2008 ഒക്‌ടോബർ 8, ബുധനാഴ്‌ച

കല്യാണസൌഗന്ധികം ഒന്‍പതാം രംഗം

രംഗത്ത്-ഘടോത്കചന്‍‍(കുട്ടിത്തരം കത്തിവേഷം), ഭീമന്‍, പാഞ്ചാലി

ശ്ലോകം-രാഗം:ബലഹരി
“ഉക്ത്വൈവമേവ മഹിഷീം മഹിതാനുഭാവ-
 ശ്ചിത്തേ ഘടോത്കചമചിന്തയദാത്മജന്തം
 നക്തഞ്ചരോപി സഗണൈസ്സമുപേത്യ പാര്‍ത്ഥാന്‍
 നത്വാ പദേ പിതരമിത്ഥമുവാച ധീരം”
{മഹാനുഭാവനായ ഭീമന്‍ പത്നിയോട് ഇപ്രകാരം പറഞ്ഞിട്ട് പുത്രനായ ഘടോത്കചനെ ചിത്തത്തില്‍ ചിന്തിച്ചു. ആ ധീരനായ രാക്ഷസന്‍ തന്റെ കൂട്ടുകാരോടുകൂടി സമീപത്തുവന്ന് പാണ്ഡവരുടെ പാദങ്ങളെ വണങ്ങിയിട്ട് പിതാവിനോട് ഇങ്ങിനെ പറഞ്ഞു.}

ഘടോത്കചന്റെ ഇടക്കാലത്തിലുള്ള തിരനോട്ടം-
ഘടോത്കചന്റെ തന്റേടാട്ടം-

തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് തിരതാഴ്ത്തുന്ന ഘടോത്കചന്‍ ഉത്തരീയംവീശി ഇരുന്നശേഷം എഴുന്നേറ്റ് രംഗവന്ദനം ചെയ്യുന്നു.
ഘടോത്കചന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്? (ആലോചിച്ചിട്ട്) ‘ഉം, മനസ്സിലായി. എന്നേപ്പോലെ പരാക്രമത്തോടുകൂടിയവനായി ഇന്ന് ലോകത്തില്‍ ആരാണുള്ളത്? ആരും ഇല്ല. അതുകൊണ്ട് എനിക് എറ്റവും സുഖം ഭവിച്ചു.’ (വീണ്ടും പീഠത്തിലിരുന്ന് ഉത്തരീയം വീശവെ പെട്ടന്ന് ഓര്‍ത്തിട്ട്) ‘എന്നെ സ്മരിക്കുന്നതാര്?’ (വിചാരിച്ചിട്ട്) ‘ഓ, എന്റെ പിതാവായുള്ള ഭീമസേനന്‍ തന്നെ. അതിനാല്‍ ഉടനെ അദ്ദേഹത്തിന്റെ സമീപത്തേയ്ക്ക് പോവുകതന്നെ.’ (എഴുന്നേറ്റ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി കൂട്ടുകാരെ കണ്ടിട്ട്) ‘എടോ, ഞാന്‍ എന്റെ അച്ഛന്റെ സമീപത്തേയ്ക്ക് പുറപ്പെടുകയാണ്. വിവരം അമ്മയെ ധരിപ്പിക്കുക. പിന്നെ, നിങ്ങളില്‍ നൂറുപേര്‍ എന്റെ കൂടെ പുറപ്പെട്ടാലും.’ (നേരെ തിരിഞ്ഞ്, ആത്മഗതമായി) ‘ഇനി വേഗം പുറപ്പെടുകതന്നെ’
ഘടോത്കചന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് തിര ഉയര്‍ത്തുന്നു.
വീണ്ടും തിരനീക്കുമ്പോള്‍ വലതുഭാഗത്ത് പീഠത്തില്‍ ഭീമന്‍ ഇരിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തായി പാഞ്ചാലി നില്‍ക്കുന്നു. ഇടത്തുഭാഗത്തുകൂടി എടുത്തുകലാശംചവുട്ടി പ്രവേശിക്കുന്ന ഘടോത്കചന്‍ മുന്നോട്ടുവന്ന് ഭീമനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് തൊഴുതുമാറി നില്‍ക്കുന്നു. ഭീമന്‍ വാത്സല്യത്തോടുകൂടി പുത്രനെ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു.
ഘടോത്കചന്‍:‘ഇനി ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും’
ഘടോത്കചന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.
 
ഘടോത്കചന്റെ പദം-രാഗം:ബലഹരി,താളം:മുറിയടന്ത(ദ്രുതകാലം)
പല്ലവി:
“പുത്രനായുള്ള ഘടോത്കചന്‍ ഞാന്‍ തവ
 പാദയുഗം തൊഴുന്നേന്‍ മാം”
അനുപല്ലവി:
“പാത്രമറിക ഭവന്നിയോഗത്തിനു
 ബാധയില്ലൊന്നിനുമേ”
ചരണം1
“മന്ദതകൂടാതെ നിന്റെ മനോരഥ-
 മമ്പോടുചൊല്ലീടുകിലതു
 സന്ദേഹമെന്നിയെ സാധിപ്പിച്ചീടുവന്‍
 ഇന്ദുകുലാധിപ ഞാന്‍”
ചരണം2:
“സങ്കടമില്ലൊരു കാര്യത്തിനും മമ
 നിങ്കരുണയുണ്ടങ്കിലതു
 ശങ്കവെടിഞ്ഞരുളീടേണം നിന്നുടെ
 കിങ്കരനാമെന്നോടു”
ചരണം3:
“ഗാന്ധാരിപുത്രന്മാരല്ലോ കപടത്താല്‍
 കാന്തയോടും നിങ്ങളെ ഘോര-
 കാന്താരന്തന്നിലയച്ചതവരെ
 കൃതാന്തനു നല്‍കീടുവന്‍”
ചരണം4:
“അഷ്ടദിക്ക്പാലന്മാരൊക്കെ നടുങ്ങുമാറ്
 അട്ടഹാസം ചെയ്തു ഞാന്‍ കാല-
 മൊട്ടും കളയാതെ ചെന്നവരെ
 വെന്നു പെട്ടന്നു വന്നീടുവന്‍”
{അങ്ങയുടെ പുത്രനായ ഞാന്‍, ഘടോത്കചന്‍, കാലിണ തൊഴുന്നേന്‍. ഞാന്‍ ഭവാന്റെ നിയോഗത്തിന് പാത്രമാണന്ന് അറിക. ഒന്നിനും തടസമില്ല. ചന്ദ്രവംശശ്രേഷ്ഠാ, മടികൂടാതെ അങ്ങയുടെ ആഗ്രഹം പെട്ടന്ന് ചൊല്ലീടാമെങ്കില്‍ അത് നിസംശയം ഞാന്‍ സാധിപ്പിക്കാം. അങ്ങയുടെ കാരുമുണ്ടെങ്കില്‍ എനിക്ക് ഒരു കാര്യത്തിനും സങ്കടമില്ല. അവിടുത്തെ കിങ്കരനായ എന്നോട് ശങ്കവെടിഞ്ഞ് അത് അരുളീടേണം. ഗാന്ധാരീപുത്രന്മാരാണല്ലോ നിങ്ങളെ ചതിച്ച് കാന്തയോടുംകൂടി ഘോരവനത്തിലേയ്ക്ക് അയച്ചത്. അവരെ കാലനു നല്‍കീടാം. അഷ്ടദിക്ക്പാലന്മാരൊക്കെ നടുങ്ങുമാറ് അട്ടഹാസം ചെയ്ത് കാലമൊട്ടും കളയാതെ ചെന്ന് അവരെ ജയിച്ച് പെട്ടന്ന് വന്നീടാം.}

ഭീമന്റെ മറുപടിപദം-രാഗം:കാമോദരി, താളം:അടന്ത(ഒന്നാംകാലം)
ചരണം1:
“അര്‍ച്ചനം ചെയ്തു പരമേശ്വരന്‍ തന്നോ-
 ടസ്ത്രം ലഭിച്ചുടനെ വരും
 അര്‍ജ്ജുനനപ്പോള്‍ സമയം കഴിഞ്ഞീടും
 അത്രനാളും പാര്‍ക്കടോ”
ചരണം2:
“മല്ലവിലോചനയാമിവള്‍ നിന്നുടെ
 മാതാവെന്നറിഞ്ഞീടെടോ^ മുറ്റും
 കല്ലില്‍ നടന്നുള്ളിലല്ലല്‍ പെരുകുന്നു
 കല്യാണശീല കാണ്‍ക”
{തപസ്സുചെയ്ത് പരമേശ്വരനോട് അസ്ത്രം നേടിയ അര്‍ജ്ജുനന്‍ ഉടനെ തിരിച്ചുവരും. അപ്പോള്‍ പ്രതിജ്ഞാകാലവും കഴിഞ്ഞീടും. അത്രനാളും ക്ഷമിച്ചിരിക്കു. താമരക്കണ്ണിയായ ഇവള്‍ നിന്നുടെ മാതാവാണന്ന് അറിഞ്ഞീടടോ. കല്ലില്‍ വളരെ നടന്നിട്ട് ഇവളുടെ ഉള്ളില്‍ വല്ലാതെ വിഷമം വര്‍ദ്ധിക്കുന്നു. മംഗളശീലാ, കാണുക.‍}

[^‘മാതാവെന്നറിഞ്ഞീടെടോ’ എന്ന് കേള്‍ക്കുന്നതോടെ ഘടോത്കചന്‍ പാഞ്ചാലിയെ കുമ്പിടുന്നു.]

ഘടോത്കചന്‍:
ചരണം6:
“കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്നു
 കഴുത്തിലെടുത്തുടനെ ഭുവി
 കാംക്ഷിതദിക്കില്‍ ചരിപ്പിച്ചീടാമല്ലോ
 കാമഗതനാകിയ ഞാന്‍”
{ഇഷ്ടസഞ്ചാരിയായ ഞാന്‍ കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്ന് കഴുത്തിലെടുത്തുകൊണ്ട് ഉടനെ ഭൂമിയില്‍ ഇഷ്ടമുള്ള ദിക്കിലൊക്കെ കൊണ്ടുപോകാം.}

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് ഘടോത്കചന്‍ ഭീമനെ കെട്ടിചാടി കുമ്പിടുന്നു. ഭീമന്‍ അനുഗ്രഹിക്കുന്നു.
ഘടോത്കചന്‍:‘ബ്രാഹ്മണരേയും മഹര്‍ഷിമാരേയും മറ്റും എന്നോടൊപ്പം വന്നിട്ടുള്ള രാക്ഷസര്‍ എടുത്തുകൊള്ളും. ഭവാന്മാര്‍ മാതാവോടുകൂടി എന്റെ ചുമലില്‍ ഇരുന്നാലും. എന്നാല്‍ പുറപ്പെടുകയല്ലേ?’
ഭീമന്‍:‘അങ്ങിനെ തന്നെ’
ഭീമന്‍ പാഞ്ചാലിയെ പിടിച്ച് ഘടോതകചനെ ഏല്‍പ്പിക്കുന്നു. ഘടോത്കചന്‍ പാഞ്ചാലിയെ ഇടതുവശത്തേയ്ക്കു നിര്‍ത്തി കുമ്പിടുന്നു. പിന്നെ ഭീമനേയും കുമ്പിട്ട് വലംകൈയ്യില്‍ ഭീമന്റേയും ഇടംകൈയ്യില്‍ പാഞ്ചാലിയുടേയും കൈകള്‍ കോത്തുപിടിച്ച്, ചുമലില്‍ എടുത്തുകൊണ്ടുപോകുന്ന ഭാവത്തില്‍ പിന്നോട്ടുമാറുന്നു. മൂവരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

കല്യാണസൌഗന്ധികം പത്താം രംഗം

രംഗത്ത്-ഭീമന്‍(ഒന്നാംതരം പച്ചവേഷം),പാഞ്ചാലി(സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“കാലേ കദാചിദഥ കാമിജനനുകൂലേ
 മാലേയമാരുതവിലോളിതമാലതീകേ
 ലീലാരസേന വിഛരന്‍ വിപിനേ വിനോദ
 ലോലാം സമീരണസുതോ രമണീമഭാണീല്‍”
{കാമികള്‍ക്ക് അനുകൂലമായകാലത്ത് ചന്ദനക്കാറ്റിലിളകുന്ന പിച്ചകവള്ളികളോടുകൂടിയ വിപിനത്തില്‍ വിനോദലോലനായി സഞ്ചരിച്ചുകൊണ്ടിരുന്ന വായുസുതന്‍ ഒരിക്കല്‍ ക്രീഡാസക്തനായി പ്രിയതമയോട് പറഞ്ഞു.}

ഭീമനും പാഞ്ചാലിയും ആലിംഗനബദ്ധരായി പതിഞ്ഞ ‘കിടതകധിം,താ’മിനൊപ്പം . പ്രവേശിക്കുന്നു. പാഞ്ചാലിയെ ഇടതുവശം നിര്‍ത്തി നോക്കികണ്ടുകൊണ്ട് ഭീമന്‍ പദാഭിനയം ആരംഭിക്കുന്നു.

