോരിനുവരും ഇപ്പോൾ}

ധർമ്മപുത്രൻ:
ചരണം9:
"ആശരനാരിനിന്നെക്കൊണ്ടുപോയൊരു ശേഷം
 ആശു നീയെന്തൊരവിവേകം ചെയ്തു സരോഷം
 ആഹവത്തിന്നുവരും രിപുക്കൾ സാഭിലാഷ-
 മാകർണ്ണയ ഘോഷം"                     [കലാശം]
{രാക്ഷസി നിന്നെ കൊണ്ടുപോയശേഷം പെട്ടന്ന് നീ എന്ത് അവിവേമാണ് ചെയ്തത്? ശത്രുക്കൾ രോഷത്തോടെ യുദ്ധത്തിനുവരുന്ന കോലാഹലങ്ങൾ കേട്ടാലും.}

സഹദേവൻ:
ചരണം10:
"നാരികളെ കൊലചെയ്ക യോഗ്യമല്ലെന്നോർത്തു
 നാസികയും കുചങ്ങളുമാശുഞാനറുത്തു
 നല്ലൊരു കലഹത്തിനു കാലവുമടുത്തു
 അരനാഴികകയ്ക്കകത്തു"                    [കലാശം]
 {സ്ത്രീകളെ കൊലചെയ്യുന്നത് യോഗ്യമല്ല എന്നോർത്ത് ഞാൻ പെട്ടന്ന് അവളുടെ മൂക്കും മുലകളും അറുത്തുവിട്ടു. നല്ലൊരു കലഹത്തിന് സമയം അടുത്തു.}

ശേഷം ആട്ടം-
ധർമ്മപുത്രൻ:(പദാഭിനയം കഴിഞ്ഞ് കെട്ടിച്ചാടികുമ്പിടുന്ന സഹദേവനെ അനുഗ്രഹിച്ചിട്ട്)'ആയതിനാൽ നാം എല്ലാവരും കരുതിയിരിക്കണം.'(ഭീമനോടായി)'ഞങ്ങൾ പൂർവ്വസ്താനത്തിലേയ്ക്ക് പോകുന്നു. നീ രാക്ഷസരെ നേരിട്ട് വിജയിച്ച് വന്നാലും.'
ഭീമൻ:'അവിടുത്തെ അനുഗ്രഹം പോലെ'
ധർമ്മപുത്രാദികളെ യാത്രയാക്കിക്കൊണ്ട് തിരിഞ്ഞുകൊണ്ട് ഭീമനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഇടശ്ലോകങ്ങൾ:
1.
 “ഇത്ഥം ക്ഷപാടകലഹാഗമമാകലയ്യ
 വക്ഷസ്തടേ ധൃതവിശങ്കട കങ്കടാസ്തേ
 യുദ്ധായ ശസ്ത്രചതുരാസ്തു യുധിഷ്ഠിരാദ്യാ-
 സ്തസ്ഥുഃ സ്വഹസ്തധൃതചാപകൃപാണബാണാഃ”
{ഇപ്രകാരം രാക്ഷസരുടെ യുദ്ധത്തിനുള്ള വരവിനെ കരുതിയിട്ട് ആയുധപ്രയോഗവിദഗ്ധരായ യുധിഷ്ഠിരാദികൾ വിസ്തൃതമായ മാർചട്ടകളും കൈയ്യിൽ വാളും വില്ലും അമ്പും എടുത്തുകൊണ്ട് നിലയുറപ്പിച്ചു.}

2.
"ശാർദ്ദൂല സുഹൃന്നിധന-
 ശ്രവണാൽ കോപീ തദാശു കിർമ്മീരഃ
 അലമകരോദാസ്ഥാനം
 കലശോദധി തുല്യസൈന്യമുജ്ജ്വലയൻ"
{ആസമയം ശാർദ്ദൂലനെന്ന സുഹൃത്തിന്റെ വധത്തെ കേട്ടിട്ട് കോപിഷ്ടനായ കിർമ്മീരൻ ഉടനെ പാൽക്കടലിനൊത്ത സൈന്യത്തെ സജ്ജമാക്കിക്കൊണ്ട് ആസ്ഥാനസഭാമണ്ഡപത്തെ അലങ്കരിച്ചു.}

കിര്‍മ്മീരവധം പതിമൂന്നാം രംഗം

രംഗത്ത്-കിര്‍മ്മീരന്‍(കത്തിവേഷം), നിണം(നിണമണിഞ്ഞ ^സിംഹിക)
ശ്ലോകം-ഘണ്ടാരരാഗം
“നിരര്‍ഗ്ഗളവിനിര്‍ഗ്ഗളദ്രുധിതരൂഷിതാക്രന്ദിത-
 പ്രതിദ്ധ്വനിതദിങ്മുഖാ ബഹുതരം ലുഠന്തീ തദാ
 സമഗ്രബലമഗ്രജം സകലയാതുധാനൈര്‍വൃതം
 നികൃത്തകുചനാസികാ നിരനുനാസികാ സവദല്‍”
{ഇടതടവില്ലാതെ ഒഴുകുന്ന രക്തം പുരണ്ടവളും, മുറവിളികൊണ്ട് ദിക്കുകള്‍ മുഴക്കുന്നവളും, നിലത്തുകിടന്നുരുളുന്നവളും, മുറിക്കപ്പെട്ട കുചനാസികളോടുകൂടിയളുമായ ആ രാക്ഷസി, ബലവാനും രാക്ഷസന്മാരാല്‍ ചുറ്റപ്പെട്ടവനുമായ തന്റെ ജേഷ്ഠനോട് അനുനാസികാക്ഷരങ്ങള്‍ ഉച്ചരിക്കാനാവാതെ ഇപ്രകാരം പറഞ്ഞു.}