ഭീമന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“പാഞ്ചാലരാജതനയേ പങ്കജേക്ഷണേ
 പഞ്ചസായകനിലയേ”
“പാഞ്ചാലരാജതനയേ“
(ഭീമന്‍-കലാ:ഷണ്മുഖദാസ്,പാഞ്ചാലി-കലാ:നാരായണന്‍)

അനുപല്ലവി:
“തഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാല്‍
 നെഞ്ചകമതിലഴലരുതരുതയി തേ”
ചരണം1:
“പൂഞ്ചോലതോറും നടന്നു നല്ല
 പൂമണം മെല്ലെ നുകര്‍ന്നു
 ചാഞ്ചാടി മോദം കലര്‍ന്നു നല്ല
 ചാരുപവനന്‍ വരുന്നു”
ചരണം2:(ഇരട്ടി നൃത്തത്തോടെ)
“പഞ്ചമകൂജിതസുകോകിലേ
 പരമിഹ ദേവീ സുമംഗലേ
 കിഞ്ചനരഞ്ചുമനാകുലേ
 കിളിമൊഴി വരിക ശിലാതലേ
 നി‌ഞ്ചലലോചന നിര്‍ജ്ജിത മധുരിമ
 സഞ്ചിതഭയചലദഞ്ചിതകമലേ”
{പാഞ്ചാലരാജപുത്രി, പങ്കജേക്ഷണേ, കാമദേവന് ആവാസമായവളേ, എന്നും ഇങ്ങിനെ വിപിനത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മനസ്സില്‍ വിഷമം ഉണ്ടാകരുത്. പൂഞ്ചോലകളില്‍ തട്ടി നല്ല പൂമണം മെല്ലെ നുകര്‍ന്നുകൊണ്ട്, നല്ല മനോഹരമായ ഇളംകാറ്റ് മോദത്തോടെ ചാഞ്ചാടിക്കൊണ്ട് വരുന്നു. കിളിമൊഴിയും സുമംഗലയുമായ ദേവീ, പഞ്ചമകൂജിതങ്ങളായ കുയിലുകളോടുകൂടിയതും, നിന്റെ ചലിക്കുന്ന കണ്ണുകളെക്കൊണ്ട് ജയിക്കപ്പെട്ട അഴകോടുകൂടിയവയും, വര്‍ദ്ധിച്ച ഭയത്താല്‍ വിറപൂണ്ടവയും അഴകുറ്റവയുമായ മാനുകളോടുകൂടിയതുമായ ഈ പാറപ്പുറത്തേക്ക് കുറച്ചുനേരം രമിക്കുവാനായി വന്നാലും.}

ഭീമന്‍ ഇരട്ടി കലാശിച്ച് ‘മാന്‍’ എന്ന മുദ്ര പിടിച്ച് പദാഭിനയം അവസാനിപ്പിക്കുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകം ആലപിക്കുന്നു.
ഭീമന്‍(കലാ:ഗോപി) ‘മാന്‍’ എന്ന മുദ്ര പിടിച്ച്
പദാഭിനയം അവസാനിപ്പിക്കുന്നു

ശ്ലോകം^-രാഗം:മുഖാരി
“വാതേന വത്സലതയേവകിലോപനീതം
 ചേതോഹരം പരിമളാനുസൃതാളിവൃന്ദം
 ആദായ പുഷ്പമതിമോഹനമാത്ത ദിവ്യം
 മോദാല്‍ ജഗാദ പവനാത്മജമേത്യ കൃഷ്ണ”
{വാത്സല്യത്താല്‍ എന്ന പോലെ വായുദേവന്‍ അരികിലെത്തിച്ചതും, ചേതോഹരവും, പരിമളത്താല്‍ ആകര്‍ഷിക്കപ്പെട്ട വണ്ടുകളോടുകൂടിയതും, ദിവ്യവുമായ ആ പുഷ്പം എടുത്ത വായുപുത്രന്റെ സമീപമെത്തി കൃഷ്ണ മോദത്തോടെ പറഞ്ഞു.}

[^ശ്ലോകം ആരംഭിച്ചാല്‍ പാഞ്ചാലി പെട്ടന്ന് ഒരു സൌരഭ്യം ഏല്‍ക്കുന്നതായും, ഉത്കണ്ഠയോടെ അത് എവിടെനിന്നാണെന്ന് തിരയുന്നതായും നടിക്കുന്നു. ‘ആദായ’ എന്ന് ആലപിക്കുന്നതോടെ മുന്നില്‍ വീണ പൂവിനെ ആര്‍ത്തിയോടെ വാരിയെടുത്ത് ഭംഗി കണ്ടും സൌരഭ്യം നുകര്‍ന്നും ആസ്വദിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നു.‘ജഗാദ പവനാത്മജ’ എന്നു ചൊല്ലുന്നതോടെ സന്തോഷപൂര്‍വ്വം ഭീമനെ നോക്കി കണ്ണുകള്‍ കൊണ്ട് പുഷ്പം കാട്ടിക്കൊടുക്കുന്നു.]

പാഞ്ചാലിയുടെ പദം-രാഗം:മുഖാരി,താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“എന്‍‌കണവ കണ്ടാലും നീ എങ്കലൊരു കുസുമം”^
“എന്‍‌കണവ കണ്ടാലും നീ”
(ഭീമന്‍-തോന്നക്കല്‍ പീതാമ്പരന്‍,പാഞ്ചാലി-കലാ:ഷന്മുഖദാസ്)



ചരണം1:
“നിന്‍ കരുണയുണ്ടെന്നാകില്‍ നിര്‍ണ്ണയമിനിയും മമ
 സംഗതി വരും ലഭിപ്പാന്‍ സരസ സൌഗന്ധികങ്ങള്‍”
ചരണം2:
“പാരമില്ല പാര്‍ത്താലെങ്ങും ചാരുതരമാമീവണ്ണം
 പാരം വളരുന്നു മോദം വാരിജദളനയന”
ചരണം3:
“വല്ലതെന്നാലും നിജ വല്ലഭന്മാരോടല്ലാതെ
 ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറുന്ന തരുണിമാര്‍”
{എന്റെ കണവാ, അങ്ങ് കണ്ടാലും എന്റെ കയ്യിലിതാ ഒരു പുഷ്പം. ഭവാന്റെ കരുണ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എനിക്ക് ഇനിയും ഇതുപോലെ സുന്ദരങ്ങളാകുന്ന സൌഗന്ധികപൂക്കള്‍ ലഭിപ്പാനിടവരും. ഭംഗിയേറിയ ഇത്തരം പൂക്കള്‍ പാരില്‍ എവിടയും ഇല്ല. താമരകണ്ണാ, ഈ പൂവ് കാണുമ്പോള്‍ എനിക്ക് സന്തോഷം വളരുന്നു. എന്തുതന്നെയായാലും അഭിലാഷം സ്വന്തം ഭര്‍ത്താക്കന്മാരോടല്ലാതെ ഉത്തമസ്ത്രീകള്‍ പറയാറില്ല.}

[^പല്ലവിയുടെ അന്ത്യത്തോടെ പാഞ്ചാലി പുഷ്പം ഭീമന് കൈമാറുന്നു. ഭീമന്‍ പൂവ് കണ്ടാസ്വദിച്ച്, ഘ്രാണിച്ചശേഷം പാഞ്ചാലിയുടെപക്കല്‍ മടക്കി നല്‍കുകയും ചെയ്യുന്നു.]
“ചൊല്ലേറുന്ന തരുണിമാര്‍”
(ഭീമന്‍-ഇഞ്ചക്കാട്ട് രാമചന്ദന്‍,പാഞ്ചാലി-മാര്‍ഗി വിജയകുമാര്‍‍‍)

ഭീമന്റെ മറുപടിപദം-രാഗം:ധന്യാസി,താളം:ചെമ്പട(രണ്ടാംകാലം^)
ചരണം1:
“മാഞ്ചേല്‍മിഴിയാളെ നിന്നാല്‍
 വാഞ്ഛിതങ്ങളായീടുന്നോ-
 രഞ്ചിത സൌഗന്ധികങ്ങള്‍
 അഞ്ചാതെ കൊണ്ടന്നീടാം”
പല്ലവി:
“ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ”
ചരണം2:
“ശൈലമുകളിലെന്നാലും ശക്രലോകത്തെന്നാകിലും
 വേലയില്ല തവ ഹിതം വിക്രമേണ സാധിപ്പാനും”
(“ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ”)
{മാനിന്റെ കണ്ണുകള്‍ പോലെ ഭംഗിയുള്ള കണ്ണുകളോടു കൂടിയവളേ, നിന്നാല്‍ ആഗ്രഹിക്കപ്പെട്ട സുന്ദരസൌഗന്ധികങ്ങള്‍ തമസിയാതെ കൊണ്ടുവന്നീടാം. ചലിക്കുന്ന മിഴികളുള്ളവരുടെ(സുന്ദരികളുടെ) ശിരോരത്നമേ, മലമുകളിലായാലും സ്വര്‍ഗ്ഗലോകത്തായാലും ശരി, വിക്രമംകൊണ്ട് നിന്റെ ആഗ്രഹം സാധിപ്പിക്കുവാന്‍ എനിക്ക് പ്രയാസമില്ല.}

[^രണ്ടാം ചരണത്തിലെ ആദ്യവരി മാത്രം അല്‍പ്പം കാലമുയര്‍ത്തി ആലപിക്കും.]
“ശൈലമുകളിലെന്നാലും“(ഭീമന്‍-കലാ:കൃഷ്ണന്‍ നായര്‍)

ശേഷം ആട്ടം-
ഭീമന്‍:‘എന്നാല്‍ ഞാന്‍ ഭവതിക്ക് ഇഷ്ടമായുള്ള സൌഗന്ധികപുഷ്പങ്ങള്‍ കൊണ്ടുവരാന്‍ വേഗം പോകട്ടയോ?’
പാഞ്ചാലി:‘ഭവാന് പോകുന്ന വഴിക്ക് വിശപ്പും ദാഹവും തീര്‍പ്പാന്‍ ഉപായമെന്ത്?’
ഭീമന്‍:(ആലോചിച്ചിട്ട്, പാഞ്ചാലിയെനോക്കി ചിരിച്ച്) ‘ഉണ്ട്, സുന്ദരിയായ ഭവതിയുടെ ഇളകുന്നതും മനോഹരവുമായ കടാക്ഷം’(പാഞ്ചാലിയായി കടക്കണ്‍നോട്ടം അഭിനയിച്ചിട്ട്) ‘ആകുന്ന പാഥേയം തന്നെ. നിന്റെ നോട്ടത്തെ ഓര്‍ത്ത് സഞ്ചരിക്കുന്ന എനിക്ക് വിശപ്പും ദാഹവും ബാധിക്കുമോ?’
പാഞ്ചാലി ഇതുകേട്ട് ലജ്ജിക്കുന്നു.
പാഞ്ചാലി:‘വഴിയില്‍ ശത്രുക്കള്‍ നേരിട്ടാലൊ?
ഭീമന്‍:(ഗദ എടുത്ത് ചുഴറ്റി കാട്ടിയിട്ട്) ‘വളരേ ശത്രുക്കളുടെ ശരീരം ഇടിച്ചുതകര്‍ത്തിട്ടുള്ള ഈ ഗദ എനിക്ക് സഹായമായുണ്ട്. എന്നാല്‍ ഭവതി ഇനി ജേഷ്ഠനോടും അനുജന്മാരോടും കൂടി സസന്തോഷം വസിച്ചാലും. ഞാന്‍ വേഗം പൂക്കളുമായി വന്നേക്കാം’
ഭീമന്‍പാഞ്ചാലിയെ ആലിംഗനംചെയ്തശേഷം വലംകയ്യില്‍ ഗദയും ഇടംകയ്യില്‍ ശംഖുമെടുത്ത്, പാഞ്ചാലിയെ നോക്കി കണ്ണുകളാല്‍ ‘ഞാന്‍ പോകട്ടയോ?’ എന്നുകാട്ടി വലതുഭാഗത്തേക്ക് നീങ്ങി, കുത്തിമാറി തിരിയുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. ഭീമന്‍ വീരഭാവത്തില്‍ ഗദചുഴറ്റിക്കൊണ്ട് വീണ്ടും രംഗത്തേക്കുവരുന്നു.
ഭീമന്‍:(ചാടി ഉത്സാഹര്‍ഷം നടിച്ച്) ‘ഇനി സൌഗന്ധികപ്പൂക്കള്‍ തേടി വായുവിന്റെ ഗതിനോക്കി പുറപ്പെടുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ചിട്ട്[കുറച്ചുദൂരം നടക്കുന്നതിന്റെ പ്രതീകമാണ് ഇത്], നെടുനീളത്തില്‍ ഇരുവശത്തേക്കും നോക്കികണ്ടിട്ട്) ‘അതാ ദൂരെ ഗന്ധമാദനപര്‍വ്വതം കാണുന്നു.‘^ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പര്‍വ്വതത്തില്‍ പലതും കണ്ട്) ‘ഗന്ധമാദനം പര്‍വ്വതങ്ങളുടെ രാജാവെന്നുതോന്നുമാറ് ശോഭിക്കുന്നു. ഇതിന്റെ രത്നശൃഗംഗങ്ങളിള്‍ പര്‍വ്വതരാജന്റെ കിരീടങ്ങളെപ്പോലെ ശോഭിക്കുന്നു. പലയിടത്തും കുത്തിയൊലിച്ച് പോകുന്ന ചോലകള്‍ പര്‍വ്വതരാജനെ മുത്തുമാലകള്‍ കണക്കെ അലങ്കരിച്ചിരിക്കുന്നു’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ചിട്ട്) ‘പാറക്കൂട്ടങ്ങളുടെ ഇടയില്‍ ചായില്യം, മനയോല തുടങ്ങിയ ധാതുദ്രവ്യങ്ങള്‍ ധാരാളമായി കാണുന്നു‘(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഈ പര്‍വ്വതത്തിന്റെ അടിവാരത്തില്‍ ഉള്ള കാടുകളില്‍ അഗ്നിപടര്‍ന്ന് കത്തിജ്വലിച്ച് പുക മേലോട്ട് ഉയര്‍ന്നുപൊങ്ങുന്നു. ഇനി പര്‍വ്വതത്തിന്റെ മേല്‍ കയറി സഞ്ചരിക്കുകതന്നെ’^ (‘ആഡ്ഡിഡ്ഡിക്കിട’ വെയ്ച്ചിട്ട്) ‘ഇവിടെ ഘോരമായ വനം കാണുന്നു.^ ഏറ്റവും ഉയരമുള്ള പുല്ലുകളും വള്ളിക്കൂട്ടങ്ങളും നീണ്ടുതടിച്ച ശാഘകളോടുകൂടിയ വന്‍‌ മരങ്ങളും കെട്ടുപിണഞ്ഞ്, നിറഞ്ഞ് വഴിയില്ലാതെ കാണുന്നു.‘ (ചുറ്റും നോക്കിയിട്ട്) ‘സൂര്യരശ്മികൂടി തട്ടാതെ ഈ വനം ഇരുട്ടിന് പാത്രമായി ഭവിച്ചിരിക്കുന്നു. ഇങ്ങിനെയുള്ള ഈ വനത്തിലുടെ പോകുന്നതെങ്ങിനെ?‘ (പെട്ടന്ന് ചാടി ഉഗ്രതയോടെ) ‘ആകട്ടെ, ഗദകൊണ്ട് മരങ്ങളെല്ലാം അടിച്ച് തകര്‍ത്ത് വഴിയുണ്ടാക്കി പോവുകതന്നെ’ ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ച് ഗദകൊണ്ട് മരങ്ങള്‍ ആഞ്ഞടിച്ച്, ഇടതുകരംകൊണ്ട് മരക്കൊമ്പുകള്‍ ദൂരേക്കെറിഞ്ഞുകളഞ്ഞുകൊണ്ട് പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.*

-----(തിരശ്ശീല)-----

[^ഗന്ധമാദനപര്‍വ്വതത്തേയും വനത്തേയും വര്‍ണ്ണിക്കുന്ന ആട്ടങ്ങള്‍ യഥാക്രമം
“പാഷാണപ്രകാരാന്ത സന്ധിസുലഭ വ്യാലക്ഷ്യധാതുദ്രവ
 പ്രോത്തുംഗോപരിലോല നീലജലദ വ്യാലീഢ വപ്രസ്ഥല:
 വിഷ്വക്കീര്‍ണ വിശുഷ്ക്കകോഷ്ഠ ഹുതഭുങ്നിഷ്ഠ്യൂത ധൂമോത്കരം
 വ്യാധൂന്വന്നിവ ഗന്ധമാദന ഗിരിര്‍ ദൂരാദസൌ ദൃശ്യതേ”

“ഏതദുര്‍ഗ്ഗമ മാര്‍ഗ മുദ്ബണ തൃണ പ്രച്ഛന്ന മൂര്‍ച്ഛത്കരം
 വിരുദ്ഭിര്‍ന്നിചിതാലതാ വലയിതൈരുത്തം ഭീതം പാദപൈ:
 അന്യോന്യ വ്യതിഷ്കത ദൂര്‍ഘ വിലസച്ഛാഖോപശാഖാ ശ്ഛദൈര്‍
 ദൂരോല്ലാസിത സൂര്യ രശ്മി വിപിനം ധത്തേതമോ ഗുംഫനം”

“പാദവ്യാക്ഷിപ്ത വീരുത്തൃണമുപരിഗദാപാതനിദ്യൂതശാഖം
 വ്യാഘാതധ്വസ്ത വൃക്ഷം ശ്രുതികടുനിനദത്രാസ വിഭ്രാണസത്വം
 ആപ്ലുത്യോത്പ്ലുത്യ നിമ്നോന്നതമപിച സമീകൃത്യവേഗോത്ഥവാതാ-
 വ്യാകീര്‍ണെപാംസു പുഞ്ജേദവമിഹകലയന്‍ രാജമാര്‍ഗം വ്രജാമി” എന്നീ ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ്. മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ചുണ്ടാക്കിയവയാണീ ശ്ലോകങ്ങള്‍.]

[^വനവര്‍ണ്ണനയില്‍ നടന്റെ മനോധര്‍മ്മാനുസ്സരണം പല ആട്ടങ്ങളും ആടാറുണ്ട്. അതില്‍ പ്രധാനമായതാണ് ‘അജഗരകബളിതം’ എന്ന ആട്ടം.
അജഗരകബളിതം ആട്ടം-
സഞ്ചരിക്കുന്നതിനിടയില്‍ ഭീമന്‍, ഒരുഭാഗത്തുനിന്നും ശബ്ദം കേട്ടതായി നടിച്ചിട്ട്, ‘ഭയങ്കരനായ ഒരു ആനയുടെ ഛിന്നംവിളി കേള്‍ക്കുന്നു’ എന്ന് കാട്ടുന്നു. ശബ്ദം കേട്ടദിക്കിലേക്ക് ശ്രദ്ധിച്ച് നോക്കിയിട്ട് ‘അതാ മദം പൊട്ടിഒലിക്കുന്ന ഒരു ആന’ എന്നു കാട്ടുന്നു.
പിന്നെ ആനയായി- മരത്തില്‍ ഉരുമ്മുന്നതും, ചില്ലകള്‍ ഒടിച്ച് ഭക്ഷിക്കുന്നതും, മണ്ണുവാരി ദേഹത്തിടുന്നതും, ക്ഷീണിതനായി നിന്ന് മയങ്ങുന്നതും നടിക്കുന്നു.
വീണ്ടും ഭീമനായി-താഴേ ശ്രദ്ധിച്ചു നോക്കിയിട്ട്, ‘അതാ ഒരു തടിച്ച പെരുമ്പാമ്പ്‘.
പെരുമ്പാമ്പായി-ഇഴഞ്ഞുവന്ന് ആനയുടെ കാലില്‍ കടിക്കുന്നതായി നടിക്കുന്നു.
തുടര്‍ന്ന് പെരുമ്പാമ്പ് കാലില്‍ കടിച്ച് പിന്നിലേക്കു വലിക്കുന്നതായും, ആന കാല്‍ കുടഞ്ഞ് മുന്നോട്ട് വലിക്കുന്നതായും നടന്‍ മാറിമാറി പകര്‍ന്നാടുന്നു.
ഈ സമയത്ത് വിശന്നുവലഞ്ഞ ക്രൂരനായ ഒരു സിംഹം ഇരതേടി അവിടെ എത്തുന്നതുകാണുന്നു.
സിംഹമായി-പെട്ടന്ന് ചാടി ആനയുടെ മസ്തകം അടിച്ചുപൊളിക്കുന്നു.
ആനയായി- കൊമ്പുകുത്തി മരിച്ചുവീഴുന്നു.
സിഹമായി- ആനയുടെ മസ്തകം പൊളിച്ച് ഭക്ഷിച്ച്, ചുടുചോരയും കുടിച്ചിട്ട് പോകുന്നു.
പെരുമ്പാമ്പായി- ആനയെ വിഴുങ്ങുന്നു.
“അന്തര്‍ഗുഹാഗതമഹാജഗരാസ്യദംഷ്ട്രാ-
 വ്യാകൃഷ്ടപാദമുരുഗര്‍ജ്ജിതമേഷ സിംഹ:
 ദംഷ്ട്രാഗ്രകൃഷ്ടപൃഥകുംഭതടാസ്ഥിവല്ഗദ്-
 ഗ്രീവാനിഖാതനഖമാക്ഷിപതി ദ്വിപേന്ദ്രം”എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്.]

പത്താം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

* ഭീമന്‍ ഗദകൊണ്ട് മരങ്ങളെല്ലാം അടിച്ച് തകര്‍ത്ത് വഴിയുണ്ടാക്കി പോകുന്നതോടെ നിഷ്ക്രമിക്കുകയില്ല. ഇങ്ങിനെ സഞ്ചരിച്ച് ഗന്ധമാദനപര്‍വ്വതത്തിന്റെ മറുഭാഗത്തെത്തി, തുടര്‍ന്ന് ഇങ്ങിനെ ആടുന്നു-
ഭീമന്‍:‘ഇതാ ഇവിടെ പരിശുദ്ധജലം നിറഞ്ഞ തടാകം കാണുന്നു. ധാരാളം താമരകളും അതില്‍ വിടര്‍ന്നുനില്‍ക്കുന്നു. വണ്ടിന്‍കൂട്ടങ്ങള്‍ വന്ന് മധുവുമുണ്ട് തൃപ്തിയോടുകൂടി മടങ്ങുന്നു. ഇതില്‍ ധരാളം മത്സ്യങ്ങളും കാണുന്നു. ഇവിടം ഒരു പുണ്യസ്ഥലം തന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, കദളീവനം കണ്ട്, ആശ്ചര്യത്തോടേ) ‘ഹോ! ഇതാ ഈ പ്രദേശത്ത് വാഴകള്‍ ധാരാളമായി നിറഞ്ഞുനില്‍ക്കുന്നു’ (ശ്രദ്ധിച്ചിട്ട്) ‘അതില്‍ കുലകളും ധാരാളമുണ്ട്. പലതും നന്നായി പഴുത്തിട്ടുമുണ്ട്. പവിഴവും പച്ചരത്നവും ഒന്നിച്ചു കോര്‍ത്ത മാലകൊണ്ട് വിതാനിച്ചതുപോലെ ഇവ ശോഭിക്കുന്നു. എന്നാല്‍ പക്ഷിമൃഗാദികളോന്നും വന്ന് ഈ പഴങ്ങള്‍ ഭക്ഷിക്കുന്നില്ല!‘ (താഴെ നോക്കിയിട്ട്) ‘വാഴപ്പഴം പൊഴിഞ്ഞ് വീണുകിടക്കുന്നു. ഇതു കണ്ടാല്‍ പട്ടുവിരിച്ചതുപോലെ തോന്നും.’ (ആലോചിച്ചിട്ട്) ‘ഈ വനത്തെ പരിപാലിക്കുന്നതാര്? ങാ, അന്യൂഷിച്ച് അറിയുകതന്നെ’ഭീമന്‍ എടുത്തുകലാശിച്ചിട്ട് നിഷ്ക്രമിക്കുന്നു.