കിര്‍മ്മീരന്റെ വീരഭാവത്തിലുള്ള തിരനോട്ടം-
കിര്‍മ്മീരന്റെ തിരനോട്ടം(ചിത്രം-23)
 കിര്‍മ്മീരന്റെ തന്റേടാട്ടം-
തിരനോട്ടശേഷം കിര്‍മ്മീരന്‍ വീണ്ടും തിരശ്ശീല താഴ്ത്തി രംഗമധ്യത്തില്‍ പീഠത്തിൽ ഉത്തരീയം വീശി ഇരിക്കുന്നു.
കിര്‍മ്മീരന്‍:(എഴുന്നേറ്റ് രംഗവന്ദനം ചെയ്തശേഷം ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്നിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്)‘അ! മനസ്സിലായി. എന്നെ പോലെ ബലപരാക്രമം ഉളളവരായി ഈ ലോകത്തില്‍ ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’ (പീഠത്തിലിരുന്ന് ഉത്തരീയം വീശിക്കൊണ്ട്)*‘ഇനി ഞാന്‍ ചെയ്യേണ്ടതെന്താണ്?’ (ആലോചിച്ചിട്ട്) ‘ആ! ഉണ്ട്. ഇനി വേഗം ശിവപൂജ കഴിച്ച് ദേവകളെ ജയിപ്പാന്‍ പുറപ്പെടുകതന്നെ.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന് ഇടത്തുഭാഗത്ത് ഭൃത്യനെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘എടോ ഭൃത്യാ, ശിവപൂജക്കുള്ള സാമഗ്രികള്‍ കൊണ്ടുവരിക’
ഭൃത്യനെ വീണ്ടും അനുഗ്രഹിച്ച് അയച്ചിട്ട് കിര്‍മ്മീരന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വന്ന് ക്ഷേത്രനടതുറന്ന് ശിവലിംഗത്തിന് അഭിഷേകം കഴിക്കുന്നു. ശേഷം ഭൃത്യന്‍ കൊണ്ടുവരുന്ന പൂജാസാമഗ്രികള്‍ വാങ്ങി, ധൂപ-ദീപ-ങ്ങളോടെ മണികിലുക്കി വിസ്തരിച്ച് ശിവപൂജചെയ്യുന്നു. പൂജാവസാനത്തിങ്കല്‍ ഭക്തിപൂര്‍വ്വം കൈകള്‍കൂപ്പി ധ്യാനത്തിലിരിക്കുമ്പോള്‍ എന്തോ ശബ്ദം കേട്ട് ശ്രദ്ധിക്കുന്നു. സമാധാനിച്ച് വീണ്ടും ധ്യാനനിരതനാകുന്നു.
കിര്‍മ്മീരന്‍:(വീണ്ടും എന്തോ ശബ്ദം കേട്ടതായി ഭാവിച്ച്,ചെവിയോര്‍ത്തിട്ട്) ‘ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്?’ (ചിന്തിച്ച് സമാധാനിച്ചിട്ട്) ‘ആ, എന്തായാല്‍ എനിക്കെന്ത്? ശിവപൂജ മുഴുവിക്കുക തന്നെ’ (വീണ്ടും ധ്യാനത്തിലിരിക്കെ വലുതായ ശബ്ദം കേള്‍ക്കുന്നതായി നടിച്ച്,അലറിക്കൊണ്ട്) ‘ചെവിപൊട്ടിത്തെറിക്കുമാറുള്ള ശബ്ദം കേള്‍ക്കുന്നതെന്ത്? എന്തായാലും വേഗം പോയി മനസ്സിലാക്കുക തന്നെ.‘(ശ്രീകോവില്‍ നട അടച്ച് സാക്ഷയിട്ട് പിന്നിലേക്ക് കുത്തിമാറി തിരിഞ്ഞ്, വാള്‍ ധരിച്ചുകൊണ്ട് മുന്നിലേക്കോടി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പീഠത്തില്‍ കയറിനിന്നിട്ട്) ‘ദൂരെ ഒരു ശോഭ കാണുന്നതെന്ത്?’*(പീഠത്തില്‍ നിന്നും ചാടിയിറങ്ങി ഇടത്തുഭാഗത്തുപോയി ശ്രദ്ധിച്ച് വന്നിട്ട്) ‘ഒരു സ്ത്രീ നാസാകുചങ്ങള്‍ അറുക്കപ്പെട്ട് രക്തമൊഴുക്കിക്കൊണ്ട് വരികയാണ്. ഇവള്‍ ആരാണ്?(വീണ്ടും ഇടതുകോണില്‍ പോയി സൂക്ഷിച്ചുനോക്കിയിട്ട്) ‘ങേ! എന്റെ സഹോദരിയോ? ഓ! അതെയതെ. കഷ്ടം! കഷ്ടം! ഇവളെ ഇങ്ങിനെ ചെയ്തത് ആരെന്നറിയുക തന്നെ’
കിർമ്മീരൻ പിന്നിൽ വലതുകോണിൽനിന്നും വാൾകുത്തിപ്പിടിച്ചുകൊണ്ട് മുന്നിൽ ഇടത്തുകോണിലേയ്ക്കുഓടി വരുന്നു. സിംഹികയെ മാടിവിളിച്ചുകൊണ്ട് തിരിച്ച് പിന്നിലേയ്ക്കുവരുന്നു. ഇപ്രകാരം മൂന്നുപ്രാവിശ്യം കിർമ്മീരൻ വിളിക്കുമ്പോഴേക്കും, 'അയ്യയ്യയ്യോ' എന്നു നിലവിളിച്ചുകൊണ്ടും രണ്ടുസഹായികളുടെ തോളിൽ കയ്യിട്ടുകൊണ്ടും സദസ്യർക്കിടയിലൂടെ വരുന്ന നിണം(നിണമണിഞ്ഞ^ സിംഹിക) രംഗത്തേയ്ക്കു പ്രവേശിച്ച്^ കിർമ്മീരനെ വണങ്ങി വലത്തുഭാഗത്തായി നിലത്തിരുന്ന് കരയുന്നു.
കിര്‍മ്മീരന്‍:(അനുഗ്രഹിച്ചിട്ട്) ‘നിന്നെ ഇങ്ങനെ ചെയ്തതാര്? വേഗം പറഞ്ഞാലും’
തുടര്‍ന്ന് സിംഹിക ഇരുന്നുകൊണ്ടുതന്നെ അവ്യക്തമായി മുദ്രകൾ കാട്ടിക്കൊണ്ട് പദം ആടുന്നു.
നിണംവരവ്-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(ചിത്രം-24)
 [^നിണമണിയല്‍: ഉണക്കലരിയും മഞ്ഞളും അരച്ചതും ചുണ്ണാമ്പും പ്രത്യേകാനുപാതത്തില്‍ ചേര്‍ത്ത് ജലത്തില്‍ കലക്കി, പാകത്തില്‍ കാച്ചിക്കുറുക്കിയെടുക്കുന്ന രക്തസമാനമായ ചാന്താണ് ‘നിണം’. പച്ചപ്പാള കുമ്പിള്‍കുത്തി അതില്‍ നിണം നിറച്ച് മാറില്‍ വെച്ചുകെട്ടിയിട്ട് അതിന്റെ കൂര്‍ത്ത അഗ്രം മുറിച്ചുവെയ്ക്കുന്നു(മുല ച്ഛേദിച്ചിക്കപ്പെട്ട മാതിരി). കുരുത്തോലയുടെ ഈര്‍ക്കിലിയോടുകൂടിയ ഭാഗം ചീന്തിയെടുത്ത് ചങ്ങലപോലെ നിര്‍മ്മിച്ച് തുണിചുറ്റി,അത് നിണത്തില്‍ മുക്കി മുലയിലും മൂക്കിലും തൂങ്ങിക്കിടക്കുന്നരീതിയില്‍ കെട്ടിയിടുന്നു(മൂക്കും മുലയും ച്ഛേദിക്കപ്പെട്ട് ഞരമ്പും കുടലും പുറത്തുചാടിയ മാതിരി). നിണത്തില്‍ മുക്കിയ കച്ചതുണികള്‍ ഉടുക്കുകയും പുതക്കുകയും ചെയ്യുന്നു. കരിയുടെ മുടിയിലും ചുവന്ന തുണിചുറ്റുന്നു.ഇങ്ങിനെയാണ്
നിണമണിയുക.] 

സിംഹികയുടെ പദം^-ഘണ്ടാരരാഗം,മുറിയടന്തതാളം(മുറുകിയ കാലം)
പല്ലവി:
“ഹാ! ഹാ! രാക്ഷസവീരാ വിലോകയ
 ഹാ! ഹാ! വികൃതശരീരാഹിജാതാ” [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
“ഹാ ഹാ പീഡ സഹിക്കരുതേ ബത
 ഹാ ഹാ വീര സഹോദര പാലയ”              [കലാശം-കൊട്ടുമാത്രം]

ചരണം1:[രംഗത്ത് പതിവില്ല]
“ആഹാരയോഗ്യരായുള്ളവരിപ്പോള്‍
 ആഹാ വിരോധികളായതു പശ്യ
 ആഹാ വിജയഹതപതിയാകയാൽ
 ആയുസ്സൊടുക്കുക അല്ലായ്കിലേതസ്യാഃ”  [കലാശം-കൊട്ടുമാത്രം]

ചരണം2:[രംഗത്ത് പതിവില്ല]
“വല്ല പ്രതിക്രിയാകർത്തവ്യേതി ഹൃദി
 കില്ലുകൂടാതെ ഉറച്ചു ചരിച്ചപ്പോൾ
 ദോഷലേശത്തോടു വേർവ്വിട്ടൊരു തസ്യ
 യോഷാതിലകത്തെ ദർശ്ശിച്ചു കാടതിൽ”     [കലാശം-കൊട്ടുമാത്രം]

ചരണം3:[രംഗത്ത് പതിവില്ല]
“പാർത്തു പഴുതു ചെറുതവിടെത്തദാ
 പാർത്ഥരെ വേർപെടുത്തിയവളവപ്പോൾ
 ഓടി അടുത്തവളെ എടുത്തപ്പോൾ
 പേടി കൂടാതെ പ്രവേശിച്ചടവിയിൽ”           [കലാശം-കൊട്ടുമാത്രം]

ചരണം4:[രംഗത്ത് പതിവില്ല]
“താഴ്‌വരാതൊരു വീരവര തവ
 കാഴ്ചവെച്ചീടുകയിൽ ഹൃദി കൗതുകാൽ
 താവദതീവ പരവശയായവൾ
 ത്രാസപരീതയായ്‌പരിദേവിച്ചാൾ”              [കലാശം-കൊട്ടുമാത്രം]

ചരണം5:
“തത്ര സഹദേവശസ്ത്രത്താലയ്യോ
 കൃത്തകുചാ വികൃതാ ബത ജാതാ”               [കലാശം-കൊട്ടുമാത്രം]
{അയ്യോ! രാക്ഷസവീരാ, നോക്കണേ. ഞാന്‍ വികൃതശരീരയായിതീര്‍ന്നു. അയ്യോ! വേദന സഹിക്കാനാവുന്നില്ല. ജേഷ്ടാ, രക്ഷിക്കണേ. ആഹാരത്തിനു പറ്റുന്നവര്‍(മനുഷ്യര്‍) ഇപ്പോള്‍ വിരോധികളായതു നോക്കുക. ആഹാ! അർജ്ജുനനാൽ ഭർത്താവ് കൊല്ലപ്പെട്ടതിനാൽ വെറുതെ ആയുസ്സ് ഒടുക്കുക അല്ലാതെ എന്തെങ്കിലും പ്രതികാരം ചെയ്യുവാൻ മനസ്സിൽ ഉറപ്പിച്ച് ചെന്നപ്പോൾ ലേശംകൂടി ദോഷമില്ലാത്തവളായ ഒരു സുന്ദരീരത്നത്തെ കാട്ടിൽ കണ്ടു. പഴുതുനോക്കി അവിടെ നിന്നപ്പോൾ അവൾ പാർത്ഥരെ വേർപെട്ട് ഒറ്റയ്ക്കായി. അപ്പോൾ ഞാൻ അവളെ എടുത്തുകൊണ്ട് ഓടി കാട്ടിൽ പ്രവേശിച്ചു. താഴ്ച്ചവരാത്തൊരു വീരാ, ശ്രേഷ്ഠാ, അങ്ങേയ്ക്ക് കാഴ്ച്ചവെയ്ക്കാം എന്ന് വിചാരിച്ച് ഉള്ളിൽ സന്തോഷിച്ചപ്പോൾ പരവശയായ അവൾ ഉച്ചത്തിൽ നിലവിളിച്ചു. അയ്യോ! കഷ്ടം! അപ്പോൾ അവിടെ എത്തിയ സഹദേവന്റെ ആയുധംകൊണ്ട് മുലയറുക്കപ്പെട്ട് ഞാന്‍ വിരൂപയായിതീര്‍ന്നു.}

കിര്‍മ്മീരന്റെ മറുപടി പദം^-രാഗം:പന്തുവരാളി, താളം:ചെമ്പട
പല്ലവി:
[“വത്സേ കിന്തു വൃഥാ” എന്നുചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശവും അടക്കവും എടുത്തിട്ട് പല്ലവി അഭിനയിക്കുന്നു.]
“വത്സേ കിന്തു വൃഥാ തവ രോദം
 മത്സോദരി കുരു മാ മാ വിഷാദം”
അനുപല്ലവി:
“മാത്സര്യമുള്ളൊരു മര്‍ത്ത്യമിദാനീ-
 മുത്സാഹേന സമുത്സാദയാനി”                  [കലാശം-തോങ്കാരം]
ചരണം1:
“ഉൾത്താപം ത്യജ സത്വരമിന്നു നീ
 ഉത്ഥാനംചെയ്ക മത്തേഭഗാമിനി
 മർത്ത്യന്മാരെ അമർത്ത്യലോകെ ചേർപ്പാൻ
 ചിർത്തകോപത്തോടു പോകുന്നു ഞാനിപ്പോൾ”
ചരണം2:
[“ആഹന്ത നിന്നെ വികൃതയാക്കി” എന്നുചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശവും അടക്കവും എടുത്തിട്ട് ചരണം ആടുന്നു.]
“ആഹന്ത നിന്നെ വികൃതയാക്കി ഇന്നു
 ആരൊരുത്തന്‍ ഭുവി സൌഖ്യേന വാഴുന്നു
 ആരുള്ളു മല്‍ഭുജവീര്യം സഹിപ്പാനാ-
 മേരുലങ്കമവനിയിലിപ്പോള്‍”
ചരണം3:
[“പൃഥ്വിയിൽ മയി ജീവത്യഹോ” എന്നുചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശവും അടക്കവും എടുത്തിട്ട് ചരണം ആടുന്നു.]
“പൃഥ്വിയിൽ മയി ജീവത്യഹോ കഷ്ടമാ-
 പത്തുകൊണ്ടു നീ ഖേദിക്കരുതൊട്ടും
 കോപത്തിനിന്നവർ ലാക്കാകയില്ല മേ
 രോപത്തിനു യുധി ലാക്കായി വന്നീടുമേ” [കലാശം-തോങ്കാരം]
{പ്രീയപ്പെട്ടവളേ, വെറുതേ അന്തിന് കരയുന്നു? എന്റെ സോദരീ, വിഷാദിക്കരുത്. പകയുള്ള മര്‍ത്ത്യനെ ഞാന്‍ ഇപ്പോള്‍ ഉത്സാഹത്തോടെ പോയി നശിപ്പിച്ചേക്കാം. ഉള്ളിലെ വിഷമം പെട്ടന്ന് കളഞ്ഞാലും നീ. സുന്ദരീ, എഴുന്നെറ്റാലും. മനുഷ്യരെ പരലോകത്തേയ്ക്ക് അയയ്ക്കുവാനായി വലുതായ കോപത്തോടെ ഞാനിതാ പോകുന്നു. നിന്നെ വികൃതയാക്കിയിട്ട് ഇന്ന് ആരൊരുത്തന് ഭൂമിയില്‍ സുഖിച്ചു കഴിയാനാവും. എന്റെ കരപരാക്രമം സഹിക്കുവാന്‍ മഹാമേരു മുതല്‍ ലങ്കവരേയുള്ള ഭൂമിയില്‍ ആരുണ്ട്? ഹോ! കഷ്ടം! ഞാൻ ഈ ഭൂമിയിൽ ജിവിച്ചിരിക്കെ നീ ആപത്തുകൊണ്ട് ഒട്ടും ഖേദിക്കരുത്. എനിക്ക് യുദ്ധത്തിന് അവരൊരു എതിരാളികളേയല്ല. }