ഭീമന്റെ കദളീവനവര്‍ണ്ണനയായുള്ള ഈ ആട്ടം കല്യാണസൌഗന്ധികം ചമ്പുവിലെ “വാതേരിതപ്രചലനീലദളാകുലോയം
 പക്വൈ: ഫലൈശ്ശബളിത: കദളീവനാന്ത:
 ആഭാതി വിദ്രുമതാവിടപൈ: പ്രഭിന്ന:
 ത്വംഗത്തരംഗപരികീര്‍ണ്ണ ഇവാംബുരാശി:
 ന കിഞ്ചില്‍ മൃഗപക്ഷിഭരപി പരിണതം ഫലമപലുപ്യതേ” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

2008 ഒക്‌ടോബർ 7, ചൊവ്വാഴ്ച

കല്യാണസൌഗന്ധികം പതിനൊന്നാം രംഗം

രംഗത്ത്-ഹനുമാന്‍‍(ഒന്നാംതരം വെള്ളത്താടി വേഷം), ഭീമന്‍
ശ്ലോകങ്ങള്‍-രാഗം:മദ്ധ്യമാവതി
1.
“അഭ്യര്‍ത്ഥിതോ ദയിതയേവമദീനകാന്തി-
 രദ്യുല്പപാത ഗുരുശൈലവനം ഗദാവാന്‍
 തല്‍ഭൂരിവേഗധുരസത്വരവച്ഛലേന
 പത്ഭ്യാം ഹതേന രുദിതം ഗിരിണാഭിയേവ”
{പത്നിയാല്‍ അഭ്യര്‍ത്ഥിക്കപ്പെട്ടവയായിട്ട്, വാട്ടംതട്ടാത്ത കാന്തിയോടുകൂടിയ ഭീമസേനന്‍ ഗദയുമേന്തി ഗന്ധമാദനപര്‍വ്വതത്തിലെ മഹാവനത്തില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഗതിവേഗത്തില്‍ ക്ഷോഭിച്ച ജന്തുക്കളുടെ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭീമന്റെ കാല്‍ചവിട്ടേറ്റ് പര്‍വ്വതം ഭയന്ന് കരഞ്ഞുപോയതാണോ എന്നു തോന്നും.}

2.
“ശാതോദരിചടുലചാരു കടാക്ഷ പാതാ-
 പാഥേയവാന്‍ പ്രവിചരന്‍ പ്രിയ സാഹസോ സൌ
 പാദപ്രപാത ചകിതാഖില സത്വജാതം
 വാതാത്മജോപി കദളീവനമാസ സാദ”
{പ്രിയതമയുടെ മനോഹരവും ചടുലവുമായ കടക്കണ്‍നോട്ടമാകുന്ന പൊതിച്ചോറുമായി സഞ്ചരിക്കുന്ന സാഹസപ്രിയനായ ആ വായുപുത്രന്‍, ജന്തുക്കള്‍ ഭയചികിതരാകുമാറ് കാലടികള്‍ വെച്ചുകൊണ്ട് കദളീവനത്തില്‍ എത്തി.}

3.
“ആയാസഹീനമതിഘോര ഗദാസഹായം
 ആയാന്തമാശുഹനുമാന്‍ ഭുജശക്തിമന്തം
 രാമം സ്മരന്‍ സസുഖമത്ര തപ:പ്രകുര്‍വന്‍
 ഭീമം സമീക്ഷ്യ സമചിന്തയ ദേവമന്ത:”
{അതിഘോരമായ ഗദയുമേന്തി നിഷ്പ്രയാസം വരുന്ന കൈക്കരുത്തേറിയ ഭീമനെ കണ്ട്, ശ്രീരാമനെ സ്മരിച്ച് സസുഖം അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഹനുമാന്‍ ഇങ്ങിനെ ചിന്തിച്ചു.}

നാലാമിരട്ടിമേളത്തോടെ തിരശ്ശീല താഴ്ത്തുമ്പോള്‍ ഹനുമാന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് തപസ്സുചെയ്യുന്നു. എന്തോശബ്ദം ശ്രവിച്ച് ഞെട്ടിയുണരുന്ന ഹനുമാന്‍ ഇരുവശങ്ങളിലും ശ്രദ്ധിച്ചിട്ട്,* ചിന്തിച്ച്, സമാധാനിച്ച് വീണ്ടും ധ്യാനനിരതനാകുന്നു. നിമിഷങ്ങള്‍ക്കകം വീണ്ടും ഞെട്ടിയുണരുന്നു.

ഹനുമാന്‍:(ഇരു വശങ്ങളിലേക്കും നോക്കിയിട്ട്) ‘എന്റെ മനസ്സ് ഇളകുവാന്‍ കാരണമെന്ത്?’ (ആലോചിച്ച്, സമാധാനിച്ച്) ‘എന്തായാലും മനസ്സ് ഉറപ്പിക്കുകതന്നെ’

ഹനുമാന്‍ ശരീരത്തിന്റെ ഇരു വശങ്ങളിലും നടുവിലുമായി മൂന്ന് നാടികളേയും(ഇഡ, പിംഗള, സുഷുമ്ന) ബന്ധിച്ചുറപ്പിച്ച് വീണ്ടും ധ്യാനത്തില്‍ മുഴുകുന്നു. അല്പസമയത്തിനകം ശബ്ദംകേട്ട് മൂന്നാമതും ധ്യാനത്തില്‍ നിന്നും ഉണരുന്ന ഹനുമാന്‍ അലറിക്കൊണ്ട് എഴുന്നേറ്റ് ഇരുവശങ്ങളിലേക്കും മാറി മാറി നോക്കുന്നു.

ഹനുമാന്‍^‍:‘ഏറ്റവും ഭയങ്കരമായ ശബ്ദം കേള്‍ക്കുന്നതെന്ത്? പര്‍വ്വതങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയുള്ള ശബ്ദമാണോ?’ (വിചാരിച്ച് ഉറച്ചിട്ട്) ‘അല്ല. പണ്ട് ഇന്ദ്രന്‍ തന്റെ വജ്രായുധംകൊണ്ട് പര്‍വ്വതങ്ങളുടെ ചിറകുകള്‍‘ (ഇന്ദ്രനായി പര്‍വ്വതങ്ങളുടെ ചിറകുകള്‍ മുറിക്കുന്നതായി ആടിയിട്ട്) ‘ഇപ്രകാരം ചെയ്തിട്ടുണ്ട്. [പര്‍വ്വതങ്ങള്‍ക്ക് പണ്ട് ചിറകുകള്‍ ഉണ്ടായിരുന്നു എന്നും, അവ യെഥേഷ്ടം പറന്നുനടന്നിരുന്നു എന്നും, ചിറകുകള്‍ അറുത്ത് അനങ്ങാനാവാതെ അതാതിടത്ത് അവയെ ഇരുത്തിയത് ഇന്ദ്രനാണെന്നുമാണ് പുരാണകഥ] ‘അതുകൊണ്ട് പര്‍വ്വതങ്ങളുടെ ശബ്ദമല്ല.’

[^ ഈഭാഗത്തെ ആട്ടം മറ്റൊരുവിധത്തിലും അവതരിപ്പിക്കാറുണ്ട്-
ഹനുമാന്‍:‘എന്റെ മനസ്സ് ഇളകുവാന്‍ കാരണമെന്ത്? ലോകനാശകാലം വന്നുവോ? (വിചാരിച്ച്, എല്ലായിടവും നോക്കികണ്ടിട്ടും, ശബ്ദങ്ങള്‍ കേട്ടിട്ടും) ‘വൃക്ഷങ്ങള്‍ തളിരുകളോടും പുഷ്പങ്ങളോടും കൂടി ശോഭിച്ചുകാണുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതിനാല്‍ പ്രപഞ്ചനാശകാലം ആയിട്ടില്ല.’]

ഹനുമാന്‍:‘പിന്നെ എന്ത്? (ദൂരെ എന്തോകണ്ട് സൂക്ഷിച്ചുനോക്കിയിട്ട്) ‘അതാ, ഒരു മനുഷ്യന്‍ കൈയ്യിലുള്ള തടിച്ച ഗദകൊണ്ട് വൃക്ഷങ്ങളെ തല്ലിതകര്‍ത്തുകൊണ്ട്, വഴിയുണ്ടാക്കി നേരേ വരുന്നു. ഈ ഗംഭീര പുരുഷന്‍ ആരാണ്? ആകട്ടെ, ആലോചിച്ച് അറിയുകതന്നെ’ഹനുമാന്‍ നാലാമിരട്ടി ചവുട്ടി, പദം അഭിനയിക്കുന്നു.
തപസ്സിരിക്കുന്ന ഹനുമാന്‍(മടവൂര്‍ വാസുദേവന്‍ നായര്‍)
ഹനുമാന്റെ പദം-രാഗം:മദ്ധ്യമാവതി,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ആരിഹ വരുന്നതിവനാരുമെതിരില്ലയോ
 പാരമിയലുന്ന മദമാര്‍ന്നു വിപിനേ”
അനുപല്ലവി:
“വീരരസമേവ വിരവോടൊരു നരാകൃതി
 ചാരവേ കൈക്കൊണ്ടു വന്നപോലെ”
ചരണം1:
“മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളില്‍
 ആതമഗമോടവശം ഓടുന്നഹോ”
ചരണം2:
“ഖേദേന കേസരികള്‍ കേവലം പേടിച്ചു
 മേദുര ഗുഹാന്തരേ മേവീടുന്നു”
ചരണം3:
“മനസി മമ കിമപി ബത* മമത പെരുകുന്നിവനില്‍
 അനിലസുതനിവനെന്റെ അനുജനല്ലോ”
ചരണം4:(മൂന്നാം കാലം)
“കനിവോടിവനുടെ ശക്തി കാണ്‍കയും മമ തത്വം
 ഇവനെ അറിയിക്കയും വേണമല്ലോ”
ചരണം5:(രണ്ടാം കാലം)
“രാമാജയ രാമാജയ ലോകാഭിരാമാജയ
 രാവണാന്തക രാമ സീതാപതേ”
{അധികമായ മദത്തോടുകൂടി കാട്ടില്‍കൂടി വരുന്നതാര്? ഇവനാരും എതിരില്ലയോ? വീരരസം വഴിപോലെ ഇപ്രകാരമൊരു മനുഷ്യാകാരം കൈക്കൊണ്ട് അടുത്ത് വന്നതുപോലെ. അഹോ! ആനക്കൂട്ടങ്ങള്‍ അഭിമാനം വെടിഞ്ഞ് ഭയപരവശരായി ഓടുന്നു. ഭയന്ന സിംഹങ്ങള്‍ ഖേദത്തോടെ വന്‍ഗുഹക്കകത്തുപോയി പതുങ്ങിയിരിക്കുന്നു. ആശ്ചര്യം! എന്റെ മനസ്സില്‍ അവനോട് മമത പെരുകിവരുന്നു. ഓ! വായുസുതനായ ഇവന്‍ എന്റെ അനുജനാണല്ലോ. കനിവോടുകൂടി ഇവന്റെ ശക്തി കണ്ടറിയുകയും, എന്റെ തത്വം ഇവനെ അറിയിക്കുകയും വേണം. രാമാ ജയിച്ചാലും, രാമാ ജയിച്ചാലും. ലോകമനോഹരാ ജയിച്ചാലും. രാവണാന്തകാ,രാമാ, സീതാപതേ.}

ശേഷം ആട്ടം-
ഹനുമാന്‍:‘ഇവന്‍ ഈ വഴിയെ വരുവാന്‍ കാരണമെന്ത്?‘ (ധ്യാനിച്ചിട്ട്) ‘ഓ! മനസ്സിലായി, ഭാര്യയുടെ ആഗ്രഹപ്രകാരം സൌഗന്ധികപൂക്കള്‍ തേടി വരികയാണ്. ഈ വഴിക്കുപോയാല്‍ സൌഗന്ധികം കിട്ടുകയില്ല. അതിനാല്‍ വഴിമാറ്റി അയക്കണം. അതിന് ഉപായമെന്ത്?‘ (വിചാരിച്ചിട്ട്) ‘ആകട്ടെ, ഒരു വൃദ്ധനായി ഇവന്റെ മാര്‍ഗ്ഗം മുടക്കി കിടക്കുകതന്നെ’
ഹനുമാന്‍ നാലാമിരട്ടി എടുത്തിട്ട് പീഠത്തില്‍കയറി നിന്ന് ശ്രീരാമസ്വാമിയെ പ്രാര്‍ത്ഥിച്ച്, ശരീരത്തിന് ജാതുരത്വം വരുത്തുന്നു. കൈകാലുകള്‍ക്ക് ശക്തികുറഞ്ഞ്,ശരീരമാകെ വിറപൂണ്ട്, പാരവശ്യത്തോടെ നിലത്തുവീഴുന്ന ഹനുമാന്‍, നീങ്ങി ഭീമന്റെ മാര്‍ഗ്ഗത്തില്‍ വിലങ്ങനെ കിടക്കുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:കാമോദരി
“നിശ്ചിത്യ സോയമിതി തത് പഥി നിശ്ചലാത്മാ
 പുച്ഛം നിധായ ജരസാര്‍ത്ത ഇവാത്രശിശ്യേ
 ഗച്ഛന്‍ ഗദാഹതി പതന്‍ കദളീകദംബ:
 സ്വച്ഛന്ദശായിനമുവാചരുഷാ സ ഭീമ:”
{ഇങ്ങിനെ നിശ്ചയിച്ച് ഹനുമാന്‍, ഭീമന്റെ വഴിയില്‍ വാലെടുത്തുവെച്ച് ക്ഷീണിതനെ പോലെ ഇളക്കമില്ലാതെ കിടന്നു. ഗദയാല്‍ കദളിവാഴക്കൂട്ടങ്ങള്‍ അടിച്ചു വീഴ്ത്തിക്കൊണ്ട് വന്ന ഭീമന്‍ സ്വച്ഛമായി കിടക്കുന്ന അദ്ദേഹത്തോട് കോപത്തോടെ പറഞ്ഞു.}

ശ്ലോകത്തിനു ശേഷം വലതുഭാഗത്തുകൂടി പ്രവേശിച്ച് ഭീമന്‍, കാട് തല്ലി തകര്‍ത്തുകൊണ്ട് മുന്നോട്ട് വരുന്നു.

ഭീമന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് ചുറ്റും ആശ്ചര്യത്തോടെ വീക്ഷിച്ചിട്ട്) ‘ഇവിടമാകെ അതിമനോഹരമായ കദളിവാഴക്കൂട്ടങ്ങളാല്‍ നിറഞ്ഞു കാണുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ വച്ച് മുന്നോട്ടുവന്ന് ഇരുവശങ്ങളിലേക്കും നീട്ടി നോക്കിയിട്ട്) ‘എന്റെ വഴിമുടക്കി കിടക്കുന്നതാര്?’ (മുന്നോട്ട് നീങ്ങി വെച്ചുചവുട്ടി, ഗദകുത്തിപിടിച്ച് ഇരുന്ന്, സൂക്ഷിച്ചുനോക്കിയിട്ട്, ഹാസ്യഭാവത്തില്‍) ‘ഒരു വാനരനാണ്’ (ഗൌരവത്തില്‍) ‘എന്തായാലും ഉടനെ വഴിയില്‍നിന്നും പോകുവാന്‍ പറയുകതന്നെ’
ഭീമന്‍ നാലാമിരട്ടി എടുത്ത് പദം അഭിനയിക്കുന്നു.

ഭീമന്റെ പദം-രാഗം:കാമോദരി,താളം:ചെമ്പട(മൂന്നാംകാലം)
പല്ലവി:
“വഴിയില്‍ നിന്നു പോക വൈകാതെ വാനരാധമ
 വഴിയില്‍ നിന്നു പോക വൈകാതെ”
ചരണം1:
“പോകായ്കില്‍ നിന്നെ
 മുഴുത്തകോപമോടടുത്തു ഞാന്‍ നിന്റെ
 കഴുത്തിലമ്പൊടു പിടിച്ചുടന്‍
 തഴച്ച നിന്നെ എറിഞ്ഞു ഞാന്‍
 വഴിക്കു പോവതിനനാകുലം”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
ചരണം2:
“അറിഞ്ഞാലും നീ
 കനത്ത ഹിമകര കുലത്തില്‍ ഞാന്‍
 ജനിച്ച ഭൂപതി മരുത്സുതന്‍
 തനിച്ച വൈരി വിമര്‍ദ്ദനന്‍ അതു
 നിനയ്ക്ക സമ്പ്രതി സുദുര്‍മ്മതേ”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
ചരണം3:
“വരിഷ്ഠനാകിയ നൃപോത്തമന്‍
 യുധിഷ്ഠിരന്റെ ഹിതേതരന്‍
 കനിഷ്ഠനാകിയ വൃകോദരന്‍
 ബലിഷ്ഠനെന്നതുമവേഹി മാം”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
ചരണം4:
“പേടികൂടാതെ
 മടിച്ചു മേ പഥി കിടക്കിലോ
 തടിച്ച മര്‍ക്കട ജളപ്രഭോ
 പടുത്വമോടുടനടുത്തു ഞാന്‍
 അടിച്ചു നിന്നുടല്‍ പൊടിച്ചിടും”
(“വഴിയില്‍ നിന്നു പോക വൈകാതെ....”)
{അധമനായവാനരാ, താമസിയാതെ വഴിയില്‍ നിന്നും പോ. പോകായ്കില്‍ മുഴുത്തകോപത്തോടെ അടുത്തുവന്ന് തടിച്ച നിന്റെ കഴുത്തില്‍ പിടിച്ച് വലിച്ചെറിഞ്ഞിട്ട് ഈ വഴിക്കുപോവാന്‍ എനിക്ക് പ്രയാസമില്ല. നീ അറിഞ്ഞാലും, ശ്രേഷ്ഠമായ ചന്ദ്രവംശത്തില്‍ ജനിച്ച വായുപുത്രനായ രാജാവാണ് ഞാന്‍. കരുത്തുറ്റ വൈരികളെ അമര്‍ച്ചചെയ്യുന്നവാനാണെന്നും ദുര്‍മ്മതിയായ നീ മനസ്സിലാക്കുക. എന്നാല്‍ കേട്ടുകൊള്ളുക, ശ്രേഷ്ഠനായ രാജോത്തമന്‍ യുധിഷ്ഠിരന്റെ ഹിതത്തെചെയ്യുന്നതില്‍ തത്പരനും, അനുജനും, ബലവാനുമായ വൃകോദരനാണ് ഞാന്‍. പേടികൂടാതെ മടിച്ച് എന്റെ വഴിയില്‍ കിടക്കുകയാണെങ്കില്‍, എടാ, ജളപ്രഭുവായ തടിച്ച മര്‍ക്കടാ, ഞാന്‍ കൂസലില്ലാതെ നിന്റെ ഉടല്‍ അടിച്ചു പൊടിക്കും.}

പദാഭിനയം കഴിഞ്ഞ് ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ച് ഭീമന്‍ ശ്ലോകത്തിന് വട്ടം വെയ്ക്കുന്നു.
“വഴിയില്‍ നിന്നു പോക“
(ഭീമന്‍-കലാ:ഗോപി,ഹനുമാന്‍:കലാ:രാമന്‍‌കുട്ടിനായര്‍)
ശ്ലോകം-രാഗം:നീലാബരി
“രൂക്ഷാക്ഷരൈരിതി മുഹുര്‍ മുഹുരാക്ഷിപന്തം
 വീക്ഷന്നഥാര്‍ധവിനിമീലിതചക്ഷുഷാ തം
 പ്രക്ഷീണശക്തിരിവ വേപഥുമാന്‍ വിലക്ഷോ
 ദക്ഷോപി ദീനവദുവാച തമൃക്ഷനാഥ:”
{പരുഷവാക്കുകള്‍ പറഞ്ഞ് വീണ്ടും വീണ്ടും ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഭീമനെ പകുതിയടഞ്ഞ കണ്ണുകൊണ്ട് നോക്കി ശക്തിയില്ലാത്തവനെപോലെ വിറച്ചുകൊണ്ട് ആ വാനരശ്രേഷ്ഠന്‍ പറഞ്ഞു.}

ഹനുമാന്‍ കിടന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

പദം-രാഗം:നീലാബരി,താളം:അടന്ത
ഹനുമാന്‍:
പല്ലവി:
“നൃപതേ ഞാനും ഉപചാരാദികള്‍ ചെയ്യാ-
 ഞ്ഞതിനാലരുതു കോപം നൃപതേ”
അനുപല്ലവി:
“ജരകൊണ്ടു നടപ്പാനും അരുതാതെ വലഞ്ഞു ഞാന്‍
 ചിരകാലമിഹവാഴുന്നതു ഭവാനറിഞ്ഞാലും”
ചരണം1:
“നരന്മാരിലൊരുവനുമിതിലൂടെ വഴി
 നടപ്പാറില്ലതു വീര ധരിച്ചാലും
 സുരജനപരിഭവം വരുമിഹ ചരിക്കിലോ
 നരവര വിരവോടു പുരമേവ ഗമിച്ചാലും”
{അല്ലയോ രാജാവേ, ഞാന്‍ ഉപചാരാദികള്‍ ചെയ്യാത്തതിനാല്‍ കോപമരുതേ. രാജാവേ, ജരകൊണ്ട് നടക്കാന്‍‌ വയ്യാതെ വലഞ്ഞ് ഞാന്‍ വളരെക്കാലമായി കഴിയുകയാണെന്ന് ഭവാന്‍ അറിഞ്ഞാലും. മനുഷ്യരാരും ഇതിലെ വഴിനടക്കാറില്ല എന്നതും മനസ്സിലാക്കിയാലും വീരാ. നടന്നാല്‍ ദേവന്മാര്‍ക്ക് ഇഷ്ടമാവില്ല. അതിനാല്‍ മാനുഷശ്രേഷ്ഠാ, പെട്ടന്ന് പുരത്തിലേക്ക് മടങ്ങിയാലും.}

ഭീമന്‍:‘ഞാനോ? അതു കൊള്ളാം’
ചരണം2:
“നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
 വരികിലുമൊരുഭയം നഹി മമ
 വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
 പറയായ്ക കപേ ഭീരുജനത്തോടേന്നതുപോലെ”
പല്ലവി:
“കുമതേ കാലം കളയാതെ ഗമിച്ചാലും
 കപിവര വഴിയീന്നു കുമതേ”
{മനുഷ്യരും ദേവന്മാരും ഒരുമിച്ച് നേരേ വന്നാലും ഒരു ഭയവുമില്ല എനിക്ക്. വീരനായ വായുപുത്രനാണ് ഞാനെന്ന് അറിയാതെ ഭീരുക്കളേപ്പോലെ വല്ലതും പറയരുത് വാനരാ. കുബുദ്ധിയായവനേ, സമയം കളയാതെ വഴിയീല്‍നിന്നും പോയാലും, ബുദ്ധിയില്ലാത്ത വാനരാ.}

ഹനുമാന്‍:
ചരണം3:
“ഉലകിതില്‍ ബലവാന്‍ ആകിയ ഭവാനെന്നെ
 വിലംഘിച്ചു വിരവോടു ഗമിച്ചാലും
 കലുഷതയതുകൊണ്ടു നഹി മമ മനതാരില്‍
 അലസരില്‍ കൃപ തവ കുലധര്‍മ്മമറിഞ്ഞാലും”
{ലോകത്തില്‍ ഏറ്റവും ബലവാനായ ഭവാന്‍ എന്നെ ചാടിക്കടന്ന് വേഗം ഗമിച്ചാലും. അതുകൊണ്ട് എന്റെ മനസ്സില്‍ പരിഭവമില്ല. അവശരില്‍ കൃപകാണിക്കുക എന്നത് അങ്ങയുടെ കുലധര്‍മ്മമാണെന്ന് ഓര്‍ത്താലും.}