[^സിംഹികയുടേയും കിർമ്മീരന്റേയും ഈ പദങ്ങൾ  സാധാരണയായി ചൊല്ലിയാടാറില്ല. പദത്തിന്റെ ആശയത്തിന്റെ ചുരുക്കം ആട്ടത്തിലൂടെ അവതരിപ്പിക്കുകയേയുള്ളു. അതികഠിനമായ വേദനയാല്‍ പുളയുന്നതിനിടയില്‍ എങ്ങിനെയൊക്കെയൊ വിവരമറിയിക്കുന്ന സിംഹികയും, കാര്യമറിയാന്‍ വെമ്പല്‍കൊള്ളുന്ന കിർമ്മീരനുമാണല്ലൊ രംഗത്ത്. ഈ സന്ദര്‍ഭത്തിന്റെ ഭാവതീവ്രതക്ക് കോട്ടം തട്ടാതിരിക്കാനാണ് ഇവിടെ പദങ്ങൾ ഒഴിവാക്കുന്നത്.]


ശേഷം ആട്ടം-
കിര്‍മ്മീരന്‍:അല്ലയോ സോദരീ, നീ ഒട്ടും ഖേദിക്കേണ്ട. ഞാന്‍ അവന്റെ കഴുത്തറുത്ത് രക്തം തന്നേക്കാം. എന്നാല്‍ പോരേ?’ (അനുസരണകേട്ട്) ‘എന്നാല്‍ വേഗം പോയാലും.’
സിംഹിക നിഷ്ക്രമിക്കുന്നു.

സിംഹികയെ(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) സമാധാനിപ്പിക്കുന്ന കിര്‍മ്മീരന്‍(കോട്ട:ചന്ദ്രശേഘരവാര്യര്‍) (ചിത്രം-25)
[^നിണം അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു. നിണമണിഞ്ഞ് സിംഹിക രംഗത്തുവരുന്നില്ലായെങ്കിൽ നിണംവരവ് കണ്ടതായി നടിച്ച് കിർമ്മീരൻ, സിംഹിക പറയുന്നത് കേട്ടാടുകയാണ്* പതിവ്.
കിർമ്മീരന്റെ കേട്ടാട്ടം-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം കിർമ്മീരൻ 'വരുന്നു' എന്നുകാട്ടി പിന്നോട്ടുമാറി തന്റെ കാൽക്കൽ സിംഹിക വന്നുവീണതായി നടിച്ച്, ഇടംകൈകൊണ്ട് അനുഗ്രഹിച്ചശേഷം അവളെ നോക്കിക്കാണുന്നു.
കിർമ്മീരൻ:'കഷ്ടം! നിന്നെ ഇപ്രകാരം ചെയ്തതതാര്? വേഗം പറഞ്ഞാലും' (അവൾ പറയുന്നത് കേൾക്കുന്നതായി നടിച്ച് ഏറ്റുപറയുന്നതുപോലെ ലഘുമുദ്രയിൽ)'മനുഷ്യനായ...സഹദേവൻ...ഇങ്ങിനെ...ചെയ്തു...എന്നോ?' (പരിഹാസത്തോടെ)'ഛീ, മിണ്ടിപ്പോകരുത്. ഉം, ആകട്ടെ, നീ ഒട്ടും ഭയപ്പെടേണ്ടാ. ഞാൻ അവന്റെ കഴുത്തറുത്ത് രക്തം നിനക്ക്'(വാൾ കിഴോട്ടാക്കി പിടിച്ച് രക്തം സിംഹികയുടെ വായിലേയ്ക്ക് വീഴ്ത്തിക്കൊടുക്കുന്നതായി കാട്ടിയിട്ട്)'തന്നേയ്ക്കാം. എന്നാൽ പോരയോ?'
സിംഹികയുടെ സമ്മതം കേട്ടതായി നടിച്ച് കിർമ്മീരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.]

കിര്‍മ്മീരന്‍:(സിംഹികയെ അയച്ച് തിരിഞ്ഞ് മുന്നോട്ട് വന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഇനി ഈ കാട്ടില്‍ വസിക്കുന്ന ശത്രുക്കളായ മനുഷ്യരോട് യുദ്ധത്തിനായി ഒരുങ്ങുക തന്നെ.’
തുടര്‍ന്ന് കിര്‍മ്മീരന്റെ പടപ്പുറപ്പാട്-
കിര്‍മ്മീരന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
കിര്‍മ്മീരൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം കിര്‍മ്മീരൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു.* തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
കിര്‍മ്മീരന്‍ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
കിര്‍മ്മീരന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി ഈ കാട്ടില്‍ വസിക്കുന്ന മനുഷ്യരുടെ സമീപത്തേക്ക് തേര് വഴിപോലെ തെളിച്ചാലും’
(വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി ആ മനുഷ്യനെ ജയിക്കുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കിർമ്മീരൻ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

പതിമൂന്നാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍
*കിര്‍മ്മീരന്റെ ശിവപൂജ ആടുക പതിവില്ല. തന്റേടാട്ടം കഴിഞ്ഞ് പീഠത്തില്‍ ഉത്തരീയംവീശീ ഇരിക്കുമ്പോള്‍ തന്നെ ശബ്ദം കേള്‍ക്കുന്നതായി നടിക്കുകയാണ് ചെയ്യുക.