ഭീമന്‍:
ചരണം4:-താളം:മുറിയടന്ത(മുറുകിയ കാലം)
“വനചര തവ കുലമതിലുണ്ടുവായു-
 തനയനായ്ക്കപികുലവരനാകും
 ഹനുമാനാകിയ മമ സഹജനെ നിനച്ചെന്റെ
 മനതാരില്‍ മടി നിന്നെ കടന്നു പോവതിനിപ്പോള്‍”
(“കുമതേ കാലം കളയാതെ............“)
{വാനരാ, നിന്റെ വര്‍ഗ്ഗത്തിലുള്ള വായുപുത്രനും വാനരശ്രേഷ്ഠനുമായ ഹനുമാന്‍ എന്റെ ജേഷ്ഠനാണ്. അദ്ദേഹത്തെ ഓര്‍ത്ത്, നിന്നെ കടന്നുപോകുവാന്‍ എന്റെ മനസ്സില്‍ മടിതോന്നുന്നു.}

ഹനുമാന്‍:
ചരണം5:-താളം:മുറിയടന്ത(ഇടക്കാലം)
“ഹനുമാനെന്നൊരു കപിവരനുണ്ടെന്നല്ലോ
 മനുജപുംഗവ ഭവാന്‍ ചൊന്നതും
 വിനയവാരിധേ മമ കൌതുകം വളരുന്നു
 കനിവോടവനാരെന്നു പറക നീയെന്നോടു്”
{ഹനുമാനെന്നൊരു കപിവരനുണ്ടെന്നാണല്ലൊ മനുഷ്യശ്രേഷ്ഠനായ ഭവാന്‍ പറഞ്ഞത്. വിനയവാരിധേ അദ്ദേഹം ആരെന്ന് അറിയുവാന്‍ എനിക്ക് ആഗ്രഹം വളരുന്നു. ദയവായി നീ എന്നോട് പറഞ്ഞാലും.}

ഭീമന്‍:‘ഏ! കേട്ടിട്ടില്ലെ? കഷ്ടം!’
ചരണം6:-താളം:മുറിയടന്ത(മുറുകിയകാലം)
“ഭുവനകണ്ടകനായ ദശകണ്ഠന്‍ തന്റെ
 ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
 പവനന്ദനനായ ഹനുമാനെയറിയാതെ
 അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ”
(“കുമതേ കാലം കളയാതെ..........”)
{ശിവ! ശിവ! ലോകോപദ്രവകാരിയായ രാവണന്റെ രാജധാനി ചുട്ടെരിച്ചോരു മഹാത്മാവായ, പവനനന്ദനനായ, ഹനുമാനെ അറിയാതെ ലോകത്തില്‍ ആരൊരുത്തനുണ്ട്?}

ശേഷം ആട്ടം-
ഭീമന്‍:‘വേഗം വഴിയില്‍നിന്നും മാറിപ്പോ’
ഹനുമാന്‍:‘എനിക്ക് ഒട്ടും അനങ്ങാന്‍ വയ്യ’
ഭീമന്‍:‘നീ പോവില്ലേ? ആ! എന്നാല്‍ നിന്റെ വാല്‍ ഈ ഗദകൊണ്ട് കുത്തിമാറ്റിയിട്ട് ഞാന്‍ പോകുന്നുണ്ട്, നോക്കിക്കോ‘
ഭീമന്‍ നാലാമിരട്ടിയെടുത്ത് ഗദയാല്‍ ഹനുമാന്റെ വാലില്‍ കുത്തുന്നു. ഹനുമാന്റെ വാല്‍ ഉയര്‍ത്താന്‍ പലവുരു ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഗദ തിരിച്ചെടുക്കുവാന്‍ കൂടി കഴിയാതെ ഭീമന്‍ തളര്‍ന്ന് വീഴുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
“വാചം നിശമ്യ സമുപേത്യ കപേര്‍ബലീയാന്‍
 വാലാഗ്രമസ്യ നഹി ചാലയിതും ശശാക
 വൃളാനതോ ഗത ധൃതിര്‍ വിവശോ വിവേകീ
 പ്രോവാച വാനരവരം വചനം സശങ്ക:”
{കപിയുടെ വാക്കുകള്‍ കേട്ട് വാല്‍ വഴിയില്‍ നിന്നെടുത്തുമാട്ടാന്‍ ശ്രമിച്ചെങ്കിലും അതിന്റെ അഗ്രം പോലും ഇളക്കുവാനാകാതെ ഭീമന്‍ ധൈര്യം പോയി, നാണിച്ച് തലകുനിച്ച്, തളര്‍ന്നിരുന്നു. പിന്നെ വിവേകം ഉദിച്ചപ്പോള്‍ വാനരവരനോട് ശങ്കയോടെ ചോദിച്ചു.}

ശ്ലോകസമയത്ത് ഇരിക്കുന്ന ഭീമന്‍ മുഖംകുനിച്ച് യഥാക്രമം ജാള്യത, ഭയം, പാരവശ്യം, ആലോചന എന്നിവ നടിച്ചശേഷം ഹനുമാനെ നോക്കി, ശങ്കയോടെ അനുസ്സരിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു. തുടര്‍ന്ന് ‘തേജോരാശേ’ മുതലുള്ള ഭാഗങ്ങള്‍ എഴുന്നേറ്റ് നിന്ന് അഭിനയിക്കും.

പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“വാചം ശൃണു മേ വാനരപുംഗവാ
 തേജോരാശേ സാദരമിപ്പോള്‍”
ചരണം1:
“പാശധരനോ നീ ചൊല്‍ക പാകവൈരിതാനോ വീരാ
 കീശവരനല്ലേതും കേവലം കരുതീടുന്നേന്‍”
ചരണം2:
“സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാര്‍ക്കും
 സത്വരമെന്നോടിദാനിം തത്വമുരചെയ്തീടേണം”
{തേജസ്വിയായ വാനരപുംഗവാ, ഞാന്‍ ആദരവോടെ പറയുന്നത് കേട്ടാലും. അങ്ങ് വരുണനോ? പറയുക, താങ്കള്‍ ഇന്ദ്രന്‍ തന്നെയോ? വീരാ, കേവലം ഒരു വാനരവരനല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജന്തുസഞ്ചയങ്ങളില്‍ അങ്ങയോളം ബലം മറ്റാര്‍ക്കുമില്ല. ഉടനെ എന്നോട് പരമാര്‍ത്ഥം പറയേണം.}

ഹനുമാന്‍:‍(വാര്‍ദ്ധ്യക്യം ത്യജിച്ച്, എഴുന്നേറ്റ് യഥാര്‍ത്ഥരൂപം കാട്ടിക്കൊണ്ട്)
ചരണം3:
“രാവണാന്തകനായിടും രാമന്റെ ദൂതനാകും ഞാന്‍^
താവകസഹജന്‍^ മമ നാമം ഹനുമാനല്ലോ”
പല്ലവി:
“വാചം ശൃണു മേ മാനുഷപുംഗവാ”
ചരണം4:
“ജലജവിലോചനയായ ജനകജയെ കാണ്മതിനായി
 ജലധി ലംഘിച്ചു ലങ്കയെ ജ്വലനാല്‍ സംഹരിച്ചതും ഞാന്‍”
(“വാചം ശൃണു മേ മാനുഷപുംഗവാ”)
{രാവണാന്തകനായ രാമന്റെ ദൂതനാകുന്ന ഞാന്‍. നിന്റെ ജേഷ്ഠനായ എന്റെ നാമം ഹനുമാനെന്നാണ്. താമരമിഴിയാളായ ജാനകിദേവിയെ കാണുവാനായി സമുദ്രം ചാടിക്കടന്ന് ലങ്കയെ ചുട്ടെരിച്ചതും ഞാന്‍‌തന്നെ.}

[^“രാവണാന്തകനായിടും രാമന്റെ ദൂതനാകും ഞാന്‍” എന്ന വരിമാത്രം മൂന്നാം കാലത്തിലെക്ക് കയറ്റിയാണ് ആലപിക്കുക.]

[^“താവകസഹജന്‍” എന്നു പറയുന്നതോടെ ഭീമന്‍ ആകാംഷയോടെ ‘പേരെന്താണ്?’ എന്ന് ചോദിക്കുന്നു. ഹനുമാനാണെന്ന് അറിയുന്നതോടെ ഭീമന്‍ ആശ്ചര്യഭക്തികളോടെ ഹനുമാനെ കുമ്പിടുന്നു. ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച്, വാത്സല്യപൂര്‍വ്വം ആശ്ലേഷിക്കുന്നു. തുടര്‍ന്ന് ഭീമന്‍ ഹനുമാനെ വലതുഭാഗത്തെക്ക് ക്ഷണിച്ചുകൊണ്ട് ഇടതുഭാഗത്തേക്ക് നീങ്ങി, ഭക്തിപൂര്‍വ്വം തൊഴുതു നില്‍ക്കുന്നു.]
“രാവണാന്തകനായിടും“
(ഭീമന്‍-കലാ:കൃഷ്ണകുമാര്‍,ഹനുമാന്‍-കോട്ട:ചന്ദ്രശേഘരവാര്യര്‍)
ഭീമന്‍:
ചരണം5:-രാഗം:പന്തുവരാളി,താളം:ചെമ്പട
“ബാലതകൊണ്ടു ഞാന്‍ ചൊന്ന വാക്കുകള്‍ കരുതീടായ്ക
 കാലിണ കൈവണങ്ങുന്നേന്‍ കാരുണ്യാംബുധേ സോദര
 അഗ്രജ നീ ജലധിയെ വ്യഗ്രം കൂടാതെ കടന്ന
 വിഗ്രഹം കാണ്മതിനുള്ളിലാഗ്രഹം വളര്‍ന്നീടുന്നു”
{അറിവില്ലായ്മകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ വെയ്ക്കരുതേ. കാരുണ്യസമുദ്രമായ സോദരാ, അവിടുത്തെ കാലിണ കൈവണങ്ങുന്നു. ജേഷ്ഠാ, അവിടുന്ന് കൂസലില്ലാതെ സമുദ്രം ചാടികടന്ന സമയത്തെ രൂപം കാണുവാന്‍ ഉള്ളില്‍ ആഗ്രഹം വളരുന്നു.}
“കാലിണ കൈവണങ്ങുന്നേന്‍“
(ഹനുമാന്‍-കലാ:പ്രദീപ്,ഭീമന്‍-കലാ:ഷണ്മുഖദാസ്)
ഹനുമാന്‍:
ചരണം6:-രാഗം:നാട്ടക്കുറിഞ്ഞി,താളം:ചെമ്പട(ആദ്യവരി മൂന്നാം കാലത്തിലും രണ്ടാം വരി രണ്ടാം കാലത്തിലും)
“ആശയമതെങ്കിലിപ്പോള്‍ ആലോകയ മമ ദേഹം
 ആയാസമുണ്ടായീടോല്ല ആവോളം ചുരുക്കീടുന്നേന്‍”
{ആഗ്രഹമതാണേങ്കില്‍ ഇപ്പോള്‍ എന്റെ ദേഹം കണ്ടുകൊള്ളുക. ആയാസമൊന്നും ഉണ്ടാകരുത്. ആവുന്നിടത്തോളം ചുരുക്കാം.}

ശേഷം ആട്ടം-
ഹനുമാന്‍:‘എന്റെ വലുതായ രൂപം കണ്ടാല്‍ നീ ഭയപ്പെടുമോ?’
ഭീമന്‍:‘അങ്ങയുടെ കരുണയുണ്ടായാല്‍ എനിക്ക് ഭയമില്ല’
ഹനുമാന്‍:‘ആകട്ടെ, എന്നാല്‍ ധൈര്യപൂര്‍വ്വം കണ്ടുകൊള്ളുക’
ഭീമന്‍ ഉത്സാഹത്തോടെ രൂപം കാണുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഹനുമാന്‍ പീഠത്തില്‍ കയറി ശ്രീരാമസ്വാമിയെ സ്മരിച്ചുകൊണ്ട് രൂപം വലുതാക്കി കാട്ടുന്നു. ഭീമന്‍ അതുകണ്ട് ഭയപ്പെടുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:ശങ്കരാഭരണം
“ഭീയേതി ഭീമം പതിതം പദാന്തേ^
 പ്രഭഞ്ജനാത്മപ്രഭവ:പ്രസാദാല്‍
 നിജാനുജം നീതിനിധിര്‍നിരീക്ഷ്യ
 സ സൌമ്യരൂപസ്സമവോചദേവം”
{ഭയപ്പെട്ട ഭീമന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു. നീതിജ്ഞനായ ഹനുമാന്‍ പ്രസാദിച്ച് സൌമ്യരൂപം കൈക്കൊണ്ട് അനുജനോട് ഇങ്ങിനെ പറഞ്ഞു.}

[^ശ്ലോകത്തില്‍ ‘പതിതം പദാന്തേ’ എന്നാലപിക്കുമ്പോള്‍ ഭീമന്‍ നമസ്ക്കരിച്ചതുപോലെ വീഴുന്നു. ‘നിരീക്ഷ്യ’ എന്നാലപിക്കുന്നതിനൊപ്പം ഹനുമാന്‍ ഭീമന്‍ നിലം‌പതിച്ചതു കാണുന്നു. ഉടനെ വാത്സല്യപാരവശ്യത്തോടെ ശരീരം പൂര്‍വ്വസ്ഥിതിയിലാക്കി പീഠത്തില്‍ നിന്നും താഴെയിറങ്ങുന്നു.]
“ഭീയേതി ഭീമം പതിതം പദാന്തേ“
(ഹനുമാന്‍-കലാ:പ്രദീപ്,ഭീമന്‍-കലാ:ഷണ്മുഖദാസ്)
ഹനുമാന്‍ ഭീമനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് ബോധക്ഷയം തീര്‍ക്കുന്നു. ഭീമന്‍ ആലസ്യം വിട്ട് ഉണര്‍ന്ന് സംഭ്രമിക്കുകന്നു. പിന്നെ ജാള്യത നടിച്ച് വന്ദിച്ച് നില്‍ക്കുന്നു. ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച്, വാത്സല്യത്തോടെ പദാഭിനയം നടത്തുന്നു.