*പീഠത്തില്‍ നിന്നു ദൂരേക്കുനോക്കി കിര്‍മ്മീരന്‍ ‘ശോഭകാണുന്നു’ എന്നുമാത്രമല്ല, ‘അതാ നീല പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിന്നും അരുവി ഒഴുകിവരുന്നതു പോലെ ചോരയൊലിപ്പിച്ചു കൊണ്ട് അന്റെ നേരേ ഒരു സ്വരൂപം വരുന്നു’ എന്നും ആടും.

*നിണമണിഞ്ഞ് സിംഹിക രംഗത്തുവരുന്നില്ലായെങ്കില്‍ കിര്‍മ്മീരന്‍ ‘കേട്ടാടുക’യല്ലാ നിണംവരവും സിംഹിക പറയുന്നതും ‘പകര്‍ന്നാടുക‘യാണ് ചെയ്യുക . ഇങ്ങിനെ നിണം പകർന്നാടുന്നതിനെ പൊതുവേ 'ശൂർപ്പണഖാങ്കം' എന്നാണ് പറയുക.
 കിർമ്മീരന്റെ നിണം പകർന്നാട്ടം(ശൂർപ്പണഖാങ്കം)-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം കിർമ്മീരൻ ‘രാക്ഷസി’എന്നു മുദ്രപിടിച്ച് സിംഹികയായി ഭാവിച്ച് ഇടതുവശത്തേക്കു വന്ന്, അറ്റുകിടക്കുന്ന മുലകൾ കൈകൾകൊണ്ട് താങ്ങിക്കൊണ്ടും പാരവശ്യം നടിച്ച് ദീഘമായി നിശ്വസിച്ചുകൊണ്ടും ദീനസ്വരങ്ങൾ സ്ഫുരിപ്പിച്ചുകൊണ്ടും വിളംബമദ്ധ്യദ്രുതകാലങ്ങളിലായി മൂന്നുവട്ടംവെച്ചിട്ട് കിർമ്മീരനെ കണ്ട്, തളർന്നുവീണ് നിലത്തിരിക്കുന്നു. തുടർന്ന് 'അസുരൻ' എന്ന മുദ്രപിടിച്ച് കിർമ്മീരനായി ഭാവിച്ച് വലത്തുഭാഗത്തേയ്ക്ക് മാറിനിന്ന് സിംഹികയെ വീക്ഷിക്കുന്നു. കിർമ്മീരൻ:'എടോ, നിന്നെ ഇപ്രകാരം ചെയ്തതാരെന്ന് വേഗം പറഞ്ഞാലും' (തിരിഞ്ഞ് ഇരുന്ന് സിംഹികയായി ഭാവിച്ച് പാരവശ്യത്തോടെ)'എന്റെ ഭര്‍ത്താവിനെ വധിച്ച പാണ്ഡവരോട് പ്രതികാരം ചെയ്യാനുറച്ച് ഞാന്‍, അവരുടെ പത്നിയായ പാഞ്ചാലിയെ അങ്ങേക്കു കാഴ്ചവയ്ക്കാനായി എടുത്തുകൊണ്ടു പോന്നു. അപ്പോൾ സഹദേവന്‍ അവിടെയെത്തി എന്റെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചു' (മൂക്കും മുലയും കാട്ടിയിട്ട്)'കണ്ടാലും. ഇനി നീ പോയി അവനെക്കൊന്ന് രക്തവും മാംസവും നല്‍കി എന്നെ തൃപ്തയാക്കിയാലും’ (യാചനാഭാവത്തിൽ)'കൊണ്ടാ' (വീണ്ടും മറുവശംവന്ന് കിർമ്മീരനായിനിന്ന് കേട്ടതായി നടിച്ചിട്ട്)‘കഷ്ടം!' (വലത്തുഭാഗത്തേയ്ക്ക് നോക്കി പാണ്ഡവരെ സങ്കൽപ്പിച്ച്)'കണ്ടുകൊൾക' (സിംഹികയോടായി)'അല്ലയോ സോദരീ, ഒട്ടും ഖേദിക്കേണ്ട. ഞാന്‍ അവനെക്കൊന്ന് വയറുനിറച്ച് മാംസവും രക്തവും കൊണ്ടുവന്നു തരാം. പൊയ്ക്കൊൾക' (നോക്കി, പോയില്ല എന്നുകണ്ട്)'തൃപ്തിയായില്ലെ? എന്നാൽ അവന്റെ കഴുത്തുമുറിച്ച് രക്തം' (വാൾ കീഴ്പ്പോട്ടാക്കി രക്തം സിംഹികയുടെ വായിലേയ്ക്ക് വീഴ്ത്തുന്നതായി കാട്ടിയിട്ട്)'തരാം, പോരയോ?' (അടുത്തുള്ള ഭൃത്യരോടായി)'ഇവളെ കൂട്ടിക്കൊണ്ടുപോയി വേഗം ശുശ്രൂഷകൾ ചെയ്താലും'
സിംഹികയെ അനുഗ്രഹിച്ചശേഷം തിരിഞ്ഞ് ഇടതുവശം വന്ന്, സിംഹികയായി ഭാവിച്ച് ഇരുന്ന് പാരവശ്യത്തോടെ എഴുന്നേറ്റ് കണ്ണുകൾകൊണ്ട് 'പോകട്ടെ' എന്നുകാട്ടി തിരിയുന്നു. തുടർന്ന് കിർമ്മീരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.

* പടപ്പുറപ്പാടിൽ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും കിർമ്മീരൻ തന്നെ പയറ്റുന്നതായല്ല തെക്കൻ ചിട്ടയനുസ്സരിച്ച് ആടുക. ഓരോ ആയുധങ്ങളുമെടുത്ത് ഓരോരോ ഭടന്മാർ പയറ്റി യുദ്ധസന്നദ്ധരായി വരുന്നതായി കിർമ്മീരൻ പകർന്നാടുകയാണ് ചെയ്യുക.

.ചിത്രം23നു കടപ്പാട്-അനില്‍,ചെന്നയ് 
24,25 ചിത്രങ്ങള്‍ക്കു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആല്‍ബത്തോട്.

കിര്‍മ്മീരവധം പതിനാലാം രംഗം

രംഗത്ത്-കിര്‍മ്മീരന്‍, ഭിമന്‍

ശ്ലോകം-
രാഗം:സാരംഗം
“സോരസ്താഡമമൂംക്ഷിതൌ നിപതിതാം രക്തപ്രവാഹോക്ഷിതാം
 നീലാദ്രീന്ദ്രതടീംസഗൈരികഗളത്സന്നിര്‍തധരൌഘോമിവ
 ഉച്ചൈര്‍ബ്ബാഹുതലാഹതാവനിരസാവാശ്വാസൃതാമുത്ഥിതാം
 കിര്‍മ്മീര: പുനരാഹവായ സ യയൌ ചാഹ്വാസ്ത ഭീമം രുഷാ”
{മാറത്തടിച്ചുകൊണ്ട് നിലത്തുവീണവളും, കാവിമണ്ണ് കലങ്ങിയൊഴുകുന്ന കാട്ടാറുകളോടു കൂടിയ നീലപര്‍വ്വതത്തിന്റെ താഴ്വരകണക്കെ രക്തം വമിക്കുന്ന ശരീരത്തോടുകൂടിയവളുമായ ആ സിംഹികയെ, കൈകള്‍ ഊക്കോടെ നിലത്തടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെട്ട കിര്‍മ്മീരന്‍ കോപത്തോടെ ഭീമനെ പോരിനു വിളിച്ചു.}

അമ്പ്‌,വില്ല്,വാള്‍,ഗദ എന്നീ ആയുധങ്ങള്‍ ഇരുകൈകളിലുമായിപിടിച്ചുകൊണ്ട് രംഗമധ്യത്തിലെ പീഠത്തില്‍ നിന്ന് തിരതാഴ്ത്തി കിര്‍മ്മീരന്‍ പ്രവേശിക്കുന്നു.

കിര്‍മ്മീരന്‍:(ഇരുവശവും കാട് നോക്കികണ്ടുകൊണ്ട്) ‘എന്റെ ശത്രുക്കളായ മനുഷ്യര്‍ വസിക്കുന്ന സ്ഥലം എവിടെയെന്ന് തിരയുക തന്നെ.’ (പീഠത്തില്‍ നിന്നും ചാടിയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘മനുഷ്യഗന്ധം വരുന്നു. അവര്‍ സമീപത്തുതന്നെ ഉണ്ട്.’ (ക്രുദ്ധനായി) ‘ആകട്ടെ, ഇനി വേഗം പോരിനുവിളിക്കുകതന്നെ.’

കിര്‍മ്മീരന്‍ നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.

കിര്‍മ്മീരന്റെ പോരിനുവിളി പദം-
രാഗം:സാരംഗ, താളം:ചെമ്പട
ചരണം1:
“കടലോടടല്‍ പൊരുതീടിന പടയോടഹമിവിടെ
 ഝടഝടേത്യടവിവിടപിപടലിയെ
 പൊടിപൊടിപ്പനതിപടുത്വമോടു”
പല്ലവി:
[തോങ്കാരത്തോടുകൂടി]
  “മൂഢ വിലോകയ മേ പാടവം വാടാ”  [വട്ടംവച്ചുകലാശം]
ചരണം2:[അടക്കത്തോടുകൂടി]
“മടവാരൊടു കടുതായിതു ശഠ തേ കരപടുതാ
 വിടമതേടുമടികള്‍ കൊണ്ടു നിന്നുടല്‍
 ഝടിതി പാടിതുമടാമ്യയി കീട”            [തോങ്കാരം, വട്ടംവച്ചുകലാശം]
ചരണം3:
[അടക്കത്തോടുകൂടി]
  “വലശാസനകുലിശാ ഹതകുലശൈലവദവശം
 അതി നിശാതമദിഷുജാതദലിതം
 തവശരീരമിഹ ശയിക്കുമധുനാ”          [തോങ്കാരം]
ചരണം4:
[
“കുലജാപല കലശാംബുധി” എന്ന് ചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ചരണം ആടുന്നു]
“കുലജാപല കലശാംബുധി ചലനം പരികലയന്‍
 കളകളേന ബലകൃതേനതു മൂലം
 കലഹമാശു ഞാ‍ന്‍ കരോമി അധുനാ” [തോങ്കാരം]

{കടലിനേക്കാള്‍ വലിയ പടയോടുംകൂടി ഞാനീ കാട്ടുമരക്കൂട്ടം ‘ഝടഝട’ ശബ്ദത്തോടെ സമര്‍ഥമായി തകര്‍ക്കുന്നുണ്ട്. എടാ, മൂഢാ,കണ്ടാലും എന്റെ സാമര്‍ഥ്യം, വാ. എടാ, ദുസ്സാമര്‍ഥ്യക്കാരാ, കീടമേ, പെണ്ണിന്റെനേരേ നീ പ്രയോഗിച്ച കൈമിടുക്ക് കടുത്തതായിപ്പോയി. കടുത്തപ്രഹരങ്ങള്‍കൊണ്ട് പെട്ടന്ന് നിന്റെ ഉടല്‍ പിളര്‍ക്കുന്നതിനായി ഞാന്‍ വരുന്നു. അതീവമൂര്‍ച്ചയുള്ള എന്റെ ശരങ്ങളാല്‍ പിളര്‍ക്കപ്പെട്ട നിന്റെ ശരീരം, ഇന്ദ്രന്റെ വജ്രായുധമേറ്റ കുലപര്‍വ്വതം പോലെ തളര്‍ന്നിവിടെ കിടക്കും. സൈന്യങ്ങളുടെ കോലാഹലംകൊണ്ട് കുലപര്‍വ്വതങ്ങളേയും പാലാഴിയേയും ഇളക്കുമാറ് ഭയങ്കരമായയുദ്ധം ഞാനിപ്പോള്‍ ചെയ്യുന്നുണ്ട്.}

കിര്‍മ്മീരന്‍ പദാന്ത്യത്തില്‍ ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്തിട്ട് വലത്തുഭാഗത്ത് പീഠത്തില്‍ കാല്‍കയറ്റിവച്ച് നില്‍ക്കുന്നു. 


ശ്ലോകം: രാഗം:പൂർവ്വകല്യാണി/പന്തുവരാളി[രംഗത്ത് പതിവില്ല]
“ആഹൂയാശു പരസ്പരം പരികരം ബദ്ധ്വാ തതഃ സ്പർദ്ധിനൗ
 വ്യാമോഹേന സമുസ്ഥിതോത്ഭടഗദൗ വ്യാഹന്യമാനൗ ഭൃശം
 സംക്രുദ്ധൗ യുധി മുഷ്ടിഘാതമവനിം ഘ്നന്തൗ പ്ലുതോദ്യദ്ധ്വനീ
 ബാഹാബാഹവിബാഹുജാശരവരൗ തൗ വ്യാസജേതാമുഭൗ”
{ക്ഷത്രിയരാക്ഷസവീരന്മാരായ അവർ ഇരുവരും ഉടനെ അരയും തലയും മുറുക്കി ഒരുങ്ങിയിട്ട് പരസ്പരം പോരിനുവിലിച്ചു. പിന്നീട് മത്സരഭാവത്തിൽ വിജയപ്രതീക്ഷയോടെ കൂറ്റൻ ഗദയാൽ ശക്തിയായി അടിച്ചും, ഭയങ്കരക്രോധത്തോടുകൂടി നിലത്തിടിച്ചും, അട്ടഹസിച്ചുകൊണ്ട് ഉയർന്നുചാടിയും, കൈയ്ക്കുകൈ മുഷ്ടിയാൽ ഇടിച്ചും ഘോരയുദ്ധത്തിൽ മുഴുകി}