പദം-രാഗം:ശങ്കരാഭരണം,താളം:മുറിയടന്ത
പല്ലവി:
“ഭീതിയുള്ളിലരുതൊട്ടുമേ തവ
 ഭീമസേന ശൃണു ഭാഷിതം”
അനുപല്ലവി:
“പ്രീതി പൂണ്ടീടുക മാനസേ രിപു
 ഭൂതിനാശന ഭവാനെടോ”
ചരണം1:
“കാണിനേരമിനി വൈകാതെ ശുക
 വാണിയാകിയൊരു നിന്നുടെ
 പ്രാണവല്ലഭേടെ വാഞ്ചിതം ജഗത്-
 പ്രാണനന്ദന ലഭിച്ചാലും”
{നിന്റെ ഉള്ളില്‍ ഒട്ടും ഭീതി അരുത്. ഭീമസേനാ, എന്റെ വാക്കുകള്‍ ശ്രവിച്ചാലും. ശത്രുക്കളുടെ ഐശ്വര്യത്തെ നശിപ്പിക്കുന്നവനേ, ഭവാന്റെ മനസ്സിനെ സന്തോഷഭരിതമാക്കുക. വായുനന്ദനാ, ഇനി ഒട്ടും നേരം വൈകാതെ ശുകവാണിയാകിയ നിന്നുടെ പ്രാണവല്ലഭയുടെ ആഗ്രഹം സാധിപ്പിച്ചാലും.}
“ഭീതിയുള്ളിലരുതൊട്ടുമേ”
(ഹനുമാന്‍-കലാ:രാമന്‍‌കുട്ടിനായര്‍,ഭീമന്‍-കലാ:ഗോപി)
ഭീമന്‍:
ചരണം2:-രാഗം:ശ്രീ,താളം:മുറിയടന്ത
“കൌരവന്മാരോടു സംഗരമിനി ഘോരമായ് മുതിരുമന്നു നീ
 വീരാ ഞങ്ങളുടെ ചാരവേവന്നു വൈരീവീരരെ ഒടുക്കേണം”
{ഇനി കൌരവന്മാരോട് ഘോരമായ യുദ്ധത്തിനുമുതിരുന്നു. അന്ന് വീരനായ അവിടുന്ന് ഞങ്ങളുടെ ചാരത്തുവന്ന് വൈരിവീരരെ ഒടുക്കേണമേ.}
“ഭീതിയുള്ളിലരുതൊട്ടുമേ”
(ഹനുമാന്‍-കലാ:രാമന്‍‌കുട്ടിനായര്‍,ഭീമന്‍-കലാ:ഗോപി)
ഹനുമാന്‍:
ചരണം3:-രാഗം:ഭൂപാളം,താളം:മുറിയടന്ത
“മാന്യനായ തവ സോദരന്‍ ശത-
 മന്യുതനയന്റെ കേതനേ
 നിന്നു ഭീഷണരവേണ ഞാന്‍
 യുധി ശൂന്യമാക്കുവനരികളെ”
{മാന്യനായ നിന്റെ സോദരന്‍ അര്‍ജ്ജുനന്റെ കൊടിമരത്തിലിരുന്ന് ഭയങ്കരമായ അട്ടഹാസം കൊണ്ട് ഞാന്‍, യുദ്ധസമയത്ത് ശത്രുക്കളെ നശിപ്പിക്കുന്നുണ്ട്.} 

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് ഹനുമാന്‍ പീഠത്തില്‍ ഇരിക്കുന്നു. ഭീമന്‍ അടുത്തുവന്ന് തൊഴുതു നില്‍ക്കുന്നു.
ഹനുമാന്‍:‘വിചാരിച്ചിരിക്കാതെ നിന്നെ കാണുവാന്‍ സംഗതിവന്നത് ശ്രീരാമസ്വാമിയുടെ കാരുണ്യം കൊണ്ടുതന്നെ. വനവാസം ചെയ്യേണ്ടിവന്നതുകൊണ്ട് നിനക്ക് മനസ്താപം വേണ്ട. മേലില്‍ ശത്രുക്കളെ എല്ലാം നശിപ്പിച്ച് ജേഷ്ഠന്‍ രാജാവായി വാഴും. എന്നാല്‍ ഇനി നീ പുറപ്പെട്ട കാര്യം വേഗം സാധിച്ചാലും’ 
ഭീമന്‍:‘സൌഗന്ധികപൂക്കള്‍ എവിടെയാണ് ലഭിക്കുക?’
ഹനുമാന്‍:‘ആ,പറയാം. ഇത് ദേവമാര്‍ഗ്ഗമാണ്. ഇതിലെ മനുഷ്യര്‍ നടന്നുകൂടാ. നടന്നാല്‍ ദേവന്മാര്‍ കോപിക്കും. അതിനാല്‍ നിന്നെ വഴിതിരിച്ചു വിടാനാണ് ഞാന്‍ നിന്റെ വഴിമുടക്കി ഇവിടെ കിടന്നത്. ഇനി നീ (മറ്റൊരു വഴി കാട്ടിയിട്ട്) ഈ വഴിയെ പോയ്ക്കൊള്ളുക. ഈ വഴിയേ പോയാല്‍ കുബേരന്റെ ഉദ്യാനത്തിലെത്തും. അതിലുള്ള തടാകത്തില്‍ സൌഗന്ധികങ്ങള്‍ സമൃദ്ധമായി ഉണ്ട്. അവിടെയുള്ള രാക്ഷസരെ ജയിച്ച് നീ ആവശ്യം പോലെ പൂക്കള്‍ ഇറുക്കുക. പിന്നെ നിന്റെ പ്രിയതമക്ക് അവ കൊണ്ടുക്കൊടുത്ത് സന്തോഷിപ്പിക്കുക. എന്നാല്‍ ഇനി വൈകാതെ പോവുക’
ഭീമന്‍:‘അവിടുത്തെ കല്‍പ്പനപോലെ’
ഭീമന്‍ കുമ്പിടുന്നു. ഹനുമാന്‍ അനുഗ്രഹിച്ച് യാത്രയാക്കി, ഇരുന്ന് രാമനെ സ്മരിക്കുന്നു. ഭീമന്‍ പോകാന്‍ ഭാവിച്ചിട്ട് പോകാതെ തിരിഞ്ഞുനിന്ന് പരുങ്ങുന്നു. ജേഷ്ഠന്റെ കയ്യിലകപ്പെട്ട ഗദ തിരിച്ചു കിട്ടുവാനായി വീണ്ടും ഹനുമാനെ ജാള്യതയോടെ പതുക്കെ പതുക്കെ സമീപിക്കുന്നു. ഒന്നും അറിയാത്തമട്ടില്‍ ഇരിക്കുന്ന ഹനുമാന്‍ ഭീമന്‍ വന്നു തൊടുമ്പോള്‍ തിരിഞ്ഞുനോക്കുന്നു.
ഹനുമാന്‍:‘ഏ! പോയില്ലേ? എന്തേ?’
ഭീമന്‍:‘എല്ലാം അവിടുത്തേക്ക് അറിയാമല്ലോ?’
ഹനുമാന്‍:(ആലോചിച്ചിട്ട്) ‘ഏയ്? അനിക്കൊന്നും തോന്നുന്നില്ലല്ലോ? നീ തന്നെ പറയുക. എന്താണ്?’
ഭീമന്‍:(ഓര്‍ത്ത് ജാള്യതയോടെ) ‘എനിക്ക് വഴിയില്‍ ശത്രുക്കളെ ജയിക്കുവാന്‍ സഹായം എന്താണ്?’
ഹനുമാന്‍:‘നീ ഇങ്ങോട്ടു വരുമ്പോള്‍ സഹായമെന്തായിരുന്നു?’
ഭീമന്‍:‘എന്റെ ഗദ’
ഹനുമാന്‍:‘ഇപ്പോള്‍ ഗദ എവിടെ?’
ഭീമന്‍:(അബദ്ധം നടിച്ച്) ‘അവിടുത്തെ വാലില്‍’
ഹനുമാന്‍:‘എന്റെ വാലില്‍ വന്നതെങ്ങിനെ?’
ഭീമന്‍:‘എന്റെ അറിവില്ലായ്മ മൂലം വന്നു പോയതാണ്. ക്ഷമിക്കണേ’
ഹനുമാന്‍:മേലില്‍ ആരോടെങ്കിലും ഇപ്രകാരം ആലോചനകൂടാതെ ചെയ്യുമോ?’
ഭീമന്‍:‘ഇല്ല,ചെയ്യുകയില്ല. ക്ഷമിച്ച് മടക്കിതന്നാലും’
ഹനുമാന്‍:(ആത്മഗതം) ‘അനുജനല്ലെ, കൊടുക്കുകതന്നെ’ (ഗദയെടുത്തുകാട്ടി) ‘ഇതുതന്നെയോ?’
ഭീമന്‍:(ഉത്സാഹത്തോടെ) ‘അതെ അതേ’
ഭീമന്‍ രണ്ടുകൈകളും നീട്ടുന്നു. ഹനുമാന്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് സന്തോഷപൂര്‍വ്വം ഗദ നല്‍കുന്നു. ഭീമന്‍ കൈയ്യില്‍ കിട്ടിയ ഉടന്‍ ഗദ ചുഴറ്റിക്കൊണ്ട് പൌരുഷത്തോടെ ശത്രുക്കളുടെ നേരേ (സങ്കല്‍പ്പിച്ച് ഇടത്തോട്ട്) നീങ്ങുന്നു. ഉടനെ തിരിഞ്ഞ് ഹനുമാനെ നോക്കി അബദ്ധം നടിക്കുന്നു.
ഹനുമാന്‍:(ആത്മഗതം) ‘ഇവന്‍ പരാക്രമിതന്നെ’ (ഭീമനോട്) ‘നിന്നെ കാണാന്‍ സാധിച്ചതിനാല്‍ ഞാന്‍ സന്തോഷവാനായി.
ഭീമന്‍:‘സദാ ഞങ്ങളില്‍ അവിടുത്തെ കരുണ ഉണ്ടാകേണമേ’
ഹനുമാന്‍:‘എപ്പോഴും നിങ്ങളില്‍ ശ്രീരാമസ്വാമിയുടെ കരുണയുണ്ടാവും. നമ്മുടെ ശരീരം രണ്ടാണെങ്കിലും ജീവന്‍ ഒന്നാണ്. അതിനാല്‍ നാം പിരിയുന്നില്ല. എന്നാലിനി പോയ്ക്കൊള്‍ക’
വന്ദിച്ച് തൊഴുന്ന ഭീമനെ ഹനുമാന്‍ വാത്സല്യത്തോടെ വീണ്ടും വീണ്ടും കെട്ടിപുണര്‍ന്ന്, അനുഗ്രഹിച്ച് യാത്രയാക്കുന്നു. ഭീമന്‍ നിഷ്ക്രമിക്കുന്നു.
ഹനുമാന്‍:(ഭീമന്‍ പോകുന്നത് നോക്കിനിന്ന്, പോയ് മറയുന്നത് കണ്ടശേഷം) ‘ഇനി ശ്രീരാമസ്വാമിയുടെ തൃപ്പാദങ്ങളെ ധ്യാനിച്ചിരിക്കുകതന്നെ’
ഹനുമാന്‍ നാലാമിരട്ടി കലാശിച്ച് പീഠത്തിലിരുന്ന് ധ്യാനത്തില്‍ ലയിക്കുന്നു.