ഈ സമയത്ത് ഗദാധാരിയായ ഭീമന്‍ ഇടത്തുവശത്തുകൂടി ഓടി പ്രവേശിക്കുന്നു. ഭീമന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി കിര്‍മ്മീരനെ കണ്ട്, ആപാദചൂടം നോക്കിയിട്ട് അവജ്ഞ നടിക്കുന്നു. കിര്‍മ്മീരന്‍ ഭീമനേയും പുച്ഛിക്കുന്നു.
ഭീമന്‍:‘എടാ,എന്നെ പോരിനു വിളിച്ചത് നീ തന്നെയല്ലെ?’കിര്‍മ്മീരന്‍:‘ഞാന്‍ തന്നെ’
ഭീമന്‍:‘ആ ങ്ഹാ? എന്നാല്‍ കണ്ടോ’
ഭീമന്‍ ‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് പദം ആടുന്നു.

യുദ്ധപദം-
രാഗം:പൂർവ്വകല്യാണി/പന്തുവരാളി, താളം:ചമ്പട
ഭീമന്‍:
പല്ലവി:
“ശസ്ത്രജാലം തടുക്ക നീ രാക്ഷസാധമ
 ശസ്ത്രജാലം തടുക്ക നീ”                            [വട്ടംവച്ചുകലാശം]
ചരണം1:[അടക്കത്തോടുകൂടി]
“നക്തഞ്ചരാധമ നികൃത്തശരീരനായി
 വൈകര്‍ത്തനന്‍ തന്റെ വര-
 പത്തനേ പോവാനൊരു
 മുഹുര്‍ത്തമതിനകത്തു
”                            [തോങ്കാരം]
{അധമനായ രാക്ഷസാ, ആയുധങ്ങള്‍ തടുത്തുകൊള്ളുക. ശരീരം വെട്ടിമുറിക്കപ്പെട്ട് നീ രണ്ടുനാഴികക്കുള്ളില്‍ കാലപുരിയിലെത്തും.}.

കിര്‍മ്മീരന്‍:
ചരണം2:

[“മത്തകാശിനിമാരോടിത്തൊഴില്‍” എന്ന് ചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“മത്തകാശിനിമാരോടിത്തൊഴില്‍ ചെയ്തനിന്നോ-
 ടുത്തരം ചെയ്‌വാനെന്റെ
 ശസ്ത്രങ്ങള്‍ മതിയാകും
 മര്‍ത്യാധമാതിധൂര്‍ത്ത”                            [തോങ്കാരം]

  {സ്ത്രീകളോട് ഈ പ്രവൃത്തിചെയ്‌ത അഹങ്കാരിയും നീചനുമായ മര്‍ത്യാ, നിന്നോട് പകരം വീട്ടാന്‍ എന്റെ ആയുധങ്ങള്‍ മതി.}

ഭീമന്‍:
ചരണം3:

[“നിഷ്ഠുരതരശര വൃഷ്ടികള്‍എന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“നിഷ്ഠുരതരശര വൃഷ്ടികള്‍ കൊണ്ടുവൃഥാ
 പുഷ്ടനാകിയ നിന്നെ
 നഷ്ടമാക്കുവനിഹ പെട്ടെ-
 ന്നതിദുഷ്ടാ”                                           
[തോങ്കാരം]
{അതിനിഷ്ഠുരമായ ശരവര്‍ഷം കൊണ്ട് പൊണ്ണത്തടിയനായ നിന്നെ പെട്ടന്ന് നഷ്ടമാക്കുന്നുണ്ട്, അതിദുഷ്ടാ.}


കിര്‍മ്മീരന്‍:
ചരണം4:
[നിസ്ത്രപനരാധമഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന കിർമ്മീരൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“നിസ്ത്രപനരാധമ വിസ്തൃതമായതവോ
 രുസ്ഥല രംഗത്തിങ്കല്‍
 ശസ്ത്രജാലങ്ങള്‍ നിന്നു
 നൃത്തമാടീടുമത്ര”                                    
[തോങ്കാരം]
{നാണംകെട്ട മനുഷ്യാധമാ, നിന്റെ വിസ്തൃതമായ മാറിടത്തില്‍ ശസ്ത്രകൂട്ടങ്ങള്‍ നിന്ന് നൃത്തമാടും.}



ഭീമന്‍:
ചരണം5:[രംഗത്ത് പതിവില്ല]
[സത്യശൗചാദിയായ കൃത്യഹീനഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“സത്യശൗചാദിയായ കൃത്യഹീനരാക്ഷസാ
 പത്യസുഖിച്ചീടുമാദിത്യസുതപുരത്തി
 ലത്യാദരമുപേത്യ”                                   [തോങ്കാരം]
{സത്യം ശൗചം ആദിയായകൃത്യങ്ങളില്ലാത്ത രാക്ഷസാധമാ, നീ ആദരവോടെ കാലപുരിയിലെത്തിയിട്ട് സുഖിച്ചുവാണാലും}


കിർമ്മീരന്‍:
ചരണം6:
[രംഗത്ത് പതിവില്ല]
[നിഷ്കരുണനാമെന്റെ നൽക്കരപഞ്ജരഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന കിർമ്മീരൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
 “നിഷ്കരുണനാമെന്റെ നൽക്കരപഞ്ജരത്തിൽ
 ദുഷ്കർമ്മഫലംകൊണ്ടു വിഷ്കരിമെന്നപോലെ
 പുക്കിതു നീയോർക്ക”                              [തോങ്കാരം]
{കരുണാരഹിതനായ എന്റെ നല്ലകരങ്ങളാകുന്ന കൂട്ടിൽ ദുഷ്ക്കർമ്മഫലത്താൽ നീ പക്ഷിയെന്നപോലെ പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുക}


ഭീമന്‍:
ചരണം7:[രംഗത്ത് പതിവില്ല]
[വാടാ നീച നീഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
വാടാ നീച നീ ശഠകീടാ കരധൃതവി-
 പാഠ മായകൾ കൊണ്ടു
 കൂടായോധനമതും കൂടായെന്നോടു മൂഢാ” [തോങ്കാരം]
{വാടാ, നീചാ, ദുഷ്ടകീടമേ, കൈയ്യിൽ അമ്പേന്തിയവനേ, മൂഢാ, മായകൾ കൊണ്ടുള്ള വ്യാജയുദ്ധമൊന്നും എന്റെയടുത്ത് ഫലിക്കില്ല}


ശേഷം യുദ്ധവട്ടം-
ഇരുവരും ഈരണ്ടു തവണ പോരിനുവിളിച്ച്, ഗദായുദ്ധം നടത്തുന്നു. യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ഭീമന്‍ കിര്‍മ്മീരനെ മാറിലടിച്ച് കൊലചെയ്യുന്നു.
-----(തിരശ്ശീല)-----
ഭീമന്‍:(തിരിഞ്ഞ് വീണ്ടും രംഗത്തു പ്രവേശിച്ച്) ‘ഇനി വേഗം പോയി ഈ വിവരം സഹോദരന്മാരേയും പാഞ്ചാലിയേയും അറിയിക്കുക തന്നെ.’
ഭീമന്‍ നാലാമിരട്ടിയെടുത്ത്, ഗദ‌ ഉയര്‍ത്തി ഇളക്കിക്കൊണ്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
ഇടശ്ലോകം-[രംഗത്ത് പതിവില്ല]
"സ്മരണമുപഗതേസുഹൃദ്വധേസാ-
 വതികുപിതോഥവൃകോദരേണയുദ്ധ്യൻ
 ഇഹഖലുസഹസൈവ പൂർവ്വപാദേ
 പ്രഥമപദം സ സകാരഹീനമാപ"
{സുഹൃത്തിന്റെ വധം സ്മരണയിൽ വന്നപ്പോൾ അതികുപിതനായിവന്ന ആ അവൻ വൃകോദരനുമായി യുദ്ധം ചെയ്ത് വേഗത്തിൽ ഈശ്ലോകത്തിലെ ആദ്യപദത്തിന്റെ സകാരരഹിതമായ അവസ്ഥയെ(മരണത്തെ) പ്രാപിച്ചു}

2008 ഓഗസ്റ്റ് 20, ബുധനാഴ്‌ച

കിര്‍മ്മീരവധം പതിനഞ്ചാം രംഗം

രംഗത്ത്-ഭീമൻ, താപസന്മാർ(ഒന്നോ രണ്ടോ കുട്ടിത്തരം മിനുക്ക്(മഹർഷി)വേഷങ്ങൾ)

ശ്ലോകം- രാഗം: ഭൂപാളം
"കിർമ്മീരേ യുധി നിഹതേ തദീയഭൃത്യാഃ
 പ്രഛന്നാ ദിശിദിശി സംഗതാസ്തദാനീം
 താപത്യം സമുപഗതാസ്തപസ്വിവർഗ്ഗാഃ
 പ്രത്യേകം പ്രണിജഗദുഃ പ്രഹർഷവന്തഃ"
{യുദ്ധത്തിൽ കിർമ്മീരൻ കൊല്ലപ്പെട്ടപ്പോൾ ആ സമയത്ത് കൂട്ടമായി നിന്നിരുന്ന അവന്റെ ഭൃത്യന്മാർ ഓരോദിശകളിൽ പോയൊളിച്ചു. പ്രസന്നരായ താപസന്മാർ ഭീമനെ സമീപിച്ചിട്ട് ഓരോരുത്തരായി ഇങ്ങിനെ പറഞ്ഞു}

ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്ന താപസന്മാരെ കണ്ട് വലതുവശം നിൽക്കുന്ന ഭീമൻ വണങ്ങി അവരെ വലത്തേയ്ക്ക് ആനയിക്കുന്നു. താപസർ അനുഗ്രഹിച്ച് വലതുവശം വരുന്നു. ഒന്നാമൻ പദാഭിനയം ആരംഭിക്കുന്നു.

താപസരുടെ പദം-രാഗം:ഭൂപാളം, താളം:ചെമ്പട
താപസൻ 1:
പല്ലവി:
"ഭീമപരാക്രമജലധേ ഭീതിയകന്നിതു സുമതേ"               [കലാശം]
അനുപല്ലവി:
"ഭീമമഹാഭുജബല തേ സദാ ഭവതു ശുഭം ഭൂമിപതേ"      [കലാശം]

താപസൻ2:
ചരണം1:
"നിരുപമരാന്നിശിചരരെ നിഹനിക്കയാൽ നീ സമരേ
 നിത്യവുമിക്കാന്താരെ വസിക്കാം രഹിതദരേ"               [കലാശം]

താപസൻ1:
ചരണം2:
"അഗ്നിഹോത്രം ചെയ്തിവിടെ അസ്മാകം ഗംഗയുടെ
 അതിവികടേ തടനികടേ ചെയ്യാമാവാസമ്മോദമോടെ" [കലാശം]

താപസൻ2:
ചരണം3:
"ഭവ്യജനാവനകർമ്മം ഭരതകുലോത്തമധർമ്മം
 ഫലിതമിദം തവജന്മം ഭവതു സദാവനകർമ്മം"             [കലാശം]
{ഭീമമായപരാക്രമത്തിന്റെ സമുദ്രമേ, സുമനസ്സേ, ഭയം അകന്നു. ഭീമമായ കരബലശാലീ, രാജാവേ, നിനക്കുസദാ ശുഭം ഭവിക്കട്ടെ. ഉപമിക്കാനാവാത്തവരായ രാക്ഷസരെ നീ യുദ്ധത്തിൽ വധിച്ചതിനാൽ ഞങ്ങൾക്കിവിടെ ഭയരഹിതമായി നിത്യവുമിവിടെ വസിക്കാം. ഗംഗാതടത്തിൽ അഗ്നിഹോത്രം ചെയ്ത് ഇവിടെ ഞങ്ങൾക്ക് സാമോദത്തോടേ വസിക്കാം ഇനി. സാധുസംരക്ഷണകർമ്മം ഭരതകുലോത്തമന്റെ ധർമ്മമാണല്ലോ. ഈ സംരക്ഷണകർമ്മത്താൽ നിന്റെ ജന്മം സഫലമായിരിക്കുന്നു.}

താപസർ പദാഭിനയം കലാശിപ്പിച്ച് തൊഴുതുനിൽക്കുന്ന ഭീമനെ അനുഗ്രഹിച്ച്ന്നിഷ്ക്രമിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

"സമഹർഷി മഹർഷിഭിർമ്മഹത്ഭിഃ
 പുനരാശീർഭിരപൂരി ഭീമസേനഃ
 അഥ മൂർദ്ധ്നി പപാത പാണ്ഡുസൂനോഃ
 ഖലു വിദ്യാധരമുക്തപുഷ്പവൃഷ്ടിഃ"
{നല്ലവണ്ണം സന്തുഷ്ടരായ മഹാന്മാരായ മഹർഷിമാർ ഭീമസേനനിൽ അപരിമിതമായ ആശിർവാദങ്ങൾ ചൊരിഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സിൽ വിദ്യാധർന്മാർ പുഷ്പങ്ങൾ ചൊരിഞ്ഞു.}


ശ്ലോകാവസാനത്തോടെ തൊഴുതുരംഗമദ്ധ്യത്തുനിൽക്കുന്ന ഭീമസേനന്റെമേൽ പുഷ്പങ്ങൾ വർഷിക്കപ്പെടുന്നു.

-----(ധനാശി)-----