-----(തിരശ്ശീല)-----

പതിനൊന്നാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

*ആദ്യപ്രാവിശ്യം ധ്യാനത്തില്‍ നിന്നും ഉണരുമ്പോള്‍ തന്നെ ഹനുമാന്‍ നാടികള്‍ കെട്ടി മനസ്സുറപ്പിക്കുന്നതായി ആടും. രണ്ടാമത് ഉണരുമ്പോള്‍ ഇങ്ങിനെ ആടും-

ഹനുമാന്‍:‘എന്ത്? ലോകനാഥനായ ശ്രീരാമസ്വാമി രാവണവധം കഴിഞ്ഞ് അയോധ്യാപുരിയിലെത്തി രാജ്യഭാരം ഏറ്റെടുത്തസമയം വാനരന്മാര്‍ക്കെല്ലാം ഓരോരോ സമ്മാനങ്ങള്‍ നല്‍കി. പിന്നീട് ഒരു സുവര്‍ണ്ണഹാരം എടുത്ത് സീതാദേവിയുടെ കയ്യില്‍ കൊടുത്തിട്ട് ഭവതിക്ക് ഏറ്റവും പ്രിയമുള്ള ഒരാള്‍ക്ക് സമ്മാനിച്ചുകൊള്ളുവാന്‍ പറഞ്ഞു. അപ്പോള്‍ സീതാദേവി’ (സീതയായി നടിച്ച്) ‘ഹനുമാന്‍,വരൂ’ (ഹനുമാനായി) ‘എനിക്കോ! വെറും ഒരു കുരങ്ങനായ എനിക്ക് എന്തിനാണ് ഈ സുവര്‍ണ്ണഹാരം?’ (മാലവാങ്ങി സന്തോഷത്തോടെ കഴുത്തിലണിഞ്ഞ് കൈകൂപ്പി നില്‍ക്കുന്നു) ‘അപ്പോള്‍ ശ്രീരാമചന്ദ്രന്‍’ (രാമനായി) ‘അല്ലയോ ഹനുമാന്‍, നിനക്ക് ആഗ്രഹമുള്ള വരം ചോദിച്ചുകൊള്ളുക’ (ഹനുമാനായി) ‘എനിക്ക് അവിടുത്തെ പാദാരവിന്ദങ്ങളിലുള്ള ഭക്തി ഇളക്കം തട്ടതെയിരുന്നാല്‍ മാത്രം മതി’ (രാമനായി) ‘അപ്രകാരം ഭവിക്കട്ടെ. ആദിത്യ ചന്ദ്രന്മാര്‍ ഉള്ളകാലത്തോളം നിന്റെ ഭക്തിക്ക് ഇളക്കം വരുകയില്ല’ (ഹനുമാനായി) ‘ഇപ്രകാരം ഇവിടെ വന്ന് തപസ്സുചെയ്യുന്ന എന്റെ മനസ്സിന് ഇളക്കം ഭവിക്കുകയാണോ? ലോകാവസാനകാലം വന്നുവോ? (വിചാരിച്ച്, എല്ലായിടവും നോക്കികണ്ടിട്ടും, ശബ്ദങ്ങള്‍ കേട്ടിട്ടും) ‘വൃക്ഷങ്ങള്‍ തളിരുകളോടും പുഷ്പങ്ങളോടും കൂടി ശോഭിച്ചുകാണുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതിനാല്‍ പ്രപഞ്ചനാശകാലം ആയിട്ടില്ല. ങാ, ഏതായാലും ഒന്നുകൂടി മനസ്സുറപ്പിച്ച് ധ്യാനിക്കുകതന്നെ’ഹനുമാന്‍ വീണ്ടും ധ്യാനത്തില്‍ മുഴുകുന്നു.

*“മനസി മമ കിമപി ബത“ എന്ന ഭാഗത്ത് ഹനുമാന്‍ ‘അഷ്ടകലാശം’ ചവുട്ടും.

കല്യാണസൌഗന്ധികം 12,13 രംഗങ്ങള്‍

12,13 രംഗങ്ങള്‍ ഇപ്പോള്‍ തീരെ നടപ്പിലില്ലാത്തവയാണ്.

കല്യാണസൌഗന്ധികം പതിനാലാം രംഗം

രംഗത്ത്-ഭീമന്‍, പാഞ്ചാലി

ശ്ലോകം-രാഗം:ബലഹരി
“സിഗ്ദ്ധേരണ്യേ സുബഹുവിചരന്‍ വാനരേന്ദ്രാത്തസഖ്യോ
 യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാര്‍ത്ഥഃ
 ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
 ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം‍”
{പ്രകൃതാര്‍ത്ഥം--നിബിഢവനത്തില്‍ ഏറെ സഞ്ചരിച്ച് വാനരേന്ദ്രനായ ഹനുമാനുമായി സഖ്യം സ്ഥാപിച്ച് യുദ്ധത്തില്‍ രാക്ഷസശ്രേഷ്ഠനായ ക്രോധാവശനേയും അനുചരരേയും വധിച്ച് കൃതാര്‍ത്ഥനായി സൌരഭ്യമുള്ള ധാരാളം പുഷ്പങ്ങളുടെ കൂട്ടത്താല്‍ അലംകൃതനായി ഭീമന്‍, ശ്രീരാമന്‍ പരിശുദ്ധയായ സീതയെ എന്നതുപോലെ ശുദ്ധയായ കാന്തയെ പ്രാപിച്ചു.
അപ്രാകൃതാര്‍ത്ഥം--നിബിഢവനത്തില്‍ ഏറെ സഞ്ചരിച്ച് വാനരേന്ദ്രനായ സുഗ്രീവനുമായി സഖ്യം സ്ഥാപിച്ച് യുദ്ധത്തില്‍ രാക്ഷസശ്രേഷ്ഠനായ രാവണനേയും അനുചരരേയും വധിച്ച് കൃതാര്‍ത്ഥനായി സന്തുഷ്ടന്മാരായ ദേവകളാല്‍ സ്തുതിക്കപ്പെട്ട് ശ്രീരാമന്‍ അഗ്നിശുദ്ധയായ സീതയെ പ്രാപിച്ചു. }

ഭര്‍ത്താവിനെ കാണാത്തതിലുള്ള ഖേദത്തോടെ പാഞ്ചാലി ഇടത്തുഭാഗത്ത് പീഠത്തില്‍ ഇരിക്കുന്നു. വലംകൈയ്യില്‍ ഗദയും ഇടംകൈയ്യില്‍ ഒരുകെട്ട് സൌഗന്ധികപൂക്കളും ഏന്തിക്കൊണ്ട് വലതുവശത്തുകൂടി ‘കിടതകധീം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ഭീമസേനന്‍ മുന്നോട്ടുവന്ന് പാഞ്ചാലിയെ കണ്ട്, പൂക്കളുടെ കെട്ട് അവളുടെ മുന്നില്‍ ഇറക്കിവെയ്ക്കുന്നു. ഭീമനെ കണ്ട് സന്തോഷത്തോടെ എഴുന്നേല്‍ക്കുന്ന പാഞ്ചാലിയെ ആലിംഗനം ചെയ്തശേഷം ഭീമന്‍ പദാഭിനയം ആരംഭിക്കുന്നു.

ഭീമന്റെ പദം-രാഗം:ബലഹരി,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മല്ലലോചനേ മാ കുരു ഖേദം”
ചരണം1
“കല്യാണാലയേ നിന്നാല്‍ കാമിതങ്ങളായുള്ള
 കല്‍ഹാരകുസുമങ്ങള്‍ കണ്ടാലും നീ
 മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
 മല്ലവേണിയില്‍ മമ വല്ലഭേ വൈകാതെ”
(“മല്ലലോചനേ മാ കുരു ഖേദം”)
ചരണം2:
“അനുപമരൂപനാകും അനിലനന്ദനനായ
 ഹനുമാനെ പഥി കണ്ടേന്‍ ഹരിണാക്ഷി ഞാന്‍
 അനുസരിച്ചവനുടെ അനുജ്ഞയോടും കൂടി
 മനുജഹീനമാം വഴി പുനരാശു ഗമിച്ചേന്‍ ഞാന്‍”
(“മല്ലലോചനേ മാ കുരു ഖേദം”)
ചരണം3:
“സുരവരതരുണിമാര്‍ സുഖമോടു രമിച്ചീടും
 സരണിയൂടെ ചെന്നു ഞാന്‍ സരസി വേഗാല്‍
 സരഭസമോടു വന്ന സകലാശരരെക്കൊന്നു
 തരസാ സൌഗന്ധികങ്ങള്‍ സപദി കൊണ്ടന്നേന്‍‍”
(“മല്ലലോചനേ മാ കുരു ഖേദം”)
{താമരമിഴിയാളേ, ഖേദിക്കരുത്‍. മംഗളങ്ങള്‍ക്ക് ഇരിപ്പിടമായവളേ, നിന്നാല്‍ ആഗ്രഹിക്കപ്പെട്ട സൌഗന്ധികപ്പൂക്കള്‍ കണ്ടാലും നീ. എന്റെ വല്ലഭേ, വൈകാതെ ഉല്ലാസത്തോടെ അഴകുള്ളമുടിയില്‍ ഇത് മെല്ലവേ ധരിച്ചാലും. മാന്മിഴിയാളേ, അനുപമരൂപനും വായുനന്ദനനുമായ ഹനുമാനെ ഞാന്‍ വഴിയ്ക്ക് കണ്ടു. പിന്നെ അദ്ദേഹത്തിന്റെ അനുജ്ഞയെ അനുസരിച്ച് ഞാന്‍ മനുഷ്യരാല്‍ സഞ്ചരിക്കാനാവാത്ത വഴിയിലൂടെ പെട്ടന്ന് ഗമിച്ചു. ദേവസുന്ദരിമാര്‍ സുഖമോടെ രമിച്ചുകൊണ്ടിരിക്കുന്ന വഴിയിലൂടെ ഞാന്‍ വേഗത്തില്‍ പൊയ്കയില്‍ ചെന്ന്, കുപിതരായ്‌വന്ന രാക്ഷസരെയെല്ലാം കൊന്ന്, വഴിപോലെ സൌഗന്ധികങ്ങള്‍ കൊണ്ടുപോന്നു.}

പാഞ്ചാലിയുടെ മറുപടിപദം-രാഗം:കാനക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“സുരഭികളായുള്ള സുമങ്ങളിതെത്രയും
 സുരുചിരങ്ങളാകുന്നു സുമുഖ നൂനം
 സുരവരലോകത്തു് സുദുര്‍ല്ലഭമാകുന്നു
 സരസിജേക്ഷണ വായുതനയ നൂനം”
പല്ലവി:
“വല്ലഭാ മോദം വളരുന്നതധികം”
{സുമുഖാ, സുഗന്ധികളായുള്ള ഈ പുഷ്പങ്ങള്‍ എത്രയും മനോഹരങ്ങളാണ്, തീര്‍ച്ച. താമരക്കണ്ണാ, വായുതനയാ, ഇവ ദേവലോകത്തുപോലും വളരെ ദുര്‍ല്ലഭങ്ങളാണ്, തീര്‍ച്ച. വല്ലഭാ, സന്തോഷം അധികമായി വളരുന്നു.‍}

ശേഷം ആട്ടം-
ഭീമന്‍:‘അല്ലയോ പ്രിയേ, ഇപ്പോള്‍ ഭവതിയുടെ ആഗ്രഹം സാധിച്ചതിനാല്‍ സന്തോഷമായല്ലോ അല്ലേ?’
പാഞ്ചാലി:‘ഉവ്വ്’
ഭീമന്‍:‘എന്നാലിനി സഹോദരന്മാരോടുകൂടി അജ്ഞാതവാസകാലത്തെകാത്ത് വസിക്കാം’
ഭീമനും പാഞ്ചാലിയും പരസ്പരം അലിംഗനം ചെയ്തുകൊണ്ട് നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----